ചൊവ്വാദോഷം : PART 3

ചൊവ്വാദോഷം : PART 3

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” അയ്യോ മോനേ മഹീ….. ”

താഴെ നിന്നും ഊർമ്മിളയുടെ നിലവിളി ഉയർന്നുകേട്ടു. മാനസയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. കയ്യിലിരുന്ന ഫോൺ എങ്ങോട്ടോ വലിച്ചെറിഞ്ഞ് ഇടറുന്ന കാലുകളോടെ അവൾ താഴേക്ക് ഓടി.

താഴേക്ക് എത്തുമ്പോഴേക്കും ഊർമ്മിളയെയും താങ്ങിയെടുത്തുകൊണ്ട് മഹി അകത്തേക്ക് വരുന്നുണ്ടായിരുന്നു. കണ്ണുകളടച്ച അവരുടെ മുഖം ചോരയിൽ കുളിച്ചിരുന്നു.

” അയ്യോ അമ്മക്കെന്ത് പറ്റി മഹിയേട്ടാ? ”

ഒരാന്തലോടെ മാനസ ചോദിച്ചു.

” സ്റ്റെപ്പിൽ നിന്ന് വീണതാണെന്ന് തോന്നുന്നു. ഞാൻ ചെല്ലുമ്പോൾ സ്റ്റെപ്പിനു താഴെ ബോധമില്ലാതെ കിടക്കുവായിരുന്നു. ”

നെറ്റിയിലൂടെ ചാലിട്ടൊഴുകിയ വിയർപ്പ് ചോര പുരണ്ട കൈകൾ കൊണ്ട് തുടച്ചുമാറ്റി മഹി പറഞ്ഞു. അവന്റെ വെള്ളനിറമുള്ള ഷർട്ടിലും ചുവപ്പ് പടർന്നിരുന്നു.

” ഞാൻ വെള്ളമെടുത്തുകൊണ്ട് വരാം ”
പറഞ്ഞുകൊണ്ട് മഹിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ മാനസ അടുക്കളയിലേക്ക് ഓടി.

” അമ്മേ… അമ്മേ….. ”

മാനസ കൊണ്ടുവന്ന വെള്ളം കയ്യിലെടുത്ത് ഊർമ്മിളയുടെ മുഖത്ത് തെളിച്ചുകൊണ്ട് മഹി പതിയെ വിളിച്ചു. അവരിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അത് കണ്ട് മാനസയിൽ എന്തെന്നറിയാത്ത ഒരു ഉൾഭയം വളരുകയായിരുന്നു.

” നമുക്കമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം മഹിയേട്ടാ എനിക്കെന്തോ പേടിയാവുന്നു. ”

മഹിയുടെ തോളിൽ പിടിച്ചുകൊണ്ട് മാനസ പറഞ്ഞു. അതുതന്നെയായിരുന്നു അപ്പോൾ അവന്റെ മനസിലും. ഊർമ്മിളയെ താങ്ങിയെടുത്ത് കാറിന്റെ പിന്നിലെ സീറ്റിൽ മാനസയുടെ മടിയിൽ തലവച്ച് കിടത്തുമ്പോഴും അവരിൽ ചലനങ്ങളൊന്നും തന്നെയുണ്ടായില്ല .

തിരക്കേറിയ റോഡിൽ കൂടി ഹോൺ മുഴക്കി കാർ ചീറിപ്പായുമ്പോൾ മാനസയുടെ ഉള്ളും തുടികൊട്ടുകയായിരുന്നു. കാർ എമർജൻസി ബ്ലോക്കിന് മുന്നിൽ എത്തുമ്പോഴേക്കും സ്ട്രെച്ചറുമായി കാത്തുനിന്നിരുന്നവർ ഊർമ്മിളയുമായി അകത്തേക്ക് പോയി.

ഗ്ലാസ്‌ ഡോറിനപ്പുറം ഡോക്ടർമാർക്ക് നടുവിൽ കിടക്കുന്ന ഊർമ്മിളയെ നോക്കി പുറത്തുനിന്ന മഹിയുടെ കണ്ണുകൾ ചുവന്നു.

” ഇങ്ങനെ വിഷമിക്കല്ലേ മഹിയേട്ടാ അമ്മക്ക് ഒന്നും ഉണ്ടാവില്ല ”

അവന്റെ കൈയിൽ പിടിച്ചുപറഞ്ഞ അവളെ ചുറ്റിപ്പിടിച്ച്‌ ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ കരഞ്ഞു. അവനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ മാനസ വെറുതെ അവന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.

” ഊർമ്മിളയുടെ കൂടെ വന്നിട്ടുള്ളതാരാണ് ?? ”

നേഴ്സിന്റെ ശബ്ദം കേട്ട് മഹി പെട്ടന്ന് അവളിൽ നിന്നും അടർന്നു മാറി. അവരുടെ അടുത്തേക്ക് ചെന്നു.

” സിസ്റ്റർ അമ്മയ്ക്ക് എങ്ങനുണ്ട് ? ”

അവൻ പെട്ടന്ന് ചോദിച്ചു. അവരുടെ മുഖത്തേക്ക് ഉറ്റു നോക്കിയ അവന്റെ മുഖത്ത് അപ്പോൾ ഉള്ളിലെ ആധി മുഴുവൻ പ്രതിഫലിച്ചിരുന്നു.

” ഇപ്പൊ കുഴപ്പമൊന്നും ഇല്ല. ബോധം വന്നിട്ടുണ്ട്. തലയിൽ സ്റ്റിച്ച് ഉണ്ട്. ഒരു കൈയിൽ പൊട്ടലും. വൈകുന്നേരത്തേക്ക് പോകാം ”

അവന്റെ ടെൻഷൻ മനസ്സിലാക്കിയെന്ന പോലെ പുഞ്ചിരിയോടെ അവർ പറഞ്ഞു. മാനസയിലും മഹിയിലും ഒരുപോലെ ആശ്വാസം പ്രകടമായി.

” സിസ്റ്റർ ഞങ്ങൾക്ക് അമ്മയെ ഒന്ന് കാണാൻ പറ്റുമോ? ”

മഹിയുടെ ചോദ്യത്തിന് അവരൊന്ന് മൂളി. പിന്നെ ഗ്ലാസ്‌ ഡോർ അകത്തേക്ക് തുറന്നു.

അവർ അകത്തേക്ക് ചെല്ലുമ്പോൾ കണ്ണുതുറന്ന് കിടക്കുകയായിരുന്ന ഊർമ്മിളയുടെ വരണ്ട ചുണ്ടുകളിൽ ഒരു തളർന്ന പുഞ്ചിരി തെളിഞ്ഞു.

” എന്താ അമ്മേ പറ്റിയത്?? അമ്മയെങ്ങനെയാ വീണത് ?? ”

ബെഡിൽ ഊർമ്മിളയ്ക്കരികിലായി ഇരുന്ന് ആ കയ്യിൽ തലോടിക്കൊണ്ട് മഹി പതിയെ ചോദിച്ചു. അപ്പോൾ മാനസയുടെ ഉള്ളിലും അതേ ചോദ്യമായിരുന്നു.

” ഞാൻ ടെറസിൽ ഉണങ്ങാൻ ഇട്ട തുണിയെടുക്കാൻ പോയതാ. തിരിച്ചിറങ്ങിയപ്പോൾ കാലൊന്ന് വഴുതി. അതിന് നീയെന്തിനാ മഹി ഇങ്ങനെ പേടിക്കുന്നത് ”
ചിരിയോടെ ഊർമ്മിള ചോദിച്ചു.

” നിലവിളി കേട്ട് ഞാൻ വരുമ്പോൾ സ്റ്റെപ്പിന് താഴെ ബോധമില്ലാതെ കിടക്കുവായിരുന്നു അമ്മ. പിന്നെ പേടിക്കാതിരിക്കുമോ ? ”

മഹിയുടെ പറച്ചിൽ കേട്ട് ഊർമ്മിള വീണ്ടും ചിരിച്ചു. മഹിയുടെ ടെൻഷൻ അപ്പോഴും മാറിയിരുന്നില്ല. മാനസയുടെ കണ്ണുകളിലും ഭയം തങ്ങി നിന്നിരുന്നു.

****************************************

” ഞാൻ ഇന്ന് അമ്മേടെ കൂടെ കിടക്കാം മഹിയേട്ടാ . അമ്മയ്ക്ക് വയ്യാത്തതല്ലേ രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ?? ”

രാത്രി മഹി റൂമിലേക്ക് വരുമ്പോൾ കിടക്കവിരിച്ചുകൊണ്ടിരുന്ന മാനസ പറഞ്ഞു.

” ഓഹോ അപ്പോ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഇനിയും നീണ്ടുപോകും അല്ലേ?? ”

ഒരു കുസൃതിച്ചിരിയോടെ അവളെ നോക്കി മഹി ചോദിച്ചു. മാനസയിലും നാണം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. പെട്ടന്നവൻ അവളുടെ അരികിലേക്ക് അടുത്ത് അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ തന്നോട് ചേർത്തു. മഹിയുടെ കണ്ണിലേക്ക് നോക്കിയ അവൾ പെട്ടന്ന് കണ്ണുകൾ അടച്ചുകളഞ്ഞു.

അവളുടെ ചുണ്ടുകളിലേക്ക് അടുത്ത അവനെ തള്ളി മാറ്റി പെട്ടന്നവൾ ഒരു ചിരിയോടെ പുറത്തേക്ക് ഓടി. ഒരു ചെറുചിരിയോടെ മഹി ബെഡിലേക്ക് ചാഞ്ഞു.

” ആഹാ മോളിതുവരെ കിടന്നില്ലേ ? ”

മുറിയിലേക്ക് കയറിവന്ന മാനസയെ നോക്കി ഊർമ്മിള ചോദിച്ചു.

” ഞാനിന്ന് അമ്മേടെ കൂടെ കിടക്കാമെന്ന് കരുതി. ” ചിരിച്ചുകൊണ്ട് മാനസ പറഞ്ഞു.

” വേണ്ട മോളേ എനിക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ മോള് മഹിയുടെ അടുത്തേക്ക് പൊക്കൊ. എനിക്ക് കൂട്ട് കിടക്കാനല്ല മഹി മോളേ വിവാഹം കഴിച്ചത്. ”

തന്റെയരികിൽ ബെഡിൽ ഇരുന്ന മാനസയുടെ മുടിയിൽ തലോടിക്കൊണ്ട് ഊർമ്മിള പറഞ്ഞു.

” മഹിയേട്ടൻ പറഞ്ഞിട്ടാ ഞാൻ വന്നത്. ഇനി ഞാൻ ഇവിടെ കിടക്കുന്നത് അമ്മക്കിഷ്ടമല്ലെങ്കിൽ ഞാൻ മഹിയേട്ടന്റെ അടുത്തോട്ട് തന്നെ പോയേക്കാം ”

മുഖം വീർപ്പിച്ച് പോകാൻ എണീറ്റ അവളെ നോക്കി ചിരിയോടെ ഊർമ്മിള പറഞ്ഞു ” ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട ഇവിടെ വന്ന് കിടക്ക്. ” അതുകേട്ടതും അവൾ ചിരിച്ചുകൊണ്ട് വന്ന് അവർക്കരികിൽ കിടന്നു.

” കിടന്നിട്ടെന്തോ ഉറക്കം വന്നില്ല. ഇന്നലെ ഈ സമയത്ത് നെഞ്ചോടുചേർന്ന് അവളുണ്ടായിരുന്നു. ഇന്നവൾ അമ്മേടെ കൂടെ പോയി കിടന്നുകളഞ്ഞു. കുറച്ചു മുന്നേ ചേർത്ത് പിടിച്ചപ്പോൾ അവളുടെ കണ്ണിലെ ഭാവം എന്തായിരുന്നു. ഓരോന്ന് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

ഉണരുമ്പോൾ മുറിയിൽ അവൾ ഉണ്ടായിരുന്നു. കുളി കഴിഞ്ഞു വന്നതേയുള്ളൂവെന്ന് തോന്നുന്നു. ഒരു ഇളം മഞ്ഞ നിറത്തിലുള്ള ചുരിദാറായിരുന്നു അവൾ ഇട്ടിരുന്നത്. അത് അവളുടെ മെലിഞ്ഞ ശരീരത്തിന് നന്നായി ഇണങ്ങിയിരുന്നു.

ഈറൻ മുടി മാറിലേക്ക് ഇട്ട് തോർത്തിക്കൊണ്ടിരുന്ന അവളെ പിന്നിലൂടെ ചെന്ന് ചേർത്ത് പിടിക്കുമ്പോൾ പെണ്ണൊന്ന് പിടഞ്ഞതുപോലെ തോന്നി. നനഞ്ഞ ചെറു മുടികൾ ഒട്ടിക്കിടന്ന ഈർപ്പം തങ്ങി നിന്നിരുന്ന അവളുടെ പിൻകഴുത്തിൽ ചുണ്ട് ചേർക്കുമ്പോൾ അവളുടെ കഴുത്തിലെ തണുപ്പ് എന്റെ ചുണ്ടുകളിലേക്കും അരിച്ചിറങ്ങി. അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് കണ്ണാടിയിൽ കൂടി എനിക്ക് കാണാമായിരുന്നു. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എന്നെ തള്ളിമാറ്റി ടേബിളിൽ ഇരുന്ന ചായ എന്റെ കയ്യിലേക്ക് വച്ചുതന്നു.

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുകൊണ്ടിരുന്നു. ഊർമ്മിളയുടെ പരുക്കുകളൊക്കെ ഭേദമായിരുന്നു. അവർ പതിയെ ജോലികളൊക്കെ ചെയ്തു തുടങ്ങിയിരുന്നു. അപ്പോഴേക്കും മാനസ മഹിയുടേത് മാത്രമായി മാറിക്കഴിഞ്ഞിരുന്നു.

****************************************

” മഹിയേട്ടൻ വരുന്നോ ഞാൻ അമ്പലത്തിൽ പോവാ ? ” മാനസ.

” ഞാൻ ഒന്നുമില്ല. ഭക്ത പോയിട്ട് വാ ”
അവളെ നോക്കി ചിരിയോടെ മഹി പറഞ്ഞു.

” കേറുന്നില്ലേ ?? ”

ഉമാമഹേശ്വര ക്ഷേത്രത്തിന് മുന്നിൽ കാർ നിർത്തുമ്പോൾ മാനസ മഹിയോടായി ചോദിച്ചു.

” ഞാനില്ല എനിക്കും കൂടി വേണ്ടി എന്റെ ശ്രീമതിയങ്ങ് പ്രാർത്ഥിച്ചാൽ മതി. ”

അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു.

” മഹിയേട്ടനും കൂടി വേണ്ടിയല്ല മഹിയേട്ടന് വേണ്ടി മാത്രമാണ് ഞാൻ ഈ നടയിൽ കയറിയിറങ്ങുന്നത്. ”

അവനെ നോക്കി പുഞ്ചിരിക്കുമ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു. അവൾക്ക് നേരെ കൈ വീശിക്കാണിച്ച് കാർ ഓടിച്ചു പോകുന്ന മഹിയെ നോക്കി ഇത്തിരി നേരം നിന്നിട്ട് അവൾ സാരി ഒതുക്കിപ്പിടിച്ച്‌ മുകളിലേക്ക് കയറി.

” മഹേഷ്‌ തിരുവാതിര നക്ഷത്രം……. ”

മൃത്യുഞ്ജയഹോമത്തിന്റെ പ്രസാദം തിരുമേനിയിൽ നിന്നും വാങ്ങുമ്പോൾ മാനസയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

” വിഷമിക്കണ്ട എന്നും തിരുനടയിൽ വന്ന് കണ്ണീരൊഴുക്കുന്ന മോൾടെ കണ്ണുനീര് ഭഗവാൻ കാണാതിരിക്കില്ല. ”

അവളെ നോക്കി വാത്സല്യത്തോടെ തിരുമേനി പറഞ്ഞു. മറുപടിയായി നനഞ്ഞ മിഴികൾ തുടച്ച് ഒന്ന് പുഞ്ചിരിച്ച് അവൾ തിരിഞ്ഞു നടന്നു.
പുറത്തേക്ക് ഇറങ്ങി ഒന്നുകൂടി തൊഴുത് ഇലചീന്തിലെ പ്രസാദം വിരലിൽ എടുത്ത് നെറ്റിയിൽ തൊട്ട് അവൾ വേഗം നടന്നു.

“വാ മോളേ വാ. ഭൂതം , ഭാവി , വർത്തമാനം എല്ലാം പറയും. ”

അവൾ പുറത്തേക്ക് ഉള്ള പടിക്കെട്ടിനരികിൽ എത്തിയപ്പോൾ വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി ചിരിച്ചുകൊണ്ട് വയസായ ഒരു കൈ നോട്ടക്കാരി സ്ത്രീ വിളിച്ചു.

” വേണ്ട ”

പറഞ്ഞുകൊണ്ട് സാരി ഒതുക്കിപ്പിടിച്ച് അവൾ പടികൾ ഇറങ്ങാൻ തുടങ്ങി.

” കഷ്ടകാലം തലക്ക് മുകളിൽ കൊടികുത്തി നിൽക്കുന്നു.
ചൊവ്വയുടെ പിടിയിൽ ഞെരിഞ്ഞമരുകയാണ്. ദാമ്പത്യരേഖ മുറിഞ്ഞതാണ് , നെറുകയിലെ ചുവപ്പ് രാശിക്ക് ആയുസ്സ് കുറവാണ്. ”

അവരുടെ വാക്കുകൾ കേട്ട് മാനസയുടെ കാലുകൾ നിശ്ചലമായി. കരിയെഴുതിയ വലിയ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ആ പടിക്കെട്ടിൽ തളർന്നിരുന്നു.

എങ്ങനെയൊക്കെയോ വീട്ടിൽ എത്തി അകത്തേക്ക് കയറിയ അവളുടെ കാലുകൾ ഇടറിയിരുന്നു.

” ഇന്നെന്താ മോളേ ഇത്രയും താമസിച്ചത്?? ”

ഹാളിൽ ഇരുന്ന ഊർമ്മിളയുടെ ചോദ്യം അവൾ കേട്ടതായി പോലും തോന്നിയില്ല. ഒരു പ്രതികരണവും ഇല്ലാതെ മുകളിലേക്ക് പോകുന്ന അവളെ നോക്കി അവർ അമ്പരന്ന് നിന്നു.

ഒന്ന് രണ്ട് പടികൾ കയറിയപ്പോഴേക്കും തലചുറ്റുന്നത് പോലെ തോന്നിയ മാനസ പെട്ടന്ന് പിന്നിലേക്ക് മറിഞ്ഞു വീണു.

” മോളേ ……. ”

.ഊർമ്മിളയിൽ നിന്നും ഒരു നിലവിളി ഉയർന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

Share this story