തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 13

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 13

“അതെ.. സത്യം പറ ഇവിടെ വല്ല ക്യാമറയും വെച്ചിട്ടുണ്ടോ…”

അവൾ അല്പം ഭയത്തോടെ ചോദിച്ചു.

“ഏയ്.. അതൊന്നുമില്ല.. നീ കൊടൈക്കനാൽ പോയപ്പോ ഫസ്റ്റ് ഡേ ഇട്ടത് വൈറ്റ് ചുരിദാർ അല്ലെ, അത് ഇട്ടിട്ടാണ് നീ ഹോസ്പിറ്റലിലേക്ക് വന്നത്.പിന്നെ നിന്റെ വീട്ടിലെ ഫോട്ടോസിൽ കൂടുതലും നീ വൈറ്റ് ഡ്രസ്സ്‌ ഇട്ട് നിൽക്കുന്നതാണ് കണ്ടിരിക്കുന്നത്..നിന്റെ ബർത്ഡേ ഫോട്ടോസിലും നീ വൈറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. നിനക്ക് സന്തോഷമുള്ള ദിവസങ്ങളിൽ നീ വൈറ്റ് കളർ ആയിരിക്കും യൂസ് ചെയ്യുക എന്ന് ഞാൻ ചുമ്മാ ഗസ്സ് ചെയ്തു നോക്കിയതാ.. എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ.. പിന്നെ വൈറ്റ് നിനക്ക് നന്നായി ചേരുന്നുണ്ട്.. ”

“ശെരിക്കും ഞെട്ടിച്ചു സണ്ണി..
എന്നെ കുറിച്ച് എല്ലാം അറിഞ്ഞു വെച്ചിരിക്കുന്നു.. സണ്ണി പറഞ്ഞതൊക്കെ സത്യമാണ്.. ”

“ഒരു നിമിഷത്തിൽ എന്നെ വില്ലനാക്കി കളഞ്ഞല്ലോ.. ”

“എന്താ.. ”

“പിന്നെ..ആരെങ്കിലും പെൺകുട്ടികൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്ത് ക്യാമറ വെക്കുമോ..? ഞാൻ അത് ഒരിക്കലും ചെയ്യില്ല കേട്ടോ..”

“സോറി… സോറി… ഇന്ന് കോളേജിൽ ഒരു സ്പീച്ച് ഉണ്ടായിരുന്നു. ഒളിക്യാമറയിൽ പൊലിയുന്ന പെൺ ജീവിതങ്ങൾ. അത്…. ”

അവൾ തുടർന്ന് പറയാൻ വിഷമിച്ചു.

“നീ പേടിക്കണ്ട.. നിന്റെ റൂമിൽ അങ്ങനെ ഒന്നുമില്ല.. ഞാൻ ചെക്ക് ചെയ്തു..”

“ഹ്മ്മ്.. ”

“ശ്രീക്കുട്ടി.. അമ്മ വിളിക്കുന്നുണ്ടോ..? ”

അവൻ റൂമിൽ നിന്ന് തല പുറത്തേക്കിട്ട് താഴേക്ക് നോക്കി.

“ഇല്ലല്ലോ..”

താഴെ മൊഴിയും ഡെയ്സിയും ലാൻഡ് ഫോണിൽ തനുവിനെ വിളിക്കുന്ന തിരക്കിലായിരുന്നു.

“അമ്മേ ലൈൻ കിട്ടുന്നില്ല.ബിസി എന്നാണ് പറയുന്നത്..”

മൊഴിയുടെ വാക്കുകൾ കേട്ടതും അവൻ അല്പം പരിഭ്രമത്തോടെ,

“ശ്രീ നിന്റെ ഫോണിൽ സെക്കന്റ്‌ കാൾ ആക്റ്റീവ് അല്ലെന്ന് തോന്നുന്നു. നീ ആദ്യം സെറ്റിംഗ്സിൽ പോയി അത് മാറ്റ്.. ഇപ്പൊ ഞാൻ വെക്കുവാ..”

“ശരി..”

തനു കാൾ കട്ടാക്കി സെറ്റിങ്ങിൽ പോയി മാറ്റിയതും ലാൻഡ് ലൈൻ കാൾ വന്നു..

“ഡെയ്സിയമ്മേ..”

“തനു.. ഇത് ഞാനാ മൊഴി..അമ്മ ഇത്രയും നേരം അടുത്തുണ്ടായിരുന്നു.ഇപ്പൊ അങ്ങോട്ട്‌ മാറിയേ ഉള്ളൂ..”

“നിനക്ക് സുഖാണോ മൊഴി.. വാവ എന്ത്‌ പറയുന്നു… ഡോക്ടറെ കാണാൻ പോയോ..”

“എല്ലാം നന്നായി തന്നെ പോകുന്നു തനു..പിന്നെ അമ്മയ്ക്ക് നീ പോയത് കൊണ്ട് ആകെ വിഷമമായിരുന്നു..ഇപ്പൊ കുഴപ്പമില്ല.. പിന്നെ ഇന്നലെ മുതൽ നിന്നെ വിളിക്കുമ്പോ ബിസി എന്നാണല്ലോ പറയുന്നത്..”

“അത്…..”

“ആഹ് തനു അമ്മ വരുന്നുണ്ട് ഞാൻ കൊടുക്കാം..”

“ഡെയ്‌സിയമ്മേ…”

“തനു… കാപ്പി കുടിച്ചോ..”

“ഉം.. കുടിച്ചു..”

“അതെന്താ മോളെ ഇന്നലെയും ഇന്നും വിളിച്ചിട്ട് നീ ഒരേ ബിസി എന്നാണല്ലോ പറയുന്നത്.. ഞാൻ കരുതി മൊഴി എഴുതിയെടുത്ത നിന്റെ നമ്പർ തെറ്റായിരിക്കും എന്ന്..”

“അത് അമ്മേ.. അദ്ദേഹത്തിന്റെ കൂടെ സംസാരിക്കുകയായിരുന്നു..”

“ആരുടെ കൂടെ..”

“സണ്ണി..”

“സണ്ണിയോ..”

“ഉം.. സോറി ഡെയ്സിയമ്മേ.. അദ്ദേഹമാണ് പേര് വിളിച്ചോളാൻ പറഞ്ഞത്..”

ഡെയ്‌സി മൗനമായി കേട്ട് നിന്നു.

“അമ്മേ.. എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. ഞാൻ എന്തെങ്കിലും തെറ്റായിട്ട് പറഞ്ഞോ..”

“ഏയ് അങ്ങനെയൊന്നും ഇല്ലടാ.. നിന്നെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ഞാൻ പേടിച്ചു..”

“ഉം..”

“ഇന്ന് എഴുതാൻ ഒന്നുമില്ലേ..”

“ഇല്ലമ്മേ.. ഇനി പഠിച്ചാൽ മാത്രം മതി..”

“ആഹ്.. എങ്കിൽ മോള് പോയി പഠിച്ചോ.. അമ്മയ്ക്ക് ഇവിടെ കുറച്ചു പണിയുണ്ട്..”

ഫോൺ കട്ട് ചെയ്തു. തനുവിന് അവൻ അടുത്ത് ഇല്ലെങ്കിലും അവൻ എന്നും വിളിക്കുന്നത് കൊണ്ട് അവൻ ദൂരെയാണെന്ന് തോന്നിയില്ല.

ഡെയ്‌സി തന്റെ മകനെ അന്വേഷിച്ചു, ഒടുവിൽ മുറ്റത്ത് ഒരു ബെഞ്ചിൽ വന്നിരുന്നു. മുറ്റത്ത് ചെടികൾക്ക് വെള്ളം നനച്ചുകൊണ്ട് ഇരിക്കുകയായിരുന്നു കണ്ണൻ.

“അമ്മേ.. നല്ല മഞ്ഞുണ്ട്.. എന്തിനാ ഇവിടെ വന്നിരിക്കണേ..”

“മോൻ ഇങ്ങോട്ടേക്ക് ഒന്ന് വന്നേ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”

“എന്നോടോ..”

അവൻ മെല്ലെ അമ്മയുടെ അടുത്ത് വന്നിരുന്നു.

“അതെ.. രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എപ്പോഴും ഫോണും ചെവിയിൽ വെച്ച് നടക്കുന്നു..ഒറ്റയ്ക്കിരുന്നു ചിരിക്കിന്നു. എപ്പോഴും ടെൻഷൻ അടിച്ചു നടന്നിരുന്ന നിന്റെ മുഖത്ത് ഈ രണ്ട് ദിവസമായി വല്ലാത്ത സന്തോഷം.. ഉം.. എന്താടാ കാര്യം..”

“ഏയ് ഒന്നുമില്ലമ്മേ.. ഞാൻ എപ്പോഴത്തെയും പോലെ തന്നാ ഉള്ളെ..”

“കണ്ണാ കള്ളം പറയണ്ട.. ഒന്നുമില്ലേലും നിന്നെ പ്രസവിച്ച നിന്റെ അമ്മയല്ലേ ഞാൻ..നിന്റെ മുഖം മാറിയാൽ എനിക്ക് മനസ്സിലാകും. ഇന്നലെ തനുന്റെ കൂടെ ഒരുമണിക്കൂറോളം സംസാരിക്കുകയിരുന്നു നീ..അതാണ് ഞാൻ വിളിച്ചിട്ട് കിട്ടാതിരുന്നത്..”

“അത് അമ്മേ അവൾ അവിടെ ഒറ്റയ്ക്കല്ലേ അതാണ്..”

“ഉം.. നന്നായി മോനെ.. നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ്..എപ്പോഴും ഇങ്ങനെ കാണാനാ എനിക്കിഷ്ടം.”

അവന്റെ കവിളിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് ഡെയ്സി പറഞ്ഞു.

‘നീ എല്ലാം അമ്മയോട് പറഞ്ഞല്ലേ.. ദുഷ്ടേ.. ഒരു ദിവസം നിനക്ക് എല്ലാം കൂടി ഞാൻ തരുന്നുണ്ട്.’

അവൻ മനസ്സിൽ ചിരിച്ചുകൊണ്ട് ഓർത്തു.

രണ്ടാഴ്ച പെട്ടെന്ന് കടന്നുപ്പോയി. അതിനിടയ്ക്ക് ഒരു ക്ലാസ്സ്‌ ടെസ്റ്റും നടന്നു. അവനുമായി ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിലും പഠിപ്പിൽ അവൾ ശ്രദ്ധിച്ചിരുന്നു.എങ്കിലും റിസൾട്ട്‌ വന്നപ്പോൾ പതിവിലും മാർക്ക്‌ കുറവായിരുന്നു. അത് അവൾ കണ്ണനോട് പറയുകയും ചെയ്തു. കണ്ണന് തന്നോട് സംസാരിക്കുന്നത് കൊണ്ടാണ് അവൾക്ക് മാർക്ക് കുറഞ്ഞതെന്ന് തോന്നിയെങ്കിലും.. തനു റൂമിൽ ഇരുന്ന് പഠിക്കുന്നതിനേക്കാൾ ശ്രദ്ധ ചെകുത്തുന്നത് ക്ലാസ്സിലാണ് എന്നവൻ മനസ്സിലാക്കി.പക്ഷെ ഇത്തവണ അവൾക്ക് എന്ത്‌ പറ്റി.

മൂന്ന് നാൾ അവധിയായത് കൊണ്ട്. ശനിയും ഞായറും കൂടി കൂട്ടി അഞ്ച് ദിവസം കിട്ടും, നാഗർ കോവിലിലേക്ക് പോയാലോ? സണ്ണിക്ക് ഒരു സർപ്രൈസ് ആകും. എന്ന ചിന്തയിൽ അവൾ പോകാൻ തയ്യാറെടുത്തു.

“ശരിടി… ഞാൻ പോയിട്ട് വരാം.. ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം..പിന്നെ ഞാൻ വരുന്നുണ്ടെന്ന് നീ സണ്ണിയെ വിളിച്ചു പറയാനൊന്നും നിൽക്കണ്ട കേട്ടോ.. അങ്ങേർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ..”

ബസ്സിൽ കയറികൊണ്ട് തനു സ്വാതിയോട് പറഞ്ഞു.

“ചേച്ചി എവിടെയാണ് ഇറങ്ങുന്നത്..”

തൊട്ടടുത്തു ഇരുന്ന സ്ത്രീയോട് അവൾ ചോദിച്ചു..

“കന്യാകുമാരി..”

“നഗർകോവിൽ എത്തുമ്പോൾ ഒന്ന് പറയാമോ..”

ആ സ്ത്രീ സമ്മതിച്ചത് കൊണ്ട് അവൾ സുഖമായി ഉറങ്ങി… സുഖകമായ ഒരു യാത്രയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

രാവിലെ തന്നെ കണ്മുന്നിൽ വന്നു നിൽക്കുന്ന തനുവിനെ കണ്ട് ഡെയ്സിക്ക് ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല. ഡെയ്‌സി അവളെ വാരി പുണർന്നു. മൊഴിയും പുഞ്ചിരിയോടെ തൊട്ടടുത്തുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കണ്ണനെ തേടി നടക്കുന്നത് ശ്രദ്ധിച്ച ഡെയ്‌സി.

“കണ്ണൻ ഇവിടെ ഇല്ല.തോട്ടത്തിലാ.. ഇന്ന് ഒരു ലോറി പോകാനുണ്ട്..”

ഡെയ്സി പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു. ചിരിയോടെ ഡെയ്‌സി അവളെ അകത്തേക്ക് കൊണ്ട് പോയി.

അവൻ വരുമ്പോഴേക്കും കുളിച്ചു റെഡിയായി നിൽക്കാം. എന്ന് പറഞ്ഞു അവൾ കുളിക്കാനായി പോയി. അവനും അവൾക്കും ഇഷ്ടമുള്ള വെള്ള ചുരിദാർ ഇട്ട് കൊണ്ട് അവൾ അവന് വേണ്ടി കാത്തിരുന്നു. ഈറൻ മുടി ഉണക്കികൊണ്ട്
മുറ്റത്തെ ബെഞ്ചിൽ അവനെയും പ്രതീക്ഷിച്ചിരുന്നു.

കുറെ നേരമായിട്ടും അവനെ കാണാത്തത് കൊണ്ട് എന്താ അവൻ ഇത്ര നേരമായിട്ടും വരാത്തത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു നായകനെ പോലെ അവൻ രംഗപ്രവേശം ചെയ്യുന്നത്. ജീപ്പിൽ നിന്നും ഇറങ്ങിയതും മുന്നിൽ തന്റെ ശ്രീയെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി. അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെയും നോക്കി ഇരിക്കുകയാണ്..

“ശ്ശെടാ… ഇത് കൊള്ളാമല്ലോ.. ഇപ്പൊ എങ്ങോട്ട് നോക്കിയാലും നീ തന്നെയാണല്ലോടി.കള്ളി..”

ചെറു നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി പോയി.

‘കള്ളിയോ.. ഞാനോ…’

അവൾ വന്നിട്ടുണ്ടെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. അപ്പോഴേക്കും ഡെയ്സി അവളെ കഴിക്കാനായി വിളിച്ചു.

കുളിച്ചു താഴെ വന്നിരുന്ന അവൻ അവളെ കണ്ടെങ്കിലും അത് തന്റെ തോന്നലാകും എന്ന് കരുതി ഭക്ഷണം കഴിക്കുന്നതിൽ മുഴുകി..

“മോളെ തനു.. ഒരു ഇഡ്ഡലി കൂടി വെക്കട്ടെ..”

“വേണ്ടമ്മേ വയറു നിറഞ്ഞു..”

അപ്പോഴാണ് തന്റെ മുന്നിൽ നടക്കുന്നത് യാഥാർഥ്യമാണെന്ന് അവന് മനസ്സിലായത്.

“നീ എപ്പോ വന്നു… എങ്ങനെ വന്നു…?

അവൻ ദേഷ്യത്തോടെ ചോദിച്ചു.

“അത്… ബസ്സിൽ… ഇപ്പൊ..”

അവൾ വിക്കി വിക്കി പറഞ്ഞു.

“ഞാൻ പറഞ്ഞതല്ലേ.. എവിടേക്കെങ്കിലും പോകുന്നുണ്ടെങ്കിൽ എന്നോട് പറയണമെന്ന്..”

അവൻ വീണ്ടും കയർത്തു..

“അ..ത് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…”

അവൾ വീണ്ടും ഭയത്തോടെ പറഞ്ഞു.

“സർപ്രൈസ് മാങ്ങാത്തൊലി.. ആരെങ്കിലും കണ്ടിരുന്നെങ്കിലോ..”

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
ഇവൻ എന്താ ഇങ്ങനെ. ശെരിക്കും ഇവന്റെ സ്വഭാവം എന്താ..

“ടാ കണ്ണാ… ആരെങ്കിലും കണ്ടാൽ എന്താ.. ഈ വീട്ടിലെ പെണ്ണാണെന്ന് അറിഞ്ഞാൽ… സുരക്ഷിതമായി അവളെ ഇവിടെ കൊണ്ട് വന്ന് വിടും..”

അവൻ ഒന്നും മിണ്ടാതെ കഴിക്കാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി.
ഡെയ്സി തനുവിനെ നോക്കികൊണ്ട് അവന്റെ പിന്നാലെ നടന്നു..

“ടാ.. നീ എന്തൊക്കെയാ ഈ പറയുന്നേ… അവൾ വന്നല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുകയാ ഞാൻ.. നീ എന്തിന് ആ കൊച്ചിന്റെ മനസ്സ് വിഷമിപ്പിക്കാൻ ഓരോന്ന് പറഞ്ഞുകൊണ്ട് ഇരിക്കുന്നെ.. അവളുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും..”

അവൻ ഒന്നും മിണ്ടാതെ നിന്നു.

“ഇനി എന്റെ കൊച്ചിന്റെ മനസ്സ് വേദനിപ്പിച്ചാൽ ഉണ്ടല്ലോ പറഞ്ഞേക്കാം..”

അമ്മ പറഞ്ഞതിലും കാര്യമുണ്ട്. എന്തൊക്കെ ആണെങ്കിലും അവൾ സുരക്ഷിതമായി ഇവിടെ എത്തിയല്ലോ.ഇനി അഞ്ച് ദിവസം അവൾ തന്റെ കൺവെട്ടത്ത് തന്നെ ഉണ്ടാവുകയും ചെയ്യും. അവൻ മനസ്സിലോർത്ത് ശാന്തനായി.

ഇവനെന്താ ഇങ്ങനെ. ഫോണിൽ എന്ത്‌ സൗമ്യമായാണ് സംസാരിക്കുന്നത്.. നേരിൽ കണ്ടാൽ കടിച്ചു കീറാൻ വരും.. എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് മെസ്സേജ് വരുന്നത്.

“സോറി..”

ഇവനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.മെസ്സേജ് വായിച്ചുകൊണ്ട് അവൾ മനസ്സിലോർത്തു. പത്ത് മിനിറ്റ് കഴിഞ്ഞിട്ടും റിപ്ലൈ വരാത്തത് കൊണ്ട് അവൻ അവളുടെ മുറിയിലേക്ക് പോയി.

“ഹേയ്… ശ്രീക്കുട്ടി… ഞാൻ സോറി പറഞ്ഞില്ലേ.. പിന്നെന്താ..”

അവൾ അവനെ ശോകത്തൊടെ നോക്കി..

“സത്യത്തിൽ ഇയാൾ ആരാ..? ”

“മനസ്സിലായില്ല…”

അവൻ സംശയത്തോടെ ചോദിച്ചു..

“നേരത്തെ ദേഷ്യത്തോടെ സംസാരിച്ചു.. ഇപ്പൊ സ്നേഹത്തോടെ വന്ന് സോറി പറയുന്നു.. ഇതിൽ ഏതാ സത്യം.. ഞാനാകെ കൺഫ്യൂഷനിലാണ്..”

അവളുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിച്ചു ശേഷം,

“നിന്റെ മനസ്സിനോട് തന്നെ ചോദിക്ക്..”

അവൻ അങ്ങനെ പറഞ്ഞു പോയെങ്കിലും അവൾക്ക് ഒന്നും മനസ്സിലായില്ല.കാരണം അവളുടെ മനസ്സ് ആകെ ആശയകുഴപ്പത്തിലായിരുന്നു.

“തനു മോളെ… ഞാൻ പള്ളിയിൽ പോകുവാ.. നീ വരുന്നോ..”

ഡെയ്‌സിയുടെ വാക്കുകൾ കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.

“ഉം വരാം..”

അവൾ ഒരു ഷാൾ എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു.

“പള്ളിയിലേക്ക് പോകുവാണോ..? ”

അവരോടൊപ്പം പുറത്തേക്കിറങ്ങിയ കണ്ണനോട് അവൾ ചോദിച്ചു.

“ഇല്ല ഞാൻ പെരിയാറിന്റെ പാതയാ പിന്തുടരുന്നത്..”

എന്ന് പറഞ്ഞു ജീപ്പിൽ എങ്ങോട്ടോ പോയി..

“പെരിയാറിന്റെ പാത എന്നാൽ എന്താ ഡെയ്സിയമ്മേ..”

അവൾ സംശയത്തോടെ ചോദിച്ചു..

“തനു.. അവനീ ദൈവത്തിലും പള്ളിയിലൊന്നും വിശ്വാസമില്ല. അവന്റെ അച്ഛനെ പോലെ തന്നെയാ.. യുക്തിവാദിയായ e.v രാമസ്വാമി നായകരെയാ അവനിപ്പോ ‘പെരിയാർ’ എന്ന് പറഞ്ഞത്”

“ഡെയ്‌സിയമ്മേ ഇനി നിങ്ങളുടെ മകന് ആ നെയ്യിൽ പൊരിച്ച പഴം കൊടുക്കണ്ട കേട്ടോ..കൊഴുപ്പ് കുറച്ചു കൂടുന്നുണ്ട്..”

“എന്റെ മകന് കൊഴുപ്പോ… ഉം ഞാനവനോട് പറയാം…”

“അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ… അങ്ങേരോട് പറയല്ലേ.. എന്നെ ആ നോട്ടം കൊണ്ട് തന്നെ കൊന്ന് കളയും…”

അവൾ അല്പം ഭയത്തോടെ പറഞ്ഞു.

ഒടുവിൽ പള്ളിയിൽ എത്തിയതും. അവിടെ ഉള്ളവർ കൂടെ വന്ന തനുവിനെ കുറിച്ച് തന്നെയാണ് ചോദിച്ചത്.അതിന് മറുപടിയായി. കണ്ണൻ കേട്ടാൻ പോകുന്ന പെണ്ണാണെന്ന് ഡെയ്സി അഭിമാനത്തോടെ പറഞ്ഞു. അത് കേട്ട് അവളുടെ മനസ്സ് സന്തോഷത്തോടെ തുള്ളിച്ചാടി..

“തനു.. ഈ പള്ളിയിൽ വെച്ചാ നിന്റെയും കണ്ണന്റെയും കല്യാണം..”

അത് കേട്ടതും പിന്നെ അവൾക്ക് എന്ത്‌ പറയണം എന്ന് തന്നെ അറിയില്ലായിരുന്നു.

വീട്ടിൽ എത്തിയതും അവന്റെ കാൾ വന്നു..

“ഹലോ… വീട്ടിൽ എത്തിയോ…”

“എത്തി..”

ഇങ്ങനെ ഫോണിൽ സംസാരിക്കുന്നതിന് പകരം നേരിട്ട് വന്ന് സംസാരിച്ചാലെന്താ. എന്ന് ചിന്തിച്ചു കൊണ്ട് അവൾ,

“വേറെന്താ..”

“അമ്മയോട് വല്ലതും….”

“അതെ.. ഞാൻ ഡെയ്സിയമ്മയുടെ അടുത്തേക്ക് പോകുവാ കേട്ടോ.. ബൈ..”

അവൾ വേഗത്തിൽ ഫോൺ കട്ട് ചെയ്തു..
ഒരു ചമ്മലോടെ നേരെ ഡെയ്സിയുടെ അടുത്തേക്ക് നടന്നു.

പള്ളിയിൽ നിന്നും വരുന്ന വഴി പറിച്ചെടുത്ത മൈലാഞ്ചി ഇലകൾ അരയ്ക്കുകയായിരുന്നു ഡെയ്സി..

“ഹൈ.. ഇത് മൈലാഞ്ചി അല്ലെ.. എത്ര നാളായി മൈലാഞ്ചി ഇട്ടിട്ട്..”

“ഇന്ന് നിന്റെ കൈ നിറയെ ഇട്ട് തരാം..”

എന്ന് പറഞ്ഞുകൊണ്ട് ഡെയ്‌സി അവളുടെ കൈയ്യിൽ അരച്ചു വെച്ച മൈലാഞ്ചി അണിയിച്ചു കൊണ്ടിരുന്നു.

“ഡെയ്‌സിയമ്മേ.. ഇനി ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും..”

മൈലാഞ്ചി ഇട്ട രണ്ട് കൈകളും ഉയർത്തികൊണ്ട് അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“ഞാൻ വാരിതാരാടാ കുട്ടാ..”

“അപ്പോ ഓക്കേ..”

“മൊഴിക്ക് ഇട്ട് കൊടുക്കണ്ടേ..”

“മൊഴി ഗർഭിണിയല്ലേ മോളെ.. ഇത് നല്ല തണുപ്പുണ്ട് മോളെ.. വല്ല പനിയും പിടിക്കും..”

എന്ന് പറഞ്ഞ് വീണ്ടും മൈലാഞ്ചി ഇട്ട് തുടങ്ങി…മനോഹരമായ ആ ഡിസൈൻ കണ്ട് അവൾക്ക് ആകാംഷ കൂടി.

“അമ്മേ എനിക്ക് വിശക്കുന്നു….”

അവൻ ഡെയ്‌സിയെ വിളിച്ചുകൊണ്ട് അകത്തേക്ക് കയറി…

“ഒരു പത്തു മിനിറ്റ്… ഇപ്പൊ തരാം..”

“വന്ന് വന്ന് ഇപ്പൊ എന്റെ കാര്യം നോക്കാൻ അമ്മയ്ക്ക് സമയമില്ലാതായി..”

ആഹ്.. പുതിയ ആളുകൾ ഒക്കെ വന്നാൽ അങ്ങനെ ആണ്.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.. അവൻ പത്ര വായനയിൽ മുഴുകി.

അവർ രണ്ട് പേരും മൈലാഞ്ചി ഇടുന്നതിൽ മുഴുകി ഇരിക്കുകയായിരുന്നു. രണ്ട് പേരെയും മാറിമാറി നോക്കി അവൻ ദീർഘമായി ശ്വസിച്ചു.

കുറച്ചു കഴിഞ്ഞതും. നെയ്യും പരിപ്പും കൂട്ടി തിരുമി ഡെയ്സി തനുവിന് ചോറ് വാരി കൊടുക്കുകയായിരുന്നു.

“അമ്മേ എനിക്കും വാരി താ… ”

കണ്ണനും അമ്മയുടെ അടുത്ത് വന്നിരുന്നു വാ പൊളിച്ചു നിന്നു. ഡെയ്‌സി സന്തോഷത്തോടെ ഇരുവർക്കും വാരി കൊടുത്തു.

“അയ്യോ.. മൊഴിക്ക് വേണ്ടി.. ഉണക്ക സ്രാവ് വറുത്തു വെച്ചിരുന്നു.. നിക്ക് ഞാൻ പോയി എടുത്തിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട്.. ”

ഡെയ്‌സി മെല്ലെ അടുക്കളയിലേക്ക് നടന്നു. ഡെയ്‌സി അടുക്കളയിലേക്ക് കടന്നതും കണ്ണൻ അവളുടെ ചെവിക്ക് പിടിച്ചു.

“എനിക്ക് കൊഴുപ്പ് കൂടുതലാണ് അല്ലെ… അത് എന്റെ അമ്മയോട് തന്നെ പറയണം..”

“ആഹ് എന്റെ ചെവി… വിട് എനിക്ക് വേദനിക്കുന്നു..”

“ആഹാ.. വന്ന് വന്ന് എന്നെ പേടി ഇല്ലാതായി.. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..”

“വിട് അമ്മ വരും ഇപ്പൊ..”

“ഇല്ല..”

“പ്ലീസ്.. കൈയിൽ മൈലാഞ്ചി ഇട്ടിരിക്കുവാ.. ഷർട്ടിൽ ആവും..”

“ഉവ്വ.. ഷർട്ടിൽ ആയാൽ നിന്നെ ഞാൻ കൊല്ലും..”

അവൻ വീണ്ടും കുറച്ചൂടെ ശക്തിയായി പിടിച്ചതും അവളുടെ കൈകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു.

“എടി ദുഷ്ടേ.. പറഞ്ഞപോലെ ചെയ്തല്ലോടി..ഇത് അമ്മയെങ്ങാൻ കണ്ടാൽ..”

അവളുടെ ചെവിയിലെ പിടി വിട്ടുകൊണ്ട് ഷർട്ടിലെ കൈ പത്തി ചിഹ്നത്തിൽ നോക്കികൊണ്ട്‌ അവൻ പറഞ്ഞു.
നേരെ വാഷ് ബേസിന്റെ അടുത്ത് പോയി കഴുകി. മൈലാഞ്ചി പോയെങ്കിലും അവന്റെ സ്കൈ ബ്ലു ഷർട്ടിൽ ഇളം ചുവപ്പ് നിറത്തിൽ അവളുടെ കൈപ്പത്തി പതിഞ്ഞു നിന്നിരുന്നു.

ഷർട്ട്‌ നനഞ്ഞിരിക്കുന്നത് കണ്ട് നോക്കിയ ഡെയ്സി അവളുടെ കയ്യിലെ മൈലാഞ്ചി കറ അവന്റെ ഷിർട്ടിൽ ആയതിനെ കുറിച്ചോർത്ത് അവരെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

ഇനി ഇവരെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.ഉടനെ കെട്ടിച്ചു വിടണം എന്ന ആഗ്രഹം ഡെയ്‌സിയുടെ മനസ്സിൽ വീണ്ടും ഉയർന്നു വന്നു.

അപ്പോഴാണ് അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഡെയ്‌സി ശ്രദ്ധിച്ചത്..

“എന്തിനാ തനു കരയുന്നെ..”

“എനിക്ക് ആരും ഇതുപോലെ വാങ്ങി തന്നിട്ടില്ലമ്മേ..”

ഭയത്തോടെ അവനെ നോക്കികൊണ്ട് അവൾ പറഞ്ഞു.

“അതിനാണോ കരയുന്നെ.. ഇനി നിനക്ക് ഞാൻ വാരിത്തരില്ലേ.. എനിക്കിവിടെ വേറെന്താ പണി..”

അവളുടെ മുടിയിൽ തഴുകികൊണ്ട് ഡെയ്‌സി പറഞ്ഞു.

അന്ന് രാത്രി അവൾ പെട്ടെന്ന് ഉറങ്ങിപ്പോയി. ഇന്ന് മെസ്സേജ് അയച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയ.. അവനെയും നിദ്രാദേവി കടാക്ഷിച്ചു. തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

Share this story