ദേവനന്ദ: ഭാഗം 21

ദേവനന്ദ: ഭാഗം 21

എഴുത്തുകാരി: ടീന കൊട്ടാരക്കര

ആതിര ഡിസ്ചാർജ് ആയി തിരികെ തറവാട്ടിലെത്തി. ദേവനും അച്ഛനും അമ്മയും അവരോടൊപ്പം എത്തിയിരുന്നു. ആതിരയെ മുറിയിൽ കൊണ്ടുപോയി കിടത്തിയതിനു ശേഷം മറ്റുള്ളവർ എല്ലാവരും താഴെ ഒത്തുകൂടി.

” കല്യാണം ഇനി അധികം വൈകിക്കേണ്ട അല്ലെ ” സാവിത്രി ചോദിച്ചു

” ഇനിയെന്തിനാ വെച്ചു താമസിപ്പിക്കുന്നത്, ഉടനെ തന്നെ നടത്താം ” ശേഖരൻ പറഞ്ഞു

” ജ്യോത്സ്യനെ പോയൊന്നു കാണണം. മുഹൂർത്തവും മറ്റും നോക്കണ്ടേ, ജാതകങ്ങൾ തമ്മിലുള്ള പൊരുത്തവും നോക്കണം ”

” ദേവാ നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ” വാതില്പടിയിലായി നിലയുറപ്പിച്ച അവനോട് അച്യുതൻ ചോദിച്ചു.
അവൻ മൗനമായി നിന്നു.
മറ്റുള്ളവർ എല്ലാം തന്റെ മറുപടിക്കായി കാത്തു നിൽക്കയാണെന്നു അവനു മനസിലായി.

” നിങ്ങൾ ആരെങ്കിലും എനിക്ക് ഈ കല്യാണത്തിൽ ഇഷ്ട്ടമുണ്ടോയെന്ന് തിരക്കിയോ ”

” മോനെ… നിനക്ക് ഇഷ്ടക്കുറവ് ഉണ്ടാകേണ്ട കാര്യമെന്താ.. ആതിരയ്ക്ക് എന്താ കുറവുള്ളത്, പഠിപ്പില്ലേ, സൗന്ദര്യം ഇല്ലേ, പണം ഇല്ലേ.. പിന്നെന്താ.. ” സുമതി അവനോട് ചോദിച്ചു.

” എല്ലാം ഉണ്ട്.. പക്ഷെ എന്റെ മനസ്സിൽ ഇടം നേടാൻ അവൾക്ക് പറ്റിയിട്ടില്ല.. ഇനി പറ്റുകയും ഇല്ല ”

“അതെല്ലാം മോന്റെ തോന്നലാ.. അവൾക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് തെളിയിച്ചതല്ലേ.. അങ്ങനെയുള്ള അവളെ ഉപേക്ഷിക്കല്ലേ ദേവാ ” സാവിത്രി അവന്റെ അരികിലെത്തി പറഞ്ഞു

ദേവൻ അമ്മയെ തറപ്പിച്ചൊന്നു നോക്കി. അവർ പെട്ടന്ന് നോട്ടം മാറ്റി.

“എനിക്ക് ആതിരയെ വിവാഹം ചെയ്യാൻ സാധിക്കില്ല.. കാരണം ഞാൻ നന്ദയെ ഇഷ്ട്ടപെടുന്നു, അവൾ എന്നെയും . ” ദേവൻ എടുത്തടിച്ച പോലെ പറഞ്ഞു.
എല്ലാവരുടെയും നോട്ടം ഒരുപോലെ നന്ദയിലേക്കു നീണ്ടു. അവൾ പിറകിലേക്ക് നീങ്ങി മാലിനിയോട് ചേർന്ന് നിന്നു.

“എടി.. നീ കണ്ണും കൈയും കാട്ടി എന്റെ മോനെ മയക്കിയെടുത്തല്ലേ . ” സാവിത്രി അവളുടെ നേർക്ക് പാഞ്ഞടുത്തു

” അമ്മേ.. !” ദേവന്റെ വിളിയിൽ അവർ തിരിഞ്ഞ് നോക്കി.

” ആരും ആരെയും മയക്കിയെടുത്തിട്ടില്ല. എനിക്കുള്ളതാണ് നന്ദയെന്നു അമ്മ തന്നെയല്ലേ പറഞ്ഞിട്ടുള്ളത്. ”

” അതു പണ്ടെപ്പോഴോ പറഞ്ഞെന്നു വെച്ചു… അതാണോ ഇപ്പൊ ഇവിടുത്തെ വിഷയം ”

“അതേ അത് തന്നെയാ ഇവിടുത്തെ വിഷയം.. ഞങ്ങൾ രണ്ടും ചെറുപ്പം മുതൽ കേട്ടുവളർന്നത് ദേവനു ഉള്ളതാ നന്ദ എന്നല്ലേ.. നിങ്ങൾ എല്ലാരും കൂടെ അറിഞ്ഞ കാര്യമല്ലേ അത്.. കാലം കഴിയുംതോറും നിങ്ങൾക്ക് അതെല്ലാം മറക്കാൻ പറ്റിയേക്കും, എന്നാൽ ഞങ്ങൾക്ക് പറ്റില്ല. ഞാൻ വിവാഹം ചെയുന്നത് നന്ദയെ ആയിരിക്കും ”
സാവിത്രി അന്ധാളിപ്പോടെ ശേഖരനെ നോക്കി. അയാളും സുമതിയും ഇതെല്ലാം മുൻകൂട്ടി കണ്ടതുപോലെ നിന്നു.

” ഞാൻ ആതിരക്കു വാക്ക് കൊടുത്തിട്ടുണ്ട് അവളെ നീ താലി കെട്ടുമെന്ന്. അത് പാലിക്കണം നീ ” സാവിത്രി ദേവനോട് പറഞ്ഞു

“അമ്മ പണ്ട് മാധവമ്മാമയ്ക്കും ഇതുപോലൊരു വാക്ക് കൊടുത്തതല്ലേ.. അതല്ലേ ആദ്യം പാലിക്കേണ്ടത് ” സാവിത്രിക്കു മറുപടി ഇല്ലായിരുന്നു. ദിനകരൻ ദേവൻ പറയുന്നതെല്ലാം ശെരിയാണെന്ന അർത്ഥത്തിൽ തലകുലുക്കി നിന്നു.

” എനിക്കൊന്നും പറയാനില്ല.. ആതിരയുടെ ജീവൻ ഇപ്പൊ നിന്റെ കൈയിലാ. അവളെ ഇനിയും കടുംകൈ ചെയ്യാൻ അനുവദിക്കരുത്. അവൾക്ക് നിന്നെ അത്രക്ക് ഇഷ്ടമാ ദേവാ ” സാവിത്രി വീണ്ടും പറഞ്ഞു

” അവൾക്ക് മാത്രം മതിയോ ഇഷ്ടം.. ഞാൻ ഇന്നേവരെ അവളെ മറ്റൊരു രീതിയിൽ കാണുകയോ അവളെ കല്യാണം കഴിക്കാമെന്നു ആശ കൊടുക്കുകയോ ചെയ്തിട്ടില്ല.. ഉണ്ടോ? ഉണ്ടെങ്കിൽ പറ.. എനിക്ക് വേണ്ടി നന്ദയെ പറഞ്ഞു വെച്ചിട്ടുള്ളത് ആണെന്ന് അവൾക്കും അറിയാവുന്ന കാര്യമല്ലേ. എന്നിട്ടും അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടിയതിനു ഞാൻ എന്ത് പിഴച്ചു? ” ദേവന്റെ ചോദ്യങ്ങൾക്കൊന്നും ആർക്കും മറുപടി ഉണ്ടായില്ല.

” ആതിര ഈ കല്യാണം നടക്കും എന്നുള്ള ഉറപ്പിലാ ഇപ്പോൾ ഇരിക്കുന്നത്.. അതിന്റെ ഇടയിൽ ഇങ്ങനെയൊരു കാര്യം.. അത് അറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും ” ശേഖരൻ പറഞ്ഞു

” സാവിത്രി കൊടുത്ത വാക്കാണ് പ്രശ്നം എങ്കിൽ നന്ദയെ നല്ലൊരു കുടുംബത്തിലേക്ക് പറഞ്ഞു അയച്ചാൽ പോരെ.. നല്ല രീതിയിൽ നമുക്ക് അവളുടെ കല്യാണം നടത്താം ” സുമതി നിർദ്ദേശിച്ചു.

“ഞങ്ങളുടേത് നല്ലൊരു കുടുംബം തന്നെയാ സുമതി.. അന്തസ്സിനു യാതൊരു കുറവും ഇല്ല.. നന്ദയെ ധൈര്യമായി അവിടേക്ക് കൊണ്ടുപോവാം ” അതുവരെ അഭിപ്രായം ഒന്നും പറയാതെ ഇരുന്ന ദിനകരൻ അല്പം ഉറക്കെ തന്നെ പറഞ്ഞു. സുമതി ചൂളിപ്പോയി.

” നന്ദ മോൾക്ക് ഇഷ്ടം ആണെങ്കിൽ ദേവന്റെയും നന്ദയുടെയും കല്യാണം തന്നെ നടക്കും. അതിനൊരു മാറ്റവും ഇല്ല. ”

“ഏട്ടൻ ഇതെന്താ പറയുന്നേ.. നമുക്ക് എല്ലാവർക്കും അറിയാവുന്നത് അല്ലെ ആതിരയുടെ അവസ്ഥ.. എന്നിട്ടും… ” സാവിത്രി ഇടക്ക് വെച്ച് നിർത്തി.

” അത് നമുക്കെല്ലാം അറിയാം.. എന്നുവെച്ചു പരസ്പരം ഇഷ്ടപ്പെടുന്നവരെ തമ്മിൽ അകറ്റാനോ? അല്ലെങ്കിൽ നന്ദ പറയട്ടെ അവൾകു ദേവനെ വേണ്ടന്നു പറഞ്ഞാൽ ആതിരയും ദേവനുമായുള്ള വിവാഹം നടത്താം.. മറിച്ചാണെങ്കിൽ ദേവന്റെയും നന്ദയുടെയും വിവാഹം നടത്തും. ” ഇതിൽ മാറ്റമില്ല.

” അതെങ്ങനെയാ ഏട്ടാ……നന്ദ…. ”

“സാവിത്രി… നിർത്ത്. !” വീട്ടിലെ ഗൃഹനാഥൻ ഇപ്പോഴും ഞാൻ തന്നെയാ. അതിൽ എന്തെങ്കിലും സംശയം ഉണ്ടോ നിനക്ക് “? ദിനകരൻ ദേഷ്യത്തോടെ ചോദിച്ചു.
സാവിത്രി ഇല്ലന്ന് തലയാട്ടി.

” എന്റെ മകനെ കുറിച് നിന്നെ പോലെ തന്നെ എനിക്കും തീരുമാനം എടുക്കാൻ അവകാശം ഉണ്ട്. പ്രത്യേകാൽ അവനു നന്ദയെ ഇഷ്ടമാണെന്ന് ഉള്ള സാഹചര്യത്തിൽ. ഇത് അവന്റെ ജീവിതമാ, തീരുമാനം അവന്റെത് കൂടിയാ.. അതു മറന്നുള്ള ഒന്നും വേണ്ട നിന്റെ ഭാഗത്തു നിന്നു.. മനസിലായോ?
ഞാൻ നേരത്തെ പറഞ്ഞല്ലോ, നന്ദ സ്വയം ഒഴിവായാൽ അതിരയുമായുള്ള കല്യാണക്കാര്യം ചിന്തിക്കാം.അല്ലാത്തപക്ഷം ഈ വിവാഹാലോചന ഇവിടെ അവസാനിപ്പിക്കാം ” അയാൾ നിലപാട് കടുപ്പിച്ചു.

നന്ദ ദേവനുമായുള്ള വിവാഹത്തിൽ നിന്നു പിന്മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാകും സാവിത്രി പിന്നീടൊന്നും പറഞ്ഞില്ല. മറ്റുള്ളവരും ഒന്നും പറയാതെ നിന്നു.

ദേവൻ നന്ദയെ നോക്കി, അവൾ തലകുമ്പിട്ടു നിൽപ്പാണ്. അവൾ എതിർത്തൊന്നും പറയില്ലന്ന ഉറപ്പിൽ ദേവൻ അവളുടെ അടുത്തേക്ക് എത്തി.

” നന്ദൂട്ടി, ഇറ്റ്സ് ദി ടൈം, നിന്റെ മനസ്സിൽ ഉള്ളത് പറയ് എല്ലാരുടെയും മുന്നിൽ..”

“പറ നന്ദേ ” മാലിനിയും അവളെ നിർബന്ധിച്ചു.

പൊടുന്നനെ തറയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞ് നോക്കി.

ആതിര.!

ഗ്ലാസ്‌ ഫ്ലവർ വെയ്‌സ് തറയിൽ പൊട്ടിച്ചിതറി കിടക്കുന്നു.

“മോളെ.. ” സുമതി അവളുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും അവളുടെ ഭാവം മാറി.

“ആരും വരേണ്ട എന്റെ അടുത്തേക്ക്.. ” അവൾ ശബ്ദം ഉയർത്തി.

” ദേവേട്ടൻ നന്ദയെ കെട്ടട്ടെ… അവളെത്തന്നെ കെട്ടട്ടെ… ഞാൻ അതിനു തടസ്സം ആകുന്നില്ല ” അവൾ അവരെത്തന്നെ നോക്കികൊണ്ട് പറഞ്ഞു.

” പക്ഷെ അതിനു മുൻപ് ഞാൻ മരിക്കണം.. ”
അവൾ കയ്യിലെ മുറിവിൽ കെട്ടിയിരുന്ന തുണി അഴിച്ചുകൊണ്ട് പറഞ്ഞു.

“ആതിരേ നീയെന്താ കാണിക്കുന്നേ ” ശേഖരൻ അവൾക്കരികിലേക്ക് ചെന്നു.

” ഞാൻ പറഞ്ഞില്ലേ.. ദേവേട്ടൻ അവളെ കിട്ടുന്നതിന് മുൻപ് ഞാൻ മരിക്കണം ” ആതിര ഒരു ഭ്രാന്തിയെപ്പോലെ തറയിൽ കിടന്ന ചില്ലു കഷ്ണം എടുത്ത് കയ്യിൽ വരയാൻ തുടങ്ങി.

കണ്ടുനിന്നവർക്കെല്ലാം ഭയം തോന്നി. ആതിരയെ പിടിച്ചുമാറ്റാൻ ചെന്നതും അവൾ പിറകിലേക്ക് മാറി. നന്ദ പേടിയോടെ അവളെ നോക്കി നിന്നു.
എല്ലാവരും നോക്കി നിക്കേ ആതിര ഗ്ലാസ്‌ പീസെടുത്തു അവളുടെ കയ്യിൽ മുറിവുണ്ടാക്കി.
അരുതെന്നുള്ള ആരുടേയും വാക്കുകൾ അവൾ ചെവികൊണ്ടില്ല.

“ഇവൾ എന്റെ മോളെ കൊലയ്ക്കു കൊടുക്കുമല്ലോ ഈശ്വരാ ” സുമതി നന്ദയെ നോക്കി പുലമ്പാൻ തുടങ്ങി.

“സാമദ്രോഹി.. നീയാ പെണ്ണിന്റെ ശവം ഇവിടെ വീഴിക്കുമോ ” പവിത്രയും നന്ദയുടെ നേരെ തിരിഞ്ഞു.

നന്ദ പെട്ടന്നുതന്നെ ഓടിച്ചെന്നു ആതിരയെ കടന്നു പിടിച്ചു. അവളുടെ കയ്യിൽ നിന്നും പൊട്ടിയ ഗ്ലാസ്‌ പിടിച്ചുവാങ്ങി.

“മതി…. നിർത്തു ” നന്ദ ദേഷ്യത്തോടെ അവളെനോക്കി.

” മതി…. എല്ലാം മതി ” അവൾ എല്ലാവരെയും നോക്കി.

” ഞാൻ കാരണം ഇവിടെയാരും മരിക്കേണ്ട.. ദേവേട്ടനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യമില്ല ”

നന്ദയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് ദേവൻ കേട്ടത്.

“നന്ദൂട്ടി… നീയെന്താ പറയുന്നത്.. നിന്റെ ബുദ്ധിക്ക് വെല്ല കുഴപ്പവുമുണ്ടോ ” ദേവൻ അവളുടെ മുന്നിലേക്ക് ചെന്നു

” ഇല്ല ദേവേട്ടാ… ഇതാ ശെരിയായ തീരുമാനം. അതിരച്ചേച്ചിയെ ദേവേട്ടൻ സ്വീകരിക്കണം.. ”

“നിനക്കെന്താ നന്ദേ…നീയെന്താ ഇങ്ങനെ, ഇവളുടെ ആത്മഹത്യാ നാടകം കണ്ടിട്ടാണോ നീയിങ്ങനെ പെരുമാറുന്നത്? ”

“ഇതൊരു നാടകമായി തോന്നുന്നോ ദേവേട്ടാ.. ” ആതിര അവന്റെ മുന്നിലേക്ക് നിന്നു ചോദിച്ചു.

” അതേ.. നിന്നെ എനിക്ക് നന്നായി അറിയാം അത്കൊണ്ട് തന്നെയാ പറഞ്ഞത്.. നീ മാറിനിൽക്ക്, എനിക്ക് ഇവളോട സംസാരിക്കേണ്ടത് ” ദേവൻ നന്ദയെ നോക്കികൊണ്ട് അതിരയോട് പറഞ്ഞു.

“ദേവേട്ടനുമായൊരു വിവാഹത്തിന് എനിക്ക് താല്പര്യമില്ല.. ദേവേട്ടന്റെ അച്ഛൻ പറഞ്ഞത് പോലെ ആതിരച്ചേച്ചിയും ദേവേട്ടനും തമ്മിൽ ഒന്നിക്കട്ടെ ”

കണ്ണുകൾ ഇറുക്കെ അടച്ചു നന്ദ.. ഒരു ദീർഘ ശ്വാസം എടുത്തതിനുശേഷം അവൾ എല്ലാവരോടുമായി പറഞ്ഞു.

” നീ എന്റെ മുഖത്തു നോക്കി അത് പറ ” നന്ദയുടെ കയ്യിൽ പിടുത്തമിട്ടു ദേവൻ.

“ഈ വിവാഹം നടക്കണം.. തടസമായി ഞാൻ ഉണ്ടാവില്ല.” ദേവന്റെ കൈകളെ വിടുവിച്ചു നന്ദ അകത്തെ മുറിയിലേക്ക് പിൻവാങ്ങി, കട്ടിലിൽ ചെന്നു കിടന്നു തേങ്ങിക്കൊണ്ടിരുന്നു.

ദേവൻ ശില പോലെ നിന്നു പോയി. നന്ദയുടെ വായിൽ നിന്നു കേട്ടതെല്ലാം അവന്റെ തലയിൽ ഒരു പെരുപ്പ് സൃഷ്ടിച്ചു. അവൻ അച്ഛനെ നോക്കി. അയാളും നന്ദയുടെ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കുകയായിരുന്നു.

കുറച്ചു നേരത്തേക്ക് അവിടെ മൗനം തളം കെട്ടിക്കിടന്നു.

ആരുടേയും മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി ദേവൻ നിന്നു.

“നന്ദ താല്പര്യം ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക്…. ” അച്യുതൻ ഒന്ന് നിർത്തി ദിനകരനെ നോക്കി.

“ആതിരയുമായി ദേവന്റെ കല്യാണം നടക്കട്ടെ ” അയാൾ ദേവനെ നോക്കി പറഞ്ഞു

മറ്റുള്ളവർ ദേവന്റെ മുഖത്തേക് നോക്കി നിന്നു.

” എനിക്ക് സമ്മതമാണ് ” എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് ദേവൻ പറഞ്ഞു.

ആതിര ദേവന്റെ കയ്യിൽ അവളുടെ കൈകൾ ചേർത്ത് പിടിച്ചു. ശേഖരനും സുമതിയും ആശ്വാസത്തോടെ പരസ്പരം നോക്കി.

ദേഷ്യമോ, വാശിയോ, സങ്കടമോ എന്നറിയാത്ത ഒരുതരം ഭാവം ദേവന്റെ മുഖത്തു ഉണ്ടായിരുന്നു.

*********************************

കരഞ്ഞു വീർത്ത കണ്ണുകളുമായാണ് പിറ്റേന്നു നന്ദ കോളേജിലെത്തിയത്. എന്തുപറ്റിയെന്നുള്ള കുട്ടികളുടെ ചോദ്യത്തിന് പനിയാണെന്നൊരു കള്ളം പറഞ്ഞു അവൾ ഒഴിവാക്കി. എന്നാൽ മീരയുടെയും കല്യാണിയുടെയും മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവൾക് ബോധ്യമുണ്ടായിരുന്നു. നടന്നതെല്ലാം അവരോട് പറയേണ്ടി വന്നു.

” നീയെന്തൊരു മണ്ടിയാ നന്ദേ.. ” മീര പൊട്ടിത്തെറിച്ചു

” നിനക്ക് പറയാൻ പാടില്ലായിരുന്നോ ദേവേട്ടനെ ഇഷ്ടം ആണെന്ന്.. അത്രേം പേരുടെ മുന്നിൽ വെച്ച് ദേവേട്ടൻ തുറന്ന് പറഞ്ഞതല്ലേ ”

” നീയെന്ത് പണിയാടി കാണിച്ചേ.. ഇത്രേം നല്ല അവസരം വന്നിട്ടും അത് കളഞ്ഞു കുളിച്ചല്ലോ ” കല്യാണിയും അവളെ കുറ്റപ്പെടുത്തി.

” ഞാൻ പിന്നെയെന്ത് ചെയ്യണമായിരുന്നു.. ആതിര ചേച്ചി എല്ലാരുടേം മുന്നിൽ വെച്ച് വീണ്ടും കൈ അറുത്തു.. ഇതൊക്കെ കണ്ടിട്ട് ഞാൻ എന്ത് ചെയ്യണമായിരുന്നു ” നന്ദ ചോദിച്ചു

” ചത്തു പോട്ടെന്നു വിചാരിക്കണമായിരുന്നു ” മീര പറഞ്ഞു.

” അതേ… ഇതൊക്കെ വെറും പ്രഹസനം ആണെടി.. ആ ആതിര അത്രക്ക് നല്ലത് ഒന്നുമല്ലന്ന് നിനക്കും അറിയാവുന്നതല്ലേ.. നിന്നോടുള്ള വാശിക്കാ ഇതൊക്കെ കാണിക്കുന്നതെന്ന് എനിക്ക് തോന്നുന്നു ” കല്യാണി അഭിപ്രായപ്പെട്ടു

” അവളൊരു പുണ്യാളത്തി വന്നിരിക്കുന്നു.. ആ പെണ്ണ് ചാകുമെന്ന് പറഞ്ഞപ്പോഴേക്കും സ്നേഹിച്ച ആളെയും വിട്ടു കൊടുതേക്കുന്നു”

” നിനക്ക് സാമാന്യ ബോധമില്ലേ, ഇതെന്താ സിനിമയോ സീരിയലോ ആണോ… എന്തൊക്കെ നാടകങ്ങളാ നടക്കുന്നത്. ” മീര കലിതുള്ളി വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

” ഞാൻ ആതിരച്ചേച്ചിയുടെ ഭീഷണി മറികടന്നു ദേവേട്ടനെ വേണമെന്ന് പറഞ്ഞിരുന്നെങ്കിലോ… ചേച്ചി ഞങ്ങളുടെ മുന്നിൽ കിടന്നു മരിച്ചേനെ.. ആ ഭാരം ഞങ്ങളുടെ ജീവിതകാലം മുഴുവൻ നിലനിൽക്കില്ലേ.. അങ്ങനെ ഒരാളെ കൊലക്കു കൊടുത്തു നേടിയെടുക്കുന്ന ജീവിതം… അതൊരു ജീവിതം ആണോടി ” നന്ദ ചോദിച്ചു

” ദേവേട്ടനെ എനിക്ക് ഇഷ്ടം അല്ലാഞ്ഞിട്ടു അല്ല ഞാൻ അങ്ങനെ പറഞ്ഞത്.. ഇഷ്ടം കൂടുതൽ ആയിട്ടാ..ഞാൻ കല്യാണത്തിന് സമ്മതിച്ചാൽ… എന്നോടുള്ള ദേഷ്യത്തിന് പുറത്ത് അവർ ആരെങ്കിലും ദേവേട്ടനെ എന്തേലും ചെയ്യുമോ എന്നുള്ള ഭയത്തിലാ ഞാൻ…. ” നന്ദ പൂർത്തിയാകാതെ നിർത്തി

” എനിക്ക് നീ പറയുന്നതൊന്നും മനസിലാവുന്നില്ല നന്ദേ… ഇതെന്താ വെള്ളരിക്കാപട്ടണമോ.. നീയെന്തിനാ അവരെ പേടിക്കുന്നത് ” കല്യാണി ചോദിച്ചു.

” പേടിക്കണം..എല്ലാവരെയും അല്ല… ആതിര ചേച്ചിയെ… മുത്തശ്ശി എന്നോട് പറഞ്ഞിട്ടുണ്ട് ” നന്ദ പറഞ്ഞു

” എനിക്കൊന്നും പറയാൻ ഇല്ല… നീ കാണിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്.. ലോകത്ത് എവിടേം കേൾക്കാത്ത കുറെ ന്യായങ്ങളുമായി വന്നിരിക്കുന്നു ” മീര വീണ്ടും ദേഷ്യപ്പെട്ടു.

നന്ദ തല കുനിച്ചിരുന്നു എല്ലാം കേട്ടു.

********************************

തുടർന്നുള്ള ദിവസങ്ങളിൽ കല്യാണചർച്ചകൾ കൈപമംഗലത് മുറയ്ക്ക് നടന്നു. എല്ലാവരും സന്തോഷത്തോടെ ഓടി നടന്നു തയ്യാറെടുപ്പുകൾ നടത്തി. ആതിര തികച്ചും ആഘോഷത്തിമിർപ്പിൽ ആയിരുന്നു. നന്ദ എല്ലായിടത്തും നിന്നു ഒഴിഞ്ഞു നിന്നു. ദേവേട്ടൻ ഒന്നു രണ്ടു തവണ തറവാട്ടിൽ വന്നെങ്കിലും അവളെ നോക്കിയത് പോലുമില്ല. തന്നോട് ദേഷ്യമാണെന്ന് അവൾ ഊഹിച്ചു.
ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കടന്നു പോയി.

കോളേജിൽ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു തിരികെ വരികയായിരുന്നു നന്ദയും കല്യാണിയും മീരയും. മീര കലപില സംസാരിച്ചുകൊണ്ട് ഇരുന്നു. നന്ദ മറ്റേതോ ലോകത്തെന്ന പോലെ ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാതെ നടന്നു.

” ഡീ… അതു നോക്കിക്കേ ദേവേട്ടൻ… ” കല്യാണി പറഞ്ഞു. നന്ദ പെട്ടന്ന് തല ഉയർത്തി നോക്കി. ദേവൻ സ്റ്റാഫ്‌ റൂമിനു അടുത്ത് നിൽക്കുന്നത് കണ്ടു

” കൂടെ ഉള്ളതാരാ.. ആ ഭ്രാന്തി പെണ്ണാണോ ” മീര ചോദിച്ചു

“മം അതാടി ആതിര ” കല്യാണി പറഞ്ഞു.

ദേവനും ആതിരയും അവരെക്കണ്ടു അടുത്തേക്ക് വന്നു. നന്ദയ്ക്ക് അവിടെ നിന്നു എങ്ങോട്ടെങ്കിലും പോയാലോ എന്ന് തോന്നി. ദേവൻ വന്ന് അവരോട് സംസാരിച്ചു.

“എന്താ ദേവേട്ടാ ഇവിടെ ” കല്യാണി ചോദിച്ചു

“ഞാൻ വിഷ്ണുവിനെ കാണാൻ വന്നതാ.. എന്റെ എൻഗേജ്മെന്റ് ആണ് ഈ വരുന്ന ഞായറാഴ്ച ” ക്ഷണിക്കാൻ വന്നതാ ” ദേവൻ പറഞ്ഞു

“മം ” കല്യാണി മൂളി

” വീട്ടിൽ വന്നു ഞാൻ ക്ഷണിക്കുന്നുണ്ട്.. എങ്കിലും ഇപ്പൊ ഞാൻകല്യാണിയെയും മീരയെയും പേർസണൽ ആയി ക്ഷണിക്കുവാ ” ദേവൻ ചിരിയോടെ പറഞ്ഞു

” എന്നെ അറിയാമോ ” മീര ചോദിച്ചു

” അറിയാം… പറഞ്ഞു കേട്ടിട്ടുണ്ട്.. ” ദേവൻ
ചിരിച്ചു. ആതിര മുഖം വീർപ്പിച്ചു അവർക്കരികിലായി നിന്നു.

തിരികെ പോകാൻ നേരം ദേവൻ മുൻപിലേക്ക് പോയതും ആതിര നന്ദയുടെ അടുത്തേക് വന്നു.

” എടി.. നീയെന്നെ അന്ന് ചലഞ്ചു ചെയ്തത് ഓർക്കുന്നോ… ദേവേട്ടൻ നിന്റെ ആണെന്ന്.. ഇപ്പൊ എങ്ങനെയുണ്ട്.. ദേവേട്ടൻ എന്റെ ആയത് കണ്ടോ നീ..ഞാൻ നേടിയെടുത്തില്ലേ?
” അവൾ ക്രൂരമായ ചിരിയോടെ നന്ദയെ നോക്കി. കല്യാണിയും മീരയും നന്ദയുടെ അടുത്തേക്ക് വന്നു.

“നേടിയെടുത്തത് അല്ല… ഞാൻ ദാനമായി തന്നതാ ” നന്ദ ആതിരയെ പുച്ഛത്തോടെ നോക്കി പറഞ്ഞു.

“എന്താടി പറഞ്ഞെ ” ആതിര കോപത്തോടെ നന്ദയെ നോക്കി.

” ഇയാൾ ചെല്ല്.. ചെന്നു കല്യാണം കഴിക്കാൻ നോക്ക് ” മീര പരിഹാസത്തോടെ പറഞ്ഞു.

“വാ നന്ദേ നമുക്ക് പോവാം ” കല്യാണി അവളേം കൂട്ടി ക്ലാസ്സിലേക്ക് പോയി.

“അവൾക്ക് എന്തൊക്കെയോ ദുരുദ്ദേശം ഉണ്ട്.. ” നന്ദ ആരോടെന്നില്ലാതെ പറഞ്ഞു

“അതെന്താണെന്നു നമുക്ക് കണ്ടുപിടിക്കണ്ടേ.. നമ്മൾ അറിഞ്ഞുകൊണ്ട് അവളെ ദേവേട്ടന്റെ തലയിൽ കെട്ടിവെക്കേണ്ട ” കല്യാണി ചോദിച്ചു

” നമ്മൾ കണ്ടുപിടിക്കും… ഈ ആതിരയുടെ പിന്നിലെ നിഗൂഢത.. ഇതിനായി ഞാനെന്റെ ഇനിയുള്ള ടൈം സ്പെന്റ്‌ ചെയ്യുവാ… ആർ യൂ ജോയ്‌നിങ് വിത്ത്‌ മി ഗേൾസ്? ” മീര രണ്ടു കൈയും നീട്ടികൊണ്ട് ചോദിച്ചു

” ഓഫ് കോഴ്സ് ” നന്ദയും കല്യാണിയും മീരയുടെ കൈകളിൽ പിടിച്ചു.

ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ്‌ കട്ട്‌ ചെയ്ത് മൂവരും ദേവകിയമ്മയെ കാണാൻ പുറപ്പെട്ടു. അവർ ചെല്ലുമ്പോൾ ദേവകിയമ്മ വിശ്രമിക്കുകയായിരുന്നു. മൂവരും തറവാട്ടിൽ നടന്ന കാര്യങ്ങളെല്ലാം അറിയിച്ചു. എല്ലാം കേട്ടു ദേവകിയമ്മ അവരെത്തന്നെ നോക്കിയിരുന്നു.

“മുത്തശ്ശി… അന്ന് എന്നോട് പറഞ്ഞില്ലേ ആതിരയെ സൂക്ഷിക്കണമെന്ന്.. എന്താ അത്.. മുത്തശ്ശിക്ക് ഈ വീഴ്ച പറ്റിയതിനു പിന്നിൽ ആതിര ചേച്ചി ആണോ? ഞങ്ങൾ ആരും അറിയാത്ത എന്തൊക്കെയോ മുത്തശ്ശിക് ആതിരച്ചേച്ചിയെക്കുറിച്ചു അറിയാം… അതെന്താ ” നന്ദ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

“കല്യാണനിശ്ചയം ഞായറാഴ്ച അല്ലെ… ഞാൻ വരുന്നുണ്ട് അന്ന് കൈപമംഗലത്തേക്ക്.. നിന്റെ എല്ലാ ചോദ്യങ്ങൾക്കും അന്ന് ഉത്തരം കിട്ടും ” ദേവകിയമ്മ പറഞ്ഞു.
മൂവരും പരസ്പരം ഒന്നും മനസിലാകാതെ നോക്കി...(തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 16

ദേവനന്ദ: ഭാഗം 17

ദേവനന്ദ: ഭാഗം 18

ദേവനന്ദ: ഭാഗം 19

ദേവനന്ദ: ഭാഗം 20

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story