ഇനിയൊരു ജന്മംകൂടി – PART 6

ഇനിയൊരു ജന്മംകൂടി – PART 6

നോവൽ

******

ഇനിയൊരു ജന്മംകൂടി – PART 6

എഴുത്തുകാരി: ശിവ എസ് നായർ

“എല്ലാവരും ചേർന്നു ചതിക്കുകയായിരുന്നു അല്ലെ എന്നെ… ഞാൻ…ഞാൻ… എന്ത് തെറ്റാ ചെയ്തേ നിങ്ങളോട്… ” ആവണി കരഞ്ഞു പോയി.

“നിനക്കതു അറിയണമല്ലേ…. ”

സുധീഷിന്റെ അമ്മ വലതു കരം വീശി അവളുടെ കരണത്ത്‌ ആഞ്ഞടിച്ചു.

ആവണി വട്ടം കറങ്ങി നിലത്ത് വീണു.

ഹാളിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട് ഗീത അവളെ അടിമുടി വീക്ഷിച്ചു.

നിലത്ത് വീണ ആവണി പതിയെ എഴുന്നേറ്റു.

“എന്തിനായിരുന്നു എന്നോടീ ചതി ചെയ്തത്….?? ” ദുർബലമായ സ്വരത്തിൽ അവൾ ചോദിച്ചു.

ഗീതയുടെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു. കണ്ണുകളിൽ പകയുടെ കനലുകൾ എരിഞ്ഞു.

“ശ്രീനിയേട്ടൻ…. ” സുധീഷിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ആവണി അതിശക്തിയായി ഞെട്ടി.

“അച്ഛൻ…?? എന്റെ അച്ഛനോ… ”

“അതേടി….”

“എന്റെ അച്ഛൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു…?? ആരെയും ഉപദ്രവിക്കാത്ത ഒരു പാവം ആയിരുന്നു എന്റെ അച്ഛൻ..”

“ഇന്ന് നിന്റെ ഈ അവസ്ഥയ്ക്ക് കാരണം തന്നെ നിന്റെ അച്ഛനോടുള്ള എന്റെ അടങ്ങാത്ത പകയാണ്.. ”

കിതച്ചു കൊണ്ട് അവർ പറഞ്ഞു.

“അതിനു മാത്രം എന്ത് തെറ്റാ എന്റെ അച്ഛൻ നിങ്ങളോട് ചെയ്തത്…?? ”

ആവണിക്ക് ക്ഷമ കെട്ടു.

ഗീതയുടെ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് സഞ്ചരിച്ചു….

“ചെറുപ്പം തൊട്ടേ ശ്രീനിയേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. സാധാരണ ആണുങ്ങളാണ് ഇഷ്ടം പറഞ്ഞു പെണ്ണുങ്ങളുടെ പുറകെ പോകുന്നത്…

എന്നാൽ ഇവിടെ കാര്യങ്ങൾ തിരിച്ചായിരുന്നു സംഭവിച്ചത്…. ഒരുപാടുപേർ എന്റെയടുത്തു ഇഷ്ടം പറഞ്ഞു വന്നിട്ടും എനിക്ക് ഇഷ്ടമായത് എന്നെ നിരന്തരം അവഗണിച്ച ശ്രീനിയേട്ടനോടായിരുന്നു….

ശ്രീനിയേട്ടനെന്നു വച്ചാൽ ഭ്രാന്തായിരുന്നു എനിക്ക്…
എന്നെങ്കിലും എന്റെ ഇഷ്ടം അദ്ദേഹം മനസിലാക്കുമെന്ന് ഞാൻ മോഹിച്ചു.

ഒരു ദിവസം ഞാൻ അറിഞ്ഞു നിന്റെ അച്ഛൻ നിന്റെ അമ്മയുമായി ഇഷ്ടത്തിലായിരുന്നുവെന്ന്….

എന്റെ അച്ഛന്റെ ബിസിനസ്‌ പാർട്ണർ ആയിരുന്നു ശ്രീനിയേട്ടന്റെ അച്ഛൻ.

അങ്ങനെ അതുവഴി ഏത് വിധേനയും നിന്റെ അച്ഛനെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചു.കാശ് കൊടുത്തു എന്റെ അച്ഛൻ ശ്രീനിയേട്ടന്റെ വീട്ടുകാരെ വിലയ്‌ക്കെടുത്തു. പക്ഷേ ഉദേശിച്ചത്‌ പോലെ ഒന്നും നടന്നില്ല.

കാര്യങ്ങൾ മനസിലാക്കിയ ശ്രീനിയേട്ടൻ കുറെ ബഹളമുണ്ടാക്കി.വീട്ടുകാരുമായി തെറ്റി പിരിഞ്ഞു ഇറങ്ങി പോയി.

ശ്രീനിയേട്ടൻ എന്റെ വീട്ടിൽ വന്നു അച്ഛനെയും എന്നെയും കുറെ അപമാനിച്ചു.ഞാൻ കാരണം എന്റെ അച്ഛൻ ഒരുപാട് നാണംകെട്ടു ചെറുതായി അയാളുടെ മുൻപിൽ.

പിന്നീടറിഞ്ഞു ശ്രീനിയേട്ടൻ സൗഭാഗ്യയെ വിവാഹം കഴിച്ചതും മാറി താമസിക്കാൻ തുടങ്ങിയതും….

അന്ന് തകർന്നു പോയി ഞാൻ…എന്റെ ആത്മാർത്ഥ സ്നേഹം നിരസിച്ചതിന് ഒരു കാരണവും പറയാനില്ലായിരുന്നു നിന്റെ അച്ഛന്.

ഓർമ വച്ച നാൾ മുതൽ ഒരു പട്ടിയെ പോലെ പിന്നാലെ നടന്നതല്ലേ ഞാൻ… എന്നിട്ടും എന്നെ ആട്ടി പായിച്ചു….”

ആവണി എല്ലാം ക്ഷമയോടെ കേട്ടിരുന്നു.

“നിങ്ങളുടെ സ്നേഹം ആത്മാർത്ഥമായിരുന്നെങ്കിൽ ഒരിക്കലും എന്റെ അച്ഛൻ അത് കണ്ടില്ലെന്നു നടിക്കില്ലായിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവമായിരുന്നു എന്റെ അച്ഛൻ….

പണത്തിന്റെ അഹങ്കാരം കൊണ്ട് കണ്ണ് മഞ്ഞളിച്ച നിങ്ങൾക്ക് ആത്മാർത്ഥ സ്നേഹം എന്താണെന്നു പോലുമറിയില്ല.

അത് പറയാൻ നിങ്ങൾക്ക് ഒരു യോഗ്യതയുമില്ല.എന്റെ അച്ഛനെ കാശെറിഞ്ഞു വിലയ്ക്ക് വാങ്ങിക്കാനല്ലേ നിങ്ങൾ ശ്രമിച്ചത്….

ആത്മാർത്ഥ പ്രണയം ഒരിക്കലും നശിക്കില്ല. ഹൃദയം കൊടുത്തു സ്നേഹിച്ച വ്യക്തിയെ ഒരു തരത്തിലും ആർക്കും ദ്രോഹിക്കാൻ തോന്നില്ല. പക്ഷേ നിങ്ങൾ ചെയ്തത് അതല്ലല്ലോ….

എന്റെ അമ്മ അച്ഛനെ സ്നേഹിച്ചത് ഹൃദയം കൊണ്ടാണ്….അമ്മയുടെ മനസ്സിൽ ഇന്നും അച്ഛൻ ജീവിക്കുന്നുണ്ട്… ” ആവണി അക്ഷോഭ്യയായി….

പൊടുന്നനെ സുധീഷിന്റെ അമ്മ സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു…

പാഞ്ഞു വന്ന അവർ ആവണിയുടെ കഴുത്തിൽ പിടുത്തമിട്ടു.

“എന്നെ ഉപദേശിക്കാൻ മാത്രം വളർന്നോ നീ….

നീ പറഞ്ഞത് ശരിയാ… പണത്തിന്റെ അഹങ്കാരം തന്നെയാടി. ഒരു ഗതിയും ഇല്ലാതിരുന്ന നിന്റെ അച്ഛന്റെ ഫാമിലിയെ ഈ നിലയ്ക്ക് കൊണ്ട് വന്നത് എന്റെ അച്ഛനാ….”

“പണം കൊടുത്തു എന്തും വാങ്ങിക്കാം… പക്ഷേ മനുഷ്യന്റെ മനസ്സ് വാങ്ങാൻ കഴിയില്ല.എന്റെ അച്ഛൻ നിങ്ങളെ ഒഴിവാക്കിയെങ്കിൽ അത് നിങ്ങളുടെ സ്വഭാവ ദൂഷ്യം കൊണ്ട് തന്നെയാ… ”

ആവണി പറഞ്ഞു.

“നിന്റെ ഈ അഹങ്കാരം ഞാൻ തീർക്കുന്നുണ്ട്… നിന്റെ അച്ഛനോടുള്ള പ്രതികാരം നിന്നിലൂടെ തീർക്കും ഞാൻ..

ഇനി നിന്റെ കഷ്ടകാലമാണ് ആവണി…
നിന്നെ കൊല്ലാതെ കൊല്ലും ഞാൻ… ”

ആവണി ശ്വാസം കിട്ടാതെ പിടഞ്ഞു.

അവർ അവളുടെ കഴുത്തിൽ നിന്നും പിടിവിട്ടു.

ആവണി ശ്വാസം വലിച്ചു വിട്ടു…

“പ്രതികാരം വീട്ടാൻ വേണ്ടി നിങ്ങൾ നശിപ്പിച്ചത് നിങ്ങളുടെ മകന്റെ കുടുംബ ജീവിതം തന്നെയാ…. നിങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനു നിങ്ങൾ മകന്റെ ജീവിതം വച്ചാ കളിച്ചത്…. ”

“എന്റെ മകന്റെ മക്കളെ പ്രസവിച്ചു അവന്റെയും ഇവിടുത്തെയും കാര്യങ്ങൾ നോക്കി ഒരു അടിമയായി കഴിയേണ്ടി വരും നിനക്ക്…. ഇനി നിന്റെ ജീവിതത്തിൽ സ്വസ്ഥത എന്നൊന്നുണ്ടാവില്ല ആവണി…. അടിമ ജീവിതം ആയിരിക്കും നിനക്കിവിടെ…

പുറമേ ഒരാള് പോലും ഇതറിയില്ല… നിന്റെ നാവിൽ നിന്നും ഇക്കാര്യം മറ്റൊരാൾ അറിയില്ല…. ” വിജയ ഭാവത്തോടെ അവർ പറഞ്ഞു.

“എന്റെ പട്ടി കഴിയും നിങ്ങളുടെ അടിമയായി…. സത്യങ്ങളെല്ലാം അഖിലേഷേട്ടനോട് തുറന്നു പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെയൊപ്പം ഇറങ്ങി പോവും. നിങ്ങളുടെ ആട്ടും തുപ്പും സഹിച്ചു കിടക്കേണ്ട ഗതികേട് എനിക്കില്ല… എനിക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞാൽ അഖിലേഷേട്ടൻ എന്നോട് ക്ഷമിക്കും…. അതുറപ്പാ എനിക്ക്…. ”

“അതൊരിക്കലും നടക്കാൻ പോണില്ല മോളെ…. നിന്റെ അച്ഛൻ എന്നെ തള്ളിക്കളഞ്ഞു അവളെ കെട്ടിയപ്പോൾ എനിക്ക് സഹിച്ചില്ല….

ഒരു ആക്‌സിഡന്റ് ഉണ്ടാക്കി നിന്റെ അച്ഛനെ തളർത്തി കിടത്തിയത് ഞാൻ തന്നെയാ… എനിക്ക് കിട്ടാത്തതു അവൾക്കും അനുഭവിക്കാൻ യോഗമുണ്ടാകരുതെന്ന് ഞാൻ ഉറപ്പിച്ചതാ….. അതുകൊണ്ട് തന്നെയാ ശ്രീനിയേട്ടനെ കിടപ്പിലാക്കിയതും…

എന്നെ ധിക്കരിച്ചു കൊണ്ട് നീ അവനോടൊപ്പം ഇറങ്ങി പോയാൽ അമ്മയുടെ ഗതി തന്നെയാവും മോൾക്കും…. അവനെ ആരോഗ്യത്തോടെ കാണണമെങ്കിൽ മോള് ആ മോഹമങ്ങു മനസ്സിൽ വച്ചേക്ക്….

നിനക്ക് അവനുമായുള്ള അടുപ്പമെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാടി നിന്നെ കുടുക്കാൻ ഞാൻ വല വിരിച്ചത്….

ഇവിടെ കഴിഞ്ഞു പോയാൽ നിനക്ക് തണ്ടും തടിയും ആരോഗ്യവുമുള്ള ഭർത്താവെങ്കിലും ഉണ്ടെന്ന് അവകാശപ്പെടാം….

നിന്റെ മറ്റവന്റെ കൂടെ നീ ഇറങ്ങി പോയാൽ പിന്നെ അവനു രണ്ടു കാലിൽ നിവർന്നു നിൽക്കാനാവാതെ അടിച്ചിടും ഞാൻ…. അത് വേണ്ടെങ്കിൽ മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ നിന്നോ….

ഈ സമയം അവനെന്തെങ്കിലും പറ്റിയാൽ അഖിലേഷിന്റെ ജോലി വരെ പോവും മോളെ…
ആത്മാർത്ഥ പ്രണയമെന്നൊക്കെ വല്യ ഡയലോഗ് അടിച്ചതല്ലേ നീ….
നീ മനസ്സ് വച്ചാൽ അവനൊരു പോറൽ പോലുമുണ്ടാവില്ല…. ”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ആവണി നടുങ്ങി തരിച്ചു നിന്നു.

“നിങ്ങൾ… നിങ്ങൾ ഒരു സ്ത്രീയാണോ… ഇത്രയും വൃത്തികെട്ട ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല….

എന്റെ അച്ഛനെയും അമ്മയെയും ദ്രോഹിച്ചു മതിയാവാതെ ഇപ്പൊ നിങ്ങൾ എന്നെയും വെറുതെ വിട്ടില്ല…. നിങ്ങളുടെ ഒടുക്കത്തെ ഒരു പ്രതികാരം….

ഞാൻ കാരണം അഖിലേഷേട്ടന് ഒന്നും സംഭവിക്കുന്നത് എനിക്കിഷ്ടമല്ല… നിങ്ങൾ പറയുന്നത് അനുസരിച്ചു ഒരു അടിമയെ പോലെ ഞാൻ കഴിഞ്ഞോളം…. അദ്ദേഹത്തെ വെറുതെ വിട്ടേക്ക്….”

ആവണി ഭിത്തിയിലൂടെ ഊർന്നിറങ്ങി നിലത്തിരുന്നു.

“അങ്ങനെ വഴിക്ക് വാ… എന്റെ കണക്ക് കൂട്ടലുകൾ ഒന്നും ഇതുവരെ പിഴച്ചിട്ടില്ല…

ഇവിടെ നടക്കുന്നത് പുറത്തൊരു മനുഷ്യൻ പോലുമറിയരുത്…. അവനെ വിളിച്ചു പറഞ്ഞു രക്ഷപെടാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ആ ചിന്ത വേരോടെ നുള്ളി കളഞ്ഞേക്ക്.

എവിടെ പോയാലും എന്റെ കയ്യിൽ നിന്ന് നിനക്കോ അവനോ രക്ഷയില്ല…. അതുകൊണ്ട് നിന്റെ അഖിലേഷേട്ടൻ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണണമെങ്കിൽ ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ അടങ്ങി കിടന്നോണം…. ”

“ഗീതേ… നീ എന്ത് ദ്രോഹമാ ആ കൊച്ചിനോട് കാണിക്കുന്നത്…. ഇനിയും നിന്റെ പക അടങ്ങിയില്ലേ… ”

പിന്നിൽ എല്ലാം കേട്ട് കൊണ്ടു നിന്ന സുധീഷിന്റെ അച്ഛൻ സുരേന്ദ്രൻ ചോദിച്ചു.

ഗീത അയാളെ തറപ്പിച്ചൊന്നു നോക്കി.

“എന്നെ ചോദ്യം ചെയ്യാൻ മാത്രം ആയോ നിങ്ങൾ. അടങ്ങിയൊതുങ്ങി നിന്നാൽ നിങ്ങൾക്കും കൊള്ളാം…. ഇല്ലെങ്കിൽ ഭർത്താവാണെന്ന കാര്യം ഞാൻ അങ്ങ് മറക്കും. ആ അധികാരം കാണിച്ചു എന്റെ അടുത്ത് വരരുത്…. എന്നെ അറിയാലോ നിങ്ങൾക്ക്…. ”

ഗീത അയാളെ താക്കീത് ചെയ്തു.

മുഖത്തു അടിയേറ്റതു പോലെയായി സുരേന്ദ്രന്. അയാൾ പിന്നെയൊന്നും മിണ്ടിയില്ല.

ഗീത ആവണിക്ക് നേരെ തിരിഞ്ഞു.

“ഇന്ന് മുതൽ ഇവിടുത്തെ സെർവന്റ് വരില്ല. ഞാൻ അവളെ പിരിച്ചു വിട്ടു. ഇനി ഇവിടുത്തെ എല്ലാ ജോലികളും ചെയ്തു തീർക്കേണ്ടത് നിന്റെ ജോലിയാണ്…. മനസിലായല്ലോ നിനക്ക്.

നിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. ബാക്കി വഴിയേ തരുന്നുണ്ട് ഞാൻ…ഞാൻ പറഞ്ഞതെല്ലാം ഓർത്തു വച്ചോ…. എന്നെ ധിക്കരിക്കാനാണ് ഭാവമെങ്കിൽ നീ വിവരമറിയും…. ”

ആവണി അവരുടെ മുഖത്തേക്ക് നോക്കി സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി.

അവളെ തറപ്പിച്ചൊന്നു നോക്കിയ ശേഷം അവർ കലിതുള്ളി അകത്തേക്ക് കയറിപ്പോയി.

കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി ആവണി വിങ്ങി കരഞ്ഞു.

സുരേന്ദ്രൻ അവളുടെ അടുത്തേക്ക് വന്നു.

“മോളെ… ” അയാൾ അവളുടെ ശിരസിൽ കൈ വച്ചു.

അവൾ മുഖമുയർത്തി അയാളെ നോക്കി.

“അച്ഛാ…. എന്നെ… എന്നെ എല്ലാരും കൂടി ചതിക്കുകയായിരുന്നു അല്ലെ… ”

“ഇല്ല മോളെ… അച്ഛന് ഇതിൽ ഒരു പങ്കുമില്ല….മോളുടെ വിഷമം എനിക്ക് നന്നായി മനസിലാകും.വർഷങ്ങളായി അവളോടൊപ്പം അടിമ ജീവിതം നയിക്കുകയാണ് ഞാൻ…

കുടുംബം തകരാതിരിക്കാൻ വേണ്ടി എല്ലാം സഹിക്കുന്നതാ മോളെ. നട്ടെല്ലില്ലാത്തവനെന്നു മോൾക്ക് ഒരുപക്ഷെ തോന്നുമായിരിക്കും….

ആരെങ്കിലും ഒരാൾ താഴ്ന്നു കൊടുക്കണ്ടേ…. എന്റെ മോള് വിഷമിക്കണ്ട അച്ഛനുണ്ട് കൂടെ… ”

ആവണി അയാളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. സുരേന്ദ്രൻ അവളെ ചേർത്ത് പിടിച്ചു.

അയാളിൽ അവൾ സ്വന്തം അച്ഛനെ കണ്ടു. ആ ചേർത്ത് പിടിക്കലിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി അവൾക്ക്….

“അച്ഛന്റെ ഉള്ളിലെ നന്മയുടെ ഒരു കണിക പോലും സുധിയേട്ടന് ഇല്ലാതെ പോയല്ലോ… ”

“എന്റെ മോൻ ഒരു പാവമായിരുന്നു മോളെ…. അവനെ ലാളിച്ചു വഷളാക്കിയത് അമ്മ തന്നെയാ…. ”

“അച്ഛനെങ്ങനെ ഇവരെ സഹിക്കുന്നു..”

“പ്രാരാബ്ദം കൊണ്ട് താലി കെട്ടിപോയി.
ആത്മഹത്യയുടെ വക്കിൽ നിന്ന എന്റെ കുടുംബം രക്ഷപ്പെട്ടത് അവളുടെ അച്ഛൻ കാരണമാണ്…. ആ കടപ്പാടിൽ ഒരു അടിമയെ പോലെ കഴിയേണ്ട ഗതികേട് ആയിപോയി മോളെ….

അവർക്ക് ആവശ്യവും അങ്ങനെ ഒരാളെ ആയിരുന്നു… മകളുടെ വാക്കിനപ്പുറം പോകാത്ത ഒരു പെൺകോന്തൻ ഭർത്താവ്….

അതിൽ അവളുടെ വീട്ടുകാർ വിജയിച്ചു.
ശ്രീനിവാസൻ മോളുടെ അച്ഛൻ… അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ വാർത്ത അറിഞ്ഞു ആ വാശിക്ക് ഗീതയുമായി എന്റെ വിവാഹവും വളരെ പെട്ടന്ന് നടത്തി….

നന്മ ലവ ലേശം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ജന്മമാണ് അവൾ….ഒരു ദയയും അവളിൽ നിന്നും പ്രതീക്ഷിക്കണ്ട മോളെ.

ദൈവം എല്ലാം കാണുന്നുണ്ട്…. ഇതിനൊരു പരിഹാരം ദൈവം കാണിച്ചു തരും മോളെ….സമാധാനിക്ക് എല്ലാം ശരിയാവും…. ”

അയാൾ അവളെ തന്നാലാവും വിധം സമാധാനിപ്പിച്ചു.

ജോലിക്കാരിയെ പറഞ്ഞയച്ചതിനാൽ എല്ലാ ജോലിയും ചെയ്യേണ്ട ചുമതല ആവണിക്കായി.

അടുത്ത പൊട്ടിത്തെറി കേൾക്കണ്ടെന്ന് കരുതി അവൾ വേഗം കിച്ചണിലേക്ക് നടന്നു.ഓരോ പണികൾ ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

അച്ഛനെ ആക്‌സിഡന്റിൽ പെടുത്തി കിടപ്പിലാക്കിയത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഓരോന്നാലോചിച്ചു അവൾ സങ്കടപ്പെട്ടു.

രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ തയ്യാറാക്കി വച്ചിട്ട് സുധീഷിനുള്ള കോഫിയുമായി അവൾ മുകളിലേക്ക് ചെന്നു.

അപ്പോൾ അവളുടെ മനസ്സിലേക്ക് വന്നത് മുൻപ് സുധീഷ്‌ പറഞ്ഞ വാക്കുകളാണ്.

“എന്തിനു വേണ്ടിയാ തന്നെ വിവാഹം കഴിച്ചതെന്ന് അവനോടു ചോദിച്ചപ്പോൾ അവനന്നു പറഞ്ഞത് പ്രതികാരം തീർക്കാനായിരുന്നു എന്നാണ്….

പക്ഷേ എന്ത് പ്രതികരമാണെന്ന് അറിഞ്ഞത് അമ്മയിൽ നിന്നും….

അമ്മയും മോനും കൂടി ഒത്തുചേർന്ന് തന്നെ ചതിച്ചല്ലോയെന്നവൾ ഓർത്തു..”

സുധീഷിനോട് രണ്ടു വർത്താനം പറയണമെന്ന് അവൾ ഉറപ്പിച്ചു.

ആവണി റൂമിലേക്ക് വരുമ്പോൾ സുധീഷ്‌ കമ്പനിയിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു…

“ഇന്നെന്താ കോഫി ലേറ്റ് ആയതു… ” അൽപ്പം ഗൗരവത്തോടെ സുധീഷ്‌ ചോദിച്ചു.

“എനിക്ക് രണ്ടു കൈയേയുള്ളു…. എല്ലാ പണിയും ഞാൻ തന്നെ ഒറ്റയ്ക്കു ചെയ്യണം… രാവിലെ തന്നെ കോഫി ഇട്ട് വച്ചതാ… ഇങ്ങോട്ട് കൊണ്ടു വരാൻ ഒഴിവ് കിട്ടിയില്ല…. അത്ര അത്യാവശ്യം ആയിരുന്നെങ്കിൽ താഴോട്ട് വരണമായിരുന്നു….”

ആവണിയും വിട്ടു കൊടുത്തില്ല.

“ഇത്ര ഉച്ചത്തിൽ സംസാരിക്കാനൊക്കെ നീ പഠിച്ചോ….?? ” പരിഹാസത്തോടെ അവൻ ചോദിച്ചു.

“അമ്മയും മോനും കൂടി എന്നെ അങ്ങു കൊല്ല്…. അങ്ങനെയെങ്കിലും നിങ്ങളുടെ പ്രതികാരം തീരട്ടെ….

നിങ്ങളുടെ അടിമയായി ആട്ടും തുപ്പും സഹിച്ചു കിടക്കുന്നതിനേക്കാൾ നല്ലത് മരണമാണ്….”

അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അപ്പോഴാണ് സുധീഷ്‌ ആവണിയുടെ കവിളിൽ തിണർത്തു കിടക്കുന്ന വിരൽ പാടുകൾ ശ്രദ്ധിച്ചത്..

“നിന്നെ ആരെങ്കിലും തല്ലിയോ… ” അവളുടെ കവിളിലെ വിരൽ പാടിലേക്ക് കൈചൂണ്ടി അവൻ ചോദിച്ചു.

“നിങ്ങളുടെ അമ്മ തല്ലിയതാ…
രണ്ടു പേരും കൂടി സമർത്ഥമായി തന്നെ ചതിച്ചല്ലോ…. കൊള്ളാം….

അമ്മയുടെയും മോന്റെയും പ്രതികാര കഥ അസ്സലായി…. ഇത്രയും ദ്രോഹിച്ചു മതിയാവാഞ്ഞിട്ടു ഇപ്പൊ എന്റെ ജീവിതവും തകർത്തു…

അത് ചോദ്യം ചെയ്തതിനു കിട്ടിയ മറുപടിയാണിത്…. ”

ആവണി കവിൾ തടവി കൊണ്ട് പറഞ്ഞു.

“പ്രതികാരം…?? എന്ത് പ്രതികാരം…?? ആവണി നീ എന്തൊക്കെയാ പറയുന്നത്… ” മനസിലാകാതെ സുധി ചോദിച്ചു.

“ഞാൻ അറിഞ്ഞു നിങ്ങൾ അന്ന് പറഞ്ഞ ആ പ്രതികാരം എന്താണെന്നു…
അമ്മ പറഞ്ഞു… ഇരുപത്തിയഞ്ചു ലക്ഷം എന്റെ കൊച്ചച്ചന് എണ്ണി കൊടുത്തു വാങ്ങിയതല്ലേ എന്നെ… ”

ആവണി താൻ അറിഞ്ഞ കാര്യങ്ങൾ അവന്റെ മുന്നിൽ വിളിച്ചു പറഞ്ഞു.

സുധീഷ്‌ ഞെട്ടി നിന്നു.

“നിങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങളുടെ അമ്മ പറഞ്ഞു സത്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു…. നന്നായിട്ടുണ്ട്…

വളഞ്ഞ വഴിയിൽ കൂടി ആണെങ്കിലും അമ്മയും മോനും കാര്യങ്ങൾ സാധിച്ചല്ലോ…. ” പുച്ഛ സ്വരത്തിൽ ആവണി പറഞ്ഞു.

“ആവണീ….” നടുക്കത്തോടെ സുധീഷ്‌ വിളിച്ചു.

പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആവണി ചോദ്യ ഭാവത്തിൽ അവനെയൊന്നു നോക്കി…

“എന്താ…. ”

“ഇങ്ങനെയൊരു ചതി ഇതിനു പിന്നിലുണ്ടെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു…..അതിൽ എനിക്കൊരു പങ്കുമില്ല….

എന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു മുഖം ഉണ്ടെന്ന് സത്യമായും എനിക്ക് അറിയില്ലായിരുന്നു.

എന്റെ അമ്മയ്ക്ക് നിന്റെ അച്ഛനോട് പ്രതികാരം ഉള്ളതോ നിന്റെ അച്ഛനെ ആക്‌സിഡന്റ് ആക്കി കിടത്തിയതോ ഒന്നും ഞാൻ അറിഞ്ഞിട്ടുള്ളതല്ല…. ഇപ്പൊ നീ പറയുമ്പോഴാണ് ഞാൻ അറിയുന്നത് തന്നെ….

ഞങ്ങളുടെ കമ്പനിയിലെ മാനേജർ ആണ് നിന്റെ കൊച്ചച്ചൻ. അയാൾ കൊണ്ടു വന്ന ആലോചനയാണ് ഇതെന്ന അമ്മ അന്ന് പറഞ്ഞതും….

ഇതിന്റെ ഇടയിൽ ഇങ്ങനെയൊരു ഉടമ്പടി ഉള്ളത് ഞാൻ അറിഞ്ഞതല്ല… ”

ഇത്തവണ ഞെട്ടിയത് ആവണിയാണ്.

“നിങ്ങൾ തന്നെയല്ലേ പറഞ്ഞത് പ്രതികാരം തീർക്കാനാണ് എന്നെ വിവാഹം കഴിച്ചതെന്ന്….?? ”

“അത് ശരിയാണ്…. പക്ഷേ അതിന്റെ കാരണം ഇതല്ല ആവണി…അമ്മയുടെ വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചതെന്ന തെറ്റിദ്ധാരണ വേണ്ട…സത്യം ഞാൻ പറയാം….

നിന്നോടെന്നല്ല ആരോടും ഇത് പറയാൻ ഞാൻ ആഗ്രഹിച്ചതല്ല…. പക്ഷേ അമ്മയുടെ പ്രതികാരം വീട്ടാനാണ് ഞാനിത് ചെയ്തതെന്ന് നീ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നു. സത്യം അതല്ല എന്ന് നീ മനസിലാക്കണം…അതുകൊണ്ട് മാത്രമാണ് നിന്നോട് എനിക്കിത് പറയേണ്ടി വരുന്നത്…. ”

എന്താണ് തനിക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയാതെ ആവണി സ്തംഭിച്ചു നിന്നു.

“അപ്പോൾ…. അമ്മയ്ക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിനു വേണ്ടിയാ നിങ്ങൾ എന്നെ വിവാഹം ചെയ്തത്…
എന്ത് പ്രതികരമായിരുന്നു…? ”

“ഞാൻ പറയാം…. ”

സുധീഷിന്റെ ആ പ്രതികാരം എന്തെന്നറിയാനായി ആവണി കാതോർത്തു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

Share this story