നയോമിക – ഭാഗം 2

നയോമിക – ഭാഗം 2

ഴുത്തുകാരി: ശിവന്യ അഭിലാഷ്


” ജിമ്മി… കം ഹിയർ”
അവൻ അലറി.
നായ പക്ഷേ നിന്നയിടത്തു നിന്നും അനങ്ങിയില്ല.. നയോമി അതിനോട് പോകാൻ കണ്ണ് കാണിച്ചപ്പോൾ അത് പതിയെ എണീറ്റ് ദൂരേക്ക് പോയി.

” നീ ഏതാടീ…. എന്തിനാ നിന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തെ ”

അവൻ അവളെ നോക്കി കണ്ണുരുട്ടി.

മറുപടിയൊന്നും പറയാതെ നയോമി അയാളെ നോക്കി പുഞ്ചിരിച്ചു.
അപ്പോഴേക്കും പുറത്തെ ബഹളം കേട്ട് കീർത്തി അങ്ങോട്ടിറങ്ങി വന്നു.

ഒറ്റനോട്ടത്തിൽ തന്നെ നയോമിയെ അവൾക്ക് മനസ്സിലായി…
എങ്കിലും അവൾ പരിചയഭാവം കാണിച്ചില്ല.

“എന്താ ഏട്ടാ ഇവിടെ ”
നയോമിയും അയാളും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

“കീർത്തീ.. ഇവളേതാ? നിന്നെ കാണാൻ വന്നതാണെന്ന് പറയുന്നു.. ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് കീർത്തി പേഷ്യന്റ് എന്നു പറഞ്ഞു ഒന്നു പോലും ഇങ്ങോട്ടേക്ക് വരരുതെന്ന്.. ”

അവൻ വല്ലാതെ ക്ഷുഭിതനായി.

” ഒകെ.. ഒകെ… കൂൾ ഡൗൺ ഏട്ടാ… അവൾ അവനെ സമാധാനിപ്പിച്ചു.

“ഏട്ടൻ അകത്ത് പോകൂ… ഞാനീ കുട്ടിയോടൊന്ന് സംസാരിക്കട്ടെ”

“കീർത്തീ നീ…”

” പ്ലീസ് ഏട്ടാ… ഞാൻ പറയുന്നത് കേൾക്കൂ… പ്ലീസ്”

അവൾ അവനോട് കെഞ്ചി.
എന്നിട്ടും പോകുന്നതിന് മുൻപ് അവൻ നയോമിയെ തറപ്പിച്ചൊന്ന് നോക്കി.

” കുട്ടി ഏതാ ”
കീർത്തി നയോമിയെ നോക്കി.

” മാഡം ഞാൻ ദാമോട്ടൻ പറഞ്ഞിട്ട് വന്നതാ…. ഇവിടെ വീട്ട് ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞിട്ട്.. ”

” ഒകെ…. കുട്ടി വരൂ”

നയോമി കീർത്തിക്ക് പിന്നാലെ നടന്നു.

വിശാലമായൊരു റൂമിലേക്കായിരുന്നു കീർത്തി അവളേയും കൂട്ടി പോയത്.. ഒറ്റനോട്ടത്തിൽ അതൊരു കൺസൾട്ടിംഗ് റൂം ആണെന്ന് നയോമിക്ക് മനസ്സിലായി.

അവിടുണ്ടായിരുന്ന റിവോൾവിംഗ് ചെയറിൽ ഇരുന്ന് കീർത്തി നയോമിയോടും ഇരിക്കാനാവശ്യപ്പെട്ടു.

“നയോമിക അല്ലേ ”

“അതെ മാഡം”

” ദാമോട്ടൻ പറഞ്ഞിരുന്നു… നയോമികയുടെ നേറ്റീവ് പ്ലേസ് എവിടാ ”

അത് കേട്ടപ്പോൾ നയോമിയുടെ മുഖം അൽപം വിളറിയത് പോലെ തോന്നി കീർത്തിക്ക്.

“നയോമി”

” അത്… തിരുവനന്തപുരം ആണ് മേഡം”

“തിരുവനന്തപുരത്തെവിടെ? ”

“നെയ്യാറ്റിൻകര ”
മടിച്ച് മടിച്ചാണ് നയോമി സ്ഥലപേര് പറഞ്ഞത്.

“നയോമിയുടെ വീട്ടിലാരൊക്കെയുണ്ട് ”?
കീർത്തി ചെയറിലേക്ക് ചാഞ്ഞ് കിടന്നു കൊണ്ട് ചോദിച്ചു.

“അമ്മയും അനിയനും ഞാനും മാത്രേയുള്ളൂ മാഡം… അനിയൻ ഇവിടെ ഗവൺമെന്റ് സ്കൂളിൽ പത്തിൽ പഠിക്കുവാ ”

“ആൾ റൈറ്റ്… ദെൻ നയോമിയോട് ഇവിടുത്തെ ജോലി എന്താണെന്ന് ദാമോട്ടൻ പറഞ്ഞിരുന്നോ ?”

”ഉവ്വ് മാഡം”

“നയോമിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ”

“ഇല്ല മാഡം.. ഞാൻ ചെയ്തോളം”

“എന്തായാലും നയോമി രണ്ട് ദിവസം വന്ന് നോക്ക്… രാവിലെ എട്ട് മണിയാകുമ്പോഴേക്കും എത്തണം ഈവനിംഗ് ഞാൻ വന്നു കഴിഞ്ഞാൽ നയോമിക്ക് പോകാം….
പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി.. പിന്നെ ഫുഡ് കഴിഞ്ഞ് സാലറി പതിനേഴായിരം രൂപ കയ്യിൽ തരും…. ”

വിട്ട് ജോലിക്ക് പതിനേഴായിരം രൂപയോ.. നയോമിയുടെ കണ്ണ് തള്ളി പോയി…

“നയോമി ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ”?

” ചെയ്യാം മാഡം.. ”

” ഉം.. കീർത്തി അമർത്തി ഒന്ന് മൂളി.

“പിന്നെ നേരത്തെ മുറ്റത്ത് കണ്ടില്ലേ…. അതെന്റെ ഏട്ടനാണ്.. കിരൺ. . ഏട്ടനോട് ഇടയാൻ നിക്കരുത് ”

നയോമി ഇല്ലെന്ന് തലയാട്ടി.

” എങ്കിൽ വാ ഞാനെല്ലാം കാണിച്ചു തരാം”

നയോമിയേയും കൂട്ടി കീർത്തി നേരെ പോയത് അടുക്കളയിലേക്കാണ്..

“പുറം പണിക്കൊക്കെ ഒരു ചേച്ചി വരും.. ഭക്ഷണത്തിന്റെ കാര്യം നയോമി നോക്കണം”

“ശരി മാഡം”

“എങ്കിൽ മുകളിലത്തെറൂമിൽ ഏട്ടൻ ഉണ്ടാകും… രാവിലെ ഏട്ടനൊരു ചായ നിർബന്ധമാ.. നയോമി കൊടുക്കില്ലേ ”

നയോമി തലകുലുക്കി.

”ഞാൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയാകട്ടെ ”
ആരോടെന്നില്ലാതെ പറഞ്ഞ് കീർത്തി ഇറങ്ങി പോയി.

******************

നയോമി അടുക്കള ചുറ്റിലും നോക്കി.
തലേന്ന് കൊണ്ട് വന്ന പാർസൽ ഭക്ഷണത്തിന്റേതാണെന്ന് തോന്നുന്നു പാക്കറ്റ് ഒരു ഭാഗത്ത് ചുരുട്ടി ഇട്ടിരിക്കുന്നു.
ഭക്ഷണത്തിന്റെ വേസ്റ്റ് മുഴുവൻ ഒരു പാത്രത്തിൽ ഇട്ട് വെച്ചിരിക്കുന്നു. കഴുകേണ്ട പാത്രങ്ങൾ ഒക്കെ സിങ്കിൽ ഉണ്ട്.

മൊത്തത്തിൽ വൃത്തിയാക്കി എടുക്കണം പക്ഷേ ആദ്യം എവിടെ നിന്ന് തുടങ്ങണമെന്ന സംശയവുമായി നയോമി അൽപസമയം നിന്നു.

അപ്പോഴാണ് ചായകൊടുക്കാൻ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നത്.
അവൾ പെട്ടെന്ന് തന്നെ മൂന്ന് കപ്പ് ചായ ഇട്ടു.

“നയോമി ശ്രദ്ധിക്കണം ട്ടോ… ഏട്ടനോട് സൂക്ഷിച്ച് പെരുമാറണം”

രണ്ട് കപ്പ് ചായ കീർത്തിയുടെ കയ്യിൽ കൊടുത്ത് ഒരു കപ്പു ചായയുമായി മുകളിലേക്കുള്ള പടികൾ കയറുമ്പോൾ കീർത്തി ഓർമിപ്പിച്ചു.

“ഇവളുടെ ഏട്ടനെന്താ ഈദി അമീനാണോ.. ആളെ പിടിച്ച് വിഴുങ്ങാൻ.”
നയോമി മനസ്സിൽ പറഞ്ഞു.

മുകളിലത്തെ നിറയെ ഒരുപാട് മുറികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് കീർത്തിയുടെ ഏട്ടന്റെ മുറിയെന്നറിയാതെ നയോമി കുഴങ്ങി.

അതിനിടയിൽ പാതി തുറന്നിട്ടൊരു മുറി കണ്ടപ്പോൾ അവൾ അങ്ങോട്ടേക്ക് കയറി.

“ഒരു ചായക്ക് ചോദിച്ചിട്ട് എത്ര നേരമായി കീർത്തി ”

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ ചോദിച്ചു.
ചാരുകസേരയിൽ ജനലിനഭിമുഖമായിരിക്കുന്നതിനാൽ നയോമിയെ അവൻ കണ്ടില്ല.

“ചായ അവിടെ വെച്ചേക്ക് ”

ചായ ടീ പോയിൽ വെച്ച് തിരിയാനൊരുങ്ങിയതും അവൻ എണീറ്റ് നയോമിയെ നോക്കിയതും ഒരുമിച്ചായിരുന്നു.

” നീയോ.. നിന്നെ ആരാടീ ഇങ്ങോട്ട് ക്ഷണിച്ചെ ”

“ആരും ക്ഷണിച്ചതല്ല… ഞാൻ ചായയുമായി വന്നതാ ”

“എനിക്ക് ചായ തരാൻ നീ ആരാ എന്റെ ഭാര്യയോ ”

“അല്ല ഇവിടുത്തെ വേലക്കാരി. ”

നയോമി കൂസലില്ലാതെ പറഞ്ഞു.

*************************
,
” ഇന്തെന്താ ചായയും ഇട്ട് ഇവിടെ നിക്കുവാണോ ഹോസ്പിറ്റലിലേക്ക് വരുന്നില്ലേ ”

മനുവിന് ചായയുമായി ചെന്നതായിരുന്നു കീർത്തി.

“ചായ നയോമി ഇട്ടതാ ”

“ഏത് ഇന്നലെ ദാമോട്ടൻ പറഞ്ഞ കക്ഷി യോ… അത് വന്നോ ”

“വന്നെന്ന് മാത്രമല്ല ഏട്ടനുമായി ഇടയുകയും ചെയ്തെന്ന് തോന്നുന്നു”

” ഉം എന്താ കാര്യം”
മനു നെറ്റി ചുളിച്ചു.

നയോമി വന്നതുമുതൽ നടന്ന സംഭവങ്ങളൊക്കെ
വേഷം മാറുന്നതിനിടയിൽ കീർത്തി മനുവിനെ പറഞ്ഞ് കേൾപ്പിച്ചു.

“കുഴപ്പമാകുമോ”

” അറിയില്ല.. ”

“എന്തായാലും നല്ല ചായ ”

മനു പറഞ്ഞു.

“സമയമായി ഇറങ്ങാം മനു ഏട്ടാ..”

അപ്പോഴാണ് നയോമി ഓടികിതച്ച് അങ്ങോട്ടേക്ക് വന്നത്.

” മാഡം..മാഡത്തിന്റെ ഏട്ടന് ഭ്രാന്താണോ?”

“എന്താ നയോമി ഉണ്ടായത് ”

മനു ആണ് ചോദിച്ചത്.

” കുടിക്കാനായി ഞാൻ കൊണ്ട് കൊടുത്ത ചായ അവിടെ നിലത്തൊഴിച്ചിട്ട് എന്നോട് പറയുവാ അത് നക്കി കുടിക്കാൻ.. വേലക്കാരി മുതലാളിയുടെ അടിമ
ആണത്രേ ”

മനുവും കീർത്തിയും മുഖത്തോട് മുഖം നോക്കി.

” കിരണേട്ടൻ പണി തുടങ്ങിയല്ലേ ”
മനു കീർത്തിയുടെ ചെവിയിൽ പറഞ്ഞു.

” വയ്യാത്ത കുട്ടിയെ നോക്കണംന്ന് പറഞ്ഞു ദാമോട്ടൻ.. ആ മുകളിലുള്ള സാധനമാണോ മാഡം വയ്യാത്ത കുട്ടി” ?

നയോമിയുടെ വാക്കുകളിൽ പരിഹാസം ഉണ്ടായിരുന്നു.

“ഏട്ടന് മനസ്സിനാണസുഖം നയോമി.. വൈകിട്ടാവട്ടെ എല്ലാം ഞാൻ പറഞ്ഞ് തരാം… ഇറങ്ങുവാട്ടോ ..ഇപ്പോ തന്നെ ലേറ്റായി..

“ഇറങ്ങാം ”
അവൾ തിരിഞ്ഞ് മനുവിനോട് പറഞ്ഞു.

“ഏട്ടനെ ശ്രദ്ധിക്കണേ നയോമി”

കാറിൽ കയറുന്നതിന് മുൻപായി കീർത്തി നയോമിയോട് പറഞ്ഞു.

“ഈശ്വരാ ഒരു വട്ടന്റെ ഉത്തരവാദിത്തം മുഴുവൻ എന്റെ തലയിലിട്ടിട്ടാണോ ഈ പെണ്ണ് പോകുന്നെ ”
നയോമി തലയിൽ കൈ വെച്ച് ഇരുന്ന് പോയി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നയോമിക – ഭാഗം 1

Share this story