പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 11

എഴുത്തുകാരി: തപസ്യ ദേവ്‌

ഡേവിഡ് പറഞ്ഞിട്ട് പോയതിന്റെ അർത്ഥം മുൻപ് എപ്പോഴോ അവനെ തനിക്ക് അറിയാമായിരുന്നു എന്നല്ലേ… !!
അതെ ആദ്യം കണ്ടപ്പോഴും എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നിയിരുന്നു.

നാളെ വൈകിട്ട് രാജേഷ് ഏട്ടൻ വരുമല്ലോ…. ചോദിക്കണം ഈ കൂട്ടുകാരന്റെ ഡീറ്റെയിൽസ് ഒക്കെ വിശദമായി തന്നെ.
ഒരു കൂട്ടുകാരനെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്കുമ്പോൾ ആണ് ഈ കൂട്ടുകാരനെ കൂടി ഇങ്ങോട്ട് പറഞ്ഞു വിട്ടത്.

മാധവിനെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ പവിത്രയുടെ മുഖത്ത് വെറുപ്പും ദേഷ്യവും നിറഞ്ഞു വന്നു.

” അല്ല നീ എന്താ മുറ്റത്ത് തന്നെ നിൽക്കുന്നത്… അകത്തേക്ക് കേറുന്നില്ലേ ”

വന്ന പോലെ തന്നെ എന്തോ ആലോചിച്ചു പുറത്തു തന്നെ നിൽക്കുന്ന പവിത്രയെ കണ്ട് പത്മം ചോദിച്ചു.

അപ്പോഴാണ് താൻ മുറ്റത്ത് തന്നെ ആണെന്നുള്ള ഓർമ്മ അവൾക്കും വന്നത്. അകത്തേക്ക് കേറുന്നതിനിടയിൽ പത്തായപ്പുരയിലേക്ക് ഒന്ന് നോക്കി. അവിടെ ജനലിൽ പിടിച്ചു തന്നെ നോക്കി നിൽക്കുന്ന ഡേവിഡിനെ അവൾ കണ്ടു. അവന്റെ ചുണ്ടിലെ ചിരി തന്നെ കളിയാക്കുന്നതായാണ് അവൾക്ക് തോന്നിയത്.

” അതെ ആകാശ് വിളിച്ചിട്ടുണ്ടായിരുന്നു… ”
കുളിച്ചു വേഷം മാറി വന്ന പവിത്രക്ക് ചായ കൊടുത്തിട്ട് പത്മം അടുത്ത് വന്നിരുന്നു.

” ഞാൻ പറഞ്ഞത് നീ കേട്ടോ ”
ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളോട് അമ്മ ചോദിച്ചു.

” ഞാൻ കേട്ടു… അമ്മ മുഖവുര ഇടാതെ കാര്യം എന്താന്ന് വെച്ചാൽ പറയ് ”

” ആഹ് പുണ്യക്ക് നല്ല റെസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞത്രേ… അവന്റെ അമ്മയ്ക്കു നടുവിനും കാലിനും വേദനയാ… അവളുടെ കാര്യവും അനുമോളുടെ കാര്യവും കൂടെ നോക്കാൻ ബുദ്ധിമുട്ടാ.
അപ്പൊ ആകാശ് ചോദിച്ചു ഞാൻ അങ്ങോട്ട് ചെല്ലുമോന്ന് ഒരു രണ്ട് മാസത്തേക്ക് ആണ് റെസ്റ്റ് പറഞ്ഞേക്കുന്നത്. അതുവരെ ഞാൻ അവിടെ നിൽക്കാമോന്ന് ”

” മ്മ് അമ്മ എന്ത് പറഞ്ഞു ”

” നിന്നോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു ”

” അതെന്തിനാ അമ്മേ എന്നോട് ചോദിക്കുന്നത്…. ഇതിൽ ഒരു തീരുമാനം എടുക്കേണ്ടത് അമ്മ തന്നെ അല്ലേ ”

” അല്ല മോളെ രണ്ടു മാസം നിന്നെ തനിച്ചാക്കി ഞാൻ എങ്ങനെ അവളുടെ അടുത്ത് പോയി നിൽക്കും… നീ എത്ര ധൈര്യശാലി ആണെന്ന് പറഞ്ഞാലും എന്റെ മോളാ.. നിന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ എനിക്ക് കഴിയുമോ. ഒരു അമ്മയ്ക്കു അതിന് സാധിക്കുമോ ”

” അങ്ങനാണെങ്കിൽ ഈ കാര്യം ആകാശ് വിളിച്ചപ്പോൾ തന്നെ പറയണമായിരുന്നു. ”

ചായ കുടിച്ച ഗ്ലാസ്‌ കഴുകി കമഴ്ത്തി വെച്ചിട്ട് അവൾ വീണ്ടും പഴയ സ്ഥാനത് തന്നെ വന്നിരുന്നു.

” അങ്ങനെ അറുത്തു മുറിച്ച് പറയാൻ പറ്റുമോ.. പിന്നെ ഞാൻ വിചാരിക്കുന്നത് പുണ്യയെ ഇവിടെ കൊണ്ട് വിടാൻ പറയാം രണ്ടു മൂന്ന് മാസം ഇവിടെ നിന്ന് റെസ്റ്റ് എടുക്കട്ടെ. അല്ലെങ്കിൽ അനുമോളെ ഇവിടെ നിർത്താൻ പറയാം…
നീ എന്ത് പറയുന്നു ”

പത്മം അവളുടെ അഭിപ്രായം അറിയാൻ നോക്കി.

” അത് നല്ല കാര്യമാണ്… ആകാശിനോട് ചോദിച്ചു നോക്ക്. പിന്നെ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല ”

” അങ്ങനൊന്നുമില്ല അവൻ സമ്മതിക്കും ”

അതിന് തിരിച്ചു ഒന്നും പറയാതെ പവിത്ര മുറിയിലേക്ക് പോയി. ഈറൻ മുടി ചുറ്റിക്കെട്ടി വെച്ചിരുന്ന തോർത്ത് അഴിച്ചു സ്റ്റാൻഡിൽ വിരിച്ചിട്ടു. ഒരു സൈഡിലേക്ക് മുടി മുന്നോട്ട് ഇട്ട് കൊണ്ട് കണ്ണാടിയിലേക്ക് നോക്കി.

” അമ്മയെ വിളിച്ചു കൂടെ നിർത്തുമ്പോൾ പവിത്രേച്ചി ഈ വീട്ടിൽ തനിച്ചാകുമെന്ന് അനിയത്തി ഓർത്തില്ല. അങ്ങനെ ഓർത്തിരുന്നേൽ ഭർത്താവിനെ കൊണ്ട് വിളിച്ചു ചോദിപ്പിക്കില്ലായിരുന്നു.
എന്തിനാ ഓർക്കുന്നെ.. പവിത്ര വെറും പെണ്ണല്ലല്ലോ തന്റേടി അല്ലേ… !!

കണ്ണാടിയിൽ കാണുന്ന തന്റെ രൂപത്തിലേക്ക് നോക്കി അവൾ പുച്ഛത്തോടെ ചിരിച്ചു.

അമ്മ വിളക്ക് വെച്ച് നാമം ചൊല്ലുന്ന അത്രയും നേരം തൊഴുത്തിന്റെ സൈഡിൽ പോയിരുന്നു. അമ്മിണിക്കും മണിക്കുട്ടനും തിന്നാൻ അരിഞ്ഞു കൊണ്ട് വെച്ചിരുന്ന പോച്ച എടുത്ത് അവർക്ക് ഇട്ടു കൊടുത്തു.
മനുഷ്യർക്ക് ഒപ്പം ഇരിക്കുന്നതിനേക്കാൾ സമാധാനം ഉണ്ട് ഇവറ്റകൾക്ക് ഒപ്പം ഇരിക്കുമ്പോൾ എന്ന് അവൾക്ക് തോന്നി.

പിറ്റേന്ന് പവിത്ര ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് പ്രശാന്ത് വീട്ടിലേക്ക് കയറി വന്നത്. തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അകത്തേക്ക് കയറി പോകുന്നത് അവൾ നോക്കി നിന്നു. പ്രത്യേകിച്ച് ഭാവങ്ങളൊന്നും ആ മുഖത്ത് കണ്ടില്ലെങ്കിലും അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ ഡേവിഡിന്റെ ഉള്ളിൽ ഒരു ചെറിയ വേദന തോന്നി.

തോളിലെ ബാഗ് ഒന്നൂടെ കേറ്റിയിട്ട് തലയുയർത്തി നടന്നു പോകുന്ന പവിത്രയെ ആരാധനയോടെ അവൻ നോക്കി കണ്ടു.
അമ്മയോട് അല്പ്പനേരം കുശലാന്വേഷണം നടത്തിയിട്ട് പ്രശാന്ത് പോകാനായി ഇറങ്ങി.

” പവിത്രയോട് നീ എന്താ സംസാരിക്കാഞ്ഞത് ”
പത്മം മോനോട് ചോദിച്ചു. അവൻ ഒന്നും പറയാതെ നിൽക്കുന്നത് കണ്ടപ്പോൾ അവർക്ക് ദേഷ്യം തോന്നി.

” കടന്നു വന്ന വഴികൾ ഒന്നും മറക്കരുത് മോനെ…
പലതും വേണ്ടെന്ന് വെച്ച് അവൾ നിന്നതുകൊണ്ട് മാത്രമാണ് നീയൊക്കെ ഈ കാണുന്ന വൃത്തിയിലും മെനയിലും ഇന്ന് നടക്കുന്നത്.
ആ അവളെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല ഓർത്തോ ”
അത്രയും പറഞ്ഞിട്ട് പത്മം വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി.

പ്രശാന്ത് പോയി കഴിഞ്ഞപ്പോൾ ഡേവിഡ് പത്രം വായിക്കാനായി അവിടേക്ക് ചെന്നു. പത്മവും എന്തോ ആലോചനയിൽ മുഴുകി അവിടെ ഇരിപ്പുണ്ടായിരുന്നു.

” എന്താ അമ്മച്ചി ഇത്ര ആലോചന… ”

” ഓ മക്കളുടെ ഒക്കെ കാര്യം ആലോചിച്ചു ഇങ്ങനെ ഇരുന്നതാ ഡേവിച്ചാ ”
മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവർ പറഞ്ഞു.

” പ്രശാന്ത് വന്നിട്ട് പോകുന്നത് കണ്ടല്ലോ ”

” അവന്റെ കുറച്ചു സാധനങ്ങൾ ഇവിടെ ഇരിപ്പുണ്ടായിരുന്നു അതെടുക്കാൻ വന്നതാ ”

” മ്മ് അല്ല അമ്മച്ചി ഇവിടെ വായിക്കാൻ എന്തേലും ബുക്ക് വല്ലതും ഇരിപ്പുണ്ടോ… വെറുതെ ഇരുന്നു ബോറടിക്കുന്നു. ”
അവൻ വിഷയം മാറ്റാനായി ചോദിച്ചു.

” ഇവിടെ അങ്ങനെ ആർക്കും വായനാശീലം ഒന്നുമില്ല മോനെ… അതുകൊണ്ട് ബുക്ക്‌ ഒന്നും ഇരിപ്പില്ല. പവിത്ര പണ്ട് വായനയൊക്കെ ഉണ്ടായിരുന്നു…പിന്നെ പിന്നെ ആയപ്പോൾ അതിനെവിടാ സമയം…
ആഹ് മോനൊരു കാര്യം ചെയ്യ് വായനശാലയിൽ ചെല്ല്… പവിത്ര അവിടുണ്ടല്ലോ ”

” ആഹാ അവിടാണോ പവിത്ര മേഡത്തിന് ജോലി.. ”

” അതെ…. നമ്മുടെ അയ്യപ്പന്റെ അമ്പലം ഇല്ലേ.. അവിടുന്ന് കിഴക്കോട്ട് ഗ്രാവൽ ഇട്ട വഴിയുണ്ട്. അതു വഴി ചെല്ലുമ്പോൾ ആദ്യം കാണുന്നത് രാജേഷിന്റെ….

എന്തോ ഓർത്തിട്ടെന്ന പോലെ പത്മം പകുതിക്ക് വെച്ച് നിർത്തി പിന്നെ ചിരിയോടെ പറഞ്ഞു

” അല്ല മോന് എന്തിനാ വഴി പറഞ്ഞു തരുന്നത് അറിയാവുന്നതല്ലേ അവിടൊക്കെ…. രാജേഷിന്റെ വീടും അതിന് അടുത്തുള്ള വായനശാലയുമൊക്കെ അറിയില്ലേ… ”

” പിന്നില്ലേ ഞാൻ പൊക്കോളാം അമ്മച്ചി ഈ പത്രം വായന ഒന്ന് കഴിഞ്ഞിട്ട് ”

” എന്നാൽ ശരി വായന നടക്കട്ടെ എനിക്ക് അടുക്കളയിൽ ഇത്തിരി പണി കിടപ്പുണ്ട് ”

********************

അവധി ദിവസം ആയതു കൊണ്ട് സൗമ്യയും പവിത്രക്കൊപ്പം ലൈബ്രറിയിൽ ഉണ്ടായിരുന്നു.

അവൾക്ക് കോളേജിലേക്ക് എന്തോ പ്രോജക്ട് ചെയ്യുന്നതിന് ആവശ്യമായ ബുക്ക്‌ എടുക്കാൻ വേണ്ടിയാണ് രാവിലെ കൂടെ ഇങ്ങ് വന്നത്.

ഉച്ചക്ക് കഴിച്ചു കഴിഞ്ഞു പഴയ രജിസ്റ്ററൊക്കെ ഒന്നു എടുത്തു നോക്കുമ്പോൾ ആണ് മുന്നിൽ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നി പവിത്ര മുഖമുയർത്തി നോക്കുന്നത്.
മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖത്തെ പ്രസന്നത മറഞ്ഞു.

” പവിത്രേച്ചി… ”

ഇതുവരെ കണ്ടു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ പവിത്രയെ പേര് എടുത്തു ചേച്ചി എന്ന് വിളിക്കുന്നത് കേട്ട് സൗമ്യ അമ്പരപ്പോടെ അവന്റെ മുഖത്തും പവിത്രയുടെ മുഖത്തും മാറി മാറി നോക്കി.

പവിത്രയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവർ തമ്മിൽ മുൻപരിചയം ഉണ്ടെന്ന്.

” നിനക്ക് എന്താ ഇവിടെ കാര്യം ”
പവിത്ര അവനോട് ചോദിച്ചു. അവളുടെ മുഖത്തെ വെറുപ്പും ദേഷ്യവും കണ്ടപ്പോൾ ഒന്നും പറയാൻ കഴിയാതെ നിസ്സഹായതയോടെ അവൻ നിന്നു.

” ചോദിച്ചത് കേട്ടില്ലേ നീ…
എന്ത് ധൈര്യത്തിൽ ആണ് നീ എന്റെ മുൻപിൽ വന്നു എന്നെ ചേച്ചി എന്ന് വിളിച്ചത്. നിന്നെയും നിന്റെ അമ്മയും കാണുന്നത് തന്നെ എനിക്ക് വെറുപ്പാ. ഇറങ്ങി പൊക്കോ എന്റെ കണ്മുന്നിൽ നിന്ന് ”

പവിത്രയുടെ ആക്രോശം കേട്ട് സൗമ്യ പോലും ഞെട്ടി നിൽക്കയാണ്. അവൾ ആ അപരിചിതനെ നോക്കി. നിറഞ്ഞു വന്ന മിഴികൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റി കൊണ്ട് അവൻ പവിത്രയെ നോക്കി നിൽക്കയാണ്. അവൾ ആകട്ടെ അവന്റെ മുഖത്തേക്ക് പോലും നോക്കാൻ തയാറാകാതെ കസേരയിൽ വന്നിരുന്നു.

അപമാനഭാരത്താൽ തലകുനിച്ചു ഇറങ്ങി പോകുന്ന ആ ചെറുപ്പക്കാരന്റെ രൂപം സൗമ്യയെ പോലും വിഷമിപ്പിച്ചു.

” ആരായിരിക്കും അത്….??
ഇത്രമേൽ പവിത്രേച്ചിക്ക് ദേഷ്യം തോന്നാനും മാത്രം അവൻ എന്താ ചെയ്തത്…??
ചേച്ചിയോട് ചോദിച്ചാലോ… !!

” ചേച്ചി… അതാരാ ”

പവിത്രയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതായപ്പോൾ അവൾ വീണ്ടും വിളിച്ചു.

” പവിത്രേച്ചി… ആ ചെറുക്കൻ ആരാ ചേച്ചി എന്തിനാ ഇങ്ങനെ ദേഷ്യപ്പെട്ടത് ”

” ദേ സൗമ്യേ എനിക്ക് ഒന്നാമത് കലി കയറി ഇരിക്കുവാ…
അവൻ ആരാന്ന് അറിയണ്ട കാര്യം നിനക്കില്ല…
ഇനി ഈ കാര്യം വീണ്ടും ചോദിച്ചോണ്ട് വന്നാൽ നീ എന്റെ വായിലിരിക്കുന്നത് കേൾക്കും.. ”

പവിത്രയുടെ കലി അറിയാവുന്നത് കൊണ്ട് സൗമ്യ മിണ്ടാതെ ഒരു മൂലക്ക് ബുക്കും കൊണ്ടുപോയിരുന്നു.

കൃത്യം ആ സമയത്ത് തന്നെയാണ് ഡേവിഡ് അവിടേക്ക് വരുന്നത്.

“ആ ചെറുക്കനെ പറഞ്ഞതിന്റെ ബാക്കി ഇന്ന് ഡേവിച്ചായന് കിട്ടും..
നിങ്ങൾ കറക്റ്റ് ആയിട്ട് വന്നു ചാടി കൊടുത്തല്ലോ ഈ ഹിറ്റ്ലർ ദീദിയുടെ വായിൽ.. ”
അവനെ കണ്ടതും സൗമ്യ മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ ആംഗ്യം കാണിച്ചു ചേച്ചിയേ ചൊറിയാൻ ചെല്ലരുതെന്ന്.
കാര്യം ഒന്നും അറിയാതെ വന്ന നമ്മുടെ ഇച്ചായൻ ആട്ടെ ഇപ്പൊ ശെരിയാക്കി തരാമെന്നൊക്കെ കൈ കൊണ്ട് തിരിച്ചു അവളെയും കാണിച്ചു.

” മ്മ് ചെല്ല് ചെന്നു കേറി കൊടുക്ക് ”
അവൾ പിറുപിറുത്തുകൊണ്ട് ബുക്കിലേക്ക് നോട്ടം തിരിച്ചു.

” എന്റെ മാതാവേ ആരാ ഇത് പവിത്ര മേഡമൊ… !!
ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ…
ആഹാ സൗമ്യേ നീയും ഇവിടുണ്ടോ ”

പവിത്രയുടെ മുന്നിലെ ടേബിളിനിപ്പുറം ഇട്ടിരുന്ന കസേരയിലേക്ക് അവൻ ഇരുന്നു.

” പവിത്ര മേഡം എത്ര നാളായി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്…
ആഹ് എത്ര നാളായാൽ എന്താ ഇനി ഇപ്പൊ എനിക്ക് ആവശ്യമുള്ള പുസ്തകത്തിന്റെ പേര് ഞാൻ പറഞ്ഞു വിടാം…. വൈകിട്ട് വരുമ്പോൾ മേഡം കൊണ്ടു വന്നാൽ മതി…
അല്ലിയോടി സൗമ്യേ ”

” അല്ലി അല്ല താമര ഇയാൾക്ക് ഇതെന്താ എന്നെ കൂടി കൊലയ്ക്ക് കൊടുക്കുമല്ലോ.. ”

തന്നെ തുറിച്ചു നോക്കുന്ന പവിത്രയെ കണ്ട് സൗമ്യ ബുക്ക്‌ എടുത്ത് മുഖത്തിന്‌ നേരെ പിടിച്ചു.

” ഡോ താൻ എന്തിനാ ഇത്ര ഒച്ചയിൽ സംസാരിക്കുന്നത്….
അവിടെ എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ സൈലൻസ് പ്ലീസെന്ന്… ”

” സോറി മേഡം മേഡത്തിനെ കണ്ട എക്‌സൈറ്റ്‌മെന്റിൽ… ”

” ഡോ നിർത്തെടോ ഒരു മേഡം വിളി… നേരം വെളുക്കുമ്പോൾ തൊട്ട് തുടങ്ങും മേഡം, മേഡം എന്നുപറഞ്ഞു…. ഒരു റെസ്‌പെക്ട് കീപ് ചെയ്യണമെന്ന് ഞാൻ പറഞ്ഞതിന് താൻ എന്നെ ആക്കിയാണ് ഇങ്ങനെ വിളിക്കുന്നതെന്ന് അറിയാം. അതിനി വേണ്ടാ… ഇനി മേലാൽ മേഡം എന്ന് വിളിച്ചാൽ തന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.. കേട്ടോടൊ ”

പവിത്ര കയ്യിൽ ഇരുന്ന രജിസ്റ്റർ ബുക്ക് എടുത്ത് ടേബിളിൽ അടിച്ചു കൊണ്ട് പറഞ്ഞു.

ഇത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഡേവിഡ് ഒരു സൈഡിലോട്ട് അവളെ കണ്ണു കാണിച്ചു കൊണ്ടിരുന്നു.

” എന്തോന്നാ വാ തുറന്നു പറ ”

” അല്ല സൈലൻസ് പ്ലീസെന്ന് ”
സൈലെൻസ് പ്ലീസെന്ന് എഴുതിയ ബോർഡിലേക്ക് അവൻ വിരൽ ചൂണ്ടി.

” ഓ താൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. ”

” അത് മേഡം…
പവിത്ര നോക്കുന്നത് കണ്ടപ്പോൾ അവൻ നിർത്തി.

” എനിക്ക് വായിക്കാൻ പുസ്തകം എടുക്കാൻ വേണ്ടിയാരുന്നു. ”

” ആഹ് ആദ്യം മെമ്പർഷിപ് എടുക്കണം… പേരും അഡ്രസ്സും ഫോൺ നമ്പറും പറയ് ”

ഡേവിഡ് പറഞ്ഞ കാര്യങ്ങൾ ഒക്കെ എഴുതി മെമ്പർഷിപ് ഫീ അവന്റെ കയ്യിൽ നിന്നും വാങ്ങി ചെറിയൊരു റെസീപ്റ്റ് അവന് കൊടുത്തു.

” ഇനി ഏതാ വേണ്ടതെന്നു വെച്ചാൽ എടുത്തിട്ട് ബുക്കിന്റെ പേര് പറയണം.. ആ പേര് ഈ ബുക്കിൽ എഴുതും അവിടെ മിസ്റ്റർ ഡേവിഡ് സൈൻ ചെയ്യണം എന്നിട്ടേ പോകാവൂ ”

കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം അവൻ ബുക്കും കൊണ്ട് അവളുടെ അടുത്ത് ചെന്നു. എടുത്ത ബുക്കിന്റെ പേര് പറഞ്ഞു കൊടുത്തു അവന്റെ സൈനും ഇട്ടു.
അപ്പോഴാണ് അവന്റെ കയ്യിൽ ഇരിക്കുന്ന ബാലരമ അവളുടെ കണ്ണിൽപ്പെട്ടത്.

” ബാലരമ എന്തിനാ എടുത്തത്… അത് കൊച്ച് കുട്ടികൾക്ക് വായിക്കാൻ കൊടുക്കാൻ വെച്ചിരിക്കുന്നതാ. താൻ അതും കൊണ്ട് എവിടെ പോവാ ”

” ബാലരമ എനിക്ക് വായിക്കാൻ വേണ്ടി എടുത്തതാ…
നമ്മുടെയൊക്കെ കൊച്ചിലെ നിലത്തുവെക്കാതെ ഒറ്റയിരിപ്പിന് വായിച്ചു തീർത്ത പുസ്തകം ബാലരമയും ബാലഭൂമിയും ഒക്കെ അല്ലേ…
ഞാൻ ഇപ്പോഴും വായിക്കും. അതാ എടുത്തത് കൊണ്ടുപൊക്കോട്ടെ ”

അവൻ പവിത്രയുടെ സമ്മതത്തിന് വേണ്ടി നിന്നു.

” ആഹ് ഒരു കീറലും പോലും പറ്റാതെ തിരികെ കൊണ്ട് വെച്ചോണം ”
ഇറങ്ങാൻ നേരം അവൻ സൗമ്യയെ പുറകേ വരാൻ കണ്ണു കാണിച്ചു.
പവിത്രയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് പോയി.

” എന്നതാടി കൊച്ചേ നമ്മുടെ ഹിറ്റ്ലർ ദീദി ഭയങ്കര കലിപ്പിൽ ആയിരുന്നല്ലോ ഞാൻ വന്നപ്പോൾ…
എന്താ കാര്യം….?? ”

സൗമ്യ ഡേവിഡ് വരുന്നതിന് മുൻപ് നടന്ന സംഭവം അവനോട് വിവരിച്ചു.

” കഥയിൽ പുതിയതായി വന്ന ഈ കഥാപാത്രം ആരാണ്….?? ”

ഡേവിഡിന്റെ മനസ്സിൽ ആ സംശയം ഉടലെടുത്തു.

( തുടരും )

ദേ ഡേവിച്ചനെ കാണണം എന്ന് പറഞ്ഞവർക്ക് വേണ്ടി ഞാൻ ഡേവിച്ചനെ കൊണ്ട് വന്നിട്ടുണ്ടേ.. 😌
കമന്റ്സ് ഒക്കെ വായിക്കുന്നുണ്ട് ഒരുപാട് സന്തോഷം…
നിങ്ങളോടൊക്കെ ഒരുപാട് സ്നേഹം 😘

 

പവിത്ര: ഭാഗം 11

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story