ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 3

എഴുത്തുകാരി: മിഴി വർണ്ണ

കുളിച്ചു ഒരുങ്ങി ഋതു താഴെ എത്തുമ്പോഴേക്കും ഋഷി പോയ് കഴിഞ്ഞിരുന്നു. അമ്മ ഡൈനിങ്ങ് ടേബിളിൽ അച്ഛനു ഭക്ഷണം വിളമ്പുന്ന തിരക്കിൽ ആയിരുന്നു.

“ങേ….ഈ വേഷത്തിൽ ആണോ നമ്മൾ അമ്പലത്തിൽ പോണത്? ”

ധാവണിയും ഉടുത്തു കോണിപ്പടികൾ ഇറങ്ങി വരുന്നതിനു ഇടയ്ക്ക് ഋതു ചോദിച്ചു. മകളുടെ തുള്ളിച്ചാടിയുള്ള വരവ് കണ്ടു അമ്മ ആലോചിച്ചു. ഇത്തിരി കുറുമ്പും കുട്ടിക്കളിയും കൂടുതൽ ആണെങ്കിലും മോൾക്ക് വല്ലാത്തൊരു ഭംഗിയാണ്. ആരും നോക്കി നിന്നും പോകും തരത്തിലുള്ള നിഷ്കളങ്കതയിൽ പൊതിഞ്ഞൊരു ഭംഗി…വിട്ടുമാറാത്ത ഈ കുട്ടിത്തം തന്നെയാണ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യാസ്തമാക്കുന്നത്.

“ഞാൻ ചോദിച്ചത് കേട്ടില്ലേ…. നിങ്ങൾ ആരും അമ്പലത്തിൽ വരുന്നില്ലേ?? അല്ലേലും കുറച്ചു നാളായിട്ട് നിങ്ങൾക്ക് രണ്ടു പേർക്കും വാവേടെ കാര്യത്തിൽ ഒരു ശ്രദ്ധ ഇല്ല. പക്ഷേ ഞാൻ അതു വല്ലാണ്ട് ശ്രദ്ധിക്കുന്നുണ്ട്.”

“എന്റെ പൊന്നു കുഞ്ഞാവേ നീ വരോ ഇല്ലയൊന്ന് അറിയാത്തതു കൊണ്ടു ഞാനും നിന്റെ അച്ഛനും കൂടി രാവിലെ കൃഷ്ണൻകോവിലിൽ പോയിട്ട് വന്നു. പിന്നെ നിന്റെ കൂടെ അമ്പലത്തിൽ പോകാൻ ആയിട്ട് അപുറത്തു രണ്ടു പേര് കാത്തിരിപ്പുണ്ട്….നിന്റെ അപ്പച്ചിയും അമ്മവനും. വേഗം അങ്ങോട്ട് ചെല്ലാൻ നോക്ക്.”

“ഹായ്….അപ്പച്ചി ആണോ കൂടെ വരുന്നത്. എന്നാൽ ഞാൻ അങ്ങോട്ട് പോകുവാ…കാപ്പി ഞാൻ അവിടെന്ന് കഴിച്ചോളാം.”

“അല്ലേൽ തന്നെ നീ എന്നാണ് ഇവിടുന്ന് കാപ്പി കുടിക്കാറുള്ളത്. എന്നും അപ്പുറത്തു തന്നെ അല്ലേ പോണത്. ”

“അമ്മക്ക് അസൂയ ആണ്…. അപ്പച്ചി ഉണ്ടാക്കുന്ന ഫുഡിന്റെ അത്ര നല്ല ഫുഡ്‌ ഉണ്ടാക്കാൻ പറ്റാത്തോണ്ടു….ഞാൻ പോകുവാ.”

ഇതും പറഞ്ഞു ഓടുന്ന ഋതുവിനോട് ഓടാതെ പതിയെ പോകാൻ അച്ഛൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ ആരു കേൾക്കാൻ.

“നമ്മുടെ മോള് എന്താ ഗീതേ ഇങ്ങനെ…. 21 വയസ്സ് ആയിട്ടും ഒട്ടും കുട്ടിക്കളി മാറാതെ ഇങ്ങനെ… ചിലർ എന്നോട് ചോദിച്ചിട്ട് ഉണ്ട്‌ അവൾക്കു മാനസികമായി എന്തേലും പ്രശ്നം ഉണ്ടോന്ന്. അതൊക്കെ കേക്കുമ്പോൾ ഉള്ളു ഒന്നു കാളും.”

“നിങ്ങൾ എന്താ മനുഷ്യ ഈ പറയുന്നത്. നമ്മുടെ മോൾ മിടുക്കി അല്ലേ… പഠിത്തത്തിലും നൃത്തത്തിലും അഭിനയത്തിലും എല്ലാം… നാട്ടുകാർ അങ്ങനെ പലതും പറയും. അതൊന്നും നമ്മൾ കാര്യം ആകണ്ട. ഈ കുട്ടികളിയും കുറുമ്പും ഒന്നും ഇല്ലെങ്കിൽ നമ്മുടെ മോൾ മറ്റാരോ ആയി പോകും….കുറച്ചു നാളുകൾ കഴിഞ്ഞു അവൾ ഇവിടുന്ന് പോകുമ്പോൾ വീട് ഉറങ്ങും. അതോർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ്…അവൾ ഇല്ലാത്ത ഈ വീട് എനിക്ക് ഓർക്കാൻ കൂടി വയ്യ.”

“ശരിയാണ്…. മോൾ ദൂരെ പോകുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ.. അവൾ ദൂരെ പോയാൽ നമ്മളെക്കാൾ വിഷമിക്കുന്നത് അവളുടെ അപ്പച്ചി ആയിരിക്കും.സാരംഗിയെക്കാൾ കൂടുതൽ അവൾക്കു ഇഷ്ടം ഋതുവിനെ ആണ്. ഋതുവിനു തിരിച്ചും അങ്ങനെ തന്നെ. അമ്മ-അച്ഛാ എന്നു വിളിച്ചിട്ടുള്ളത്തിലും കൂടുതൽ അവൾ വിളിച്ചിട്ടിട്ട് ഉള്ളത് ഒരുപക്ഷേ അപ്പച്ചി-അമ്മാവാ എന്നാകും.”

ഭാര്യയുടെ വാക്കുകളെ ശരിവച്ചു കൊണ്ടു ഹരി പറഞ്ഞു.

“എനിക്ക് പോലും പലപ്പോഴും അപ്പച്ചിടെയും മരുമോളുടെയും സ്നേഹം കണ്ടു അസൂയ തോന്നിട്ട് ഉണ്ട്‌.”

ഗീതയുടെ വാക്കുകളിൽ നിറഞ്ഞുനിന്ന കുശുമ്പ് കണ്ടു ഒരു ചിരിയോടെ ഹരി പറഞ്ഞു.

” കുറച്ചുദിവസം മുമ്പ് ശിവൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അന്ന് ഞാൻ അതു ഒരു തമാശയായി എടുത്തു. പക്ഷേ ഇപ്പോൾ തോന്നുന്നു അങ്ങനെ സംഭവിച്ചാൽ നമ്മുടെ മോള് എന്നും നമ്മുടെ കൺമുമ്പിൽ തന്നെ കാണും എന്ന്.”

“എന്താ കാര്യം?? ”

“അതു കേക്കുമ്പോൾ ചിലപ്പോൾ നിനക്ക് ചിരി വരും. ഋതുവിനെ സാഗറിനെ കൊണ്ടു വിവാഹം കഴിപ്പിച്ചാലോ എന്ന അവൻ പറഞ്ഞത്. അതാകുമ്പോൾ അവൾ എന്നും നമ്മുടെ കണ്മുന്നിൽ കാണും.”

“ആഹ് ബെസ്റ്റ്. തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെ നടക്കുന്ന ഇവർ രണ്ടിന്റെയും കല്യാണോ? എന്നാൽ പിന്നെ എന്നും ഇവരുടെ വഴക്ക് തീർക്കാനെ നമുക്ക് നേരം കാണൂ..സാഗറിനെ പിന്നും പറഞ്ഞു മനസ്സിലാക്കാം…അവൻ അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു കുട്ടിയാണ്. അവനു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഉള്ള പക്വതയും ഉണ്ട്‌. നമ്മുടെ ഋഷിയെ പോലെ തന്നെ മിടുക്കൻ ആണ് സാഗർ.

പക്ഷേ….നമ്മൾ ഇവിടുത്തെ വിത്തിനെ എന്താ ചെയ്യുക?? സാഗറിനെ കണ്മുന്നിൽ കണ്ടാൽ ചെകുത്താൻ കുരിശ് കണ്ടപോലാണ് അവളുടെ പെരുമാറ്റം. അവൻ ഒരു പ്രശ്നത്തിനും വരാതെ നിന്നാലും ഇവൾ അങ്ങോട്ട് ചെന്നു വഴക്ക് ഉണ്ടാക്കും.

പിന്നെ അവരുടെ വിവാഹം നടന്നാൽ ഏറ്റവും സന്തോഷിക്കുന്നതു ഞാൻ ആകും. അതു മോള് നമ്മുടെ കണ്മുന്നിൽ തന്നെ കാണും എന്നത് കൊണ്ടു മാത്രം അല്ല. സാഗറിനോളം ഋതുവിനെ മനസിലാക്കാൻ മറ്റൊരാൾക്ക്‌ ചിലപ്പോൾ സാധിക്കില്ല…പക്ഷേ കുട്ടികളുടെ മനസ്സിൽ എന്താന്ന് അവർക്ക് അല്ലേ അറിയൂ.”

“ആഹ്….വിധി പോലെ എല്ലാം നടക്കട്ടെ. നീ കുറച്ചു കൂടി ചമ്മന്തികറി ഒഴിക്ക്. പിന്നെ നീയും ഒരു പ്ലേറ്റ് എടുത്തു ഇരിക്ക്. നമുക്ക് ഒരുമിച്ചു കഴിക്കാം.”

*******-*******-*******

“അപ്പച്ചി….ഞാൻ എത്തി. ”

“ആഹ് അപ്പച്ചിടെ മോളൂട്ടി വന്നോ…. പിറന്നാൾ ആശംസകൾ മോളൂട്ടി…ഉമ്മ.”

“Thank you അപ്പച്ചി….എവിടെ എന്റെ ഗിഫ്റ്റ് എവിടെ?? ”

“ഗിഫ്റ്റ് ഒക്കെ വൈകുന്നേരം തരാടീ വായാടി പെണ്ണെ. ഇപ്പോൾ ആശംസകൾ മാത്രം. ഹാപ്പി ബർത്ത്ഡേ വാവേ.”

“Thank you അമ്മാവാ…. അപ്പോൾ ഇനി ഗിഫ്റ്റ്നു വേണ്ടി വൈകുന്നേരം വരെ കാത്തിരിക്കണം അല്ലേ. ശേ….ആഹ് എന്നാലും സാരമില്ല. ബട്ട്‌ ഗിഫ്റ്റ് തരണം.”

“എന്റെ ഗിഫ്റ്റ് ഞാൻ ഇപ്പോൾ തന്നെ തരാം ചേച്ചി കുട്ടി….ദാ പിടിച്ചോ ഒരു ചക്കര ഉമ്മ….happy birthday വാവചേച്ചി. Many many happy returns of the day. ”

“Thanks മോളേ….മോളും വരുന്നുണ്ടോ അമ്പലത്തിൽ? ”

“പിന്നെ എന്റെ പുന്നാര ചേച്ചിടെ ബർത്ത്ഡേക്കു അനിയത്തിക്കുട്ടി വരാതിരിക്കോ.”

“അനിയത്തിടെയും ചേച്ചിയുടെയും കിന്നാരം കഴിഞ്ഞു എങ്കിൽ വാ രണ്ടാളും.. അല്ലെങ്കിലേ തിരുമേനി അമ്പലം അടച്ചിട്ടു അങ്ങു പോകും.”

അമ്മാവൻ പറഞ്ഞതു കേട്ട് സാരുവും ഋതുവും വേഗം ഇറങ്ങി. അപ്പച്ചി മുന്നിലെ വാതിൽ പൂട്ടി താക്കോൽ ചെടിച്ചട്ടിയിൽ വെയ്ക്കുന്നത് കണ്ടു ഋതു ശബ്ദം അടക്കി സാരംഗിയോടു ചോദിച്ചു.

“ഞാൻ കരുതിയ പോലെ നിന്റെ പുന്നാര ചേട്ടൻ ഇവിടെ ഇല്ല അല്ലേ?? ”

“ഇല്ല…ചേച്ചിക്ക് എങ്ങനെ മനസ്സിലായി ചേട്ടൻ ഇവിടെ ഇല്ലെന്നു. രാവിലെ പുറത്തു എവിടെയോ പോയത് ആണ്.”

“ആഹ് അതോ….ഇവിടെ ഉണ്ടായിരുന്നു എങ്കിൽ രാവിലെ ഞാൻ എണീക്കുമ്പോൾ ശീർഷാസനം എന്നും പറഞ്ഞു ബാൽക്കണിയിൽ കാണാല്ലോ. അഞ്ചാറു വർഷം ആയിട്ടുള്ള ആ പതിവ് തെറ്റുന്നതു കക്ഷി ഇവിടെ ഇല്ലാത്തപ്പോൾ ആണല്ലോ. ”

സംസാരിച്ചും പറഞ്ഞും നാലുപേരും അമ്പലത്തിൽ പോയി മടങ്ങി വന്നു. വരുമ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും സാഗർ തിരിച്ചു വന്നു എന്നു ഋതുവിനു മനസിലായി. അകത്തു ചെല്ലുമ്പോൾ കണ്ടത് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന സാഗറിനെയാണ്.

“ഓഹ്….കണ്ടാമൃഗം രാവിലെ തന്നെ തീറ്റ തുടങ്ങിയോ. കുറച്ചു വെള്ളം കൂടി കുടിക്ക്. അല്ലേൽ ചെലപ്പോൾ തൊണ്ടയിൽ കുരുങ്ങി ചാവും. ”
ഋതു മനസ്സിൽ പറഞ്ഞു.

“നീ ഇതു രാവിലെ കുളിച്ചു ഒരുങ്ങി ഇതു എവിടെ പോയതാ..? ”

അപ്പച്ചിയുടെ ചോദ്യത്തിന് സാഗർ എന്തൊക്കെയോ മറുപടി പറയുന്നുണ്ട്. പക്ഷേ ഋതുവിന്റെ ഫുൾ കോൺസെൻട്രേഷൻ ടേബിളിനു മുകളിൽ ഇരിക്കുന്ന ചപ്പാത്തിയിലും തക്കാളിക്കറിയിലും ആയിരുന്നു. ലോകത്ത് അവൾക്കു ഏറ്റവും ഇഷ്ടം ഉള്ള പ്രാതൽ ആണ് അതു. ഋതു കഴിക്കാൻ ഇരുന്നതും സാഗർ അവളെ കളിയാക്കി കൊണ്ടു ഓരോന്ന് പറയാൻ തുടങ്ങി.

“നിന്റെ വീട്ടിൽ വെപ്പും കുടിയും ഒന്നും ഇല്ലേ… എന്നും രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കുമല്ലോ! ബർത്ത്ഡേ ആയിട്ട് എങ്കിലും സ്വന്തം വീട്ടിന്നു ആഹാരം കഴിച്ചൂടെ നിനക്ക്? ”

സാഗർ പറഞ്ഞത് കേട്ട് ഋതുവിന്റെ മുഖം വാടി. അവൾ ഡൈനിങ്ങ് ടേബിളിൽ നിന്നും എഴുന്നേക്കുന്നതു കണ്ടു ബാക്കി മൂന്നു പേരും സാഗറിനെ രൂക്ഷമായി നോക്കി. ഭക്ഷണം കഴിക്കാതെ ഋതു എഴുന്നേറ്റതു കണ്ടു അവനും ചെറിയ സങ്കടം തോന്നി.

“അപ്പച്ചി…ബർത്ത്ഡേ ആണെന്ന് പോലും ഓർക്കാതെ ഭക്ഷണത്തിന്റെ കാര്യത്തിൽ എന്നെ അപമാനിച്ച ഇവിടെ ഇരുന്നു ഞാൻ ഇന്നു ഒന്നും കഴിക്കില്ല.

അതോണ്ട് അപ്പച്ചി എല്ലാം ഒരു പാത്രത്തിൽ ആക്കി ഇങ്ങു എടുക്ക്.. ഞാൻ അപ്പുറത്തു പോയി ഇരുന്നു കഴിച്ചോളാം. പിന്നെ ശർക്കരക്കാപ്പി ആ ഫ്ലാസ്ക്കോടെ ഇങ്ങു തന്നേക്ക്…അങ്ങനെ എനിക്ക് ഉണ്ടാക്കുന്ന ശർക്കരക്കാപ്പി ഇവിടെ വേറെ ചിലർ കുടിക്കേണ്ട.”

ഋതുവിന്റെ സംസാരം കേട്ട് സാഗർ ചുമയ്ക്കാൻ തുടങ്ങി. മറ്റു മൂന്നുപേരും അടക്കി പിടിച്ചു ചിരിക്കുവായിരുന്നു.

“സാരു…. കുറച്ചു വെള്ളം എടുത്തു നിന്റെ ചേട്ടന് കൊടുക്ക്. അല്ലേൽ നാളത്തെ പത്രത്തിൽ വരും ആർത്തിമൂത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുവാവിനു ദാരുണാന്ത്യം എന്നു.”

ഋതുവിന്റെ സംസാരം കേട്ട് എല്ലാരും ചിരിച്ചു. സാഗർ മാത്രം അവളെ രൂക്ഷമായി നോക്കി. അവൾ ആകട്ടെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന രീതിയിൽ പുറത്തേക്ക് നോക്കി ഇരുന്നു.

“നിറം ഫിലിമിലെ കുഞ്ചാക്കോബോബന്റെ ഡയലോഗ് ഒക്കെ ആണ്. പക്ഷേ സ്വഭാവം ആണെങ്കിൽ വന്യജീവികളുടെയും” ഋതു മനസ്സിൽ പറഞ്ഞു.

******-*****-*****

വൈകുന്നേരം 5 മണിക്ക് ആയിരുന്നു കേക്ക് കട്ടിങ്.. കക്ഷി ജനിച്ചതു ഈ സമയത്തു ആണ്.ഫ്രണ്ട്സും ഫാമിലിയും മാത്രം ഉള്ള ഒരു കുഞ്ഞു ഫങ്ക്ഷൻ ആയിരുന്നു അത്. ഋതുവിന്റെ അടുത്ത 6 സുഹൃത്തുക്കൾ അപ്പച്ചിയുടെയും ധന്യയുടെയും മുഴുവൻ കുടുംബങ്ങൾ എന്നിവർ മാത്രം ആയിരുന്നു അതിഥികൾ.

നീല ഗൗണിൽ ഋതു അതീവ സുന്ദരിയായിരുന്നു… ആ നിറം അവൾക്ക് അത്രമേൽ ഇണങ്ങുന്നതായിരുന്നു. നെറ്റിയിലെ കുഞ്ഞിപ്പൊട്ടും കൺമഷിയും അവളുടെ ഭംഗി കൂട്ടി.

കൂട്ടുകാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ കേക്ക് കട്ട്‌ ചെയ്തു ഇരുപത്തിയൊന്നാം പിറന്നാൾ അവൾ മനോഹരമാക്കി തീർത്തു. ഋതുവിന്‌ നിറയെ സമ്മാനങ്ങളും നൽകി കുറച്ചു നേരത്തെ ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും മടങ്ങി. വീട്ടിൽ ഋതുവിന്റെയും സാഗറിന്റെയും കുടുംബങ്ങൾ മാത്രം ബാക്കിയായി.

ഇടയ്ക്ക് മുറിയിലേക്ക് പോകുമ്പോൾ ആണ് ബാൽക്കണിയിൽ സാഗർ എന്തോ ചിന്തിച്ചു നിൽക്കുന്നത് കണ്ടത്. ഒന്നു പേടിപ്പിക്കാൻ പതുങ്ങി പതുങ്ങി ഋതു അടുത്ത് എത്തിയെങ്കിലും അപ്പോഴേക്കും അവൻ അവളെ കണ്ടിരുന്നു. അവളെ ഒന്നു ദേഷ്യം പിടിപ്പിക്കാനായി സാഗർ ചോദിച്ചു.

“ഈ ഫ്രോക്ക് ഒക്കെ ഇട്ടു എവിടെ പോകുവാ കിളിക്കുഞ്ഞു?? ”

“ഇതു ഫ്രോക്ക് അല്ല… ഗൗൺ ആണ്. ഇത്രയും പ്രായം ആയിട്ടും ഗൗണും ഫ്രോക്കും തിരിച്ചു അറിയാൻ പറ്റില്ലേ തനിക്കു?? ”

“ഏതു ഗൗൺ ആണേലും നിന്റെ അളവിന് വരുമ്പോൾ അതു ഫ്രോക്ക് ആകുമല്ലോ? അല്ല എവിടുന്ന് ഒപ്പിച്ചു നിന്റെ അളവിന് ഈ സാധനം?? ”

“എനിക്ക് എന്റെ ചേട്ടൻ വാങ്ങി തന്നു…ബർത്ത്ഡേക്കുട്ടിക്ക് ഗിഫ്റ്റ് പോലും ഇല്ലാതെ വന്നതും പോരാ നിന്നു ഡയലോഗ് അടിക്കുന്നോ?? ”

“ആരാ പറഞ്ഞത് ഞാൻ ഗിഫ്റ്റ് തന്നില്ലാന്നു… അതല്ലേ ഇപ്പോൾ നീ……”

“എനിക്ക് ഇയാളുടെ ഒരു ഗിഫ്റ്റും കിട്ടിയില്ല. ഒന്നും തന്നതും ഇല്ല കള്ളം പറയുന്നോ? ”

സാഗറിനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഋതു ഇടയ്ക്കു കയറി പറഞ്ഞു.

“തന്നില്ല എങ്കിൽ എന്താ…. ഇപ്പോൾ താരല്ലോ… ദ പിടിച്ചോ നിന്റെ ഗിഫ്റ്റ്. ഹാപ്പി ബർത്ത്ഡേ കിളിക്കുഞ്ഞേ. ”

സാഗർ കൊടുത്ത കുഞ്ഞു ഗിഫ്റ്റ് ബോക്സ്‌ അൽപ്പം സംശയത്തോടെ ഋതു വാങ്ങി… കാരണം ആദ്യമായി ആണ് അവൻ അവൾക്കു ഒരു ഗിഫ്റ്റ് കൊടുക്കുന്നത്. ഗിഫ്റ്റ് ബോക്സ്‌ തുറന്നു അതിനുള്ളിലെ സമ്മാനം കണ്ടതും ഋതുവിന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവൾ ഒന്നും പറയാതെ അവിടെ നിന്നും ഓടി പോയി.

പുറകിൽ നിന്നും കിളിക്കുഞ്ഞേ എന്നുള്ള സാഗറിന്റെ വിളി കേട്ടു എങ്കിലും അവൾ തിരിഞ്ഞു നിൽക്കാൻ കൂട്ടാക്കിയില്ല…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

Share this story