നന്ദ്യാർവട്ടം: ഭാഗം 23

നന്ദ്യാർവട്ടം: ഭാഗം 23

നോവൽ


നന്ദ്യാർവട്ടം: ഭാഗം 23

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

കോടതിയിൽ കേസ് വിളിച്ചപ്പോൾ അഭിരാമിയുടെ നെഞ്ചിടിപ്പേറി ….

അഡ്വ .ആയിഷ ബീഗവും , അഡ്വ . അശ്വിനും , ജഡ്ജിന് മുന്നിൽ വേണ്ട വിവരങ്ങൾ നൽകി …

പിന്നീട് നിരഞ്ജനയെയും , വിനയ് യെയും അകത്തേക്ക് വിളിച്ചു … അവരുമായി സംസാരിച്ചു …

അഭിരാമി പുറത്ത് നിന്നു …

സിനിമയിലൊക്കെ കാണുന്ന പോലെ വാദപ്രതിവാദങ്ങൾ നടക്കുന്ന ഒരു കോടതിയുടെ അകമറിയാണ് അവൾ പ്രതീക്ഷിച്ചിരുന്നത് ….

എന്നാൽ ഫാമിലി കോർട്ടിൽ കാര്യങ്ങൾ അങ്ങനെയല്ല എന്ന് അവൾക്ക് അപ്പോഴാണ് മനസിലായത് ..

കുറേ കഴിഞ്ഞപ്പോൾ അഭിരാമിയെയും അകത്തേക്ക് വിളിച്ചു …

ആ സമയം നിരഞ്ജനയെയും വിനയ് യെയും പുറത്ത് നിർത്തി …

സമയം നീങ്ങിക്കൊണ്ടിരുന്നു ….

പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അഭിരമിയെയും പുറത്ത് നിർത്തി ..

അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ , അഭിരാമിക്ക് എന്തോ ഒരു കോൺഫിഡൻസ് ആയിരുന്നു …

ആദി മോനെ തങ്ങൾക്ക് നഷ്ടമാവില്ല എന്നവൾക്ക് തോന്നി …

അവൾ വന്നു നോക്കുമ്പോൾ , വിനയ് പുറത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു ..

അവൾ അവന്റെ അരികിലായി ഇരുന്നു …

” എന്താ വിനയേട്ടാ ….. എന്തിനാ വിഷമം … ആദിയെ നമുക്ക് നഷ്ടപ്പെടില്ല എന്ന് എനിക്ക് ഉറപ്പാ ……” അവൾ ആത്മ വിശ്വാസത്തോടെ പറഞ്ഞു ..

വിനയ് അവളുടെ മുഖത്തേക്ക് നോക്കി …

” നഷ്ടപ്പെടില്ലായിരിക്കാം … പക്ഷെ , വിധി വരുന്നത് വരെ ചിലപ്പോ ആദിയെ നിരഞ്ജനക്ക് വിട്ട് കൊടുക്കേണ്ടി വരും …. ചിലപ്പോ ഒരു അഞ്ചോ പത്തോ ദിവസത്തേക്ക് …..” വിനയ് വിഷമത്തോടെ പറഞ്ഞു ..

” അതെന്താ വിനയേട്ടാ അങ്ങനെ … ? ” അവൾ ചോദിച്ചു ..

” അവരത് ആവശ്യപ്പെട്ടു … കഴിഞ്ഞ ഒരു വർഷവും രണ്ട് മാസവുമായി നിരഞ്ജന ആദിയെ ഒന്നെടുത്തിട്ട് പോലുമില്ല .. ഞാൻ തടഞ്ഞു വച്ചിരിക്കുന്നെന്നാ അവർ പറഞ്ഞത് …….”

” കുഞ്ഞിനെ ഇടക്ക് കാണാൻ നിരഞ്ജനക്ക് അന്ന് കോടതി അനുമതി കൊടുത്തിരുന്നോ ….?” അവൾ ചോദിച്ചു ..

” ഇല്ല … അവൾ അങ്ങനെയൊന്നും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല .. ”

കുറച്ച് ദിവസത്തേക്ക് പോലും ആദിയെ പിരിയുന്ന കാര്യം അഭിരാമിക്ക് ആലോചിക്കാൻ വയ്യായിരുന്നു …

അവളെഴുന്നേറ്റ് .. കോടതി വരാന്തയുടെ തൂണിനടുത്തേക്ക് നടന്നു ..

തൂണിൽ ചാരി അവൾ ദൂരെക്ക് നോക്കി നിന്നു …

സത്യത്തിൽ തന്റെ മനസിന്റെ ഏറ്റവും വലിയ ദുഃഖം എന്താണെന്ന് അവൾ സ്വയം ചോദിച്ചു …

നിരഞ്ജന ആദിയുടെ പെറ്റമ്മയാണെന്ന സത്യം ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും നിഷേധിക്കാൻ കഴിയാത്ത സത്യമാണ് …

വരാന്തയുടെ അങ്ങേയറ്റത്ത് നിന്ന് , ഫോണിൽ സംസാരിക്കുന്ന നിരഞ്ജനയെ അഭിരാമി നോക്കി …

നിരഞ്ജനയുടെ മനസിൽ ആദിയുണ്ടോ ..?

ഒരു നിമിഷത്തേക്കെങ്കിലും ആദിയെ നഷ്ടപ്പെടുന്നതായി സങ്കൽപ്പിക്കുമ്പോൾ തന്റെ കാലിടറുന്നത് എന്ത് കൊണ്ടാണ് …

തന്റെയുള്ളിൽ ഒരു സ്വാർത്ഥതയില്ലേ …. ?

ഉണ്ട് ….. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ആദി മറ്റൊരു പെണ്ണിന്റെ നെഞ്ചിലെ ചൂടറിയുമെന്നത് തനിക്ക് അംഗീകരിക്കാൻ വയ്യ … അതവന്റെ പെറ്റമ്മയാണെങ്കിൽ കൂടി …..

ആദിയുടെ കുഞ്ഞു മനസിൽ അമ്മയെന്ന സ്ഥാനം തനിക്കാണ് ..

ഇത്ര കാലം വിനയേട്ടനും , അമ്മയും ഒക്കെ ചേർന്ന് അവനെ വളർത്തിയിട്ടും , കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഒന്ന് വിശന്നു കഴിയുമ്പോഴോ , ഉറക്കം വന്നു പോയാലോ , എവിടെയെങ്കിലും ഇത്തിരി വേദനിച്ചാലോ ആ നിമിഷം അവൻ അവരുടെയൊക്കെ കൈകൾ വിട്ട് തന്റെ മാറിലണയാൻ വെമ്പും …

അവരെയൊക്കെ വിട്ട് അവൻ തന്റെ നെഞ്ചിൽ അഭയം തേടുമ്പോൾ , താൻ മനസ് കൊണ്ട് സന്തോഷിച്ചിട്ടുണ്ട് .. അഭിമാനം കൊണ്ടിട്ടുണ്ട് ..

പ്രസവിക്കാതെ തന്നെ തന്റെയുള്ളിലെ മാതൃത്വത്തെ ഉണർത്തിയെടുത്ത തന്റെ മകൻ ..

അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ തോന്നുന്ന രണ്ടേ രണ്ട് ദുഃഖം അവനെ തനിക്ക് നൊന്ത് പ്രസവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് .. പിന്നെ അവനെയൊന്ന് മുലയൂട്ടാൻ കഴിയുന്നില്ലല്ലോ എന്നതും ..

അവന്റെ സ്നേഹത്തെ നിരഞ്ജനയുമായി പങ്കിടുവാൻ തനിക്ക് വയ്യ … അവന് വിശന്നാൽ , ഉറക്കം വന്നാൽ , വേദനിച്ചാൽ ആശ്രയത്തിനായി അവൻ നിരഞ്ജനയെ തേടുന്നത് തനിക്ക് സങ്കൽപിക്കാൻ വയ്യ ….

കുറച്ച് കഴിഞ്ഞപ്പോൾ അശ്വിൻ പുറത്തേക്ക് വന്നു ….

” കേസ്‌ പതിനഞ്ചാം തീയതിയിലേക്ക് മാറ്റി … അന്ന് വരുമ്പോൾ ആദിയെ കൊണ്ട് വരണം …..” അശ്വിൻ പറഞ്ഞു ..

വിനയ് യുടെ മുഖത്ത് തെളിച്ചമില്ലായിരുന്നു ..

” പേടിക്കണ്ട .. വിധി നമുക്ക് അനുകൂലമാവും .. പക്ഷെ ആദിയെ കുറച്ച് ദിവസത്തേക്കെങ്കിലും നിരഞ്ജനക്ക് വിട്ട് കൊടുക്കേണ്ടി വരും .. അത് മാത്രമല്ല ഇടക്കിടക്ക് കാണാനുള്ള അനുമതി ചോദിച്ചാൽ അതും കോടതി അനുവദിക്കും … അതൊന്നും ആർക്കും നിഷേധിക്കാൻ കഴിയില്ല …….” അശ്വിൻ പറഞ്ഞു ..

വിനയ് തലയാട്ടി ..

അഭിരാമി അത് കേൾക്കുന്നുണ്ടായിരുന്നു …

എന്തുകൊണ്ടോ അവളുടെ തൊണ്ടക്കുഴിയിൽ സങ്കടം തിങ്ങി നിന്നു …

” നമുക്ക് പിന്നീട് സംസാരിക്കാം വിനയ് ….” അശ്വിൻ വിനയ് ക്ക് കൈകൊടുത്തു …

അഭിരാമിയും വിനയ് യും കാറിനടുത്തേക്ക് നടക്കുമ്പോൾ , നിരഞ്ജന കാറിൽ കയറിയിരുന്നു ..

കാർ ഡ്രെവിലാക്കിയ ശേഷം അവൾ ഗ്ലാസിലൂടെ ഒന്ന് നോക്കി … ആ നോട്ടം അഭിരാമിയിലായിരുന്നു വന്ന് വീണത് …

തിരികെയുള്ള യാത്രയിൽ അഭിരാമിയും വിനയ് യും ഒന്നും സംസാരിച്ചില്ല …

ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോൾ അവൾ വിനയ് യോട് കാർ നിർത്താൻ പറഞ്ഞു …

അവൻ കാർ സൈഡൊതുക്കി നിർത്തി ..

അഭിരാമി അവിടെയിറങ്ങി … വെയിലിൽ ഒരു കുടക്കീഴിൽ മെഴുകുതിരികളും മറ്റും വിൽപ്പനക്ക് വച്ച് ഒരു സ്ത്രീയിരുപ്പുണ്ടായിരുന്നു ..

അവളവരുടെ കയ്യിൽ നിന്ന് ഒരു മെഴുകുതിരി വാങ്ങി …

നേരെ മാതാവിന്റെ രൂപത്തിനടുത്തേക്ക് നടന്നു ….

ആ തിരുമുമ്പിൽ മെഴുകുതിരി കത്തിച്ചു വച്ച് , അതിനോളം പോന്ന മറ്റൊരു മെഴുതിരിയായി അവളുരുകി …

ഒരു നിമിഷത്തേക്കു പോലും ആദിയെ തനിക്ക് മറ്റാർക്കും വിട്ട് കൊടുക്കാൻ ഇടവരരുതെ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു ….

” അവിടുത്തെ പ്രാർത്ഥനകളൊന്നും എനിക്കറിയില്ല .. കേട്ടിട്ടുണ്ട് … ദൈവപുത്രന് ജന്മം നൽകിയ കന്യകയായ മാതാവാണെന്ന് .. പ്രസവിക്കാതെ അമ്മയായ പെണ്ണാ ഞാൻ … കൈവിടരുതേ എന്നെ ……” അവൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു …

ആദിക്ക് വേണ്ടി , ഈ ലോകത്തിലെ അവസാന ആശ്രയം വരെ പൂകാൻ അവൾ തയ്യാറായിരുന്നു …

തോളിൽ ഒരു കരസ്പർശമറിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി ..

വിനയ് യാണ് ….

അവൾ ചുണ്ടു കടിച്ച് വിങ്ങലടക്കി ..

അവനവളുടെ തോളിൽ തട്ടി …

അവളവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു …

അവളുടെ കണ്ണുനീരിന്റെ നനവ് അവന്റെ നെഞ്ചിലേക്ക് ഊർന്നിറങ്ങി ..

അവളെ ചേർത്ത് പിടിച്ച് അവൻ കാറിനടുത്തേക്ക് നടന്നു ..

ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റിയിരുത്തിയിട്ട് അവൻ ഡോറടച്ചു ….

പിന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്ന് കയറി …

കാർ , അവരുടെ റസിഡൻസിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ തന്നെ അഭിരാമി പറഞ്ഞു …

” വിനയേട്ടന്റെ വീട്ടിലേക്ക് പോകാം വിനയേട്ടാ ……”

അവൻ കാർ നേരെ വിട്ടു ….

വീടിനു മുന്നിൽ കാർ നിന്നതും , അഭിരാമി ഇറങ്ങി ഗേറ്റ് തുറന്ന് അകത്തേക്ക് കയറിപ്പോയി …

മുൻവാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു …

സരളയും ജനാർദ്ദനനും ഹാളിൽ ടിവി കണ്ടിരിപ്പുണ്ടായിരുന്നു ..

ആദി അവർക്കരികിൽ , ഒരു ടോയിയുമായി നിൽപ്പുണ്ടായിരുന്നു ..

അഭിരാമിയെ കണ്ടതും അവൻ ആഹ്ലാദത്തോടെ വിടർന്ന് ചിരിച്ചു ..

” മംമാ …….” അവൻ അവൾക്കടുത്തേക്ക് തെന്നിത്തെറിച്ച് ഓടി വന്നു …

അഭിരാമിയത് ആദ്യമായ് കാണുന്നത് പോലെ , നോക്കി നിന്നു ..

അവന്റെയോരോ ചലനവും തനിക്കെന്നും കൗതുകങ്ങളാണ് .. ഇന്ന് … അതിലേറെയും …

അവളവനെ കൈകളിൽ കോരിയെടുത്ത് നെഞ്ചിലണച്ചു ….

” എന്തായ് മോളെ ….” സരള ചോദിച്ചു കൊണ്ട് എഴുന്നേറ്റു വന്നു …

ജനാർദ്ദനൻ ടിവി മ്യൂട്ടാക്കി ..

അവളതൊന്നും കേട്ടില്ല ..

ആദിയെ തുരു തുരെ ചുംബിച്ചു കൊണ്ട് അവളവിടെ നിന്നിറങ്ങി …

വിനയ് വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ അഭിരാമി കുഞ്ഞിനെയും കൊണ്ട് തിരിച്ചിറങ്ങി കഴിഞ്ഞിരുന്നു …

സരളയും ജനാർദ്ദനനും സിറ്റൗട്ടിലേക്കിറങ്ങി വന്നു ..

അവർക്കൊന്നും മനസിലായില്ല …

അഭിരാമി നേരെ പോയി , കാറിൽ കയറിയിരുന്നു …

ആദിയെ അവൾ അണച്ചു പിടിച്ചിട്ടുണ്ടായിരുന്നു …

വിനയ് അച്ഛനോടും അമ്മയോടും വിവരങ്ങൾ പറഞ്ഞിട്ടാണ് കാറിനടുത്തേക്ക് വന്നത് …

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നതും അഭിരാമി പറഞ്ഞു ..

” നമുക്ക് പോകാം വിനയേട്ടാ .. എങ്ങോട്ടെങ്കിലും പോകാം വിനയേട്ടാ .. ഇവരാരും തേടി വരാത്തിടത്തേക്ക് പോകാം … എനിക്ക് ഇനി ഇവിടെ വയ്യ… എനിക്കെന്റെ മോനെ വേണം … എനിക്ക് വേണം …… ” അവൾ ആദിയുടെ മുഖത്തേക്ക് തന്റെ മുഖം ചേർത്ത് വച്ച് കരഞ്ഞു …

അവൻ കുഞ്ഞിക്കണ്ണ് വിടർത്തി അവളെ നോക്കി ..

” എന്താടോ ഇങ്ങനെ …. ഞാനില്ലെ മോളെ നിന്റെ കൂടെ … നമ്മുടെ കുഞ്ഞിനെ നമ്മളാർക്കും വിട്ടു കൊടുക്കില്ല .. ” അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….

* * * * * * * * * * * * *

അഭിരാമിയെയും ആദിയെയും വീട്ടിൽ വിട്ടിട്ട് വിനയ് നേരെ ഹോസ്പിറ്റലിലേക്ക് വന്നു ….

വന്നപാടെ അവൻ ഐസിയു വിലേക്കാണ് പോയത് …

ഷംന സിസ്റ്റർ ഡ്യൂട്ടിയിലുണ്ടായിരുന്നു …

” അമലാ കാന്തിക്ക് വിസിറ്റേർസ് ആരെങ്കിലുമുണ്ടായിരുന്നോ സിസ്റ്റർ ….. ?” വിനയ് ചോദിച്ചു …

” ഉണ്ടായിരുന്നു സർ .. ആ കുട്ടിയുടെ കൂടെ പഠിക്കുന്ന മൂന്നു പെൺകുട്ടികൾ വന്നിരുന്നു .. ആ സമയത്ത് അമല റെസ്പോണ്ട് ചെയ്തു ….. അതിലൊരു കുട്ടിയുടെ പേര് ചാന്ദ്നി എന്നാണ് .. ചാന്ദ് … ചാന്ദ് … എന്ന് അവൾ പറയുന്നുണ്ടായിരുന്നു .. ആ കുട്ടിയുടെ മുഖത്ത് മാത്രമായിരുന്നു അവൾ നോക്കിയത് …. മറ്റാരെയും നോക്കിയില്ല .. അവരുടെ പേരും വിളിച്ചില്ല .. അങ്ങോട്ടുമിങ്ങോട്ടും തല ചലിപ്പിക്കുന്നുണ്ടായിരുന്നു … ” ഷംന സിസ്റ്റർ പറഞ്ഞു …

” മിനങ്ങാന്ന് രണ്ട് കുട്ടികൾ വന്നപ്പോൾ സിസ്റ്റർ ഉണ്ടായിരുന്നില്ലേ .. അപ്പോൾ റെസ്പോണ്ട് ചെയ്തില്ല എന്നല്ലേ പറഞ്ഞത് ….?” വിനയ് ചോദിച്ചു ..

” അതേ സർ , കണ്ണ് തുറന്നു .. അവരെ കാണുകയും ചെയ്തു …. എന്റെയറിവിൽ കോളേജിൽ നിന്ന് വന്ന വിസിറ്റേർസിൽ സാറിന്റെ വൈഫിനേയും , ഇന്ന് വന്ന ചാന്ദ്നി എന്ന കുട്ടിയെയും നോക്കി മാത്രമാണ് അമല റെസ്പോണ്ട് ചെയ്തത് …..” ഷംന സിസ്റ്റർ പറഞ്ഞു ..

വിനയ് ആലോചനയിലാണ്ടു ..

” ഇവരെ തമ്മിൽ കണക്ട് ചെയ്യുന്ന എന്തെങ്കിലും കോമൺ കാര്യങ്ങൾ ഉണ്ടോ എന്ന് നോക്കിയാലോ സർ .. എന്ത് കൊണ്ടാ ഇങ്ങനെ ചിലരെ മാത്രം കാണുമ്പോൾ റെസ്പോണ്ട് ചെയ്യുന്നേ … സർ ന്റെ വൈഫിനോട് തന്നെ ചോദിച്ചാൽ ചിലപ്പോൾ എന്തെങ്കിലും അറിയാൻ കഴിയില്ലേ … ” ഷംന സിസ്റ്റർ ചോദിച്ചു ..

വിനയ് യും അത് തന്നെയാണ് ചിന്തിച്ചത് ..

” നമുക്ക് നോക്കാം സിസ്റ്റർ …. ഞാൻ അമലയെ ഒന്ന് കാണട്ടെ ” വിനയ് പറഞ്ഞു ..

” ശരി സർ ….”

വിനയ് നേരെ അമലാ കാന്തിയുടെ ബെഡിനടുത്തേക്ക് നടന്നു …

അവളെ നോക്കി .. കേസ് ഷീറ്റ് നോക്കി പ്രോഗ്രസ് വിലയിരുത്തി ..

അവളെ പേരെടുത്ത് വിളിച്ച് സംസാരിക്കാൻ ശ്രമിച്ചു ….

അവൾ തിരിച്ചും സംസാരിക്കാൻ ശ്രമിച്ചു .. പക്ഷെ ഒന്നിനും കഴിഞ്ഞില്ല ..

” ഒക്കെ ഡിയർ .. .. സീ യു ….. ” വിനയ് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളത്ത് തട്ടി …

പിന്നെ പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അവന്റെ വലം കൈയിൽ ഒരു പിടുത്തം വീണു …

അവൻ തിരിഞ്ഞു നോക്കി ….

അമല തന്റെ ഇടം കൈ തന്റെ വിരലിൽ കോർത്ത് വച്ചിരിക്കുന്നു .. അവളുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു ...തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
നന്ദ്യാർവട്ടം: ഭാഗം 15
നന്ദ്യാർവട്ടം: ഭാഗം 16
നന്ദ്യാർവട്ടം: ഭാഗം 17
നന്ദ്യാർവട്ടം: ഭാഗം 18
നന്ദ്യാർവട്ടം: ഭാഗം 19
നന്ദ്യാർവട്ടം: ഭാഗം 20
നന്ദ്യാർവട്ടം: ഭാഗം 21
നന്ദ്യാർവട്ടം: ഭാഗം 22
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story