ദേവനന്ദ: ഭാഗം 20

ദേവനന്ദ: ഭാഗം 20

എഴുത്തുകാരി: ടീന കൊട്ടാരക്കര

” മുത്തശ്ശി… ” നന്ദ ദേവകിയമ്മയെ ചേർത്ത് പിടിച്ചു, അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

” മുത്തശ്ശി ഒന്ന് സംസാരിക്കാൻ എത്ര നാളായി ഞാൻ… ” അവൾ പൂർത്തിയാക്കാതെ വിതുമ്പി മുത്തശ്ശിയുടെ തോളോട് ചേർന്നിരുന്നു. മാധവനും ശാരദയും വൈദ്യരോടൊപ്പം അകത്തേക്ക് കയറി വന്നതും നന്ദ കണ്ണു തുടച്ചു എഴുന്നേറ്റു.

“അച്ഛാ.. മുത്തശ്ശി.. ” ദേവകിയമ്മ പെട്ടന്ന് അവളുടെ കയ്യിൽ പിടുത്തമിട്ടു. പറയരുത് എന്നൊരു മുന്നറിയിപ്പ് പോലെ.

“എന്താ മോളെ ” മാധവൻ അന്വേഷിച്ചു.

“അത്… മുത്തശ്ശിക്ക് നല്ല മാറ്റം ഉണ്ടല്ലേ.. ” അവൾ പറയാൻ വന്ന കാര്യം മറച്ചുവെച്ചു ചോദിച്ചു.

” പിന്നില്ലാതെ.. വളരെ മാറ്റം ഉണ്ട്. ഇവിടെ കൊണ്ടു വരുമ്പോൾ കൈ അനക്കാൻ പറ്റില്ലായിരുന്നല്ലോ.. ഇപ്പോൾ അനായാസം കൈയും കാലും വഴങ്ങും.. പിന്നെ നാവിനു ആണ് അല്പം കുഴപ്പം കാണുന്നത്… സാരമില്ല അതും ഉടനെ ശെരിയാകും ” വൈദ്യരാണ് മറുപടി നൽകിയത്.

” ചികിത്സ കൊണ്ട് ഇത്രയധികം മാറ്റം വരുമെന്ന് ഞാനും കരുതിയില്ല വൈദ്യരെ.. ” മാധവൻ പറഞ്ഞു

“പഞ്ചകർമ ചികിത്സ കൊണ്ട് മാറാവുന്ന അസുഖങ്ങളെ ദേവകിയമ്മയ്ക്ക് ഉള്ളു.. ശരീരത്തെക്കാൾ ഉപരി മനോധൈര്യം അവിടെ ആവോളം ഉണ്ടല്ലോ.. അത് മതി ശരീരത്തിന്റെ ഏത് ബലഹീനതയും മറികടക്കാൻ ” വൈദ്യർ ചിരിയോടെ പറഞ്ഞു.

” മുത്തശ്ശി പഴയത് പോലെ സംസാരിക്കുന്നത് ഇനി കുട്ടിക്ക് വേഗം കാണാം കേട്ടോ ” വൈദ്യർ നന്ദയോട് പറഞ്ഞു. അവൾ ചെറു ചിരിയോടെ മുത്തശ്ശിയെ നോക്കി. മുത്തശ്ശിയും അവളെ നോക്കി ചിരിച്ചു. ആ ചിരിയിൽ മറ്റെന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ. കുറെയേറെ രഹസ്യങ്ങൾ ഉള്ള പോലെ അവൾക്ക് തോന്നി. അല്പസമയം കൂടി അവൾ മുത്തശ്ശിയോടൊപ്പം ചിലവഴിച്ചു. ഉച്ച തിരിഞ്ഞ നേരത്ത് അവൾ തിരികെ പോകാനായി തയ്യാറായി. മുത്തശ്ശിയോട് യാത്ര പറഞ്ഞു നെറ്റിയിൽ ഒരു മുത്തവും നൽകി അവൾ ഇറങ്ങി. ഒന്നു കൂടി തിരികെ നോക്കിയപ്പോഴും കള്ള കണ്ണനെ പോലെ മുത്തശ്ശി വീണ്ടും അവളെ നോക്കി ചിരിക്കുകയാണ്.

നന്ദയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു. മുത്തശ്ശി പഴയ പോലെ സംസാരിച്ചല്ലോ.. അത് മതി. തന്റെ മുത്തശ്ശി എത്രയും വേഗം തിരികെ വരും. അവൾ മനസ്സിൽ മന്ത്രിച്ചുകൊണ്ടിരുന്നു.

തിരിച്ചു തറവാട്ടിലെത്തിയപ്പോൾ കണ്ടത് കലിതുള്ളി നിൽക്കുന്ന ആതിരയെ ആണ്. കൂടെ തറവാട്ടിലെ പെൺപടകൾ എല്ലാം ഉണ്ട്. നന്ദയെ കണ്ടതും ആതിര പാഞ്ഞടുത്തു

” ഡി… നീ കാരണം ഇവിടൊരു സമാധാനം ഇല്ലാതെ ആയല്ലോ ”

“എന്താ.. എന്തുണ്ടായി ” നന്ദ ഒന്നും മനസിലാവാതെ ചോദിച്ചു

” നീ ഇങ്ങോട്ട് എഴുന്നൊള്ളിച്ചു കൊണ്ടുവന്ന നിന്റെ പശു, ദേ എന്റെ ചെടിയെല്ലാം തിന്നു നശിപ്പിച്ചു, മുറ്റത്തു കിടന്നിരുന്ന എന്റെ പുതിയ പാർട്ടി വെയർ കടിച്ചു നാശമാക്കി “ആതിര മുറ്റത്തേക്ക് കൈ ചൂണ്ടി.

മുറ്റത്തു കുറച്ചു പൂച്ചെടികൾ അലങ്കോലമായി കിടക്കുന്നതവൾ കണ്ടു. ആതിരയുടെ ഒരു ഡ്രെസ്സും മുറ്റത്തു കിടക്കുന്നത് കണ്ടു. തന്റെ പശു ഇങ്ങനെയൊന്നും ചെയ്യാൻ സാധ്യത ഇല്ലല്ലോയെന്നവൾ ചിന്തിച്ചു.

“ഞാൻ രാവിലെ പശുവിനെ തൊഴുത്തിൽ കെട്ടി ഇട്ടിട്ടാണല്ലോ പോയത് ”

“നീ കുറെ കെട്ടിയിട്ടു.. കണ്ടില്ലേ ആ ജന്തു ഇതെല്ലാം നശിപ്പിച്ചു. ” ആതിര ദേഷ്യത്തോടെ പറഞ്ഞു.

” ഞാനൊന്ന് നോക്കട്ടെ ” നന്ദ തൊഴുതു ലക്ഷ്യമാക്കി നടന്നു. തൊഴുത്തിന് അരികിലായി അവളുടെ പശു നിൽപ്പുണ്ട്. അരികിൽ ചെന്നു നോക്കിയപ്പോൾ കഴുത്തിലെ കയർ അറുത്ത് മാറ്റിയ രീതിയിൽ ആയിരുന്നു.

” ഇവളുടെ കയർ ആരോ മുറിച്ചു വിട്ടതാ..അല്ലാതെ ഒരിക്കലും കെട്ടിയ കയർ തനിയെ അഴിച്ചു പശു വരില്ലല്ലോ ” നന്ദ അതിരയോട് പറഞ്ഞു.

” അതൊന്നും എനിക്കറിയില്ല, മര്യാദക്ക് എന്റെ ചെടികളെല്ലാം പഴയ രീതിയിൽ ആക്കിതന്നോണം. പുതിയ ഡ്രെസ്സാ.. എന്ത് വിലയുള്ളതാ. അതും നീ വാങ്ങിത്തരണം ”
ചെറിയമ്മമാരും ആതിര പറയുന്നത് ശെരിയെന്ന അർത്ഥത്തിൽ നിന്നു.

” പോട്ടെ ആതിരേ.. അതൊരു മിണ്ടാപ്രാണി അല്ലെ.. അറിയാതെ ചെയ്തത് ആകും. നീ അതിനു നന്ദയോട് ദേഷ്യപ്പെടാതെ ” മാലിനി അവളോട്‌ പറഞ്ഞു.

” ചെറിയമ്മ ഇവൾക്ക് വക്കാലത്തും ആയിട്ട് വരേണ്ട.. ഇതിവൾ മനഃപൂർവം ചെയ്തത് തന്നെയാ ” ആതിര അതേ നിലപാടിൽ തുടർന്നു. എനിക്കൊന്നും പറയാൻ ഇല്ലന്ന് പറഞ്ഞു നന്ദ അകത്തേക്ക് കയറാൻ തുടങ്ങി.
ആതിര വന്നു അവളെ തടഞ്ഞു

“ഇതിനൊരു സമാധാനം ഉണ്ടാക്കിയിട്ട് നീ അകത്തു കയറിയാൽ മതി. അല്ലെങ്കിൽ അകത്തേക്ക് കയറാമെന്നു വിചാരിക്കേണ്ട. എന്ന് എനിക്ക് പുതിയ ഡ്രസ്സ്‌ എടുക്കുന്നോ അന്ന് മതി നീ ഈ തറവാട്ടിൽ ” ആതിര നിലപാട് കടുപ്പിച്ചു. കൈ വാതിലിന് കുറുകെ വെച്ചവൾ നിന്നു

നന്ദ ആതിരയെ അടിമുടി നോക്കി.
” ചേച്ചിക്ക് ഞാൻ പുതിയ ഡ്രസ്സ്‌ എടുത്ത് തരാം.. മുത്തശ്ശി ഒന്നിങ്ങു വന്നോട്ടെ ” സ്വരം കടുപ്പിച്ചു അവൾ പറഞ്ഞു. ആതിര പെട്ടന്ന് നിശബ്ദമായി. അതിരയ്ക്കു ഒരു ദഹിപ്പിക്കുന്ന നോട്ടവും നൽകി അവൾ കൈ തട്ടിമാറ്റി അകത്തേക്ക് കയറി.

********************************

പിറ്റേന്നു കോളേജിലെത്തിയപ്പോൾ കല്യാണി വന്നിട്ടുണ്ടായിരുന്നില്ല. മീരയോട് ചോദിച്ചപ്പോൾ തലേന്നും അവൾ അബ്സെന്റ ആയിരുന്നു എന്നറിഞ്ഞു. “വിളിച്ചപ്പോൾ പനി ആണെന്ന് മാത്രം പറഞ്ഞു കാൾ കട്ട്‌ ആക്കി ” മീര പറഞ്ഞു.

അന്ന് വിഷ്ണു ക്ലാസ്സിലെത്തിയിട്ട് അധികം സംസാരം ഒന്നും ഉണ്ടായില്ല. നന്ദയെയും മീരയെയും നോക്കി പതിവുപോലെ പുഞ്ചിരിച്ചു. അന്നത്തെ ദിവസം സാധാരണ പോലെ കടന്നു പോയി.

വൈകിട്ട് തറവാട്ടിലെത്തി കുളിയും കഴിഞ്ഞു പഠിക്കാനായി ഇരുന്നപ്പോഴാണ് നന്ദ അത് ശ്രെധിച്ചത്. മുറിയാകെ വലിച്ചു വാരി ഇട്ടേക്കുന്നു. അവൾ എഴുന്നേറ്റു ചുറ്റും നോക്കി. തന്റെ ബാഗ് തുറന്ന് കിടക്കുന്നു. ബുക്സ് പലതും തറയിൽ ആണ്. അവൾ എല്ലാം പരിശോധിച്ചു. തന്റെ ഫോൺ കാണുന്നില്ല. നന്ദ ബാഗിലും മേശപ്പുറത്തും എല്ലാം പരതി. ഒരിടത്തും കാണാൻ ഇല്ല. ആരോ തന്റെ മുറിയിൽ കയറി എടുത്തതാണ്.. അതാരാണെന്ന് മനസിലാക്കാൻ അവൾക് അധികനേരം വേണ്ടിവന്നില്ല.

കോണിപ്പടി കയറി നന്ദ മുകളിലെത്തി ആതിരയുടെ മുറിയുടെ വാതിലിൽ തട്ടി. വാതിൽ തുറന്നതും നന്ദയെ കണ്ടു അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു.

“എന്റെ ഫോണെവിടെ ” നന്ദ ചോദിച്ചു

“ഫോണോ.. ഏത് ഫോൺ ” ആതിര ഒന്നും അറിയാത്ത പോലെ നിന്നു

” ചേച്ചി ഞാൻ ഇല്ലാത്തപ്പോ എന്റെ മുറിയിൽ കയറി എടുത്ത ഫോൺ എവിടെന്നു ” നന്ദ അല്പം ഒച്ച ഉയർത്തി ചോദിച്ചു.
അവൾ ചോദിച്ചു തീർന്നതും തന്റെ ഫോൺ തറയിൽ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടു. അവൾ പെട്ടന്ന് തറയിൽ നിന്നും അതെടുത്തു ആതിരയെ നോക്കി. അവൾ ദേഷ്യത്തോടെ നന്ദയെയും നോക്കി.

“എന്തിനാ എന്റെ ഫോണെടുത്തു എറിഞ്ഞു പൊട്ടിച്ചത്… ” നന്ദ ആതിരയുടെ മുൻപിലേക്ക് നീങ്ങി നിന്നു.

” നീ എന്തിനാടി ദേവേട്ടനെ എന്നും വിളിച്ചു സംസാരിക്കുന്നത് ”

“അതു എന്റെ ഇഷ്ടം.. ചേച്ചിക്കെന്താ ”

“അത് ഇനി വേണ്ട.. മനസിലായോ.. ദേവേട്ടനോട്‌ നീ മിണ്ടാനോ ഓർക്കാനോ പാടില്ല ” ആതിരയുടെ കണ്ണിൽ കോപം ജ്വലിച്ചു.

“ഞാൻ മിണ്ടും.. ഓർക്കുകയും ചെയ്യും.. കാരണം ദേവേട്ടൻ എന്റെയാ.. ഈ നന്ദയുടെ.. വേറെ ആരും അതിൽ അവകാശം പറഞ്ഞു വരേണ്ട ” നന്ദ ആതിരയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി.

മുറിയിൽ എത്തി അവൾ പൊട്ടിയ ഫോണിലേക്ക് നോക്കി ഇരുന്നു. അവളുടെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല.. ഫോണിന്റെ ബാറ്ററി അഴിച്ചു നോക്കിയതും സിം ഒടിഞ്ഞു മടങ്ങി അതിൽ വെച്ചിരിക്കുന്നു.. നന്ദയ്ക്ക് ദേഷ്യത്തോടൊപ്പം സങ്കടവും വന്നു. അതിരയ്ക്കിട്ടു ഒന്നു പൊട്ടിക്കേണ്ടതായിരുന്നു എന്നവൾക്ക് തോന്നി. ഫോണിലേക്ക് നോക്കി അവൾ നിരാശയോടെ ഇരുന്നു.

പിറ്റേന്നു ക്ലാസിലെത്തി ഫോൺ പോയ കാര്യമെല്ലാം അവൾ കൂട്ടുകാരികളോട് പറഞ്ഞു. പനിയെല്ലാം മാറി കല്യാണിയും എത്തിയിരുന്നു.

“ഇനിയിപ്പോ എങ്ങനെയാ ദേവേട്ടനെ നീ വിളിക്കുക ” കല്യാണി ചോദിച്ചു

“ആവോ.. ഒരു വഴിയുമില്ല ”

“നീ അത്യാവശ്യം ആണേൽ എന്റെ ഫോണിൽ നിന്നു വിളിച്ചോ..” മീര അവളുടെ ഫോൺ നന്ദയ്ക്ക് നീട്ടി

“എനിക്ക് നമ്പർ കാണാതെ അറിയില്ലാടി.. ഫോണിൽ ദേവേട്ടൻ തന്നെ save ആക്കി ഇട്ടേക്കുവർന്നു.. അത്കൊണ്ട് കാണാതെ പഠിക്കാൻ ഒന്നും നിന്നില്ല ഞാൻ ” നന്ദ നിരാശയോടെ പറഞ്ഞു.

“വിഷ്ണു സാറിന്റെ കയ്യിൽ ദേവേട്ടന്റെ നമ്പർ ഉണ്ട് ” കല്യാണി പറഞ്ഞു.

“ഓഹോ ” മീര അവളെ നോക്കി കണ്ണടച്ചു

കല്യാണി ചിരിച്ചു. കൂടെ നന്ദയും.

“ഇനിയിപ്പോ സർ അല്ലല്ലോ.. ഏട്ടൻ അല്ലെ ” മീര അവളെ കളിയാക്കി.

“നീ എന്താ തീരുമാനം എടുത്തത് ” നന്ദയും ചോദിച്ചു.

കല്യാണി ഒന്നും മിണ്ടാതെ നാണത്തോടെ ചിരിച്ചു. അവൾക്ക് ഇഷ്ടം ആണെന്ന് മീരയും നന്ദയും ഉറപ്പിച്ചു.

“ഡി നന്ദേ… നീ വിഷ്ണു സാറിനോട് ഒരു കാര്യം പറയുമോ ” കല്യാണി ചോദിച്ചു.

“ഇല്ല.. ഇനിയെലാം നിങ്ങൾ നേരിട്ട് സംസാരിച്ചോ.. ഇടയ്ക്ക് ഞാൻ ഇല്ല ” നന്ദ കൈയൊഴിഞ്ഞു.

“അങ്ങനെ നിങ്ങൾ 2 പേർക്കും ഓരോ കൂട്ടു കിട്ടി… പാവം ഞാൻ ഇങ്ങനെ മുരടിച്ചു പോവേ ഉള്ളല്ലോ എന്റെ കൃഷ്ണാ ” മീര ചിരിച്ചുകൊണ്ട് പറഞ്ഞു

” അങ്ങനെ നിന്നെ മുരടിപ്പിക്കാതെ ഒരാൾ ഇങ്ങെത്തും ” നന്ദയും കല്യാണിയും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു.

ദിവസങ്ങൾ തുടരെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അടുത്ത സെമസ്റ്റർ എക്സാം ആരംഭിച്ചു. കല്യാണിയും വിഷ്ണുവും ഇണക്കുരുവികളായി കോളേജിലൂടെ പറന്നു നടന്നു. ഇടയ്ക്ക് ചില പിണക്കങ്ങളും വഴക്കുകളും ഉണ്ടാകുമെങ്കിലും മീരയും നന്ദയും ഇടപെട്ടു ഒത്തുതീർപ്പ് ആകും. നന്ദ പഠനത്തിരക്കിൽ മുഴുകി. ഒരു വിഷയത്തിൽ പോലും മാർക്ക്‌ കുറഞ്ഞു പോകരുതെന്ന് അവൾക്ക് വാശിയായി. ഉറക്കം നന്നേ കുറച്ചു അവൾ പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. പഠിച്ചു മടുക്കുമ്പോൾ ദേവേട്ടനോട് സംസാരിക്കണം എന്നവൾക്ക് അതിയായി ആഗ്രഹം തോന്നും. എങ്കിലും തത്കാലം അതുവേണ്ടന്നു മനസിനെ പറഞ്ഞു മനസിലാകും.. എങ്കിലും തനിക്കെന്തു പറ്റിയെന്നു ദേവേട്ടൻ വിചാരിക്കില്ലേ എന്നവൾ ചില നേരങ്ങളിൽ ചിന്തിക്കാറുണ്ട്. ഒരിക്കൽ ദേവേട്ടൻ ശേഖരൻ ചെറിയച്ഛന്റെ ഫോണിൽ വിളിച്ചിട്ട് തന്റെ കയ്യിൽ തരാൻ പറഞ്ഞപ്പോൾ ‘അവൾ ഇവിടില്ല അപ്പുറത്ത് എവിടെയോ ആണെന്ന്’ തന്റെ മുന്നിൽ വെച്ചാണ് പറഞ്ഞു കളഞ്ഞത്. ഒരു ദിവസം മാലിനി ചെറിയമ്മയുടെ ഫോണിൽ നിന്നും ദേവേട്ടനെ വിളിച്ചു, കുറെ റിങ് ചെയ്തത് അല്ലാതെ കാൾ അറ്റൻഡ് ചെയ്തില്ല. തിരികെ ദേവേട്ടൻ വിളിച്ചപ്പോൾ താൻ കോളേജിലും ആയിപോയി. തന്റെ ഫോൺ കേടായെന്നു മാത്രമേ ചെറിയമ്മ പറഞ്ഞിരുന്നുള്ളു. ഒന്ന് മിണ്ടിയിട്ട് ആ ശബ്ദം കേട്ടിട്ട് എത്ര ദിവസം ആയെന്നവൾ ഓർത്തു. ചിന്തകൾക്ക് വിരാമം ഇട്ടവൾ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു.

————————————————

ബാൽക്കണിയിൽ നിന്നു എന്തോ ചിന്തയിൽ ആയിരുന്നു ദേവൻ. ചുണ്ടിലേക്ക് ഒരു സിഗരറ്റ് കത്തിച്ചു പുകച്ചുകൊണ്ട് അവൻ ദൂരേക്ക് നോക്കി നിന്നു.

“എന്താടാ ഇത്ര വലിയ ചിന്ത ” ദേവന്റെ കൊള്ളീഗ്‌സ് ആയ കൈലാഷ് അങ്ങോട്ടേക്ക് എത്തി ചോദിച്ചു.

“ഏയ് ഒന്നുമില്ല ”

“വേറൊന്നുമല്ലട.. അവന്റെ പെങ്കൊച്ചിനെ വിളിച്ചിട്ട് കുറച്ചു ദിവസമായി അതിന്റെയാ ” ദേവന്റെ മറ്റൊരു ഫ്രണ്ട് ആയ റോബിൻ പറഞ്ഞു.

മലയാളികളായ റോബിനും കൈലാഷും ദേവനും ഒരുമിച്ചൊരു ഫ്ലാറ്റിലാണ് താമസം. വീട്ടിലെ എല്ലാ വിശേഷങ്ങളും പരസ്പരം പങ്കുവെക്കുന്നതിന്റെ കൂട്ടത്തിൽ നന്ദയെക്കുറിച്ചു പറഞ്ഞു അവർക്കും നല്ല പരിചയം ആണ്.

” അവളുടെ ഫോൺ കേടായിപ്പോയി.. ഒന്ന് സംസാരിക്കാൻ പറ്റുനില്ലടാ ” ദേവൻ അവർക്കൊപ്പം വന്നിരുന്നുകൊണ്ട് പറഞ്ഞു.

“നീ ടെൻഷൻ ആകാതെ.. നമുക്ക് വേറെന്തെങ്കിലും വഴി നോക്കാം ” അവർ അവനോടു പറഞ്ഞു.

“അവൾ അവിടെ ഒറ്റക്കാ.. അതാ എനിക്ക് പേടി. എല്ലാവരുടെയും ഇടയ്ക്ക് അവൾക്ക് പിടിച്ചുനിക്കാൻ പറ്റുമോന്ന് അറിയില്ല.. ഒരു പൊട്ടി പെണ്ണാടാ.. നന്നായി പഠിക്കുമെന്നെ ഉള്ളു… ഒരു പാവം പെണ്ണ് ” ദേവൻ ധീർകനിശ്വാസത്തോടെ പറഞ്ഞു.
റോബിനും കൈലാഷും അവനെ നോക്കിയിരുന്നു.

“ഞാൻ ഈ സിഗരറ്റ് ഉപയോഗിക്കുന്നതു അവൾക്ക് തീരെ ഇഷ്ടമല്ല ” ദേവൻ ഒരു ചിരിയോടെ പറഞ്ഞു.

“എന്തായാലും എനിക്ക് അവളോട്‌ സംസാരിക്ക്ണം ” ദേവൻ സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.

*********************************

പിറ്റേന്ന് എക്സാം കഴിഞ്ഞു നന്ദ തറവാട്ടിലേക്ക് വന്നതും അകത്തു ആരുടെയോ സംസാരം കേട്ടു. ചെറിയച്ഛന്മാരെ കാണാൻ ആരെങ്കിലും വന്നതാകുമെന്ന് കരുതി അവൾ ശ്രെദ്ധിക്കാതെ അകത്തേക്ക് കയറിയതും പിറകിൽ നിന്നും അവളെ വിളിച്ചു.

“നന്ദൂട്ടി…”

നന്ദ ഞെട്ടിത്തിരിഞ്ഞു നോക്കിയതും മുൻപിൽ ദേവൻ നിൽക്കുന്നു. അവൾക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവളുടെ മിഴികൾ നിറഞ്ഞു വന്നു. അവളെയൊന്ന് ചേർത്തുപിടിക്കാൻ ദേവൻ ആഗ്രഹിച്ചു. ഓടി വന്നോന്നു ദേവന്റെ മാറിൽ ചേരാൻ അവളും കൊതിച്ചു.

ചെറിയച്ഛന്മാരും ചെറിയമ്മമാരും സാവിത്രി അപ്പച്ചിയും എല്ലാം ചുറ്റും ഉള്ളത്കൊണ്ട് അവർ സ്വയം നിയന്ത്രിച്ചു. പോരാത്തതിന് ആതിര അവരെത്തന്നെ വീക്ഷിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.

“എനിക്ക് ലീവ് കിട്ടി.. അതോണ്ട് ഇങ്ങു പോന്നു ” ദേവൻ അവളോട് പറഞ്ഞു

“മം ” നന്ദ മൂളി.

അവൻ അവളോട് കുറച്ചു നേരം സംസാരിച്ചു. മറ്റുള്ളവർക്ക് ആർക്കും അതൊന്നും അധികം ഇഷ്ട്ടപെട്ടില്ല. ദേവന്റെ നന്ദൂട്ടി എന്നുള്ള വിളി കേൾക്കുമ്പോൾ ആതിര പല്ലിറുമ്പി.

“നീ വേഗം ഒന്ന് ഫ്രഷ് ആയിട്ട് വാ.. നമുക്ക് മുത്തശ്ശിയെ കാണാൻ പോവാം ” ദേവൻ പറഞ്ഞു

“എന്തിനാ അവൾ.. നീ ഒറ്റക് പോയിട്ട് വാ ” സാവിത്രി പറഞ്ഞു

“എനിക്ക് വഴി അറിയില്ല അമ്മേ.. അതാ നന്ദയെ കൂടെ കൂട്ടുന്നത് ”

“എങ്കിൽ ഞാൻ കൂടെ വരാം ദേവേട്ടാ ” ആതിര ഇടക്ക് കയറി പറഞ്ഞു.

“വേണ്ട.. ഇത്രയും നാൾ ആയിട്ടും നിനക്ക് അവിടെപ്പോയി മുത്തശ്ശിയെ കാണാൻ പറ്റിയില്ലല്ലോ, ഇനിയിപ്പോ വേണ്ട ” ദേവൻ അല്പം കനപ്പിച്ചു പറഞ്ഞു. പിന്നെ അവളൊന്നും സംസാരിച്ചില്ല.

നന്ദ വേഗം കുളിച്ചു ചായയും കുടിച്ചു റൂമിലേക്ക് എത്തി. കതകിൽ ആരോ മുട്ടുന്നത് കേട്ടു അവൾ വാതിൽ പാതി തുറന്നു നോക്കി. ദേവേട്ടനാണ്. മുഖത്തു കള്ളച്ചിരി.

“എന്താ ” കൃത്രിമ ഗൗരവത്തോടെ നന്ദ ചോദിച്ചു.

“സെറ്റ് സാരി ഉടുത്താൽ മതി..തിരിച്ചു വരുമ്പോ അമ്പലത്തിൽ കൂടി കയറാം ”

“മം… ” അവൾ ദേവനെ നോക്കി ചിരിച്ചോണ്ട് കതക് അടക്കാൻ തുടങ്ങി.

“പിന്നേ…. ” ദേവൻ കതകിൽ കൈ ചാരി നിന്നു

“പിന്നെ ഒന്നുല്ല.. ” അവൾ അവനെ തള്ളിമാറ്റി ചിരിയോടെ വാതിൽ അടച്ചു.

ദേവനും നന്ദയും ഒരുമിച്ചു കാറിൽ കയറി മുത്തശ്ശിയുടെ അടുത്തേക് പോയി. മുത്തശ്ശി അവരെ വളരെ സന്തോഷത്തോടെ അടുത്ത് ഇരുത്തി. മുത്തശ്ശി ഇരുവരുടെയും തലയിൽ കൈ വെച്ച് മനസ് നിറഞ്ഞു അനുഗ്രഹിച്ചു. അവർ കുറെ നേരം സംസാരിച്ചിരുന്നു. സന്ധ്യയോടെ ദേവനും നന്ദയും തിരിച്ചു. അമ്പലത്തിൽ കയറി തൊഴുതു, പിന്നീട് അമ്പലക്കുളത്തിനടുത് ചെന്നിരുന്നു സംസാരിച്ചു.

പറയാൻ ബാക്കി വെച്ച എല്ലാ വിശേഷങ്ങളും പരിഭവങ്ങളും എല്ലാം പങ്കുവെച്ചു.

“ഞാൻ വിചാരിച്ച പോലെ അല്ലല്ലോ.. ആളങ്ങു മിടുക്കി ആയല്ലേ ” ദേവൻ ചോദിച്ചു

“ദേവേട്ടനല്ലേ പറഞ്ഞത് സ്ട്രോങ്ങ്‌ ആയിരിക്കണമെന്ന്… ഇപ്പൊ ഡബിൾ സ്ട്രോങ്ങാ ” അവൾ അവന്റെ തോളോട് ചേർന്നിരുന്ന് പറഞ്ഞു.
കുറച്ചു സമയം കൂടി സംസാരിച്ചിരുന്നതിനു ശേഷം അവർ തിരികെ പോയി. നന്ദയെ കൈപമംഗലത് ആകിയിട്ട് അവൻ വീട്ടിലേക്ക് പോയി.

രണ്ടു ദിവസങ്ങൾക്ക് ശേഷം രാവിലെയുള്ള ഫോൺ ബെൽ കേട്ടുകൊണ്ടാണ് ദേവൻ ഉറക്കം എണീറ്റത്. ശേഖരൻ ചെറിയച്ഛനാണ്‌. കോൾ അറ്റൻഡ് ചെയ്ത് അവൻ ചെവിയിലേക്ക് വെച്ചു.

“മോനെ…. വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വരണേ.. ആതിര മോൾ… അവൾ ആത്മഹത്യക്ക് ശ്രെമിച്ചു. ”

ശേഖരൻ പതർച്ചയോടെ പറഞ്ഞു. ദേവൻ പെട്ടന്ന് തന്നെ അമ്മയെയും അച്ഛനെയും വിവരം അറിയിച്ചു. അവരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി.

അവർ എത്തുമ്പോൾ എല്ലാവരും അവിടെയുണ്ട്. ശേഖരനും സുമതിയും കരഞ്ഞുകൊണ്ട് പുറത്ത് നിൽപ്പുണ്ട്. ദേവൻ നന്ദയുടെ അടുത്തേക്ക് ചെന്നു.

“എന്താ കാര്യം ”

“അറിയില്ല ദേവേട്ടാ… രാവിലെ നോക്കിയപ്പോ കൈ മുറിച്ചു ബാത്‌റൂമിൽ കിടക്കുന്നത് കണ്ടു ”

“പേഷ്യന്റിനു ബോധം വീണിട്ടുണ്ട്. കാണേണ്ടവർക്ക് കാണാം. “ഡോക്ടർ പുറത്തേക്ക് വന്നു പറഞ്ഞു.

എല്ലാവരും അകത്തേക്ക് കയറി. പതം പറച്ചിലും കണ്ണീരുമായി സുമതി അവിടെ ഇരുന്നു. എന്താ കാര്യമെന്നുള്ള ചോദ്യത്തിന് എല്ലാവരും മൗനമായി നിന്നു.

” കാര്യം ഞാൻ പറയാം… എനിക്കറിയാം ” സുമതി ഉറക്കെ പറഞ്ഞു

എല്ലാവരും അവരെ നോക്കി

“എന്റെ മോൾക്ക് ദേവനെ വേണം… അവനെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴാ അവളീ കടുംകൈ ചെയ്തത് ”

ദേവൻ അമ്പരന്നു ആതിരയെ നോക്കി. നന്ദ നെഞ്ചത്ത് കൈ വെച്ചു.
എല്ലാവരുടെയും മുഖത്തു അമ്പരപ്പും സഹതാപവും നിറഞ്ഞു.
ആതിര കണ്ണീർ വാർത്തുകൊണ്ട് കട്ടിലിൽ കിടന്നു.

“ദിനകരൻ ചേട്ടാ, സാവിത്രി.., നിങ്ങൾ 2 പേരും ഇനിയൊരു തീരുമാനം എടുക്കണം.. നിങ്ങളുടെ മകനുവേണ്ടി ജീവൻ പോലും കളയാൻ തയ്യാറായ എന്റെ മോളെ നിങ്ങൾ കണ്ടില്ലന്നു നടിക്കരുത് ” സുമതി കരച്ചിലോടെ പറഞ്ഞു.

ദേവനും നന്ദയും പരസ്പരം നോക്കി. നന്ദ ദേവന്റെ കൈയിൽ മുറുകെ പിടിച്ചു.

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം സാവിത്രി അവരുടെ അടുത്തേക്ക് വന്നു.

“എന്റെ മോൻ ദേവൻ ആതിരയുടെ കഴുത്തിൽ താലി ചാർത്തും.” അവർ അവളുടെ അടുത്തെത്തി പറഞ്ഞു.

മറ്റുള്ളവരുടെ മുഖത്തു സന്തോഷം നിറഞ്ഞു. ആതിര കണ്ണു തുടച് എഴുന്നേറ്റു ഇരുന്നു. ദിനകരനും മാലിനിയും ഇഷ്ട്ടക്കേടോടെ മാറിനിന്നു.

” ദേവൻ ഈ അവസ്ഥയിൽ അവളെ ഇനിയും വേദനിപ്പിക്കരുത് “അവൻ എതിർത്തു എന്തേലും പറയുന്നതിന് മുന്നേ സാവിത്രി കൂട്ടിച്ചേർത്തു.

തന്നെ മുറുക്കെ പിടിച്ചിരുന്ന നന്ദയുടെ കൈകൾ അയയുന്നത് ദേവൻ അറിഞ്ഞു…(തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 16

ദേവനന്ദ: ഭാഗം 17

ദേവനന്ദ: ഭാഗം 18

ദേവനന്ദ: ഭാഗം 19

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story