കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 3

നോവൽ

എഴുത്തുകാരി: അമൃത അജയൻ

ഞാൻ പെട്ടെന്ന് ഫോൺ സ്പീക്കറിൽ ഇട്ടു .

മറുവശത്ത് സംസാരിച്ചു തുടങ്ങി .

” ശ്രേയ നന്ദകുമാറിന്റെ മിസിംഗ് അന്വേഷിക്കാൻ തലസ്ഥാനത്ത് ലാൻറ് ചെയ്ത പോലീസ് ഡിപ്പാർട്ട്മെന്റിലെ പെൺപുലി . എന്താ മാഡം നീതിയും നിയമവും ഉന്നതന്മാർക്കു മാത്രമേയുള്ളോ ? ”

” you ……… who are you ..? ”

ഞാൻ പല്ലു ഞെരിച്ചുകൊണ്ട് ചോദിച്ചു .

“ചൂടാകാതെ മാഡം … ഒരു അഭ്യൂതയകാംഷി ”

” ഈ കേസ് അന്വേഷണം അവസാനിപ്പിക്കണം …. ഇല്ലെങ്കിൽ മാഡം കാക്കി കുപ്പായത്തിനുള്ളിലിരുന്നു കൊണ്ട് കുഴിച്ചു മൂടിയ ചിലതൊക്കെ കുഴിമാന്തി പുറത്തു വരും … ”

തിരിച്ചെന്തെങ്കിലും പറയും മുൻപേ മറുവശത്ത് കാൾ കട്ടായി ”

” oh ….Shit…….” ഞാൻ മുഷ്ടി ചുരുട്ടി വായുവിൽ കുടഞ്ഞു .

“ഇതൊരു ത്രെട്ടണിംഗ് ആണല്ലോ മാഡം … നമ്മളെ നിർജീവമാക്കാൻ ശ്രമിക്കുന്ന പോലെ ”
ഷാനവാസ് പറഞ്ഞു ..

” ഉം … അപ്പോ നമ്മൾ ഇരുട്ടിലല്ല തപ്പാൻ പോകുന്നത് ”

വെറുതെ ആ നമ്പറിലേക്ക് ഒന്നു വിളിച്ചു നോക്കിയപ്പോൾ സ്വിച്ച്ഡ് ഓഫ് .

ഞാൻ ഉടൻ തന്നെ ആ നമ്പർ കിരണിന് വാട്സപ്പ് ചെയ്തു . എന്നിട്ട് കാൾ ചെയ്തു.

“ഹലോ .. കിരൺ … ഞാനൊരു നമ്പർ വാട്സപ്പ് ചെയ്തിട്ടുണ്ട് .. ആദ്യം ആ നമ്പറിന്റെ ലൊക്കേഷനും ഡീറ്റെയിൽസും എടുത്ത് എന്നെ അറിയിക്കൂ ”

* * * * * * * * * * * * * * * * * * * * * * * * * *

“സബ്മിറ്റ് ചെയ്തിട്ടുണ്ട് മാഡം …. ഉച്ചക്ക് മുൻപ് തന്നെ കോർട്ട് ഓർഡർ കിട്ടും ”

ഷാനവാസ് അടുത്തേക്ക് വന്ന് പറഞ്ഞു …

ഉടൻ ഫോൺ ശബ്ദിച്ചു .. കിരൺ ആണ് ..

ഫോൺ കാതോട് ചേർത്ത് ഞാൻ പറഞ്ഞു ..

” കിരൺ പറയൂ …”

”മാഡം ഈ നമ്പർ പുതിയതാണ് … ഇതിൽ നിന്ന് ഒറ്റ കോളേ പോയിട്ടുള്ളു … ഇന്ന് രാവിലെ 9.30 ന് … അത് മാഡത്തിന്റെ നമ്പറിലേക്കാണ് ”

കിരണിന്റെ ശബ്ദം അൽപം താഴ്ന്നു. …

” ഉം …..”

” 9. 38 ന് നമ്പർ സ്വിച്ച്ഡ് ഓഫായി … കാസർകോഡ് പെരിയയിലെ ടവർ പരിധിയിലാണ് നമ്പർ ആക്ടീവായതും .. സ്വിച്ച് ഓഫ് ആയതും ”

“o K …. ആരുടെ പേരിലുള്ള സിം ആണ് ?”

ഇത്രയും കേട്ടിടത്തോളം ഏതെങ്കിലും ഫേക്ക് അഡ്രസ് ആകുമെന്ന് അറിയാമെങ്കിലും ചോദിച്ചു .

”ഒരു ഗോവിന്ദൻ നമ്പൂതിരി , ചിറക്കൽ ഇല്ലം , തൃത്താല …..”

പ്രതീക്ഷിച്ചത് പോലെ കേട്ടപ്പോൾ എനിക്ക് ചിരി വന്നു. …. എന്റെ മുഖത്തെ ചിരി കണ്ട് ഷാനവാസ് എന്നെ നോക്കി .

കാൾ കട്ട് ചെയ്തു ഷാനവാസിനോട് പറഞ്ഞു .

” നമ്പർ ത്രിശൂർക്കാരൻ നമ്പൂതിരീടെ പേരിലാ ”

അതു കേട്ടപ്പോൾ ഷാനവാസും ചിരിച്ചു..

” but വിളിച്ചത് കാസർകോഡ് നിന്നാ ..”

ഷാനവാസിന്റെ കണ്ണുകൾ ഒന്നു കുറുകി ..

12. 20 ആയപ്പോൾ കോർട്ട് ഓർഡർ വന്നു …..

ക്നൈഫ്‌ ഫോറൻസിക് ലാബിൽ അയക്കുവാനും കത്തിയുടെ പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരാൻ പോലീസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും ഉള്ള കോടതി ഉത്തരവ് ആയിരുന്നു അത് …

* * * * * * * * * * * * * * * * * * *

എന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര .

ഷാനവാസ് പറഞ്ഞു ..

” മാഡം സംശയിക്കുന്നതു പോലെ ഈ മൂന്നു കേസുകളും തമ്മിൽ ഒരു ബന്ധം ഉണ്ടെങ്കിൽ , നമ്മൾ തുടങ്ങേണ്ടത് നൈന ജോർജിൽ നിന്നാകണം ”

“അതെ ….. നൈന ജോർജിന്റെ തിരോധാനവും തുടർന്നുള്ള അന്വേഷണങ്ങളെ കുറിച്ചും ഷാനവാസിന് എന്തെങ്കിലും അറിവുണ്ടോ ..?”

” ഉണ്ട് മാഡം … …… 2017 ഡിസംബർ 23 നാണ് ആര്യനാട് സ്വദേശിനി നൈന ജോർജിനെ കാണാതാകുന്നത് …. ആര്യനാട് ലോക്കൽ പോലീസിന് പരാതി ലഭിക്കുന്നത് 24 ന് . ഞാനന്ന് നെടുമങ്ങാട് സർക്കിൾ ആണ് .. ”

” അമ്മയോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ 22 ന് നാട്ടിലെത്തിയ ഈ പെൺകുട്ടി 23 ന് എന്തോ ഷോപ്പിംഗ് ഉണ്ട് എന്ന് പറഞ്ഞു രാവിലെ 10.40 ഓടെ വീട്ടിൽ നിന്നിറങ്ങി .. പിന്നീട് അവളെ ആരും കണ്ടിട്ടില്ല .. ”

”നമ്മുടെ പോലീസല്ലേ … ഒരു പെൺകുട്ടിയെ കാണാതായാൽ ആദ്യം ചോദിക്കുന്നത് കാമുകന്റെ പേരാണ് ”

“അങ്ങനെ സംശയിക്കുന്നതിൽ തെറ്റുപറയാൻ പറ്റുമോ ” ഞാൻ പെട്ടെന്ന് ചോദിച്ചു ..

ഷാനവാസ് ഒന്നു ചിരിച്ചു … ഞാൻ ഒരു അമ്പ് തൊടുത്തതാണെന്ന് മനസിലായി എന്ന് ആ ചിരിയിൽ നിന്ന് ഞാൻ വായിച്ചെടുത്തു …

“അതില്ല ….. ഒരു പരിധി വരെ ആ സംശയം ശരിയാണ് …… ഇവിടെ പക്ഷെ നൈനാ ജോർജിനെ പോലെ ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന പെൺകുട്ടി , അമ്മയോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ എന്നു പറഞ്ഞു നാട്ടിൽ വന്നിട്ട് ഒളിച്ചോടേണ്ട കാര്യമുണ്ടോ എന്ന സംശയം ”

” ഉം …….. ” ഞാൻ തലയാട്ടി .

”അന്വേഷണത്തിൽ തൃപ്തി പോരാ എന്നു പറഞ്ഞ് ആ പെൺകുട്ടിയുടെ അമ്മ SP വിമൽനാഥ് സർ ന് പരാതി നൽകി ”

” അദ്ദേഹം എന്നെ വിളിപ്പിച്ച് കേസിന്റെ ചുമതല ഏൽപ്പിച്ചു ”

” അതുവരെയുള്ള അന്വേഷണ റിപ്പോർട്ട് വായിച്ചു തീരുന്നതിന് മുൻപേ എന്നെ ഹെഡ്കോർട്ടേർസിലേക്ക് സ്ഥലം മാറ്റിയുള്ള ഓർഡറും കയ്യിൽ കിട്ടി ”

അതു കേട്ടപ്പോൾ ഞാൻ ഒന്നു പുഞ്ചിരിച്ചു….

” ഈ കേസ് അട്ടിമറിക്കാനായിരുന്നോ ആ ട്രാൻസ്ഫർ ? ”

” ആയിരിക്കില്ല മാഡം … ”

എന്റെ തന്ത്രപരമായ ചോദ്യത്തിൽ നിന്ന് ഷാനവാസ് വിദക്തമായി ഒഴിഞ്ഞു മാറി ….

ഷാനവാസ് എന്തോ മറക്കുന്നത് പോലെ തോന്നിയെങ്കിലും അതിനെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല …

”നമുക്ക് നൈനാ ജോർജിന്റെ വീട് വരെ പോകാം ഷാനവാസ് ”

” ഇപ്പോഴോ ….. കേസ് ഫയൽ മാഡം കണ്ടില്ലല്ലോ”

” അതു വായിക്കുന്നതിന് മുൻപേ പോകാം …. മുൻവിധികളൊന്നും ഇല്ലാതെ ….”

വാഹനം പേരൂർക്കട റൂട്ടിലേക്ക് തിരിഞ്ഞു .

“ശ്രേയ നന്ദകുമാറിന്റെ പാരന്റ്സിനെ കാണുന്നത് സൈബർ വിങ്ങിൽ നിന്നുള്ള ഡീറ്റെയിൽസ് കൂടി കിട്ടിയിട്ട് മതിയല്ലേ മാഡം ”

” മതി …. Mr . നന്ദകുമാറിനെ വിളിച്ച് ഒരു അപ്പോയ്ൻമെന്റ് ഫിക്സ് ചെയ്യണം … അവരുടെ വീട്ടിൽ വച്ചു മതി മീറ്റിംഗ് ”

”ശരി മാഡം ”

” ഷാനവാസ് മാറിയതിൽ പിന്നെ നൈന ജോർജ് തിരോധാനം അന്വേഷിച്ചത് ആരാണ്? ”

“നെടുമങ്ങാട് CI കൃഷ്ണദാസാണ് . കേസന്വേഷണം നടന്നോ എന്നുള്ളത് അറിയില്ല ”

” പിന്നീട് ഈ കേസിനെ കുറിച്ച് എനിക്ക് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടുമില്ല ”

ആര്യനാട് എത്തുമ്പോൾ 2.15 കഴിഞ്ഞിരുന്നു ..

ആര്യനാട് മുക്കോലയിലെ നൈന ജോർജിന്റെ വീടിനുമുന്നിൽ വാഹനം നിന്നു …

സാമാന്യം വലിയൊരു ഇരുനില വീടായിരുന്നു അത് … ഗേറ്റിൽ “റോസ് വില്ല ” എന്ന് എഴുതിയിട്ടുണ്ട് …

ഗേറ്റിന്റെ ഓടാമ്പൽ എടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു .. ഉരുളൻ കല്ലു പാകിയ മുറ്റത്തിലൂടെ നടന്നു ….. മുറ്റത്തിനിരുവശവും പൂച്ചെടികളിൽ പൂവിട്ടു നിൽക്കുന്ന വിവിധ തരത്തിലുള്ള പൂക്കൾ …

ഞങ്ങൾ കാളിംഗ് ബെല്ലമർത്തി കാത്തു നിന്നു .

മിനിറ്റുകൾ കടന്നിട്ടും ആരും വാതിൽ തുറന്നില്ല …

ഒരു രണ്ടു വട്ടം പിന്നെയും ബെല്ല് മുഴക്കി …

ആരും ഉണ്ടാകില്ല എന്നു കരുതി പോകാൻ തുടങ്ങുമ്പോഴാണ് വലതു വശത്തെ ജനൽപ്പാളി തുറന്നു കിടക്കുന്നത് ശ്രദ്ധിച്ചത് …

ഞങ്ങൾ ആ ഭാഗത്തേക്ക് നടന്നു …. ജനലിലൂടെ അകത്തേക്ക് നോക്കി …

അകത്തെ കാഴ്ച കണ്ട് ഞാൻ സ്തംബ്ധയായി നിന്നു ……

ഷാനവാസിന്റെ കണ്ണുകൾ അപ്പോൾ ചലിക്കുന്ന ഡോർ കർട്ടനിലായിരുന്നു …(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story