മിഥുനം: PART 2

മിഥുനം: PART 2

നോവൽ

****

എഴുത്തുകാരി: ഗായത്രി വാസുദേവ്

കാറിൽ നിന്നുമിറങ്ങിയ ആൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു ശേഷം ആ മിഴികൾ കുറച്ചു മാറി നിന്നിരുന്ന ദേവികയുടെ മേൽ പതിച്ചു. അയാൾ അവൾക്ക് നേരെ ചുവടുകൾ വെച്ചു.

“ദേവികയല്ലേ?? ശങ്കരൻ മാഷ് പറഞ്ഞ കുട്ടി?”
അവൾ ശബ്ദം കേട്ടയിടത്തേക്ക് നോക്കി. ഒരു മധ്യവയസ്‌കൻ. മുണ്ടും ഷർട്ടുമാണ് വേഷം. അവൾ അതെയെന്ന് തലയാട്ടി.

“ഞാൻ സദാനന്ദൻ. മോളെ കൊണ്ടുചെല്ലാൻ മാധവൻ സാർ പറഞ്ഞു വിട്ടതാണ്. ദേ അതാ വണ്ടി. മോൾ വന്നാട്ടെ. ”

“അവൾ അയാളെ നോക്കി ചിരിച്ചുകൊണ്ട് പോകാം എന്ന് പറഞ്ഞു. ബാഗ് വാങ്ങി പിടിക്കാൻ തുടങ്ങിയ അയാളുടെ പ്രവർത്തിയെ സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് അവൾ കാറിലേക്ക് കയറി.

ടൗണിൽ നിന്നും കാർ ചലിച്ചു തുടങ്ങി. പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്ന അവളെ അയാളുടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്.

“മോൾ എവിടുന്നാ വരുന്നേ? ”

” തൊടുപുഴ അടുത്താ ”

” ആഹാ തൊടുപുഴയിൽ എവടെയാ? ”

” മുട്ടം ”

” ഹാ ഞാൻ അവിടെയൊക്കെ വന്നിട്ടുണ്ട് കേട്ടോ. ഞാനേ മാധവൻ സാറിന്റെ വീട്ടിലെ ഡ്രൈവറാ. വീട് ഇവിടെ അടുത്താ കോടിമതയിൽ ”

അവളൊന്നു മൂളിയിട്ട് വീണ്ടും പുറംകാഴ്ചയിലേക്ക് കണ്ണുകളയച്ചു. വലിയൊരു ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് പോയി. ഗേറ്റിന്റെ അരികിൽ സ്വർണലിപികളിൽ “കേദാരം”
എന്ന് ഭംഗിയിൽ എഴുതി വെച്ചതിൽ അവളുടെ കണ്ണുകൾ ഉടക്കി.

ഗേറ്റ് കടന്നു അകത്തേക്ക് ചെന്ന കാർ സാമാന്യം വലിയൊരു ഇരുനില വീടിന്റെ മുന്നിൽ ചെന്ന് നിന്നു. മുറ്റത്തേക്ക് ഇറങ്ങിയ ദേവികയുടെ കണ്ണുകൾ ആദ്യം പതിച്ചത് തുളസി തറയിലേക്കാണ്.
വലത് വശം മുഴുവൻ വൃത്തിയായി ഒതുക്കിയ ഗാർഡനുമുണ്ട്. അതിന്റെ ഒരു സൈഡിൽ ആയി വലിയൊരു വലയൂഞ്ഞാലും.

വളരെ സമാധാനപരമായൊരു അന്തരീക്ഷം ആയിരുന്നു അവിടെ. അവിടേക്ക് കടന്നു വന്ന തണുത്ത കാറ്റിൽ തന്റെ മനസും കുളിരുന്നത് ദേവികക്ക് മനസിലായി. അവൾ ഒട്ടൊരു അത്ഭുതത്തോടെ തന്നെ പുറത്ത് നിന്നും ആ വീട് മുഴുവൻ കണ്ണോടിച്ചു.

അപ്പൊ തന്നെ വീടിന്റെ മുൻവാതിൽ തുറന്നു നേര്യത് ഉടുത്തൊരു സ്ത്രീ പുറത്തേക്ക് വന്നു. അവരുടെ മുഖത്തെ ഐശ്വര്യം മുഴുവൻ നെറ്റിയിലെ ആ വട്ടപ്പൊട്ടിലും ചന്ദനക്കുറിയിലും ആണെന്ന് ദേവികക്ക് തോന്നി. അവരുടെ മുന്നിൽ ചെന്ന് കൈകൾ കൂപ്പി അവൾ സ്വയം പരിചയപ്പെടുത്തി.

അവർ ചിരിച്ചുകൊണ്ടവളെ സ്വാഗതം ചെയ്തു.
” കയറി വാ കുട്ടീ. ” ശേഷം ഹാളിലെ ഒരു സോഫയിൽ അവളെ ഇരുത്തി.

“മോളിവിടെ ഇരിക്കു. ഞാൻ മാധവേട്ടനെ വിളിച്ചിട്ട് വരാം “എന്നും പറഞ്ഞു ഹാളിനോട് ചേർന്ന ഒരു മുറിയിലേക്ക് കയറിപ്പോയി.

ദേവികയുടെ കണ്ണുകൾ ചുവരിലെ പെയ്ന്റിങ്ങുകൾ ആസ്വദിക്കാൻ തുടങ്ങി.
അല്പസമയം കഴിഞ്ഞതും ആ സ്ത്രീയും അവരുടെ ഭർത്താവും അവൾക്ക് മുന്നിലേക്ക് വന്നു. അവരെ കണ്ടതും അവൾ എഴുന്നേറ്റു കൈകൂപ്പി.

ദേവികയോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം അവർ അവൾക്ക് എതിരിലായി ഇരുന്നു.

“ദേവിക എന്നല്ലേ പേര്? ”
ഒരു നിമിഷത്തിനു ശേഷം അയാൾ ചോദിച്ചു.
അവൾ അതെയെന്ന് തലയാട്ടി .

“ഞാൻ മാധവൻ തമ്പി. RM ഗ്രൂപ്പിന്റെ ഉടമ ആണ്. ഇത് എന്റെ ഭാര്യ രാധിക. ”

” മോളോട് ശങ്കരൻ മാഷ് എല്ലാം പറഞ്ഞിരുന്നോ? ”

” ഇവിടെ കിടപ്പിലായ ആരെയോ നോക്കാൻ ആളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു. കൂടുതൽ ഒന്നും പറഞ്ഞില്ല. ”

” ഹാ മോൾക്ക് ശങ്കരൻ മാഷിനെ എങ്ങനെയാ പരിജയം? ”

” അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു മാഷ്. അച്ഛനും അമ്മയും മരിച്ച ശേഷം ഞാൻ ചെറിയച്ഛന്റെ വീട്ടിൽ ആയിരുന്നു. ഒരു ജോലി അന്വേഷിച്ചു നടക്കുമ്പോഴാ മാഷ് ഇവിടെ ഇങ്ങനൊരു ജോലി ഉണ്ടെന്നു പറഞ്ഞത്. അതാ വന്നു നോക്കാം എന്ന് വിചാരിച്ചത് ”

“ദേവിക നഴ്സിംഗ് ഒന്നും പഠിച്ചിട്ടില്ല അല്ലെ? മാഷ് പറഞ്ഞിരുന്നു. അറിയാവുന്ന കുട്ടിയാ മോളെ ഒന്ന് സഹായിക്കണം എന്ന് മാഷ് പറഞ്ഞു. മാഷ് പറഞ്ഞാൽ എനിക്ക് തള്ളിക്കളയാൻ പറ്റില്ല. ”

“ഞാൻ ഇപ്പൊ പിജി ചെയ്യുകയായിരുന്നു. അതിന്റെ ഇടക്കാണ് . എനിക്ക് പരീക്ഷ എഴുതാൻ ഒന്ന് കോളേജിൽ അയച്ചാൽ മതി. ”

” അതൊക്കെ സമ്മതമാണ് കുട്ടീ. ഇവിടെ താൻ നോക്കേണ്ടത് എന്റെ മകനെയാണ് . സമയത്ത് ഭക്ഷണവും മരുന്നും ഒക്കെ എടുത്ത് കൊടുക്കണം. പിന്നെ അവനു കൂട്ടിരിക്കണം. വേറെ ഒന്നും ചെയ്യേണ്ടതില്ല. ” അവൾ തലയാട്ടി.

” ഞങ്ങളെ കൊണ്ട് നോക്കാൻ പറ്റാഞ്ഞിട്ടല്ല കുട്ടീ. പക്ഷെ അവൻ ആരെയും അടുപ്പിക്കുന്നില്ല. എല്ലാവരോടും എല്ലാത്തിനോടും അവനു ദേഷ്യമാണ്. എട്ടു മാസങ്ങളായി എന്റെ കുട്ടി ഇങ്ങനെയാണ്”
“രാധിക കണ്ണ് തുടച്ചുകൊണ്ട് ഒന്ന് വിമ്മിപ്പൊട്ടി. അതുകണ്ടതും ദേവികയുടെ കണ്ണുകളും നിറഞ്ഞു.

” ഞാൻ നോക്കികോളാം മാഡം.. മാഡം വിഷമിക്കേണ്ട. ”

രാധിക കണ്ണുകൾ തുടച്ചു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ദേവിക വാ ഞാൻ എല്ലാം പറഞ്ഞു തരാം. ”

അവർ അവളുടെ കൈകളിൽ പിടിച്ചു കൊണ്ടുപോയി… മാധവൻ അവരുടെ പോക്ക് ഒരു നിമിഷം നോക്കി നിന്നതിനു ശേഷം തന്റെ ഓഫീസ് റൂമിലേക്ക് തിരിച്ചു പോയി.

രാധിക അവളെ കൊണ്ടുപോയത് താഴെ തന്നെയുള്ള ഒരു മുറിയിലേക്കാണ്.

” മോൾക്ക് ഈ മുറി ഉപയോഗിക്കാം. മിഥുന്റെ മുറി തൊട്ട് അപ്പുറത്തെയാണ്.. ദേവികയ്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പറയാം. മോൾ മിഥുന്റെ കാര്യം മാത്രം നോക്കിയാൽ മതി. അടുക്കളയിൽ ശാന്ത ചേച്ചി ഹെല്പ് ചെയ്യാൻ ഉണ്ട്. മോൾക്ക് എന്തെങ്കിലും വേണെകിൽ അടുക്കളയിൽ കയറി ഉണ്ടാക്കി കഴിക്കാം കേട്ടോ. അല്ലെങ്കിൽ ശാന്തയോട് പറഞ്ഞാലും മതി. ഇനി ദേവിക കുളിച്ചിട്ട് പുറത്തേക്ക് വാ കേട്ടോ. ”

അവളെ നോക്കി പറഞ്ഞതിന് ശേഷം അവർ മുറി വിട്ടു പുറത്തേക്ക് പോയി.

ബാഗിൽ ഉള്ള സാധനങ്ങൾ ഒക്കെ അലമാരയിലേക്ക് വെച്ചതിനു ശേഷം ഒരു ക്രീം കളർ കോട്ടൺ ചുരിദാർ എടുത്തുകൊണ്ടു ദേവിക കുളിക്കാൻ കയറി. തലയിലേക്ക് വീഴുന്ന തണുത്ത വെള്ളത്തിൽ യാത്രാ ക്ഷീണം മുഴുവൻ കഴുകി കളഞ്ഞു അവൾ പുറത്തിറങ്ങി. കണ്ണാടിയിൽ നോക്കി മുടി കുളിപ്പിന്നൽ പിന്നി നെറ്റിയിൽ ഒരിത്തിരി ഭസ്മവും തൊട്ട് അവൾ പുറത്തേക്ക് ഇറങ്ങി.

അടുക്കളയിൽ നിന്നു രാധികയുടെ ശബ്ദം കേട്ടു അവൾ അങ്ങോട്ട് നീങ്ങി. അവളെ കണ്ടതും രാധിക ദേവികയ്ക്ക് ശാന്തയെ പരിചയപ്പെടുത്തി. ദേവികയ്ക്ക് ജ്യൂസ് കൊടുക്കാൻ പറഞ്ഞു രാധിക അടുക്കളയിൽ നിന്നും പോയി.
ശാന്ത ഒരു ഗ്ലാസിൽ ജ്യൂസ് പകർന്നു ദേവികയ്ക്ക് കൊടുത്തു. അത് വാങ്ങി കുടിച്ചുകൊണ്ട് അവൾ ശാന്തയോട് തിരക്കി

” ചേച്ചി കുറേ കാലമായി ഇവിടെ ആണോ? ”

“അതേ മോളെ. അഞ്ചാറു വർഷമായി ഞാൻ ഇവിടെ തന്നെ. ഇവിടുത്തെ സാറും കൊച്ചമ്മയും വളരെ പാവങ്ങളാ. നല്ല സ്നേഹമാ എല്ലാരോടും. ”

“ഇവിടുത്തെ മിഥുൻ സാറിനു എന്ത് പറ്റിയതാ? ”

” ആ കുഞ്ഞു പോലീസിൽ ആയിരുന്നു മോളെ. ഏതോ കള്ളന്മാരെ പിടിക്കാൻ എങ്ങാണ്ട് പോയതാ. വലിയൊരു കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു. തലയ്ക്കു ഒക്കെ നല്ല പരിക്ക് ഉണ്ടായിരുന്നു. ദൈവാധീനം കൊണ്ടാ രക്ഷപ്പെട്ടത്. പക്ഷെ കാലു തളർന്നു പോയി. കൈ അനക്കുവൊക്കെ ചെയ്യാം പക്ഷെ എണീറ്റ് നടക്കാനൊന്നും വയ്യ. അതോടുകൂടി ആ കുഞ്ഞിന് എല്ലാരോടും ദേഷ്യമാ. ഇവിടുത്തെ അമ്മയോട് പോലും ദേഷ്യപ്പെടും. ആരും ആ മുറിക്കകത്തു പോലും കേറുന്നത് കുഞ്ഞിന് ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലും പുസ്തകം ഒക്കെ വായിച്ചോണ്ട് ഇരിക്കും. ”

” സാറിനു ഒറ്റ മോൻ ആണോ ചേച്ചീ? ”

” ഏയ്യ് അല്ല മിഥുന് ഒരു അനിയത്തി കൂടി ഉണ്ട്. മൈഥിലി. ആ കുഞ്ഞു കോളേജിൽ പഠിക്കുവാ. വൈകുന്നേരം വരുംമ്പോൾ മോൾക്ക് കാണാം ”

“എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ചേച്ചീ.? ” ഗ്ലാസ്‌ അവിടെ വെച്ചിട്ട് ദേവിക രാധികയുടെ അടുത്തേക്ക് ചെന്നു.

തന്റെ അടുത്തേക്ക് വന്ന ദേവികയോട് രാധിക ചോദിച്ചു
” എന്റെ മോനേ കാണണ്ടേ ദേവികയ്ക്ക്? ”
അവൾ തലയാട്ടി.

ദേവികയുടെ കൈ പിടിച്ചുകൊണ്ടു രാധിക ഒരു മുറിയിലേക്ക് നടന്നു. നടന്നടുക്കും തോറും തന്റെ നെഞ്ച് പടപടാ ഇടിക്കുന്നത് പോലെ തോന്നി ദേവികയ്ക്ക് . വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയതും വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിൽ നോക്കി ഒരു നിമിഷം ദേവിക നിന്നു. കട്ടിലിൽ ജനൽ വഴി പുറത്തേക്ക് നോക്കി ഒരാൾ കിടക്കുന്നത് കണ്ടു. നീണ്ടു അനുസരണ ഇല്ലാത്ത മുടിയും താടിയും മുഖത്തിന്റെ ഒരു വശം മാത്രമേ അവൾക്ക് കാണാൻ സാധിച്ചിരുന്നുള്ളു.
മോനേ എന്ന് രാധിക വിളിച്ചപ്പോഴേക്കും അയാൾ തിരിഞ്ഞു നോക്കി. ആ മുഖം കണ്ടതും ദേവിക അവിടെ തറഞ്ഞു നിന്നുപോയി. ഒരു വിറയൽ മേലാകെ ബാധിച്ചത് അവൾ അറിഞ്ഞു കണ്ണുകൾ ഇറുകെപ്പൂട്ടി…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

Share this story