ശ്രാവണം- ഭാഗം 23

ശ്രാവണം- ഭാഗം 23

സജ്ന അമ്പരന്ന് നിന്നു … ജിഷ്ണുവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവമായിരുന്നു … ” കയറിവാ ജിഷ്ണു …….” സജ്ന വിളിച്ചു .. ” ഗണേശ് ?” അവൻ ചോദ്യഭാവത്തിൽ നോക്കി .. ” എഴുന്നേറ്റില്ല …….” ” വിളിക്കവനെ ……” വാതിൽപ്പടിയിൽ കൈ താങ്ങി ജിഷ്ണു നിന്നു …. സജ്ന അവനെ നോക്കിയിട്ട് ,വേഗം അകത്തേക്ക് നടന്നു … അവൾ തിരിച്ചു വരുമ്പോൾ ജിഷ്ണു സിറ്റൗട്ടിലെ ചെയറിൽ തല കുനിച്ച് ഇരിക്കുകയാണ് … കൈവിരലുകൾ മുടിയിഴകൾക്കിടയിൽ കടത്തി പിന്നി വലിക്കുന്നു… സജ്ന അത് നോക്കി വാതിൽക്കൽ തന്നെ നിന്നു ..

ഷർട്ടിന്റെ ബട്ടനുകൾ ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി വരുന്ന ഗണേശിനെ പരിഭ്രമത്തോടെ സജ്ന നോക്കി … കിച്ചണിൽ പോയി രണ്ട് ചായ എടുക്കാൻ അവൻ സജ്നയോട് ആംഗ്യത്തിൽ പറഞ്ഞു … അവൾ ജിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് കിച്ചണിലേക്ക് പോയി .. ” ജിഷ്ണൂ ……” ഗണേശ് സിറ്റൗട്ടിലേക്ക് കടക്കവെ വിളിച്ചു … അവൻ മുഖം വലിച്ചുയർത്തി … ഒരു പ്രത്യേക ഭാവത്തിൽ ഗണേശിനെ നോക്കി .. അവന്റെ മുഖം കണ്ടപ്പോൾ ഗണേശിന് ഒരു ഭയം തോന്നാതിരുന്നില്ല … എങ്കിലും അത് മറച്ചുകൊണ്ട് അവൻ ജിഷ്ണുവിനെ നേരിട്ടു … “

എന്താടാ … എന്താ പ്രശ്നം …..” അവൻ പെട്ടന്ന് ,ചെയർ പിന്നിലേക്ക് തള്ളി ചാടി എഴുന്നേറ്റു … ” എനിക്ക് ഓർമ വന്നു … നീലിമ എന്റെ ആരായിരുന്നുവെന്നും ഞാനവൾക്ക് ആരായിരുന്നു എന്നും …..” അവന്റെ ശബ്ദം വല്ലാതെ നനഞ്ഞു പോയി … ഗണേഷ് നടുങ്ങി വിറച്ച് നിന്നു … ” ജിഷ്ണു ……” അവൻ വാക്കുകൾക്കായി പരതി … ” വേണ്ട …. ഒരു വാക്ക് … ഒരു വാക്ക് നിനക്കെപ്പോഴെങ്കിലും എന്നോട് പറയാമായിരുന്നില്ലെ …. നിങ്ങൾക്കാർക്കെങ്കിലും … ” അവൻ ഭ്രാന്തനെപ്പോലെ അലറി .. ഗണേശ് മുഖം കുനിച്ചു … ”

എന്റെ വിവാഹത്തിന് മുൻപ് എപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ , ഞാനൊരു വിവാഹം കഴിച്ചതായിരുന്നു എന്ന്… എനിക്കൊരു ഭാര്യയുണ്ടായിരുന്നു എന്ന് … ” ഹാളിലേക്ക് ചായയുമായി വന്ന സജ്ന ജിഷ്ണുവിന്റെ വാക്കുകൾ കേട്ട് സ്തംബ്ധയായി നിന്നു … റബ്ബേ………! അവൾ ഉള്ളാലെ വിളിച്ചു … ” എന്താടാ ഒന്നും മിണ്ടാത്തത് … നിന്റെ നാവിറങ്ങി പോയോ …..?” ജിഷ്ണു ഗണേഷിന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു .. ” വിടടാ …… ” ഗണേശ് അവന്റെ കൈ വലിച്ചെറിഞ്ഞു … ” നിന്നെ സംബന്ധിച്ച് അതൊരു അടഞ്ഞ അദ്ധ്യായമായിരുന്നു ..

അത് കൊണ്ട് പറഞ്ഞില്ല .. പഴയ നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല .. ആ ജിഷ്ണുവിനെ ഇനിയും കാണാൻ വയ്യാത്തത് കൊണ്ട് പറഞ്ഞില്ല ….. അത്ര തന്നെ.. ” ” നോ ….. നോ …. ന്യായീകരിക്കരുത് … ഈ ചെയ്തതിന് ഒറ്റ വാക്കേയുള്ളു … ചതി … കൊടും ചതി …..” അവൻ ഗണേഷ് നു നേരെ വിരൽ ചൂണ്ടി … ” എന്ത് ചതി .. നിന്നെ കാത്ത് അവളിരുപ്പുണ്ടോ .. ഓർമയുണ്ടോ നിനക്ക് പഴയതെല്ലാം …. എങ്ങനെ നീയാ ആക്സിഡന്റ് വരെ എത്തിയെന്ന് നീ ഓർത്തെടുത്തോ ….?” ഗണേഷ് അവനെ നോക്കി പരിഹസിക്കും പോലെ ചോദിച്ചു …

ജിഷ്ണു വല്ലാതെ ഗണേഷിനെ നോക്കി .. അവന്റെ കണ്ണുകൾ തുരുതുരെ ചിമ്മിയടഞ്ഞു … ഇനിയുമെന്തൊക്കെയോ ഓർക്കാൻ ബാക്കിയുണ്ടെന്ന പോലെ … ” എന്റെ പെണ്ണ് എവിടെ ….?” ജിഷ്ണുവിന്റെ ശബ്ദം കല്ല് പോലെ ഉറച്ചതായിരുന്നു … ” ശ്രാവന്തി നിന്റെ വീട്ടിൽ കാണും…… ” ഗണേഷ് കൂസാതെ പറഞ്ഞു … ജിഷ്ണുവിന്റെ മുഖം ചുവന്നു …. ” ഇനിയുമെന്നെ വിഢ്ഡിയാക്കരുത് ഗണേഷ് … എന്റെ നിയന്ത്രണം വിട്ട് നിൽക്കാ …..” ” അപ്പോ എന്റെ ഊഹം ശരി തന്നെ … നീയെല്ലാം ഓർത്തെടുത്തിട്ടില്ല … ആദ്യം നീ സംഭവിച്ചതെല്ലാം ഓർത്തെടുക്ക് …..” ” ഗണേഷ് നീ പറയുന്നുണ്ടോ …..”

ജിഷ്ണു അടുത്ത് കിടന്ന ചെയറിൽ ആഞ്ഞ് തൊഴിച്ചു … ” പറയാനെനിക്ക് മനസില്ല .. നീ തന്നെ സംഭച്ചതെല്ലാം പൊടി തട്ടിയെടുക്ക് … ഓർമിക്കാൻ ഞാൻ നിനക്കൊരു മരുന്ന് തരാം ….” അത്രയും പറഞ്ഞിട്ട് ഗണേശ് അകത്തേക്ക് പോയി … കൈയിൽ ഫോണുമായിട്ടാണ് തിരികെ വന്നത് …. ഫോണിലെന്തോ തിരഞ്ഞ് അവൻ ജിഷ്ണുവിന്റെ നേർക്ക് പിടിച്ചു കൊടുത്തു …. ” ഓർമയുണ്ടോ …….?” ജിഷ്ണു അതിലേക്ക് നോക്കി … അവന്റെ കലങ്ങിയ കണ്ണുകളിലെ തിരയിളക്കം ഗണേഷ് കണ്ടു … ജിഷ്ണുവിന് തന്റെ തല പൊട്ടിപ്പിളരുന്ന പോലെ തോന്നി …

തലയോട്ടിയിലാരോ കൂടം കൊണ്ടടിക്കുന്ന പോലെ .. ആയിരം നരിച്ചീറുകൾ ഒരുമിച്ച് വന്ന് തന്റെ തലച്ചോർ കൊത്തിപ്പറിക്കുന്ന പോലെ … അവന്റെ ഓർമകളുടെ സഞ്ചാരം പിറകിലേക്ക് കുതിച്ചു പാഞ്ഞു…. * * * * * * * * * * * * * * * * ” ജീഷ്ണു…. മീറ്റ് മിസ്.നീലിമ പി നായർ .. പ്രോജക്ട് വർക്കിനു വേണ്ടി വന്ന കുട്ടിയാണ് … സീ , നീലിമ മാത്രേയുള്ളു .. അവൾടെ കൂടെയുള്ളവരൊക്കെ പ്രോജക്ട് കഴിഞ്ഞു പോയി … ഇവളൊരു ആക്സിഡന്റ് പറ്റി റെസ്റ്റിലായിരുന്നു .. ജിഷ്ണുവിന്റെ ടീമിലാ .. ഒന്ന് ശ്രദ്ധിച്ചോണം ..

ഹെൽപ്പ് ചെയ്യണം .. നമ്മുടെ വൈശാഖ് സർ ന്റെ സിസ്റ്റർ ഇൻ ലോയാണ്….. സർ ന്റെ പ്രത്യേക റെക്കമെന്റേഷനുണ്ട് ജിഷ്ണുവിനെ തന്നെ ഏൽപ്പിക്കണമെന്ന് .” ഒരു എനർജി പ്രോജക്ടിന്റെ അവസാന വട്ട തിരക്കുകളിലായിരുന്ന ജിഷ്ണുവിന്റെ അടുത്തേക്ക് മേഘ്ന , നീലിമയെ കൂട്ടി വന്നു കൊണ്ട് പറഞ്ഞു .. നീലിമ … ആദ്യനോട്ടത്തിൽ തന്നെ അവളുടെ വെള്ളാരം കണ്ണുകളും , നേർത്ത വര പോലെയുള്ള വയലറ്റ് ചുണ്ടുകളും ജിഷ്ണുവിനെ ആകർഷിച്ചു … താൻ പൂർത്തിയാക്കി കൊണ്ടിരുന്ന പ്രോജക്റ്റിൽ ,

വളരെ വൈസായൊരു സജഷൻ തന്നു കൊണ്ടാണ് ആദ്യ ദിവസം തന്നെ തന്റെ ശ്രദ്ധയവൾ പിടിച്ചു പറ്റിയത് … ഒരു സ്റ്റുഡന്റ് എന്നതിനപ്പുറത്തേക്ക് , ജിഷ്ണുവിന് അവളോടൊരു അടുപ്പം തോന്നാൻ അധിക സമയം വേണ്ടി വന്നില്ല .. ആ ദിവസങ്ങൾ അവനേറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു .. മനസിലെ ഇഷ്ടം പറയാൻ വയ്യ .. തന്റെ എംഡി യുടെ സിസ്റ്ററിൻലോ .. ആ കുട്ടിക്ക് അതിഷ്ടമായില്ലെങ്കിൽ , എങ്ങാനും മുകളിലേക്ക് കംപ്ലയിന്റ് പോയാൽ തന്റെ കഥ കഴിഞ്ഞു …

ഒരു ദിവസം അവൻ കണ്ടത് കമ്പ്യൂട്ടറിൽ നോക്കിയിരുന്ന് കണ്ണു തുടയ്ക്കുന്ന നീലിമയെ ആണ് … ആദ്യം കരുതിയത് കണ്ണിനെന്തെങ്കിലും പ്രശ്നമുണ്ടാവും എന്നായിരുന്നു … പക്ഷെ പിന്നെ തോന്നി … അതങ്ങനെയല്ല … അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന് … അവനടുത്ത് ചെന്ന് കാര്യമന്വേഷിച്ചു .. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് അവൾ പറഞ്ഞു .. നാളെ കഴിഞ്ഞ് അവളുടെ പ്രോജക്ട് തീർന്ന് പോവുകയാണെന്ന് … ഇത്രയും ദിവസം, ഇവിടെ അവൾക്കേറെ പ്രിയപ്പെട്ടതായിരുന്നെന്ന് ..

ഇവിടെയുള്ളവരെ വിട്ട് പോകാൻ വയ്യെന്ന് … അപ്പോഴും അവർക്കിടയിൽ പറയാത്തതായി എന്തോ ഒന്ന് ബാക്കി നിന്നു … ജിഷ്ണുവിന്റെ നെഞ്ചിലും ഒരു ഭാരം അനുഭവപ്പെട്ടു .. നാളെ കഴിഞ്ഞ് അവൾ വരില്ലെന്നത് അവനെ വല്ലാതെ മുറിപ്പെടുത്തി കൊണ്ടിരുന്നു .. ഓഫീസിലെ അവൾക്ക് അടുപ്പമുള്ള സ്റ്റാഫുകൾക്ക് അവളെന്തൊക്കെയോ കുഞ്ഞു കുഞ്ഞു ഗിഫ്റ്റുകൾ സമ്മാനിച്ചു .. ” ഇത്രയും ദിവസം ഹെൽപ്പ് ചെയ്തതിന് എനിക്ക് ഗിഫ്റ്റൊന്നുമില്ലേ … ” ക്യാബിനിൽ , റെക്കോർഡ്സ് സൈൻ ചെയ്യിക്കാൻ വന്നപ്പോൾ തമാശ രൂപേണേ ജിഷ്ണു ചോദിച്ചു ..

അവളതിന് മറുപടി നൽകിയത് അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ കൊണ്ടാണ് .. റെക്കോർഡ്സ് എടുത്ത് , ക്യാബിനു പുറത്തേക്ക് നടന്നിട്ട് ഗ്ലാസ് ഡോറിനരികിൽ നിന്ന് അവളൊരിക്കൽ കൂടി തിരിഞ്ഞു നോക്കി .. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .. അതുവരെയുള്ള അവളുടെ കണ്ണീർ തനിക്കുള്ളതായിരുന്നെന്ന് ആ നിമിഷം ജിഷ്ണുവിന് മനസിലായി .. അവന്റെ സന്തോഷം ഉന്നതങ്ങളിലായിരുന്നു ..

അന്ന് വൈകുന്നേരം , പുറത്തു വച്ചു സംസാരിക്കാൻ വരുമോ എന്ന അവന്റെ ചോദ്യത്തിന് , ഒരു പാട് നാളായി ആ വിളിക്ക് കാതോർത്തിരിക്കുന്ന പെണ്ണിന്റെ മുഖത്തെ സന്തോഷമായിരുന്നു മറുപടി .. പരസ്പരം മനസു തുറന്ന് തങ്ങളുടെ ഇഷ്ടം പങ്കിട്ടു കൊണ്ടാണ് അന്നവർ പിരിഞ്ഞത് .. അവൾ ഓഫീസിൽ നിന്ന് സന്തോഷത്തോടെയാണ് യാത്രയായതും .. അവൾ പോയിയെങ്കിലും അവർക്കിടയിലെ ബന്ധം ദൃഢമായിരുന്നു .. എല്ലാ ദിവസവും വിളിക്കും … വീക്കെന്റുകളിൽ തമ്മിൽ കാണും …

അവളുടെ കോഴ്സ് കംപ്ലീറ്റായി കഴിഞ്ഞ് , വൈശാഖ് സാറിന്റെ ചരടു വലിയിൽ വൈകാതെ തന്നെ അവൾ തിരിച്ച് ഓഫീസിലേക്ക് വന്നു … അധികമാരുമറിയാതെ അവരുടെ പ്രണയം തളിർത്തു കൊണ്ടിരുന്നു … വൈശാഖ് സർ പ്രമോഷനോട് കൂടി , വിദേശത്തേക്ക് പോയതോടെയാണ് അവർക്കിടയിലെ പ്രണയം പരസ്യമായത് .. പിന്നീട് അവരുടെ ദിവസങ്ങളായിരുന്നു … പക്ഷെ വളരെ പെട്ടന്ന് തന്നെ നീലിമയുടെ വീട്ടിൽ വിഷയമറിഞ്ഞു .. സാമ്പത്തികമായി ജിഷ്ണുവിനേക്കാൾ ഒരു പാട് ഉയർന്ന കുടുംബത്തിലേതായിരുന്നു നീലിമ …

രണ്ട് സർക്കാരുദ്യോഗസ്ഥരുടെ , എഞ്ചിനിയറായ മകന് അവളെ വിവാഹം ചെയ്ത് കൊടുക്കാൻ പരമ്പരാഗത ബിസിനസ് കുടുംബമായ നീലിമയുടെ കുടുംബത്തിന് സമ്മതമല്ലായിരുന്നു .. അവർ എതിർത്തു .. കമ്പനിയിൽ നിന്ന് നീലിമയെ റിസൈൻ ചെയ്യിച്ചു … അവളെയൊന്ന് കോൺടാക്ട് ചെയ്യാൻ പോലുമാകാതെ ജിഷ്ണുവിന് പിൻവാങ്ങേണ്ടി വന്നു … പക്ഷെ ഒരു ദിവസം സന്ധ്യക്ക് , ഒരു ബാഗുമായി അവൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് അവൾ കയറി വന്നു … ഇനിയൊരു മടക്കമില്ലെന്ന് അവനെ ചുറ്റിപ്പിടിച്ച് അവൾ പറഞ്ഞു …

പിറ്റേന്ന് തന്നെ സുഹൃത്തുക്കൾ ചേർന്ന് , രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്തി … നീലിമയൊത്തുള്ള ജിഷ്ണുവിന്റെ ആദ്യരാത്രി ഗണേഷിന്റെ വീട്ടിൽ വച്ചായിരുന്നു .. തൊട്ടടുത്ത് റെന്റിന് കൊടുക്കുന്ന വീടിന്റെ മുകൾ നില , ഗണേഷ് തന്നെയാണ് ജിഷ്ണുവിന് റെഡിയാക്കി കൊടുത്തത് .. ജിഷ്ണുവിന്റെ വീട്ടിൽ വിവരങ്ങൾ അറിയിക്കുക എന്നതായിരുന്നു മറ്റൊരു കടമ്പ .. ഒരു പ്രണയമായിരുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ലാതെ വീട്ടിൽ അവതരിപ്പിക്കാമായിരുന്നു ..

ഇതിപ്പോ വിവാഹം കഴിഞ്ഞിട്ട് ചെന്നാൽ അമ്മയും അച്ഛനും ആട്ടിയിറക്കി വിടും .. സാവധാനം വീട്ടിൽ അവതരിപ്പിക്കാമെന്ന് അവർ തീരുമാനമെടുത്തു … എന്താവശ്യത്തിനും ഒരു കൈയ്യകലത്തിൽ പരിചാരകരുള്ള സുഖലോലുപമായ ജീവിതത്തിൽ നിന്നും , വാടക വീടിന്റെ ഒറ്റ നിലയിൽ , ഒരാളുടെ മാത്രം അഞ്ചക്ക ശമ്പളത്തിലൊതുങ്ങിയ ജീവിതത്തിലേക്ക് പറിച്ചു നടുകയായിരുന്നു നീലിമയുടെ ജീവിതം …

ആദ്യമൊക്കെ അതൊരു ആവേശമായിരുന്നുവെങ്കിലും പിന്നെ പിന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങി .. ജിഷ്ണുവിനൊപ്പം കമ്പനിയിൽ തിരിച്ചു കയറാൻ അവൾ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി .. വൈശാഖ് കമ്പനിയിലില്ലെങ്കിലും അയാളുടെ അവിടുത്തെ ഹോൾഡ് വലുതായിരുന്നു … നീലിമക്ക് കമ്പനിയിൽ തിരിച്ചു കയറാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല , ജിഷ്ണുവിന് ജോലി സംബന്ധമായ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു …

അതിനിടയിൽ കുറേ ശ്രമിച്ചതിന്റെ ഭലമായി ടെക്നോയിലെ മറ്റൊരു കമ്പനിയിൽ നീലിമ കയറി … തട്ടിയും മുട്ടിയും മൂന്നു മാസം കഴിച്ചു കൂട്ടി … ജിഷ്ണുവിന്റെ കമ്പനിയിലെ പ്രശ്നങ്ങൾ അവനെ വല്ലാതെ ഉലച്ചിരുന്നു … ആ മാസം അവന്റെ സാലറി തന്നെ തടഞ്ഞു വച്ചു … നീലിമയാഗ്രഹിച്ചത് പോലെ വീക്കെന്റുകൾ യാത്ര ചെയ്ത് തീർക്കാനും , രാത്രികളിൽ ബൈക്കിൽ ആർത്തുല്ലസിച്ചു നടക്കാനുമൊന്നും കഴിഞ്ഞില്ല … ഓഫീസ് വീട് , വീട് ഓഫീസ് അതിലേക്ക് ചുരുങ്ങിയിരുന്നു അവരുടെ ജീവിതം ..

ആ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ജിഷ്ണു .. അവനാകെ തകർന്നു പോയിരുന്നു … അതിനിടയിൽ അവളുടെ പിടിവാശികൾ അവൻ അവഗണിച്ചു … അവർക്കിടയിലെ വഴക്ക് തീർക്കുന്നത് ഗണേഷും സജ്നയുമായിരുന്നു … പതിയെ പതിയെ , പരാതികളുമായി ഗണേഷിന്റെയും സജ്നയുടെയും അടുത്തേക്കുള്ള നീലിമയുടെ വരവുകൾ നിലച്ചു … ജിഷ്ണുവും നീലിമയും .. ഒരേ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി ചടങ്ങു പോലെ ജീവിതം മുന്നോട്ടു നീക്കി … പിന്നെയും ഒന്നര മാസം കൂടി കടന്നു പോയി …

അന്ന് ആ ദിവസം … അവന് ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു .. തടഞ്ഞുവച്ച സാലറി റിലീസ് ചെയ്തു കിട്ടി , ആ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്തു … സുഹൃത്ത് വഴി മറ്റൊരു കമ്പനിയിലേക്ക് ഉള്ള മാറ്റം ഏതാണ്ട് ഉറപ്പ് തന്നെയായിരുന്നു .. പേപ്പറുകൾ ശരിയാകാനുള്ള താമസമേയുള്ളു … സന്തോഷത്തോടെ അന്നവൻ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു .. ” ഇനി വേണം എനിക്ക് ജീവിച്ചു തുടങ്ങാൻ .. പാവം എന്റെ നീലു .. അവൾ ഞാൻ കാരണം ഒരുപാട് വിഷമിക്കുന്നുണ്ട് …

കഴിഞ്ഞതൊക്കെ കഴിഞ്ഞു .. ഇനി അവളെയെനിക്ക് പൊന്നു പോലെ നോക്കണം .. അവളാഗ്രഹിച്ചിരുന്ന പോലെ .. കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളേ അവൾക്കുള്ളു .. അതെല്ലാം നടത്തിക്കൊടുക്കണം .. ഞാനിപ്പോ വീട്ടിലേക്ക് പോകുവാ .. വൈകിട്ട് എന്റെ വീട്ടിലാ ഡിന്നർ … എല്ലാവരും വന്നോണം .. പിന്നെ നീലുവിനെ കണ്ടാൽ ഒന്നും പറയണ്ട .. അവളോട് പറയാതെയാ ഞാൻ പോകുന്നേ ..അവള് വരുമ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ … ” അവൻ സന്തോഷത്തോടെ പറഞ്ഞു …

പാർട്ടിക്കുള്ള സാധനങ്ങളെല്ലാം വാങ്ങി , ഡിന്നറിനുള്ള ഫ്രൈഡ് റൈസിനും ചിക്കനും ആവശ്യമായ സാധനങ്ങൾ , ഷാംപെയ്നുകൾ , കേക്ക് .. എല്ലാം വാങ്ങി അവൻ വീട്ടിലേക്ക് ചെന്നു .. സ്പെയർ കീ ഉപയോഗിച്ച് ,ഡോർ തുറന്ന് അകത്തു കയറിയ അവന്റെ നോട്ടം തന്റെ ബെഡ് റൂമിലെ പാതി ചാരിയ വാതിൽക്കലേക്കാണ് നീണ്ടു പോയത് .. അവനെ നടുക്കിക്കൊണ്ട് അവിടെ നിന്നുയർന്ന സീൽക്കാരങ്ങൾ .. പാതിയടഞ്ഞ വാതിലിനിടയിലൂടെ , തമ്മിൽ പിണഞ്ഞു കിടക്കുന്ന നാല് നഗ്നമായ കാലുകൾ അവൻ കണ്ടു …

കൈയ്യിലിരുന്ന കിറ്റുകൾ നിലംപതിച്ചു … ഓഫീസിൽ നിന്നെത്തിയ പാടെ വൈകിട്ടത്തെ ഡിന്നറിന് വേണ്ടി , സഹായിക്കാൻ സജ്നയും ഗണേഷും ജിഷ്ണുവിന്റെ വീട്ടിലേക്ക് ചെന്നു … തുറന്നു കിടന്ന വാതിലിലൂടെ അകത്ത് ചെന്നവർ കണ്ടത് , തന്റെ ബെഡ് റൂമിന്റെ അടഞ്ഞ വാതിലിനു മുന്നിൽ , നിലത്ത് എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന ജിഷ്ണുവിനെയാണ് … തൊട്ടു മുന്നിൽ അരിയും ചിക്കനും വെജിറ്റബിൾസും കേക്കുമെല്ലാം ചിതറി കിടപ്പുണ്ട് … ” എന്താടാ ……” ഗണേഷിന്റെ ചോദ്യത്തിന് കൈയ്യിൽ മുറുക്കി പിടിച്ചിരുന്ന കീ അവൻ നിലത്തേക്കെറിഞ്ഞു …

ജിഷ്ണുവിനെ പിടിച്ചു മാറ്റി , കീയെടുത്ത് റൂം തുറന്ന ഗണേഷും സജ്നയും കണ്ടത് നീലിമയെയും അവൾക്കൊപ്പം മറ്റൊരു ചെറുപ്പക്കാരനേയുമാണ് ….. അവളുടെ കമ്പനിയിലെ സിഇഒ .. അവന്റെ മുഖം ഒരു പ്രകമ്പനത്തോടെ ജിഷ്ണു വീണ്ടും വീണ്ടും ഗണേഷിന്റെ കൈയിലിരുന്ന ഫോൺ സ്ക്രീനിൽ കണ്ടു … അന്ന് തടയാൻ ശ്രമിച്ച ഗണേഷിനെ തള്ളി മാറ്റി , ബൈക്കെടുത്തു പോയി മൂക്കു മുട്ടെ കുടിച്ചു … ജീവിതത്തിലാദ്യമായി .. ബാറിൽ നിന്നിറങ്ങി , ലക്ഷ്യമില്ലാതെ ബൈക്കോടിച്ചു , റോഡിലെ ഡിവൈഡറിൽ ഇടിച്ച് തെന്നി തെറിച്ച് മൂന്നോ നാലോ മലക്കം മറിഞ്ഞ് ബൈക്കും അവനും റോഡിന്റെ രണ്ടറ്റങ്ങളിലായി വീണു ..

ആശുപത്രിയിൽ നിന്ന് സ്വബോധത്തിലേക്ക് വരുമ്പോൾ പഴയ ഓർമകളൊന്നും അവനില്ലായിരുന്നു .. ജിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി … ഗണേഷ് അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം തോളിൽ സ്പർശിച്ചു .. ഒരു ഫയൽ അവന്റെ നേരെ നീട്ടി .. ജിഷ്ണു ഗണേഷിനെ നോക്കി … ” ദാ … നിന്റെ വിവാഹം നടന്നതിന്റെ പേപ്പറുകളാണ് … ആറ് മാസത്തെ വാലിഡിറ്റിയേ വിവാഹത്തിനുണ്ടായിരുന്നുള്ളു … തുടർന്ന് അത് നിലനിർത്താനുള്ളതൊന്നും നിങ്ങൾ ചെയ്തിരുന്നില്ലല്ലോ … ഇന്നിത് വെറും കടലാസുകളാണ് … വെറും കടലാസ് ..

ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന് തിരിച്ചു വന്ന നിന്നോട് ഇതൊന്നും പറയാൻ ഞങ്ങൾക്ക് ഒരു താത്പര്യവുമില്ലായ്രുന്നു … വേണ്ടാ എന്ന് ഞങ്ങൾ സുഹൃത്തുക്കൾ തന്നെ എടുത്ത തീരുമാനമാണ് … നിന്റെ വീട്ടിലും അറിയിച്ചില്ല …. ” ” അവളിപ്പോ …? ” ജിഷ്ണു ചോദിച്ചു .. ” അവളെ അവളുടെ വീട്ടുകാര് വന്ന് കൊണ്ടുപോയി … ഇപ്പോ വിവാഹമുറപ്പിച്ചിരിക്കുവാ …” ജിഷ്ണു ഗണേഷിന്റെ മുഖത്തേക്ക് നോക്കി .. ” ഇവിടുന്ന് പോയേ പിന്നെ , പൂനൈയിലോ മറ്റോ ബന്ധുവിന്റെ അടുത്തായിരുന്നു .. ഇപ്പഴാ തിരിച്ചു വന്നത് ..

അവരുടെ കമ്പനിയിലെ പുതിയ യങ് ആൻഡ് എലിജിബിൾ ആയ ബിസിനസ് ഓർഗനൈസറുമായിട്ട് .. അവരുടെ ബിസിനസിന്റെ നട്ടെല്ല് തന്നെ ആ ചെറുപ്പക്കാരനാ .. ഇപ്പോ ഗൾഫിലോ മറ്റോ രണ്ട് ഷോറൂമുകൂടി തുറക്കാൻ പോകുന്നെന്ന് കേട്ടു .. അടുത്ത മാസമോ മറ്റോ ആണ് വിവാഹം … ” ജിഷ്ണു മിണ്ടാതിരുന്നു … ” നീയതൊക്കെ മറന്നേക്ക് .. ഒരിക്കലും നീ തിരിച്ചു പിടിക്കരുതെന്ന് ഞാനാഗ്രഹിച്ച കാര്യങ്ങളാ ഇതൊക്കെ ….” ജിഷ്ണു ചെയറിലേക്ക് ചാരിക്കിടന്നു … ” ജിഷ്ണു … നീ ശ്രാവന്തിയെ വിളിക്ക് … ഇന്നലെയും ,

ദാ ഇപ്പോഴും ആ കുട്ടി എന്നെ വിളിച്ചു നീ ഇവിടെ വന്നോന്നറിയാൻ … ഞാൻ ഇല്ലന്നാ പറഞ്ഞെ .. നീ തന്നെ വിളിച്ച് അവളെ സമാധാനിപ്പിക്ക് .. അതിനെ സങ്കടപ്പെടുത്തരുത് .. ഒരീശ്വരന്മാരും പൊറുക്കില്ല നിന്നോട് .. അത്ര വലിയൊരു ചതി അതിനോട് ഇപ്പോ തന്നെ ചെയ്തിട്ടുണ്ട് … ” സജ്ന പറഞ്ഞു .. ജിഷ്ണുവിന്റെ നെഞ്ച് നീറി … ശ്രാവന്തിയുടെ നിറഞ്ഞ കണ്ണുകൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു … അവൻ ഫോണെടുത്തു കൊണ്ട് എഴുന്നേറ്റു …

ഗണേഷിന്റെ വീട്ടിൽ നിന്ന് ഫ്രഷായി വൈകുന്നേരത്തോടെയാണ് ജിഷ്ണു തിരുവനന്തപുരത്തു നിന്ന് തിരിച്ചത് .. ശ്രാവന്തിയോട് കഴിഞ്ഞതൊന്നും പറയണ്ട എന്നായിരുന്നു ഗണേഷും സജ്നയും ഉപദേശിച്ചത് … നീലിമ എന്ന അദ്ധ്യായം തന്നെ അടഞ്ഞതാണ് … ഇത് ജിഷ്ണു ജയചന്ദ്രന്റെ രണ്ടാം ജന്മം .. ശ്രാവന്തിയുടെ ഭർത്താവായ ജിഷ്ണു … രാത്രിയോടെ ജിഷ്ണുവിന്റെ കാർ ഗേറ്റ് കടന്ന് വന്നു … സിറ്റൗട്ടിൽ തന്നെ ശ്രാവന്തി ഉണ്ടായിരുന്നു … അവളുടെ മുഖം മ്ലാനമായിരുന്നു .. തന്നോടുള്ള പരിഭവം അവനാ കണ്ണുകളിൽ കണ്ടു … “

നീയിതെന്ത് പോക്കാടാ പോയത് …. ഈ കൊച്ച് എന്ത് മാത്രം കരഞ്ഞു … ” ലതികയും ജയചന്ദ്രനും അവനെ വളഞ്ഞു .. അവരോടെന്തൊക്കെയോ പറഞ്ഞു അവൻ ശ്രാവന്തിയേയും കൂട്ടി തടിതപ്പി .. റൂമിലെത്തിയിട്ടും ശ്രാവന്തി ഒന്നും മിണ്ടിയില്ല … ജിഷ്ണു ഡോർ അടച്ചിട്ട് അവളുടെ അടുത്ത് വന്നു .. കണ്ണുകൾ നിറഞ്ഞു തുളുമ്പിയെങ്കിലും അവളവനെ നോക്കാതെ മുഖം തിരിച്ചു … ജിഷ്ണു അവളുടെ താടി തുമ്പിൽ തൊട്ടു … “

വേണ്ട … ” അവൾ അവന്റെ കൈയെടുത്തു മാറ്റിയതോടൊപ്പം ഏങ്ങി കരഞ്ഞു … ” പഴയ ജിഷ്ണുവേട്ടനല്ല രണ്ട് ദിവസമായിട്ട് എന്റെ മുന്നിൽ … എനിക്കുറപ്പാ … ട്രിവൻട്രത്ത് പോയേപ്പിന്നെ ജിഷ്ണുവേട്ടൻ ഒരു പാട് മാറി .. പറ എന്നോട് എന്താന്ന് …. പറ …..” അവൾ പൊട്ടിക്കരഞ്ഞു … അവൻ പെട്ടന്ന് അവളെ കെട്ടിപ്പിടിച്ചു .. പിന്നെ ആ നെറ്റിയിലും കവിളിലും മുഖത്തുമെല്ലാം തുരു തുരെ ചുംബിച്ചു … ” നിന്റെ ജിഷ്ണുവേട്ടൻ തന്നെയാ ഇത് … നിന്റെ മാത്രം … ” അവൻ അവളുടെ കാതിൽ മന്ത്രിച്ചു …(തുടരും )

ശ്രാവണം- ഭാഗം 24

Share this story