പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 6

എഴുത്തുകാരി: തപസ്യ ദേവ്‌


എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ പവിത്രയുടെ കാലടികൾ കുളക്കടവിലേക്ക് നടന്നു തുടങ്ങിയിരുന്നു.

പുറകിൽ കേട്ട ആളനക്കം പവിത്രയെ കാത്ത് ഇരുന്ന മാധവിന്റെ മിഴികളിലെ തിളക്കം കൂട്ടി.

” നീ വന്നുവല്ലേ…. ”
പവിത്രയുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ടു അവൻ ചോദിച്ചു.

” നീ ഇന്ന് എനിക്ക് അരികിലേക്ക് വരുമെന്ന് എനിക്ക് അറിയാമായിരുന്നു…
നീയും വികാരങ്ങളുള്ള ഒരു സ്ത്രീ തന്നെയല്ലേ..
എത്ര നാളെന്ന് വെച്ചാ നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്… മടിച്ചു നിൽക്കാതെ അടുത്തേക്ക് വാ എന്റെ പവീ ”

പവിത്രയുടെ കൈയ്യിൽ പിടിച്ചു തനിക്ക് അരികിലേക്ക് അയാൾ അവളെ ചേർത്ത് നിർത്താൻ ശ്രമിച്ചു.

” വിടെടാ നായെ ”

തന്റെ കൈകളിൽ പിടിക്കാൻ വന്ന മാധവിനെ ശക്തമായി അവൾ തള്ളി മാറ്റി. ആ പ്രവർത്തിയിൽ അയാളൊന്നു പകച്ചു പോയി. എങ്കിലും വീണ്ടും മാധവ് അവളുടെ അരികിലേക്ക് ചെന്നു.

” എനിക്ക് അറിയാം നീയും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന്…
പിന്നെന്തിനാ ഈ മടി.
ആരറിയാനാ.. രമ്യയെ ഓർത്തിട്ടാണോ.. എനിക്ക് ഇല്ലാത്ത ദുഃഖം നിനക്കും വേണ്ടാ… മടുത്തു ആ ശവത്തിനെ…
നിനക്ക് അറിയോ പവി എനിക്ക് ഒരു കുഞ്ഞിനെ പോലും തരാനുള്ള കഴിവ് അവൾക്ക് ഇല്ല… ”

മാധവ് സങ്കടത്തോടെ പറഞ്ഞു.

” വാ പവി നമ്മുക്ക് അവിടെ ഇരിക്കാം നിന്റെ മാധവേട്ടൻ അല്ലേ വിളിക്കുന്നത് ”

അയാൾ വീണ്ടും പവിത്രയുടെ കൈകളിൽ സ്വാതന്ത്ര്യത്തോടെ പിടിക്കാനാഞ്ഞു.

” തൊട്ട് പോകരുത് അരിഞ്ഞു കളയും ഞാൻ നിന്റെ ഈ കൈ ”
മറുകയ്യിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഓങ്ങിക്കൊണ്ട് പവിത്ര അവന് നേരെ അലറി.

രണ്ടടി പുറകിലേക്ക് വേച്ചു വീണു പോയി മാധവ്. പവിത്രയിൽ നിന്നും ഇങ്ങനൊരു നീക്കം ഉണ്ടാകുമെന്ന് അവൻ കരുതിയിരുന്നില്ല.

” നീ എന്താ വിചാരിച്ചത് നിന്റെ ചൂട് പറ്റാൻ ഞാൻ ഒളിച്ചും പാത്തും വന്നതാണെന്നോ..
ഇനി ഒരിക്കൽ കൂടി എന്നെ നിന്റെ വൃത്തികെട്ട കണ്ണുകൾ കൊണ്ടു നോക്കല്ലെന്നു ഓർമ്മിപ്പിക്കാൻ വന്നതാണ് ഞാൻ. മുറിയിൽ വെച്ച് നീ എന്റെ ശരീത്തിൽ തൊട്ടപ്പോൾ തന്നെ ചെകിട് അടിച്ചു പൊളിക്കാൻ അറിയാഞ്ഞിട്ടല്ല എന്റെ രമ്യയെ വേദനിപ്പിക്കരുതെന്ന് ഓർത്തിട്ട് മാത്രാ.
മാത്രമല്ല പുഴുത്ത പട്ടിയെ തൊടുന്നതിനേക്കാൾ അറപ്പും വെറുപ്പുമാണ് നിന്നോട് എനിക്കുള്ള വികാരം.
അമ്മാവന്റെ മക്കൾ ആണെങ്കിലും എന്റെ സ്വന്തം കൂടപ്പിറപ്പുകളെക്കാൾ എന്നെ സ്നേഹിക്കുന്നത് രമ്യയും അവളുടെ ഏട്ടൻ നിങ്ങളുടെ കൂട്ടുകാരൻ രാജേഷ് ഏട്ടനുമാണ്. അവരെ സങ്കടപ്പെടുത്താതെ ഇരിക്കാൻ വേണ്ടി മാത്രമാ തന്നെ വെറുതെ വിടുന്നത്. അല്ലായിരുന്നെങ്കിൽ പവിത്രയുടെ ദേഹത്ത് തൊട്ട നിന്റെ ഈ വൃത്തികെട്ട കൈ ഞാൻ അരിഞ്ഞെനെ. ”

” ഡി നീ ”
മാധവ് ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും അവൾ തടഞ്ഞു.

” നാളെ നേരം വെളുക്കുമ്പോൾ എന്റെ വീട്ടിൽ നിന്നെ കണ്ടേക്കരുത്. വീണ്ടും ഒരു തവണ കൂടി പവി എന്ന് ഒലിപ്പിചോണ്ട് ഈ ഉദ്ദേശത്തോടെ എന്റെ അടുത്ത് വന്നാൽ… ദേ കണ്ടല്ലോ ഈ അരിവാൾ… നെൽകതിര്‌ കൊയ്യാൻ മാത്രമല്ല നിന്റെ തല കൊയ്യാനും ഞാൻ ഇതങ്ങു ഉപയോഗിക്കും. ”

പവിത്രയുടെ സ്വരത്തിലെ തീക്ഷ്ണത മാധവിനെ നിശബ്ദനക്കി.

” നിന്ന് താളം ചവിട്ടാതെ കേറി പോടോ ”
അരിവാൾ അയാൾക്ക് നേരെ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

പകയെരിയുന്ന മനസുമായി അവൻ അവിടെ നിന്നും നടന്നകന്നു.അയാൾ പോകുന്നത് നോക്കി പവിത്ര കുളപ്പടവിൽ തന്നെ നിന്നു.
പറയാനുള്ളത് അത്രയും പറഞ്ഞു തീർത്തപ്പോൾ അവളുടെ മനസ്സും ശാന്തമായി. മുറിക്കുള്ളിൽ നിന്ന് മാത്രം നോക്കി കാണുന്ന കുളത്തിലേക്ക് അവൾ നോക്കി നിന്നു. ഒരു സമയം താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ഇവിടെ വന്നിരിക്കാൻ ആയിരുന്നു. ഇപ്പോൾ ഇവിടേക്ക് വെറുതെ പോലും വരാൻ ആഗ്രഹിക്കാറില്ല.

പിറ്റേന്ന് പതിവിലും താമസിച്ചാണ് അവൾ ഉണർന്നത്.

” മാധവ് മോനു ജോലിയുടെ എന്തോ ആവശ്യത്തിന് പെട്ടെന്ന് തന്നെ ബാംഗ്ലൂർക്ക് പോണമെന്ന് ഫോൺ വന്നെന്ന്. അതുകൊണ്ട് അവർ അതിരാവിലെ വീട്ടിലേക്ക് പോയി ”

പവിത്രയ്ക്കുള്ള ചായ എടുത്തു കൊടുക്കുമ്പോൾ പത്മം പറഞ്ഞു. അതുകേട്ടതും അവൾക്ക് ഉള്ളിൽ ചിരി വന്നു.

” അല്ല അവർ എന്തിനായിരുന്നു വന്നത്…?? ”

” എന്റെ ആങ്ങളയുടെ മോൾക്കും അവളുടെ ഭർത്താവിനും വെറുതെ ആണേലും ഇവിടെ വന്നു നിന്നൂടെ ”
പത്മം മറു ചോദ്യം ചോദിച്ചു.
പവിത്ര അതിനു മറുപടി നൽകാതെ തന്റെ ജോലികളിൽ മുഴുകി.

” ആ അവർ വന്നത് പ്രശാന്തിനെയും ചിപ്പിയെയും വിരുന്നിനു വിളിക്കാൻ ആയിരുന്നു. അവർ അറിഞ്ഞില്ലല്ലോ ഇവിടെ നടന്നതൊന്നും. പിന്നെ ഞാൻ പ്രശാന്ത്‌ പോയ കാര്യം ഒക്കെ പറഞ്ഞു. മാധവ് മോനും പറയുവായിരുന്നു അവരൊക്കെ വലിയ ആൾക്കാർ അല്ലേ പവിത്രക്ക് കുറച്ചു താഴ്ന്നു കൊടുത്താൽ എന്തായിരുന്നു എന്ന്. അങ്ങാനായിരുന്നേൽ അവൻ വീട് വിട്ട് പോകില്ലായിരുന്നു എന്ന് ”

പറയുന്നതിനൊപ്പം പത്മം അവളെ ഒളികണ്ണാലെ നോക്കുന്നുമുണ്ട്. അമ്മ പറയുന്നതൊക്കെ തന്നോട് ആണെന്ന ഭാവം പോലും അവൾക്ക് ഉണ്ടായിരുന്നില്ല.

ജോലികളൊക്കെ ഒതുക്കി പോകാൻ ഇറങ്ങിയപ്പോൾ സൗമ്യയും എത്തി. അവളോടൊപ്പം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ എത്തുന്നത് പോലും അറിയില്ല. അത്രയ്ക്ക് വായാടിയാണ്. എന്നും എന്തെങ്കിലുമൊക്കെ കഥകൾ കാണും അവൾക്ക് പറയാനായി. പവിത്രയിൽ നിന്നും പ്രതികരണം ഒന്നും കിട്ടില്ലെന്ന്‌ അറിയാമെങ്കിലും അവൾക്ക് അത് പ്രശ്നമൊന്നുമല്ല.

” ചേച്ചി വിഷ്ണു ചേട്ടനോട് അങ്ങനൊന്നും പറഞ്ഞത് ശെരിയായില്ല.. ”
ബസിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുമ്പോൾ സൗമ്യ പറഞ്ഞു.

ചോദ്യ ഭാവത്തിൽ പവിത്ര അവളെ നോക്കി.

” എന്നോട് വിഷ്ണു ചേട്ടൻ പറഞ്ഞായിരുന്നു. ഞാൻ ചേട്ടന്റെ അമ്മയുടെ കാര്യം പറഞ്ഞതുകൊണ്ടാ ചേച്ചിയോട് വന്നു സംസാരിച്ചത്. അതിന് ഇങ്ങനൊന്നും ആ ചേട്ടനോട് പറയാൻ പാടില്ലായിരുന്നു. വളരെ മോശമായി പോയി. ”

” ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും സൗമ്യേ… എന്നെ തിരുത്താൻ നീ ആളായിട്ടില്ല. കുറച്ചു സ്വാതന്ത്ര്യം തന്നെന്നു കരുതി എന്നെ ഭരിക്കാനൊന്നും നീ വരണ്ട കേട്ടല്ലോ ”

കർക്കശമായി തന്നെ അവളോട് പറഞ്ഞിട്ട് പുറത്തേക്ക് നോക്കിയിരുന്നു. അവൾക്ക് സങ്കടമായി കാണുമെന്ന് അറിയാം എങ്കിലും സാരമില്ല… വിഷ്ണുവിനോട് പറഞ്ഞത് തെറ്റായി പോയെന്ന് മറ്റാരേക്കാളും നന്നായി തനിക്ക് തന്നെ അറിയാം. പക്ഷേ താഴ്ന്നു കൊടുക്കാൻ തന്നിലെ ഹിറ്റ്ലർ ദീദി തയാറല്ല.

ബസ് ഇറങ്ങി രണ്ടു വഴികളിലേക്ക് തിരിയുമ്പോൾ പതിവ് യാത്ര പറച്ചിൽ സൗമ്യ നടത്തിയില്ല.മുഖവും വീർപ്പിച്ചു കെട്ടി പവിത്രയെ നോക്കാതെ നടന്നു പോയി.

കടയിൽ ഇന്ന് നല്ല തിരക്കുണ്ടായിരുന്നു. ഇടയ്ക്ക് ആരോ മുന്നിൽ വന്നു നിന്നത് പോലെ തോന്നിയപ്പോൾ പവിത്ര തലയുയർത്തി നോക്കി.

ചിപ്പിയുടെ അമ്മ രാജി.
മുഖത്ത് നിറയെ പുച്ഛം ലോഡ് ചെയ്ത് കൊണ്ടു അവർ അവളെ നോക്കി നിന്നു.

” എന്താ ”

” ഓ ഒന്നും വേണ്ടേ ഇതുവഴി പോയപ്പോൾ പവിത്ര തമ്പ്രാട്ടിയെ ഒന്ന് കാണണമെന്ന് തോന്നി… അതാ വന്നത് ”

” എന്നെ കാണാനോ…!!
കണ്ടല്ലോ ഇനി പൊയ്ക്കൂടേ ”
അവരുടെ അതെ രീതിയിൽ തന്നെ പവിത്രയും സംസാരിച്ചു.

” എനിക്ക് തോന്നുമ്പോൾ ഞാൻ പോകും… നീ ആരാടി എന്നോട് പോകാൻ പറയാൻ. എനിക്ക് ഇഷ്ടമുള്ളപ്പോൾ പോകും ”

” ഓ എന്റെ രായമ്മ ചേച്ചി… രായമ്മ ചേച്ചിക്ക് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി. ”

” ഏയ്‌ യൂ.. കോൾ മീ രാജി.. ”
പവിത്രയുടെ രായമ്മ എന്ന വിളിയിൽ രാജി വിളറിയെങ്കിലും ദേഷ്യത്തോടെ അവൾക്ക് നേരെ ചീറി കൊണ്ടു ചെന്നു.

” രായമ്മ ചേച്ചി ഉടക്കാൻ വന്നത് ആണെങ്കിൽ എനിക്ക് തീരെ സമയമില്ല. മാത്രമല്ല ഇത് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇവിടെ കിടന്നു വഴക്കുണ്ടാക്കാൻ എനിക്ക് പറ്റില്ല. ”

” അതെന്താടി ഇവിടെ വെച്ച് ഉടക്കിയാൽ… ആ അങ്ങനെ ചെയ്താൽ നിന്റെ ഈ പീറ ജോലി അങ്ങ് പോകും അല്ലേ… അമ്മയുടെയും മോളുടെയും ഏക വരുമാനമാർഗം ഇതാണല്ലോ അല്ലേ… ”

തങ്ങളെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് കണ്ടത് കൊണ്ടു പവിത്ര കുറച്ചൊന്നു ഒതുങ്ങി കൊടുത്തു.

” എന്താടി നിന്റെ നാക്ക് ഇറങ്ങി പോയോ… എന്നെയും എന്റെ മോളെയും അപമാനിച്ചു ഇറക്കി വിട്ടതിനു നിനക്ക് ഞാൻ പണി തന്നിരിക്കും. ”

” നിങ്ങൾക്ക് എന്താ ഇപ്പോൾ വേണ്ടത്.. ”
പവിത്ര ദേഷ്യത്തോടെ ചോദിച്ചു.

” അത് മോള് വഴിയേ അറിയും ”
അവർ കൗശലത്തോടെ ചിരിച്ചു.

” പവിത്ര തന്നെ രാജീവൻ സർ വിളിക്കുന്നു ”

ഒരു സ്റ്റാഫ്‌ വന്നു പവിത്രയോട് പറഞ്ഞു.

” മേഡം… മേഡം കൂടി അങ്ങോട്ടേക്ക് വരണം.. ”

രാജീവൻ സാറിന്റെ റൂമിൽ പവിത്ര കയറിയതിന്റെ പിന്നാലെ രാജിയും കയറി.

” എന്താ പവിത്ര ഈ കാണുന്നത് ”
രാജീവൻ തനിക്ക് മുന്നിൽ ഇരുന്ന ലാപ്ടോപ് പവിത്രയുടെ നേരെ തിരിച്ചു വെച്ചു .

തൊട്ട് മുൻപ് പവിത്രയും രാജിയും തമ്മിൽ നടന്ന രംഗം ആണ് കാണിക്കുന്നത് അതിൽ. പവിത്രയും രാജിയും പരസ്പരം കൈ ചൂണ്ടി തർക്കിക്കുന്നതായി ആണ് കാണിക്കുന്നത്..

” ഇവിടെ വരുന്ന കസ്റ്റമേഴ്സിനോട് ഇങ്ങനാണോ പെരുമാറേണ്ടത്. തനിക്ക് എങ്ങനെ ധൈര്യം വന്നു ഇതിന് ”

” സർ മനപ്പൂർവം അല്ല ഇവർ ആണ് പ്രകോപിപ്പിച്ചത്. ”
പവിത്ര തന്റെ ഭാഗം പറയാൻ തുടങ്ങിയതും രാജീവൻ കൈ കൊണ്ടു നിർത്താൻ കാണിച്ചു.

” രാജീവൻ തന്റെ ഷോപ്പിൽ വന്ന എന്നോട് ഇവിടുത്തെ സ്റ്റാഫ് യാതൊരു റെസ്‌പെക്ടും ഇല്ലാതെ ആണ് പ്രതികരിച്ചത്.. സംശയം ഉണ്ടെങ്കിൽ ഈ നിൽക്കുന്ന കുട്ടിയോട് ചോദിക്ക് ”
അവരെ കൂട്ടി കൊണ്ടു വന്ന സ്റ്റാഫിനെ കാണിച്ചുകൊണ്ട് രാജി പറഞ്ഞു.

” പറയൂ മീര… എന്തായിരുന്നു പ്രശ്നം ”

മീര രാജിയെ നോക്കി. രാജി കണ്ണുകൾ കൊണ്ടു കാണിക്കുന്നത് പവിത്ര കണ്ടു.

” സർ പവിത്രയാണ് മേടത്തിനോട് ഒരു കാര്യവുമില്ലാതെ പ്രശ്നം ഉണ്ടാക്കിയത്. ”

അവിടുള്ള കസേരയിൽ അധികാരത്തോടെ കയറി ഇരുന്നിട്ട് കാലിന്മേൽ കാൽ കയറ്റി വെച്ചു കൊണ്ടു രാജി ചോദിച്ചു.

” കേട്ടല്ലോ… ഇനി എന്താണ് രാജീവന് പറയാനുള്ളത് ?? ”

” സോറി രാജി മേഡം…
പവിത്ര താൻ മേഡത്തിനോട് മാപ്പ് പറയണം ”

രാജീവൻ പവിത്രയോട് ഓർഡർ ചെയ്തു.

” പറ്റില്ല സർ ”
പവിത്ര ശാന്തമായി പറഞ്ഞു.

” തനിക്ക് ഈ സ്ഥാപനത്തിൽ ജോലി തുടരണമെന്നുണ്ടെങ്കിൽ മാപ്പ് പറഞ്ഞെ പറ്റുള്ളൂ പവിത്ര ”

” ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ ഞാൻ തയാറല്ല സർ ”

തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന രാജിയുടെ മുഖത്ത് നോക്കി പവിത്ര ഉറച്ച സ്വരത്തിൽ പറഞ്ഞു.

” പിരിച്ചു വിട്ടേക്ക് രാജീവാ ഇതുപോലുള്ള സ്റ്റാഫുകൾ കടയുടെ സൽപ്പേര് കളയും ഞാൻ ആയത് കൊണ്ടു ഇത്രയും മര്യാദക്ക് പെരുമാറി. വേറേ ആരെങ്കിലും ആയിരുന്നെങ്കിലോ… ”

” ഓക്കേ പവിത്ര ഇനി തന്റെ സേവനം ഐശ്വര്യ ടെക്സ്റ്റയിൽസിൽ ആവശ്യമില്ല.
ആഹ് മീര പവിത്രയുടെ സാലറിയും മറ്റു കാര്യങ്ങളുമൊക്കെ ഒന്ന് സെറ്റിൽ ചെയ്യാൻ സൂസനോട് പറഞ്ഞേക്ക്. പവിത്രക്ക് പോകാം.. ”

പവിത്ര റൂമിന് പുറത്തേക്ക് ഇറങ്ങി.

” താങ്ക് യൂ രാജീവൻ ഞാൻ പറഞ്ഞ പോലെ അവളെ പുറത്താക്കാൻ കൂട്ട് നിന്നതിനു ”

” രാജി മേഡം ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്തു തരാതെ ഇരിക്കാൻ പറ്റുമോ ”

രാജീവൻ ചിരിയോടെ പറഞ്ഞു. പെട്ടെന്നാണ് പവിത്ര അവരുടെ അടുത്തേക്ക് ചെന്നത്.

” നാടകം കലക്കിയിട്ടുണ്ടായിരുന്നു കേട്ടോ സാറെ ”

പവിത്രയെ കണ്ടു അയാൾ അമ്പരന്നു. രാജിയും ഒന്ന് പകച്ചു.

” കഴിഞ്ഞ ദിവസം നിങ്ങളെ ഇവിടെ കണ്ടപ്പോഴേ ഇതുപോലെ എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ഇപ്പോൾ നടന്ന ഈ സംഭവങ്ങൾ കണ്ടിട്ട് പവിത്ര പേടിച്ചു പോയിട്ടില്ല എന്ന് ഒന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി വന്നതാ… ഞാനേ കുട്ടനാട്ടുകാരിയാ ആ അരിവാളും എടുത്ത് പാടത്തേക്ക് ഒന്ന് ഇറങ്ങിയാൽ മതി എനിക്കും അമ്മയ്ക്കും കഴിയാൻ… അതും വേണ്ടല്ലോ തൊഴിലുറപ്പ് ഉണ്ടല്ലോ..!
അതുകൊണ്ട് രായമ്മ മേഡം എന്താണോ ഉദ്ദേശിച്ചത് അത് നടക്കാൻ പോകുന്നില്ല കേട്ടോ.
അപ്പൊ ശെരി ചർച്ച നടക്കട്ടെ ”

രണ്ടുപേർക്കും നേരെ ഒരു ലോഡ് പുച്ഛം വാരി വിതറിയിട്ട് പവിത്ര പോയി.

ടെക്സ്റ്റയിൽസിൽ നിന്നും എല്ലാ സെറ്റിൽമെൻറ്സും കഴിഞ്ഞു ഇറങ്ങുമ്പോൾ ഇനി എന്ത് എന്ന ചോദ്യം പവിത്രയ്ക്ക് മുന്നിൽ വിലങ്ങു തടിയായി നിന്നു.

ജോലികൾ ഒരുപാട് ഉണ്ടെങ്കിലും ഒരു ജോലി കിട്ടുക എന്നുള്ളത് ഏറ്റവും വലിയ പ്രയാസമേറിയ കാര്യമാണെന്ന് ആദ്യമായി പവിത്ര മനസിലാക്കി.
അവരോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും ഒരു വ്യക്തമായ തീരുമാനം അവൾക്ക് എടുക്കാൻ സാധിച്ചില്ല.

ഒന്നു രണ്ടിടത്തു ഒക്കെ കയറി സ്റ്റാഫിനെ എടുക്കുന്നുണ്ടോ എന്ന് തിരക്കിയെങ്കിലും ഐശ്വര്യ ടെക്സ്റ്റയിൽസിൽ നിന്നും കസ്റ്റമറിനോട് മര്യാദ ഇല്ലാതെ പെരുമാറിയതിന് പിരിച്ചു വിട്ടതാണെന്ന് ഇതിനോടകം തന്നെ അവർ തമ്മിൽ വിവരം കൈമാറിയെന്ന് അവൾക്ക് മനസിലായി.

നിരാശയോടെ ആണവൾ വീട്ടിൽ തിരിച്ചെത്തിയത്. നേരത്തെ വന്നതിന്റെ കാരണം തിരക്കിയപ്പോൾ അവൾ നടന്ന കാര്യം അമ്മയോട് പറഞ്ഞു.

” എന്റെ ദൈവമേ നീ വീണ്ടും ആ സ്ത്രീയോട് വഴക്കിട്ടോ… എന്തിനാ മോളെ അവരോട് ഇങ്ങനോക്കെ പറയാൻ പോയത്. ഒരു മാപ്പ് പറഞ്ഞിരുന്നെങ്കിൽ ജോലിയും പോകില്ലാരുന്നു നമ്മളോടുള്ള അവരുടെ പിണക്കവും മാറിയേനെ. ”

” ഞാൻ ചെയ്യാത്ത തെറ്റിന് അവരോട് മാപ്പ് പറയണമെന്നാണോ അമ്മ പറയുന്നത് ”

പവിത്ര ദേഷ്യത്തോടെ ചോദിച്ചു.

” നിനക്ക് എപ്പോഴും നിന്റെ ഭാഗം ജയിച്ചിരിക്കണം. വല്ലാത്തൊരു വാശിയും ദേഷ്യവുമൊക്കെ തന്നെയാണല്ലോ നിന്റെ ”

” അമ്മക്ക് എന്താ ഇപ്പോൾ പ്രശ്നം ഞാൻ ഒരു ജോലിക്ക് പോണം അത്രേയല്ലേയുള്ളു ഞാൻ പൊക്കോളാം. ഇതുവരെ ഈ വീട്ടുകാര്യങ്ങൾ നോക്കിയത് പോലെ ഇനിയും നോക്കിക്കോളാം.
അമ്മ പേടിക്കണ്ട. ”

” മോളെ ഞാൻ അങ്ങനല്ല പറഞ്ഞത് ”
അമ്മ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ മുറിയിലേക്ക് പോയി.

ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞ പോലെ വീണ്ടും ചില വേണ്ടപ്പെട്ട അതിഥികൾ വീട്ടിൽ എത്തി. അവർ പവിത്രയുടെ മിത്രങ്ങളോ ശത്രുക്കളോ… !!!!…തുടരും)

 

പവിത്ര: ഭാഗം 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story