ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 3

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 3

എഴുത്തുകാരി: ശിവ എസ് നായർ

“എന്തിനു വേണ്ടിയാ നിങ്ങളെന്നെ വിവാഹം ചെയ്തത്.?? പിന്മാറാൻ കാല് പിടിക്കും പോലെ കെഞ്ചിയതല്ലേ ഞാൻ. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്…എല്ലാവരും കൂടെ എന്നെ ചതിച്ചില്ലേ…. ”

ആവണിയുടെ കണ്ണുകൾ കത്തി ജ്വലിച്ചു. ചുണ്ടുകൾ വിറകൊണ്ടു.

ഒന്നും മിണ്ടാതെ നിമിഷങ്ങളോളം അവൻ അവളെ തന്നെ ഉറ്റു നോക്കി.

“നീ എന്തുകൊണ്ടാ ഈ വിവാഹത്തിന് സമ്മതിച്ചത്..??
നിന്നെപ്പറ്റി കൂടുതൽ ഒന്നുമറിയില്ല എനിക്ക്…എല്ലാം കേട്ട ശേഷം അവസാനം നിന്റെ ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം… ”

“ഒന്നുകിൽ ഗണേശൻ കൊച്ചച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിനു ഞാൻ സമ്മതിക്കണം അല്ലെങ്കിൽ എന്റെ അമ്മയെ കൊന്ന് കളയുമെന്നു ഭീഷണിപ്പെടുത്തി. ഞാൻ വിവാഹത്തിൽ നിന്നും പിന്മാറിയാൽ എന്റെ അമ്മയെ ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞു. അതിന്റെ പിന്നിലെ കൊച്ചച്ചന്റെ ലക്ഷ്യം എന്താണെന്നു എനിക്ക് മനസിലായില്ല…. പക്ഷേ അമ്മയുടെ ജീവൻ രക്ഷിക്കാൻ എനിക്ക് വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു.

അച്ഛമ്മയ്ക്ക് പോലും കൊച്ചച്ചനെ തടയാൻ പറ്റിയില്ല. എന്തൊക്കെയോ ഗൂഢ ലക്ഷ്യത്തോടെയാണ് കൊച്ചച്ചൻ എന്നെ ധൃതി പിടിച്ചു വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം മറ്റാരോടും പറയരുതെന്ന് താക്കീതും ചെയ്തു…

അതുകൊണ്ടാണ് സുധിയേട്ടൻ പെണ്ണ് കാണാൻ വന്നപ്പോൾ വിവാഹം മുടക്കാൻ ഞാൻ ആവശ്യപ്പെട്ടത്. ആ സമയം അഖിലേഷേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു…”

“എന്റെ വിവാഹ ആലോചനയുമായി കൊച്ചച്ചൻ വന്നപ്പോൾ എന്ത് കൊണ്ടു നിന്റെ അമ്മ എതിർത്തില്ല.. മറ്റൊരാളുമായി നിന്റെ വിവാഹം വാക്ക് പറഞ്ഞു ഉറപ്പിച്ചിരുന്നതല്ലേ…. ”

“അതിനിടയിൽ ഞാൻ അച്ഛമ്മയെ കാണാൻ പോകുന്നത് അമ്മ അറിഞ്ഞിരുന്നു….

അതിന്റെ പേരിൽ അമ്മ എന്നോട് ചൂടായപ്പോൾ അച്ഛമ്മയിൽ നിന്നും ഞാൻ അറിഞ്ഞ ചില കാര്യങ്ങൾ ചോദിച്ചു ഞാനും ബഹളമുണ്ടാക്കി…

അക്കാര്യം പറഞ്ഞു അമ്മയും ഞാനും തമ്മിൽ വഴക്കായി പിണങ്ങി. ആ കാരണം എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല…. അമ്മ എന്നോട് പിണങ്ങിയ ദേഷ്യത്തിൽ ഞാൻ അച്ഛമ്മയെ എന്റെ വീട്ടിൽ കൊണ്ടു വന്നു എനിക്ക് കൂട്ടായി താമസിപ്പിച്ചു. അതോടെ പ്രശ്നങ്ങൾ വഷളായി തുടങ്ങി.

അമ്മ പൂർണമായും എന്നെ അവഗണിച്ചു. ആ സമയം അച്ഛമ്മ ഒരു ആശ്വാസം ആയിരുന്നു. പിന്നീട് പതിയെ അച്ഛമ്മയുടെ പേരും പറഞ്ഞു അച്ഛന്റെ സഹോദരങ്ങൾ വീട്ടിൽ വരാൻ തുടങ്ങി.

സ്നേഹം ഭാവിച്ചു കൊച്ചച്ചനും അടുത്തു കൂടിയപ്പോൾ അത് ചതിയാണെന്ന് മനസിലാക്കാൻ എനിക്ക് കഴിയാതെ പോയി.

എനിക്ക് വേണ്ടി അവർ വിവാഹം ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അഖിലേഷേട്ടന്റെ കാര്യം അവരോടു പറഞ്ഞു.

പക്ഷേ കൊച്ചച്ചൻ എന്നോട് പൊട്ടിത്തെറിച്ചു. ഞാൻ സമ്മതിക്കാതെ വന്നപ്പോഴാണ് കപട സ്നേഹത്തിനു ഭീഷണിയുടെ സ്വരം വന്നത്….

എനിക്ക് ഇഷ്ടമില്ലാത്ത കല്യാണത്തിനു നിർബന്ധിക്കണ്ട എന്ന് പറഞ്ഞ അച്ഛമ്മയെ പോലും കൊച്ചച്ചൻ ചീത്ത പറഞ്ഞു.

അച്ഛന്റെ വീട്ടുകാരോട് ലോഹ്യമാവുകയും അച്ഛമ്മയെ ഞാൻ വീട്ടിലേക്ക് കൊണ്ടു വന്നതുമൊക്കെ അമ്മയെ നല്ലോണം ചൊടിപ്പിച്ചു. പിന്നീട് അമ്മ എന്നോട് മിണ്ടാതെയായി…

അത് അവർക്കും കോളായി. എന്റെ കാര്യത്തിൽ അങ്ങനെ അവരെല്ലാവരും കൂടി തീരുമാനം എടുക്കാൻ തുടങ്ങി.

കാര്യങ്ങൾ എന്റെ കൈവിട്ടു പോയി…
ആകെ ആശ്വാസം അച്ഛമ്മയായിരുന്നു.

പക്ഷേ പാവത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….”

“അമ്മയ്ക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ താൻ അച്ഛമ്മയെ വീട്ടിലേക്ക് കൊണ്ടു വന്നത്..?? അവരോടു എന്തിനു മിണ്ടാൻ പോയി?? ”

“അമ്മ അറിയാതെ അച്ഛമ്മ എന്നെ ഇടയ്ക്ക് വന്നു കാണുമായിരുന്നു… എന്നോട് വല്യ സ്നേഹമായിരുന്നു….

എന്നെയും അച്ഛനെയും അച്ഛമ്മയിൽ നിന്നകറ്റിയത് അമ്മയാണെന്നും എന്നാൽ ഇന്നും അമ്മയോട് അച്ഛമ്മയ്ക്ക് ഒരു ദേഷ്യവുമില്ല എന്നൊക്കെ കേട്ടപ്പോൾ എനിക്ക് സങ്കടായി. എന്തിനായിരുന്നു അമ്മ അങ്ങനെ ചെയ്തത് എന്ന് ചോദിച്ചു ഞാൻ നിർബന്ധിച്ചപ്പോൾ അച്ഛമ്മ ഒരു രഹസ്യം എന്നോട് പറഞ്ഞു…. ഒരിക്കലും ആ രഹസ്യം ഞാൻ അറിയരുതെന്ന് കരുതിയാണ് അമ്മ അവരെയൊക്കെ അകറ്റി നിർത്തിയതെന്നും പറഞ്ഞു… ആ കാരണം പറഞ്ഞാണ് ഞാൻ അമ്മയോട് വഴക്കായതും…. ”

“എന്തായിരുന്നു അച്ഛമ്മ പറഞ്ഞ ആ രഹസ്യം… ” സുധീഷ്‌ ഇടയിൽ കയറി ചോദിച്ചു.

“അതെനിക്ക് പറയാൻ കഴിയില്ല….

അച്ഛമ്മയെയും അമ്മയെയും ഒരുമിപ്പിക്കണം എന്നെനിക്ക് ആഗ്രഹം തോന്നി. ഗണേശൻ കൊച്ചച്ചന്റെ ഭാര്യ അച്ഛമ്മയ്ക്ക് ഒരു നേരവും വിശ്രമം കൊടുക്കില്ലന്നും അവിടെ ഭയങ്കര കഷ്ടപ്പാടാണ് എന്നൊക്കെ കേട്ടപ്പോഴാണ് ഞാൻ അച്ഛമ്മയെ അവിടുന്നു വീട്ടിലേക്ക് കൊണ്ടു വന്നത്…

അത് എന്റെ വിവാഹം വരെയെത്തുമെന്ന് ഒരിക്കലും ഞാൻ ചിന്തിച്ചില്ല… എനിക്ക് എന്റെ അമ്മയും വേണായിരുന്നു അച്ഛമ്മയും വേണമായിരുന്നു… എന്റെ അച്ഛനെ പ്രസവിച്ച സ്ത്രീയല്ലേ… ഞാൻ കല്യാണം കഴിഞ്ഞു പോയാലും അമ്മ തനിച്ചാകരുതെന്ന് ഞാൻ ആഗ്രഹിച്ചു….

പക്ഷേ കാര്യങ്ങൾ ഞാൻ ഉദേശിച്ച വഴിക്കല്ല പോയത്…. ”

“തന്റെ അമ്മയുടെ വീട്ടുകാർ ഒന്നും ഇടപെട്ടില്ലേ… അവരൊക്കെ എവിടെ പോയി… ”

“എന്റെ അമ്മ ഒറ്റ മകൾ ആയിരുന്നു…

അപ്പുപ്പന്റെയും അമ്മുമ്മയുടെയും മരണത്തോടെ അമ്മയുടെ ബന്ധുക്കൾ ആയിട്ട് അടുപ്പം തീരെയില്ലാതായി….

എന്റെ അമ്മയ്ക്ക് ആരോടും മിണ്ടുന്നതോ ബന്ധുക്കൾ വീട്ടിൽ വരുന്നതോ ഒന്നും തന്നെ ഇഷ്ടമല്ല…അമ്മ ആരോടും അധികം മിണ്ടാറുമില്ല… എന്നോട് പോലും അമ്മ ഒരു തമാശ പറഞ്ഞ ഓർമയില്ല…. എന്നിൽ നിന്ന് പോലും അമ്മ ഒരകലം പാലിച്ചിരുന്നു… അത്യാവശ്യ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ…. ”

“അതെന്താ തന്റെ അമ്മ ഇങ്ങനെ…. താൻ അവരുടെ മോളല്ലേ… ” അവൻ തമാശ രൂപേണ ചോദിച്ചു.

സുധിയുടെ അപ്രതീക്ഷിതമായ ചോദ്യം അവളെ ഞെട്ടിച്ചു.

മുഖത്തു വന്ന ഭാവമാറ്റം അവൻ കാണാതിരിക്കാൻ അവൾ മുഖം വെട്ടിച്ചു…

“അമ്മയുടെ സ്വഭാവം പണ്ടേ അങ്ങനെയാണ്… ” ആവണി ഒരുവിധം പറഞ്ഞൊപ്പിച്ചു.

അപ്പോഴാണ് എന്തോ ഓർത്തിട്ടെന്ന പോലെ സുധീഷ്‌ അവളോട്‌ മറ്റൊരു കാര്യം ചോദിച്ചത്.

“അല്ല ആവണി തന്റെ അച്ഛനെപ്പറ്റി പറഞ്ഞില്ലല്ലോ… എന്താ അച്ഛന്റെ പേര്..?? ”

“അച്ഛൻ ശ്രീനിവാസൻ…

അമ്മയെ കണ്ടിഷ്ടപ്പെട്ട അച്ഛൻ
അച്ഛന്റെ വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു കൊണ്ട് അമ്മയുടെ വീട്ടുകാരുടെ സമ്മതത്തോടെ എന്റെ അമ്മയെ വിവാഹം ചെയ്യുകയായിരുന്നു.

വിവാഹ ശേഷം അച്ഛൻ അച്ഛന്റെ വീട്ടിലേക്കു തിരിച്ചു പോയില്ല.
അമ്മയെയും കൊണ്ട് വേറെ വീടെടുത്തു മാറി താമസിച്ചു.
അച്ഛന് ബിസിനസ്‌ ആയിരുന്നു…

അമ്മയും അച്ഛനും ഞാനും അടങ്ങുന്ന സന്തുഷ്ട കുടുംബം.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഒരു ആക്‌സിഡന്റിൽ പെട്ട് അച്ഛൻ കിടപ്പിലായത്. പിന്നെ ബിസിനസ്‌ കാര്യങ്ങളെല്ലാം അമ്മ നോക്കി നടത്താൻ തുടങ്ങി.

അതേസമയം അമ്മയുടെ ബന്ധുക്കൾ അച്ഛനെ ഉപേക്ഷിക്കാനും വേറെ വിവാഹം കഴിക്കാനും അമ്മയെ നിരന്തരം നിർബന്ധിച്ചു കൊണ്ടിരുന്നു. അന്ന് അമ്മയ്ക്ക് വയസ്സ് ഇരുപത്തിയഞ്ചു.

“അച്ഛനല്ലാതെ വേറൊരു പുരുഷനും അമ്മയുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് അമ്മ തീർത്തു പറഞ്ഞു… ”

അതോടെ അമ്മയുടെ വീട്ടുകാരുമായുള്ള ബന്ധവും മുറിഞ്ഞു. എനിക്ക് പത്തു വയസ്സുള്ളപ്പോൾ പെട്ടെന്നുണ്ടായ ശ്വാസം തടസം മൂലം അച്ഛൻ മരണമടഞ്ഞു.

പിന്നീട് ഞാനും അമ്മയും മാത്രമായി. സ്വത്തു മോഹിച്ചു പലരും അടുത്ത് കൂടാൻ തുടങ്ങി. അമ്മ എല്ലാരേയും ആട്ടി പായിച്ചു.ഇടയ്ക്ക് അപ്പുപ്പനും അമ്മുമ്മയും കാണാൻ വരും…

ഒടുവിൽ അപ്പുപ്പന്റെ മരണത്തോടെ അമ്മുമ്മ ഞങ്ങളുടെ കൂടെയായി താമസം.

അങ്ങനെ എനിക്ക് എപ്പോഴും കൂട്ടായി അമ്മുമ്മ ഉണ്ടായിരുന്നു. വീട്ടിലെ ഒറ്റപ്പെടൽ മാറികിട്ടി.

രാത്രി കഥകൾ പറഞ്ഞു ഉറക്കാനും എനിക്ക് കുറുമ്പ് കാണിക്കാനുമൊക്കെ അമ്മുമ്മ ആയിരുന്നു കൂട്ട്.

അമ്മ എപ്പോഴും സീരിയസ് ആണ്. എന്നോട് പോലും സംസാരം തീരെ കുറവാണ്.

അച്ഛന്റെ മരണത്തോടെയാണ് അമ്മ ഇങ്ങനെ മാറിയത്.
ബിസിനസ്‌ കാര്യങ്ങളും മറ്റുമായി അമ്മ എപ്പോഴും തിരക്കിലായിരുന്നു.

എന്നാലും എന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. അത്യാവശ്യം നല്ല രീതിയിൽ അമ്മ ബിസിനസ്‌ കൈകാര്യം ചെയ്തു പോന്നു.

ഞാൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു അമ്മുമ്മയുടെ പെട്ടെന്നുള്ള മരണം. അതോടെ ഞാൻ വീണ്ടും ഒറ്റയ്ക്കായി. സങ്കടം പറയാനോ സന്തോഷം പങ്കു വയ്ക്കാനോ അമ്മുമ്മ ഇല്ല.

അങ്ങനെയിരിക്കുമ്പോഴായിരുന്നു എന്റെ ജീവിതത്തിലേക്ക് അവിചാരിതമായി അഖിലേഷേട്ടൻ കടന്നു വരുന്നത്.

ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴായിരുന്നു എന്റെ കൂടെ പഠിച്ചിരുന്ന അഖിലയുടെ ചേട്ടൻ അഖിലേഷിനെ ഞാൻ പരിചയപ്പെടുന്നത്.

ആ പരിചയം പിന്നീട് പ്രണയമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.
മൂന്ന് വർഷങ്ങൾ കടന്നു പോയി.

അങ്ങനെയിരിക്കെയാണ് അഖിലേഷേട്ടൻ എസ് ഐ എക്സാം പാസ്സ് ആകുന്നതും ഫിസിക്കലും പാസ്സ് ആയി സെലെക്ഷൻ കിട്ടുന്നത്. ട്രെയിനിങ് പോകേണ്ട സമയം ആയപ്പോൾ വീട്ടിൽ വന്നു അമ്മയോട് സംസാരിച്ചു കാര്യങ്ങൾ ഉറപ്പിക്കാൻ ഞാൻ പറഞ്ഞു.

അമ്മയ്ക്ക് അഖിലേഷേട്ടനെ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ട്രെയിനിങ് പോകുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് ഏട്ടൻ അമ്മയെ വന്നു കണ്ടു സംസാരിച്ചു.

അമ്മയ്ക്ക് ഏട്ടനെ ഇഷ്ടമായി. ട്രെയിനിങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീട്ടുകാരെയും കൂട്ടി വന്നു സംസാരിക്കാമെന്ന് പറഞ്ഞു ഏട്ടൻ പോയി.

അച്ഛൻ ഉണ്ടായിരുന്ന സമയം അമ്മയേക്കാൾ അച്ഛനായിരുന്നു എന്നോട് സ്നേഹക്കൂടുതൽ. അമ്മ കൂടുതൽ സ്നേഹിച്ചത് അച്ഛനെയായിരുന്നു.അച്ഛന്റെ മരണ ശേഷവും അങ്ങനെ തന്നെയായിരുന്നു.

എന്നോട് എപ്പോഴും ദേഷ്യപ്പെടുകയും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് പറയുന്ന അമ്മയെയാണ് ചെറുപ്പം തൊട്ടേ ഞാൻ കാണുന്നത്. അമ്മയുടെ ഒരു വിഷമവും അമ്മ എന്നോട് പറയുമായിരുന്നില്ല… കതകടച്ചിരുന്നു അച്ഛന്റെ ഫോട്ടോ നോക്കി അമ്മ സങ്കടം പറഞ്ഞു കരയും.

കുട്ടികാലം മുതലേ അച്ഛന്റെ വീട്ടുകാരോട് അധികം അടുപ്പം വയ്ക്കാൻ അമ്മ സമ്മതിക്കില്ലായിരുന്നു. കാരണം ചോദിച്ചാൽ അമ്മ ഒന്നും പറയില്ലായിരുന്നു.

അപ്പോഴാണ് ഒരു ദിവസം അച്ഛമ്മ എന്നെ അന്വേഷിച്ചു വരുന്നത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു വന്നത്.

എന്നോട് കുറെ നേരം സംസാരിച്ചിരുന്നു.
ഇടയ്ക്ക് അങ്ങോട്ട്‌ ചെല്ലാനൊക്കെ പറഞ്ഞു. അമ്മയ്ക്ക് അച്ഛമ്മയോ അവിടുന്നു ആരെങ്കിലും വരുന്നതോ ഇഷ്ടമല്ല. അതുകൊണ്ടാണ് എന്നെ കാണാൻ വരാത്തതെന്നും എന്റെ കാര്യങ്ങൾ എല്ലാം അച്ഛമ്മ അറിയുന്നുണ്ട് എന്നൊക്കെ പറഞ്ഞു.

അമ്മുമ്മയുടെ കുറവ് നികത്താൻ അച്ഛമ്മ കൂട്ടായി. അമ്മ അറിയാതെ ഞാൻ അച്ഛമ്മയെ കാണാൻ പോകുമായിരുന്നു.

എന്റെ അമ്മുമ്മയെ പോലെ തന്നെ അവരെയും ഞാൻ കണ്ടു. പക്ഷേ അക്കാര്യങ്ങൾ അമ്മ അറിഞ്ഞപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കം….പിന്നീടാണ് ഈ കോലാഹലങ്ങൾ ഒക്കെയുണ്ടായത്.

കൊച്ചച്ചൻ കാരണം ഞാനും അമ്മയും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ചു. കാര്യങ്ങൾ അമ്മയോട് പറയാൻ പല തവണ ശ്രമിച്ചെങ്കിലും അമ്മ എന്റെ മുന്നിൽ പോലും വരാതെ വഴി മാറിപ്പോയി…”

“അപ്പോൾ ഇതായിരുന്നു നടന്നതൊക്കെ… ”
എല്ലാം കേട്ടിരുന്ന ശേഷം സുധീഷ്‌ ചോദിച്ചു.

മറ്റൊരാളുമായി ഞാൻ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാ നിങ്ങൾ ഈ വിവാഹത്തിൽ നിന്നും പിന്തിരിയാതിരുന്നത്…?? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ തന്നില്ലേ… ഇനിയെങ്കിലും എന്റെ ചോദ്യത്തിന് ഉത്തരം തരൂ…. ”

ആവണിയുടെ ചോദ്യം കേട്ട് അവനൊന്നു മന്ദഹസിച്ചു…

“മാതൃകാ ദമ്പതിമാരെ പോലെ സന്തുഷ്ട കുടുംബ ജീവിതം നയിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല നിന്നെ ഞാൻ വിവാഹം കഴിച്ചത്…

പേരിനൊരു വിവാഹം ബന്ധം അത്യാവശ്യമായിരുന്നു…. എന്റെ അമ്മയുടെ നിർബന്ധമായിരുന്നു എന്നെ വിവാഹം കഴിച്ചു കാണാൻ… നിന്റെ ആലോചനയും കൊണ്ടു അമ്മ വന്നപ്പോൾ അമ്മയുടെ ഇഷ്ടത്തിനു വേണ്ടിയാ പെണ്ണ് കാണാൻ വന്നത്…

നിന്നെ കണ്ടു സംസാരിച്ചപ്പോൾ എനിക്ക് തോന്നി എന്ത് കൊണ്ടും നീ തന്നെയാണ് ബെറ്റർ എന്ന്. മറ്റൊരാളെ സ്നേഹിച്ച നിനക്ക് എന്തായാലും എന്നെ ഭർത്താവായി കാണാൻ ബുദ്ധിമുട്ട് ആയിരിക്കും… എനിക്ക് വേണ്ടതും അത് തന്നെയാണ്….

എന്നായാലും എന്റെ അമ്മയ്ക്ക് വേണ്ടി എനിക്കൊരു വിവാഹം ചെയ്യേണ്ടി വരും … പക്ഷേ ഒരു കുടുംബ ജീവിതം നയിക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല….അതുകൊണ്ട് അമ്മ ഇഷ്ടപ്പെട്ടു ആദ്യം ചൂണ്ടി കാണിച്ച പെണ്ണിനെ തന്നെ ഞാൻ കെട്ടി.

നിന്റെ പാസ്റ്റ് എനിക്കൊരു പ്രശ്നമല്ല… ഞാൻ ആയിട്ട് നിന്നെ ഒരിക്കലും ശല്യം ചെയ്യില്ല… എന്നെയും നീ എന്റെ വഴിക്ക് വിടണം…. മറ്റുള്ളവരുടെ മുന്നിൽ അടക്കവും ഒതുക്കവുമുള്ള നല്ലൊരു ഭാര്യയായി മാത്രം നീ നിന്നാൽ മതി…

പിന്നെ നിനക്ക് മറ്റൊരു റിലേഷൻ ഉണ്ടായിരുന്നതും അവനുമായി വിവാഹം വാക്ക് പറഞ്ഞു വച്ചതൊന്നും ഇവിടെ എന്റെ അച്ഛനോ അമ്മയ്ക്കോ ആർക്കുമറിയില്ല…. നിന്റെ വീട്ടുകാർ അതൊന്നും പറഞ്ഞിട്ടുമില്ലായിരുന്നു…. സോ അതൊന്നും ഇവിടെ ആരെയും അറിയിച്ചു നീയായിട്ട് നിനക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നാൽ നിനക്ക് നല്ലത്…. ഇവിടെ ഒന്നിനും ഒരു കുറവും നിനക്കുണ്ടാവില്ല…. ”

സുധീഷിന്റെ വാക്കുകൾ ആവണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

“നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് എന്നെയെന്തിനാ ബലിയാട് ആക്കിയത്.
വെറുതെ പേരിനൊരു വിവാഹം കഴിക്കാനായിരുന്നുവെങ്കിൽ എന്തിന് നിങ്ങൾ എന്റെ ജീവിതം നശിപ്പിച്ചു….

വേറെ ആരെയെങ്കിലും കെട്ടിയാൽ പോരായിരുന്നോ…. ഏതൊരു പെണ്ണിനേയും പോലെ വിവാഹ ജീവിതത്തെ പറ്റി ഒത്തിരി സ്വപ്‌നങ്ങൾ എനിക്കുമുണ്ടായിരുന്നു….

നല്ലൊരു കുടുംബ ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു…

അതെല്ലാം ഒരു നിമിഷം കൊണ്ടു നിങ്ങൾ നശിപ്പിച്ചു കളഞ്ഞില്ലേ….

കൊച്ചഛന്റെ ഭീഷണിക്ക് വഴങ്ങി വിവാഹത്തിനു സമ്മതം മൂളുമ്പോൾ എന്റെ പ്രതീക്ഷ മുഴുവനും നിങ്ങളായിരുന്നു…. നിങ്ങൾ മാത്രം….

അവസാന നിമിഷമെങ്കിലും നിങ്ങൾ പിന്മാറുമെന്ന് പ്രതീക്ഷിച്ചാണ് നിങ്ങൾക്കൊപ്പം കതിർ മണ്ഡപത്തിൽ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നത്.

ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു എല്ലാം വലിച്ചെറിഞ്ഞു നിങ്ങൾ ഇറങ്ങി പോകുമ്പോൾ അമ്മയുടെ മുന്നിലേക്ക് ഓടി ചെന്നു സത്യങ്ങൾ വിളിച്ചു പറയണമെന്ന് മനസ്സിൽ കരുതിയാണ് ഞാൻ ആ നിമിഷങ്ങൾ സ്വപ്നം കണ്ടിരുന്നത്….

പക്ഷേ നിങ്ങൾ…. നിങ്ങൾ കരുതിക്കൂട്ടി എന്നെ ചതിക്കുവായിരുന്നില്ലേ….എന്റെ ജീവിതം വേണമായിരുന്നോ നിങ്ങൾക്ക് തട്ടികളിക്കാൻ…. നിങ്ങൾ കാരണം ഞാൻ ഇന്നൊരു വഞ്ചകിയായി മാറി…. സത്യങ്ങൾ തുറന്നു പറയാൻ കഴിയാതെ അമ്മയുടെ മുന്നിലും ഞാൻ തെറ്റുകാരിയായി മാറി….

രണ്ടു ദിവസം കഴിയുമ്പോൾ ട്രെയിനിങ് കഴിഞ്ഞു വരുന്ന അഖിലേഷേട്ടന് മുന്നിൽ ഞാൻ ചതിക്കപ്പെട്ടവളാകും… നിങ്ങൾ മനസ്സ് വച്ചിരുന്നെങ്കിൽ എനിക്ക് എന്റെ അമ്മയെയും അഖിലേഷേട്ടനെയും നഷ്ടപ്പെടില്ലായിരുന്നു…. എന്ത് തെറ്റാ ഞാൻ ചെയ്തത്??? എന്നോടെന്തിനാ ഈ ക്രൂരത കാണിച്ചത്… പറയ്യ്… ”

അവൾ സുധീഷിന്റെ കോളറിൽ പിടിച്ചുലച്ചു.

ദേഷ്യവും സങ്കടവും കാരണം അവളുടെ മുഖം ചുവന്നു തുടുത്തു. കണ്ണുകൾ നിറഞ്ഞു വന്നു ഒച്ച ഇടറി….

“പ്രതികാരം… ” സ്വരം കടുപ്പിച്ചു കൊണ്ടു സുധി പറഞ്ഞു.

സുധീഷിന്റെ വാക്കുകൾ കേട്ട് ആവണി ഞെട്ടി തരിച്ചുപ്പോയി….

തുടരും

(എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന പാവം പെണ്ണാണ് ആവണി….എന്തിനു വേണ്ടി എല്ലാവരും കൂടി അവളെ ചതിക്കുഴിയിൽ തള്ളിയിട്ടു….?? സുധീഷിന്റെ തീരുമാനത്തിന് പിന്നിലെ ദുരൂഹതകൾ എല്ലാം വരും ഭാഗങ്ങളിൽ നിങ്ങൾക്ക് വ്യക്തമാകും….)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

സ്വർണ്ണവിലയിൽ വൻ വർധനവ്‌

ഇനിയൊരു ജന്മംകൂടി – ഭാഗം 3

Share this story