ഇനിയൊരു ജന്മംകൂടി – ഭാഗം 5 – 6

ഇനിയൊരു ജന്മംകൂടി – ഭാഗം 5 – 6

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 5 – 6

എഴുത്തുകാരി: ശിവ എസ് നായർ

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതിൽ ചെറിയ ഒരു പിശകു പറ്റിയിരുന്നു… ഒരുപാർട്ട് വിട്ടുപോയി…

പാർട്ട് നാല് വായിക്കാൻ ക്ലിക്ക് ചെയ്യുക

പാർട്ട് 5 താഴെ VV

നാലു മണിയോടെ റിസപ്ഷൻ ആരംഭിച്ചു.

ആവണിയുടെ കണ്ണുകൾ ഓരോ നിമിഷവും അഖിലേഷിനെ തിരഞ്ഞു.

ഒടുവിൽ അവൾ കണ്ടു. അവർക്ക് നേരെ കയ്യിൽ ഒരു ഗിഫ്റ്റുമായി നടന്നു വരുന്ന അഖിലേഷിനെ.

അവന്റെ വരവ് കണ്ടപ്പോൾ തന്നെ ആവണിയുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.

വലിഞ്ഞു മുറുകിയ അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾക്ക് പന്തികേട് തോന്നി.

അഖിലേഷ് തന്റെ അമ്മയെ വിളിച്ചു വിവരങ്ങൾ തിരക്കി കാണുമെന്നു അവൾ ഊഹിച്ചു.

നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ അവൾ കർചീഫ് കൊണ്ട് ഒപ്പിയെടുത്തു.

നടന്നു വന്ന അഖിലേഷ് മുന്നിൽ നിരത്തിയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.

ബന്ധു ജനങ്ങളും പരിചയക്കാരുമായി ഒട്ടേറെ ആളുകൾ വന്നു പോയി.

വരുന്നവർ സ്റ്റേജിൽ കയറി നവ ദമ്പതികളോടൊപ്പം ഫോട്ടോ എടുത്തും ഗിഫ്റ്റുകൾ നൽകി ആശംസകൾ അറിയിച്ചു പൊയ്ക്കൊണ്ടിരുന്നു.

എല്ലാവരുടെയും മുന്നിൽ മനസില്ലാമനസോടെ നെഞ്ച് കത്തുന്ന വേദനയിലും ആവണി ചിരിച്ചു നിന്നു.

ഇടയ്ക്കിടെ അവളുടെ നോട്ടം അഖിലേഷിന്റെ നേർക്ക് പാഞ്ഞു.

അവനെ കാണുമ്പോഴൊക്കെ അവളുടെ ഉള്ളം തുടിച്ചു. ആർത്തിരമ്പി വരുന്ന കണ്ണുനീർ തടഞ്ഞു വയ്ക്കാൻ ആവണി നന്നേ പാടു പെട്ടു.

അഖിലേഷ് അവരെ തന്നെ ഉറ്റു നോക്കി കൊണ്ട് അവിടെയിരുന്നു.

അഖിലേഷിന്റെ മൗനം ആവണിയിൽ ഭയം ജനിപ്പിച്ചു.

ഇടയ്ക്കിടെ അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി.

വിഷാദം കലർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

പക്ഷേ അഖിലേഷിന്റെ മുഖം കടുപ്പത്തിലായിരുന്നു. അവൻ അവളെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്തില്ല.

ആവണിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി.ഉള്ളിൽ തിങ്ങി വന്ന വീർപ്പു മുട്ടൽ അവളിൽ അസ്വസ്ഥത ഉളവാക്കി.

കുറച്ചു സമയം അവരെ നോക്കി ഇരുന്ന ശേഷം അഖിലേഷ് പതിയെ എഴുന്നേറ്റു.

അത് കണ്ടപ്പോൾ തന്നെ ആവണിയിൽ ഒരു വിറയൽ പടർന്നു.

അടി വയറ്റിൽ നിന്നൊരു തീഗോളം നെഞ്ചിലേക്ക് ഉരുണ്ടു കയറുന്നത് പോലെ തോന്നി അവൾക്ക്.

ഒരു തരം മരവിപ്പോടെ അവൾ സ്റ്റേജിലേക്ക് കയറി വരുന്ന അഖിലേഷിനെ തന്നെ നോക്കി നിന്നു.

അവരുടെ അടുത്തേക്ക് വന്ന അഖിലേഷ് സുധീഷിന്റെ നേർക്ക് വലതു കരം നീട്ടി പറഞ്ഞു.

“ഐആം അഖിലേഷ്… ”

നെഞ്ചിടിപ്പോടെ അവൾ രണ്ടുപേരെയും മാറി മാറി നോക്കി.

ആവണിയെ ഒന്ന് നോക്കിയ ശേഷം ചെറു ചിരിയോടെ സുധീഷ്‌ അഖിലേഷിന്റെ നീട്ടിയ വലതു കൈയിൽ പിടിച്ചു കുലുക്കി.

“താങ്ക്യൂ അഖിലേഷ്… ”

ശേഷം അഖിലേഷ് ആവണിക്ക് നേരെ കൈ നീട്ടി.

വിറയലോടെ അവൾ അവന്റെ കരം ഗ്രഹിച്ചു.

അവളുടെ കൈകൾ തണുത്തു മരവിച്ചിരുന്നു.

അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. പെട്ടന്ന് അഖിലേഷ് നോട്ടം മാറ്റി കളഞ്ഞു.

ഒരു വേള അവന്റെ കണ്ണുകൾ നിറഞ്ഞു വന്നത് അവൾ ശ്രദ്ധിച്ചു.

കൊണ്ട് വന്ന ഗിഫ്റ്റ് അഖിലേഷ് ആവണിയുടെ നേർക്ക് നീട്ടി.

“ഇത് നിനക്ക് നമ്മുടെ വിവാഹത്തിന് തരാനായി വാങ്ങി വച്ചതാ… ഇനി ഞാനിതു സൂക്ഷിക്കുന്നതിൽ അർത്ഥമില്ല. രണ്ടുപേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു…. ” അഖിലേഷ് പറഞ്ഞു.

“എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിച്ചൂടെ… ” ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു.

“അറിയേണ്ടതെല്ലാം നിന്റെ അമ്മ പറഞ്ഞു ഞാനറിഞ്ഞു ആവണി…. എന്തായാലും എന്നെ ചതിച്ചു കൊണ്ട് നീ മറ്റൊരുത്തനെ വിവാഹവും ചെയ്തു.

ഇനിയൊരു ഏറ്റു പറച്ചിലിന്റെ ആവശ്യമില്ലല്ലോ…. എന്നോട് സംസാരിക്കാൻ നിനക്ക് താല്പര്യമില്ലെന്ന് നീ തന്നെ ഇന്നലെ സുധീഷിനെ കൊണ്ട് പറയിപ്പിച്ചതല്ലേ…. ഇനി നിങ്ങൾക്കിടയിൽ ഒരു ശല്യമായി ഞാൻ വരില്ല… ”

അഖിലേഷ് തന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണെന്ന് അവൾക്ക് മനസിലായി.

ആവണിക്ക് വല്ലാത്ത ഹൃദയ വേദന തോന്നി.

രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ നേർന്നു സുധീഷിനെ ഒന്ന് ആശ്ലേഷിച്ച ശേഷം അഖിലേഷ് അവിടുന്ന് ഇറങ്ങി.

അഖിലേഷ് കണ്ണിൽ നിന്നും മറയുന്നത് വരെ ആവണി അവനെ തന്നെ നോക്കി നിന്നു.

ഒരിക്കലെങ്കിലും അവനൊന്നു തിരിഞ്ഞു നോക്കുമെന്ന് അവൾ വിചാരിച്ചു.

പക്ഷേ അതുണ്ടായില്ല….

വിജയ ഭാവത്തോടെ സുധീഷ്‌ ആവണിയെ നോക്കി.

അവളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട നിരാശ അവനിൽ ആനന്ദം ഉളവാക്കി…

ഓഡിറ്റോറിയത്തിൽ നിന്നും പുറത്തിറങ്ങിയ അഖിലേഷ് തന്റെ കാറിന്റെ അരികിലേക്ക് ചെന്നു.

എത്രയും പെട്ടന്ന് അവിടുന്ന് മടങ്ങി പോകണമെന്നേ അവനുണ്ടായിരുന്നുള്ളൂ….

അപ്പോഴേക്കും അത്രയും നേരം തടഞ്ഞു വച്ച കണ്ണുനീർ അനുസരണയില്ലാതെ പെയ്തു തുടങ്ങിയിരുന്നു.
*************************************
റിസപ്ഷനൊക്കെ കഴിഞ്ഞു രാത്രി ഏറെ വൈകിയാണ് എല്ലാവരും തിരിച്ചു വീട്ടിലെത്തിയത്.

വന്ന പാടെ ആവണി മുകളിലേക്ക് ഓടി.
അഖിലേഷ് നൽകിയ വിവാഹ സമ്മാനം അവൾ പ്രത്യേകം മാറ്റി വച്ചിരുന്നു.

റൂമിലെത്തിയ ഉടനെ അവൾ അത് പൊളിച്ചു നോക്കി.

അവൾക്കേറെ പ്രിയമുള്ള കടും നീല നിറത്തിലുള്ള കാഞ്ചിപുരം പട്ടു സാരിയായിരുന്നു അതിൽ. കൂടെ അവൾക്കായി അവൻ വാങ്ങി സൂക്ഷിച്ചിരുന്ന രണ്ടു സ്വർണ വളകളും.

അവളത് നെഞ്ചോടു ചേർത്ത് കുറെ നേരം പൊട്ടി പൊട്ടി കരഞ്ഞു.

അവൾ ബെഡിലേക്ക് സാരി നിവർത്തിയിട്ടു.

അപ്പോഴാണ് അതിനുള്ളിൽ നിന്നും നാലായി മടക്കിയ ഒരു കടലാസ് ബെഡിലേക്ക് വീണത്.

ആകാംഷയോടെ അവൾ അതെടുത്തു.

ആ സമയത്താണ് ഡോർ തുറന്നു സുധീഷ്‌ അകത്തേക്ക് കയറി വന്നത്.

ആവണി വേഗം കടലാസ് ബെഡിനടിയിലേക്ക് തിരുകി കയറ്റി.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്ന ആവണിയെയും ബെഡിൽ നിവർത്തിയിട്ടിരിക്കുന്ന സാരിയിലേക്കും അവൻ നോക്കി.

അഖിലേഷ് നൽകിയ വിവാഹ സമ്മാനമാണ് ആ കിടക്കുന്നതെന്ന് അവനൂഹിച്ചു.

“മതിയാക്കാറായില്ലേ നിന്റെ ഈ നശിച്ച കരച്ചിലും പിഴിച്ചിലും…. ഇനിയും അവനു വേണ്ടി കരഞ്ഞിട്ട് ഒരു പ്രയോജനവുമില്ല….” സുധീഷിനു നല്ല ദേഷ്യം വന്നു.

ബെഡിൽ കിടന്ന സാരിയെടുത്തു അവൻ മുറിയുടെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു.

ആവണി ചാടിയെഴുന്നേറ്റു.

“ഇനി ഇതും കെട്ടിപിടിച്ചു കരഞ്ഞോണ്ട് ഇരിക്കാനാണോ ഭാവം…. ” പുശ്ചത്തോടെ അവൻ ചോദിച്ചു.

“എന്നെ വേദനിപ്പിച്ചു മതിയായില്ലേ നിങ്ങൾക്ക്…
ഇന്ന് ഞാൻ അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് കാരണക്കാരൻ നിങ്ങളു മാത്രമാണ്…. ”

സുധീഷ്‌ പിന്നെയൊന്നും പറഞ്ഞില്ല.

അവൾ ഓടിപ്പോയി സാരി കയ്യിലെടുത്തു.

ആവണി വേഗം തന്നെ അത് മടക്കി അലമാരയിൽ കൊണ്ട് വച്ചു. വളകളും അവൾ അതിനോടൊപ്പം ഭദ്രമായി വച്ചു.

ശേഷം അലമാരയിൽ നിന്നും ഒരു ചുരിദാർ എടുത്തു കൊണ്ട് അവൾ വേഗം ബാത്‌റൂമിലേക്ക് പോയി.

ആവണി കുളിച്ചു ഫ്രഷ് ആയി വരുമ്പോൾ സുധീഷ്‌ ലാപ്ടോപിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

അവൾ വരുന്നത് കണ്ടപ്പോൾ അവൻ ലാപ്ടോപ് മടക്കി വച്ചു കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി.

ആവണി വേഗം ബെഡിനടിയിൽ നിന്നും അഖിലേഷ് നൽകിയ ലെറ്റർ എടുത്തു.

വർദ്ധിച്ച ഹൃദയമിടുപ്പോടെ അവൾ അത് തുറന്നു.

അവന്റെ വടിവൊത്ത അക്ഷരങ്ങളിലൂടെ അവളുടെ മിഴികൾ പാഞ്ഞു.

“പ്രിയപ്പെട്ട എന്റെ ആവണി മോൾക്ക്…,

ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് നടന്നത്. ഇപ്പോഴും അത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. നിന്റെ വിവാഹം കഴിഞ്ഞുവെന്ന് നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അത് തമാശ ആയിട്ടാണ് കണ്ടത്. എന്നാൽ സംഗതി സത്യമാണെന്നു ബോധ്യമായപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി ആവണി.

ഞാൻ ഒന്ന് ട്രെയിനിങ് പോയി മടങ്ങി വന്ന കാലയളവിൽ സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചു കഴിഞ്ഞു. നിന്നെയെനിക്ക് നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല.

ദൈവത്തിന്റെ വിധി മാറ്റാൻ മനുഷ്യനു കഴിയില്ലല്ലോ…. സത്യാവസ്ഥ അറിയാൻ ഞാൻ നിന്റെ അമ്മയെ വിളിച്ചിരുന്നു…

കാര്യങ്ങൾ അമ്മ പറഞ്ഞു ഞാനറിഞ്ഞു. നിന്നോട് നേരിട്ട് പറയാൻ കഴിയാത്തത് കൊണ്ടാണ് കത്തെഴുതി ഇതോടൊപ്പം വച്ചത്.

അച്ഛന്റെ വീട്ടുകാർ കൊണ്ട് വന്ന ആലോചനയ്ക്ക് നീ സമ്മതം പറഞ്ഞുവെന്ന് അമ്മ പറഞ്ഞു അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി ആവണി.

എന്താ ഇതിനിടയിൽ ഉണ്ടായത്…. അമ്മയ്ക്ക് കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞു. നിങ്ങൾ തമ്മിൽ വഴക്കായി പിണങ്ങിയെന്നും നീ അമ്മയെ ധിക്കരിച്ചു സംസാരിച്ചു എന്നൊക്കെ അറിഞ്ഞു.

എന്ത് പ്രശ്നം ആയിരുന്നെങ്കിലും നിനക്ക് ഞാൻ വരുന്നത് വരെ ഒന്ന് കാത്തു നിൽക്കാമായിരുന്നു. അതിനു മുൻപേ നീ അവർ കണ്ടെത്തിയ പയ്യനെ വിവാഹം കഴിച്ചു പോയി.

ഒത്തിരി വിഷമമുണ്ട് ആവണി. സത്യം ഉൾകൊള്ളാൻ പറ്റുന്നില്ല. നിന്റെ അമ്മ നിന്നെയിപ്പോൾ ഒരുപാട് വെറുക്കുന്നുവെന്ന് പറഞ്ഞു കേട്ടപ്പോൾ സഹിച്ചില്ല. അത്രയ്ക്കും എന്ത് പ്രശ്‌നമാണ് നിങ്ങൾക്കിടയിൽ ഉണ്ടായതെന്ന് എനിക്കറിയില്ല.

എന്ത് തന്നെയാണെങ്കിലും നിന്നെ ഞാൻ ഒരിക്കലും വെറുക്കില്ല ആവണി.
നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി. ഇനിയും ഒരുപാട് എഴുതാനുണ്ടായിരുന്നു പക്ഷേ കഴിയുന്നില്ല….

സുധീഷ്‌ നല്ല പയ്യനാ… നിനക്ക് ചേരും…
എന്തായാലും ഇനി മുന്നോട്ടുള്ള ജീവിതം നന്നായി വരട്ടെ.രണ്ടാളും സന്തോഷത്തോടെ ജീവിക്കുന്ന കണ്ടാൽ മതി എനിക്ക്.

നിന്റെ ജീവിതത്തിൽ ഒരു പ്രശ്നമായി ഒരിക്കലും ഞാൻ കടന്നു വരില്ല ആവണി. എന്റെ പ്രാർത്ഥനയിൽ നീ എന്നുമുണ്ടാകും…. ”

ഒത്തിരി സ്നേഹത്തോടെ
അഖിലേഷ്

അവന്റെ കണ്ണുനീർ വീണു ഉണങ്ങിയ പാടുകൾ അവൾ കണ്ടു. പലയിടത്തും മഷി പടർന്നു പിടിച്ചിരുന്നു.

അവളുടെ കണ്ണിൽ നിന്നും നീർ കണങ്ങൾ ഇറ്റു വീണു.

ആവണിയുടെ കയ്യിലിരുന്ന് ആ കടലാസ് കഷ്ണം വിറ കൊണ്ടു.

അവന്റെ അക്ഷരങ്ങളെ ചുണ്ടോടു ചേർത്ത് അവൾ ചുംബിച്ചു.

ആവണി ആ കത്ത് അലമാരയിൽ തന്റെ ഡ്രെസ്സുകൾക്കിടയിൽ തിരുകി വച്ചു ശേഷം ബാൽക്കണിയിലേക്ക് പോയി.

അവിടെയുണ്ടായിരുന്ന ആട്ടു കട്ടിലിലേക്ക് അവൾ ഇരുന്നു.

തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി.

അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു.

ആകാശത്തപ്പോൾ കാർമേഘങ്ങൾ ഉരുണ്ടു കൂടി തുടങ്ങിയിരുന്നു.

തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്തു തുടങ്ങി.

ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി അവളിരുന്നു.

ആ മഴ തനിക്ക് വേണ്ടി പെയ്യുന്ന പോലെ അവൾക്ക് തോന്നി.

കുറേനേരം ആവണി ആ ഇരുപ്പ് തുടർന്നു.

സുധീഷ്‌ വന്നു വിളിച്ചപ്പോഴാണ് ആവണി അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് വന്നത്.

ലൈറ്റ് അണച്ചു ഇരുവരും കിടന്നു.

പുറത്തു മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു….

ഉറക്കം വരാഞ്ഞിട്ടും ആവണി കണ്ണുകൾ അടച്ചു കിടന്നു.

അഖിലേഷിന്റെ അവസ്ഥയും അതുപോലെ ആയിരുന്നു.

ആവണിയുമൊത്തുള്ള ഒരുപാട് നല്ല നിമിഷങ്ങൾ അവന്റെ മനസിലൂടെ കടന്നു പോയി.

അസ്വസ്ഥമായ മനസ്സോടെ അഖിലേഷ് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
*************************************
ആറു മണിയായപ്പോൾ ആവണി ഉണർന്നു.

സുധീഷ്‌ നല്ല ഉറക്കമായിരുന്നു.

അവൾ കുളിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു.

ഹാളിൽ ആരുമുണ്ടായിരുന്നില്ല….

ആവണി കിച്ചണിലേക്ക് ചെന്നപ്പോൾ അവിടെ സുധീഷിന്റെ അമ്മ ഗീത ഉണ്ടായിരുന്നു.

“ഇന്ന് നേരത്തെ എണീറ്റോ മോളെ… ”

“നേരത്തെ ഉണർന്നു അമ്മേ… അമ്മ എന്നും നേരത്തെ എണീക്കോ… ”

“ഞാൻ ആറു മണിക്കാ എണീക്കാറു….
രാവിലെത്തെ ബ്രേക്ക്‌ഫാസ്റ്റ് ഞാൻ തയ്യാറാക്കി വയ്ക്കും.

ഏഴു മണി ആവുമ്പോൾ ലത വരും…
ഇവിടുത്തെ ജോലിക്കാരി ആണ്. ബാക്കി പണി അവൾ നോക്കി കൊള്ളും….

പത്തു മണിക്ക് ഞാനും ഏട്ടനും കൂടെ കമ്പനിയിലേക്ക് പോവും… ”

“ഏത് കമ്പനി… ?? ” ആവണി മനസിലാകാതെ ചോദിച്ചു.

“ഞങ്ങളുടെ കമ്പനിയിലേക്ക്… ”

“അച്ഛനും അമ്മയ്ക്കും ബിസിനസ്‌ ആണോ… ”

“അതെ…. മോൾക്ക്‌ അതൊന്നും അറിയില്ലേ…. സുധി ഒന്നും പറഞ്ഞു തന്നില്ലേ… ”

“ഇല്ലമ്മേ…സംസാരിക്കാനുള്ള സമയമൊന്നും കിട്ടിയില്ലല്ലോ… ”

“അത് ശരിയാണല്ലോ…. ഏതായാലും ഒരാഴ്ച അവനോടു കമ്പനിയിലേക്ക് വരണ്ടാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…”

ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് അവളും അവരെ ജോലിയിൽ സഹായിച്ചു നിന്നു.

ഒരാഴ്ച കടന്നു പോയി.

വിവാഹം കൂടാൻ വന്ന ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞു.

വീട് ശാന്തമായി…

സുധീഷും ആവണിയും അധികം സംസാരമൊന്നുമുണ്ടായില്ല.

ഒരാഴ്ച അവൻ വീട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് അവൾക്ക് കാര്യമായി അന്വേഷണം ഒന്നും നടത്താൻ കഴിഞ്ഞില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാവിലെ കുളി കഴിഞ്ഞു ബാൽക്കണിയിൽ നിന്ന് തല തുവർത്തി കൊണ്ടിരുന്ന ആവണി ഗണേശൻ കൊച്ചച്ചൻ ബൈക്കിൽ വരുന്നത് കണ്ടത്.

ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം അയാൾ വീടിനുള്ളിലേക്ക് കയറി പോകുന്നതവൾ കണ്ടു.

പതിവില്ലാതെ അയാളെ അവിടെ കണ്ടപ്പോൾ ആവണിയുടെ ഉള്ളിൽ നാനാവിധ സംശയങ്ങൾ ഉടലെടുത്തു….

എന്തായാലും തന്നെ കാണാൻ വേണ്ടിയല്ല അയാൾ അത്ര രാവിലെ വന്നതെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

ആവണി വേഗം താഴേക്കു നടന്നു…

താഴെ ഹാളിനോട്‌ ചേർന്ന വലതു വശത്തെ ഓഫീസ് മുറിയിൽ നിന്നും അവൾ ഗണേശന്റെ ശബ്ദം കേട്ടു.

വിറ കാലുകളോടെ ആവണി അവിടേക്ക് ചുവടുകൾ വച്ചു.

അകത്തു നടക്കുന്ന സംഭാഷണം എന്താണെന്നറിയാൻ അവൾ കാത് കൂർപ്പിച്ചു.

“ഇരുപത്തിയഞ്ചു ലക്ഷം രൂപയുണ്ട്….വിവാഹം നടന്നതോടെ നിങ്ങളുടെ ജോലി കഴിഞ്ഞു…. ”

“നന്ദിയുണ്ട് മാഡം…. ” വിനീതനായി അയാൾ പറഞ്ഞു.

അകത്തു നിന്നും ഒഴുകിയെത്തിയ സ്ത്രീ സ്വരം അവളെ ഞെട്ടിച്ചു.

മുറിയിൽ നിന്നും പുറത്തു വന്ന ഗണേശൻ ആവണിയെ കണ്ടു ചെറുതായി ഞെട്ടി.

പിന്നാലെ വന്ന സുധീഷിന്റെ അമ്മ ഗീതയും ആവണിയെ കണ്ടു.

സുധീഷിന്റെ അമ്മയുടെ അപ്പോഴത്തെ ഭാവം എന്താണെന്നു അവൾക്ക് മനസിലായില്ല.

“ഗണേശൻ പൊയ്ക്കോളൂ… ” സുധീഷിന്റെ അമ്മ പറഞ്ഞു.

അവരെ ഒന്ന് നോക്കിയ ശേഷം അയാൾ വേഗം പുറത്തേക്കു നടന്നു.

“എന്താ അമ്മേ ഇവിടെ നടക്കണേ….ചതി ആയിരുന്നു അല്ലെ…” വിട്ടു മാറാത്ത നടുക്കത്തോടെ അവൾ ചോദിച്ചു.

ഒരു പൊട്ടിച്ചിരി ആയിരുന്നു അവരുടെ മറുപടി.

“അതേടി ചതി തന്നെയാ…. കാശു കൊടുത്തു നിന്നെ വാങ്ങിയതാ ഞാൻ..”

അവരുടെ ഭാവ മാറ്റം കണ്ടു ആവണി നടുങ്ങി.

പാഞ്ഞു വന്ന ഗീത അവളുടെ മുടി കുത്തിൽ പിടുത്തമിട്ടു.

“ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നെടി ഞാൻ… ”

“എല്ലാവരും ചേർന്നു ചതിക്കുകയായിരുന്നു അല്ലെ എന്നെ… ഞാൻ…ഞാൻ… എന്ത് തെറ്റാ ചെയ്തേ നിങ്ങളോട്… ” ആവണി കരഞ്ഞു പോയി.

“നിനക്കതു അറിയണമല്ലേ…. ”

സുധീഷിന്റെ അമ്മ വലതു കരം വീശി അവളുടെ കരണത്ത്‌ ആഞ്ഞടിച്ചു.

ആവണി വട്ടം കറങ്ങി നിലത്ത് വീണു.

തുടരും

ശിവ എസ് നായർ

(എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എന്നറിയാം.
ഫോൺ ടച് കംപ്ലയിന്റ് ആയതു കൊണ്ട് ഇത്തിരി ബുദ്ധിമുട്ടി ആണ് എഴുതുന്നത്. മറ്റെല്ലാം മാറ്റി വച്ചു മുഴുവൻ സമയവും എഴുത്ത്‌ തന്നെയാണ്.

രാവിലെ ഇടണമെന്ന് വിചാരിച്ചുവെങ്കിലും നടന്നില്ല… എഴുതി പൂർത്തിയാക്കിയത് ഇപ്പോഴാണ്.

ഊണും ഉറക്കവും മാറ്റി വച്ചു കഷ്ടപ്പെട്ട് എഴുതുന്നതാണ്. എഴുതാൻ അത്രയേറെ ഇഷ്ടമാണ്. നിങ്ങൾ വായനക്കാർ തരുന്ന സപ്പോർട്ടാണ് എന്റെ ഊർജം.

ഓരോ ഭാഗം എഴുതാനും 6 മണിക്കൂർ വരെ വേണ്ടി വരും അതുകൊണ്ട് തന്നെ കഥയെ പറ്റി നിങ്ങളുടെ വിലയേറിയ അഭിപ്രായം ഒരു വരിയെങ്കിലും എനിക്കായി കുറിക്കണം.

വരും ഭാഗങ്ങളിൽ നിങ്ങളുടെ സംശയങ്ങൾ ഒന്നൊന്നായി ചുരുൾ അഴിയുന്നതാണ്….

ഒത്തിരി സ്നേഹത്തോടെ ശിവ )

തുടരും

ഇനിയൊരു ജന്മംകൂടി – ഭാഗം 6

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

Share this story