ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 1

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 1

എഴുത്തുകാരി: ശിവ എസ് നായർ

ചോരയിൽ കുളിച്ചു കിടക്കുന്ന നവ വധുവിനെ കണ്ടു ചെറുക്കനും ബന്ധു വീട്ടുകാരും ഞെട്ടി.

വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് കഴിഞ്ഞു പെണ്ണിനെയും കൂട്ടി വരന്റെ വീട്ടിൽ എത്തിയിട്ട് ഒരു മണിക്കൂർ ആകുന്നെയുണ്ടായിരുന്നുള്ളൂ.

വന്നു കയറിയപാടെ നവവധുവായ ആവണി തനിക്ക് തല ചുറ്റുന്നു എന്ന് പറഞ്ഞു.

മുകളിലെ മുറിയിൽ പോയി അൽപ്പ നേരം കിടക്കാൻ അവളോട്‌ പറഞ്ഞ ശേഷം അമ്മായി അമ്മ ഗീത ബന്ധുക്കളെ സൽക്കരിക്കുന്ന തിരക്കിലായി.

ആ സമയം കൊണ്ട് മുകളിലെ മുറിയിൽ കയറി വാതിൽ അടച്ച ആവണി ബാത്‌റൂമിൽ കയറി ലോക്ക് ചെയ്ത ശേഷം കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈതണ്ട മുറിച്ചു.

പൈപ്പ് ചെറുതായി തുറന്നു വിട്ട ശേഷം ബക്കറ്റിനുള്ളിലെ വെള്ളത്തിൽ അവൾ ഇടതു കൈ മുക്കി വച്ചു.

നീറി പുകയുന്ന വേദനയുണ്ടെങ്കിലും അതിനേക്കാൾ വേദന അവളുടെ മനസ്സിനേറ്റ മുറിവിനായിരുന്നു.

സാരി തുമ്പ് വായിലേക്ക് അമർത്തി അവൾ വിതുമ്പി കരഞ്ഞു.

മുറിവിൽ നിന്നും രക്തം വേഗത്തിൽ ഒഴുകി പടർന്നു.

ആവണിയുടെയും സുധീഷിന്റെയും വിവാഹം ഒരു മണിക്കൂർ മുൻപാണ് കഴിഞ്ഞത്.

മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ഒട്ടും താല്പര്യമില്ലാതെ സുധീഷിനു മുന്നിൽ താലിക്കായി കഴുത്തു നീട്ടി കൊടുക്കേണ്ടി വന്ന നിമിഷത്തെ മനസ്സാൽ ശപിച്ചു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

പതിയെ അവളുടെ ബോധം മറഞ്ഞു തുടങ്ങി.

റിസപ്ഷൻ രണ്ടു ദിവസം കഴിഞ്ഞാണ് ഏർപ്പാട് ആക്കിയത്. അതുകൊണ്ട് തന്നെ സുധി കൂട്ടുകാർക്ക് ഒക്കെ ചിലവ് നടത്തി അവരെയെല്ലാം യാത്രയാക്കി. ശേഷം അകത്തേക്ക് കയറി വരുന്ന മകനെ കണ്ട് ഗീത പറഞ്ഞു.

“മോനെ സുധി ആവണി മുകളിലേക്ക് പോയിട്ട് കുറെ നേരമായി… അവളോട്‌ വേഗം താഴേക്കു വരാൻ പറയ്യ്. ബന്ധുക്കൾ ഒക്കെ അവളെ കാണാൻ വന്നിട്ടുണ്ട്…”

“ശരി അമ്മേ…അവളോട്‌ താഴേക്കു വരാൻ പറയാം… ”

അവൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.

അടഞ്ഞു കിടക്കുന്ന വാതിലിൽ സുധി മുട്ടി വിളിച്ചു.

അകത്തു നിന്നും പ്രതികരണം ഒന്നുമില്ലാത്തതു കണ്ടപ്പോൾ അവനു പരിഭ്രമമായി.

അവൻ വേഗം താഴേക്കു ഓടി.

“അമ്മേ അവള് വാതിൽ തുറക്കുന്നില്ല… ഞാൻ കുറെ മുട്ടി വിളിച്ചു നോക്കി… ”

“എന്റെ ദൈവമേ ചതിച്ചോ… ” ഗീത നെഞ്ചത്ത് കൈ വച്ചു.

“രണ്ടു പേരെ കൂട്ടി നീ വാതിലു ചവുട്ടി തുറക്ക്… ” അവർ മകനോടു പറഞ്ഞു.

എല്ലാവരും മുകൾ നിലയിലേക്ക് പാഞ്ഞു.

രണ്ടു പേര് ചേർന്നു വാതിൽ ചവുട്ടി തുറന്നു അകത്തു കയറി.

അവിടെയെങ്ങും അവളെ കണ്ടില്ല.
അവരുടെ നോട്ടം ബാത്‌റൂമിലേക്ക് നീണ്ടു.

പൈപ്പിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു.

ബാത്‌റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നുമില്ലായിരുന്നു.

ബാത്‌റൂമിന്റെ ഫൈബർ ഡോറിൽ സുധീഷ് ആഞ്ഞു ചവുട്ടി.

വാതിൽ രണ്ടായി പൊളിഞ്ഞു വീണു.

ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ച് വിവാഹ വേഷത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ആവണിയെ കണ്ട് സുധീഷും അമ്മയും അച്ഛനും ബന്ധുക്കളും ഞെട്ടി തരിച്ചു നിന്നു.

“ആവണി…. കണ്ണ് തുറക്ക്… ” സുധി അവളെ തട്ടി വിളിച്ചു. നേരിയ ഒരു ഞരക്കം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളൂ.

സുധീഷ് അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് സ്റ്റെയർ കേസ് ഇറങ്ങി. പിന്നാലെ മറ്റുള്ളവരും പാഞ്ഞു.

“മാധവാ വണ്ടിയെടുക്ക് വേഗം…. ” സുധി ഡ്രൈവർ മാധവനോട്‌ പറഞ്ഞു.

അവളെ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കിടത്തിയ ശേഷം അവനും കയറി.

അപ്പോഴേക്കും സുധീഷിന്റെ അച്ഛൻ സുരേന്ദ്രനും അമ്മായിയും ഓടി വന്നു വണ്ടിയിൽ കയറി.

മാധവൻ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു.

വാടിയ ചേമ്പിൻ തണ്ട് കണക്കെ അവന്റെ മടിയിൽ ബോധ ശൂന്യയായി ആവണി കിടന്നു.

ഹോസ്പിറ്റലിൽ എത്തിയ പാടെ അവളെയും എടുത്തു കൊണ്ട് സുധീഷ്‌ കാഷ്വാലിറ്റിയിലേക്ക് ഓടി.
*************************************
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

അതിനിടയിൽ വീട്ടിൽ നിന്നും അമ്മ വിളിച്ചു കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. സുധീഷ്‌ ആശ്വാസ വാക്കുകൾ പറഞ്ഞു അവരെ സമാധാനിപ്പിച്ചു.

“മോനെ ആവണിയുടെ ബന്ധുക്കളെ വിളിച്ചു കാര്യം പറയണ്ടേ…?? ” അവന്റെ അടുത്തേക്ക് വന്ന അച്ഛൻ ചോദിച്ചു.

“വിവാഹ ചടങ്ങിൽ പോലും അവളുടെ അമ്മ വന്നില്ലല്ലോ…. അതുകൊണ്ട് അച്ഛൻ വേറെ ആരെയെങ്കിലും വിളിച്ചു കാര്യം പറഞ്ഞേക്ക്. എന്തായാലും അവൾ ചത്താലും ഇനിയാരും അവിടുന്ന് തിരിഞ്ഞു നോക്കാൻ പോകുന്നില്ല….നാളെ നമ്മളായിട്ട് ഒന്നും അറിയിച്ചില്ലെന്ന് പരാതി വേണ്ടല്ലോ… ”

“അവളുടെ കൊച്ചച്ഛൻ ഗണേശനെ വിളിച്ചു കാര്യം പറയാം ഞാൻ….”

സുരേന്ദ്രൻ പോക്കറ്റിൽ നിന്നും സെൽഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു കൊണ്ട് പുറത്തേക്കു പോയി.

അപ്പോഴാണ് ഒരു നഴ്സ് അവിടേക്ക് വന്നത്.

“ആവണിയുടെ കൂടെ ആരാ വന്നിട്ടുള്ളത്… ”

“ഞാനാ… ” സുധീഷ്‌ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

“നിങ്ങളോട് ഡോക്ടറുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു… ”

“ശരി… ”

സുധീഷ്‌ ഡോക്ടറുടെ മുറിയിലേക്ക് നടന്നു.

“ഡോക്ടർ ഹിമ വാസുദേവൻ ” അവൻ അവരുടെ പേര് വായിച്ചു.

“നിങ്ങൾ പേഷ്യന്റിന്റെ…??”

“ഹസ്ബൻഡ് ആണ്…അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ… ”

“ഷി ഈസ്‌ ആൾറൈറ്റ് നൗ….ഇപ്പോ മയക്കത്തിലാണ്. കുഴപ്പമൊന്നുമില്ല… ഡ്രിപ് കഴിഞ്ഞാൽ കൊണ്ട് പോകാം…
പിന്നെ കുറച്ചു ദിവസം അൽപ്പം റസ്റ്റ്‌ വേണം. കൈ അധികം അനക്കാൻ പാടില്ല… ”

“വീട്ടുകാർ ഉറപ്പിച്ച വിവാഹം ആയിരുന്നോ നിങ്ങളുടെ…??”

“അതെ ഡോക്ടർ… ഇന്നായിരുന്നു വിവാഹം… ”

“അത് ഞാൻ ഊഹിച്ചു…. വിവാഹ വേഷത്തിൽ തന്നെ ആ കുട്ടി ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിരണമെങ്കിൽ അതിനർത്ഥം ആ കുട്ടിക്ക് ഈ വിവാഹത്തിൽ തീരെ താല്പര്യമില്ലായിരുന്നു എന്നല്ലേ… ”

“ഡോക്ടർ പറഞ്ഞത് ശരിയാണ്… പെണ്ണ് കാണൽ ചടങ്ങിൽ വച്ചു തന്നെ അവൾക്ക് ഈ ബന്ധത്തിൽ താല്പര്യമില്ല മറ്റൊരാളെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞിരുന്നു….ഞാനത് കാര്യമായി എടുത്തില്ല…. വിവാഹം കഴിഞ്ഞാൽ എല്ലാം മാറുമെന്ന് കരുതി..”

“നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഇനി ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാതെ നോക്കണം. കുറച്ചു നാളത്തേക്ക് ആ കുട്ടിക്കും അധികം മാനസിക പ്രയാസം നൽകരുത്.
എല്ലാം ഉൾകൊള്ളാൻ സമയം എടുക്കും. എന്തായാലും വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആവണിക്കൊപ്പം എന്തിനും ഏതിനും സപ്പോർട്ട് ആയി താൻ ഉണ്ടാവണം…. ഏതൊരു സ്ത്രീയുടെയും ധൈര്യം അവളുടെ ഭർത്താവാണ്… ”

“ഞാൻ ശ്രമിക്കാം ഡോക്ടർ… ”

“പഴയ ബന്ധത്തെ പറ്റി ചോദിച്ചു ഇനി അയാളെ കൂടുതൽ വിഷമിപ്പിക്കരുത്… എല്ലാം സാവകാശം മറന്നു രണ്ടുപേരും സുഖമായി ജീവിക്കു…. മയക്കം വിട്ട് ഉണരുമ്പോൾ ആ കുട്ടിയെയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം… ”

“അവളോടൊപ്പം ഒരു കുടുംബ ജീവിതം ഈ ജന്മം ഉണ്ടാവില്ല ഡോക്ടർ…. ” അവൻ മനസ്സിൽ പറഞ്ഞു.

“ശരി ഡോക്ടർ….താങ്ക്യൂ… ” ഡോക്ടറിനു നന്ദി പറഞ്ഞു കൊണ്ട് സുധീഷ്‌ എഴുന്നേറ്റു ഡോർ തുറന്നു പുറത്തേക്കു നടന്നു.

അപ്പോഴേക്കും സുരേന്ദ്രൻ അവിടേക്ക് വന്നു.

“ഡോക്ടർ എന്ത് പറഞ്ഞു മോനെ…?? ”

“കുഴപ്പം ഒന്നുമില്ല… ഡ്രിപ് കഴിഞ്ഞാൽ കൊണ്ട് പോകാം… ”

“ഞാൻ ഗണേശനെ വിളിച്ചു കാര്യം പറഞ്ഞു… അപ്പോ അവര് പറഞ്ഞത് സീരിയസ് ഇഷ്യൂസ് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചാൽ മതിയെന്ന് അല്ലെങ്കിൽ നമ്മളോട് തന്നെ കൈകാര്യം ചെയ്തോളാൻ പറഞ്ഞു.. ”

“കുഴപ്പം ഒന്നുമില്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞേക്ക്… ”

“ശരി… ”

സമയം കടന്നു പോയി.

മയക്കം വിട്ടുണർന്ന ആവണി ചുറ്റും നോക്കി.

താൻ ഹോസ്പിറ്റലിൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.

ആ നിമിഷം ഒരു വേള അരികിൽ ആശ്വാസം ഏകി അമ്മയുണ്ടാകുമെന്നവൾ പ്രതീക്ഷിച്ചു.

പക്ഷേ ആരും ഉണ്ടായിരുന്നില്ല.

മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി അവൾ കിടന്നു.

അവളുടെ കണ്ണുകളിൽ നിന്നും നീർ കണങ്ങൾ ഇറ്റു വീണു.

നിരാശയോടെ ഒരു നിമിഷം അവൾ മുറിഞ്ഞ കൈ തണ്ടയിലേക്ക് നോക്കി.

ഇവിടെയും ദൈവം തന്നെ ഉപേക്ഷിച്ചു എന്നവൾക്ക് മനസിലായി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സുധീഷ്‌ അവിടേക്ക് വന്നു.

“ഇപ്പോൾ എങ്ങനെയുണ്ട്… ”

“സുഖം… ”

“വേദന തോന്നുന്നുണ്ടോ…?? ”

“ഇല്ല… ” അവന്റെ മുഖത്തേക്ക് അവൾ നോക്കി.

“വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞു… ”

“എന്റെ വീട്ടിലേക്ക് ആണോ…?? ” പ്രതീക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

“അല്ല… എന്റെ വീട്ടിലേക്കാ… ”

“ഞാൻ… ഞാൻ എങ്ങനെ…. അവിടെ ഉള്ളവരെ ഫേസ് ചെയ്യും… ” മടിച്ചു മടിച്ചു അവൾ ചോദിച്ചു.

“ഓരോന്നു ചെയ്യുമ്പോൾ അതൊക്കെ ഓർക്കണമായിരുന്നു… ” ദേഷ്യത്തോടെ അവൻ പറഞ്ഞു.

“കതിർ മണ്ഡപത്തിൽ നിങ്ങളുടെ സമീപം ഇരിക്കുമ്പോൾ അവസാന പ്രതീക്ഷയെന്നോണം ഞാൻ നിങ്ങളുടെ മുഖത്തേക്ക് നോക്കിയത് നിങ്ങൾ ഓർക്കുന്നോ…?? അപ്പോഴേങ്കിലും നിങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു… പക്ഷേ അതുണ്ടായില്ല…. എങ്കിൽ ഇങ്ങനെ ഒരബദ്ധം എനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നു…. ” അവളുടെ ഒച്ച ഇടറി.

മിഴികളിൽ നീർകണങ്ങൾ വന്നു മൂടിയപ്പോൾ ആവണി എതിർ വശത്തേക്ക് മുഖം വെട്ടിച്ചു.

കണ്ണുനീർ കാഴ്ച മറയ്ക്കുമ്പോൾ അവളുടെ കണ്ണിൽ അഖിലേഷിന്റെ രൂപം തെളിഞ്ഞു വന്നു.

തേങ്ങലോടെ ഒരു നിമിഷം അവൾ അഖിലേഷിനെ ഓർത്തു.

“ശരിയാണ് അവൾ പറഞ്ഞത്….
അവസാന നിമിഷം വരെ പ്രതീക്ഷയോടെ തന്നെ നോക്കികൊണ്ടിരുന്ന അവളുടെ ദയനീയ ഭാവം കണ്ടില്ലെന്നു നടിച്ചു അവളുടെ കഴുത്തിൽ താൻ താലി അണിയുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ മനഃപൂർവം അവഗണിച്ചു… ” സുധീഷ്‌ മനസ്സിൽ ആ രംഗങ്ങൾ ഓർത്തു.

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വിവാഹിതരായ രണ്ടു യുവ മിഥുനങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ആ ആശുപത്രി മുറിക്കുള്ളിൽ നിശബ്ദരായി നില കൊണ്ടു.

അവരുടെ ഇടയിലെ മൗനത്തെ കീറി മുറിച്ചു കൊണ്ട് ഡോർ തുറന്നു ഒരു നേഴ്സ് അകത്തേക്ക് കയറി വന്നു.

ആവണിയുടെ കയ്യിലെ ഡ്രിപ് നേഴ്സ് ഊരി മാറ്റി.

അപ്പോഴേക്കും ഡോക്ടർ ഹിമ വാസുദേവനും അങ്ങോട്ടേക്ക് വന്നു.

രണ്ടു പേരോടും സംസാരിച്ച ശേഷം ഡോക്ടർ ആവണിക്ക് ഡിസ്ചാർജ് നൽകി.

ആശുപത്രിയിൽ നിന്നുള്ള മടക്കയാത്രയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല.

“എന്തിനാ മോളെ നീ ഇങ്ങനെ ചെയ്തേ… ” മുൻ സീറ്റിൽ ഇരുന്ന സുധിയുടെ അച്ഛൻ സുരേന്ദ്രൻ പിന്തിരിഞ്ഞു ആവണിയെ നോക്കി കൊണ്ട് ചോദിച്ചു.

ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവൾ സുധിയുടെ മുഖത്തു നോക്കി.

“വിവാഹത്തിനു അമ്മ വരാത്തതിന്റെ വിഷമം ആയിരുന്നു അച്ഛാ ആവണിക്ക് …. ” സുധീഷ്‌ ഇടയിൽ കയറി പറഞ്ഞു.

ഹോസ്പിറ്റലിൽ വച്ചു തന്റെ അമ്മയെ ഫോൺ ചെയ്തു അവൻ പറഞ്ഞതും അങ്ങനെയാണ്.

“അതിനാണോ മോളെ നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞത്…. അമ്മയുടെ കാര്യമൊക്കെ ശരിയാവും…. മോൾ അതൊന്നും ഓർത്തു വിഷമിക്കണ്ട…. ” അയാളുടെ വാത്സല്യം തുളുമ്പുന്ന സംസാരം കേട്ടപ്പോൾ അവൾ ഒരു നിമിഷം തന്റെ അച്ഛനെ ഓർത്തു.

“അച്ഛൻ… അച്ഛൻ…. ഉണ്ടായിരുന്നെങ്കിൽ എനിക്കിന്ന് ഈ ഗതി വരില്ലായിരുന്നു…. ” ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

ഒന്നും മിണ്ടാതെ അവൾ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്കു നോട്ടം എറിഞ്ഞു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വീടെത്തി.

രാവിലെ വിവാഹം കൂടാൻ എത്തിയ ബന്ധുക്കളിൽ കുറെപ്പേരൊക്കെ ഒരു വിധം പോയിരുന്നു. വീടിനുള്ളിൽ ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്.

കാർ ഗേറ്റ് കടന്നു ആ ഇരുനില വീടിനു മുന്നിലെ കാർ പോർച്ചിൽ നിന്നു.

സുധീഷ്‌ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി. പിന്നാലെ ആവണിയും ഇറങ്ങി.

അവളുടെ നെഞ്ച് പട പടാന്ന് മിടിച്ചു കൊണ്ടിരുന്നു.

രാവിലെ വലതു കാൽ വച്ചു നിലവിളക്കും കൊണ്ട് അകത്തേക്ക് കയറിയത് അവൾ ഓർത്തു.

അപ്പോഴേക്കും കാറിന്റെ ശബ്ദം കേട്ട് ഗീതയും മറ്റുള്ളവരും സിറ്റ്ഔട്ടിലേക്ക് വന്നു.

തെല്ലു ഭയത്തോടെ സുധിക്ക് പിന്നാലെ അവൾ നടന്നു.

ഗീതയുടെ മുഖത്തേക്ക് അവൾ പേടിയോടെ നോക്കി.

അവർ വന്നു അവളുടെ കരം ഗ്രഹിച്ചു.

“എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ മോൾക്ക് അമ്മയോട് പറയാമായിരുന്നില്ലേ…. രാവിലെ ഞങ്ങൾ എല്ലാവരും എന്തോരം പേടിച്ചു… ”

ആശ്ചര്യത്തോടെ അവൾ അവരുടെ മുഖത്തേക്ക് നോക്കി.

പെണ്ണുകാണലിനു അവരെ ആദ്യമായി കണ്ടപ്പോൾ ഒരു ഭയങ്കരി ആയിട്ടാണ് അവൾക്ക് തോന്നിയത്.

അച്ഛനെ പോലെ അമ്മയും പാവം ആണല്ലോ എന്നവൾ ആലോചിച്ചു.

“ഞാൻ… എന്നോട് ക്ഷമിക്ക് അമ്മേ…. ” അവൾ വിക്കി വിക്കി പറഞ്ഞു.

“സാരമില്ല മോളെ അമ്മേടെ കാര്യം ഓർത്തു വിഷമിക്കണ്ട…. ഇവിടെ മോൾക്ക് എല്ലാരും ഇല്ലേ… ” സ്നേഹത്തോടെ അവർ അവളുടെ നെറുകയിൽ തലോടി.

“മോൾ പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറു…. നീയും കൂടെ ചെല്ല് മോനെ…. മോൾക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം അലമാരയിൽ ഉണ്ട് കേട്ടോ…. ”

“ശരി അമ്മേ… ”

“അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല…. നിങ്ങളൊക്കെ ഇനി വീടുകളിലേക്ക് ചെല്ല്…. ” സുധീഷിന്റെ അമ്മ ഗീത അയൽവക്കക്കാരെയൊക്കെ യാത്ര അയച്ചു.

എല്ലാവരെയും നോക്കി അവൾ വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു.

സുധീഷിന്റെ പിന്നാലെ അവൾ മുകളിലേക്ക് പോയി.

അപ്പോഴേക്കും ബെഡ്റൂമിന്റെ വാതിലും ബാത്റൂമിന്റെ വാതിലും എല്ലാം ശരിയാക്കിയിരുന്നു.

“താൻ പോയി കുളിച്ചു ഫ്രഷ് ആയി കൊള്ളൂ…. അലമാരയിൽ നിന്നും ഇയാൾക്ക് വേണ്ട ഡ്രെസ് എടുത്തോളൂ… ” അതുംപറഞ്ഞു കൊണ്ട് സുധീഷ്‌ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു ലൈറ്റർ തെളിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.

ആവണി അലമാര തുറന്നു നോക്കി.
പുതിയ കുറെ ഡ്രെസ്സുകൾ അടുക്കി വച്ചേക്കുന്നത് അവൾ കണ്ടു.

അതിൽ നിന്നും കടും നീല കളറിലുള്ള ഒരു ചുരിദാർ എടുത്തു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു.

രാവിലെ തന്നെ അണിയിച്ചൊരുക്കി വീട്ടിൽ നിന്നും വിവാഹ മണ്ഡപത്തിലേക്ക് ബന്ധുക്കൾ കൊണ്ട് പോകാൻ നേരം അരികിൽ വന്നു അമ്മ ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾ ഇടിത്തീ പോലെ അവളുടെ മനസിലേക്ക് വന്നു.

ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ അമ്മയുടെ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു. … (തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇനിയൊരു ജന്മംകൂടി – ഭാഗം 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story