ചൊവ്വാദോഷം : PART 4

ചൊവ്വാദോഷം : PART 4

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

ഒന്ന് രണ്ട് പടികൾ കയറിക്കഴിഞ്ഞപ്പോഴേക്കും തല ചുറ്റുന്നത് പോലെ തോന്നിയ മാനസ പെട്ടന്ന് പിന്നിലേക്ക് മറിഞ്ഞു വീണു.
മോളേ……………
ഊർമ്മിളയിൽ നിന്നും ഒരു നിലവിളി ഉയർന്നു. കയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞ് അവർ ഓടി വന്ന് വീണുകിടന്ന മാനസയുടെ തലയെടുത്ത് മടിയിൽ വച്ചു. കരഞ്ഞ് നീരുവച്ച അവളുടെ മിഴികൾ അടഞ്ഞിരുന്നു.

” മോനേ മഹീ ഒന്നോടി വാടാ……… ”

മുകളിൽ ലാപ്ടോപ്പിന് മുന്നിൽ ഇരുന്ന മഹി ഊർമ്മിളയുടെ നിലവിളി കേട്ട് താഴേക്ക് ഓടി. സ്റ്റെയർകേസിനു മുകളിൽ എത്തുമ്പോൾ തന്നെ കണ്ടു താഴെ ബോധമില്ലാതെ അമ്മയുടെ മടിയിൽ കിടക്കുന്ന മാനസയെ.

” എന്താമ്മേ ഇവൾക്കിത് എന്തുപറ്റി ? ”

താഴേക്ക് ഓടിവരുമ്പോൾ തന്നെ ഊർമ്മിളയോടായി മഹി ചോദിച്ചു.

” തലചുറ്റി വീണതാ മോനേ . അവൾക്കെന്തോ വിഷമം ഉണ്ടായിരുന്നെന്ന് തോന്നുന്നു. ആകെ ക്ഷീണിച്ചാവന്നത്. ”

അവനെ നോക്കി ഊർമ്മിള പറഞ്ഞു.

” മാനസ….. എന്തുപറ്റി ? ”

അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് മഹി ചോദിച്ചു. അവളിൽ നിന്നും അനക്കമൊന്നും ഉണ്ടാവാതിരുന്നപ്പോൾ ഊർമ്മിളയുടെ കരച്ചിൽ ഉച്ചത്തിൽ ആയിരുന്നു. അവളെ വാരിയെടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ ഉള്ളിലും ഭയം കൂടുകയായിരുന്നു.

” മാനസ………. ”

അവളെ കിടക്കയിലേക്ക് കിടത്തി ജഗ്ഗിലെ വെള്ളം മുഖത്തേക്ക് തളിച്ച് പതിയെ അവൻ വിളിച്ചു. തണുത്ത വെള്ളം മുഖത്തേക്ക് വീണപ്പോൾ അവൾ പതിയെ കണ്ണ് ചിമ്മി തുറന്നു.

” എന്താ മോളേ പറ്റിയത് ?? ”

ഊർമ്മിളയുടെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.

” ഒന്നുമില്ല അമ്മേ കുറച്ചു ദിവസമായി നല്ല ക്ഷീണം ഉണ്ടായിരുന്നു. ഇന്ന് വെയിലൂടി കൊണ്ടതോണ്ടാവും ”

ഊർമ്മിളയെ നോക്കി അവൾ പതിയെ പറഞ്ഞു.

” എന്റെ മഹാദേവാ …. നീയെന്റെ പ്രാർത്ഥന കേട്ടോ ”

നിറകണ്ണുകളോടെ മുകളിലേക്ക് നോക്കി ഊർമ്മിള പറഞ്ഞു. ഒന്നും മനസ്സിലാവാതെ മഹിയും മാനസയും അവരെത്തന്നെ നോക്കി.

” അമ്മയെന്തുവാ ഈ പറയുന്നത് ?? ഇവൾക്ക് വയ്യാതാവാൻ ആണോ അമ്മ പ്രാർത്ഥിച്ചത്?? ”

മഹിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഊർമ്മിളയും മാനസയും ഒരുപോലെ ചിരിച്ചു.

” എടാ പൊട്ടാ അതല്ല . നീ ഇവളെയും കൂട്ടി നമ്മുടെ അരുന്ധതി ഡോക്ടറെ ഒന്ന് പോയി കണ്ടിട്ട് വാ “.

പറഞ്ഞുകൊണ്ട് ഊർമ്മിള താഴേക്ക് പോയി. അപ്പോഴും മഹി സംശയത്തോടെ മാനസയെ നോക്കി.

” മാനസയുടെ ഹസ്ബൻഡ് അല്ലേ ഡോക്ടർ വിളിക്കുന്നുണ്ട്. ”

ഡോ. അരുന്ധതിയുടെ മുറിക്ക് മുന്നിൽ കാത്തിരുന്ന മഹിയോടായി നേഴ്സ് വന്ന് പറഞ്ഞു. പതിയെ അകത്തേക്ക് ചെല്ലുമ്പോൾ ഡോക്ടർക്കുമുന്നിൽ ഇരുന്ന മാനസയിൽ നിറഞ്ഞ ചിരിയായിരുന്നു.

” കൺഗ്രാജുലേഷൻസ് മഹേഷ്‌… മാനസ ഒരമ്മയാകാൻ പോകുന്നു. ”

വിടർന്ന ചിരിയോടെ ഡോ. അരുന്ധതി പറഞ്ഞു. അമ്പരന്ന് മാനസയെ നോക്കിയ അവന്റെ ചുണ്ടുകളിലും പതിയെ പുഞ്ചിരി വിരിഞ്ഞു.

” ഹാപ്പി ന്യൂസ്‌ ആണ് . പക്ഷേ , മാനസ തലചുറ്റി വീണത് അതുകൊണ്ടല്ല. ഇയാളുടെ ബോഡി വളരെ വീക്കാണ്. ബിപിയും ഹൈ ആണ്. കറക്റ്റ് ടൈമിൽ ആഹാരമൊന്നും കഴിക്കുന്നില്ല അത് ശ്രദ്ധിക്കണം. ”

മഹിയോടായി ഡോക്ടർ പറഞ്ഞുനിർത്തി. തിരികെ പോകുമ്പോൾ ഒരു പുഞ്ചിരിയോടെ മാനസ അവനോട് ചേർന്നിരുന്നു.

****************************************

” അമ്മേടെ സംശയം സത്യമാണ്. അമ്മയൊരു മുത്തശ്ശിയാവാൻ പോകുന്നു “.

അകത്തേക്ക് വരുമ്പോൾ ആകാംഷയോടെ പൂമുഖത്ത് കാത്തിരുന്ന ഊർമ്മിളയോടായി ചിരിയോടെ മഹി പറഞ്ഞു. നിറഞ്ഞ ചിരിയോടെ അവർ മാനസയെ ചേർത്തുപിടിച്ച് നെറുകയിൽ ചുണ്ടമർ ത്തി. അത് നോക്കി നിന്ന മഹിയിലും നിറപുഞ്ചിരി വിരിഞ്ഞു.

” ഡീ പെണ്ണേ അതാരാ വരുന്നതെന്ന് നോക്കിക്കേ “.

തന്റെ നെഞ്ചിൽ ചേർന്നിരുന്ന് ടീവി കണ്ടുകൊണ്ടിരുന്ന മാനസയോട് പുറത്തേക്ക് ചൂണ്ടി മഹി പറഞ്ഞു. പെട്ടന്നെണീറ്റ് പുറത്തേക് നോക്കിയ അവളുടെ കണ്ണുകൾ വിടർന്നു.

” അമ്മേ ….. ”

മായയേയും രാജീവിനെയും കണ്ട് വിളിച്ചുകൊണ്ട് അവൾ ധൃതിയിൽ പുറത്തേക്ക് നടന്നു.

” എന്റെ മോളേ അവരിങ്ങോട്ടല്ലേ വരണത് നീയിങ്ങനെ ഓടാതെ വയറ്റിൽ ഒരാളുകൂടി ഉള്ളതാ. ”

അങ്ങോട്ട് വന്ന ഊർമ്മിള പെട്ടന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് മാനസ അവിടെത്തന്നെ നിന്നു.

” സുഖല്ലേ മോളേ ? ”

പൂമുഖത്തേക്ക് കയറി അവളെ ചേർത്തുപിടിച്ചു കൊണ്ട് മായ ചോദിച്ചു. അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

” ഒന്നും വേണ്ടിയിരുന്നില്ല അമ്മേ… എന്റെ വിധി വൈധവ്യം ആണെന്നറിഞ്ഞിട്ടും മഹിയേട്ടന്റെ ജീവിതം വച്ച് കളിക്കാൻ പാടില്ലായിരുന്നു. മഹിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ……… ”

മായയുടെ മടിയിൽ കിടന്ന മാനസയുടെ മിഴികൾ നിറഞ്ഞൊഴുകി.

” മോളേ ….. ”

എന്തുപറഞ്ഞ് അവളെ സമാധാനിപ്പിക്കും എന്നറിയാതെ മായയുടെ മിഴികളും നിറഞ്ഞൊഴുകി.

” ഒന്നുമുണ്ടാവില്ല മോളേ നീ വെറുതെ ഓരോന്ന് ഓർത്ത് ഈ അവസ്ഥയിൽ മനസ്സ് വിഷമിപ്പിക്കരുത്.
ഇപ്പോൾ എന്റെ മോള് ഒറ്റയ്ക്കല്ല ഉള്ളിലൊരു ജീവൻ കൂടി ഉണ്ടെന്നുള്ള ഓർമ വേണം. ”

അവളുടെ മുടിയിൽ തലോടിക്കൊണ്ട് മായ പതിയെ പറഞ്ഞു.

****************************************

” മഹിയേട്ടാ…………….. ”

മഹിയുടെ നെഞ്ചിൽ ചേർന്നുകിടന്നുകൊണ്ട് മാനസ പതിയെ വിളിച്ചു.

” എന്താ എന്റെ പൊന്നുമോൾടെ അമ്മക്ക് ഇപ്പൊ വേണ്ടത് ? ”

അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചുകൊണ്ടിരുന്ന അവളുടെ വിരലുകൾ കയ്യിലൊതുക്കിക്കൊണ്ട് അവൻ ചോദിച്ചു.

” ആഹാ അപ്പോഴേക്കും മോളാണെന്ന് അങ്ങുറപ്പിച്ചോ ?? ”

തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചു.

” അതുറപ്പല്ലേ…എന്റെ മാനസക്കുട്ടിയേപ്പോലെ ഒരു സുന്ദരിക്കുട്ടി. ഉണ്ടക്കണ്ണുകളും ഇതുപോലെ നീണ്ട മുടിയും ഈ നിറവും ഒക്കെയുള്ള ഒരു സുന്ദരിക്കുട്ടി “.

മാനസയുടെ മുടിയിൽ തലോടിക്കൊണ്ട് ഏതോ സ്വപ്നത്തിലെന്ന പോലെ ചിരിയോടെ മഹി പറഞ്ഞു. കൗതുകത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവൾ ചിരിച്ചു.

” അല്ല അപ്പൊ എന്റെ മഹിയേട്ടനെപ്പോലെ ഒരു മോനായാൽ ഇഷ്ടാവില്ലേ ?? ” മാനസ.

” ഇഷ്ടക്കേടൊന്നുമില്ല മോനായാലും മോളായാലും നമ്മുടേതുതന്നെയല്ലേ എന്നാലും…….”. മഹി.

“എന്താ ഒരു എന്നാലും ?? ”
മാനസ പതിയെ ചോദിച്ചു.

” അല്ല എന്റെ മാനസക്കുട്ടിയെപ്പോലെ ഒരു മോളെക്കിട്ടിയാൽ കൂടുതൽ സന്തോഷം അത്രേയുള്ളൂ. ”

അവളുടെ കവിളിൽ പതിയെ നുള്ളിക്കൊണ്ട് മഹി പറഞ്ഞു. അവൾ അവന്റെ നെഞ്ചോട് ഒന്നുകൂടി ചേർന്നുകിടന്നു.

രാത്രിയേറെ വൈകിയിട്ടും ഉറക്കം വരാതെ കിടക്കുമ്പോൾ മാനസയുടെ മനസ്സിൽ നിറയെ ക്ഷേത്രത്തിൽ വച്ചു കണ്ട കൈനോട്ടക്കാരിയും അവരുടെ വാക്കുകളും ആയിരുന്നു.

ഓർക്കും തോറും അവളുടെ ഉള്ള് പിടഞ്ഞുകൊണ്ടിരുന്നു. ശാന്തമായി ഉറങ്ങിക്കിടന്ന മഹിയുടെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ച് കിടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഓരോന്ന് ഓർത്ത് കിടന്ന് എപ്പോഴോ അവൾ നിദ്രയിലേക്ക് വഴുതിവീണു.

****************************************

പാലാഴി വീടിന്റെ ഗേറ്റിനുമുന്നിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അവിടെയും ഇവിടെയുമെല്ലാം ആളുകൾ കൂട്ടം കൂടി നിന്നിരുന്നു.

” സൈലന്റ് അറ്റാക്ക് ആയിരുന്നു. രാത്രിയിൽത്തന്നെ എല്ലാം കഴിഞ്ഞുവെന്നാ കേൾക്കുന്നത്. ”

കൂടിനിന്ന ആളുകളിൽ നിന്നും പിറുപിറുക്കലുകൾ ഉയർന്നു കേട്ടു. പെട്ടന്ന് ഒരു ആംബുലൻസ് ഗേറ്റ് കടന്നുവന്ന് മുറ്റത്ത്‌ നിന്നു. വെള്ളപുതപ്പിച്ച മഹിയുടെ ശരീരം പൂമുഖത്തേക്ക് കൊണ്ടുവന്ന് വച്ചു. ആരുടെയൊക്കെയോ നിലവിളികൾ ഉയർന്നുകേട്ടു. ഹൃദയം പൊട്ടിപ്പോകുന്നത് പോലെ തോന്നി മാനസയ്ക്ക്.

” മഹിയേട്ടാ…………… ”

ഒരു നിലവിളിയോടെ അവൾ ചാടിയെണീറ്റു. പെട്ടന്ന് മുറിയിൽ വെളിച്ചം പരന്നു. നെറ്റിയിലൂടെ ചാലിട്ടൊഴുകിയ വിയർപ്പ് തുടച്ച്‌ അവൾ പകച്ചുനോക്കി.

” എന്താടോ സ്വപ്നം വല്ലതും കണ്ടോ ? ”

അവളെ കുലുക്കി വിളിച്ചുകൊണ്ട് മഹി ചോദിച്ചു. കുറച്ചു നേരത്തെ അമ്പരപ്പിനൊടുവിൽ അവനെ ഉറുമ്പടക്കം പിടിച്ച് പൊട്ടിക്കരയുമ്പോൾ അവളുടെ ഉടൽ വെട്ടിവിറച്ചിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

ചൊവ്വാദോഷം : ഭാഗം 3

Share this story