ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 2

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 2

എഴുത്തുകാരി: ശിവ എസ് നായർ

ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ അമ്മയുടെ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു.

അച്ഛന്റെ ബന്ധുക്കൾ അവളെ അണിയിച്ചിരുക്കി മണ്ഡപത്തിലേക്ക് കൊണ്ട് പോകാൻ ഇറങ്ങുമ്പോഴാണ് ആവണിയുടെ അടുത്തേക്ക് അമ്മ സൗഭാഗ്യ വന്നത്.

മറ്റുള്ളവർ കേൾക്കാതെ അവളെ വിളിച്ചു മാറ്റി നിർത്തി അവർ ശബ്ദം താഴ്ത്തി മകളോട് പറഞ്ഞു.

“മറ്റൊരുത്തന്റെ മുന്നിൽ കഴുത്ത്‌ നീട്ടി കൊടുക്കുന്നതിലും ഭേദം മരണമായിരുന്നു നല്ലത്….

ഒരു പയ്യന് ആശ കൊടുത്തു മോഹിപ്പിച്ചിട്ട് ഇന്ന് നീ മറ്റൊരുത്തന്റെ മുന്നിൽ താലിക്കായി തല കുനിച്ചു കൊടുക്കുന്നു…

ഈ പാപത്തിനു ഞാൻ ഒരിക്കലും കൂട്ട് നിൽക്കില്ല….

നീ ഈ പടിയിറങ്ങുന്ന നിമിഷം
എന്റെ മനസ്സിൽ നീ മരിച്ചു കഴിയും….
എനിക്ക് ഇങ്ങനെയൊരു മകളില്ലെന്ന് ഞാൻ കരുതും…. ”

“അമ്മേ…. ഞാൻ… ”

“വേണ്ട… നിന്റെ ന്യായങ്ങൾ ഒന്നും തന്നെ എനിക്ക് കേൾക്കണ്ട…. ഇത്ര കാലവും എങ്ങനെ ജീവിച്ചോ അതുപോലെ ഞാൻ കഴിയും…. എന്റെ മനസ്സിൽ നിനക്കുള്ള ചിത ഒരുങ്ങി കഴിഞ്ഞു….”

“അമ്മേ… ” പിന്നിൽ നിന്നും അവൾ ഉച്ചത്തിൽ വിളിച്ചെങ്കിലും അവർ കേൾക്കാത്ത ഭാവത്തിൽ മുകളിലേക്ക് കയറി പോയി.

ആവണി അമ്മയ്ക്ക് പിന്നാലെ ഓടി ചെന്നെങ്കിലും അവൾക്ക് മുന്നിൽ അവർ വാതിൽ കൊട്ടിയടച്ചു.

അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.

“ഇത്രയും ദിവസം എല്ലാം സഹിച്ചു നിന്നത് അമ്മയ്ക്ക് വേണ്ടി മാത്രമാണ്.
ഒരു കടുംകൈയ്ക്ക് മുതിരാതെ എല്ലാം സഹിച്ചു കടിച്ചു പിടിച്ചു നിന്നത് ഞാൻ എന്തെങ്കിലും ചെയ്തു പോയാൽ അമ്മ തനിച്ചായി പോകുമല്ലോ എന്നോർത്ത് മാത്രമാണ്…

അമ്മയല്ലാതെ വേറെയാരാ എന്റെ അവസ്ഥ മനസിലാക്കുക…. അമ്മേ വാതിലു തുറക്കമ്മേ….

അമ്മയുടെ പൊന്നു മോളല്ലേ ഞാൻ.
ഞാൻ പോയാൽ അമ്മയെ നോക്കാൻ വേറെ ആരാ ഉള്ളെ… അതുകൊണ്ടല്ലേ അമ്മേ ഞാൻ എല്ലാത്തിനും സമ്മതം മൂളിയത്…”

പെട്ടന്ന് അവളുടെ മുന്നിൽ വാതിൽ മലർക്കെ തുറക്കപ്പെട്ടു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സൗഭാഗ്യ പുറത്തേക്കു വന്നു.

“നിന്റെ അച്ഛനും ഞാനും സ്നേഹിച്ചു വിവാഹിതരായവരാണ്. പേരിൽ മാത്രം സൗഭാഗ്യം തന്ന് എന്റെ മുപ്പതാം വയസിൽ ദൈവം അദ്ദേഹത്തെ എന്നിൽ നിന്നും തട്ടി പറിച്ചു. മറ്റൊരു വിവാഹത്തിനു എന്റെ വീട്ടുകാർ ഏറെ നിർബന്ധിച്ചപ്പോൾ അവരെയെല്ലാം ഞാൻ അകറ്റി നിർത്തി. അദ്ദേഹം സമ്മാനിച്ച വർണ്ണ പകിട്ടേറിയ പത്തു വർഷത്തെ ദാമ്പത്യ ജീവിതം മാത്രം മതിയായിരുന്നു നിന്നെയും കൊണ്ട് എനിക്ക് മുന്നോട്ടു ജീവിക്കാൻ.

നമ്മൾ രണ്ടു പേര് മാത്രമുള്ള ജീവിതത്തിൽ മൂന്നാമതൊരാൾ കൂടി കടന്നു വന്നു.

അഖിലേഷ്…. അവനെ നിനക്ക് ഇഷ്ടമാണെന്ന് നീ എന്നോട് വന്നു പറഞ്ഞു.. നീ തിരഞ്ഞെടുത്ത നിന്റെ ജീവിതം നല്ലതായിരുന്നു. നല്ലൊരു പയ്യനെ തന്നെ നീ കണ്ടെത്തി. അതിൽ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ….

നിന്റെയും അവന്റെയും ആഗ്രഹം പോലെ നടക്കട്ടെ എന്ന് ഞാൻ സമ്മതിച്ചു. ട്രെയിനിങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീട്ടുകാരെയും കൂട്ടി വന്നു പരസ്പരം സംസാരിച്ചു ചടങ്ങുകൾ നടത്താം എന്ന് എന്നോട് പറഞ്ഞു നിന്നെ അവനു വേണ്ടി ചോദിച്ചു വാക്ക് പറഞ്ഞു ഉറപ്പിച്ചല്ലേ ഈ പടി കടന്നു അവൻ പോയത്…

നാളെ നിന്നെ കൊണ്ട് പോകാൻ വരുന്ന അവനോടു ഞാൻ എന്ത് മറുപടി പറയും…. കുന്നോളം ആഗ്രഹം നല്കിയിട്ട് അവനെ നീ ചതിച്ചില്ലേ…. ജീവിതത്തിൽ ഒരാളെ സ്നേഹിച്ചാൽ അവന്റെ മാത്രം ഭാര്യയായി ജീവിക്കണം മരിക്കും വരെ… അതിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനു ജീവിക്കണം. അവനെ കരയിച്ചു കൊണ്ട് മറ്റൊരുത്തനു മുന്നിൽ കഴുത്തു നീട്ടാൻ തയ്യാറായി നിൽക്കുന്ന നിന്നോട് എനിക്ക് പുച്ഛമാണ്. നീ സ്വയം ജീവൻ ഒടുക്കിയാൽ പോലും നിന്നോട് എനിക്ക് വെറുപ്പ് തോന്നില്ലായിരുന്നു. മോളെ ജീവിതത്തിൽ ആരെയും സ്നേഹിച്ചു വഞ്ചിക്കാൻ പാടില്ല….കൂടെ കൂട്ടാൻ പറ്റുമെന്ന് ഉറപ്പില്ലെങ്കിൽ ഒരിക്കലും അവനെ സ്നേഹിക്കരുതായിരുന്നു. നിനക്ക് പോകാം…”

“എനിക്ക് പറയാനുള്ളത് കൂടെ കേട്ടിട്ട് അമ്മയ്ക്ക് എന്ത് വേണോ തീരുമാനിക്ക്… എന്നോട് ഇങ്ങനെയൊന്നും പറയല്ലേ അമ്മേ… ”

“വേണ്ട…. ഒന്നും എനിക്ക് കേൾക്കണ്ട..എന്റെ വാക്ക് ധിക്കരിച്ചു കൊണ്ട് അച്ഛന്റെ വീട്ടുകാർക്ക് വേണ്ടി ഈ വീടിന്റെ വാതിൽ തുറന്നു കൊടുത്തത് നീയല്ലേ… എല്ലാം സ്വയം അനുഭവിച്ചോ….നിന്നെ എനിക്കിനി കാണണ്ട… ” സൗഭാഗ്യ അവളെ അവഗണിച്ചു കൊണ്ട് വാതിൽ വലിച്ചടച്ചു.

അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ ചെന്നു തറച്ചു. അടച്ചിട്ട വാതിലിനു മുന്നിൽ നിന്നവൾ പൊട്ടി കരഞ്ഞു.

“അമ്മ പറഞ്ഞത് ശരിയാണ്…. സത്യങ്ങൾ അറിയുമ്പോൾ അഖിലേഷേട്ടൻ ഒരുപാട് വേദനിക്കും…. ഞാൻ ഏട്ടനെ വഞ്ചിക്കുകയാണല്ലോ ഈശ്വരാ…. അമ്മ പറഞ്ഞതാണ് ശരി…

മരിക്കണം….സ്നേഹിച്ച ആളെ ചതിച്ചു മറ്റൊരാളെ വിവാഹം കഴിക്കാൻ പാടില്ല അതിനേക്കാൾ ഭേദം മരണമാണ്. അമ്മയുടെ വെറുപ്പ് ഏറ്റു വാങ്ങിക്കാൻ എനിക്ക് ആവില്ല…. ” മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു കൊണ്ട് ആവണി തന്റെ മുറിയിലേക്ക് ഓടി.

മേശ വലിപ്പ് തുറന്നു അവൾ എന്തിനോ വേണ്ടി പരതി. കയ്യിൽ ബ്ലേഡ് തടഞ്ഞതും അവൾ അതെടുത്തു.

അപ്പോഴാണ് അച്ഛന്റെ പെങ്ങൾ അനിത വാതിൽക്കൽ വന്നത്.

ആവണി വേഗം അവർ കാണാതെ ബ്ലേഡ് ഇടതു കയ്യിൽ കരുതിയിരുന്ന കർച്ചീഫിനുള്ളിൽ ഒളിപ്പിച്ചു.

അവൾക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിനു മുൻപേ അനിത ആവണിയെയും കൂട്ടി താഴേക്ക് പോയി.

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു…

മണ്ഡപത്തിൽ എത്തിയതും വിവാഹ ചടങ്ങുകൾ കഴിഞ്ഞതും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. അവസാനം വരെ വിവാഹം എങ്ങനെയെങ്കിലും മുടങ്ങുമെന്ന പ്രതീക്ഷ വെറുതെയായി.

സുധീഷ്‌ അവസാന നിമിഷം എന്തെങ്കിലും ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

പിന്നെ കയ്യിൽ കരുതി വച്ച ബ്ലേഡിൽ ആയിരുന്നു പ്രതീക്ഷ മുഴുവൻ.

പക്ഷേ ദൈവം അവിടെയും തന്നെ പരാജയപ്പെടുത്തി.അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“ആവണി… ആവണി… ” കുളിക്കാൻ കയറി കുറെ നേരമായിട്ടും അവളെ കാണാതായപ്പോഴാണ് സുധി ബാത്‌റൂമിൽ മുട്ടി വിളിച്ചത്.

അപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്….ചിന്തകൾ പകുതിക്ക് മുറിഞ്ഞു.

അവൾ വേഗം ഷവർ ഓഫ്‌ ചെയ്തു.

“ഇതുവരെ കുളി കഴിഞ്ഞില്ലേ… ” പുറത്തു നിന്ന് സുധിയുടെ ഒച്ച വീണ്ടും കേട്ടു.

“കഴിഞ്ഞു… ദാ വരുന്നു… ” അവൾ മറുപടി പറഞ്ഞു.

മുടിയിൽ തോർത്ത്‌ ചുറ്റി കെട്ടി ഡ്രസ്സ്‌ എടുത്തു ഇട്ടു കൊണ്ട് അവൾ വേഗം പുറത്തിറങ്ങി.

“തന്നെ കാണാതായപ്പോൾ ഞാൻ കരുതി വീണ്ടും എന്തെങ്കിലും അബദ്ധം കാണിച്ചുവെന്ന്… ” അവളെ കണ്ടപ്പോൾ അവൻ പറഞ്ഞു.

ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് അവൾ താഴേക്കു പോയി.

ടൗവൽ എടുത്തു കൊണ്ട് സുധീഷ്‌ ബാത്‌റൂമിലേക്കും പോയി.

ആവണി സ്റ്റെപ്പ് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഗീത അവളുടെ അടുത്തേക്ക് വന്നു.

“കുളിയൊക്കെ കഴിഞ്ഞോ മോളെ…?? ”

“കഴിഞ്ഞു അമ്മേ… ”

“ഇപ്പൊ കൈയ്ക്ക് വേദന ഉണ്ടോ… ”

“ഇല്ല… ”

“മനസ്സ് വെന്തുരുകുമ്പോൾ ശരീരത്തിന്റെ വേദന എങ്ങനെ അറിയാനാ അമ്മേ… ” അവൾ മനസ്സിൽ പറഞ്ഞു.

“മോൾ പോയി സുധിയെയും കൂട്ടികൊണ്ട് വാ… അത്താഴം റെഡി ആയിട്ടുണ്ട്… ”

“ശരി… ” അവൾ വീണ്ടും മുകളിലേക്ക് പോയി.

അൽപ്പ സമയം കഴിഞ്ഞപ്പോൾ സുധീഷ്‌ കുളി കഴിഞ്ഞു ഇറങ്ങി വന്നു.

“അമ്മ താഴേക്കു ചെല്ലാൻ പറഞ്ഞു… അത്താഴം കഴിക്കാൻ… ”

“ഹാ… ” അവനൊന്നു മൂളി.

സുധി താഴേക്കു പോയപ്പോൾ ആവണിയും അവന്റെ പിന്നാലെ താഴേക്ക് ചെന്നു.

“അമ്മേ എനിക്ക് ഒന്നും വേണ്ട… വിശപ്പില്ല… ” ആവണി ഗീതയോട് പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല… രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരിക്കുവല്ലേ… ഒരു പിടി ചോറെങ്കിലും കഴിക്ക്… ” അവർ സ്നേഹപൂർവ്വം അവളെ നിർബന്ധിച്ചു.

അപ്പോഴേക്കും സുധി ആഹാരം കഴിച്ചു തുടങ്ങിയിരുന്നു.

അമ്മയുടെ നിർബന്ധം കാരണം ആഹാരം കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു പോയി കൈ കഴുകി.

മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഗീത കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി അവളുടെ അടുത്തേക്ക് വന്നു.

“ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ട….
മോള് മുറിയിലേക്ക് ചെല്ല്… ”

പാൽ ഗ്ലാസ്സുമായി ആവണി മുറിയിലേക്ക് നടന്നു.

അവൾ ചെല്ലുമ്പോൾ ബാൽക്കണിയിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു സുധീഷ്‌.

പാൽ ഗ്ലാസ്‌ മേശ പുറത്തു വച്ചിട്ട് അവൾ ഒരു നിമിഷം അലങ്കരിച്ച പട്ടു മെത്തയിലേക്ക് നോക്കി.

“ജീവിതത്തിൽ ഏതൊരു പെണ്ണും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന മുഹൂർത്തമാണ്. പക്ഷേ തനിക്ക് കരയാൻ മാത്രമാണ് വിധിച്ചിട്ടുള്ളത്….”

“താനെന്താ സ്വപ്നം കണ്ടു നിൽക്കുവാണോ…. ” അവളുടെ അടുത്തേക്ക് വന്നു സുധി ചോദിച്ചു.

ആവണി ഞെട്ടി തിരിഞ്ഞു അവനെ നോക്കി.

“ഇല്ല… ഞാൻ വെറുതെ…. ” വാക്കുകൾ കിട്ടാതെ അവൾ തപ്പി തടഞ്ഞു.

“ഇനി നിലത്ത് ബെഡ്ഷീറ്റ് വിരിച്ചു കിടക്കാൻ ഒന്നും നിൽക്കണ്ട… ഞാൻ തന്നെ ഒന്നും ചെയ്യുമെന്നോർത്തു പേടി വേണ്ട. ബെഡിൽ കിടന്നോളു. എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് ചെയ്തു തീർക്കാൻ…..കിടക്കാൻ ലേറ്റ് ആവും. ഇയാൾ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നോ… ”
ലാപ്ടോപ് എടുത്തു കൊണ്ട് സുധീഷ്‌ ബാൽക്കണിയിലേക്ക് നടന്നു.

അവൾ അൽപ്പം ആശ്വാസത്തോടെ ബെഡിൽ ഇരുന്നു.

അവനോടു എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ചോദ്യങ്ങൾ എല്ലാം മനസ്സിലിട്ട് കൂട്ടി കുഴച്ചു സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അവൾ ബെഡിലേക്ക് ചാഞ്ഞു.

അവളുടെ മനസിലേക്ക് അഖിലേഷിന്റെ രൂപം തെളിഞ്ഞു വന്നു.

“പാവം ഇപ്പോൾ ഒന്നുമറിയാതെ എന്നെയും സ്വപ്നം കണ്ടു ഉറങ്ങുകയാകും…. ” ഓർത്തപ്പോൾ അവളുടെ നെഞ്ച് നീറി.

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഓരോന്നു ആലോചിച്ചു ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഒരു മണി കഴിഞ്ഞപ്പോൾ സുധീഷ്‌ മുറിയിലേക്ക് വരുന്നതും ലാപ്ടോപ് കൊണ്ട് ടേബിളിൽ വയ്ക്കുന്നതും അവൾ കണ്ടു.

ആവണി കൈ നീട്ടി സ്വിച്ച് ഇട്ടു. മുറിയിൽ ലൈറ്റ് തെളിഞ്ഞു.

“താനിത് വരെ ഉറങ്ങിയില്ലേ…?? ”

“ഇല്ല… ”

“താൻ ഉറങ്ങിയെന്നു വിചാരിച്ചിട്ടാ ഞാൻ ലൈറ്റ് ഇടാത്തത്… ”

“ഉറക്കം വന്നില്ല…. അതാ… ”

മേശപ്പുറത്തു അവൾ കൊണ്ട് വച്ച പാൽ പാട കെട്ടിയിരുന്നു.

ലൈറ്റ് ഓഫ്‌ ചെയ്തു കൊണ്ട് സുധി അവളുടെ അരികിലായി വന്നു കിടന്നു.

മുറിയിൽ നിശബ്ദത തളം കെട്ടി നിന്നു.

ആവണി തല ചരിച്ചു സുധിയെ നോക്കി.

അവൻ ഉറങ്ങിയിട്ടില്ല എന്ന് കണ്ടപ്പോൾ അവൾ അവനെ വിളിച്ചു.

“സുധിയേട്ടാ… ”

“എന്താ…?? ” ചോദ്യ ഭാവത്തിൽ അവൻ അവളെ നോക്കി.

“എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു….?? ”

“ചോദിക്ക്… ”

അവൾ അവനു അഭിമുഖമായി ബെഡിൽ എഴുന്നേറ്റിരുന്നു.

അവനും എഴുന്നേറ്റു.

“എന്തിനു വേണ്ടിയാ നിങ്ങളെന്നെ വിവാഹം ചെയ്തത്.?? പിന്മാറാൻ കാല് പിടിക്കും പോലെ കെഞ്ചിയതല്ലേ ഞാൻ. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്…എല്ലാവരും കൂടെ എന്നെ ചതിച്ചില്ലേ…. ”

അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു. ചുണ്ടുകൾ വിറകൊണ്ടു.

…. (തുടരും)

(എല്ലാവർക്കും വായിക്കുമ്പോൾ ഒത്തിരി സംശയങ്ങൾ ഉണ്ടാവും. വരും പാർട്ടുകളിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഉണ്ടാവും…..ഒരമ്മ സ്വന്തം മകളോടു ഇങ്ങനെയൊക്കെ പറയുമോ എന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും…. മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചുരുളഴിയുന്നതാണ്)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇനിയൊരു ജന്മംകൂടി – ഭാഗം 1

Share this story