മിഥുനം: PART 3

മിഥുനം: PART 3

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

അകത്തേക്ക് കയറാനായി കാൽ വെച്ചതും മോനേ എന്നാ രാധികയുടെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി. ആ മുഖം കണ്ടതും പെട്ടന്നൊരു വിറയൽ തന്റെ ദേഹമാകെ പടർന്നു കയറുന്നത് ദേവിക അറിഞ്ഞു.
ഒരടി ചലിക്കാനാകാതെ കാലുകൾ നിശ്ചലമായതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി.

” മോളെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്? ”
പെട്ടന്നുള്ള ആ ചോദ്യത്തിൽ പകച്ചു കണ്ണു തുറന്നു നോക്കിയതും കണ്ടു ആശ്ചര്യഭാവത്തിൽ തന്നെ നോക്കുന്ന രാധികയെ.

ഒന്നുമില്ല എന്ന് പറഞ്ഞു ദേവു നടന്നു രാധികയുടെ അടുത്തെത്തി. ദേവു അടുത്തെത്തിയതും രാധിക മിഥുനെ അവൾക്ക് പരിചയപ്പെടുത്തി.

” മോളേ ഇതാണ് എന്റെ മകൻ. മിഥുൻ
.ഞങ്ങളുടെ ഉണ്ണി. ”
ശേഷം തിരിഞ്ഞു മിഥുനോടായി പറഞ്ഞു.

” ഉണ്ണീ ഇതാണ് ദേവിക. ഇനി മുതൽ നിന്റെ കാര്യങ്ങൾ നോക്കാൻ ഈ കുട്ടിയും ഉണ്ടാവും. ”

ദേവു അവനെ നോക്കി ചിരിച്ചെങ്കിലും അവൻ അവളെ ഒന്ന് തുറിച്ചുനോക്കി ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കിടന്നു.
അത് കണ്ടു ദേവുവിന്റെ മുഖം വാടിയതും രാധിക അവളെ ചേർത്തുപിടിച്ചു മിഥുനോടായി പറഞ്ഞു
” നീ ഈ കുട്ടിയോട് ദേഷ്യം ഒന്നും കാണിക്കാൻ നിൽക്കണ്ടാ ഉണ്ണീ. നിന്നെ സഹായിക്കാനാ ഈ കുട്ടി വന്നിരിക്കുന്നത്. ”

” എനിക്ക് ആരുടേയും സഹായം ഒന്നും വേണ്ടാ. മതിയായി എനിക്ക് എല്ലാവരുടെയും സഹതാപം.

” ഉണ്ണീ നീ ഇവളെ വേദനിപ്പിക്കരുത്. മാഷ് പറഞ്ഞുവിട്ടതാ ഈ കുട്ടിയെ. അതുകൊണ്ട് കഴിഞ്ഞ തവണ വന്നയാളോട് ചെയ്തപോലെയൊന്നും ഇതിനോട് ദേഷ്യപ്പെടരുത്. ”

” എനിക്ക് ഇവളുടെ സഹായം വേണ്ടാന്നു ഞാൻ പറഞ്ഞല്ലോ. പറഞ്ഞു വിട്ടേക്ക് രാത്രിക്ക് മുൻപേ. ”
രാധിക എന്തോ പറയാൻ വന്നതും അവൻ അവരെ കൈ ഉയർത്തി തടഞ്ഞു.

” രണ്ടാളും ഒന്ന് പോകാമോ? എനിക്കൊന്നു ഉറങ്ങണം. ”

ശേഷം നെഞ്ചിലിരുന്ന ബുക്കെടുത്തു മിഥുൻ മുഖത്തേക്ക് വെച്ച് കണ്ണടച്ച് കിടന്നു.

” വാ മോളേ ” എന്നും വിളിച്ചു രാധിക പുറത്തേക്ക് നടന്നു. പിന്നാലെ തന്നെ മിഥുനെ തിരിഞ്ഞു തിരിഞ്ഞ് നോക്കികൊണ്ട് ദേവുവും പുറത്തേക്കിറങ്ങി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഗാർഡനിൽ ചെന്ന് നിന്നതും ദേവു ഒന്ന് നിശ്വസിച്ചു. അതേ ഇതയാൾ തന്നെയാണ്.
താൻ ഇത്ര നാളും തേടിയ ആ മുഖം.

നാലു വർഷമായി താൻ അന്വേഷിച്ചു നടന്ന അതേ ആൾ ഇതാ ഇവിടെ തന്റെ കണ്മുന്നിൽ. അവൾക്ക് ഒരേസമയം സന്തോഷവും അതേ സമയം അവന്റെ അവസ്ഥയോർത്തു സങ്കടവും തോന്നി.

അന്ന് താൻ കണ്ട അതേ കണ്ണുകൾ. പക്ഷെ അന്നത്തെ അത്ര തിളക്കം ഇല്ല ഇപ്പോൾ. ഇതേപോലെ അലസമായി വളർന്ന താടി ഉണ്ടായിരുന്നില്ല.

കുറ്റിത്താടിയും മീശയും നെറ്റിയിലേക്ക് വീണു കിടന്ന മുടിയും പിന്നെ ആ കട്ടിപുരികവും………..
ആ നെഞ്ചിലേക്ക് തന്നെ ചേർത്തു നിർത്തിയത്……… തന്റെയും അവന്റെയും ഹൃദയമിടിപ്പുകൾ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ചേർന്നൊന്നായ് മിടിച്ചത്………… ആ ഓർമയിൽ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
ആകെ അന്നൊരു തവണയേ കണ്ടിട്ടുള്ളു. പേരോ നാടോ ഒന്നുമറിയില്ലെങ്കിലും തന്നെ രക്ഷിച്ച ആ ചെക്കനോട് വല്ലാത്തൊരു ആരാധനയായിരുന്നു. അന്നത്തെ ആ ദിവസത്തിന് ശേഷം പിന്നീട് എല്ലാ ദിവസവും താൻ ഉണർന്നിരുന്നത് ഇന്നെങ്കിലും അവനെ കാണാൻ സാധിക്കണേ എന്നുള്ള പ്രാർഥനയിൽ ആയിരുന്നു.

പിന്നീട് ഒരിക്കൽ പോലും കണ്ടില്ലെങ്കിലും അവൻ തന്റെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും വല്ലാത്തൊരു ലഹരിയായ് ആ കണ്ണുകൾ തന്നിൽ പടർന്നിരുന്നു എന്നവൾ ഓർത്തു. പിന്നീട് അച്ഛന്റെയും അമ്മയുടെയും വേർപാട്. അതോടെ മനസിനെ ശാസിച്ചുനിർത്തി. അവനെ ഓർക്കാൻ പോലും മറന്നിരുന്നു.

പക്ഷെ ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഓർക്കുന്നു പോലുമില്ലായെന്നത് ആ മുഖത്തു നിന്നും വ്യക്തമാണ്. എങ്കിലും ഇങ്ങനെ കാണേണ്ടിയിരുന്നില്ല. അവൾക് വല്ലാത്തൊരു സങ്കടം തോന്നി. ദൈവമേ മിഥുവേട്ടന് വേഗം ഭേദമാവണേ അവൾ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു.

##########################$$$

” ദേവൂ എന്താ ഇവിടെ വന്നു നിൽക്കുന്നത്? ”

രാധികയാണ്.

” ഒന്നുമില്ലമ്മേ ” ശ്ശ് പെട്ടന്നവൾ നാക്ക് കടിച്ചു. ” സോറി മാഡം ഞാൻ പെട്ടന്നു ദേവൂ എന്നുള്ള വിളി കേട്ടപ്പോൾ. സോറി ” അവൾ തല താഴ്ത്തി നിന്നു.

രാധിക ഒന്ന് ചിരിച്ചിട്ട് അവളുടെ തലയിൽ തലോടി.
” സാരമില്ല. മോൾ എന്നെ അമ്മേയെന്നു വിളിച്ചോ. അല്ലേലും ഈ മാഡം ന്നു വിളിക്കുന്നതൊന്നും എനിക്ക് ഇഷ്ടമില്ല. ”
അവൾ ഒന്ന് തലയാട്ടി.

” മാഡം അല്ല അമ്മേ എനിക്ക് മുൻപേ മിഥുൻ സാറിനെ നോക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ? നേരത്തെ പറയുന്നത് കേട്ടു. ”

” ആഹ് ഉണ്ടായിരുന്നു. ഒരു ചെക്കൻ . ഗിരീഷ്. അവനെ കണ്ടപ്പോഴേ ഉണ്ണിക്ക് ഇഷ്ടായില്ല. ഒരിക്കൽ കഞ്ഞി കോരി കൊടുത്തപ്പോൾ കുറച്ചു ഉണ്ണിയുടെ ദേഹത്തേക്ക് വീണു. ആ ദേഷ്യത്തിന് പാത്രം പിടിച്ചുവാങ്ങി ആ ചെക്കന്റെ തലക്കിട്ടു ഒന്ന് കൊടുത്തു. അവൻ അന്ന് തന്നെ ജീവനും കൊണ്ട് ഓടി. ” രാധിക ചിരിച്ചോണ്ട് പറഞ്ഞു.
ദേവു ദയനീയമായി രാധികയെ ഒന്ന് നോക്കി.

” ഹേയ് മോള് പേടിക്കണ്ടാ കേട്ടോ. അവനെ ദേഷ്യം പിടിപ്പിക്കാതെ ഇരുന്നാൽ മതി. ദേഷ്യം വന്നാൽ പിന്നെയവന് കണ്ണ് കാണില്ല. ”

എനിക്കതറിയാം. ഒരിക്കൽ നേരിട്ട് കണ്ടതാണല്ലോ എന്ന് ദേവു മനസ്സിലോർത്തു.

” പക്ഷെ എന്നെ പറഞ്ഞു വിടാൻ പറഞ്ഞില്ലേ? ഇനി എന്നെ ഇവിടെ കണ്ടാൽ ദേഷ്യമാവില്ലേ? ”

” മോള് അവനോട് ഒന്ന് സംസാരിച്ചുനോക്ക്. അവൻ സമ്മതിച്ചാലും ഇല്ലെങ്കിലും നിന്നെ ഇവിടുന്നു വിടില്ല. ”

അവൾക് ആശ്വാസമായി. ” എല്ലാവരും സാറിനോട് സഹതാപം കാണിക്കുന്നത് കൊണ്ടാണ് അമ്മേ ഈ ദേഷ്യം. ഇത്രനാൾ ഓടിച്ചാടി നടന്നിട്ടു ഇപ്പോൾ എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നതിലുള്ള സങ്കടമാണ് ഈ ദേഷ്യം. നമ്മൾ സങ്കടം കാണിക്കാതെ നോർമലായി പെരുമാറിയാൽ തന്നെ ഈ ദേഷ്യം കുറയുമെന്നാ എനിക്ക് തോന്നുന്നത്.”

” രാധിക അവളെ അത്ഭുതത്തോടെ നോക്കി. തനിക്ക് ഇതുവരെ ഈ ചിന്ത വന്നില്ലല്ലോ എന്നവർ ഓർത്തു. ഇനി മുതൽ അവന്റെ മുന്നിൽ സന്തോഷത്തോടെ തന്നെ പെരുമാറണം എന്നവർ മനസ്സിൽ ഉറപ്പിച്ചു.

” മോള് വാ.. ഭക്ഷണം കഴിക്കണ്ടേ? മാധവേട്ടൻ ഇരുന്നു കാണും. ”

ദേവികയും രാധികയും കൂടി ഡൈനിങ്ങ് ഹാളിൽ ചെന്നപ്പോഴേ കണ്ടു അവരെ നോക്കിയിരിക്കുന്ന മാധവനെ.

” മോളിരിക്ക് ” എന്ന് രാധിക പറഞ്ഞതും അവൾ തടഞ്ഞു.
” വേണ്ട അമ്മ ഇരുന്നോ. മിഥുൻ സാറിനു കൊടുത്തിട്ട് ഞാൻ കഴിച്ചോളാം. ”

മാധവന്റെ നോട്ടം കണ്ടതും രാധിക പറഞ്ഞു ” ഞാൻ പറഞ്ഞിട്ടാ ദേവു എന്നെ അമ്മേയെന്നു വിളിച്ചത്. ”

മാധവൻ ചിരിയോടെ തലയാട്ടി. അവർക്ക് രണ്ടാൾക്കും ഭക്ഷണം വിളമ്പി കൊടുത്തിട്ട് മിഥുനുള്ള ആഹാരവുമായി അവൾ അവന്റെ മുറിയിലേക്ക് നടന്നു.

####%%%%%&&######&&&%%%&&$$

ഡോർ തുറക്കുന്ന ശബ്ദം കേട്ടതും മിഥുൻ കണ്ണ് തുറന്നു നോക്കി. നേരത്തെ അമ്മയുടെ കൂടെ കണ്ട പെണ്ണ്.

കയ്യിലെ പാത്രം ടേബിളിൽ വെച്ചിട്ട് അവൾ മിഥുനെ നോക്കി. ആവൻ അവളെ കണ്ടഭാവം നടിച്ചില്ല അവനു തന്നെ മനസിലായിട്ടില്ല എന്നവൾ ഒരു നൊമ്പരത്തോടെ ഓർത്തു. വർഷങ്ങൾ കഴിഞ്ഞില്ലേ അതാവും എന്നവൾ ആശ്വസിക്കാൻ ശ്രെമിച്ചു.

” സാർ ”

” മ്മ് എന്താ? നിന്നോട് പൊയ്ക്കോളാൻ പറഞ്ഞതല്ലേ? ”

” അത് കഞ്ഞി കൊണ്ടുതരാൻ വന്നതാ. ”
അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ചെന്നതും അവൻ അവളെ രൂക്ഷമായി നോക്കി. അവൾ പിന്നോട്ട് നീങ്ങി തല താഴ്ത്തി നിന്നു.

” കഞ്ഞി അവിടെ ഇരിപ്പുണ്ടല്ലോ. എനിക്ക് വേണ്ടപ്പോൾ ഞാൻ കഴിച്ചോളാം. നീ എന്നെ ഊട്ടാൻ ഒന്നും നിക്കണ്ടാ. ”

” അത് അമ്മ പറഞ്ഞു കഴിപ്പിക്കണമെന്നു. ”

” എനിക്ക് നിന്റെ സഹായം ഒന്നും ആവശ്യമില്ല. നിനക്ക് പോകാം. ”
അവൾ നിസ്സഹായതയോടെ അവനെ നോക്കി .

” സാറിനു എന്റെ സഹായം ആവശ്യമില്ല എന്നെനിക്ക് അറിയാം .. പക്ഷെ എനിക്ക് സാറിന്റെ സഹായം ആവശ്യമാണ്. ഇവിടുന്നു പറഞ്ഞു വിട്ടാൽ എന്റെ പഠനം തന്നെ മുടങ്ങും സാർ. പ്ലീസ് ഞാനിവിടെ നിന്നോട്ടെ? സാറിനു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. പ്ലീസ് സാർ. ”

അവൾ പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

Share this story