ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 1

നോവൽ

എഴുത്തുകാരി: ശ്രീക്കുട്ടി

” മോളേ നീയിതിന് സമ്മതിക്കണം. എത്ര ആലോചനകൾ വന്നതാ എല്ലാം ഈ ഒരു കാരണം കൊണ്ട് മുടങ്ങിയില്ലേ?? ”

” ഇനിയെങ്കിലും എല്ലാം തുറന്നുപറഞ്ഞിട്ടേ വിവാഹം കഴിക്കൂ എന്ന വാശി എന്റെ മോള് ഉപേക്ഷിക്കണം. ചൊവ്വാദോഷം ആണെന്ന് പറഞ്ഞാൽ ഇതും ഒരുപക്ഷെ നടക്കില്ല. ഇതൊക്കെ ആളുകളുടെ വെറും ഭയമല്ലേ മോളേ എത്രപേര് ജാതകവും ദോഷവും ഒന്നും നോക്കാതെ വിവാഹം കഴിക്കുന്നു. അവരൊക്കെ ജീവിക്കുന്നില്ലേ? ”

അവളുടെ തലയിൽ മൃദുവായി തലോടിക്കൊണ്ട് രാജീവൻ പതിയെ പറഞ്ഞു. അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

“അതെ മോളേ നീ അച്ഛൻ പറയുന്നത് കേൾക്കണം. എത്ര കാലമായി നിന്റെ വാശിയൊന്നുകൊണ്ട് മാത്രം ഓരോ ആലോചനകളും മുടങ്ങിപോകുന്നു. നമ്മൾ നുണയൊന്നും പറയണില്ല. നിനക്കൊരു ജീവിതമുണ്ടാകാനായി ആർക്കും ദോഷമില്ലാത്ത ഒരു കാര്യം മറച്ചുവയ്ക്കുന്നു. അത്രേയുള്ളൂ. ”

അവളുടെ അരികിലേക്ക് വന്നിരുന്നുകൊണ്ട് മായ പറഞ്ഞു.

” പക്ഷേ അച്ഛാ… ”

എന്തോ പറയാൻ വന്നത് നിർത്തി അവൾ പുറത്തേക്ക് നോക്കിയിരുന്നു.

” മോളിനി ഒന്നും ആലോചിച്ചു വിഷമിക്കണ്ട. ഈ വിവാഹം എങ്കിലും നടക്കണം. നിനക്ക് പ്രായം ഇരുപത്തിആറ് ആയി. നിന്റെ അനിയത്തിയും കുഞ്ഞല്ല അവൾക്കും ഒരു ജീവിതം വേണ്ടേ മോളേ ?? നീയിങ്ങനെ നിൽക്കുമ്പോൾ അവളുടെ ജീവിതം എന്താവും . പെണ്മക്കൾ ഉള്ള ഒരു അച്ഛന്റെയും അമ്മയുടെയും ഉള്ളിലെ ആന്തൽ മനസ്സിലാകണമെങ്കിൽ നീയും ഒരമ്മയാവണം മോളേ. ”

അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് രാജീവൻ അകത്തേക്ക് പോയി. അവളുടെ തലയിൽ ഒന്ന് തഴുകിക്കൊണ്ട് മായയും അയാൾക്ക് പിന്നാലെ പോയി. എന്തുചെയ്യണം എന്നറിയാതെ മാനസ അവിടെത്തന്നെ ഇരുന്നു.

ഓർമകളിലേക്കിറങ്ങി ചെല്ലുമ്പോൾ അച്ഛനും അമ്മയും പറഞ്ഞത് ശരിയാണ്. ഈ കാര്യം തുറന്നുപറഞ്ഞത് കൊണ്ട് നഷ്ടങ്ങൾ മാത്രമേ ഇന്നുവരെ ഉണ്ടായിട്ടുള്ളൂ. സത്യം പറഞ്ഞതിന് പിന്നിലെ നന്മ ആരും തിരിച്ചറിഞ്ഞില്ല. അതുവരെ ചേർത്തു നിർത്തിയവരൊക്കെ ഭയത്തോടെ അകന്നുമാറുകയോ ശപിക്കുകയോ മാത്രമേ ചെയ്തിട്ടുള്ളൂ.

ഒരിക്കൽ പ്രാണനായി സ്നേഹിച്ചവൻ പോലും എല്ലാമറിഞ്ഞപ്പോൾ കൈവിട്ട ചരിത്രമേ തനിക്കുള്ളൂ. ഒരു ചൊവ്വാദോഷക്കാരിയെ കെട്ടി ജീവിതം വച്ച് പന്താടാൻ വയ്യെന്ന് പറഞ്ഞ് ഒറ്റക്കാക്കി പോകുമ്പോൾ അവൻ ഒരിക്കൽ പോലും ഒന്ന് തിരിഞ്ഞുനോക്കിയിരുന്നില്ല. ഒരിക്കലും പിരിയില്ല നീയില്ലാതെ ജീവിക്കില്ല എന്ന് പറഞ്ഞവൻ മറ്റൊരുവളുടെ കൈ പിടിച്ചതും ഒരു കുഞ്ഞിന്റെ അച്ഛനായതും നിസ്സഹായ ആയി നോക്കിനിൽക്കേണ്ടിയും വന്നു.

മലയാളികൾ വാക്കുകളിൽ പുരോഗതി വന്നവർ ആണെങ്കിലും ഇന്നും ജാതകവും പൊരുത്തവും നോക്കാതെ ഒരു വിവാഹം ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും ആവില്ലല്ലോ.

” മോളേ എന്തിരിപ്പാ ഇത് ? ”

” വന്നു വല്ലതും കഴിക്ക് “.

സമയം പോയത് പോലും അറിയാതെ ആലോചനകളിൽ മുഴുകിയിരുന്ന അവളുടെ തോളിൽ തൊട്ട് മായ വിളിച്ചു. പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി അൽപ്പസമയം ഇരുന്നിട്ട് അവൾ പതിയെ അകത്തേക്ക് വന്നു.

ഊണ് മേശക്ക് ചുറ്റും അച്ഛനും അമ്മയും മനീഷയും ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയപ്പോൾ എന്റെ എല്ലാ വാശികളും അലിഞ്ഞില്ലാതെയായി. അച്ഛൻ പറഞ്ഞതാണ് ശരി ഇനിയും താൻ കാരണം ഇവളുടെ ജീവിതം കൂടി നശിക്കരുത്. അവൾക്കും പ്രായം ഇരുപത്തിയൊന്ന് കഴിഞ്ഞു. ഉറച്ച തീരുമാനത്തിൽ വിളമ്പിവച്ച ചോറിനുമുന്നിൽ ഇരുന്നു.

” അച്ഛാ… ”

ചോറിൽ വെറുതെ വിരകിക്കോണ്ടിരുന്ന രാജീവിനെ നോക്കി അവൾ പതിയെ വിളിച്ചു. എല്ലാവരുടെയും കണ്ണുകൾ മാനസയിൽ വന്ന് നിന്നു.

” എനിക്കിതിന് സമ്മതമാണ് ”

ആരുടേയും മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. രാജീവിന്റെയും മായയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അതുവരെ മൂകമായിരുന്ന ആ വീട്ടിലേക്ക് കളിയും ചിരിയും കടന്നുവന്നു. എല്ലാവരുടെ മുന്നിലും ചിരിച്ചുകാണിക്കുമ്പോഴും മാനസയിൽ ഒരുൾ ഭയം വളർന്നുകൊണ്ടിരുന്നു.

**********************************

മണ്ഡപത്തിൽ മഹേഷിന്റെ അടുത്തേക്ക് വന്നിരിക്കുമ്പോഴും മാനസയുടെ ശരീരം വിറകൊണ്ടിരുന്നു. മഹേഷിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. അവനെ പാളിനോക്കിയ അവളെ നോക്കി അവൻ കണ്ണിറുക്കി ചിരിച്ചു. മുഖത്തെ പരിഭ്രമം മറച്ചുവച്ച് പുഞ്ചിരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. കയ്യിലിരുന്ന തൂവാല വിയർപ്പിൽ നനഞ്ഞുകുതിർന്നു.

മുറുകിയ നാദസ്വരമേളത്തിന്റെ അകമ്പടിയിൽ മഹേഷിന്റെ താലി കഴുത്തിൽ വീഴുമ്പോൾ എന്തുകൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞുതൂകി. അവന്റെ മുഖം അപ്പോഴും ശാന്തമായിരുന്നു. അരികിൽ നിന്ന അമ്മയുടെ മിഴികളും നിറഞ്ഞൊഴുകുന്നത് കണ്ണീരിനിടയിലും അവൾ കണ്ടു.

” എന്റെ മോള് പാവമാ മോനെ അവളെ കരയിക്കരുത് ”

നിറകണ്ണുകളോടെ അവളെ മഹേഷിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ഇടറിയ സ്വരത്തിൽ രാജീവ്‌ പറഞ്ഞു. ഒരു ചിരിയോടെ അയാളുടെ കൈകളിൽ ഒന്നമർത്തിപിടിച്ച് മറു കൈകൊണ്ട് അവൻ മാനസയെ തന്നോട് ചേർത്ത് പിടിച്ചു.

” ഈ മഹേഷിന് ജീവനുണ്ടെങ്കിൽ അച്ഛന്റെ ഈ മകളെ എന്നുമിങ്ങനെ ചേർത്തുപിടിച്ചിരിക്കും. ”

അവന്റെ വാക്കുകൾ മാനസയിൽ ഒരുൾക്കിടിലം സൃഷ്ടിച്ചു. അവളറിയാതെ അവളുടെ വലംകൈ കഴുത്തിലെ താലിയിൽ അമർന്നു. തളർന്നുവീണുപോകുമോ എന്ന് ഭയന്ന് അവൾ സാരിത്തുമ്പിൽ മുറുകെപ്പിടിച്ചു.

എല്ലാവരോടും യാത്രപറഞ്ഞ് മഹേഷിനൊപ്പം കാറിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.

” ഇങ്ങനെ കരയാതെഡോ തനിക്കവരെ കാണണം എന്ന് തോന്നിയാൽ ഓടിവരാവുന്ന ദൂരമല്ലേയുള്ളൂ. ”

അവളുടെ മിഴികൾ ഒപ്പിക്കൊണ്ട് പറഞ്ഞ അവന്റെ കണ്ണിലേക്കു നോക്കിയപ്പോൾ അവളുടെ തേങ്ങൽ ഒന്നുകൂടി ഉച്ചത്തിലായി. ഒന്നുമറിയാത്ത ഈ മനുഷ്യന്റെ ജീവൻ പണയം വച്ച് നേടിയ താലി നെഞ്ചിൽ കിടന്നുപൊള്ളുന്നതുപോലെ അവൾക്ക് തോന്നി.

” പാലാഴി ” എന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റ് കടന്ന് ഭംഗിയുള്ള ഒരു ഇരുനില വീടിന് മുന്നിൽ കാർ നിന്നു. നിറയെ പൂചെടികൾ നിറഞ്ഞ മുറ്റത്ത്‌ ഒരു ചെറിയ മീൻ വളർത്തൽ കുളവും ഉണ്ടായിരുന്നു.

” വലതുകാൽ വച്ച് കയറി വാ മോളേ ”
ആരതിയുഴിഞ്ഞ് മാനസയ്ക്ക് നേരെ അഞ്ചുതിരിയിട്ട നിലവിളക്ക് നീട്ടിക്കൊണ്ട് ഊർമ്മിള പറഞ്ഞു. അവരുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി പൂമുഖത്തേക്ക് കയറിയ അവളുടെ നെറുകയിലേക്ക് ഒരു ഗൗളി വീണത് പെട്ടന്നായിരുന്നു. ഭയന്ന് പോയ അവൾ ഒരടി പിന്നിലേക്ക് മാറി.

ചുറ്റും നിന്നവരിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു കൊണ്ടിരുന്നു. ” വന്ന് കയറിയതെ ലക്ഷണക്കേടുമായാണല്ലോ “.
ആരോ പറഞ്ഞത് കേട്ട് അവളുടെ അധരങ്ങൾ വിതുമ്പി.

” അയ്യേ ഒരു പല്ലി താഴെ വീണതിന് ഇങ്ങനെ കരയണോ? ”

” മോള് കേറിവാ ”

രംഗം വഷളാവുന്നതുകണ്ട് ചിരിയോടെ ഊർമ്മിള പെട്ടന്ന് പറഞ്ഞു. നിറമിഴികളോടെ അവൾ അകത്തേക്ക് കയറി. പൂജാമുറിയിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുമ്പോഴും അവളിൽ മാറ്റമൊന്നും ഉണ്ടായില്ല. നിറഞ്ഞ കണ്ണുകൾ അടച്ച് കൈകൾ കൂപ്പി അവൾ നിന്നു.

” മോള് ചെന്ന് കുളിച്ച് വേഷമൊക്കെ മാറ്റ്. ”

മുകളിലെ മഹിയുടെ മുറിയിലേക്ക് ചൂണ്ടി മാനസയോടായി ഊർമ്മിള ചിരിയോടെ പറഞ്ഞു. അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ അകത്തേക്ക് കടന്നു. വാതിൽ അടച്ച് ബെഡിലേക്കിരുന്ന് അവൾ മുറിയാകെ ഒന്ന് കണ്ണോടിച്ചു. ഭംഗിയായി അടുക്കിയൊതുക്കിവച്ചിട്ടുണ്ട്. ചുളിവുകൾ ഇല്ലാത്ത കിടക്ക വിരി , ടേബിളിൽ അത്യാവശ്യം പെർഫ്യൂമുകളും മറ്റും അടുക്കി വച്ചിരുന്നു.

ബാത്‌റൂമിൽ ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വീണ്ടും ചിന്തകൾ കാട് കയറാൻ തുടങ്ങി. വലതുകാൽ വച്ച് കയറിയ സമയം തന്നെ ഗൗളി തലയിൽ വീണതോർത്തപ്പോൾ അവളുടെ ശരീരത്തിൽ കൂടി ഒരു വിറയൽ പാഞ്ഞു പോയി.
തലയിലേക്ക് വീണ വെള്ളത്തിൽ മഹി ചാർത്തിയ സിന്ദൂരം ഒലിച്ചുപോകുന്നതു നോക്കി നിറമിഴികളോടെ അവൾ നിന്നു.

*************************************

മഹി മുറിയിലേക്ക് വരുമ്പോൾ കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

“പാവം നല്ല ഷീണമുണ്ടാവും. വീട്ടുകാരെ പിരിഞ്ഞതിന്റെ വേദന വേറെയും. ”

ഓർത്തുകൊണ്ട് ബെഡിലേക്ക് ചായുമ്പോൾ പെട്ടന്ന് മാനസ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നു. ഒരു വെൽവെറ്റിന്റെ നൈറ്റിയായിരുന്നു അവളുടെ വേഷം

കാതിൽ ഒരു കുഞ്ഞുകമ്മലും കഴുത്തിൽ താലി മാലയും മാത്രമേ അപ്പോൾ അവളുടെ ദേഹത്ത് ആഭരണമായി ഉണ്ടായിരുന്നുള്ളു. നനഞ്ഞ മുടി ഒരു തോർത്ത്‌ ചുറ്റി കഴുത്തിലൂടെ മാറിലേക്ക് ഇട്ടിരുന്നു. അവളുടെ അധരങ്ങളിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.

” എന്താ… ”

അവളെത്തന്നെ നോക്കിയിരുന്ന എന്നോട് അവൾ ചോദിച്ചു. ഒരു ചമ്മിയ ചിരിയോടെ ഞാൻ അവളെ നോക്കി ചുമൽ കൂച്ചി കാണിച്ചു.

അവൾ ചെറുചിരിയോടെ നിലക്കണ്ണാടിയിലേക്ക് നോക്കി നിന്ന് മുടിയിലേ വെള്ളം ഒപ്പാൻ തുടങ്ങി. തല തുടച്ച് മുടി പിന്നിലേക്കിട്ട് അവൾ അൽപ്പം സിന്ദൂരം വിരൽത്തുമ്പിലെത്ത് നെറുകയിലിട്ടു.
അപ്പോഴും എന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

സന്ധ്യയ്ക്ക് താഴേക്ക് വന്ന മഹിയുടെ കണ്ണുകൾ പൂജാമുറിയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന അവളിൽ തടഞ്ഞുനിന്നു. അവൻ പതിയെ അവളുടെ അരികിൽ ചെന്ന് നിന്ന് കൈകൾ കൂപ്പി. അവളുടെ ചുണ്ടുകൾ എന്തൊക്കെയോ മന്ത്രിക്കുന്നത് കൗതുകത്തോടെ അവൻ നോക്കിനിന്നു. ചെവിയൽപം കൂർപ്പിച്ചപ്പോൾ മനസ്സിലായി മൃത്യുഞ്ചയ മന്ത്രം ഉരുവിടുകയായിരുന്നു അവൾ.

” ത്രംബകം യജാ മഹേ
സുഗന്ന്ധിം പുഷ്ടി വർധനം
ഉർവ്വാരുക മിവ ബന്ധനാത്
മൃത്യോർ മുക്ഷീയ മാ മൃതാത് ”

മൃത്യുൻജയ മന്ത്രമൊക്കെയാണല്ലോ. മരിക്കാൻ ഇത്ര പേടിയാണോ. ചിരിയോടെ മഹി പതിയെ ചോദിച്ചു .

” എനിക്ക് മരിക്കാൻ ഭയമില്ല മഹിയേട്ടാ എന്റെ ഈ താലിയുടെ അവകാശിയായ എന്റെ മഹിയേട്ടന് വേണ്ടിയാണ് ഇതെല്ലാം. ”

അവന്റെ മുഖത്ത് നോക്കി നിറമിഴികൾ ഒപ്പി പുഞ്ചിരിക്കുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

Share this story