പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 7

എഴുത്തുകാരി: തപസ്യ ദേവ്‌


നിനച്ചിരിക്കാത്ത നേരത്ത് കയറി വന്ന അതിഥികളെ കണ്ട് പത്മം അമ്പരന്നു. അവരുടെ മൂത്ത മകൻ മുരളിയും ഭാര്യ ശാരികയും ആയിരുന്നു അത്.

” അല്ല നിങ്ങൾ എന്താ ഈ വഴി.. ”

” അതെന്താ എന്റെ വീട്ടിൽ ഞങ്ങൾക്ക് വന്നൂടെ ”
അമ്മയുടെ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ അവരുടെ മുഖം വീർത്തുകെട്ടി.

” എന്റെ മുരളി ഞാൻ ഒന്നും ചോദിച്ചില്ല… നിങ്ങൾ വാ കയറിയിരിക്ക്….അല്ല മൃദുല മോളെ എന്താ കൊണ്ടു വരാഞ്ഞത്. ”

” അവൾ സ്കൂളിൽ പോയിരിക്കുവല്ലേ… ഞങ്ങൾ വീട്ടിൽ നിന്നല്ല വരുന്നത് ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് പോന്നതാ ”
ശാരിക പറഞ്ഞു.

” അവൾ എവിടെ പവിത്ര….?? ”
മുരളിയുടെ ശബ്ദത്തിലെ കാഠിന്യം പത്മം ശ്രദ്ധിച്ചിരുന്നു.

” അവൾ മുറിയിലുണ്ട് ”

” എന്തേ കടയിൽ പോക്ക് നിർത്തിയോ ”
ശാരിക പരിഹാസത്തോടെ ചോദിച്ചു.

” നിർത്തിയത് അല്ലല്ലോ പിരിച്ചു വിട്ടതല്ലേ ”

മുരളിയും പുച്ഛത്തോടെ പറഞ്ഞു.

” നിങ്ങൾ എങ്ങനെ അറിഞ്ഞു..?? ”

” അമ്മേ ഞങ്ങൾ ജോലി ചെയ്യുന്നത് രാജി മേഡത്തിന്റെ ഓഫീസിൽ ആണ്. അതുകൊണ്ടാ അന്ന് അമ്മ പ്രശാന്ത് ആ കുട്ടിയെ വിളിച്ചോണ്ട് വന്ന കാര്യം വിളിച്ചു പറഞ്ഞിട്ടും ഞാൻ അനങ്ങാഞ്ഞത്. ഇപ്പൊ അവരെ മേഡം വീട്ടിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഒത്തിരി സന്തോഷിച്ചു.
പക്ഷേ മേഡത്തിനെയും മകളെയും ഇവിടുത്തെ ഹിറ്റ്ലർ നാണം കെടുത്തിയാ പറഞ്ഞു വിട്ടതെന്ന് പ്രശാന്ത് പറഞ്ഞപ്പോളാ അറിഞ്ഞത്.
അതും പോരാഞ്ഞിട്ട് ഇന്നും അവരെ കടയിൽ വെച്ച് അവൾ അപമാനിച്ചത് കൊണ്ടല്ലേ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.. ”

” അതിന് ”

മുരളി പറയുന്നതെല്ലാം കേട്ട് കൈയ്യും കെട്ടി വാതിൽക്കൽ നിൽക്കുന്ന പവിത്രയെ അപ്പോഴാണ് എല്ലാരും കണ്ടത്.

” പവിത്രേ നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ… അവരൊക്കെ എത്ര വലിയ ആൾക്കാർ ആണെന്ന് അറിയാമോ നിനക്ക്…. കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചൂടേ..
എല്ലാരോടും ഇങ്ങനെ വഴക്കുണ്ടാക്കി നടന്നിട്ട് എന്താ കാര്യം ”

” മുരളിയേട്ടൻ കണ്ടോ ഞാൻ അവരോട് വഴക്കിന് ചെല്ലുന്നത്… !
ഈ വീട്ടിൽ വന്നു നമ്മുടെ വീടിനെയും നമ്മുടെ അമ്മയെയും കുറ്റം പറഞ്ഞപ്പോഴാണ് ഞാൻ പ്രതികരിച്ചത്. പിന്നെ ആവശ്യമില്ലാതെ കടയിൽ വന്നു എന്നെ പ്രകോപിപ്പിച്ചതും ആ സ്ത്രീ ആയിരുന്നു.
അത് എന്നെ കടയിൽ നിന്നും പറഞ്ഞു വിടാൻ വേണ്ടി മനപ്പൂർവം ചെയ്തതായിരുന്നു. ”

” ഒരു മാപ്പ് പറഞ്ഞിരുന്നേൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ…
നീ അവരോട് മാപ്പ് ചോദിക്കണം പവിത്രേ ”

” ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്.
പിന്നെന്തിന് ഞാൻ മാപ്പ് ചോദിക്കണം ഏട്ടത്തി ”

” അഹങ്കാരം കൊണ്ട് ആ ജോലി അങ്ങ് പോയി കിട്ടിയല്ലോ..
നന്നായി പോയി… അന്ന് ശാരീടെ അനിയത്തീടെ കല്യാണത്തിന് അവിടെ നിന്നും ലാഭത്തിനു തുണിയെടുത്തു തരാൻ പറഞ്ഞപ്പോൾ നിനക്ക് വലിയ അഹങ്കാരം ആയിരുന്നല്ലോ ഇപ്പൊ തീർന്നല്ലോ എല്ലാം.. ”

മുരളി പവിത്രയെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം നന്നായി മുതലെടുക്കാൻ ശ്രമിച്ചു.

” ഏട്ടത്തിടെ അനിയത്തീടെ കല്യാണത്തിന് മുൻപ് മറ്റൊരു കല്യാണം ഉണ്ടായിരുന്നു മുരളിയേട്ടന്റെ സ്വന്തം അനിയത്തി പുണ്യയുടെ. എന്ത് സഹായം ചെയ്തു തന്നു അന്ന് ”

” അതിന് നീയും ഒന്നും ചെയ്തില്ലല്ലോ ഈ വീടിന്റെ ആധാരം കൊണ്ടു വെച്ചു ലോൺ എടുത്തിട്ടല്ലേ അവളുടെ കല്യാണം നടത്തിയത് ”

” അതെ… എന്നിട്ട് ആ ലോൺ അടച്ചു തീർത്ത് ആധാരം തിരിച്ചെടുത്തു അമ്മേടെ കയ്യിൽ കൊടുത്തത് ആരാ…ഒരു തവണ പോലും കൊടുക്കാൻ ഏട്ടനോ പ്രശാന്തോ തയാറായിട്ടുണ്ടോ… ഞാൻ തന്നെയല്ലേ അത് തിരിച്ചെടുത്തത് ”

പവിത്രയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അയാൾ ഇരുന്നു.

” ഏട്ടൻ പണ്ട് ആവശ്യപ്പെട്ടിരുന്നല്ലോ ഒരു കാര്യത്തിനും സഹായം ചോദിച്ചു ഏട്ടന്റെ അടുത്തേക്ക് വരരുതെന്ന്…
ഞാൻ ആരെയും ഇതുവരെയും ഒന്നിന്റെ പേരിലും ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ല. ഇങ്ങോട്ടും അങ്ങനെ തന്നെ വേണം. ഈ വീട്ടിൽ വർഷങ്ങളായിട്ട് അടുപ്പ് പുകയുന്നത് പവിത്ര കഷ്ടപ്പെട്ടിട്ട് തന്നാ. കടമ തീർക്കാൻ വേണ്ടി ആയിരം രൂപ അമ്മയ്ക്ക് അയച്ചു കൊടുക്കുന്നത് എന്ത് ചെയ്തെന്നോ എവിടെയെന്നോ ചോദിച്ചു ഞാൻ അമ്മയുടെ മുൻപിൽ ചെന്നിട്ടില്ല… ഉണ്ടെങ്കിൽ അമ്മ പറയട്ടെ ”

പവിത്ര അമ്മയെ നോക്കി. അവർ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിൽക്കയാണ്.

” പ്രായത്തിനു മൂത്തവരോട് ഇങ്ങനാണോ നീ സംസാരിക്കാൻ പഠിച്ചിട്ടുള്ളത്…
സ്വന്തം ഏട്ടനോട് കണക്ക് പറയാനും മാത്രം വളർന്നോ നീ ”
മുരളി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ശാരിക പറയാൻ തുടങ്ങി.

” പറയും ഏട്ടത്തി… ഇനിയും പറയും…ഈ വീടിനും വീട്ടിലുള്ളവർക്കും വേണ്ടി മുടക്കിയിട്ടുള്ള എല്ലാ ചിലവുകളുടെയും കണക്ക് എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്. അത് എന്തിനാ സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാമോ എനിക്ക് ഇനി ഒന്നും അറിയണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയവർ ഒരു അവസരം കിട്ടുമ്പോൾ നീ എന്ത് ചെയ്തിട്ടുണ്ട് ഈ വീടിന് വേണ്ടി എന്ന് ചോദിച്ചു വരുമ്പോൾ മുന്നിലേക്ക് ഇട്ടു കൊടുക്കാൻ വേണ്ടി ”
മുരളിയുടെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു.

” നിർത്തേടി ഒന്ന് താഴ്ന്നു തന്നെന്നും പറഞ്ഞു നീ അങ്ങ് തലയിൽ കയറാതെ….
അമ്മയ്ക്കു കിട്ടുന്ന പെൻഷനും ഈ പറമ്പിൽ നിന്നു കിട്ടുന്ന ആദായവുമൊക്കെ കൊണ്ടു തന്നെയല്ലേ നിങ്ങൾ ജീവിക്കുന്നത് …. എന്നിട്ട് നീ വലിയ പരോപകാരിയായി അങ്ങ് സ്വയം ചിത്രീകരിക്കാതെ ”

” ആയിക്കോട്ടെ അങ്ങനെ തന്നെ ഇരുന്നോട്ടെ… അല്ലാതെ പിന്നെ എങ്ങനെ ജീവിക്കണം ഞങ്ങൾ രണ്ടുപേർ…??
ഒരു കല്യാണം കഴിച്ചു കഴിഞ്ഞു ചില വിശേഷങ്ങൾക്ക് വേണ്ടിയല്ലാതെ ഏട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഞങ്ങളെ… !
കുളിമുറിയിൽ കാൽ തെറ്റി വീണ അമ്മയെ നോക്കാൻ ഒരു നേരം വന്നു നിന്നിട്ടുണ്ടോ ഈ മരുമകൾ… !
സ്വന്തം അനിയത്തി ആണല്ലോ പുണ്യ അവൾ പ്രസവിച്ചു കിടന്നപ്പോൾ ഒന്ന് ആശുപത്രിയിൽ വന്നു കണ്ടിട്ടുണ്ടോ നിങ്ങൾ… !
അവളുടെ കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് ഇവിടെ വരെ വന്നൊന്ന് തല കാണിച്ചിട്ട് പോയി…
അതെല്ലാം പോട്ടെ… ഇപ്പൊ അനിയൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടു വന്നപ്പോൾ മൂത്ത മകൻ എന്ന സ്ഥാനം വെച്ച് എന്ത് ചെയ്യണമെന്ന് അറിയാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ കൈ മലർത്തി കാണിച്ചില്ലേ… !
ഇപ്പോൾ നിങ്ങളുടെ മേഡത്തിനെ ഞാൻ അപമാനിച്ചു എന്നറിഞ്ഞപ്പോൾ തുള്ളി കൊണ്ടു വന്നല്ലോ രണ്ടുപേരും എന്നെ കൊണ്ട് മാപ്പ് പറയിക്കാൻ.. നാണമില്ലല്ലോ… !!
പവിത്രയ്ക്ക് വാക്ക് ഒന്നേയുള്ളു ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല… അങ്ങനെ നാണംകെട്ട് ചെല്ലാൻ ഏട്ടനെ പോലെ നാണവും മാനവും ഇല്ലാത്ത ജന്മം അല്ല ഞാൻ….”

” ഡി എന്താ പറഞ്ഞെ ”
മുരളി പവിത്രയുടെ കവിളിലേക്ക് കൈവീശി. അത് കാണാൻ ശേഷിയില്ലാത്ത പോലെ പത്മം കണ്ണടച്ചു. ശാരിക ഗൂഢമായ ചിരിയോടെ നോക്കി നിന്നു.

” രക്ഷിക്കാത്തവർക്ക് ശിക്ഷിക്കാനുള്ള അവകാശവും ഇല്ല ഏട്ടാ… ”
തന്റെ നേർക്ക് ഓങ്ങിയ മുരളിയുടെ കൈ പിടിച്ചു കൊണ്ടു പവിത്ര പറഞ്ഞു.

” അർഹത ഇല്ലാത്ത ഒരു അടി പോലും ഞാൻ ഏറ്റുവാങ്ങില്ല അത് ഏട്ടന്റെ കൈയ്യിൽ നിന്നായാലും സ്വന്തം അച്ഛന്റെ കൈയ്യിൽ നിന്നായാലും ”

മുരളിയുടെ കൈ പിടിച്ചു എറിഞ്ഞു കൊണ്ട് പവിത്ര അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു. അവളുടെ ഈ പ്രവർത്തിയും പറച്ചിലും ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഭാര്യയുടെ മുൻപിൽ ചെറുതായ് പോയത് പോലെ തോന്നി അയാൾക്ക്.

” ജോലിയും കൂലിയും ഇല്ലാതെ നീ എങ്ങനെ ജീവിക്കുമെന്ന് എനിക്ക് ഒന്ന് കാണണം ”
അത്രയും രോക്ഷത്തോടെ പറഞ്ഞിട്ട് അയാൾ പോകാൻ ഇറങ്ങി.. പുറകേ ഭാര്യയും.

” ഒന്ന് നിന്നേ… എന്നോടുള്ള ദേഷ്യത്തിനും വാശിക്കും ഇവിടേക്ക് വരാതെ ഇരിക്കരുത്… ഇത് എന്റെ വീടല്ല നമ്മുടെ അമ്മയുടെ വീടാണ്..മാസം പൈസ അയച്ചു കൊടുത്തില്ലെങ്കിലും വേണ്ടാ ഇടയ്ക്കൊക്കെ അമ്മയെ വന്നു കാണുകയും ഒപ്പം സമയം ചിലവഴിക്കുകയും വേണം… അത്രയെങ്കിലും സന്മനസ്സ് കാണിക്കണം ”

അതിന് മറുപടി നൽകാതെ വന്നപോലെ തന്നെ വണ്ടിയിൽ സ്പീഡിൽ തിരിച്ചു പോയി അവർ.

” ഇനി അമ്മയ്ക്ക് എന്താണ് പറയാനുള്ളത് ”
തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അമ്മയെ നോക്കി പവിത്ര ചോദിച്ചു.

” എനിക്ക് നിന്നോടൊന്നും പറയാനില്ല.. പറഞ്ഞിട്ടും കാര്യമില്ല ”

” ആഹ് അറിയാല്ലോ അപ്പൊ ഒന്നും പറയണ്ട.. ”

പത്മം സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് കയറി പോയി.

” പെങ്ങൾക്ക് എതിരെ തിരിയാൻ വേണ്ടിയെങ്കിലും ചേട്ടനും അനിയനും തമ്മിൽ ഒത്തുകൂടിയല്ലോ സന്തോഷം… !!
അവൾ ആത്മനിന്ദയോടെ ചിരിച്ചു.

മുറിയിൽ എത്തി സമയം നോക്കാൻ ഫോൺ എടുത്തു നോക്കിയപ്പോൾ രാജേഷ് ഏട്ടന്റെ രണ്ടു മിസ്സ്ഡ് കോൾ കണ്ടു. തിരിച്ചു വിളിച്ചപ്പോൾ പരിധിക്ക് പുറത്ത്… എന്തെങ്കിലും ആവശ്യമുണ്ടേൽ തിരിച്ചു വിളിച്ചോളും.

ഒരു ജോലി അത് അത്യാവശ്യം ആണ്…
രാജേഷ് ഏട്ടനോട് പറഞ്ഞാൽ നേരത്തെ പറഞ്ഞത് പോലെ എറണാകുളത്ത് എവിടെയേലും ശെരിയാക്കി തരും… പക്ഷേ അമ്മയെ ഒറ്റയ്ക്കാക്കി അവിടെ പോയി നിൽക്കാൻ പറ്റില്ലല്ലോ…. !

പണ്ടത്തെ പോലെ ട്യൂഷൻ എടുക്കാമെന്ന് വെച്ചാൽ ഇപ്പോൾ ഈ സമീപത്തുള്ള കുട്ടികളെയെല്ലാം സൗമ്യയാണ് ട്യൂഷൻ എടുക്കുന്നത്…
താൻ എടുക്കാൻ തുടങ്ങുന്നു എന്നറിഞ്ഞാൽ അമ്മമാർ ഒക്കെ കുട്ടികളെ ഇവിടാക്കും… കാരണം അത്രയ്ക്കും സ്ട്രിക്ട് ആയി പഠിപ്പിക്കുന്ന ആളെയാണ് അവർക്കൊക്കെ ആവശ്യം..
പക്ഷേ അത് ശെരിയല്ലല്ലോ സൗമ്യ പാവം അല്ലേ…

കൈമൾ സാറിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല. പ്രശാന്തിന്റെ കാര്യമൊക്കെ റെഡിയാക്കിയതായിരുന്നു അദ്ദേഹത്തെ ഇനിയും ഈ ഒരു കാര്യത്തിന് ആശ്രയിക്കേണ്ട.

രണ്ട് ദിവസം അറിയുന്നിടത്തൊക്കെ ബയോഡേറ്റ കൊടുക്കുകയും ഇന്റർവ്യൂനു പോകുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു പവിത്ര… ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല. ലാസ്റ്റ് പണ്ട് നിന്നിരുന്ന പെട്രോൾ പമ്പിൽ ചെന്നു തിരക്കി. അവിടെ നിന്നിരുന്ന സമയത്താണ് കൈമൾ സാർ നിർബന്ധിച്ചു കൊണ്ടുപോയി ഐശ്വര്യയിൽ ജോലി വാങ്ങി തന്നത്.
ഇവിടെയും ഒഴിവില്ലെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നിരാശ തോന്നി തുടങ്ങി.

” എന്തിനാ മോളെ നീ ഇങ്ങനെ എന്നും വെയിലും കൊണ്ടു നടക്കുന്നത്… നമ്മുക്ക് ഉള്ളത് കൊണ്ടൊക്കെ ജീവിക്കാം ”
പത്മം പവിത്രയെ സമാധാനപ്പെടുത്താൻ പറഞ്ഞു.

സൗമ്യയും അവൾക്ക് അറിയാവുന്ന പോലെ ഓരോയിടത്തെയും ജോലി കാര്യങ്ങൾ അവളെ വന്നറിയിച്ചു കൊണ്ടിരുന്നു. അന്നങ്ങനെ പറഞ്ഞതിന്റെ പിണക്കമോ പരിഭവമോ ഒന്നും അവൾക്ക് ഇല്ല എന്നത് പവിത്രയെ അത്ഭുതപ്പെടുത്തി. സ്വന്തം സഹോദരങ്ങൾക്ക് ഇല്ലാത്ത സ്നേഹം ഒരു അന്യയായ പെൺകുട്ടിക്ക് തന്നോട്… !

ശനിയാഴ്ച ആയിട്ട് കൂടിയും വീട്ടിൽ ഇരിക്കാൻ മനസ്സ് വരാതെ സൗമ്യ പറഞ്ഞ സ്ഥാപനങ്ങളിൽ കൂടി പോയി നോക്കി.
വിളിക്കാം എന്ന ഉറപ്പിൽ തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ആണ് ബസ് സ്റ്റോപ്പിൽ വെച്ച് കൈമൾ സാറിനെ കാണുന്നത്.

” എന്താ മോളെ ഈ സമയത്ത്… ഇന്ന് കടയിൽ പോയില്ലേ….?? ”

ജോലി പോയ കാര്യം പറയുമ്പോൾ ചോദിക്കും ഇപ്പോഴാണോ പറയുന്നതെന്ന്.. എന്ത് പറയണമെന്ന് ചിന്തിച്ചു നിൽക്കുന്ന പവിത്രയോട് കൈമൾ ചോദിച്ചു

” നീ പമ്പിൽ പോയി ജോലി ചോദിച്ചിരുന്നു അല്ലേ ”

” അത്… സർ…. ”
” മ്മ നിന്ന് പതറേണ്ട ജോസഫ് പറഞ്ഞിരുന്നു നീ ചെന്ന കാര്യം… എന്താണ് പ്രശ്നം ”

അന്ന് കടയിൽ സംഭവിച്ചതൊക്കെ അവൾ അദ്ദേഹത്തിനോട് പറഞ്ഞു.

” എന്നോട് ഒരു വാക്ക് പറയരുന്നില്ലേ നിനക്ക് ”

” സാറിനെ എത്രയാണെന്ന് വെച്ചാ ബുദ്ധിമുട്ടിക്കുന്നത്… ”

” ഹിറ്റ്ലർ ദീദി തന്നാണോ എന്റെ മുന്നിൽ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ നിന്നു വിഷമിക്കുന്നത് ”
കൈമൾ ചിരിയോടെ അവളെ നോക്കി.പവിത്ര കണ്ണുരുട്ടി ഒരു നോട്ടം നോക്കിയപ്പോൾ അദ്ദേഹം ചിരി നിർത്തി.

” നമ്മുടെ ലൈബ്രറിയിൽ ഇരിക്കാൻ ഞാൻ ഒരാളെ അന്വേഷിച്ചു നടക്കുവായിരുന്നു. ഇനി ഇപ്പോൾ നീ ഉണ്ടല്ലോ….”

” ഞാനോ അപ്പോൾ സർ എന്ത് ചെയ്യും..?? ”

” നമ്മുടെ ലൈബ്രറി എപ്പോഴും തുറന്നു പ്രവർത്തിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്…
എനിക്ക് ആണേൽ പാർട്ടിയുടെ കാര്യങ്ങൾക്കും മറ്റുള്ള കാര്യങ്ങൾക്കും ഇടയ്ക്കിടെ പോകേണ്ടി വരുമ്പോൾ ലൈബ്രറി അടച്ചിടേണ്ടി വരും. നീ ആകുമ്പോൾ വൈകിട്ട് വരെ അവിടെ തന്നെ ഇരുന്നോളുമല്ലോ… “.

” എന്നാലും സർ.. ”
പവിത്ര പിന്നെയും സംശയത്തോടെ നിന്നു.

” ഇനി ഒരു എന്നാലും ഇല്ല… ഐശ്വര്യമായിട്ട് തിങ്കളാഴ്ച വന്നു താക്കോൽ വാങ്ങിച്ചു പോയി തുടങ്ങിക്കോ… ഇനി നിൽക്കണ്ട വിട്ടോ വീട്ടിലേക്ക്… എനിക്ക് ഒന്ന് രണ്ടുപേരെ കാണാനുണ്ട്.. ”

വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിലെ അസ്വസ്ഥകൾ എല്ലാം അകന്നിരുന്നു.
വീട്ടുമുറ്റത് വലിയ വണ്ടികൾ കയറി ഇറങ്ങിയതിന്റെ അടയാളം കിടക്കുന്നത് കണ്ടു അവൾ ഒന്ന് നിന്നു.

വീടിനോട് ചേർന്നുള്ള സൈഡിലെ പത്തായപുരയുടെ വാതിൽ തുറന്നു കിടക്കുന്നു പതിവില്ലാതെ.
നോക്കുമ്പോൾ അമ്മ ഇറങ്ങി വരുന്നു അവിടെ നിന്നും.
പവിത്രയെ കണ്ടിട്ടും വലിയ മൈൻഡ് ചെയ്യാതെ പത്മം വീട്ടിലേക്ക് കയറി.

” അമ്മേ എന്താ അതിന്റെ വാതിൽ അടച്ചു പൂട്ടാഞ്ഞത്.. ”

” ആ ഇനി മുതൽ പൂട്ടാനും തുറക്കാനും ഞാൻ വേറേ ആളെ ഏൽപ്പിച്ചു. ”

” ആരെ…?? ”
പവിത്ര അമ്പരപ്പോടെ ചോദിച്ചു.

” ഞാൻ അത് വാടകയ്ക്ക് കൊടുത്തു ”
പത്മത്തിന്റെ വാക്കുകൾ വിശ്വസിക്കാനാകാത്ത പോലെ അവൾ പത്തായ പുരയുടെ തുറന്നിട്ട വാതിലിലേക്ക് നോക്കി നിന്നു…തുടരും)

 

പവിത്ര: ഭാഗം 7

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story