പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 8

എഴുത്തുകാരി: തപസ്യ ദേവ്‌


പത്മത്തിന്റെ വാക്കുകൾ വിശ്വസിക്കാനാകാത്ത പോലെ പവിത്ര പത്തായപ്പുരയുടെ തുറന്നിട്ട വാതിലിലേക്ക് നോക്കി നിന്നു .

” എന്നാലും അമ്മേ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ വാടകയ്ക്ക് കൊടുക്കുന്ന കാര്യം.. ”
പവിത്ര പത്മത്തിന്റെ പുറകേ നടന്നു കൊണ്ടു ചോദിച്ചു.

” നിന്നോട് ചോദിച്ചാൽ ഉടനെ നീ അങ്ങ് സമ്മതിക്കുമല്ലോ.. ”

” ഇതിപ്പോ വാടകയ്ക്ക് കൊടുക്കേണ്ട ആവശ്യം എന്തായിരുന്നു…?? ”
പവിത്ര ദേഷ്യത്തോടെ ചോദിച്ചു.

” നിനക്കോ ജോലി ഇല്ല… നമ്മുക്ക് ജീവിക്കണ്ടായോ..
മാസം ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ കിട്ടിയാൽ പുളിക്കുമോ.. !!

” എനിക്ക് ജോലി ഇല്ലെന്ന് പറഞ്ഞു വാടകയ്ക്ക് കൊടുത്തെന്നോ… എവിടുന്ന് കിട്ടി ഈ ഐഡിയ..
ആൺമക്കൾ പറഞ്ഞു തന്നതാണോ ”

” എന്തിനാ പവിത്രേ എഴുതാപ്പുറം വായിക്കുന്നത്.. ”

” അമ്മ മര്യാദക്ക് ഇപ്പോൾ വന്നിരിക്കുന്ന വീട്ടുകാരോട് തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞോ… നമ്മുക്ക് ജീവിക്കാൻ അങ്ങനെ വാടക കാശിന്റെ ആവശ്യം ഒന്നും വരില്ല ”

പത്മം ചോദ്യ ഭാവത്തിൽ അവളെ തിരിഞ്ഞു നോക്കി.

കൈമൾ സാറിനെ കണ്ടതും അദ്ദേഹം പറഞ്ഞതുമൊക്കെ അവൾ അമ്മയോട് പറഞ്ഞു. അത് കേട്ടപ്പോൾ പത്മത്തിന്റെ മുഖം തെളിഞ്ഞു.

” അതൊക്കെ നല്ല കാര്യം തന്നെ… എന്നു വെച്ച് ഇനിയിപ്പോ താമസിക്കാൻ വന്ന ആളെ ഈ കാര്യം പറഞ്ഞു ഒഴിവാക്കാൻ പറ്റില്ല മോളെ ”

” അതെന്താ പറ്റാത്തത്… ”

” പറ്റത്തില്ല അത്ര തന്നെ ”
പത്മവും വാശിയോടെ പറഞ്ഞു.

” ആരാ എന്താ എന്നൊന്നും അറിയാതെ അങ്ങ് വീട് താമസിക്കാൻ കൊടുത്തോ…
നാളെ എന്തേലും പ്രശ്നം വരുമ്പോൾ എന്നോട് പറഞ്ഞോണ്ട് വന്നേക്കരുത് കേട്ടല്ലോ ”

അമ്മയോട് ഒരു താക്കീത് ആയി പറഞ്ഞിട്ട് അവൾ മുറിയിലേക്ക് പോയി. മുറിയിൽ ചെന്നിട്ടും അവളുടെ ദേഷ്യം കുറഞ്ഞില്ല.

വീട് വാടകയ്ക്ക് കൊടുത്തതിൽ കുഴപ്പം ഒന്നുമില്ല, ഒരു വാക്ക് തന്നോട് പറഞ്ഞിട്ട് താമസിക്കാൻ വരുന്നവരെ താനും കൂടെ കണ്ട് നല്ലതാണോ എന്ന് ഉറപ്പു വരുത്തിയിട്ട് കൊടുക്കാത്തതിൽ ആണ് അവൾക്ക് പരാതി.

അപ്പോഴാണ് പവിത്രയുടെ ഫോൺ ശബ്‌ദിച്ചത്.
ഡിസ്‌പ്ലേയിൽ തെളിഞ്ഞ രാജേഷിന്റെ പേര് കണ്ടപ്പോൾ ആണ് ബസിൽ വെച്ച് വിളിച്ചപ്പോൾ ഒന്നും കേൾക്കാഞ്ഞിട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ആക്കിയത് അവൾക്ക് ഓർമ്മ വന്നത്.

” ഹലോ ”

” ആ പറഞ്ഞോ ഏട്ടാ… ”

” എങ്ങനുണ്ട് പുതിയ വാടകക്കാർ… ”

” ഏട്ടൻ എങ്ങനെ അറിഞ്ഞു ഇവിടെ വാടകയ്ക്ക് കൊടുത്ത കാര്യം ”
പവിത്ര അമ്പരപ്പോടെ ചോദിച്ചു.
മറുപുറത്തു നിന്നുമുള്ള അവന്റെ ചിരി കേട്ടപ്പോൾ അവൾക്ക് ഏകദേശം കാര്യങ്ങളെ പറ്റി ഒരു ഊഹം കിട്ടി.

” സത്യം പറ ഏട്ടാ… ഏട്ടന്റെ ബുദ്ധി ആണോ ഇതിന് പിന്നിൽ… എന്തായാലും എന്റെ അമ്മയുടെ തലയിൽ ഇങ്ങനൊരു ബുദ്ധി ഉദിക്കില്ല… ”

” ഒരു ചെറിയ കൈയബദ്ധം… ഹിറ്റ്ലർ ദീദി എന്നെ കൊല്ലരുത് ”

” ഓഹ് ഏട്ടനും തുടങ്ങിയോ ഈ വിളി ”

” ചുമ്മാ ഒരു തമാശക്ക് വിളിച്ചതാ മോളെ…
നീ ഇത് ഇപ്പൊ ഇത്ര വിഷയം ആക്കാനും വേണ്ടിയൊന്നുമില്ല പെണ്ണേ…
ഞാൻ ആദ്യം ഇത് നിന്നോട് തന്നെ പറയാനാ വിളിച്ചോണ്ടിരുന്നത്…
നിന്നെ വിളിക്കുമ്പോൾ നീ എടുക്കില്ല.. പിന്നെ തിരിച്ചു നീ എന്നെ വിളിക്കുമ്പോൾ എനിക്ക് സമയം കാണില്ല ”

” ഓ അപ്പൊ ഈ കാര്യം പറയാൻ വേണ്ടിയാണോ വിളിചോണ്ട് ഇരുന്നത്… ”
അവൾ ഇടയ്ക്ക് കയറി ചോദിച്ചു.

” ആഹ് അതെ… പിന്നെ അപ്പച്ചിയോട് വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ അപ്പച്ചിയാ എന്നോട് പറഞ്ഞത് നിന്നോട് പറയണ്ടാ നീ അറിഞ്ഞാൽ സമ്മതിക്കില്ലെന്ന് ”

” ഉവ്വ് ഞാൻ സമ്മതിക്കില്ല… എന്നോടൊരു വാക്ക് പറയാതെ നിങ്ങൾ അപ്പച്ചിയും മോനും കൂടെ ഒപ്പിച്ച ഈ വാടക പരിപാടി ഞാൻ സമ്മതിച്ചു തരില്ല..
അല്ലെങ്കിൽ തന്നെ ഏട്ടൻ പറഞ്ഞെന്ന് കരുതി എന്താ ഏതാ എന്നൊന്നും അറിയാതെ ഒരു കുടുംബത്തെ കൊണ്ടു താമസിപ്പിക്കുവാ എന്നു വെച്ചാൽ അത് ശെരിയാവില്ല ഏട്ടാ ”
പവിത്ര ഗൗരവത്തോടെ പറഞ്ഞു.

” യ്യോ മോളെ ചതിക്കല്ലേ… എനിക്ക് നല്ലപോലെ അറിയാവുന്ന ആളാ താമസിക്കാൻ വന്നിരിക്കുന്നത്. എന്റെ ഫ്രണ്ട് ആണ് കക്ഷി. അവന് ട്രാൻസ്ഫർ കിട്ടിയിരിക്കുന്നത് നമ്മുടെ മങ്കൊമ്പിലേക്കാ. എന്നെ വിളിച്ചു താമസസൗകര്യം ശെരിയാക്കി കൊടുക്കണമെന്ന് പറഞ്ഞപ്പോൾ ഇതല്ലാതെ വേറൊന്നും എന്റെ മനസ്സിൽ വന്നില്ല. ധൈര്യമായിട്ട് ഇങ്ങ് പോന്നോളാൻ ഞാൻ അവനോട് പറഞ്ഞതിന്റെ പുറത്ത് അവൻ വന്നതാ..
പിന്നെ നീ വിചാരിക്കുന്ന പോലെ കുടുംബം ഒന്നുമില്ല അവൻ ഒറ്റയ്ക്ക വന്നിരിക്കുന്നത് ”

” ഏഹ് ഒറ്റയ്ക്ക് ആണെന്നോ… ശെരിയാവില്ല… ഇത് ശെരിയാവില്ല ”

” എന്ത് ശെരിയാവില്ല ”

” ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന ഇവിടെ ഒരു പുരുഷനെ താമസിപ്പിക്കുക… അത് നടക്കില്ല ഏട്ടാ… അയാൾക്ക് താമസിക്കണം എന്നുണ്ടെങ്കിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും കൂടെ കൊണ്ടു വന്നു നിൽക്കാൻ നോക്ക്.. അല്ലാതെ ഇത് നടക്കില്ല ”
പവിത്ര അന്തിമ തീരുമാനം പോലെ പറഞ്ഞു.

” എന്റെ പെണ്ണേ അവൻ കല്യാണം കഴിച്ചിട്ടില്ല കൂടെ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊണ്ടു വരാൻ… ”
പിന്നെ രാജേഷ് പറഞ്ഞതൊന്നും പവിത്ര കേട്ടില്ല. ഫോൺ കട്ട് ആക്കിയിട്ട് അമ്മയുടെ അടുത്തേക്ക് പോയി. തന്നെ ഉൾപ്പെടുത്താതെ രണ്ടുപേരും ചേർന്ന് ഉണ്ടാക്കിയ വാടക കരാർ പൊളിക്കുന്ന സന്തോഷം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

പത്മം നിലവിളക്ക് തെളിയിക്കാനായി ഒരുക്കി കൊണ്ടിരിക്കുവായിരുന്നു ആ സമയം.

” അമ്മേ ഈ പരിപാടി ഇവിടെ നടക്കില്ല ”

” എന്ത് വിളക്ക് കൊളുത്തുന്നതോ ”
പവിത്ര പറയുന്നതെന്തെന്ന് മനസിലാകാതെ അമ്മ അവളെ നോക്കി.

” അല്ല ഒരു ബാച്ചിലർക്ക് താമസിക്കാൻ വീട് കൊടുക്കാൻ പറ്റില്ല. ”

” എന്തുകൊണ്ട് പറ്റില്ല ”

” അമ്മ എന്താ ഒന്നും ചിന്തിക്കാതെ സംസാരിക്കുന്നത്… നമ്മൾ രണ്ട് സ്ത്രീകൾ താമസിക്കുന്നിടത്ത് ഒരു പുരുഷനെ എന്ത് വിശ്വസിച്ചാ നിൽക്കാൻ സമ്മതിച്ചത്… അയാൾ ചീത്ത സ്വഭാവമുള്ള ആളാണെങ്കിലോ.. ”

പവിത്ര പറയുന്നതൊക്കെ കേട്ട് പത്മം ചിരിയോടെ നിന്നു.

” എന്റെ പൊന്നുമോളെ, ഹിറ്റ്ലർ ദീദി നീ ഇവിടെ ഉള്ളപ്പോൾ എനിക്ക് ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ല… ഏത് ചീത്ത സ്വഭാവമുള്ളവനും ഇവിടെ വിളച്ചിൽ എടുക്കില്ല… ഇനി അഥവാ എടുത്താലും നീ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്… ”

അമ്മ പറഞ്ഞതിന് തിരിച്ചു പറയാനൊന്നും പവിത്രയ്ക്ക് വായിൽ വന്നില്ല. എങ്കിലും അവൾ ഇപ്പോൾ വന്ന ആളെ പറഞ്ഞു വിട്ടിട്ട് വേറേ ഫാമിലി ആയിട്ടുള്ളവർക്ക് വാടകയ്ക്ക് കൊടുക്കാൻ വീണ്ടും വാദിച്ചു.

” ദേ വിളക്ക് വെക്കുന്ന സമയത്ത് ചുമ്മാ പ്രശ്നം ഉണ്ടാക്കല്ലേ പവിത്രേ… ഇപ്പോൾ വന്ന ആളെ ഞാൻ പറഞ്ഞു വിടാൻ ഉദ്ദേശിക്കുന്നില്ല. അതെ രാജേഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാ അവനെ വിശ്വസിച്ചു എല്ലാം പെറുക്കി വന്ന ചെക്കനെ ഇറക്കി വിട്ടാൽ രാജേഷിനാ അതിന്റെ നാണക്കേട്. അതുകൊണ്ട് നീ നിന്റെ കാര്യം നോക്ക് പവിത്രേ… ”

അമ്മയുടെ ലാസ്റ്റ് ഡയലോഗിൽ പവിത്ര ഒന്ന് ഒതുങ്ങി. കാരണം സ്വന്തം ചേട്ടനേക്കാൾ അവൾ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും രാജേഷിനെയാണ്.

എങ്കിലും ഇപ്പോൾ താമസത്തിന് വന്ന ആളെ എങ്ങനേലും ഒഴിവാക്കണമെന്ന് തന്നെയായിരുന്നു അവളുടെ തീരുമാനം.

അത്താഴം കഴിച്ചു കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് കറന്റ്‌ പോയത്. കുറച്ചു നേരം നോക്കിയിരുന്നിട്ടും കറന്റ്‌ വരുന്നില്ലെന്ന് കണ്ടപ്പോൾ പവിത്ര കിടക്കാനായി മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് പുറത്ത് വാതിലിൽ ആരോ തട്ടി വിളിച്ചത്.

തുറക്കണോ വേണ്ടായൊന്ന് സംശയിച്ചു പത്മം പവിത്രയെ നോക്കി.

” അമ്മച്ചി ഇത് ഞാനാ ഡേവിഡ് ”
പുറത്ത് നിന്ന് ആരോ പറഞ്ഞു.

” ആഹ് ഡേവിഡ് മോനായിരുന്നോ ”
പത്മം മെഴുകുതിരിയുമായി ചെന്നു വാതിൽ തുറന്നു.
ഡേവിഡിന്റെ കയ്യിലും കത്തിച്ച ഒരു തിരിയുണ്ടായിരുന്നു.

” എല്ലാ വീട്ടിലും കറന്റ്‌ ഉണ്ട്… ഇവിടെ മാത്രമാ ഇല്ലാത്തത്….
ഫ്യൂസ് എന്തേലും പോയതാണോ ”

” അറിയില്ല മോനെ…ഇവിടെ നോക്കാൻ ആരും ഇല്ല ”

” മെയിൻ സ്വിച് എവിടാ അമ്മേ ഞാൻ നോക്കാം…പിന്നെ ആ ടെസ്റ്റർ കൂടി എടുത്തോ….”

പത്മം ഡേവിഡിന് അകത്തേക്ക് കയറാൻ വഴി ഒഴിഞ്ഞു കൊടുത്തു.

പവിത്ര അതൊന്നും ശ്രദ്ധിക്കാതെ അവിടെ മാറി ഇരിക്കുകയായിരുന്നു. ഡേവിഡിനെ മോനെ എന്ന് വിളിച്ചതൊന്നും അവൾക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മ ഡേവിഡ് മോനാ എന്ന് പറഞ്ഞത് കേട്ടപ്പോഴേ അവൾ മാറിയിരുന്നു.

പത്മം ഡേവിഡിനെ മെയിൻ സ്വിച്ചു ഇരിക്കുന്നിടം കാണിച്ചു കൊടുത്തു ടെസ്റ്ററും എടുത്തു കൊടുത്തു. അപ്പോൾ ആണ് അവരുടെ ഫോൺ ബെൽ അടിച്ചത്.

” മോനെ ഇപ്പോൾ വരാമേ ”
പത്മം ഫോൺ എടുക്കാൻ പോയി.
കുറച്ചു നിമിഷം നോക്കി നിന്നിട്ടും പത്മത്തെ കാണാഞ്ഞപ്പോൾ അവൻ പവിത്രയെ നോക്കി. ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടേയില്ലാത്ത പോലെ തിരിഞ്ഞിരിക്കയാണ് അവൾ.
തിരിഞ്ഞിരിക്കുന്നത് കൊണ്ടു അവളുടെ മുഖം കാണാനും അവന് സാധിച്ചില്ല.

” ഒരു സ്റ്റൂൾ എടുത്തു തന്നിരുന്നെങ്കിൽ ഇതൊന്ന് നോക്കാമായിരുന്നു ”

ഡേവിഡ് പവിത്രയോട് പറഞ്ഞു. അവൾ അത് കേട്ടില്ലെന്ന് തോന്നി അവൻ വീണ്ടും പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവൾ ഒരു സ്റ്റൂളും എടുത്തുകൊണ്ടു അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ മുഖത്ത് പോലും നോക്കാതെ അവൾ സ്റ്റൂൾ വെച്ച് കൊടുത്തിട്ട് അവൾ തിരിഞ്ഞു നടന്നു.

” ഹലോ ഈ മെഴുകുതിരി കൂടെ ഒന്ന് പിടിച്ചു തരണം… എനിക്ക് ഇത് നോക്കണമെങ്കിൽ രണ്ടു കയ്യും ഫ്രീ ആയിരിക്കണം. കൊച്ചു പോയി ഒരു സ്റ്റൂളും കൂടെ എടുത്തോണ്ട് വാ ”
അവനും അവളുടെ മുഖത്തേക്ക് നോക്കാതെ മെയിൻ സ്വിച്ചിൽ നോക്കി കൊണ്ട് പറഞ്ഞു.

കൊച്ച് എന്ന് വിളിച്ചത് കേട്ടപ്പോഴേ പവിത്രക്ക് കലി കയറി. എങ്കിലും ആവശ്യം നമ്മുടെ ആയി പോയല്ലോ എന്നോർത്തു സ്വയം നെറ്റിക്ക് കയ്യ് കൊണ്ടു അടിച്ചു ഒരു കസേരയുമായി അവന്റെ അടുത്ത് ചെന്നു. കസേരയിൽ കയറി നിന്നിട്ട് അവന്റെ നേർക്ക് മെഴുകുതിരിക്കായി കൈ നീട്ടി.
മെഴുകുതിരി കൈമാറുന്ന ആ നിമിഷം ആണ് അവർ പരസ്പരം കണ്ടത്. ഒരു സെക്കന്റ്‌ നേരം അവൻ മെഴുകുതിരി കൊടുക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പവിത്രയും എവിടെയോ കണ്ട് മറന്ന മുഖം എന്ന തോന്നലിൽ അവനെ നോക്കി.
മെഴുകുതിരി ഉരുകിയത് കയ്യിൽ വീണു വേദനിച്ചപ്പോൾ ആണ് ഡേവിഡിന് ബോധം വന്നത്.

പിന്നെ അവളുടെ കയ്യിലേക്ക് അത് കൊടുത്തിട്ട് മെയിൻ സ്വിച്ചിന്റെ അവിടെ എന്തൊക്കെയോ ചെയ്തു കഴിഞ്ഞപ്പോൾ കറന്റ്‌ വന്നു.

ലൈറ്റ് വന്നപ്പോൾ ഒരിക്കൽ കൂടി അവൻ പവിത്രയെ നോക്കി. അവൾ മെഴുകുതിരി ഊതി കെടുത്തിയിട്ട് കസേരയിൽ നിന്നും താഴെയിറങ്ങി. അപ്പോഴേക്കും പത്മവും അവരുടെ അടുത്തേക്ക് വന്നു.

” ഇളയ മോളാ വിളിച്ചത് കേട്ടോ മോനെ അതാ വെയ്ക്കാൻ താമസിച്ചത് ”
അവർ ഡേവിഡിനോടായി പറഞ്ഞു.

” ഓ അത് സാരമില്ല അമ്മച്ചി ഈ കൊച്ച് ഉണ്ടായിരുന്നല്ലോ അതുകൊണ്ട് പെട്ടെന്ന് എല്ലാം റെഡിയാക്കാൻ പറ്റി ”

വീണ്ടും അവൻ തന്നെ കൊച്ചെന്ന് വിളിച്ചത് കേട്ട് ദേഷ്യത്തോടെ അവനെയൊന്ന് നോക്കിയിട്ട് മെഴുകുതിരി അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ മുറിയിലേക്ക് പോയി.

” യ്യോ അമ്മച്ചി കൊച്ചെന്ന് വിളിച്ചത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലേ ”
അവൻ പവിത്ര പോയത് നോക്കി പത്മത്തിനോട് ചോദിച്ചു.

” ഓ അവൾ അങ്ങനാ മോനെ അതൊന്നും കുഴപ്പമില്ല. മോൻ വലിയ ഉപകാരമാ ചെയ്തത് ”

” നിസാര കാര്യമല്ലേ ഇതൊക്കെ.. ഇതുപോലെ എന്തേലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി ഇനി. ”
അവൻ ചിരിയോടെ പറഞ്ഞു.

” ആ അങ്ങനെയാവട്ടെ ”

” ശെരി എന്നാൽ ഞാൻ ഇറങ്ങട്ടെ… വാതിൽ അടച്ചു കുറ്റിയിട്ടേക്ക് അമ്മച്ചി ”

ഡേവിഡ് ഇറങ്ങി കഴിഞ്ഞു പത്മം വാതിൽ അടച്ചു ലോക്ക് ചെയ്തു.

പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ടു സൗമ്യ രാവിലെ വീട്ടിൽ എത്തിയിരുന്നു.

” ഇതെന്താ സൗമ്യേ ഇത്രയും തുണി ”
അവളുടെ കയ്യിലെ തുണി കണ്ട് പത്മം ചോദിച്ചു.

” ഞാൻ ഇവിടുത്തെ കടവിൽ അലക്കാൻ വന്നതാ അമ്മേ… ഞങ്ങളുടെ അവിടുത്തെ തോട് വരെ പോളയും പായലും നിറഞ്ഞു കിടക്കുവാ… പോള നീക്കാൻ ഇനി നാളെയല്ലേ തൊഴിലുറപ്പുകാർ ഇറങ്ങുള്ളൂ ”

” എങ്കിൽ നിനക്ക് ഇവിടുത്തെ കുളത്തിൽ പോയി അലക്കരുതോ അതുകഴിഞ്ഞു കുളിക്കയും ചെയ്യാല്ലോ ”
പവിത്ര പറഞ്ഞു.

” കുളത്തിലെ കല്ലിൽ അലക്കുന്നതിനേക്കാൾ എളുപ്പം കടവിലെ കല്ലിലാ പവിത്രേച്ചി. തുണി കഴുകി കഴിഞ്ഞു ഞാൻ കുളത്തിൽ പോയി കുളിച്ചോളാം ”

” ആഹ് നീ എന്തേലും കാണിക്ക് ”
പവിത്രയും പത്മവും അടുക്കളയിലേക്ക് പോയി. സൗമ്യ തോട്ടിൽ തുണി അലക്കാനും പോയി.

കുറച്ചു കഴിഞ്ഞപ്പോൾ സൗമ്യ അടുക്കള വാതിലിന്റെ അവിടെ വന്നു പവിത്രയെ വിളിച്ചു.

” എന്താടി ”

” ചേച്ചിയോട് ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരാളുടെ കാര്യം കൂടി ശെരിയാക്കാൻ ഉണ്ടെന്ന്…. ”

” എന്ത് കാര്യം ശെരിയാക്കാൻ ”

” പവിത്രേച്ചി ഇങ്ങോട്ട് വന്നേ ആ ഞരമ്പൻ
ടിങ്കു അവിടെ നിന്ന് വായിനോക്കുന്നു ”
സൗമ്യ വിരൽ ചൂണ്ടിയിടത്തേക്ക് അവൾ നോക്കി. ശെരിയാണ് ഈ നാട്ടിലെ ആസ്ഥാന വായിനോക്കി ടിങ്കു അവിടെ നോക്കി നിൽപ്പുണ്ട്.

” ടി നീ അവനെ ഒന്ന് നോക്കി പേടിപ്പിച്ചാൽ മതി… അവൻ പൊക്കോളും ”

” എന്റെ പവിത്രേച്ചി ഞാൻ അങ്ങനൊക്കെ നോക്കി അവന് ഒരു നാണവുമില്ല പിന്നെയും നോക്കി നിൽക്കുവാ… എന്നിട്ട് സൈറ്റ് അടിച്ചു കാണിക്കുന്നു. ”

പവിത്ര സൗമ്യയെയും കൂട്ടി കടവിലേക്ക് നടന്നു.

” ചെല്ല് പോയി തുണി കഴുക് ”

സൗമ്യ ബാക്കി തുണി അലക്കാൻ തുടങ്ങി. അപ്പോഴും ടിങ്കു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പവിത്രക്ക് ദേഷ്യം വന്നു. താഴെ നിന്നും ഒരു ഉരുളൻ കല്ല് അവൾ എടുത്തു.

” ഡാ ചെക്കാ ”
പവിത്ര അവനെ വിളിച്ചപ്പോൾ ആണ് അവൻ അവളെ ശ്രദ്ധിച്ചത് തന്നെ. പിന്നെ നോട്ടം പോയത് അവളുടെ കയ്യിൽ ഇരിക്കുന്ന ഉരുളൻ കല്ലിലേക്ക് ആയിരുന്നു

” ഇനിയും ഇങ്ങനെ നോക്കി നിൽക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ ഈ ഉരുളൻ കല്ല് വെച്ച് ഞാൻ നിന്റെ കണ്ണ് എറിഞ്ഞു പൊട്ടിക്കും. ഇനി ഉന്നം തെറ്റി പോയാൽ വേറേ കല്ലെടുത്ത് നിന്റെ അടുത്ത് വന്നു നിന്നുകൊണ്ട് കണ്ണ് ഇടിച്ചു പൊട്ടിക്കും…
പറഞ്ഞാൽ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്യും ”

യാതൊന്നിനെയും കൂസാത്ത പവിത്ര അത് ചെയ്യാൻ മടിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു. പവിത്ര കല്ല് എറിയാൻ ഓങ്ങുന്നത് പോലെ കാണിച്ചതും അവൻ തിരിഞ്ഞോടി.

അതുകണ്ട് സൗമ്യ പൊട്ടിച്ചിരിച്ചു. എന്നിട്ട് പവിത്രയുടെ പുറകിലേക്ക് നോക്കി.
അവൾ നോക്കുന്നത് കണ്ട് പവിത്രയും തിരിഞ്ഞു നോക്കി.
തുറന്നിട്ട ജനലിലൂടെ ഈ കാഴ്ചകളൊക്കെ കണ്ട് ചിരിയോടെ നിൽക്കുന്ന ഡേവിഡിനെ കണ്ട് പവിത്ര തറപ്പിച്ചു നോക്കി.

” ഇപ്പൊ പറഞ്ഞ കാര്യം എല്ലാർക്കും ബാധകമാണ് കേട്ടോ ”
കല്ല് പൊക്കി കാണിച്ചു കൊണ്ടു അവൾ ഡേവിഡിനോട് പറഞ്ഞു.

” ഓ ആയിക്കോട്ടെ കൊച്ചേ ”
അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.

വീണ്ടും കൊച്ചെന്ന് വിളിച്ചത് കേട്ട് അരിശത്തോടെ അവൾ കയ്യിലെ കല്ല് കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് നടന്നു….തുടരും)

 

പവിത്ര: ഭാഗം 8

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story