ഈ സായാഹ്നം നമുക്കായി മാത്രം – PART 28

ഈ സായാഹ്നം നമുക്കായി മാത്രം – PART 28

നോവൽ
എഴുത്തുകാരി: അമൃത അജയൻ

” നീയെന്ത് അബദ്ധമാ പറയുന്നേ … എനിക്കിതിൽ എന്തൊക്കെയോ ദുരൂഹത തോന്നുന്നുണ്ട് … ഒന്നും ഉറപ്പില്ലാതെ മണ്ടത്തരം കാണിക്കരുത് .. ഇത് നിന്റെ കൂടി ജീവിതം ആണ് …” സ്മൃതി മയിയെ ചേർത്തു പിടിച്ച് പറഞ്ഞു ..

മയി സ്മൃതിയുടെ കാറിന്റെ ബോണറ്റിലേക്ക് ചാരി നിന്നു ..

” എനിക്ക് ഭ്രാന്ത് പിടിക്കാ …. ഏത് നേരത്താണാവോ …” മയി സ്വയം പഴിച്ചു ..

” നീ സമാധാനിക്ക് .. നിഷിനെ ഞാൻ ന്യായീകരിക്കുകയല്ല .. പക്ഷെ ഇപ്പോ നീ അയാളെ പ്രതി സ്ഥാനത്ത് നിർത്തരുത് .. നമുക്ക് തെളിവുകൾ വേണം .. സത്യമാണെങ്കിലും എല്ലാ തെളിവുകളോടും കൂടി നിഷിന്റെ മുന്നിൽ ചെന്നു നിൽക്കുന്നതല്ലേ നല്ലത് .. അപ്പോ പിന്നെ അയാൾക്കും നിഷേധിക്കാൻ കഴിയില്ലല്ലോ .. ” സ്മൃതി പറഞ്ഞു ..

മയി ഒന്നും പറയാതെ കാറിലേക്ക് കയറിയിരുന്നു ..

സ്മൃതി അവളെ സഹാനുഭൂതിയോടെ നോക്കി ..

അവളുടെ ജീവിതമാണ് ഒരു പന്തുപോലെ കിടന്നുരുളുന്നത് .. അതിന്റെ വേദനയും നിരാശയും എന്തായാലും അവൾക്കുണ്ടാകും …

ഒരു നെടുവീർപ്പയച്ചു കൊണ്ട് സ്മൃതി കാറിലേക്ക് കയറി …

* * * * * * * * * * * * * * *

നിഷിൻ സന്ധ്യയോടെ തന്നെ ആലപ്പുഴക്ക് തിരിച്ചു …

നിവ തന്റെ റൂമിൽ തന്നെയായിരുന്നു .. ഒരിക്കൽ കൂടി ബെഞ്ചമിന്റെ കോൾ അവളെ തേടി വന്നിരുന്നു …

നിവക്ക് സങ്കടം വന്ന് തികട്ടി .. താനവന് വെറുമൊരു ചൂണ്ട മാത്രമായിരുന്നു … ആ തിരിച്ചറിവ് അവളെ തളർത്തി … അവൾ ബെഡിലേക്ക് കിടന്നു … ഒന്ന് രാത്രിയാകാൻ കാത്ത് കിടന്ന് അവൾ ചെറുതായി മയങ്ങി …

ഹരിതയുടെ വിളിയാണ് നിവയെ ഉറക്കത്തിൽ നിന്നുണർത്തിയത് .. നിവ കണ്ണു തിരുമ്മി എഴുന്നേറ്റു ..

വാതിലിൽ മുട്ടി വിളിക്കുകയാണ് ഹരിത ..
നിവ എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു …

” എന്താ ഏട്ടത്തി ….?” അവൾ ചോദിച്ചു ..

” നീയൊന്ന് വേഗം റെഡിയാക് .. ഹോസ്പിറ്റലിൽ പോണം ….?” ഹരിത അൽപം പരിഭ്രമത്തോടെ പറഞ്ഞു ..

” എന്താ കാര്യം ….?” നിവയ്ക്കും ഒരു പേടി തോന്നി ..

അച്ഛന്റെ മുഖമായിരുന്നു അവളുടെ മനസിൽ തെളിഞ്ഞത് …

” അപ്പൂസിന് വൈകുന്നേരം തൊട്ടേ പനിയുണ്ടാരുന്നു .. ഇപ്പോ ദേ മൂന്ന് വട്ടം വൊമിറ്റ് ചെയ്തു .. ഹോസ്പിറ്റലിലേക്ക് കൊണ്ട് ചെല്ലാൻ കണ്ണേട്ടൻ പറഞ്ഞു … ” ഹരിത പറഞ്ഞു …

അപ്പൂസിനെ നിവയ്ക്ക് ജീവനാണ് …

” ഞാനിപ്പോ വരാം … എട്ടത്തി റെഡിയാവ് …”

അധികം വൈകിക്കാതെ തന്നെ ഹരിതയും നിവയും അപ്പൂസിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി … .

വീണയോടും രാജശേഖറിനോടും പറഞ്ഞിട്ട് അവരിറങ്ങി ….

അപ്പൂസിനെ നിവ കൈയിലെടുത്തു .. ഹരിത പോർച്ചിൽ നിന്ന് രാജശേഖറിന്റെ കാറിറക്കി …

ഇരുപത് മിനിട്ടെടുത്തു അവർ ഹോസ്പിറ്റലിലെത്താൻ … നവീൺ അവരെ കാത്ത് ക്യാഷ്വാലിറ്റിയുടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു …

അവർ ചെന്നപ്പോൾ തന്നെ നവീൺ ഓടി വന്ന് അപ്പൂസിനെ കൈയിൽ വാങ്ങി … ഡോക്ടറുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ തന്നെ നവീൺ വിശദമായി ഹരിതയോട് കാര്യങ്ങൾ ചോദിച്ചു …

പരിശോധനക്ക് ശേഷം അപ്പൂസിനെ ഡ്രിപ്പിട്ടു ഒബ്സർവേഷനിലേക്ക് മാറ്റി … ഹരിതയും നിവയും അപ്പൂസിനൊപ്പമിരുന്നു …

തന്റെ ആയുസിന് ഒരു രാത്രി കൂടി സമയമുണ്ടെന്ന് നിവ മനസിൽ കരുതി … രാത്രി രണ്ട് മണിയായി അപ്പൂസിന്റെ ഡ്രിപ്പ് തീരാൻ …

മൂന്ന് മണിയാകാറായി അവർ തിരിച്ച് വീട്ടിലെത്തിയപ്പോൾ … വന്നപാടെ നിവ ഉറങ്ങാൻ കിടന്നു ..

* * * * * * * * * * * * * *

രാവിലെ ആറ് മണിയോടെ സ്മൃതിയും മയിയും തിരിച്ചു പോരാനായി തയ്യാറെടുത്തു …

” ഞാനറിയുന്ന നിഷിൻ പാവമാണ് .. അവനിങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല … കുട്ടി എടുത്ത് ചാടി ഒന്നും ചെയ്യരുത് … ” ഇറങ്ങാൻ നേരം സമൃദ്ധി മയിയെ പിടിച്ചു നിർത്തി ഉപദേശിച്ചു …

മയി മെല്ലെ തല കുലുക്കി … പിന്നെ സ്മൃതിക്കൊപ്പം കാറിലേക്ക് കയറി …

* * * * * * * * * * * * * * *

മയി തിരിച്ചെത്തിയപ്പോൾ ഉച്ചയായിരുന്നു … അപ്പൂസിനൊപ്പം ടിവിയുടെ മുന്നിലായിരുന്നു നിവ .. മയി കയറി വരുന്നത് കണ്ടപ്പോൾ അറിയാതെ അവളുടെ മനസിലൊരു കുളിർ വീണു …

എല്ലാ പ്രശ്നങ്ങളും അവളോട് തുറന്നു പറയണമെന്ന് പോലും നിവയ്ക്ക് തോന്നിപ്പോയി … ഇന്നലെവരെ മയിയോട് തനിക്ക് വെറുപ്പായിരുന്നു .. തന്നെ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ട് നടക്കുന്ന സ്ത്രീയായിരുന്നു മയി .. പക്ഷെ ഇപ്പോ … ഇന്നലത്തെ ബഞ്ചമിന്റെ കോൾ … ഇത് വരെ മയി തനിക്ക് തന്ന മുന്നറിയിപ്പുകൾ ശരി വയ്ക്കുന്നതായിരുന്നു .. ഇത്ര കാലം താനവനെ സ്നേഹിച്ചിട്ടും മനസിലാക്കാൻ കഴിയാത്തത് അന്നത്തെ ഒറ്റ കാഴ്ചയിൽ മയിക്ക് എങ്ങനെ മനസിലായി ..

” എങ്ങനെയുണ്ടായിരുന്നു പ്രോഗ്രാം ഷൂട്ട് ഒക്കെ ..?” ഹരിതയുടെ ചോദ്യമാണ് നിവയെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ട് വന്നത് ..

” നന്നായി കഴിഞ്ഞു .. ” മയിയുടെ മുഖത്ത് അത്ര പ്രസന്നതയില്ലായിരുന്നു ..

ഹരിത അത് ശ്രദ്ധിച്ചു …

” നീ കഴിച്ചോ …? ”

” കഴിച്ചു എടത്തി …..” അത്രയും പറഞ്ഞിട്ട് അവൾ മുകളിലേക്ക് കയറി പോയി ..

രാജശേഖറിന്റെ റൂമിലേക്ക് പോലും പോകാതെ മയി റൂമിലേക്ക് പോയത് കണ്ടപ്പോൾ ഹരിതയ്ക്ക് എന്തോ പന്തികേട് തോന്നി ..

ഷൂട്ടിംഗിന്റെ പ്രശ്നങ്ങൾ ആവുമെന്ന് അവൾ കരുതി .. പ്രോഗ്രാം ഷൂട്ടിംഗ് ഒരു തൊല്ല പിടിച്ച പരിപാടിയാണെന്ന് മയി ഇടയ്ക്ക് പറയാറുള്ളത് അവൾ ഓർത്തു ..

തന്നോട് യാതൊന്നും ചോദിക്കാതെ മയി പോയതിൽ നിവയ്ക്ക് നിരാശ തോന്നി ..

അവൾ പോയിക്കഴിഞ്ഞ് സമയമൊത്തിരി കഴിഞ്ഞിട്ടും താഴേക്ക് കാണാതിരുന്നപ്പോൾ ഹരിത മുകളിലേക്ക് കയറിച്ചെന്നു …

മയി ബെഡിൽ കിടക്കുകയായിരുന്നു … ഇടത് കൈത്തണ്ട കണ്ണിന് മുകളിൽ വച്ചു കിടക്കുന്നതിനാൽ ഉറക്കമാണോ അല്ലയോ എന്ന് ഹരിതയ്ക്ക് മനസിലായില്ല .. വസ്ത്രം പോലും മാറിയിട്ടുണ്ടായിരുന്നില്ല അവൾ …

ഹരിത അടുത്ത് ചെന്ന് ,മയിയുടെ നെറ്റിയിൽ കൈകൊണ്ടു തൊട്ട് നോക്കി .. അവൾ കൈ മാറ്റി , ആരാണെന്ന് നോക്കി ..

ഹരിതയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു …

” ഞാനോർത്തു നീ ഉറങ്ങിയെന്ന് ….” ഹരിത പറഞ്ഞു ..

” ഇല്ല .. ഒന്ന് കിടന്നതാ …”

” എന്താ ഡ്രസ് പോലും മാറ്റാതെ … എന്തെങ്കിലും പ്രശ്നമുണ്ടോ ..?” ഹരിത അവളുടെ താടി തുമ്പിൽ തൊട്ടു …

” ഏയ് .. ഒന്നൂല്ല .. യാത്രാ ക്ഷീണവും എല്ലാം കൂടി … തലവേദനയുമുണ്ട് .. ” അവൾ പറഞ്ഞൊഴിഞ്ഞു ..

” എന്നാ പിന്നെ ഫ്രഷായിട്ട് കിടക്ക് .. ഇല്ലേൽ ക്ഷീണം കൂടുകേയുള്ളു … ഞാനൊരു കോഫി കൊണ്ടു വരാം … ”

മയി തലയാട്ടി ..

” കിച്ചു ഇന്നലെ സന്ധ്യക്ക് തന്നെ പോയി .. നീ ഇല്ലാത്തത് കൊണ്ടാകും .. അല്ലേൽ രാത്രിയിലല്ലേ പോകൂ … ” ഹരിത ചിരിച്ചു ..

മയി പുഞ്ചിരിച്ചു ..

” എന്നാ നീ ഫ്രഷായിക്കോ .. ” പറഞ്ഞിട്ട് ഹരിത മുറി വിട്ടിറങ്ങിപ്പോയി …

മയി അൽപനേരം കൂടി ബെഡിൽ തന്നെയിരുന്നു … ആ വീട്ടിൽ മറ്റെല്ലാവരും പാവമാണെന്ന് അവളോർത്തു ..

മയി എഴുന്നേറ്റ് വന്ന് നിലകണ്ണാടിക്കു മുന്നിൽ ചെയറ് വലിച്ചിട്ടിരുന്നു ..

യാത്രാ ക്ഷീണവും അതിലേറെ ടെൻഷനുകളും അവളുടെ കൺതടങ്ങളിൽ തന്നെ തെളിഞ്ഞ് കാണാമായിരുന്നു ..

മയി നെടുവീർപ്പയച്ചു …

ഇത് വരെ താൻ അഭിനയിച്ചു .. ഇനിയങ്ങോട്ടു കുറച്ചു കൂടി അഭിനയിക്കണമെന്ന് അവൾ തന്റെ പ്രതിബിംബത്തോട് പറഞ്ഞു … നെല്ലും പതിരും തിരിയുന്ന വരെയുള്ള അഭിനയം .. അതുവരെ തന്റെ പെരുമാറ്റം കൊണ്ട് കൂടി ഈ വീട്ടിലുള്ളവരെ വേദനിപ്പിക്കാൻ പാടില്ല … അവൾ കൈ കൊണ്ട് മുഖം അമർത്തിപ്പിടിച്ചു … പിന്നെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി …

ഷവറിനു കീഴെ നിൽക്കുമ്പോൾ ,ശരീരം പൊള്ളി നീരാവി പറക്കുന്നത് പോലെ തോന്നി മയിക്ക് .. നിഷിനെ കുറിച്ച് നല്ലത് പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല താനീ വീട്ടിലേക്ക് കടന്നു വന്നത് .. എന്റെ ഇഷ്ടം നോക്കാതെ , നിഷിനെ എന്റെ തലയിൽ കെട്ടിവച്ചവരുടെ മുന്നിൽ അവന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് നിരത്തി വിജയിയെപ്പോലെ ഇറങ്ങിപ്പോകാൻ വന്നവളാണ് .. എന്നിട്ടുമിപ്പോൾ തന്നെ എന്താണ് ഇത്രമേൽ വേദനിപ്പിക്കുന്നത് ..

ആ രാത്രി അവനെ യാത്രയാക്കുമ്പോൾ സൂക്ഷിക്കണമെന്ന് താൻ പറഞ്ഞത് പ്രദീപ് പറഞ്ഞ ചില കാര്യങ്ങൾ വച്ചാണ് .. നിഷിനത് മറ്റൊരർത്ഥത്തിൽ എടുത്തുവെന്ന് തന്റെ വിരൽതുമ്പിൽ തൊട്ടപ്പോൾ തന്നെ മനസിലായതാണ് .. പക്ഷെ ആ സ്പർശനത്തിൽ താനുമൊന്ന് പൊള്ളിപ്പോയില്ലേ ..

അന്നും പിറ്റേന്നുമൊക്കെ അവന്റെ സ്പർശനത്തിന്റെ ചൂട് തന്റെ വിരൽതുമ്പിലുണ്ടായിരുന്നു …

മയി കുളിച്ചു വന്നപ്പോഴേക്കും ഹരിത ഒരു കപ്പ് കോഫിയുമായി വന്നു … :

” താങ്ക്സ് …..”

മയി ചിരിയോടെ കോഫി കൈയ്യിൽ വാങ്ങി ..

” അപ്പൂസിന് ഇന്നലെ വയ്യാണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി .. വെളുപ്പിന് മൂന്നു മണിക്കാ ഞങ്ങൾ തിരിച്ചു വന്നത് …? ” ഹരിത പറഞ്ഞു ..

” അയ്യോ എന്തു പറ്റി … ”

” ഇന്നലെ ഉച്ചക്ക് ചെറിയ പനിയുണ്ടായിരുന്നു .. രാത്രിയായപ്പോ രണ്ട് മൂന്ന് വട്ടം വൊമിറ്റ് ചെയ്തു … ”

” എന്നിട്ടിപ്പോ എങ്ങനിണ്ട് … ?” അവളുടെ സ്വരത്തിൽ വേവലാതി നിറഞ്ഞു …

” ഇന്നിപ്പോ കുഴപ്പമില്ല .. ”

മയി തലയാട്ടി ..

” ഞാൻ അച്ഛനെ ഒന്ന് കാണട്ടെ ….”

കോഫി കുടിച്ചു തീർത്തിട്ട് മയി പറഞ്ഞു .. ഹരിതയും മയിയും കൂടി താഴെ വന്നു …

താഴെ അപ്പൂസ് തന്റെ കുഞ്ഞ് സൈക്കിളിലിരുന്ന് ഉരുട്ടി കളിക്കുകയായിരുന്നു .. മയി അവൾക്കടുത്ത് ചെന്ന് , അരികിലായി ഇരുന്നു ..

” ചെറ്യമ്മേടെ അപ്പൂച്ചിന് എന്നാ പറ്റിയേ .. ഉവ്വാവ് വന്നോ ….?” അവൾ അപ്പൂസിനെ കൈകളിലൊതുക്കി കവിളിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു .. പിന്നെ അവളെ കൈകളിലെടുത്തു കൊണ്ട് എഴുന്നേറ്റു …

” എന്താടി മൈൻഡില്ലാതെ ഇരിക്കുന്നേ …” സോഫയിലിരിക്കുന്ന നിവയുടെ കവിളിലൊരു തട്ടു കൊടുത്തുകൊണ്ട് മയി ചോദിച്ചു …

പിന്നെ അപ്പൂസിനെയും കൊണ്ട് രാജശേഖറിന്റെ അടുത്തേക്ക് പോയി ..

* * * * * * * * * * * * *

രാത്രി നിവയും നവീണും വീണയും ഹരിതയും മയിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു .. രാജശേഖറിന് റൂമിലാണ് കൊടുക്കുന്നത് …

നിവ ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിൽ വന്നിരുന്നു … അവളുടെ മനസിൽ വടംവലി നടക്കുകയായിരുന്നു …

ഏട്ടനില്ലാത്തപ്പോൾ മയി അവരുടെ റൂമിലാണ് മിക്കവാറും കിടക്കാറുള്ളത് .. പക്ഷെ ആ പ്രശ്നത്തിന് ശേഷം എല്ലാ ദിവസവും തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു .. മയി കൂടെയുണ്ടെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല .. താൻ എടുത്തു മാറ്റി വച്ച ഗുളികകൾ കണ്ടാൽ പോലും മയിയിൽ സംശയം ജനിക്കും …

നിവ മെല്ലെ എഴുന്നേറ്റു .. മുറിയിൽ നിന്നിറങ്ങി ബാൽക്കണിയിൽ വന്ന് ,താഴേക്ക് നോക്കി നിന്നു …

വയ്യ … ജീവിച്ചിരിക്കാൻ വയ്യ .. നിവ തല കുടഞ്ഞു … അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..

മയി നിവയെ നോക്കി റൂമിൽ ചെന്നപ്പോൾ അവളെ അവിടെ കണ്ടില്ല .. അവൾ റൂമിൽ നിന്നിറങ്ങി ചുറ്റും നോക്കി .. ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടു കൊണ്ട് മയി അങ്ങോട്ടു ചെന്നു …

റെയിലിൽ പിടിച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് നിവ … പൊടുന്നനെ ഒരേങ്ങലിന്റെ ചീളുകൾ മയിയുടെ കാതിൽ വീണു… അവൾ നടത്തം നിർത്തി കാതോർത്തു …

നിവയിൽ നിന്നുയരുന്ന തേങ്ങലുകൾ …

മയിയുടെ നെറ്റിയിൽ ചുളിവുകൾ വീണു .. അവൾ ശബ്ദമുണ്ടാക്കാതെ നടന്ന് നിവയുടെ അരികിൽ വന്നു ..

അവൾ കരയുകയാണ് ..

” വാവേ….. ” മയി സാവധാനം വിളിച്ചു …

നിവ ഞെട്ടിത്തിരിഞ്ഞു നോക്കി … മയിയെ കണ്ടതും അവൾ വേഗം കണ്ണു തുടച്ചു ..

മയി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി …

” നീ എന്തിനാ കരയുന്നേ …. ” മയി ചോദിച്ചു ..

നിവ മിണ്ടാതെ മുഖം കുനിച്ചു ..

” ഇവിടെ നോക്ക് …” മയിയുടെ സ്വരത്തിൽ ആജ്ഞയുണ്ടായിരുന്നു …

കൊടും പേമാരിയിൽ , കടലിനു നടുവിൽ പെട്ടു പോയ തോണിയിലകപ്പെട്ടു പോയതുപോലെയായിരുന്നു നിവയുടെ അവസ്ഥ .. അവൾക്ക് പിടിച്ചു കയറാൻ ഒരാശ്രയം വേണമായിരുന്നു ..

നിവ മുഖമുയർത്തി മയിയെ നോക്കി ..

” എന്താ നിന്റെ പ്രശ്നം …? എന്തിനാ നീയിവിടെ ഒറ്റയ്ക്ക് വന്ന് നിന്നു കരയുന്നേ …? ” ഇത്തവണ സ്വരം നേർപ്പിച്ചായിരുന്നു മയിയുടെ ചോദ്യം …

നിവ വിതുമ്പി തുടങ്ങി …

” എന്താടാ …. എന്താ മോൾക്ക്‌ പറ്റിയേ .. എന്താണെങ്കിലും പറയ് …” മയി അവളെ മുന്നിലേക്ക് പിടിച്ചു നിർത്തി മുഖം കൈകളിലെടുത്ത് ചോദിച്ചു …

നിവയ്ക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല .. അവൾക്കൊരാശ്രയം കൂടിയേ തീരുമായിരുന്നുള്ളു … ഒരു പൊട്ടിക്കരച്ചിലോടെ അവൾ മയിയെ കെട്ടിപ്പിടിച്ചു …

മയി അവളെ അടക്കിപ്പിടിച്ചു .. അവളുടെ കണ്ണുനീരിന്റെ നനവ് മയിയുടെ മാറിൽ പടർന്നു … ഒരഗ്നിപർവ്വതം അവളുടെയുള്ളിലിരുന്നു പുകയുന്നുണ്ടെന്ന് മയിക്ക് മനസിലായി .. .. അവൾ പിന്നെ ഒന്നും ചോദിച്ചില്ല .. ഒരു പിഞ്ചു പൈതലിനെ എന്ന പോലെ നിവയെ അണച്ചുപിടിച്ച് ആ മൂർധാവിൽ മുകർന്നു ..

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27

Share this story