പവിത്ര: PART 16

പവിത്ര: PART 16

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

ഭർത്താവിനെ യാത്രയാക്കിയിട്ട് അടുക്കളയിലേക്ക് വന്ന പത്മം കണ്ടു അവിടെ ചായയും കുടിച്ചു കൊണ്ടിരിക്കുന്ന പവിത്രയെ. അയാൾ പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ടാകും എന്നവർക്ക് മനസ്സിലായി.

” അച്ഛൻ പറഞ്ഞതൊന്നും മോള് കാര്യമാക്കണ്ട കേട്ടോ ”
അവർ സങ്കടത്തോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഇരുന്നു.

” ആര് കാര്യമാക്കുന്നു… എനിക്ക് ഇതൊക്കെ ഇപ്പോൾ കേട്ടു കേട്ടു ശീലമായി പോയ്‌ അമ്മേ ”

പവിത്ര ചിരിയോടെ പത്മത്തിനെ നോക്കി. ആ ചിരിക്കപ്പുറം മറഞ്ഞിരിക്കുന്ന നൊമ്പരം പത്മത്തിന്റെ അമ്മ മനസ്സിന് കാണാമായിരുന്നു.

പവിത്ര ജനിച്ചപ്പോൾ അദ്ദേഹം ആരെയോ കൊണ്ട് അവളുടെ ജനിച്ച സമയം നോക്കിച്ചിരുന്നു. അച്ഛന് ദോഷം ആണത്രേ അവളുടെ നാളിൽ പറയുന്നത്. നിറയെ ദോഷങ്ങളുള്ള ഒരു പാപജാതകം ആണെന്ന് തന്റെ കുഞ്ഞിന്റെ…. അതിന്റെ പ്രതിഫലനം എന്നോണം കുറച്ചു വയ്യാഴികകൾ ഒക്കെ പവിത്ര ഉണ്ടായി കഴിഞ്ഞു കൃഷ്ണപിള്ളയ്ക്ക് വന്നിരുന്നു.
അന്ന് തൊട്ട് ഒന്ന് സ്നേഹത്തോടെ അവളെ നോക്കുകയോ വാത്സല്യത്തോടെ മോളേ എന്ന് വിളിക്കുകയോ ചെയ്തിട്ടില്ല..

ആദ്യമൊക്കെ അച്ഛൻ വഴക്ക് പറയുമ്പോളും തല്ലുമ്പോഴും കരഞ്ഞു കൊണ്ട് തന്റെ അടുത്തേക്ക് അവൾ ഓടി വരുമായിരുന്നു. വളരുന്നതിന് അനുസരിച്ചു സങ്കടം പുറത്ത് കാണിക്കാതെ ഇരിക്കാനും അവൾ പഠിച്ചിരിക്കുന്നു.

ജാതകദോഷത്തിന് പുറമെ പവിത്രയുടെ സ്വഭാവവും കൃഷ്ണ പിള്ളയ്ക്ക് ഇഷ്ടമല്ല. ആര് എന്ത് തെറ്റ് ചെയ്താലും അത് ചോദ്യം ചെയ്യാൻ അവൾക്ക് ഒരു പേടിയുമുണ്ടായിരുന്നില്ല. അച്ഛന്റെ സംശയജനകമായ പ്രവർത്തികളെ അവൾ അമ്മയുടെ മുന്നിൽ വെച്ച് ചോദ്യം ചെയ്യുമ്പോൾ പലപ്പോഴും ഉത്തരം പറയാനില്ലാതെ അയാൾ വിളറി നിൽക്കാറുണ്ട്. അവസാനം എന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നിട്ടില്ല എന്ന താക്കീതിൽ ആ രംഗം അയാൾ അവസാനിപ്പിക്കും.

” ആഹ് ഇങ്ങനെ ഇരുന്നാൽ മതിയോ നിനക്ക് കോളേജിൽ പോകണ്ടേ… പിന്നെ നീ പ്രശാന്തിനെ ഒന്ന് എണീപ്പിക്കണേ ചെറുക്കന് ഭയങ്കര മടിയാ സ്കൂളിൽ പോകാൻ ”

” പുണ്യ എണീറ്റോ അമ്മേ ”

” മ്മ് അവൾ എണീറ്റു കുളിക്കാൻ പോയി ”

പവിത്ര ഡിഗ്രീ ഫസ്റ്റ് ഇയറും പുണ്യ ഒൻപതിലും പ്രശാന്ത് ഏഴിലും ആയിരുന്നു.

രാഘവൻ അമ്മാവന്റെ മകളായ രമ്യയും പവിത്രയും സമപ്രായക്കാർ ആണ്. അവർ ഒരേ കോളേജിൽ ഡിഗ്രി ചെയ്യുന്നു. പവിത്ര അമ്പലപ്പാലത്തിൽ എത്തുമ്പോഴേക്കും അവളും തയാറായി അവിടെ എത്തിയിരിക്കും. പിന്നെ ഇരുവരും ഒന്നിച്ചു ബസ്സിൽ അസംഷൻ കോളേജിലേക്ക് പോകും.

അന്ന് പവിത്ര നേരത്തെ ഇറങ്ങി അയ്യപ്പന്റെ അമ്പലത്തിൽ കേറി തൊഴുതു. കൊച്ച് പെൺകുട്ടികൾ തലേ ദിവസം വിഗ്രഹങ്ങളിൽ ഇട്ട് പിറ്റേന്ന് ഉപേക്ഷിച്ച ജമന്തി മാലയ്ക്ക് വഴക്കിടുന്നത് കണ്ട് അവൾക്ക് ചിരി വന്നു.

” ചിരിക്കണ്ട നീയും ഞാനും ഇതുപോലെ കൊച്ചിലെ കുറേ അടിയുണ്ടാക്കിയതാ ജമന്തി മാലയ്ക്ക്…”
രമ്യ പവിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

” ആ എനിക്ക് ഓർമ്മയുണ്ട്… അന്ന് തല നിറയെ ജമന്തി പൂവ് ചൂടി വരുന്ന കുക്കുവിനെ കാണുമ്പോൾ നിനക്ക് എന്തൊരു കുശുമ്പ് ആയിരുന്നു പെണ്ണേ ”
പവിത്ര രമ്യയെ കളിയാക്കി.

” അതൊക്കെ വിട്… നാളെ നമ്മുക്ക് നേരത്തെ ഇറങ്ങണം കോളേജിൽ നിന്ന്. നാളെ നമ്മുടെ ചിറപ്പ് അല്ലേ… അപ്പോൾ നേരത്തെ വന്നാൽ അല്ലേ അമ്പലത്തിൽ വിളക്ക് ഒക്കെ കത്തിക്കാൻ പറ്റുള്ളൂ. ”

വൃശ്ചിക മാസത്തിൽ അമ്പലങ്ങളിൽ വായന നടത്താറുണ്ട്. അത് ഓരോ വീട്ടുകാർ ആണ് നടത്തിക്കുന്നത്…. അന്നത്തെ ദിവസം വായിക്കുന്നവർക്ക് ഭക്ഷണം, അമ്പലത്തിൽ വിഗ്രഹങ്ങൾക്ക് ഉള്ള ഉടയാട, പൂമാല, എണ്ണ, തിരി, കർപ്പൂരം, അവൽ, പായസം ഇതൊക്കെ ആ വീട്ടുകാരുടെ വക ആയിരിക്കും.
അതിനെയാണ് ചിറപ്പ് എന്ന് പറയുന്നത്.

ഏത് വീട്ടുകാരാണോ ചിറപ്പ് നടത്തുന്നത് അവരുടെ ബന്ധുക്കൾ ഒക്കെ അന്നേ ദിവസം ആ വീട്ടിൽ വരുകയും അമ്പലത്തിൽ ചുറ്റു വിളക്ക് കത്തിക്കാനും മറ്റും അവരോടൊപ്പം കൂടുകയും ചെയ്യും.

” മ്മ് അമ്മ ഓർമ്മിപ്പിച്ചാരുന്നു… നാളെ നേരത്തെ ഇറങ്ങാടി ”

” പിന്നെ നാളെ രാജേഷ് ഏട്ടനൊക്കെ വരും കേട്ടോ.. ”

” ഉവ്വോ ”
പവിത്രയ്ക്ക് ഒരുപാട് സന്തോഷമായി രാജേഷ് വരുന്നെന്നു കേട്ടപ്പോൾ.

” എന്താ പെണ്ണിനിത്ര സന്തോഷം മുറച്ചെറുക്കൻ വരുന്നതിന്റെയാണോ ”

” ദേ രമ്യ ഒരു വീക്ക് വെച്ചു തരും ഞാൻ…. നിനക്ക് അറിയാല്ലോ രാജേഷേട്ടനെ ഞാൻ എന്റെ ആങ്ങളയുടെ സ്ഥാനത്താ കാണുന്നതെന്ന്. ഏട്ടനും ഞാൻ അനിയത്തി എന്ന സ്നേഹമാണ്.
സ്വന്തമായിട്ട് ഒരു ചേട്ടൻ ഉണ്ടായിട്ട് ഒരു കാര്യവുമില്ല…ജോലി ആയി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് വരാനുള്ള താല്പര്യവും കുറഞ്ഞു…വന്നാൽ തന്നെ ഞങ്ങൾ സഹോദരങ്ങളോട് ഒരു അടുപ്പവുമില്ല. പ്രത്യേകിച്ച് എന്നോട് ”

പവിത്ര മുരളിയുടെ കാര്യമാണ് പറയുന്നതെന്ന് രമ്യക്ക് മനസ്സിലായി.

” ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ പവിത്രേ… എനിക്ക് അറിയാം രാജേഷേട്ടന് നിന്നോടുള്ള വാത്സല്യവും നിനക്ക് ചേട്ടനോടുള്ള ബഹുമാനവും ”

പിറ്റേന്ന് പറഞ്ഞത് പോലെ തന്നെ പവിത്രയും രമ്യയും നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നു. അവൾക്ക് മുൻപേ പ്രശാന്ത് അമ്പലത്തിലേക്ക് പോയിരുന്നു. പുണ്യ പവിത്രക്ക് വേണ്ടി കാത്തു നിൽക്കുവായിരുന്നു.

” പെട്ടെന്ന് വാ പവിത്രേച്ചി ”

” ഞാൻ കുളിച്ചിട്ട് പെട്ടെന്ന് വരാം… നീ അവിടെ നിൽക്ക് ”

പവിത്ര പോകാനായി തയാറായി കൊണ്ടിരുന്നപ്പോൾ ആണ് പത്മം അവളുടെ അടുത്തേക്ക് വന്നത്.

” നിങ്ങൾ പൊക്കോ ഞാൻ ജയയുടെ കൂടെ വന്നേക്കാം ”

” മ്മ് അച്ഛൻ വന്നില്ലേ അമ്മേ… ഇന്നലെ പോയതല്ലേ… എവിടെ പോയതാണെന്ന് അറിയുമോ ”

” എനിക്ക് അറിയില്ലെന്റെ കൊച്ചേ… എന്തേലും ചോദിച്ചാൽ പറയുമോ…പ്രത്യേകം പറഞ്ഞതാ ഇന്ന് നമ്മുടെ ചിറപ്പ് ആണ് തൊഴാൻ പോകണം എന്നൊക്കെ. കടിച്ചു കീറാൻ വരുന്ന പോലൊരു നോട്ടവും നോക്കി പോയി. ”
പത്മം ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.

” ചേച്ചി ഒന്ന് വരുന്നുണ്ടോ സമയം പോകുന്നു ”

പുണ്യ പുറത്ത് നിന്നു വിളിച്ചു കൂവുന്നത് കേട്ട് പവിത്ര ധൃതിയിൽ പുറത്തേക്ക് ഇറങ്ങി.
രമ്യയും അപ്പോഴേക്കും വന്നതേയുള്ളായിരുന്നു. പവിത്രയും അവളും ഒരുമിച്ച് വിളക്ക് തുടച്ചു കത്തിക്കാൻ തുടങ്ങി.

” രാജേഷേട്ടൻ വന്നിട്ട് എന്തിയെ കാണാൻ ഇല്ലല്ലോ… ”

” ഏട്ടൻ വന്നപ്പോൾ കേറി കിടന്നു ഉറങ്ങുന്നതാ എണീറ്റില്ല…. വിളിച്ചപ്പോൾ ദീപാരാധനയ്ക്ക് എത്തിക്കോളാമെന്ന് ”

പവിത്രയും രമ്യയും വിളക്ക് കത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദുവും ഒരു സൈഡിൽ നിന്നും കത്തിച്ചു വരുന്നുണ്ടായിരുന്നു.

” പവിത്രേ മോളേ പാവാട ഒതുക്കി പിടിച്ചോണം ട്ടോ… തീ കേറി പിടിക്കരുത്… ഡി രമ്യേ നിന്നോട് കൂടിയാ പറഞ്ഞത് ആ ഷാൾ എടുത്ത് കെട്ടിയിട് ”

അയ്യപ്പന്റെ നടയിലെ ദീപാരാധന കഴിഞ്ഞു പിന്നെ ഭദ്രകാളി നടയിൽ ആണ്.. അതുകഴിഞ്ഞു മഹാദേവന്റെ നടയിൽ. പ്രശാന്ത് മറ്റു കുട്ടികൾക്ക് ഒപ്പം കർപ്പൂരം കത്തിക്കാൻ ഓടി നടക്കുന്നത് കണ്ട് അമ്മാവൻ വന്നു വഴക്ക് പറഞ്ഞിട്ട് പോയതിനു അവൻ കെറുവിച്ചു അമ്മയുടെ അടുത്ത് പോയി നിന്നു.

ദീപാരാധന കഴിഞ്ഞു ചന്ദനം എടുക്കാൻ വേണ്ടി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും പവിത്രയുടെ മുടിയിലാരോ പിടിച്ചു വലിച്ചത്. അടി കൊടുക്കാൻ കൈ പൊക്കി തിരിഞ്ഞതും

” അടിക്കല്ലെടി ഇത് ഞാനാ എന്നും പറഞ്ഞു രാജേഷ് അവളുടെ കയ്യിൽ കേറി പിടിച്ചു.

” പറയാൻ ഒരൽപ്പം വൈകിയിരുന്നേൽ ഇപ്പോൾ ഏട്ടന് ഒരു അടി കിട്ടിയേനെ ”
രമ്യ അവനെ കളിയാക്കി.

” ഒഞ്ഞു പോടീ… ഇവളുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിലോ ഇപ്പോൾ മോങ്ങി കൊണ്ട് നടന്നേനെ… എന്റെ പവിത്ര മോൾക്ക് ഒരു പേടിയുമില്ല നല്ല ധൈര്യമാണ്… ഇങ്ങനെ തന്നെ വേണം മോളേ ”
രാജേഷ് അഭിമാനത്തോടെ പവിത്രയെ നെഞ്ചോട് ചേർത്തു പിടിച്ചു. എന്തെങ്കിലും സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് അമ്മാവൻ അവനെ വിളിച്ചു കൊണ്ടുപോയി.

” ഡി പവിത്രേ നോക്കിക്കേ ചന്ദനം തരുന്നത് ആരാന്ന്… മാധവേട്ടൻ ”
രമ്യയുടെ സന്തോഷം കണ്ട് പവിത്രയും അവിടേക്ക് നോക്കി.

” രാജേഷേട്ടന്റെ കൂടെ വന്നിട്ട് ഞാൻ ഇപ്പോഴാ കാണുന്നത്. ഇവരുടെ കൂടെ ഒരാളുടെ വന്നിട്ടുണ്ട് ആ ആള് എന്തിയെ എന്തോ ”

അവർ അവന്റെ അടുത്തേക്ക് നടന്നു. ചന്ദനത്തിനായി കൈ നീട്ടി. പവിത്രയെയും രമ്യയെയും കണ്ടപ്പോൾ മാധവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ആരെയും മയക്കുന്ന ആ പുഞ്ചിരിയിൽ മയങ്ങി നിന്ന രമ്യയുടെ കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു പവിത്ര.

മാധവിനോട് എന്തൊക്കെയോ സംസാരിച്ചു രമ്യ അവിടെ നിന്നപ്പോൾ പവിത്ര അമ്മയുടെ അടുത്തേക്ക് നടന്നു.

” നമ്മുക്ക് എന്നാ വീട്ടിൽ പോകാം അമ്മേ ”

” ഭജന കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞു ചെറുക്കൻ കിടന്നു കയറു പൊട്ടിക്കുന്നു ”

രാജേഷിന്റെ തോളിൽ തൂങ്ങി നടക്കുന്ന പ്രശാന്തിനെ നോക്കി പത്മം പറഞ്ഞു.

” ഇരുട്ടി തുടങ്ങി.. അമ്മ ടോർച്ച് എടുത്തിട്ടുണ്ടോ ”

” ഇല്ലെടി ഞാൻ മറന്നു പോയി ”

” എന്താ പ്രശ്നം ”
പ്രശാന്തിനെയും കൊണ്ട് രാജേഷ് അവിടേക്ക് ചെന്നു.

” വീട്ടിൽ പോകാമെന്ന് പറയുവാരുന്നു ”

” ഭജന കഴിഞ്ഞിട്ട് പായസം വാങ്ങിയിട്ട് പോകാമെടി… ഞാൻ അങ്ങോട്ട് കൊണ്ട് വിട്ടോളാം നിങ്ങളെ ”

” അതല്ല ഏട്ടാ പുണ്യക്ക് നാളെ ഒരു എക്സാം ഉണ്ട്… ഒന്നും പഠിച്ചു കാണില്ല… കണ്ടില്ലേ കളിച്ചു നടക്കുന്നത്.. ലാസ്റ്റ് മാർക്ക്‌ കുറഞ്ഞാൽ ഞാൻ പഠിപ്പിക്കാഞ്ഞിട്ടു ആണ് അങ്ങനെ വന്നതെന്ന് പറഞ്ഞു അച്ഛൻ എന്റെ മണ്ടക്ക് കേറും ”

പവിത്ര പറയുന്നതിലും കാര്യമുണ്ടെന്ന് അവനറിയാം.

” അങ്ങനാണേൽ നിങ്ങൾ വിട്ടോ… ഞാൻ ഇവനെ അങ്ങ് കൊണ്ടു വന്നോളാം… അപ്പൊ പായസവും കൊണ്ട് തരാം ”

പത്മവും പവിത്രയും പുണ്യയും രാഘവനോടും ഇന്ദുവിനോടും വീട്ടിലേക്ക് പോവാണെന്നു പറഞ്ഞിട്ട് ജയയെയും കൂട്ടി വീട്ടിലേക്ക് പോന്നു.

അതിന്റെ പിറ്റേ ദിവസം ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇരിക്കയായിരുന്നു പവിത്രയും രമ്യയും. അച്ഛനെ പോലെ ഒരാൾ നിൽക്കുന്നത് കണ്ടാണ് പവിത്ര പുറത്തേക്ക് തലയിട്ട് നോക്കിയത്. അത് അച്ഛൻ തന്നെയാണെന്ന് അവൾക്ക് മനസ്സിലായി. കൂടെ ഒരു സ്ത്രീയും മോനും ഉണ്ടായിരുന്നു.
ആ മോൻ അച്ഛന്റെ കൈകളിൽ പിടിച്ചാണ് നിൽക്കുന്നത്.
പോക്കറ്റിൽ നിന്നും പൈസ ആണെന്ന് തോന്നുന്നു അച്ഛൻ ആ സ്ത്രീയുടെ കൈകളിൽ വെച്ചു കൊടുക്കുന്നു. ചുറ്റും നോക്കി കൊണ്ടാണ് അച്ഛന്റെ ഓരോ പ്രവർത്തിയും.

ദൂരെ സൈഡിലോട്ട് മാറി നിൽക്കുന്നത് കൊണ്ട് മുഖത്തെ ഭാവം എന്തെന്ന് അത്ര വ്യക്തമല്ല. പവിത്ര പുറത്തേക്ക് തന്നെ നോക്കുന്ന കണ്ട് രമ്യ കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞവൾ നേരെ ഇരുന്നു.

വൈകിട്ട് തന്നെ വായിനോക്കാൻ എല്ലാം അമ്പലപ്പാലത്തിൽ നിരന്നിരുന്നിട്ടുണ്ട്. കൂട്ടത്തിൽ രാജേഷും മാധവുമൊക്കെ ഉണ്ട്.

” ദേ അവരുടെ കൂടെ ഇരിക്കുന്ന ബ്ലാക്ക് ഷർട്ടുകാരൻ ആണെടി രാജേഷേട്ടന്റെയും മാധവേട്ടന്റെയും ബെസ്റ്റ് ഫ്രണ്ട് ഡേവിച്ചയൻ. ”

രമ്യ പറഞ്ഞത് കേട്ട് പവിത്ര ബ്ലാക്ക് ഷർട്ടുകാരനെ നോക്കി. അപ്പോഴേക്കും അവനും അവരെ നോക്കി രമ്യയെ കൈ പൊക്കി കാണിക്കുകയും ചെയ്തു. രാജേഷും പവിത്രയെ കൈ പൊക്കി കാണിച്ചു കൊണ്ട് ചിരിച്ചു. പകരമായി അവളും മനോഹരമായി ചിരിച്ചു. മാധവ് പതിവുപോലെ പാല്പുഞ്ചിരിയുമായി അവരെ നോക്കി.

അമ്പലത്തിൽ വെച്ച് കാണാമെന്നു പറഞ്ഞവർ പിരിഞ്ഞു. പവിത്ര താമസിക്കുമെന്ന് അറിയാവുന്നത് കൊണ്ട് പുണ്യയും പ്രശാന്തും നേരത്തെ അമ്പലത്തിലേക്ക് പോയിരുന്നു.

അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയ പവിത്രയോടൊപ്പം കുഞ്ഞി സൗമ്യയും ഉണ്ടായിരുന്നു. കുട്ടിയുടുപ്പും ഇട്ട് കുണുങ്ങി കുണുങ്ങി പവിത്രയുടെ കയ്യിൽ തൂങ്ങി അഞ്ചു വയസ്സുകാരി സൗമ്യ മുന്നോട്ട് നടന്നു.

ആൽമരചുവട്ടിൽ ഇരിക്കുന്ന ഡേവിച്ചനെ പവിത്ര ദൂരെ നിന്നേ കണ്ടിരുന്നു.

” എന്താ മാഷേ ഇവിടെ ഇരിക്കുന്നത് ”
പെട്ടെന്ന് പവിത്രയെ കണ്ട് അവൻ ഇരുന്നിടത്ത് നിന്നും ചാടി എണീറ്റു. അവൻ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് അവൾ പിന്നെയും ചോദിച്ചു

” രാജേഷേട്ടനൊക്കെ എന്തിയെ… ”

” അവർ കടയിൽ പോയേക്കുവാ ”

” മാഷ് അകത്തേക്ക് കേറുന്നില്ലേ…ഇവിടെ എന്തിനാ ഒറ്റയ്ക്ക് ഇരിക്കുന്നത് ”

” അത് ഞാൻ ഹിന്ദു അല്ലല്ലോ… അകത്ത് കേറുന്നത് പ്രശ്നമല്ലേ ”
അവൻ സംശയത്തോടെ ചോദിച്ചു. അകത്തേക്ക് കേറാൻ ബഹളം വെക്കുന്ന സൗമ്യയുടെ ചെരിപ്പ് ഊരികൊടുത്തിട്ട് അവൾ അകത്തേക്ക് നോക്കി.

” പുണ്യ ചേച്ചി നിൽക്കുന്ന കണ്ടോ… ചേച്ചിയുടെ അടുത്ത് പോയി കയ്യിൽ പിടിച്ചു നിന്നോ… പവിത്രേച്ചി ഇപ്പോൾ വരാം ”
പുണ്യയുടെ അടുത്ത് പോയി സൗമ്യ നിൽക്കുന്നത് കണ്ടിട്ട് പവിത്ര ഡേവിച്ചന്റെ അരികിലേക്ക് ചെന്നു.

” ഇവിടെ അങ്ങനൊന്നുമില്ല മാഷേ…
മതം നോക്കിയാണോ ശബരിമലയിൽ എല്ലാരും കയറുന്നത്
മാഷ് ധൈര്യമായിട്ട് അകത്തേക്ക് കേറിക്കോ… വാ ”
പവിത്രയുടെ നിർബന്ധം കാരണം അവൾക്ക് ഒപ്പം അവൻ അകത്തേക്ക് കേറി.

” ഷർട്ട് അഴിക്കണോ ”
ഡേവിച്ചനു പിന്നെയും സംശയം.

” അതൊന്നും വേണ്ടാ… മാഷ് ദേ ആ കളത്തട്ടിലേക്ക് ഇരുന്നോ… ദീപാരാധന കഴിയുമ്പോൾ ഭജനയ്ക്ക് എല്ലാരും കൂടുന്നത് അവിടെയാണ്. രാജേഷേട്ടനും മാധവേട്ടനുമൊക്കെ ഇവിടേക്ക് ഇപ്പോൾ വരും. ഞാൻ പോയി തൊഴട്ടെ ”

പവിത്ര പട്ടു പാവാട ഒതുക്കി പിടിച്ചു കൊണ്ട് ഉപപ്രതിഷ്ഠകളെ വലം വെക്കുന്നത് നോക്കി ചെറു മന്ദഹാസത്തോടെ ഡേവിച്ചൻ അവിടെ ഇരുന്നു.

നാളെ ശനി ആയത് കൊണ്ട് എല്ലാം കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞു രമ്യ പവിത്രയെ വിട്ടില്ല. ഭജന തുടങ്ങി… ഗണപതി സ്തുതിയിൽ തുടങ്ങി അയ്യപ്പനെ സ്തുതിച്ചു കൊണ്ടാണ് ഭജന തീരുന്നത്.

കാതിനു ഇമ്പമായി ഒരു ഗാനം കേട്ടാണ് പവിത്ര കളത്തട്ടിലേക്ക് നോക്കിയത്.

” നിലാവേ വാ….
ഈ പമ്പാ തീരത്ത് വിരി വെച്ചു താ
എല്ലാം മറന്നു ഞാൻ ഇരുന്നോട്ടെ
എന്റെ വില്ലാളി വീരനെ കണ്ടോട്ടെ…

വെള്ളി കുത്തിയ നീലാകാശം
പുള്ളി പുലിയായി ഇറങ്ങുമ്പോൾ
പൂ നിലാവ് പുലിപാൽ ആകുമ്പോൾ
ലോക ദുരിതങ്ങൾ ഒഴിയുന്നു…
ആളറിയാതെന്റെ അരികിൽ
വന്നെവനൊരു ഗാനം പാടാൻ പറയുന്നു…
ഞാൻ പാടുന്നു…
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരവി മർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

പാടി തീരും മുൻപേ ഭഗവാൻ….
പാവമെൻ വിരിയിലുറങ്ങുന്നു..
നീല കരിമ്പടം പുതപ്പിക്കുമ്പോൾ
ഞാനെന്റെ പുണ്യം അറിയുന്നു
ഞാനറിയാതെന്റെ ഗാനത്തിലീശ്വരൻ
നേരിൻ സുകൃതം നിറയ്ക്കുന്നു…
ഞാൻ പാടുന്നു.
ശ്രിതജനപ്രിയം ചിന്തിത പ്രദം
ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതാലാലാസം
ഹരിഹരാത്മജം ദേവമാശ്രയേ

ഡേവിച്ചൻ പാടി നിർത്തുമ്പോൾ അവിടെ കൂടി നിന്ന എല്ലാവരുടെ മുഖത്തും ഭക്തി നിറഞ്ഞു നിന്നെങ്കിൽ പെൺകുട്ടികളുടെ മുഖത്ത് അവനോടുള്ള ആരാധന നിറഞ്ഞു നിന്നു.

( തുടരും )

ആ പാട്ട് കുറച്ചെഴുതാൻ ആണ് ഉദ്ദേശിച്ചത്.. എഴുതി വന്നപ്പോൾ മുഴുവനും അങ്ങ് എഴുതി പോയി 😁
ക്ഷമിക്കുക 😊

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

Share this story