ശ്രാവണം- ഭാഗം 25

ശ്രാവണം- ഭാഗം 25

കാർ ആദിത്യന്റെ വീട്ടുമുറ്റത്തേക്ക് ചെന്നു നിന്നു … വിശ്വനാഥൻ ഊണു കഴിഞ്ഞ് സിറ്റൗട്ടിൽ വന്നിരിക്കുകയായിരുന്നു …. വന്നിറങ്ങിയ അഥിതികളെ കണ്ട് വിശ്വനാഥൻ അമ്പരന്നു .. അയാൾക്ക് സന്തോഷം അടക്കാനായില്ല … അയാൾ അകത്തേക്ക് നോക്കി പ്രവീണയെ വിളിച്ചിട്ട് ഓടിയിറങ്ങി വന്നു … വന്നപാടെ ഉദയനെ അയാൾ കെട്ടിപ്പിടിച്ചു … ” ഉദയാ ……….” വിശ്വനാഥന്റെ ശബ്ദം നേർത്തു പോയി ….

ജിഷ്ണു നോക്കി കാണുകയായിരുന്നു അവർക്കിടയിലെ ഊഷ്മളമായ ബന്ധം … തൊട്ടുപിന്നാലെ പ്രവീണയും ഇറങ്ങി വന്നു .. ” ചന്ദ്രീ ….” പ്രവീണയുടെ കണ്ണുകൾ നിറഞ്ഞു … പ്രവീണ ചെന്ന് ശിവയെ പിടിച്ച് മുന്നിൽ നിർത്തി … ” എന്റെ മോള് വളർന്നു വലിയ പെണ്ണായല്ലോ … അന്ന് പിരിയുമ്പോ ദേ ഇത്രേ ഉണ്ടായിരുന്നുള്ളു …. ” ശിവ നാണിച്ചു ചിരിച്ചു … ” കയറി വാ … വാ മോനേ ….” വിശ്വനാഥൻ എല്ലാവരെയും കൂട്ടികൊണ്ട് അകത്തേക്ക് കയറി … ” ആദിയേട്ടനെവിടെ …..? ” ശിവ ശ്രാവന്തിയുടെ ചെവിയിൽ ചോദിച്ചു ..

ശ്രാവന്തി ഒന്നും മിണ്ടിയില്ല .. ഉദയനും ചന്ദ്രികയും ശിവയും ആദ്യം പോയത് അനഘയുടെ അടുത്തേക്കാണ് .. ചന്ദ്രിക അനഘയുടെ അടുത്തിരുന്ന് നെറ്റിയിൽ തലോടി ഉമ്മ വച്ചു .. അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞു … എല്ലായ്പ്പോഴും ഓടിച്ചാടി നടന്നിരുന്ന അനഘ അവരുടെ കൺമുന്നിൽ നിറഞ്ഞു നിന്നു … പ്രവീണ പിന്നാലെ ചിന്തു മോനെ എടുത്തു കൊണ്ട് കയറി വന്നു … ചന്ദ്രിക അവനെ കൈയിൽ വാങ്ങി ഓമനിച്ചു …

അവൻ ശ്രാവന്തിയെ നോക്കി മോണകാട്ടി ചിരിച്ചു .. അവളെ അവന് മുൻപേ പരിചയമുണ്ട് .. ” ആദിമോനെവിടെ ….?” ചന്ദ്രിക ചോദിച്ചു .. ” അവൻ ഹോസ്പിറ്റലിലാണ് .. ഞാൻ വിളിച്ചിരുന്നു നിങ്ങൾ വന്ന വിവരം പറയാൻ .. അവനിങ്ങോട്ട് വരുന്നെന്ന് പറഞ്ഞു … ” പ്രവീണ പറഞ്ഞു … അനഘ ശിവയെ നോക്കി കണ്ണു കൊണ്ട് അടുത്തേക്ക് വിളിച്ചു … ശിവ ഓടിച്ചെന്ന് അനഘയുടെ അടുത്തിരുന്നു .. അനഘ അവളെ നോക്കി നേർത്ത പുഞ്ചിരിയോടെ കിടന്നു …

ശിവ എഴുന്നേറ്റ് ചെന്ന് ചിന്തു മോനെ കൈയിൽ വാങ്ങി അനഘയുടെ അടുത്ത് വന്നിരുന്നു കളിപ്പിച്ചു … ശ്രാവന്തിയും അവർക്കൊപ്പം കൂടി . … എന്നോ മുറിഞ്ഞു പോയൊരു മാമ്പഴക്കാലത്തിന്റെ പുന:സമാഗമം പോലെയായിരുന്നു ആ കൂടിച്ചേരൽ .. ചന്ദ്രികയും പ്രവീണയും അത് നോക്കി നിന്നിട്ട് താഴേക്കിറങ്ങിപ്പോന്നു .. കുറേ കഴിഞ്ഞപ്പോൾ ആദിത്യന്റെ ബൈക്ക് മുറ്റത്ത് വന്ന് നിന്നു …

അവൻ ഹാളിലേക്ക് കയറി വന്നു .. ” ഉദയനങ്കിൾ …….” അവൻ ഓടി വന്ന് ഉദയന്റെ കരം കവർന്നു .. ജിഷ്ണുവിനും ഹസ്ഥ ദാനം നൽകി … കിച്ചണിൽ ചെന്ന് ചന്ദ്രികയെ കണ്ടു സംസാരിച്ചു .. ” ശിവാ ……” ഹാളിലേക്ക് വന്ന് ,ചന്ദ്രിക മുകളിലേക്ക് നോക്കി വിളിച്ചു … ” എന്താമ്മേ ………” ” ഇങ്ങ് വാ … ഇതാരാന്ന് നോക്ക് ……” കുറച്ചു കഴിഞ്ഞപ്പോൾ ശിവയും പിന്നാലെ ചിന്തു മോനെയും കൊണ്ട് ശ്രാവന്തിയും ഇറങ്ങി വന്നു … ” ഹലോ …. അറിയോ …..” ആദിത്യൻ ശിവയ്ക്ക് നേരെ കൈനീട്ടി … അവൾ നാണിച്ച് നാണിച്ച് അവന് ഷേക്ക് ഹാന്റ് നൽകി …

ആ സമയം ജിഷ്ണുവും അങ്ങോട്ടു വന്നു … ” അയ്യോ .. വന്നപ്പോ മുതൽ ആദിയേട്ടനെ തിരക്കുവാ …. എന്നിട്ടിപ്പോ കണ്ട് കഴിഞ്ഞപ്പോ എന്തൊരു നാണം ….” ശ്രാവന്തി പറഞ്ഞിട്ട് നോക്കിയത് ജിഷ്ണുവിന്റെ മുഖത്തേക്കായിരുന്നു .. അവൻ ശ്രാവന്തിയെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ ചിരിച്ചു .. അയാളെ കാണുമ്പോൾ അവളുടെ കണ്ണുകൾക്ക് എന്തൊരു തിളക്കം .. ആദിത്യൻ ചിരിച്ചു കൊണ്ട് ജിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞു … “

കേട്ടോ ജിഷ്ണു …. പണ്ട് ശിവ ഏറ്റവും കൂടുതൽ വഴക്കിടുന്നത് എന്നോടാരുന്നു .. ഞാൻ വല്ലപ്പോഴും ഹോസ്റ്റലിൽ നിന്നു വരുമ്പോ എല്ലാവർക്കും എന്നോടാണ് സ്നേഹമെന്നായിരുന്നു ഈ കുശുമ്പിയുടെ പരാതി ….” ജിഷ്ണു ചിരിച്ചു … ” അതങ്ങനല്ല ചേട്ടാ .. ഈ ആദിയേട്ടൻ ഹോസ്റ്റലീന്ന് വെരുമ്പോ ചേച്ചിക്ക് ഇഷ്ടമുള്ള പക്ക് വടയേ കൊണ്ടുവരുള്ളു .. എനിക്കിഷ്ടമുള്ള രസഗുള കൊണ്ട് വരില്ലാർന്നു… അതിനാ ഞാൻ പിണങ്ങുന്നേ …. ” ശിവ ചാടി തുള്ളി ജിഷ്ണുവിന്റെ അടുത്തു വന്നു കൈയിൽ തൂങ്ങി പറഞ്ഞു … “

അതിവളുടെ വേറൊരു പിണക്കം … അവിടെ കിട്ടുന്നതല്ലേ കൊണ്ടു വരാൻ പറ്റൂ ….” ജിഷ്ണു ശ്രാവന്തിയെ നോക്കി വീണ്ടും ചിരിച്ചു .. ശ്രാവന്തിയുടെ നെഞ്ച് വിറച്ചു .. ” നിങ്ങൾ പഴയ കഥകളൊക്കെ പറയ് .. കേൾക്കാൻ നല്ല രസമുണ്ട് … ” ശ്രാവന്തിയുടെ നേർക്ക് മിഴിയയച്ചു കൊണ്ട് ജിഷ്ണു പറഞ്ഞു .. ശ്രാവന്തിക്ക് എങ്ങനെയെങ്കിലും അവിടുന്ന് പോയാൽ മതിയെന്നായി … * * * * * * * * * * * * രാത്രി ബെഡ് റൂമിൽ അവൻ , പകൽ നടന്നതിനെ കുറിച്ചൊന്നും ശ്രാവന്തിയോട് സംസാരിച്ചതേയില്ല …

പതിവു പോലെ ഇരുവരും ഉറങ്ങാൻ കിടന്നു … ജിഷ്ണുവിന്റെ കരവലയത്തിനുള്ളിൽ അമരുമ്പോൾ അവൾ സംശയിച്ചു .. ഇനി ഒക്കെ തന്റെ തോന്നലുകളായിരുന്നോ ….. * * * * * * * * * * * * * അവരൊരു യാത്രയിലായിരുന്നു … മഞ്ഞു പൊതിഞ്ഞു നിന്ന തേയില തോട്ടങ്ങൾക്കു നടുവിലൂടെ ജിഷ്ണുവും ശ്രാവന്തിയും കയറ്റം കയറി … ചുറ്റിനുമുള്ള മനോഹര ചിത്രങ്ങൾ ക്യാമറയിലൊപ്പിയെടുക്കുന്നുണ്ടായിരുന്നു ജിഷ്ണു … ശ്രാവന്തി അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു …

കയറ്റം കയറി അവർ മലയുടെ മുനമ്പത്തെത്തി … ശ്രാവന്തി ജിഷ്ണുവിനെ ഗാഢമായി അശ്ലേഷിച്ച് ചുണ്ടുകൾ കവർന്നു .. ശ്രാവന്തിയുമായി ദീർഘ ചുംബനത്തിലേർപ്പെട്ടു നിന്ന ജിഷ്ണു കണ്ടു , പിന്നാലെ മല കയറി വരുന്ന ആദിത്യനെ … അവന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതമുണ്ടായിരുന്നു .. ശ്രാവന്തിയെ മാറ്റാൻ ശ്രമിച്ചെങ്കിലും , അവൾ ബലമായി ജിഷ്ണുവിനെ ചുംബിച്ചു കൊണ്ടേയിരുന്നു … ജിഷ്ണു പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി .. ” ശ്രാവി ഞാൻ വീഴും …….” അവളത് വക വയ്ക്കാതെ അവനെ ചുംബിച്ചു കൊണ്ടേയിരുന്നു ..

മലയുടെ മുനമ്പിൽ ജിഷ്ണുവിന്റെ കാൽപാദങ്ങൾ എത്തിയിരുന്നു … താഴെ അഗാഥമായ കൊക്ക .. ആദിത്യൻ മല കയറി മുകളിലെത്തിയിരുന്നു .. അവന്റെ ഗൂഢസ്മിതമിപ്പോൾ ക്രൂരമായൊരു ചിരിക്ക് വഴിമാറി … അടുത്ത നിമിഷം ശ്രാവന്തി ജിഷ്ണുവിനെ ഉന്തി താഴേക്ക് തള്ളിയിട്ടു … ജിഷ്ണു ബെഡിൽ കിടന്ന് ഒന്ന് വെട്ടിത്തിരിഞ്ഞു … ഒരു പഞ്ഞിത്തുണ്ട് പോലെ താഴേക്ക് പോകവേ , ആദിത്യന്റെ നെഞ്ചിൽ ചേർന്ന് നിന്നു ആർത്തു ചിരിക്കുന്ന ശ്രാവന്തിയെ ജിഷ്ണു കണ്ടു …

നിലത്തേക്ക് പതിച്ചതും ഒരു വെട്ടലോടെ ജിഷ്ണു കണ്ണു തുറന്നു … അവന്റെ നെഞ്ച് ക്രമാതീതമായി മിടിച്ചു … അവൻ തലചരിച്ച് ശ്രാവന്തിയെ നോക്കി … തൊട്ടരികിൽ അവൾ ഉറങ്ങിക്കിടപ്പുണ്ട് .. ജിഷ്ണു വേർത്തു കുളിച്ചു … പിന്നീട് അവന് ഉറങ്ങാൻ കഴിഞ്ഞില്ല … ******** പിറ്റേന്ന് ഞായറാഴ്ച … ജിഷ്ണുവും ശ്രാവന്തിയും ജയചന്ദ്രനും ലതികയുമൊരുമിച്ച് ലതയുടെ വീട്ടിൽ പോയി … കല്യാണത്തിന് ഇനി ദിവസങ്ങളെ ബാക്കിയുള്ളു … വിവാഹ വീട്ടിൽ , സഹായിച്ചും മറ്റും , ഒരവധി ദിനം കൂടി വിരസമായി കടന്നു പോയി ……

തിങ്കളാഴ്ച ഉച്ചതിരിഞ്ഞപ്പോൾ ശ്രാവന്തി ജിഷ്ണുവിന്റെ ഫോണിലേക്ക് വിളിച്ചു .. ” ജിഷ്ണുവേട്ടാ ഞാനിന്ന് അൽപം ലേറ്റാകും … ” ” എന്തു പറ്റി ..?” ” നാളെ ഓച്ചിറ കേസിന്റെ വിചാരണയുണ്ട് .. കേസ് പഠിക്കാനുണ്ട് ജിഷ്ണുവേട്ടാ ……” അവൾ പറഞ്ഞു ” ങും …. ശരി ….” തിരക്കുകളിലായിരുന്നത് കൊണ്ട് ഇരുവരും പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു … ഇടയ്ക്ക് ജിഷ്ണു ശ്രാവന്തിയെ കുറിച്ച് ഓർത്തു … അവളുടെ ഒഫീസിൽ എത്ര പേരുണ്ട് .. അഡ്വ. ഋഷികേശിന്റെ ജൂനിയർ ആണ് അവൾ .. മറ്റാരൊക്കെയാണ് അവിടെയുള്ളത് ..

പുരുഷന്മാരാണോ സ്ത്രീകളാണോ ഉള്ളത് … ഇടയ്ക്ക് എപ്പോഴോ ഒരു സീനത്തിനെ കുറിച്ച് ശ്രാവന്തി പറഞ്ഞത് ജിഷ്ണു ഓർത്തു … അഞ്ച് മണിയാകാറായപ്പോൾ ജിഷ്ണു ശ്രാവന്തിയെ ഫോണിൽ വിളിച്ചു .. ” തനെപ്പോ ഇറങ്ങും…. ?” ” ഒരു മണിക്കൂറെങ്കിലും കഴിയാതെ പറ്റില്ല ജിഷ്ണുവേട്ടാ .. ഞാനിന്ന് നല്ലോണം വൈകും .. വലിയ കേസാണ് .. ഒരു പാട് കോളിളക്കം സൃഷ്ടിച്ച പോക്സോ കേസ് … നന്നായി ഹാർഡ് വർക്ക് ചെയ്താലേ പറ്റൂ … ” ” ങും .. കൂടെയാരുണ്ട് …? ” ” ഋഷി സർ ……” ” വേറെയാരുമില്ലേ…. ?”

” ഇല്ല … ഞാനാ സാറിന്റെ കൂടെ കോർട്ടിൽ അപ്പിയർ ചെയ്യുന്നേ …. ” ” ആ ഓഫീസിൽ വേറാരുണ്ട് ….?” “ഞാനും ഋഷി സാറും .. ആ പിന്നെ രാമേട്ടനും .. ഋഷി സാറിന്റെ ഗുമസ്തൻ … ” ” അയാൾ കേസ് പഠിക്കാൻ ഉണ്ടാവില്ലല്ലോ ….” ശ്രാവന്തിക്ക് അപകടം മണത്തു … അവന്റെ ചോദ്യങ്ങളിൽ എന്തോ ഒരു കൊനഷ്ടുണ്ട് .. ” എന്താ ജിഷ്ണുവേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നേ ….?” “ഹേയ് ഞാനറിയാൻ വേണ്ടി ചോദിച്ചതാ … നീയെപ്പോ വരും തിരിച്ച് …? ” ” അറിയില്ല ജിഷ്ണുവേട്ടാ … ഇവിടുന്ന് ഇറങ്ങീട്ട് … ബസ് കിട്ടി വേണ്ടേ വരാൻ … ” അവൾ പറഞ്ഞു … “

ങും …… എന്നെ വിളിച്ചാൽ മതി ….” അവൻ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു … ശ്രാവന്തി ഫോണും പിടിച്ച് നിന്നു … ജിഷ്ണുവേട്ടന്റെ വാക്കുകളിലെല്ലാം മറ്റെന്തോ ധ്വനിയുള്ളത് പോലെ .. ഇതുവരെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ … * * * * * * * * * * * * * * * * ” ശ്രാവന്തി എങ്ങനെ പോകും ….” ഇറങ്ങാൻ നേരം ഋഷികേശ് ചോദിച്ചു .. ” ബസിന് ……” അവൾ ഇറങ്ങാനുള്ള തിടുക്കത്തോടെ പറഞ്ഞു … ” ലേറ്റാകില്ലേ എത്താൻ …. ഞാൻ ഡ്രോപ്പ് ചെയ്യാം .. ഞാനും അങ്ങോട്ടാണല്ലോ …” ” കുഴപ്പമില്ല സർ ..ഞാൻ പൊയ്ക്കോളാം ….”

” ഇയാള് വാ കുട്ടി .. ബസ് കിട്ടി അവിടെയെത്തുമ്പോ രണ്ട് മണിക്കൂർ പിടിക്കും … വീട്ടിലെത്തിയിട്ട് കേസ് ഒന്നുകൂടി നന്നായി ബൈഹാർട്ട് ചെയ്യണം .. വെറുതെ ടൈം കളയണ്ട … വാ…..” ശ്രാവന്തിക്ക് പിന്നെ എതിർക്കാൻ കഴിഞ്ഞില്ല … അവൾ ഋഷികേശിന്റെ കാറിൽ കയറി … * * * * * * * * * * ഏഴ് മണിയാകാറായപ്പോൾ ശ്രാവന്തി വിളിച്ചു … ” ജിഷ്ണുവേട്ടാ … ടൗണിലേക്ക് വാ ….” ” ടൗണിലോ …. സ്റ്റാൻഡിൽ വരണ്ടെ…” ” വേണ്ട … എന്നെ ഋഷി സാറാ ഡ്രോപ്പ് ചെയ്യുന്നേ …..” ” ഓ ……” അവൻ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു കളഞ്ഞു …

ഋഷികേശ് അടുത്തുള്ളതിനാൽ അവൾക്ക് തിരിച്ചു വിളിക്കാൻ മടി തോന്നി … ടൗണിലിറങ്ങിയിട്ട് വിളിക്കാമെന്ന് കരുതി അവളിരുന്നു … ജിഷ്ണുവേട്ടന് എന്താണ് പെട്ടന്നിങ്ങനെയൊരു മാറ്റമെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല … * * * * * * * * * * ശ്രാവന്തി ടൗണിൽ വന്നിറങ്ങുമ്പോൾ ജിഷ്ണു അവളെ കാത്ത് അവിടെയുണ്ടായിരുന്നു … ഋഷികേശിന്റെ കാറിന്റെ മുൻ സീറ്റിൽ നിന്ന് ശ്രാവന്തി ഇറങ്ങുന്നത് ജിഷ്ണു കണ്ടു … ഇറങ്ങിയിട്ട് , കുനിഞ്ഞ് അകത്തേക്ക് നോക്കി അവളെന്തോ പറഞ്ഞു …

ശേഷം ഋഷികേശ് കാറോടിച്ചു പോയി … ശ്രാവന്തി റോഡ് വക്കിലേക്ക് മാറി നിന്ന് ജിഷ്ണുവിനെ വിളിക്കാൻ ഫോണെടുത്തു … സൂപ്പർ മാർക്കറ്റിന്റെ അടുത്തായി കാർ പാർക്ക് ചെയ്തിരുന്ന ജിഷ്ണുവിന് , വെയ്റ്റിംഗ് ഷെഡിന് മുന്നിലായി നിൽക്കുന്ന ശ്രാവന്തിയെ കാണാമായിരുന്നു .. ശ്രാവന്തിയുടെ നോട്ടം വീട്ടിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിലേക്കായിരുന്നു .. അവൻ മുന്നേ വന്ന് , കാർ തിരിച്ചിട്ട് കാത്തു കിടക്കുന്നത് അവളറിഞ്ഞില്ല … അവൾ ഫോണിൽ എന്തോ ചെയ്യുന്നത് കണ്ടതും ,ജിഷ്ണു വേഗം തന്റെ ഫോൺ ഫ്ലെറ്റ് മോഡിലാക്കി … ശേഷം സീറ്റിലേക്ക് ചാരി , സ്റ്റിയറിംഗിൽ വിരൽ കൊണ്ട് തട്ടിക്കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു … ഒരു പ്രത്യേകതരം ഉന്മാദത്തോടെ … (തുടരും )

ശ്രാവണം- ഭാഗം 26

Share this story