കറുത്ത നഗരം: ഭാഗം 10

കറുത്ത നഗരം: ഭാഗം 10

നോവൽ

എഴുത്തുകാരി: അമൃത അജയൻ

വഴുതക്കാടുള്ള കൊട്ടാര സദൃശ്യമായ “സരോവരം ” എന്ന വീടിനു മുന്നിൽ എന്റെ ഔദ്യോഗിക വാഹനം നിന്നു …

ഹോണടിച്ചപ്പോൾ ഗേറ്റിലെ കിളിവാതിൽ തുറന്നു സെക്യൂരിറ്റി പുറത്തേക്ക് നോക്കി ..

ഉടൻ തന്നെ ഗേറ്റ് തുറക്കുകയും ചെയ്തു ….

വലിയ ഓടു പാകിയ മുറ്റത്തേക്ക് കാർ ചെന്നു നിന്നു ….

പുറത്തിറങ്ങി ഞാൻ ചുറ്റുമൊന്നു വീക്ഷിക്കുമ്പോൾ തന്നെ സിറ്റൗട്ടിനപ്പുറമുള്ള ചില്ലുവാതിൽ തുറന്ന് മധ്യവയസ്കനായ ഒരാൾ പുറത്തേക്ക് വന്നു ….

തൂവെള്ള മുണ്ടും ജുബ്ബയുമായിരുന്നു വേഷം ..

“വരണം മാഡം …..”

ഞങ്ങൾ അകത്തേക്ക് കയറി …

വിശാലമായ ലിവിംഗ് റൂമിലേക്ക് ഞങ്ങൾ പ്രവേശിച്ചു….

ഞങ്ങളോട് ഇരിക്കാനാവശ്യപ്പെട്ട് എതിരെയുള്ള സെറ്റിയിൽ അയാളുമിരുന്നു ….

ഉടൻ തന്നെ അകത്തു നിന്നും ഒരു പെൺകുട്ടി ട്രേയിൽ രണ്ടു ഗ്ലാസ് ജ്യൂസ് കൊണ്ട് വച്ച് അകത്തേക്ക് മറഞ്ഞു ….

“ശ്രേയയെ കുറിച്ച് ഞങ്ങൾക്ക് ചില കാര്യങ്ങൾ അറിയണം … അതിനാണ് വന്നത് …..” ഞാൻ തുടക്കമിട്ടു …

വിഷാദം നിഴലിക്കുന്ന ഒരു നോട്ടം അയാൾ എന്റെ നേർക്ക് അയച്ചു …

തൊട്ടു പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു ഞാൻ നോക്കി …..

വെളുത്ത് സുമുഖയായ ഒരു സ്ത്രീ … സാരിയാണ് വേഷം …. അവർ നടന്നു വന്ന് നന്ദകുമാറിന്റെ അരികിലായി ഇരുന്നു ……

” എന്റ വൈഫ് …. മനീഷ …. ” നന്ദകുമാർ പറഞ്ഞു ….

” ഉം ….15 /5/18 ന് ശ്രേയ നാട്ടിലേക്ക് വരാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിരുന്നോ …? ” ഞാൻ ചോദിച്ചു …..

”പ്രത്യേകിച്ച് കാരണമൊന്നുമില്ല … സാറ്റർഡെയും സൺഡേയും അവൾക്ക് അവധിയായിരുന്നു … രണ്ടു ദിവസം നിൽക്കാം എന്ന് പറഞ്ഞു വന്നതാ …”

നന്ദകുമാർ ആണ് മറുപടി പറഞ്ഞത് ..

” ശ്രേയ വന്നത് വെള്ളിയാഴ്ചയല്ലേ ….” ഞാൻ ചോദിച്ചു ….

” അതേ … വെള്ളിയാഴ്ച രാത്രി കയറിയാൽ ശനിയാഴ്ചയേ ഇവിടെയെത്തൂ .. അതു കൊണ്ട് ഒരു ദിവസം ലീവെടുത്തു വരാമെന്ന് പറഞ്ഞു … ”

“സാധാരണ അങ്ങനെ വരാറുണ്ടോ ..?”

”ഉവ്വ് ……” മനീഷ പറഞ്ഞു …

” ഈ മെഡിസിന് പഠിക്കാനുള്ള തീരുമാനം ശ്രയേയുടേതായിരുന്നോ …? ”

“അങ്ങനെ ഒരു അംബീഷനൊന്നുമല്ലായിരുന്നു …. പപ്പയുടെ താത്പര്യമായിരുന്നു … ” ശ്രേയയുടെ അമ്മ തന്നെയാണ് മറുപടി പറഞ്ഞത് ….

” ഉം …. പോകാൻ എതിർപ്പുണ്ടായിരുന്നോ …? ”

” ഇല്ല …. ”

” ശ്രേയ മുൻപ് ട്രിവാൻട്രം ലയൺസ് ക്ലബ്ബിന്റെ ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുത്തിട്ടുണ്ട് അല്ലേ … ”

“ഉവ്വ് …. അന്നവൾ റണ്ണറപ്പായിരുന്നു ”

കണ്ണുകളിൽ ഒരു പ്രത്യേക തിളക്കത്തോടെ മനീഷ പറഞ്ഞു .. . പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറയുകയും ചെയ്തു … …

” കോളേജിൽ ഇങ്ങനെ എന്തിനെങ്കിലും പങ്കെടുത്തിരുന്നോ ….?”

“ഉവ്വ്…… കഴിഞ്ഞ വർഷം , കോളേജിൽ നടന്ന ബ്യൂട്ടി കോണ്ടസ്റ്റിലും അവൾ പങ്കെടുത്തിരുന്നു ….. പക്ഷെ അതിലവൾക്ക് മാറ്റുരക്കാൻ കഴിഞ്ഞില്ല .. ”

” അത് അവളിൽ വല്ലാത്ത ഒരു നിരാശയുണ്ടാക്കിയിരുന്നോ ….?”

” ഇല്ല ….. അവളങ്ങനെ ഒരു ക്യാരക്ടറല്ല ….. നല്ല ആത്മവിശ്വാസമുള്ള കുട്ടിയാണ് ..

അന്നവൾ പറഞ്ഞത് മമ്മി നോക്കിക്കോ അടുത്ത വർഷത്തെ ഇന്റർ കോളേജ് ബ്യൂട്ടി കോണ്ടസ്റ്റിന്റെ ഫൈനലിൽ ഈ ശ്രേയ നന്ദകുമാർ ഉണ്ടാക്കുമെന്നാണ് ……”

“ശ്രേയക്ക് മോഡലിങ്ങിനോട് താത്പര്യമുണ്ടായിരുന്നോ …..?”

”ഏയ് … ഇങ്ങനെ ചില കോണ്ടസ്റ്റിലൊക്കെ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ … ”

നന്ദകുമാർ പറഞ്ഞു ..

”ശ്രേയ നാട്ടിലേക്ക് വരുന്ന വിവരം എപ്പോഴാണ് നിങ്ങളെ അറിയിച്ചത് …? ”

” വ്യാഴാഴ്ച രാവിലെ വിളിച്ചു പറഞ്ഞു …. ഈവനിംഗ് നാട്ടിലേക്ക് തിരിക്കും എന്ന് …”

” അവളെ പിക്ക് ചെയ്യാൻ ആരും പോയില്ലേ …..”

” കാറയച്ചിരുന്നു …….”

” അവൾ സ്റ്റേഷനിൽ വന്നിറങ്ങിയിരുന്നു …….. ഇറങ്ങുന്നതിന് മുൻപ് നിങ്ങൾ അവളെ വിളിച്ചിരുന്നില്ലേ …..”

” വിളിച്ചിരുന്നു ……. എത്തിയോ എന്നറിയാൻ വിളിച്ചതാ…. ”

“രണ്ടുവട്ടം വിളിച്ചിരുന്നല്ലോ നിങ്ങൾ …… ”

“ഉവ്വ് …. ഞാനാണ് വിളിച്ചത് …. കാറിൽ കയറിയോ എന്നറിയാൻ വിളിച്ചു …..” മനീഷ പറഞ്ഞു …

” അപ്പോൾ എന്തായിരുന്നു ശ്രേയ പറഞ്ഞത് …..?”

” കാർ കണ്ടില്ല എന്നു പറഞ്ഞു …. ”

”അതെന്തു പറ്റി ….. നിങ്ങൾ വണ്ടി അയച്ചതല്ലേ …..”

”അതേ ….. അന്ന് ബ്ലോക്കുണ്ടായിരുന്നു … നിയമസഭയിലേക്ക് എന്തോ മാർച്ച് നടന്ന ദിവസമായിരുന്നു …. അങ്ങനെ വൈകിയാണ് സ്റ്റേഷനിൽ എത്തിയത് …. ”

”ആരാണ് ഡ്രൈവർ …? ”

“രാജേഷ് ….”

“ഇവിടെയുണ്ടോ ആൾ …..”

” ഇല്ല…. മാനേജരെ ഒരു മീറ്റിങ്ങിനു കൊണ്ടു പോയിരിക്കുകയാണ് ….”.

സംസാരിച്ചിരിക്കുമ്പോൾ സൈഡിലെ റൂമിന്റെ ഡോർകർട്ടൻ വകഞ്ഞു മാറ്റി ….. ഒരു വീൽ ചെയർ പുറത്തേക്ക് വന്നു …..

അതിൽ പതിനഞ്ചു വയസു തോന്നിക്കുന്ന ഒരാൺകുട്ടി ഇരിപ്പുണ്ടായിരുന്നു …..

അവൻ തന്നെയാണ് വീൽ ചെയറിന്റെ ചക്രങ്ങൾ തിരിക്കുന്നത് ….

” ഇത് …….” ഞാൻ നന്ദകുമാറിന്റെ മുഖത്തേക്ക് നോക്കി ……

“ഞങ്ങളുടെ മകനാ …..”

ആ കാലുകൾക്ക് ചലനശേഷി ഇല്ല എന്ന് ഞാൻ മനസിലാക്കി …..

” മാഡം ചോദിച്ചില്ലേ …… എന്റെ മോൾ ഇടക്കിടക്ക് നാട്ടിലേക്ക് വരുമായിരുന്നോ എന്ന് …… അവളുടെ പെട്ടെന്നുള്ള വരവുകൾക്ക് കാരണം ഇവനാണ് ……

ജീവനായിരുന്നു എന്റെ മോൾക്ക് അവളുടെ ശ്രീക്കുട്ടനെ …..”

ഒരു പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെ മനീഷ പറഞ്ഞു ……

ശ്രീക്കുട്ടന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി …..

നന്ദ കുമാറിന്റെ കണ്ണുകളിലും നീർത്തിളക്കം ഞാൻ കണ്ടു …….

“എനിക്ക് ശ്രേയയുടെ റൂമൊന്നു കാണണം …… ”

നന്ദകുമാർ മനീഷക്ക് കണ്ണുകൾ കൊണ്ട് അനുമതി നൽകി ……..

“വരൂ മാഡം …… ”

മനീഷ എഴുന്നേറ്റ് മുന്നിൽ നടന്നു ….. പിന്നാലെ ഞാനും കിരണും …..

മുകൾ നിലയിലെ വലിയൊരു റൂമിലേക്കാണ് ഞങ്ങൾ ചെന്നത് ……

കമനീയമായ മുറിയിലെ ചുവരുകളിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ വിവിധ പോസുകളിൽ ഉള്ള ഫോട്ടോസ് …..

വെളുത്ത് മെലിഞ്ഞ്, നീണ്ട നാസികയും വിടർന്ന കുസൃതി കണ്ണുകളും ….. മാറിലേക്ക് വീണു കിടക്കുന്ന മിനുസമുള്ള മുടിയിഴകളും …. ചുവന്ന വിടർന്ന അധരങ്ങൾക്കിടയിലെ മുല്ലമൊട്ടുകൾ പോലുള്ള പല്ലുകാട്ടിയുള്ള ചിരിയും ……..

ആരും ആ ഫോട്ടോയിലെ ഇരുപതുകാരിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിന്നു പോകും …..

കേസ് ഫയലിലെ പാസ്പോർട്ട് സൈസ് ഫോട്ടോയിൽ താൻ കണ്ട ശ്രേയയല്ല ഇതെന്ന് പോലും തോന്നിപ്പോയി ….

ടേബിളിൽ പലതരം മേക്കപ്പ് സെറ്റുകൾ …….

ഷെൽഫിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ ……..

ഞാൻ അവയിലൂടെ വിരലോടിച്ചു …….

പലതും മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളാണ് ….

കൂട്ടത്തിൽ ഒരു ചെറിയ ബുക്ക്ലെറ്റിൽ എന്റെ കൈ നിശ്ചലമായി …..

ഞാനതെടുത്തു …….

കവർ പേജിൽ ഒരു വിദേശ വനിതയുടെ ചിത്രമുള്ള ആ ബുക്ക്ലെറ്റിന് മുകളിൽ “ക്ലിക്” എന്ന് വലിയ ഫോണ്ടിൽ എഴുതിയിട്ടുണ്ട് …..

ഞാനത് മറിച്ചു …….

അതിനുള്ളിലെ ഒരു ആഡ് ടൈറ്റിലിൽ എന്റെ കണ്ണുടക്കി ….

“വിഷ്വൽ മാക്സ് ….”

“ഇതെവിടുന്നാ ശ്രേയക്ക് കിട്ടിയത് ……”

മനീഷ സംശയത്തോടെ അതിലേക്ക് നോക്കി ….

“അറിയില്ല മാഡം …. ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്നതാകും …… ”

അതിന്റെ പേജിലേക്ക് നോക്കിയിട്ട് അവർ പറഞ്ഞു …..

“ഇതെന്തോ…. ഫാഷൻ റിലേറ്റഡ് ബുക്ക് അല്ലേ…. അവളീ കോണ്ടസ്റ്റിലൊക്കെ പങ്കെടുക്കുന്നത് കൊണ്ട് …… ഇത്തരം ബുക്സ് റെഫർ ചെയ്യാറുണ്ട് ……. അങ്ങനെ കൊണ്ടുവന്നതാകും …..”

” ഉം …….. ഇത് തത്ക്കാലം എന്റെ കയ്യിലിരിക്കട്ടെ ….”

അവർ ചോദ്യ ഭാവത്തിൽ എന്നെ നോക്കി ……

പക്ഷെ മറുത്തൊന്നും പറഞ്ഞില്ല ……..

ഞങ്ങൾ മടങ്ങാനായി മുറ്റത്തേക്കിറങ്ങുമ്പോൾ ഒരു ഇന്നോവ അകത്തേക്ക് ഒഴുകി വന്നു നിന്നു ……

കോ ഡ്രൈവർ സീറ്റിൽ നിന്നും നാൽപതു വയസോളം പ്രായമുള്ള ഒരാൾ പുറത്തേക്കിറങ്ങി ……. എക്സിക്യൂട്ടീവ് ലുക്കിൽ ഒരാൾ ……

കയ്യിൽ ഒന്നു രണ്ടു ഫയലുകൾ ഉണ്ട് …….

ഭവ്യതയോടെ അയാൾ അടുത്തേക്ക് വന്നു …..

” ഇതാരാണ് …….” ഞാൻ നന്ദകുമാറിനോട് ചോദിച്ചു ….

“എന്റെ മാനേജരാണ് ……. Mr .രമേശ് ….”

ഞാൻ തല ചലിപ്പിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി …………

മുറ്റത്ത് തിരിഞ്ഞ് ഞങ്ങളുടെ വാഹനം പുറത്തേക്കിറങ്ങുമ്പോൾ സൈഡ് മിററിലൂടെ തീക്ഷ്ണതയുള്ള രണ്ടു കണ്ണുകൾ പിൻതുടരുന്നത് ഞാൻ കണ്ടു …..

* * * * * * * * * * * * * * * * * * * * * * * * *

തിരികെയുള്ള യാത്രയിൽ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു …….

ഫോൺ കാതോട് ചേർത്ത് ഞാൻ ഹലോ പറഞ്ഞു …….

”ഹലോ…. മാഡം … ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് ലാബിൽ നിന്നാണ് ……”

”ആ ……. പറഞ്ഞോളൂ … ”

” കഴിഞ്ഞ ദിവസം ഒരു ക്നൈഫ് ഇവിടെ പരിശോധനക്ക് അയച്ചിരുന്നില്ലേ ……. അതിന്റെ റിസൾട്ട് ആയിട്ടുണ്ട് …….”

“ഓക്കെ …. ഞാനിപ്പോളെത്താം ”

” ശരി …. മാഡം …… ”

മറുവശത്ത് കോൾ കട്ടായി ……..

വണ്ടി മെഡിക്കൽ കോളേജിലേക്ക് വിടാൻ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി ……

കാർ പട്ടത്തു നിന്നും മെഡിക്കൽ കോളേജ് റോഡിലൂടെ മുന്നിലേക്ക് പാഞ്ഞു …(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

കറുത്ത നഗരം: ഭാഗം 10

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 6

കറുത്ത നഗരം: ഭാഗം 7

കറുത്ത നഗരം: ഭാഗം 8

കറുത്ത നഗരം: ഭാഗം 9

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story