നയോമിക – ഭാഗം 3

നയോമിക – ഭാഗം 3

ഴുത്തുകാരി: ശിവന്യ അഭിലാഷ്


മനുവിന്റെ കാർഗേറ്റ് കടന്ന് പോയതും അകത്തേക്ക് നടക്കാനൊരുങ്ങിയ നയോമിയെ തടഞ്ഞു കൊണ്ട് വാതിൽപടിയിൽ ചാരി നിക്കുന്നുണ്ടായിരുന്നു കിരൺ.

എങ്ങോട്ടേക്കാ എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അകത്തോട് എന്ന് തിരിച്ച് നയോമിയും..

അവൾക്ക് കയറി പോകാനായി അവൻ ഒതുങ്ങി നിന്നു.

“നില്ലെടീ അവിടെ ”
പെട്ടെന്നായിരുന്നു അവൻ പുറകിൽ നിന്ന് ഒച്ചവെച്ചത്.
നയോമിയുടെ മനസ്സിൽ അകാരണമായൊരു ഭയം വന്ന് നിറഞ്ഞു.
എങ്കിലും അവളത് പുറത്ത് കാണിക്കാതെ ശാന്തമായി ചോദിച്ചു.

“എന്താ മുതലാളി”

“മുതലാളിയോ… നീ എന്താടി ആളെ പരിഹസിക്കുവാ?”

“അല്ല മുതലാളില്ലേ പറഞ്ഞത് മുതലാളി മുതലാളിയും ഞാൻ മുതലാളിയുടെ അടിമയുമാണെന്ന്.. അതു കൊണ്ട് ചോദിച്ചതാ മുതലാളീ എന്താ മുതലാളിയെന്ന് ”

കൈകൂപ്പി വിനയത്തോടെയാണ് അവളത് പറഞ്ഞതെങ്കിലും അവൾ പരിഹസിച്ചതാണെന്ന് അവന് മനസ്സിലായി.

“ഹും നീയെന്നെ മുതലാളിന്നൊന്നും വിളിക്കണ്ട… കിരൺ സാർ എന്ന് വിളിച്ചാ മതി”

നയോമിക്ക് അത് കേട്ടതും മനസ്സിൽ ചിരി പൊട്ടി.

” ആയിക്കോട്ടെ മുതലാളി”
അവൾ വീണ്ടും അവനെ കളിയാക്കി.

” നിന്റെ പേരെന്താടീ ”

കിരൺ വിഷയം മാറ്റി.

“നയോമി”

“നായ മോങ്ങിയോ…. എവിടെ, എപ്പോ ”

കിരൺ ചുറ്റും പരതുന്നത് പോലെ കാണിച്ചു.
പെട്ടെന്ന് നയോമിയുടെ മുഖം ഇരുണ്ടെങ്കിലും അവനെ മുതലാളി എന്ന് വിളിച്ച് കളിയാക്കിയതിന് അവൻ തിരിച്ചും പരിഹസിച്ചതാണെന്ന് അവൾക്ക് അറിയാമായിരുന്നു.

“നായ മോങ്ങിയതല്ല മുതലാളി…. ഒരു പട്ടി കുരച്ചതാ”

“എന്ത് ??

“എന്റെ പൊന്നു സാറേ എന്റെ പേരാ ഞാൻ പറഞ്ഞത് നയോമി..നയോമിക “..

“ഇടിവെട്ട് പേരൊക്കെ ഉണ്ടോല്ലോടീ… പിന്നെങ്ങനാടീ നീ വേലക്കാരി ആയി പോയത് ”

” ജനിച്ചപ്പോഴേ ഞാൻ വേലക്കാരി ആയിരുന്നില്ല എന്ന് പറയാനാണ് അവൾക്ക് തോന്നിയത്..
പക്ഷേ പുറത്ത് വന്നതിങ്ങനായിരുന്നു
“ഓരോ സാഹചര്യങ്ങൾ അല്ലേ സാറേ നമ്മളെ കൊണ്ട് ഓരോ വേഷം കെട്ടിപ്പിക്കുന്നത്… ”
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയത് അവന് വ്യക്തമായി മനസ്സിലായിരുന്നു.

” നിനക്ക് അടുക്കളയിൽ ജോലിയൊന്നും ഇല്ലേടീ”
അവൻ വീണ്ടും ഒച്ചയെടുത്തു.

” അടുക്കളേലോട്ട് പോകുമ്പോഴല്ലേ ഇവിടെ പിടിച്ച് നിർത്തി ഇന്റർവ്യു തുടങ്ങിയത് ”

” എന്നാ ഇന്റർവ്യൂ കഴിഞ്ഞു… നീ പോയൊരു ചായ എടുത്തിട്ട് വാ ”

” ഇയാൾക്ക് തോന്നുമ്പോ തോന്നുമ്പോ ചായ കിട്ടാഞ്ഞിട്ട് വട്ടായതാണെന്ന് തോന്നുന്നു ”

അകത്തോട് കയറി പോവുന്നതിനിടയിൽ നയോമി പിറുപിറുത്തു.

****************************

കിരണിന് ചായകൊടുത്ത് അടുക്കള വൃത്തി ആക്കികൊണ്ടിരിക്കുമ്പോഴായിരുന്നു പുറം പണിക്ക് വരുമെന്ന് പറഞ്ഞ സ്ത്രീ വന്നത്.

അവരും നയോമിയെ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങി.
പേരെന്താ, വീടെവിടാ.. നാടെവിടാന്നൊക്കെ നയോമിയും വിട്ട് കൊടുത്തില്ല അവളും അവരെ അതേ രീതിയിൽ ഇന്റർവ്യൂ ചെയ്തു.

സുമതി.. വീട് അടുത്തു തന്നെയാണ്.. ഭർത്താവ് ഉപേക്ഷിച്ചു പോയി മക്കളില്ല വീട്ടിൽ ഒറ്റക്കാതാമസം…

ഇത്രയും ചോദിച്ചറിഞ്ഞപ്പോഴാണ് കീർത്തിയോട് ഫോൺ നമ്പർ ഒന്നും വാങ്ങി വെച്ചിട്ടില്ലെന്ന് നയോമിക്ക് ഓർമ്മ വന്നത്.

അവൾ സുമതിയോട് കീർത്തിയുടെ ഫോൺ നമ്പർ വാങ്ങി അതിലേക്ക് വിളിച്ചു ഭക്ഷണം എന്തൊക്കെയാണ് ഉണ്ടാക്കേണ്ടതെന്ന് ചോദിച്ചു.

അവിടെ കറി ഉണ്ടാക്കാനുള്ള സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കീർത്തി അപ്പോൾ തന്നെ ഹോസ്പിറ്റലിലെ ഒരു സ്റ്റാഫിനെ വിട്ട് നയോമി ആവശ്യപ്പെട്ട സാധനങ്ങളൊക്കെ എത്തിച്ച് കൊടുത്തു.

*************************

കിരണിന് കഴിക്കാനായി കോൺഫ്ലെക്സ് എടുത്ത് അവന്റെ മുറിയിൽ ചെല്ലുമ്പോൾ രാവിലെ നിലത്തൊഴിച്ചിട്ട ചായ അതേ പടി അവിടെ കിടക്കുന്നത് അവൾ കണ്ടു.

അവൻ പതിവ് പോലെ ചാരുകസേരയിൽ ചാരി കണ്ണുകളടച്ചു ഇരിക്കുന്നുണ്ടായിരുന്നു.

അവൾ താഴെ ചെന്ന് ബക്കറ്റിൽ വെള്ളവും തുണിയുമെടുത്ത് കൊണ്ട് വന്ന് അവിടമാകെ തുടച്ച് വൃത്തിയാക്കി.
അവനവളെ ശ്രദ്ധിച്ചതേയില്ല.

“എനിക്ക് പുട്ടും കടലയും മതി”

കഴിക്കാൻ ഭക്ഷണം കൊടുത്തപ്പോ കൊച്ച്കുട്ടികളെ പോലെ അവൻ ചിണുങ്ങി.. അത് കണ്ടപ്പോൾ അവൾക്ക് മനസ്സിൽ അലിവ് തോന്നി.

“സാറിപ്പോ ഇത് കഴിക്ക്…. നാളെ രാവിലെ ഞാൻ പുട്ടും കടലയും ഉണ്ടാക്കി തരാം”

നയോമി അവനെ ആശ്വസിപ്പിച്ചു.

പിന്നെ ഒന്നും മിണ്ടാതെ അവൻ ഭക്ഷണം കഴിച്ച് തീർത്ത് പാത്രം അവളുടെ കയ്യിൽ കൊടുത്തു.

അന്ന് പിന്നെ കിരൺ താഴേക്ക് വന്നതേയില്ല.

ഉച്ചക്ക് ഭക്ഷണം കഴിക്കാനായി നയോമി വിളിക്കാൻ ചെല്ലുമ്പോൾ കിരൺ ഉറങ്ങുകയായിരുന്നു.

സുമതിക്കും ഭക്ഷണം കൊടുത്ത് അവളും കഴിച്ച് അടുക്കള വൃത്തിയാക്കുമ്പോഴായിരുന്നു കീർത്തി വന്നത്..

നയോമി വിളമ്പി കൊടുത്ത ചോറും സാമ്പാറും മീൻ പൊള്ളിച്ചതുമൊക്കെ കീർത്തി ആസ്വദിച്ച് കഴിച്ചു.

“അമ്മ പോയതിന് ശേഷം ആദ്യായിട്ടാ നയോമി ഇത്ര നല്ല ഭക്ഷണം ഞാൻ കഴിക്കുന്നത് ”

അവൾ നയോമിയെ അഭിനന്ദിച്ചു.

********************************

“ഏട്ടൻ ഒരുപാട് ബുദ്ധിമുട്ടിച്ചോ നയോമി”

” ഇല്ല മാഡം…. ”

കിരണിന് കൊടുക്കേണ്ട മെഡിസിനുകളുടേയും ഭക്ഷണത്തിന്റേയുമൊക്കെ വിവരങ്ങൾക്ക് നയോമിക്ക് നൽകുകയായിരുന്നു കിർത്തി.

“നയോമിക്ക് ജോലിക്ക് വരുന്നതിന് ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടെങ്കിൽ പറയണം”

“എനിക്ക് കുഴപ്പമൊന്നൂല്ല മാഡം.. ഞാൻ വന്നോളാം”

“ഒകെ.. എങ്കിൽ ഇപ്പോ നയോമി പോയ്കോളൂ.. നാളെ നേരത്തെ വരണം ”

വീട്ടിലേക്കുള്ള യാത്രയിലുടനീളം നയോമി ചിന്തിച്ചത് കിരണിനെ കുറിച്ചായിരുന്നു.

വെളുത്ത നിറവും ഷേവ് ചെയ്യാതെ മുഖത്തവിടവിടായി വളർന്ന കുറ്റിത്താടിയും ഇടുങ്ങിയ കണ്ണുകളും അവന്റെ മുഖത്തൊരു നിഗൂഢഭാവം നൽകുന്നുണ്ടായിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ക്ലാസിക്ക് കൃതികളുടെ ഒരു വലിയ കലക്ഷൻ തന്നെ അവന്റെ മുറിയിൽ ഉണ്ടായിരുന്നു.
അത് കണ്ടപ്പോൾ തന്നെ അവന് നല്ല വിദ്യാഭ്യാസം ഉണ്ടെന്ന് അവൾക്ക് ബോധ്യമായിരുന്നു.

പിന്നെ ഈ ചെറിയ പ്രായത്തിൽ തന്നെ അവനെന്താവും സംഭവിച്ചതെന്ന്
ആലോചിച്ചിട്ട് അവൾക്കൊന്നും മനസ്സിലായില്ല.
നാളെ സുമതിയോട് അതേപ്പറ്റി ചോദിച്ചു നോക്കണമെന്ന് അവൾ മനസ്സിലുറപ്പിച്ചു.

***********************

“ജോലി എങ്ങനുണ്ടായിരുന്നു മോളേ ”
നയോ മിയെ വീട്ട് ജോലിക്ക് അയക്കുന്നതിൽ നിർമ്മലയ്ക്ക് നല്ല വിഷമമുണ്ടായിരുന്നു.

“ജോലിയൊക്കെ നല്ല രസാണ് അമ്മേ… ഞാൻ ഭക്ഷണം ഉണ്ടാക്കിയാൽ മാത്രം മതി പുറംപണിക്കൊക്കെ സുമതി ചേച്ചി വരും…. പിന്നെ അവിടെ വയ്യാത്തൊരു കുട്ടി ഉണ്ട് …കിരൺ.. അതിനേം നോക്കണം”

അത് പറഞ്ഞപ്പോൾ നയോമിക്ക് ചിരി വന്നു..

” എന്നാലും എന്റെ മോളേ നീ വീട്ട് ജോലി കാണല്ലോ പോകുന്നതെന്നോർക്കുമ്പോ സഹിക്കുന്നില്ല ”

നിർമ്മല കരയാൻ തുടങ്ങിയിരുന്നു.

“നിങ്ങടച്ചൻ ഉണ്ടായിരുന്നെങ്കിൽ എന്റെ മക്കൾക്കീഗതി വരില്ലായിരുന്നു”

അത് കണ്ടിരുന്ന ഉണ്ണീടെയും കണ്ണ് നിറഞ്ഞു.

” പഴയതൊക്കെ പറഞ്ഞ് കരഞ്ഞിട്ടെനി എന്താക്കാനാ അമ്മേ… ഇനി അമ്മ ഒന്നോർത്തും സങ്കടപ്പെടണ്ട…. ഞാൻ നോക്കിക്കോളാം എന്റമ്മയേയും അനിയനേയും…”

അവിടിരുന്നാൽ ഇനിയും അമ്മ എന്തെങ്കിലും പറഞ്ഞ് കരയും എന്നറിയുന്നത് കൊണ്ട് നയോമി എണീറ്റ് പോയി.

രാത്രി ഉറങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാൻ കണ്ണടച്ചപ്പോൾ കിരണിന്റെ മുഖമാണ് അവളുടെ മനസ്സിലേക്ക് വന്നത്

നാളെ ഇനി എന്താവും അവന്റെ പരാക്രമം എന്നാലോചിച്ച് നയോമി കണ്ണടച്ച് കിടന്നു.
പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

Share this story