പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 14

എഴുത്തുകാരി: തപസ്യ ദേവ്‌

” അച്ഛന് വയ്യാതെ കിടക്കുന്ന കാര്യം മുരളിയോടും പ്രശാന്തിനോടുമൊക്കെ പറയണ്ടേ ”

” അതൊക്കെ രാജേഷ് ഏട്ടൻ അവരെ അറിയിച്ചിട്ടുണ്ട്. കാണാൻ താല്പര്യമുള്ളവർ പോയി കാണട്ടെ…. സമയം വൈകുന്നു അമ്മ ഇറങ്ങാൻ നോക്ക് ”

അച്ഛനെ കാണാൻ പോകാൻ തയ്യാറാവുകയായിരുന്നു പവിത്രയും അമ്മയും. വീടിന്റെ വാതിലുകൾ ഒക്കെ അടച്ചു പൂട്ടി ഇറങ്ങുമ്പോൾ പത്തായപ്പുരയിലേക്ക് പവിത്ര ഒന്ന് നോക്കി.
അതും അടച്ചു പൂട്ടിയിരിക്കുവാണ്… ബൈക്കും കാണാൻ ഇല്ല.

” ഡേവിച്ചൻ ജോലിക്ക് പോയി കാണും . ”
പവിത്ര നോക്കുന്നത് കണ്ട് പത്മം പറഞ്ഞു.

പോകാൻ കരുതിയിരുന്ന ബസ് പോയെന്ന് അറിഞ്ഞപ്പോൾ പവിത്ര അമ്മയെ ദേഷ്യത്തിൽ നോക്കി.

” ബസ് പോയതിന് നീ എന്തിനാ എന്നെ നോക്കി കണ്ണുരുട്ടുന്നത്…
അടുത്ത ബസ് വരുമല്ലോ ”

ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അത്രയും തന്റെ ഹൃദയം വല്ലാതെ മിടിക്കുന്നതായി പവിത്രയ്ക്ക് അനുഭവപ്പെട്ടു.
അവിടെ എത്തിയതും പരിഭ്രമത്തോടെ ഓടി നടക്കുന്ന ആദർശിനെയാണ് ആദ്യം കണ്ടത്.

പവിത്രയെയും പത്മത്തിനെയും കണ്ടപ്പോൾ അവൻ അവരുടെ അടുത്തേക്ക് ധൃതിയിൽ ഓടി ചെന്നു.

” ചേച്ചി അച്ഛന് സീരിയസ് ആണ് രാവിലെ ICU വിൽ പ്രവേശിപ്പിച്ചു. ”

ആദർശിനെ പത്മത്തിന് മനസ്സിലായില്ലായിരുന്നു. അവർ അവൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ പവിത്രയെ നോക്കി. അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ വിശദമാക്കി. പത്മത്തിന് അവന്റെ മുഖത്തേക്ക് നോക്കാനും അവന് അവരെ നേരിടാനും എന്തോ ഒരു പ്രയാസം പോലെ തോന്നി.

അപ്പോഴാണ് അവരുടെ അടുത്തേക്ക് ഡേവിഡും വന്നത്.

” ആഹ് നീ ഇവിടെ നിക്കുവാണോ ആദി… നിന്നേ ഡോക്ടർ തിരക്കിയാരുന്നു. നീ പോയി ഡോക്ടറെ ഒന്ന് കണ്ടിട്ട് വാ ”

” അത് പവിത്രേച്ചിയും അമ്മയും വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവരുടെ അടുത്തേക്ക് പോയി. അളിയൻ ഇവരെ അങ്ങോട്ട് ഒന്ന് കൊണ്ടു പോ…ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം… ”
ആദർശ് അവരെ ഡേവിഡിനെ ഏൽപ്പിച്ചു ഡോക്ടറുടെ അടുത്തേക്ക് പോയി. അവൻ ഡേവിഡിനെ അളിയൻ എന്ന് വിളിച്ചത് പവിത്ര പ്രത്യേകം നോട്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായി തന്നെ കൂർപ്പിച്ചു നോക്കുന്ന അവളെ ശ്രദ്ധിക്കാത്ത മട്ടിൽ ഡേവിഡ് പത്മത്തിനോട് സംസാരിച്ചു തുടങ്ങി.

” വാ അമ്മച്ചി അവിടെയാണ് ICU.. നമ്മുക്ക് അങ്ങോട്ട് പോകാം ”
അവൻ കാണിച്ച വഴിയേ അവന്റെ ഒപ്പം പത്മം നടന്നു. അവരുടെ പുറകേ പവിത്രയും. ഡേവിഡ് ഇവിടെ എങ്ങനെ വന്നെന്നും ആദർശിനെ എങ്ങനെ അറിയാമെന്നും ഒക്കെയുള്ള ചിന്തകൾ പത്മത്തിന്റെ മനസ്സിൽ വന്നു.

” ഞാൻ എങ്ങനെ ഇവിടെ എത്തി എന്നായിരിക്കും അമ്മച്ചി ചിന്തിക്കുന്നത് അല്ലേ… എനിക്ക് എല്ലാം അറിയാം അത്രമാത്രം അമ്മച്ചി ഇപ്പോൾ അറിഞ്ഞാൽ മതി ”
അവരുടെ മനസ്സിലെ ചിന്തകൾ മനസ്സിലാക്കിയ ഡേവിഡ് പറഞ്ഞു.

കുറച്ചു നേരത്തെ നടത്തത്തിന് ശേഷം അവർ ICU വിന്റെ മുന്നിൽ എത്തി. അവിടെ കലങ്ങിയ കണ്ണുകളുമായി പ്രാർത്ഥനയോടെ ഇരിക്കുന്ന സ്ത്രീയെ പത്മം തിരിച്ചറിഞ്ഞു. ഒരു നാൾ താൻ ഏറെ വെറുത്തിരുന്നത്… കൊല്ലണം എന്ന് വരെ തോന്നിയിരുന്ന തന്റെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീ… സാവിത്രി. എന്നാൽ ഇന്ന് ഈ നിമിഷം പരസ്പരം കണ്ടപ്പോൾ രണ്ടുപേരുടെയും കണ്ണുകളിൽ പകയും വെറുപ്പും ഇല്ല. പകരം വെറും നിസ്സംഗത മാത്രം.

” അമ്മച്ചി ഇതാണ് ആദർശിന്റെ അമ്മ സാവിത്രിയമ്മ ”

” അറിയാം ഡേവിച്ചാ…. ”
പത്മം സാവിത്രിയുടെ അരികിൽ ചെന്നു അവരുടെ കരം ഗ്രഹിച്ചു.

” എന്നെ മനസ്സിലായോ സാവിത്രിക്ക് ”

മനസ്സിലായെന്ന് അവർ തലയാട്ടി കാണിച്ചു

” അദ്ദേഹത്തിന് ഇപ്പോൾ എങ്ങനുണ്ട്… ഡോക്ടർ എന്താണ് പറയുന്നത്… ”
പത്മം ഇടറിയ സ്വരത്തിൽ അവരോട് ചോദിച്ചു. ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ വേഷ്ടി തുമ്പാൽ തുടച്ചു കളഞ്ഞിട്ട് സാവിത്രി കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടും എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു.
ഒന്നും മനസ്സിലാകാതെ പത്മം ഡേവിഡിനെയും പവിത്രയെയും നോക്കി.

” ആദർശിന്റെ അമ്മയ്ക്ക് സംസാരിക്കാൻ കഴിയില്ല ”
പവിത്ര അമ്മയോട് പറഞ്ഞു. വിശ്വാസമാകാതെ അവർ അവന്റെ നേരെ നോക്കി. അതെയെന്ന് അവനും പറഞ്ഞു. ഉള്ളിൽ നിന്നും ഒരു വിങ്ങൽ വന്നു തൊണ്ടയിൽ തടഞ്ഞു നിൽക്കുന്ന പോലുള്ള വേദന പത്മത്തിന് അനുഭവപ്പെട്ടു.

തന്റെ കൈകളിൽ ഇരിക്കുന്ന സാവിത്രിയുടെ കൈകൾ അവർ ഒരിക്കൽ കൂടെ മുറുക്കെ പിടിച്ചു. സാവിത്രിയുടെ ചുണ്ടിൽ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു.

ഡോക്ടറെ കണ്ടിട്ട് വന്ന ആദർശിന്റെ മുഖത്ത് ദുഃഖം നിറഞ്ഞു നിന്നിരുന്നു. പത്മം അവനെ തന്നെ നോക്കി നിന്നു. മൂത്ത മകൻ മുരളിയുടെ അതേ രൂപം. മുരളിയുടെ ചെറുപ്രായത്തിൽ എങ്ങനെയായിരുന്നോ അതുപോലെ തന്നെയുണ്ട് അവനെ കാണാൻ.

ഡേവിഡ് അവനെ മാറ്റി നിർത്തി ഡോക്ടർ എന്ത് പറയാനാ വിളിപ്പിച്ചതെന്ന് തിരക്കി.

” ഇനി പ്രതീക്ഷക്ക് വക ഒന്നുമില്ലെന്ന്… മരുന്നുകളോട് ഒന്നും അച്ഛൻ റെസ്പോണ്ട് ചെയ്യുന്നില്ല. ”
അവൻ തളർച്ചയോടെ അടുത്ത് കണ്ട കസേരയിൽ ഇരുന്നു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഡേവിഡ് അവന്റെ തോളത്ത് തട്ടി കൊണ്ട് നിന്നു.

പവിത്ര ആരെയോ ഫോൺ ചെയ്ത് കൊണ്ട് ഒരു സൈഡിലേക്ക് മാറി നിന്നു. അവളുടെ മുഖത്ത് നിന്നും സങ്കടം എന്ന വികാരം വായിച്ചെടുക്കാൻ അവന് കഴിഞ്ഞില്ല.

ഡേവിഡ് നഴ്സിനോട് അച്ഛനെ കാണാനുള്ള പെർമിഷൻ ചോദിച്ചു. രണ്ടുപേർ വീതം മാത്രം അകത്തേക്ക് വന്നോളാൻ അവർ അനുവാദം നൽകി. ആദ്യം തന്നെ പത്മവും സാവിത്രിയും ഉള്ളിലേക്ക് പോയി. അൽപസമയം കഴിഞ്ഞപ്പോൾ അവർ തിരികെ ഇറങ്ങി. പത്മം പവിത്രയുടെ അടുത്തേക്ക് ചെന്നു.

” അൽപബോധത്തിലും കൃഷ്ണേട്ടൻ നിന്നേ കാണണം എന്നാണ് മോളെ പറഞ്ഞത് ”
അവർ വിതുമ്പലടക്കി പറഞ്ഞു. പവിത്ര ഒരക്ഷരം ഉരിയാടാതെ അവിടെ തന്നെ നിന്നു.

” പവിത്രേ ചെല്ല് നീ അച്ഛനെ കണ്ടിട്ട് വാ ”

” വാ ചേച്ചി നമ്മുക്ക് അച്ഛനെ കണ്ടിട്ട് വരാം ”
ആദർശ് അധികാരത്തോടെ വന്നു അവളുടെ കൈകളിൽ പിടിച്ചു. എന്നിട്ടും നിന്നിടത്തു നിന്നും ഒരടി പോലും അനങ്ങാതെ ശിലയെ പോലവൾ നിന്നു. അവളുടെ മനസ്സിൽ എന്താണെന്ന് അറിയാതെ എല്ലാരും കുഴങ്ങി. പത്മത്തിന് ഒരേ സമയം സങ്കടവും ദേഷ്യവും വന്നു.

” ആരെ കാണിക്കാനാ പവിത്രേ നിന്റെ ഈ വാശി….
അകത്തു മരണം കാത്തു കിടക്കുന്നത് നിന്റെ അച്ഛനാണ്… നിനക്ക് ജന്മം തന്ന അച്ഛൻ. അയാൾ മരിച്ചു കഴിയുമ്പോൾ നീ ആരോട് കാണിക്കും ഈ വാശി… ”

ഗദ് ഗദങ്ങൾക്കിടയിൽ മുറിഞ്ഞു പോകുന്ന വാക്കുകളെ ചേർത്തു വെച്ചുകൊണ്ട് അവർ അവൾക്ക് നേരെ പൊട്ടിത്തെറിച്ചു.

” എന്തിനാ പവിത്ര ഈ വാശി… എത്രയൊക്കെ എന്ന് പറഞ്ഞാലും അകത്തു കിടക്കുന്നത് തന്റെ അച്ഛൻ അല്ലെടോ…അദ്ദേഹം മരിച്ചു കഴിയുമ്പോൾ താൻ ഈ വാശിയും കെട്ടിപിടിച്ചിരുന്നിട്ട് വല്ല കാര്യവുമുണ്ടോ…
വെറുപ്പും ദേഷ്യവും ഒക്കെ ബന്ധങ്ങൾക്കിടയിൽ ഉണ്ടാകുമ്പോൾ അത് അലിഞ്ഞില്ലാതാകുന്നത് ഒരു മംഗള കർമ്മം നടക്കുമ്പോഴോ ഒരു അപകടം നടക്കുമ്പോഴോ ആണ്…
ഈ ഒരു അവസ്ഥയിലും വീറും വാശിയും വെച്ചു പുലർത്തുന്ന താനും തന്റെ അച്ഛന്റെ വ്യക്തിത്വത്തിൽ നിന്നും ഒട്ടും മോശമല്ലെന്ന് ആണല്ലോ എനിക്ക് തോന്നുന്നത്…. ”

ഡേവിഡ് അവന്റെ വായിൽ തോന്നിയതൊക്കെ അവളോട് പറഞ്ഞു. അവളുടെ കണ്ണുകളിലേക്ക് തന്നെ അവൻ നോക്കി

” ഒരു പ്രാവശ്യം ഒന്ന് താഴ്ന്നു കൊടുത്തു എന്ന് പറഞ്ഞു തനിക്ക് ഒന്നും സംഭവിക്കില്ലെടോ… തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം ആണ് തന്നെ കാണണം എന്നുള്ളത്. ഒന്ന് പോയി കാണെടോ താൻ ”

പവിത്രയുടെ കണ്ണുകൾ നിറഞ്ഞുവോ.. അതോ തനിക്ക് തോന്നിയത് ആണോ… ഒരിക്കൽ കൂടി ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവൻ ആദർശിന് നേരെ തിരിഞ്ഞു.

” വിളിച്ചോണ്ട് പോടാ ഇവളെ അകത്തേക്ക് ”
കുറച്ചു പേടി തോന്നിയെങ്കിലും ആദർശ് അവളുടെ കൈകളിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടക്കാൻ തുടങ്ങി. അനുസരണയുള്ള കുട്ടിയെ പോലെ പവിത്ര പോകുന്ന കാഴ്ച നിറകണ്ണുകളോടെ പത്മം നോക്കി നിന്നു.

ICU വിനുള്ളിൽ പ്രവേശിച്ച പവിത്രയ്ക്ക് തന്റെ ഹൃദയതാളം വളരെ ഉച്ചത്തിൽ ആണെന്ന് തോന്നി. കാലുകൾക്ക് ചെറിയ വിറയൽ ബാധിച്ചുവോ….ധൈര്യശാലിയായ പവിത്രക്ക് എന്താണ് സംഭവിച്ചത്….
വേച്ചു വീണുപോകുമോ എന്ന പേടിയിൽ അവൾ അനിയന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു. നഴ്സ് നൽകിയ മാസ്ക് ധരിച്ചു കൊണ്ടവർ കൃഷ്ണന് അടുത്തേക്ക് നടന്നു.

കണ്ടു…. അച്ഛനെ കണ്ടു…. വർഷങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച്ച…
രാജ പ്രൗഢിയോടെ വിലസിയിരുന്ന ശ്രീശൈലത്തിലെ കൃഷ്ണപിള്ളയെ ഈ ഒരു രൂപത്തിൽ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ക്ഷീണിച്ചു ഉണങ്ങിയ ആകെ കോലം കെട്ടു എന്തൊക്കെയോ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തി പോകുന്ന ആ ശരീരത്തിൽ പഴയ ധിക്കാരിയായ കൃഷ്ണപിള്ളയുടെ നിഴൽ പോലും അവശേഷിക്കുന്നില്ല എന്ന് അവൾ ഓർത്തു.

അയാളെ തന്നെ നോക്കി നിൽക്കുന്ന പവിത്രയെ ഒന്ന് നോക്കിയിട്ട് ആദർശ് അച്ഛനെ വിളിച്ചു. കണ്ണടച്ചു കിടന്നിരുന്ന അദ്ദേഹം രണ്ടാമത്തെ വിളിയിൽ കണ്ണു തുറന്നു. മുന്നിൽ നിൽക്കുന്ന ആളുകളിലേക്ക് സൂക്ഷിച്ചു നോക്കി.

” അച്ഛാ പവിത്രേച്ചിയാണ്… ”
ആദർശ് പവിത്രയെ മുന്നിലേക്ക് നീക്കി നിർത്തി.

പീള അടിഞ്ഞു വീങ്ങിയിരിക്കുന്ന കൺപോളകൾ ആയാസപ്പെട്ട് അയാൾ വലിച്ചു തുറന്നു കൊണ്ട് അവളെ നോക്കി. മാസ്ക് ധരിച്ചിരിക്കുന്നത് കൊണ്ട് പൂർണമായും മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും തന്നെ ഉറ്റുനോക്കുന്ന ആ കണ്ണുകളിലെ തീക്ഷ്ണതയിൽ നിന്നും അയാൾ തിരിച്ചറിഞ്ഞിരുന്നു തന്റെ മകൾ പവിത്രയെ.

പവിത്രയും കാണുന്നുണ്ടായിരുന്നു തന്നെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞ നീർത്തിളക്കം. എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവ്യക്തമായ ശബ്ദങ്ങൾ മാത്രമേ അയാളിൽ നിന്നും പുറത്തു വരുന്നുണ്ടായിരുന്നുള്ളു. ക്രമാതീതമായി ഉയർന്നു പൊങ്ങുന്ന അച്ഛന്റെ നെഞ്ചിടിപ്പിനെ ഭീതിയോടെ പവിത്ര നോക്കി.

ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി. അവൾ ആദർശിനെ നോക്കി. അച്ഛന്റെ കണ്ടിഷനിൽ പെട്ടെന്നുണ്ടായ വ്യതിയാനം കണ്ട് അവനും പേടിയോടെ നിൽക്കുകയാണ്.

പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന അയാളുടെ കൈകൾ പവിത്രയ്ക്ക് നേരെ നീട്ടുന്നുണ്ടായിരുന്നു. അവളുടെ കൈകളിൽ പിടിക്കാൻ ആണെന്ന് ആദർശിന് മനസ്സിലായി. എന്നാൽ നിന്നിടത്തു നിന്നും അനങ്ങാതെ പവിത്ര അങ്ങനെ തന്നെ നിൽക്കുകയാണ്.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനെ കണ്ട് ആദർശ് നഴ്സിനെ വിളിച്ചു കാര്യം പറഞ്ഞു. അവർ ഡോക്ടറെ ഉടനെ തന്നെ ഇൻഫോം ചെയ്തു.

” ചേച്ചി അച്ഛന്റെ കയ്യിൽ ഒന്ന് പിടിക്ക് ചേച്ചി ”
ആദർശ് യാചിക്കുന്ന പോലെ പറഞ്ഞു.
എന്നിട്ടും ചലിക്കാതെ നിൽക്കുന്ന പവിത്രയുടെ ചുമലിൽ അവൻ തട്ടി. അപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത്. തന്റെ നേരെ നീട്ടിയ അച്ഛന്റെ കൈകളിൽ തൊടാനായി അവളും കൈ നീട്ടി. ആ ഒരു നിമിഷം അപ്പോഴാണ് അത് സംഭവിച്ചത്… ഉയർന്നു പൊങ്ങുന്ന നെഞ്ചിടിപ്പുകൾക്കൊപ്പം അയാളുടെ കണ്ണിലെ കൃഷ്ണമണികളും മുകളിലേക്ക് ചലിച്ചു.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ആദർശ് അവളെ നോക്കി. അവൾ അപ്പോഴും നീട്ടിയ കൈകളോടെ നിൽക്കയാണ്.

ഡോക്ടറും നഴ്സും ഒക്കെ വന്നു എന്തൊക്കെയോ ചെക്ക് ചെയ്തു. അതിനിടയിൽ അവരോട് പുറത്തു പോകാനും പറഞ്ഞിരുന്നു. ആദർശ് പവിത്രയെയും കൂട്ടി വെളിയിലേക്ക് വന്നു.

പുറത്ത് കസേരകളിൽ പത്മത്തിന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു സാവിത്രി. കുറച്ചു മാറി ഡേവിഡും ഇരിപ്പുണ്ട്. ആദർശിന്റെ മുഖത്തെ ഭാവങ്ങളിലും നിന്നും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു എന്ന് അവർക്ക് എല്ലാം മനസ്സിലായി.

ഡോക്ടർ പുറത്തേക്ക് വന്നു അവരോട് പേഷ്യന്റ് മരിച്ചു എന്ന വിവരം അറിയിച്ചു. വലിയ പൊട്ടിക്കരച്ചിൽ ഒന്നുമുണ്ടായില്ലെങ്കിലും പരസ്പരം തോളിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഒരു തേങ്ങലോടെ അമ്മമാർ അവരുടെ ദുഃഖം പ്രകടിപ്പിച്ചു.

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നിൽക്കുന്ന ആദർശിനെ തോളിലൂടെ കയ്യിട്ട് ഡേവിഡ് ചേർത്ത് പിടിച്ചിരുന്നു.

ആരും സ്വാന്തനിപ്പിക്കാൻ ഇല്ലാതെ ഏകയായി പവിത്ര ആ ചുവരിൽ ചാരി നിന്നു. ഈ പറയുന്ന ദുഖങ്ങളോ സങ്കടങ്ങളോ ഒന്നും തന്റേടിയായ പവിത്രക്ക് ഇല്ലല്ലോ. പക്ഷേ എന്തുകൊണ്ടാണെന്ന് അറിയില്ല നെഞ്ചിനു മുകളിൽ ഒരു കല്ലെടുത്തു വെച്ച ഭാരം പോലെ അവൾക് തോന്നുന്നത്. പാതി മുറിഞ്ഞ ഒരു കരച്ചിൽ വീണ്ടും കണ്ഠത്തിൽ വന്നു വിങ്ങുന്നുണ്ട്.

ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ കണ്ട മരണം അവളെ കുറച്ചെങ്കിലും തളർത്തിയെന്ന യാഥാർഥ്യം ഡേവിഡിന് മനസ്സിലായി. അവളെ ഒന്നു ചേർത്തു നിർത്തി ആശ്വസിപ്പിക്കണം എന്ന് അവന്റെ മനസ്സ് ആഗ്രഹിച്ചെങ്കിലും അത് ഉള്ളിൽ ഒതുക്കി.

ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം അവനും ആദർശും ചേർന്ന് പൂർത്തിയാക്കി. അതുകഴിഞ്ഞപ്പോൾ ആണ് സംസ്കാരം എവിടെ വെച്ച് നടത്തണമെന്ന ചോദ്യം ഉയർന്നത്.
ഒരു ഉത്തരം കിട്ടാൻ വേണ്ടി പത്മം പവിത്രയെ നോക്കി.

” വീട്ടിലേക്ക് കൊണ്ടുപോകാം ”
പവിത്ര തലയുയർത്തി എല്ലാരോടുമായി പറഞ്ഞു.
ആംബുലൻസിൽ ബോഡിയുമായി വീട്ടിൽ എത്തുമ്പോൾ അറിഞ്ഞും കേട്ടും പലരും എത്തിയിരുന്നു. ആ കൂട്ടത്തിൽ പവിത്ര കണ്ടു ഹോസ്പിറ്റലിൽ നിന്ന് പലതവണ താൻ ഫോൺ ചെയ്തിട്ടും അറ്റൻഡ് ചെയ്യാത്ത ഏട്ടനേയും അനിയനെയും.
ഒരു തർക്കത്തിന് തയാറായുള്ള അവരുടെ മുഖഭാവം കണ്ട് ആശങ്കയോടെ ആദർശും ഡേവിഡും പവിത്രയെ നോക്കി.

നെഞ്ചോട് ചേർത്ത് കൈ കെട്ടി നിൽക്കുന്ന പവിത്രയുടെ കണ്ണുകളിൽ തെല്ലും ആശങ്ക അവർ കണ്ടില്ല. നിശ്ചയദാർഢ്യത്തോടെ തന്നെ അവൾ സാവിത്രിയേയും പത്മത്തെയും തന്റെ ഇരുവശങ്ങളിലും ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 14

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

Share this story