ബൃന്ദാവനസാരംഗ: ഭാഗം 10

ബൃന്ദാവനസാരംഗ: ഭാഗം 10

എഴുത്തുകാരി: അമൃത അജയൻ


അവൾ കൈ എടുത്തു മാറ്റിയപ്പോൾ രാഹുലിന് പന്തികേട് തോന്നി … വേദയുടെ നിൽപ്പ് കൂടി കണ്ടപ്പോൾ അവന്റെ സംശയം വർദ്ധിച്ചു …

” നീ വന്നേ …. ” അവൻ വീണ്ടും അധികാരത്തോടെ വിപഞ്ചികയുടെ കൈപിടിച്ചു …

” അവളെ വിട് ….” ഉടൻ വേദയവളെ പിടിച്ച് മാറ്റിക്കളഞ്ഞു …

രാഹുലിന് കാര്യം മനസിലായി .. വേദയെല്ലാം അറിഞ്ഞിരിക്കുന്നു .. അവൾ വിച്ചുവിനെ ചോദ്യം ചെയ്യുകയായിരുന്നു ..

” എന്താ പ്രശ്നം ….? ” അവൻ വേദയുടെ മുഖത്ത് നോക്കി ചോദിച്ചു …

മുഖം കുനിച്ചു നിന്ന വിച്ചു കണ്ണുയർത്തി നോക്കിയിട്ട് വീണ്ടും പഴയപടി നിന്നു ….

” പ്രശ്നം എന്താണെന്ന് ഇനി ഞാൻ പച്ചക്ക് പറയണോ …. ” വേദ വെറുപ്പോടെ ചോദിച്ചു ..

ഒരു നിമിഷം രാഹുൽ മൗനമായി ..

” നീ പൊയ്ക്കോ …..” അവൻ വിച്ചുവിനെ നോക്കി പറഞ്ഞു …

അവൾ ആശ്വാസത്തോടെ പോകാൻ തുനിഞ്ഞതും വേദ തടഞ്ഞു ..

” അവളിവിടെ നിൽക്കട്ടെ .. അവൾ കൂടി ഉൾപ്പെട്ട കാര്യമാണല്ലോ ….”

രാഹുൽ അത് ഗൗനിച്ചില്ല …

” നീയവളെ വിട് … നിനക്കെന്താ അറിയേണ്ടത് എന്ന് വച്ചാൽ ഞാൻ പറയാം ….” പറഞ്ഞിട്ട് അവൻ വിച്ചുവിന്റെ കൈപിടിച്ച് വേദയിൽ നിന്നകറ്റി …

അവൾ വേഗം ഡോർ തുറന്ന് പുറത്തേക്കിറങ്ങി പൊയ്ക്കളഞ്ഞു …

അവൻ രണ്ടും കൽപ്പിച്ചാണെന്ന് വേദക്ക് മനസിലായി ..

രാഹുൽ ഡോർ അടച്ചു …

വേദയുടെ കണ്ണ് നിറഞ്ഞു .. ഇത്രയും നാൾ രാഹുലിനെ കുറിച്ചൊക്കെ അവൾക്കത്രയും മതിപ്പായിരുന്നു … എത്ര പെട്ടന്നാണ് എല്ലാം തകർന്നു വീണത് …

” ചോദിക്ക് … നിനക്കെന്താ അറിയേണ്ടത് …? ” അവൻ വേദയെ നോക്കി …

വേദ പുച്ഛിച്ചു ചിരിച്ചു ..

” ഇനിയൊന്നും അറിയാനില്ല .. അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു .. താൻ കാണിച്ച ചെറ്റത്തരം മുഴുവൻ ..” അവൾ കലി തീരാതെ പറഞ്ഞു …

” വേദാ …………” അവൻ അവളുടെ മുഖത്തിന് നേർക്ക് വിരൽ ചൂണ്ടി ..

” മര്യാദക്കാണെങ്കിൽ സംസാരിക്കാം .. നിന്റെ മുന്നിൽ നിന്നു തരേണ്ട ആവശ്യം എനിക്കോ വിച്ചുവിനോ ഇല്ല .. ഇത് ഞങ്ങളുടെ കുടുംബ കാര്യമാണ് .. ”

വേദയൊന്നു പതറി … ശരിയാണ് … അവരുടെ കുടുംബ കാര്യമാണ് … തനിക്കവിടെ എന്ത് കാര്യം …. പക്ഷെ തന്റെ മാളു … അവൾ തനിക്ക് അന്യയാണോ … ഈ ലോകത്ത് തനിക്ക് സ്വന്തമെന്ന് പറയാൻ അവളും ദീപുവുമൊക്കെയേയുള്ളു .. അവൾക്ക് വേണ്ടി താൻ സംസാരിക്കണ്ടേ .. .

” എന്തിനാ നിങ്ങളാ പാവത്തിനോടിത് ചെയ്തത് … ?” ചിന്തകൾക്കൊടുവിൽ അവൾ അത് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു .. കരുതി വച്ച ധൈര്യമെല്ലാം എവിടെയോ ചോർന്നു പോയി …

” ചെയ്തതിനെ ഞാൻ ന്യായീകരിക്കില്ല .. സംഭവിച്ചു പോയി … ” രാഹുലിന്റെ ശബ്ദം സൗമ്യമായി ..

” എന്ന് വച്ച് ഈ നിമിഷം വരെ ഞാനവളുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല .. ഇപ്പോഴും അവളെ നന്നായി തന്നെ ചികിത്സിക്കുന്നു … ”

വേദക്ക് അയാളുടെ മുഖത്ത് കാർക്കിച്ചു തുപ്പാൻ തോന്നി .. എങ്കിലും അവൾ സംയമനം പാലിച്ചു …

” ഒന്ന് ചോദിച്ചോട്ടെ , നിങ്ങൾ പറഞ്ഞല്ലോ നിങ്ങളവളെ നന്നായി നോക്കുന്നുണ്ടെന്ന് .. നിങ്ങളുടെ ചികിത്സ ഫലിച്ച് അവൾ പഴയത് പോല തിരികെ വന്നാൽ നിങ്ങളെന്ത് ചെയ്യും .. നിങ്ങളാരെ സ്വീകരിക്കും .. അനിയത്തിയെ തഴഞ്ഞ് നിങ്ങളുടെ കുഞ്ഞിന്റെ അമ്മയെ സ്വീകരിക്കുമോ .. അപ്പോൾ പിന്നെ നിങ്ങൾക്ക് വിച്ചുവരാ … സത്യത്തിൽ നിങ്ങളിപ്പോ ഈ രണ്ടു പേരെയും വഞ്ചിക്കുകയല്ലേ .. ” വേദ കിതപ്പോടെ ചോദിച്ചു …

അയാൾ മുഖം കുനിച്ചു ..

” മാളു ഇനിയൊരിക്കലും പഴയത് പോലെ തിരികെ വരില്ല .. മെഡിക്കൽ സയൻസിൽ സംഭവിക്കാവുന്ന അത്ഭുതങ്ങളൊക്കെ സംഭവിച്ചു കഴിഞ്ഞു .. ഡെലിവറി ടൈമിൽ , സർജറി ടൈമിൽ ഒക്കെ അവൾ ജീവനോടെ തിരികെ വന്നത് മെഡിക്കൽ സയൻസിന്റെ കഴിവ് തന്നെയാണ് .. ഇനിയും ആ ജീവൻ നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുന്നതൊക്കെ ചെയ്യും .. പക്ഷെ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ മെഡിക്കൽ സയൻസ് ബ്ലാക് മാജിക്കല്ല .. സൂപ്പർന്യാച്ചുറൽ പവറുമല്ല .. ”

വേദയുടെ നെഞ്ച് പൊട്ടിപ്പോയി …

ഇനി … ഇനിയൊരിക്കലും എന്റെ മാളു പഴയത് പോലെ തിരികെ വരില്ലെ .. ?

ഇനിയൊരിക്കലും പഴയത് പോലെ അവളോടി വന്ന് എന്നെ കെട്ടിപ്പിടിക്കില്ലേ ..?

പഴയത് പോലെ അണിഞ്ഞൊരുങ്ങി സുന്ദരിയായി എനിക്ക് കാണാൻ കഴിയില്ലെ …

ഒരു നിമിഷം വേദ പഴയ കാര്യങ്ങൾ ഓർത്തു പോയി ..

മരണം കൈയെത്തും ദൂരത്ത് പ്രതീക്ഷിച്ച് ജീവിച്ചത് താനായിരുന്നു …

ദീപുവും മാളുവും താനും ഒരുമിച്ചിരിക്കുമ്പോൾ താൻ പറയാറുണ്ട് .. എന്റെ അവസാന നാളുകളിൽ നിങ്ങൾ രണ്ടാളും എന്റെയടുത്ത് ഉണ്ടാവണം .. അതിനി കുറേ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിൽ നിങ്ങളും നിങ്ങടെ മക്കളും ഒക്കെണ്ടാവണം … പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിൽ നിങ്ങളും നിങ്ങടെ മക്കളും പേരക്കുട്ടികളും ഉണ്ടാവണം …

മരണത്തെ കുറിച്ച് താൻ പറയുമ്പോഴൊക്കെ ദീപു ചീത്ത പറയും … മാളുവാണെങ്കിൽ പിണങ്ങും .. കൈയ്യിലിരിക്കുന്നത് ഐസ്ക്രീം ആണെങ്കിൽ വാരി മുഖത്ത് തേയ്ച്ചു കളയും ..

വേദയറിയാതെ തന്റെ കവിളത്ത് തൊട്ടു പോയി … ഇനി .. ഇനിയൊരിക്കലും അത്തരം കുസൃതികളുമായി അവൾ വരില്ലെ …

അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി നിന്നു .. അവളുടെ കണ്ണുകൾ പെയ്യുകയായിരുന്നു …

പെട്ടെന്ന് അവളവന്റെ ടീ ഷർട്ടിന്റെ കോളറിൽ കടന്നു പിടിച്ചു …

” ഇത്രയൊക്കെയറിഞ്ഞിട്ടും നിങ്ങളെന്തിനാ ആ പാവത്തിനെ ചതിച്ചത് .. നീയൊരു മൃഗമാണ് .. നീചനായ മൃഗം … ഒറ്റനിമിഷം മതി എനിക്ക് നിന്നെയൊരു രോഗിയാക്കി മാറ്റാൻ … അതിന് എനിക്ക് നിന്റെ കൂടെ കയറി കിടക്കുകയൊന്നും വേണ്ട .. എന്റെ ശരീരം മുറിച്ച് ഇത്തിരി ചോര നീയറിയാതെ നിന്റെ ദേഹത്ത് കയറ്റിയാലും മതിയല്ലോ .. ചെയ്യട്ടെ ഞാനത് … ഒരു ഡോക്ടറായിട്ടും നിനക്കൊരു രോഗിയെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നീയൊരു രോഗിയാവ് .. ” അവളയാളുടെ കോളറിൽ പിടിച്ചുലച്ചു ..

രാഹുൽ ഒന്ന് ഭയന്നു …

” വേദാ .. വിട് …. വിടാൻ … ” അവൻ അവളുടെ കൈ പറിച്ചെടുത്തു മാറ്റി …

” നിനക്കെന്താ ഭ്രാന്ത് പിടിച്ചോ …. ” അവൻ അവളുടെ നേർക്കലറി ..

വേദ രണ്ടും കൈയും മുഖത്തോട് ചേർത്തു പൊട്ടിക്കരഞ്ഞു … അല്ല അവൾ നിലവിളിക്കുകയായിരുന്നു .. അവളുടെ സമനില തെറ്റിപ്പോയിരുന്നു ….

കുറേ സമയം അവൾ അലറിക്കരഞ്ഞു …

അവൾ കരയുന്നത് നോക്കി അവൻ അമർഷത്തോടെ നിന്നു ….

പെട്ടന്നവൾ കണ്ണും മുഖവും തുടച്ചു …

” ഇത്രയൊക്കെ അറിയാമായിരുന്നിട്ടും നിങ്ങളെന്തിനാ അവളോടീ ക്രൂരത ചെയ്തത് … അറ്റ്ലീസ്റ്റ് അവളുടെ മരണം വരെയെങ്കിലും നിങ്ങൾക്ക് ക്ഷമിക്കാമായിരുന്നില്ലേ …..”

രാഹുൽ വല്ലാതെ അസ്വസ്ഥനായി ..

” ഞാൻ പറഞ്ഞല്ലോ വേദ .. അതങ്ങനെ സംഭവിച്ചു പോയി … എന്റെ മനസിലേക്ക് വിച്ചുവിനെയിട്ടു തന്നത് മറ്റാരുമല്ല അവൾ തന്നെയാ …”

” വേണ്ട … അത് പറഞ്ഞു ന്യായീകരിക്കണ്ട .. നിങ്ങൾക്ക് വിവരമില്ലെ .. അവളുടെ നിസഹായവസ്ഥയിൽ അവളുടെയും നിങ്ങളുടെയും കൂടി കുഞ്ഞിന്റെ ഭാവിക്കു വേണ്ടിയല്ലേ അവളത് പറഞ്ഞത് .. നിങ്ങളതിനെ നിങ്ങൾക്ക് കൂടെ കിടത്താൻ ഒരു പെണ്ണില്ലാത്തത് കൊണ്ട് അവളൊന്നിനെ തരപ്പെടുത്തി തന്നതാണെന്ന് തെറ്റിദ്ധരിച്ചോ ..? ആ നിമിഷം അവളെത്ര മാത്രം സങ്കടം സഹിച്ചിട്ടുണ്ടാവുമെന്ന് നിങ്ങളോർത്തോ … അത് മനസിലാക്കാൻ പോലും കഴിവില്ലാത്തൊരു ഭർത്താവായിരുന്നോ നിങ്ങൾ .. ” വേദ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു .. അവളുടെ സ്വരത്തിൽ അയാളോടുള്ള അറപ്പും വെറുപ്പും പ്രകടമായിരുന്നു …

രാഹുലിന്റെ മുഖം കുനിഞ്ഞു പോയി ..

” അത് കേട്ടുടനെ ഞാനവളുടെ കിടപ്പറയിലോട്ട് കയറിച്ചെന്നിട്ടൊന്നുമില്ല .. നിനക്കറിയാമായിരുന്നല്ലോ അവളുടെ ചികിത്സക്ക് വേണ്ടിയാ ഞങ്ങളിവിടെ തന്നെ തുടർന്നത് .. ഞാനൊരുപാട് വേദനിച്ച സമയങ്ങളായിരുന്നു അത് .. എനിക്കെല്ലാം തുറന്നു പറയാൻ വിച്ചു മാത്രമേയുണ്ടായിരുന്നുള്ളു .. . അത് പിന്നീടെപ്പോഴോ … ഇങ്ങനെയൊക്കെയായി പോയി .. ഇന്നല്ലെങ്കിൽ നാളെ ഒന്നിച്ചു ജീവിക്കേണ്ടവരാണെന്ന തോന്നലിൽ നിന്ന് ഉടലെടുത്തതാണ് .. അറിയാം വലിയ തെറ്റാണെന്ന് .. ”

” ഓ … എന്ന് വച്ചാ അവളൊന്നു മരിച്ചു കിട്ടിയാൽ ഒന്നിച്ചു ജീവിതം തുടങ്ങാമെന്ന് .. ” അവൾ പുച്ഛത്തോടെ ചോദിച്ചു ..

” അങ്ങനെ ഞാൻ പറഞ്ഞില്ല .. എന്റെയും മാളുവിന്റെയും കുഞ്ഞിനെ ഞങ്ങൾ നോക്കുന്നത് പോലെ നോക്കാൻ വിച്ചുവിനെ കഴിയൂ എന്ന് ഞാനും മനസിലാക്കി … അവളുടെ പ്രസവശേഷം .. അതിനു ശേഷമാണ് ഇതൊക്കെ സംഭവിച്ചത് … ചെയ്തു പോയതിനെ ന്യായീകരിക്കില്ല .. സമ്മതിച്ചു തെറ്റാണെന്ന് .. പക്ഷെ ഇതിന്റെ പേരിൽ ഒരിറ്റ് പോലും എനിക്ക് മാളുവിനോടുള്ള സ്നേഹം കുറഞ്ഞിട്ടില്ല .. അവളെ ഞാൻ നോക്കാതിരുന്നിട്ടില്ല .. എന്നാൽ കഴിയുന്നതെല്ലാം ഞാനവൾക്കു വേണ്ടി ചെയ്യുന്നുണ്ട് .. അതിനിനിയും ഒരു കുറവും വരുത്തില്ല …. ”

വേദക്ക് അയാൾ പറയുന്നത് കേട്ടിട്ട് തല പെരുത്തു . .. എന്തൊരു വൃത്തികെട്ട ന്യായമാണിത് …

” അവൾക്ക് തിന്നാൻ കുറേ ഗുളികയും , കിടക്കാൻ നിങ്ങളൊരുമിച്ചു കിടന്ന ബെഡ്റൂമും വിട്ടു കൊടുത്താൽ അവളോട് ചെയ്യേണ്ട നീതിയായോ .. അവൾ നിങ്ങളുടെ ഭാര്യയല്ലേ .. അവൾക്കൊരു മനസില്ലേ .. അവളെ ആ മുറിയിൽ തള്ളിയിട്ട് ഒരു ചുമരിനിപ്പുറം അവളുടെ അനുജത്തിയുമായി കിടക്ക പങ്കിടുന്നത് അവളെങ്ങനെ സഹിക്കുമെന്ന് നിങ്ങൾക്കൊന്നു പറഞ്ഞു തരാമോ …”

” അവൾക്കറിയില്ല …. ” അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു ..

വേദ വെട്ടിത്തിരിഞ്ഞ് അയാളെ നോക്കി .. പിന്നെ ചുണ്ടു കോട്ടി ചിരിച്ചു …

” അവൾക്ക് അറിയില്ലെ … ഇല്ലെന്നാര് പറഞ്ഞു … ”

രാഹുൽ വേദയുടെ മുഖത്തേക്ക് നോക്കി …

” അവളെന്തിനാ എന്നെയിന്നിവിടെ നിർത്തിയതെന്ന് നിങ്ങൾക്കറിയോ … ഇത് കാട്ടിത്തരാൻ … കുറേ നാളുകളായി അവളുടെ ഉറക്കം കെടുത്തിയത് രോഗത്തിന്റെ വേദനയല്ല … അവളാരെയൊക്കെ കണ്ണടച്ചു വിശ്വസിച്ചുവോ അവർ കൊടുത്ത വേദന .. നിങ്ങളും അവളുടെ അനുജത്തിയും ചേർന്നു കൊടുത്ത വേദന …. ”

രാഹുൽ ഞെട്ടിത്തരിച്ചു നിന്നു ..

” ഇല്ല .. അവൾക്കറിയില്ല …. ” അയാൾ ശബ്ദമില്ലാതെ പറഞ്ഞു ..

വേദ അവജ്ഞയോടെ ചിരിച്ചു ..

” അകത്ത് കിടപ്പുണ്ടവൾ … കരഞ്ഞ് തളർന്ന് … ചെന്ന് ചോദിച്ചു നോക്ക് .. ”

രാഹുലിന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു .. .

അയാളുടെ കണ്ണുകൾ എങ്ങുമുറയ്ക്കാതെ പരതി ….

” ഹോസ്പിറ്റലിൽ നിന്ന് വന്നാൽ മുഴുവൻ സമയവും അവൾക്കരികിലിരുന്ന് കാര്യങ്ങൾ പറഞ്ഞിരുന്ന നിങ്ങൾ പതിയെ ആ ശീലം മാറ്റി .. ആ മുറിയിലേക്കുള്ള പോക്കുകളുടെ എണ്ണം കുറഞ്ഞു .. പയ്യെ പയ്യെ അവൾക്കൊപ്പമുള്ള കിടപ്പുമാറ്റി .. അതിനിടയിലെപ്പോഴോ വിച്ചുവിന്റെ ദേഹത്ത് നിന്ന് നിങ്ങളുടെ സ്പ്രേയുടെ ഗന്ധം അവൾ തിരിച്ചറിഞ്ഞു .. വേദനയവളെ കാർന്നു തിന്ന ഏതോ ഒരു രാത്രി അതിനെക്കാൾ വലിയ വേദനയോടെ അവളറിഞ്ഞു നിങ്ങൾ അവളുടെ അനുജത്തിക്കൊപ്പം ആഘോഷിക്കുകയാണെന്ന് .. ഇതിലും ഭേദം നിങ്ങളവളെ കൊല്ലുന്നതായിരുന്നു .. ” പറഞ്ഞു കഴിഞ്ഞപ്പോൾ വേദ പൊട്ടിക്കരഞ്ഞു..

രാഹുൽ ഒന്നും പറയാതെ അങ്ങിങ്ങ് നോക്കി . ..

പിന്നെ അയാൾ പോയി ബെഡിലിരുന്നു . . തൊട്ടു മുന്നിൽ തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന മകനെ നോക്കിയിരുന്നു …

കുറേ സമയം വേദയും ഒന്നും മിണ്ടിയില്ല ..

പിന്നെ പതിയെ നടന്ന് അയാൾക്കരികിൽ ചെന്നു …

” ഇപ്പോ നിങ്ങൾ രാവിലെ ഒരു നേരം അവളെ ചെന്ന് നോക്കും .. രാത്രിയിലെങ്ങാനും അവൾ മരിച്ചു പോയോ എന്നറിയാൻ .. നിങ്ങൾ വരുന്നതും പോകുന്നതുമൊന്നും അവളറിയാറില്ല .. നിങ്ങളവളെയൊന്ന് ചേർത്തു പിടിച്ചിട്ട് , ഒരുമ്മ കൊടുത്തിട്ട് ഒക്കെ എത്ര കാലമായെന്ന് ഓർമയുണ്ടോ ..? ”

രാഹുൽ അപ്പോഴും തൊട്ടിലിലുറങ്ങുന്ന കുഞ്ഞിനെ നോക്കിയിരുന്നു …

” രാത്രി വിച്ചുവിനൊപ്പം കഴിച്ചുകൂട്ടിയിട്ട് രാവിലെ അവള് ചത്തോന്നറിയാൻ ചെന്ന് തൊട്ടു നോക്കുമ്പോൾ അവളുടെ ദേഹം തീ കോരിയിട്ടത് പോലെ പൊള്ളിപ്പോകുമെന്നാ അവളെന്നോടിന്നലെ പറഞ്ഞത് .. എങ്കിലും അവൾ നിങ്ങളുടെയൊരു സ്പർശനം കൊതിച്ചിരുന്നു .. നിങ്ങളുടെയൊരുമ്മ .. അതൊക്കെ അവളിപ്പോഴും നിങ്ങളിൽ നിന്നാഗ്രഹിക്കുന്നുണ്ട് .. ശരീരമേ ശോഷിച്ചു പോയിട്ടുള്ളു .. മനസുകൊണ്ട് അവളിപ്പോഴും നിങ്ങളുടെ ഭാര്യ തന്നെയാ .. നിങ്ങളുടെ ഭാര്യയായത് മുതൽ അവൾ നിങ്ങളെ എങ്ങനെ സ്നേഹിച്ചിരുന്നുവോ അത് പോലെ തന്നെ ഇന്നും സ്നേഹിക്കുന്നുണ്ട് .. പക്ഷെ നിങ്ങളോ … ? ” വേദ ചോദിച്ചു …

രാഹുൽ അനക്കമില്ലാതിരുന്നു ..

” ഇന്നലെ രാത്രി ഞങ്ങൾ ചില തീരുമാനമെടുത്തു … ”

രാഹുൽ പെട്ടന്ന് തിരിഞ്ഞു നോക്കി …

അയാളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് വേദ കണ്ടു …

അവൾക്ക് സഹതാപമൊന്നും തോന്നിയില്ല .. അയാളത് അർഹിക്കുന്നില്ലെന്ന് വേദ മനസിലോർത്തു ..

” മാളുവിനെ ഞാൻ കൊണ്ടുപോവുകയാണ് .. ദീപുവിനെ ഇന്നലെ രാത്രി തന്നെ ഞാനെല്ലാം അറിയിച്ചു .. അവൻ വെളുപ്പിനുള്ള വണ്ടിക്ക് ഇങ്ങോട്ട് തിരിച്ചിട്ടുണ്ട് .. അവളുടെ വീട്ടുകാരോടും നിങ്ങളുടെ വീട്ടുകാരോടും അവൻ കൂടി വന്നിട്ട് സംസാരിക്കും .. നിങ്ങളിനി വിച്ചുവിനെയെങ്കിലും കൈവിടരുത് .. ഈ കുഞ്ഞിനെ നിങ്ങൾ നോക്കണം .. വിച്ചു ചെറിയ പെൺകുട്ടിയാണ് .. എല്ലാവരും ഒറ്റപ്പെടുത്തിയാൽ പെട്ടന്നൊരു തോന്നലിൽ അവളെന്തെങ്കിലും ചെയ്തു പോയാൽ … അതുകൊണ്ടാ പറയുന്നത് അവളെയെങ്കിലും നിങ്ങൾ കൊല്ലാൻ കൊടുക്കരുത് …..”

” വേദാ … മാളു ജീവിച്ചിരിക്കുമ്പോൾ എനിക്ക് വിച്ചുവിനെ കല്ല്യാണം കഴിക്കാൻ കഴിയില്ല …. ”

” നിങ്ങളെന്താ പരിഹസിക്കുകയാണോ …” വേദ പുച്ഛത്തോടെ ചോദിച്ചു ..

” അല്ല .. ഞാൻ പറയുന്നത് സത്യമാണ് .. ”

” തുഫ് ……. എന്നിട്ടാണോ നിങ്ങൾ അവൾ ജീവിച്ചിരിക്കേ വിച്ചുവിനൊപ്പം കയറിക്കിടന്നത് … ?” അവൾ അറപ്പോടെ ചോദിച്ചു ..

” വേദാ … അതുപോലല്ല … എനിക്കറിയില്ല നിന്നെ പറഞ്ഞു മനസിലാക്കാൻ .. സമ്മതിച്ചു അത് തെറ്റാണ് .. പക്ഷെ എനിക്കറിയില്ലായിരുന്നു മാളു എല്ലാം അറിഞ്ഞുവെന്ന് … എനിക്കവളെ തള്ളിക്കളയാനാവില്ല .. മരണം വരെ അവളെ എനിക്ക് വേണം ….”

വേദയ്ക്ക് അയാളെ മനസിലാകുന്നില്ലായിരുന്നു …

” അവളും അങ്ങനെ തന്നെയാ പറഞ്ഞിരുന്നത് .. അസുഖമാണെന്നറിഞ്ഞപ്പോ അവളോട് വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ .. അന്ന് അവൾ പറഞ്ഞത് അവൾക്കിവിടെ നിന്നാൽ മതി .. മരണം വരെ നിങ്ങൾ കൂടെ വേണമെന്നാ … പക്ഷെ ഇന്നലെ രാത്രിയവൾ പറഞ്ഞു എന്റെയൊപ്പം വന്നാൽ മതിയെന്ന് .. വീട്ടിലേക്ക് അവൾക്ക് പോകണ്ട .. അവൾ തന്നെയാ പറഞ്ഞത് വിച്ചുവിനെ നിങ്ങൾ സ്വീകരിച്ചോളാൻ .. ”

” വേദാ ….” നിസഹായതയോടെ രാഹുൽ വിളിച്ചു ..

” നിങ്ങൾക്ക് അവളോട് ഒരൽപമെങ്കിലും സ്നേഹം അവശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങളനുസരിക്കണം .. അവളെ എനിക്കും ദീപുവിനുമൊപ്പം വിടണം .. നിങ്ങൾ വിച്ചുവിനെ വിവാഹം ചെയ്യുന്നത് കാണാനുള്ള മാനസികാവസ്ഥയൊന്നും അവൾക്കില്ല .. ഈ വീട്ടിൽ തുടർന്നാൽ അവൾ ഇഞ്ചിഞ്ചായി മരിക്കും … ”

” ഇല്ല …. ഇനി .. ഇനിയൊന്നുമുണ്ടാകില്ല … ” രാഹുൽ കെഞ്ചും പോലെ പറഞ്ഞു …

” എന്നു വച്ചാൽ വിച്ചുവിനെ ഉപേക്ഷിക്കാമെന്നോ … അവളെ എന്തു ചെയ്യും .. ”

” അവളതുവരെ അവളുടെ വീട്ടിൽ നിൽക്കട്ടെ … ” രാഹുൽ അറിയാതെ പറഞ്ഞു പോയി ..

” ഏത് വരെ …? ” വേദ ചോദിച്ചു …

അയാൾ നിശബ്ദനായി …

” അവളുടെ മരണം വരെ .. അല്ലെ …. അത്ര പെട്ടന്നൊന്നും അവൾ മരിച്ചില്ലെങ്കിലോ രാഹുലേട്ടാ ….” വേദ പുച്ഛത്തോടെ ചോദിച്ചു ..

അയാൾ മിണ്ടിയില്ല ..

” സ്വന്തം അനിയത്തിയെക്കൊണ്ട് ഇനി അവളൊന്നു മരിച്ചു കിട്ടാൻ കൂടി പ്രാർത്ഥിപ്പിക്കാനോ … അത് വേണ്ട … അവളെ ഞാൻ കൊണ്ടു പോകും .. ഇതവളുടെ തീരുമാനമാണ് .. ” വേദ ഉറപ്പിച്ചു പറഞ്ഞു ..

” വിച്ചുവിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ …” വേദ ചോദിച്ചു ..

അയാൾ മിണ്ടിയില്ല … കഴിയില്ല എന്ന് അയാളുടെ മുഖത്ത് നിന്ന് വേദക്ക് മനസിലായി ..

” കഴിയില്ല … അല്ലെ … അപ്പോ പിന്നെ ഇതല്ലേ നല്ലത് …. ”

രാഹുൽ നിശബ്ദനായി നിന്നു …

” കുടുംബക്കാർ ചേർന്ന് നിങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കും .. അതിനൊരിക്കലും മാളു തടസമാകില്ല .. ഒരു ഡിവോർസ് പേപ്പർ ആവശ്യമാണെങ്കിൽ അതിനും അവൾ സമ്മതിച്ചിട്ടുണ്ട് .. അവൾക്ക് ഒന്നേ നിങ്ങളോട് പറയാനുള്ളു ഇനിയീ പെൺകുട്ടിയെയെങ്കിലും നിങ്ങൾ തള്ളിക്കളയരുത് ….. ഒപ്പം ഈ പിഞ്ചു കുഞ്ഞിനെയും ….”

രാഹുലിന്റെ കണ്ണ് നിറഞ്ഞു ..

” അവസാനമായി നിങ്ങൾക്ക് അവളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനുള്ള സമയമാണിത് .. ദീപു വന്നാൽ നിങ്ങടെ ബന്ധുക്കളെയൊക്കെ വിളിക്കും .. എല്ലാവരുടെയും മുന്നിൽ വച്ചുള്ള നാടകം ഒഴിവാക്കാനാണ് .. എന്തെങ്കിലും പറയാനുണ്ടോ …? ” അവൾ ചോദിച്ചു …

” എനിക്ക് …. എനിക്കവളോട് മാപ്പ് പറയണം ….” അയാളുടെ തൊണ്ടയിടറി …

വേദ ചുണ്ടു കോട്ടിച്ചിരിച്ചു …

” ചെല്ല് … ചെന്ന് പറയാനുള്ളതെല്ലാം പറഞ്ഞ് തീർക്ക് ….”

പറഞ്ഞിട്ട് വേദ ഡോർ വലിച്ചു തുറന്ന് പുറത്തിറങ്ങി … അവിടെ ഡോറിന്റെ വശത്തെ ഭിത്തിയിൽ ചാരി വിപഞ്ചികയുണ്ടായിരുന്നു .. അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു .. അവളെല്ലാം കേട്ടുവെന്ന് വേദക്ക് മനസിലായി ..

” നിനക്കുമാകാം .. എന്തെങ്കിലും ചേച്ചിയോടു പറയാനുണ്ടെങ്കിൽ ചെല്ല് ….” പറഞ്ഞിട്ട് വേദ കൈയ്യിലിരുന്ന ഫോണിൽ ദീപുവിന്റെ നമ്പർ കോളിംഗിലിട്ടു കൊണ്ട് നടന്നു പോയി …

അവൾ തിരികെ വരുമ്പോൾ വിച്ചുവിന്റെയരികിൽ രാഹുലുണ്ടായിരുന്നു .. അവൾ കരയുകയായിരുന്നു .. ഒരു കൈകൊണ്ട് അവളയാളുടെ കൈയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു … നിസഹായത അവളിലും ഉടലെടുത്തിരുന്നു .. അവൾക്ക് അയാളിൽ നിന്നൊരു മോചനം ഇനി സാത്യമല്ലെന്ന് വേദക്ക് ഉറപ്പായി …

വേദ ചെന്ന് മാളുവിന്റെ റൂം തുറന്നു … എന്നിട്ട് തിരിഞ്ഞു നോക്കി …

രാഹുൽ വച്ചുവിന്റെ കൈവിട്ട് അങ്ങോട്ടു ചെന്നു ….

പുറത്ത് പ്രഭാത വെളിച്ചം അരിച്ചരിച്ചു വീണു തുടങ്ങിയിരുന്നു … വേദ റൂമിൽ ലൈറ്റിട്ടു … ബെഡിൽ ചുരുണ്ടുകൂടി മാളു കിടപ്പുണ്ടായിരുന്നു ….

” മാളു …..” വേദ വിളിച്ചു ….

അവളനങ്ങിയില്ല ….

” മാളു .. എഴുന്നേറ്റെ ……” വേദ പിന്നെയും വിളിച്ചു ….

” മാളു …..” വേദ ചെന്ന് അവളെ കുലുക്കി വിളിച്ചു ….

അവളുടെ കൈ ബെഡിന് താഴെക്ക് വീണു തൂങ്ങിക്കിടന്നു ….

” മാളൂ ………………” വേദ അലറി വിളിച്ചു …

രാഹുലിന്റെ നെഞ്ച് കാളി ….. അയാളോടി വന്നു ….

അവൾക്കരികിലായി ഇരുന്നു … ആ കൈപിടിച്ചു നോക്കി ….

അയാൾ ഞെട്ടിവിറച്ചു … അവന്റെ കൈയ്യിൽ നിന്ന് അവളുടെ മെലിഞ്ഞ കൈ ഊർന്നു വീണു ….

” മോളെ …… ഒരു മാപ്പു പോലും തരാതെ നീയെന്നെ വിട്ട് പോയല്ലേ ……” അയാളുടെ ശബ്ദം വിറച്ചു …

അടുത്ത നിമിഷം അയാളവളുടെ മെലിഞ്ഞ ചേതനയറ്റ ശരീരം വാരിയെടുത്ത് നെഞ്ചിൽ ചേർത്തു … അയാളുടെ കണ്ണിൽ നിന്നടർന്നു വീണ കണ്ണുനീർ അവളുടെ മുടി കിളിർത്തു തുടങ്ങിയ ശിരസിൽ വീണലിഞ്ഞു ചേർന്നു …..

വാതിൽക്കൽ ഹൃദയം പൊട്ടി വിപഞ്ചിക നിന്നു ….

കരയാൻ പോലും മറന്ന് വേദ സ്തംഭിച്ചു നിന്നു ….

തനിക്കു മുൻപേ അവൾ ….

എവിടെയോ പക്ഷികൾ തേങ്ങിക്കരഞ്ഞു ..

ആർക്കും ഭാരമാകാതെ മരണത്തിന്റെ മടിയിലേക്കവൾ വീണു മയങ്ങി ….

ഇനിയവളില്ല …. താലികെട്ടിയവന് വഞ്ചിക്കാൻ .. കൂടപ്പിറപ്പിന് വഞ്ചിക്കാൻ … കൂട്ടുകാരിക്ക് സനേഹിക്കാൻ … കുഞ്ഞിനെയൊന്നുമ്മ വയ്ക്കാൻ ഇനിയവളില്ല ….

അമ്മ പോയതറിയാതെ അകത്ത് ഒരു പിഞ്ചോമന അപ്പോഴും വിരൽ കുടിച്ചുറങ്ങി ..

ദൂരെ ബലിക്കാക്കകൾ ചിറകടിച്ചുയർന്നു ..

ഇനിയൊരു പകലും അവൾക്കായി പിറക്കില്ല … പ്രിയപ്പെട്ടവൻ ആ കാൽക്കൽ വീണടിയും മുൻപേ അവൾ യാത്രയായി …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ബൃന്ദാവനസാരംഗ: ഭാഗം 1 

ബൃന്ദാവനസാരംഗ: ഭാഗം 2

ബൃന്ദാവനസാരംഗ: ഭാഗം 3

ബൃന്ദാവനസാരംഗ: ഭാഗം 4

ബൃന്ദാവനസാരംഗ: ഭാഗം 5

ബൃന്ദാവനസാരംഗ: ഭാഗം 6

ബൃന്ദാവനസാരംഗ: ഭാഗം 7

ബൃന്ദാവനസാരംഗ: ഭാഗം 8

ബൃന്ദാവനസാരംഗ: ഭാഗം 9

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story