കറുത്ത നഗരം : ഭാഗം 1

കറുത്ത നഗരം : ഭാഗം 1

നോവൽ

എഴുത്തുകാരി: അമൃത അജയൻ

വസ്ത്രങ്ങൾ ഒന്നൊന്നായി എയർ ബാഗിലേക്ക് അടുക്കുമ്പോൾ മുത്തശ്ശി അരികിലേക്ക് വന്നിരുന്നു .

“ഇനി ന്നാ ങ്ങ്ട് വര്വാ ”

” വരാം മുത്തശ്ശി ”

”ഉവ്വ …. ഇനി ഏതേലും ആണ്ടില് നോക്യാ മതി . ഇതന്നിപ്പോ എത്ര കാലം കൂടീട്ടാങ്ങ്ട് വന്നേ .. അതും ന്നെ കാണാൻ മാത്രം വന്നൊന്നുവല്ലല്ലോ .. സ്ഥലം മാറ്റത്തിനെടേല് ന്നാ രണ്ടീസം ങ്ങ്ട് വരാംന്ന്വച്ച് വന്നതല്യേ ”

മുത്തശ്ശീടെ പരിഭവം ഇപ്പോഴും മാറിയിട്ടില്ല . കുറ്റം പറയാനും പറ്റില്ലല്ലോ .

മൂന്നു വയസിൽ അച്ഛനും അമ്മേം നഷ്ടപ്പെട്ടേ പിന്നെ എല്ലാം മുത്തശ്ശിയായിരുന്നു .

അവൾ മെല്ലെ എഴുന്നേറ്റു ചെന്നു മുത്തശ്ശിയുടെ അരികിലിരുന്നു . പിന്നെ ആ മെലിഞ്ഞ കവിളിൽ ഒരുമ്മ നൽകി .

”ന്റെ പപ്പുമ്മേ ഇങ്ങനെ പരിഭവക്കല്ലേ … അറിയില്ലേ ന്റെ തിരക്ക് .എന്റെ കൂടെ പോരാൻ പറഞ്ഞാൽ വരികേം ഇല്ല .”

“ഉവ്വന്നേ … നിനക്കന്നെ സ്ഥിരായിട്ടൊരു സ്ഥലല്ല്യ.. പിന്നെയാ … അല്ലേലും .. ന്റെ കറമ്പിയേം …. കോഴികളേയും വിട്ട് വരാനൊന്നും നിക്ക് പറ്റില്ല്യ.. അതും സിറ്റീല് .. ഞാൻ പോന്നാ പിന്നെ ആരാ കാവില് വിളക്ക് വക്വാ…”

“തെക്കേ തൊടിയിലെ ആൽത്തറകളില് തിരിഞ്ഞും മറിഞ്ഞും കിടക്കണ ആത്മാക്കള്ണ്ട് കൂട്ട്യേ … അവർക്ക് ത്രിസന്ധ്യക്ക് ഇച്ചിരി വെളിച്ചം കൊടുക്കണം . നിനക്ക് അതൊന്നും പറഞ്ഞാ ബോധിക്കില്ല്യ …”

” ഹും ….. പറഞ്ഞ് പറഞ്ഞ് സ്ഥിരം സ്ഥലത്തു തന്നെ എത്തി . ന്റെ മുത്തശ്ശിയെ എനിക്കറിയില്ലേ … ”

”സൂക്ഷിക്കണം കുട്ട്യേ … ന്തോ… ഇത്തവണ മുത്തശ്ശിക്ക് വല്ലാത്തൊരു ഭയം … തിര്വന്തൊരത്തേക്കല്ലേ …ഒരുപാട്‌ തിരക്കുകളുണ്ടാവും …. ന്നാലും മുടങ്ങാതെ ന്നെ വിളിക്കണ്വട്ടോ … വെറുതെ തീ തീറ്റിക്കരുത് ”

” വിളിക്കാം മുത്തശ്ശി .. പാക്കിംഗ് പെന്റിംഗ് ആണ് . അത് തീർക്കട്ടെ . ഉച്ചകഴിഞ്ഞ് ഇറങ്ങേണ്ടതാ”

” ആയിക്കോട്ടേ… മുത്തശ്ശി ഊണിന് തരാക്കട്ടെ … കഴിച്ചിട്ട് ഇറങ്ങ്യാമതി … ”

* * * * * * * * * * * * * * * * * *

മൂന്നു മണിക്ക് തന്നെ അവൾ പോകാനിറങ്ങി ..

മുത്തശ്ശി അവളെ ചേർത്തു പിടിച്ചു നെറ്റിയൽ മുത്തം നൽകി ..

”സൂക്ഷിക്കണട്ടോ … ചിന്നൂട്ട്യേ … മുത്തശ്ശി പ്രാർത്ഥിക്കൺണ്ട് ”

പോർച്ചിൽ നിന്ന് കാർ ഇറക്കി ഗേറ്റിനു നേർക്ക് തിരിച്ചിട്ടു ..

” ഡ്രൈവറെ വക്കാരുന്നു നിനക്ക് .. പറഞ്ഞാ കേൾക്കില്ല്യാലോ .. ദൂരം ത്രയാന്നു വച്ചിട്ടാ ”

”ഓ …. പിന്നെ ഒന്നു പോ മുത്തശ്ശി ചേർത്തലയിന്നു തിരുവനന്തപുരം വലിയ ദൂരൊന്നുല്ല്യ …. ഒറ്റക്ക് ഡ്രൈവ് ചെയ്യുന്നേന്റെ സുഖം ഒന്നു വേറെയാ …”

” നിന്നോടാമ്പോ തർക്കിച്ചിട്ട് കാര്യല്ല്യാലോ ”

മുത്തശ്ശിയെ കൈ വീശിക്കാട്ടി . കാർ റോഡിലേക്കിറങ്ങി..

പത്മിനി നെഞ്ചിൽ കൈ ചേർത്തു പ്രാർത്ഥിച്ചു

“ഭഗവതീ ന്റെ കുഞ്ഞിനെ കാത്തോണേ”

* * * * * * * * * * * * * * * * * * * * *

സാമാന്യം തിരക്കുണ്ടായിരുന്നു യാത്രയിലുടനീളം ..

കരുനാഗപ്പള്ളിയിൽ വച്ച് നല്ലൊരു ബ്ലോക്കിലും പെട്ടു. കഷ്ടിച്ച് ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ടു വരുമ്പോഴേക്കും 6.45 കഴിഞ്ഞു.

പാരിപ്പള്ളി കഴിഞ്ഞ് കുറച്ച് ദൂരം റോഡ് വിചനമാണ് ..

കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ ഉസ്താദ് റാഷിദ് ഖാന്റെ ഘയാൽ പ്ലേ ചെയ്തിരുന്നു .

വളവ് തിരിഞ്ഞപ്പോൾ റോഡുവക്കിൽ നിന്ന് ഒരു പെൺകുട്ടി കൈ കാണിച്ചു .

നീല ജീൻസും ബ്രൌൺ ടോപ്പും . തോളിൽ ഒരു ലാപ്ടോപ്പ് ബാഗും കയ്യിൽ മൊബൈൽ ഫോണും… ഞാൻ …കാർ സൈഡു ചേർത്തു നിർത്തി.

അവർ ഓടി കാറിനടുത്തേക്ക് വന്നു . ഞാൻ ഗ്ലാസ് താഴ്ത്തിയപ്പോഴാകാണം അവളെന്നെ ശരിക്ക് കണ്ടത് ..

ഡ്രൈവിംഗ് സീറ്റിൽ ഒരു സ്ത്രീയ കണ്ടതിന്റെ ആശ്വാസം ഞാനാ മുഖത്തു നിന്നു വായിച്ചെടുത്തു ..

“എന്താ കുട്ടി .. ”

” മാഡം .. മാഡം എന്നെയൊന്നു അടുത്തു ബസ് കിട്ടുന്ന സ്റ്റോപ്പിൽ വിടാമോ .. ഇവിടെ നിന്നിട്ട് ബസുകളൊന്നും നിർത്തുന്നില്ല ”

” കയറിക്കോ ..”

ഞാൻ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. .

ഡ്രൈവ് ചെയ്യുന്നതിനിടകിൽ ഞാൻ ചോദിച്ചു

”എന്താ പേര് ”

” ശരണ്യ ”

” കുട്ടീടെ വീടെവിടെയാ ..? ഇവിടെ വർക്ക് ചെയ്യുവാണോ ?”

“അല്ല മാഡം. എന്റെ വീട് തോട്ടക്കാടാ .. ഇവിടെ എന്റെ ഫ്രണ്ടിനെ കാണാൻ വന്നതാ . അവൾ പ്രസവിച്ച് കിടക്കുവാ .. കൊട്ടിയം വരെ പോകേണ്ട കാര്യമുണ്ടാരുന്നു . ”

“തിരിച്ചു വന്നപ്പോൾ അവളെക്കൂടി കണ്ടിട്ടു പോകാല്ലോ എന്നു കരുതി ഇറങ്ങിയതാ .. ആ വീട് കുറച്ച് ഉള്ളിലേക്കാ .. അവിടുന്നിറങ്ങിയപ്പോൾ അൽപം വൈകി .. ”

“ഒരു ടെംബോ വാനിൽ ഇവിടെ ഇറങ്ങി .. ആ വാൻ ഇവിടം വരേ ള്ളു ..
കഷ്ടകാലംന്നല്ലാണ്ട് ന്താ പറയാ .. കൈകാണിച്ചിട്ട് ഒറ്റ ബസു പോലും നിർത്തിയില്ല ”

ഞാനൊന്നു പുഞ്ചിരിച്ചു ..

കല്ലംബലത്തേക്കെത്തുമ്പോൾ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു .

സെബാസ്റ്റ്യൻ സർ കാളിംഗ് …

ഞാൻ കാൾ അറ്റൻഡ് ചെയ്തു ..

“ചൈതന്യ …. താൻ എത്തിയോ ..?”

“നോ … സർ … ആം ഓൺ ദ വേ ”

”ഒരു സീരിയസ് മാറ്ററുണ്ട് .. ”

പെട്ടെന്ന് ശരണ്യ എന്നെ തൊട്ടു ..

” മാഡം എന്നെ ഇവിടെ ഇറക്കിയാൽ മതി .. ”

ഞാൻ കാർ സൈഡിലേക്ക് ഒതുക്കി …

അവൾ ഡോർ തുറന്നു പുറത്തിറങ്ങി എന്നെ നോക്കി താങ്ക്സ് പറഞ്ഞു …

കാതോട് ചേർന്നിരിക്കുന്ന ഫോണിൽ സെബാസ്റ്റ്യൻ സർ പാസ് ചെയ്യുന്ന ഇൻഫർമേഷനിൽ ശ്രദ്ധിച്ചു കൊണ്ട് ഞാനവൾക്കു നേരേ കൈ വീശി …

3 മിനിറ്റോളം സാറിന്റെ കാൾ നീണ്ടു ..

കാൾ കട്ട് ചെയ്തു ഞാൻ ഡ്രൈവിംഗ് തുടർന്നു …

ആറ്റിങ്ങലെത്തുമ്പോഴേക്കും എന്റെ വയറ്റിൽ വിശപ്പിന്റെ അലാം ഉച്ചസ്ഥായിയിലായി ..

ഇനി എന്തെങ്കിലും കഴിച്ചിട്ടേ യാത്രയുള്ളു..

ഹോട്ടൽ സോപാനത്തിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി .. ലൈറ്റ് തെളിച്ചു .. തിരിഞ്ഞു പിന്നിലിരുന്ന ബാഗ് എടുത്തു …. പേർസ് എടുക്കുന്നതിനിടയിൽ എന്റെ കണ്ണ് മുന്നിലെ സീറ്റിന് താഴേക്ക് പാഞ്ഞു …

ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി ..

കാർപെറ്റിൽ ചോര പുരണ്ട ഒരു കത്തി ..(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story