നയോമിക – ഭാഗം 4

നയോമിക – ഭാഗം 4

ഴുത്തുകാരി: ശിവന്യ അഭിലാഷ്


രാവിലെ എട്ട് മണിക്ക് മുൻപേ തന്നെ നയോമി ആലക്കൽ തറവാട്ടിലെത്തി.
ഇന്നും അവൾ ഗേറ്റ് കടന്നു ചെല്ലുമ്പോൾ കിരൺ പൂമുഖത്തുണ്ടായിരുന്നു.
പക്ഷേ അവനവളെ ശ്രദ്ധിച്ച് കൂടിയില്ല അവളും അവനെ നോക്കാതെ തന്നെ അകത്തേക്ക് കയറി പോയി.

അൽപസമയത്തിന് ശേഷം ചായയുമായി അവൾ കിരണിനെ അന്വേഷിച്ച് ചെന്നെങ്കിലും അപ്പോഴേക്കും അവൻ മുകളിലേക്ക് പോയിരുന്നു.

“ഈ ചായയും നിലത്തൊഴിച്ച് കളയുന്നോ അതോ ….”

“അവിടെ വെച്ചേക്ക് ”
അവൻ വലിയ ഗൗരവത്തിലായിരുന്നു.

ഒന്നും മിണ്ടാതെ ചായ അവിടെ വെച്ച് നയോമി നടന്നെങ്കിലും ഒരു പിൻവിളി അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ അതുണ്ടായില്ല.

കിരൺ ഇന്നലെ ആവശ്യപ്പെട്ടതു പോലെ പുട്ടും കടലും തന്നെ അവൾ പ്രഭാത ഭക്ഷണമാക്കി.
പക്ഷേ അത്കഴിക്കുമ്പോഴും കിരൺ ഒന്നും മിണ്ടിയില്ല.

കിരണിന് മെഡിസിൻ കൊടുത്ത് താഴേക്ക് വന്നപ്പോഴേക്കും സുമതി എത്തിയിരുന്നു.

അവൾ സുമതിയോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിക്കേയാണ് കീർത്തി അങ്ങോട്ട് വന്നത്.

“സുമതിയേടത്തി നയോമിക്ക് ആവശ്യമുള്ള സഹായം ചെയ്തു കൊടുക്കണം ട്ടോ ”

” ചെയ്യാം മാഡം”

**************

” ശരിക്കും കിരൺ സാറിനെന്തുപ്പറ്റിയതാ സുമതിയേടത്തി ”

കീർത്തിയും മനുവും ഹോസ്പിറ്റലിലേക്ക് പോയതിന് ശേഷമായിരുന്നു നയോമി അത് ചോദിച്ചത്.

” ശരിക്കെന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല കുട്ടി.. പക്ഷേ കിരൺ സാറിനേതോ പെണ്ണുമായി പ്രേമമായിരുന്നെന്നും അറിഞ്ഞപ്പോൾ പിള്ള സാർ അതിനെ വകവരുത്തിയതെന്നുമൊക്കെ കേൾക്കുന്നു.. ഉള്ളതാണോ എന്തോ ”

അവർ തനിക്കൊന്നും അറിയില്ലെന്ന മട്ടിൽ കൈ മലർത്തി കാണിച്ചു.

എന്തുകൊണ്ടോ നയോമിക്ക് സുമതി പറഞ്ഞത് കേട്ടത് മുതൽ മനസ്സിന് വല്ലാത്ത ഭാരം തോന്നി.

ഉച്ചക്ക് ശേഷം പണിയൊക്കെ ഒതുങ്ങിയപ്പോൾ അവൾ കിരണിന്റെ മുറിയിലേക്ക് ചെന്നു.
അവന്റെ പുസ്തക ശേഖരത്തിൽ നിന്നും അവളൊരു പുസ്തകം വലിച്ചെടുത്തു.

ദസ്തയേവ്സ്കിയുടെ ക്രൈം ആന്റ് പണിഷ്മെന്റ്…. അവളത് മുൻപേ വായിച്ചതാണെങ്കിലും ഒന്നു കൂടി വായിക്കണം എന്ന തോന്നലിൽ അവളാപുസ്തകവും എടുത്ത് താഴേക്ക് ചെന്നു.

അടുക്കള വരാന്തയിൽ ചെന്നിരുന്ന് അവളാപുസ്തകം തുറന്നതേയുള്ളൂ അപ്പോഴേക്കും ഒരു കാറ്റ്പോലെ കിരൺ അങ്ങോട്ടേക്ക് പാഞ്ഞെത്തി.

“ആരോട് ചോദിച്ചിട്ടാടീ എന്റെ റൂമിൽ കയറി ബുക്ക് എടുത്തത് ”

അവൻ ദേഷ്യം കൊണ്ട് വിറച്ചു.

“ആരോടും ചോദിച്ചില്ല ”

നയോമി പതിവ് ചിരിയോടെ മറുപടി പറഞ്ഞു.

അവനുടനെ അവളുടെ കയ്യിൽ നിന്നും ആ ബുക്ക് തട്ടിപ്പറിച്ച് കൊണ്ട് മുകളിലേക്കോടി.
നയോമി പിന്നാലെയും.

” കിരൺ സാർ ആ ബുക്കെനിക്കൊന്നു തരൂ… ഞാൻ വായിച്ചിട്ട് തരാം.”

“പോടീ.. ഇറങ്ങി പോടീ എന്റെ റുമീന്ന് ”

അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

നയോമിക്കത് കണ്ട് ഭയം തോന്നിയെങ്കിലും അവൾ നിന്നയിടത്ത് നിന്നും അനങ്ങിയില്ല.

പെട്ടെന്ന് ടീപ്പോയിൽ ഉണ്ടായിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് അവൻ അവൾക്ക് നേരെ എറിഞ്ഞു…

“അമ്മേ’…..
നയോമി അലറി കരഞ്ഞു.

ശബ്ദം കേട്ട് സുമതി ഓടി എത്തുമ്പോഴേക്കും നയോമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

അവർ വേഗം തന്നെ അവളെ പിടിച്ച് വലിച്ച് ആ റൂമിന് വെളിയിലിറക്കി.

“പോയ്ക്കോ.. ഇവിടെ നിക്കണ്ട…. ഇവിടെ നിന്നാൽ അവര് നിന്നെയും കൊല്ലും ”

അപ്പോഴും കിരൺ പിറുപിറുത്തു കൊണ്ടിരുന്നു.

*************************

സുമതി ഫോൺ ചെയ്ത് വിവരമറിയിച്ചുടനെ കീർത്തി വീട്ടിലെത്തി… ഭാഗ്യത്തിന് നയോ മിക്ക് തലയിൽ ചെറിയൊരു ക്ഷതം മാത്രമേ പറ്റിയിരുന്നുള്ളൂ എങ്കിലുംകീർത്തി അവളെയും കൂട്ടി ഹോസ്പിറ്റലിൽ ചെന്നു.

സ്കാൻ ചെയ്തപ്പോ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.. വേദനയുടെ മരുന്നും കൊടുത്ത് കീർത്തി തന്നെ നയോമിയെ വീട്ടിൽ കൊണ് വിട്ടു.

“നാളെ നയോമി വരണ്ട റെസ്റ്റ് എടുക്ക്…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം”

കുറച്ച് പൈസ നയോമിയുടെ കയ്യിൽ കൊടുത്ത് കൊണ്ട് കീർത്തി പറഞ്ഞു.

പക്ഷേ നയോമിയുടെ തലയിൽ ബാൻഡേജ് കണ്ടതും നിർമല കരയാൻ തുടങ്ങിയിരുന്നു.

“നയോമിക്കു കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞു കീർത്തി അവരെയും ആശ്വസിപ്പിച്ചു.

കിരണിന്റെ കാര്യം നേരത്തെ പറയാത്തത് അമ്മയും ഉണ്ണിയും നയോമിയെ വഴക്കു പറയുമ്പോഴായിരുന്നു സംഭവം അറിഞ്ഞ് ദാമോട്ടൻ അങ്ങോട്ടേക്ക് വന്നത്.

നിർമ്മല ദാമോട്ടനേയും കിരണിന്റെ വിഷയത്തിൽ പരിഭവപ്പെട്ടു.

“അമ്മേ ദാമോട്ടനെ ഒന്നും പറയണ്ട”
നയോമി അവരെ വിലക്കി.

” ഉണ്ണീ നീ അകത്ത് പോ”

നിർമ്മല ദാമോട്ടന് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ അവൾ ഉണ്ണിയേയും അകത്തേക്ക് പറഞ്ഞയച്ചു.

“എനിക്ക് ചില കാര്യങ്ങൾ അറിയണം ദാമോട്ടാ”

“എന്താ കുട്ടി”

” കിരൺ സാറിന് ശരിക്കെന്താ പറ്റിയത് ”

കുറച്ച് സമയം അയാൾ മിണ്ടാതിരുന്നു.
പിന്നെ എണീറ്റ് പുറത്തേക്ക് നടന്നു.
പുറകേ നയോമിയും.

***********************

നിർമ്മല ചായയുമായി വരുമ്പോൾ ദാമോദരനും നയോമിയും മുറ്റത്ത് നിക്കുകയായിരുന്നു.

അവർ അങ്ങോട്ടേക്ക് ചെന്ന് രണ്ട് പേർക്കും ചായകൊടുത്തു.

“വന്ന് കിടക്ക് മോളേ ”

“അമ്മ പോയ്ക്കോ ഞാൻ വന്നോളാം”

നിർമ്മല പോയപ്പോൾ നയോമി വീണ്ടും ചോദിച്ചു.

” പറ ദാമോട്ടാ എന്താ കിരൺസാറിന്?”

“ഈ നാട്ടിലെ വലിയ പ്രമാണിമാരായിരുന്നു പിള്ള സാറിന്റെ കുടുംബം… അയാൾ പറഞ്ഞ് തുടങ്ങി

സാറും ചേച്ചിയും മക്കളും എത്ര സന്തോഷത്തിൽ ജീവിച്ചവരായിരുന്നൂന്ന് അറിയോ…..
പാവങ്ങളെ കയ്യയച്ചു സഹായിച്ചിരുന്നു സാറും ചേച്ചിയും. ഏത് പാതിരാത്രി വേണമെങ്കിലും സഹായം ചോദിച്ച് ആ വീട്ടിൽ ചെല്ലാൻ ഈ നാട്ടുകാർക്ക് അനുവാദമുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമേ സാറിനുണ്ടായിരുന്നുള്ളു..
കിരൺ മോനും ഡോക്ടറായിരുന്നു മോളേ… മോന് വേണ്ടിയാ പിള്ള സാർ ആ ഹോസ്പിറ്റലുണ്ടാക്കിയത്.”

കിരൺ ഡോക്ടർ ആയിരുന്നു എന്നത് നയോമിക്ക് പുതിയ അറിവായിരുന്നു. അവന്റെ പുസ്തശേഖരത്തിൽ മെഡിക്കൽ ജേർണലുകൾ കണ്ട കാര്യം അവളോർമ്മിച്ചു.

” എന്നിട്ട് ”
നയോമി ആകാംക്ഷയോടെ ദാമോദരനെ നോക്കി.

രണ്ട് വർഷം മുൻപ്…. അപ്പോൾ കീർത്തി മോൾ പഠനം കഴിഞ്ഞ് വന്ന് പ്രാക്ടീസ് തുടങ്ങിയതേ ഉണ്ടാരുന്നുള്ളൂ..
ഒരു ദിവസം കടുത്ത പനിയുമായി ഒരു പെൺകുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഇസബെല്ല എന്നായിരുന്നു അവളുടെ പേര്…

കണ്ടാൽ നിന്നെ പോലെ തന്നെ ഉണ്ടായിരുന്നു പക്ഷേ നിന്റത്രേം നിറം ഉണ്ടായിരുന്നില്ല….
പള്ളിവക മoത്തിലെ അന്തേവാസിയായിരുന്നു അവൾ.. ഒരനാഥ കുട്ടി..
സിസ്റ്റർമാരായിരുന്നു അവളേയും കൂട്ടി വന്നത്…. പനി പിന്നെ മഞ്ഞപ്പിത്തമായി ഒരാഴ്ചയിലധികം കുട്ടിഐ സി യു വിൽ കിടന്നു.
കിരൺ മോന്റെ ചികിത്സയും പ്രാർത്ഥനയും കൊണ്ട് അതിന് അസുഖം ഭേദമായി…

ഹോസ്പിറ്റൽ വിട്ടിട്ടും ബെല്ലയെ കാണാൻ കിരൺ മoത്തിൽ ചെല്ലുന്ന വിവരം നാട്ടിൽ പാട്ടായി…. പതിയെ പിള്ള സാറും അറിഞ്ഞു.

അതേപ്പറ്റി ചോദ്യം ചെയ്തപ്പോൾ ബെല്ലയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് കിരൺ വാശി പിടിച്ചു.
അന്നാദ്യമായി സാർ മോനെ തല്ലി.
പിന്നീടങ്ങോട്ട് വഴക്കും ഭീഷണിയുമായി ആ വീട്ടിലെ അന്തരീക്ഷം തന്നെ മാറി.
ഒടുവിൽ കിരണിന്റെവാശിക്ക് മുൻപിൽ സാർ തോറ്റു.
ബെല്ലയെ വിവാഹം ചെയ്യാൻ മതം മാറാൻ വരെ തയ്യാറായിരുന്നു കിരൺ.
എല്ലാം സമ്മതിച്ചു ബെല്ലയെ ഒന്ന് കാണാൻ വേണ്ടി വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടു വരാൻ അയച്ചതായിരുന്നു എന്നെ….
പക്ഷേ അന്നാദ്യമായി എന്റെ വളയം എന്നെ ചതിച്ചു. എന്റെ തെറ്റായിരുന്നില്ല മോളേ…

എതിരേ വന്നൊരു ലോറി ഞങ്ങളെ അടിച്ച് തെറിപ്പിച്ചു.
സീറ്റ് ബൈൽറ്റ് ഇട്ടതോണ്ട് ഞാൻ മരിച്ചില്ല പക്ഷേ ബെല്ല സംഭവസ്ഥലത്ത് വെച്ച് തന്നെ പോയി…

വിവരമറിഞ്ഞപ്പോ അവൻ ഞങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്.. പിള്ള സാർ എന്നെ ഉപയോഗിച്ച് ബെല്ലയെ കൊല്ലിച്ചതാണെന്ന് പറഞ്ഞു.

സമനില തെറ്റി ഭ്രാന്താശുപത്രിയിലായ മകനെ ഓർത്ത് നെഞ്ച് തകർന്ന് സാറ് പോയി.. പിന്നാലെ ചേച്ചിയും..
ഇപ്പോഴും അവൻ വിശ്വസിക്കുന്നത് ബെല്ലയെ കൊന്നത് ഞങ്ങളാണെന്നാണ്….
ബെല്ലയെ ഓർമ്മ വരുമ്പോഴാണ് അവൻ മറ്റുള്ളവരെ ആക്രമിക്കുന്നത്….”

ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ നയോമിക്കും കരച്ചിൽ വന്നിരുന്നു.

” പോട്ടേ മോളേ… ”

ദാമോദരൻ യാത്ര പറഞ്ഞ് പോയിട്ടും അവൾ കിരണിനെയും ബെല്ലയേയും കുറിച്ച് തന്നെ ഓർത്തു.

*****************************

രണ്ട് ദിവസം കഴിഞ്ഞ് നയോമി വീണ്ടും ജോലിക്ക് പോയി തുടങ്ങി.
കുറച്ച് ദിവസം കഴിഞ്ഞിട്ടും കിരണിന്റെ ഭാഗത്ത് നിന്നും അവൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

ഒരു ദിവസം നയോമിയുമായി സംസാരിച്ചിരിക്കുകയായിരുന്നു കീർത്തിയും മനുവും
പെട്ടെന്ന് മനു ഒരു ചോദ്യം

“ആരാ നയോമി ഈ നിർമ്മയി”

അത് കേട്ടതും നയോമി ഞെട്ടിപ്പോയി.
അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 4

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

Share this story