കാക്ക തൊള്ളായിരം സ്വപ്‌നങ്ങൾ – ഭാഗം 2

കാക്ക തൊള്ളായിരം സ്വപ്‌നങ്ങൾ – ഭാഗം 2

നോവൽ

****

കാക്ക തൊള്ളായിരം സ്വപ്‌നങ്ങൾ – ഭാഗം 2

എഴുത്തുകാരി:
ജോസ്ന ലിസ്ബത്ത്

”എന്തായി ജിതേ, കാര്യങ്ങൾ?” ഇടിമുഴക്കം പോലൊരു ചോദ്യം കേട്ടവൾ കണ്ണുകൾ വലിച്ചു തുറന്നു. ‘സമാധാനം, ഇടിമുഴക്കമല്ല’. സ്വതവേയുള്ള വെപ്രാളത്തിൽ ജൂലി കതകും തള്ളി തുറന്നു വരുന്നതാണ്.അവൾ വിശ്രമമില്ലാത്ത ഒൻപതു മണിക്കൂറിന്‍റെ മോർണിംഗ് ഷിഫ്റ്റും കഴിഞ്ഞു വരുന്നതാണെങ്കിലും ആ തളർച്ചയൊന്നും അവളുടെ ശബ്ദത്തിനില്ല! ‘മണ്ടത്തി മാലാഖ’ അങ്ങനെയാണ് കൂട്ടുകാർ അവളെ കളിയാക്കി വിളിക്കുന്നത്. ചിറകുകളില്ലായെങ്കിലും എവിടെയും പറന്നു നടക്കും.

പെട്ടെന്നാണ് തലച്ചോറിലൂടെ ഒരു ഇടി വെട്ടിയത്; ” ഓ മൈ ഗോഡ്, സമയം നാലു മാണി കഴിഞ്ഞു. അര മണിക്കൂറിൽ മോഡൽ എക്സാം തുടങ്ങും”. പിന്നെയൊരു ചാട്ടവും കുതിപ്പുമായിരുന്നു. നല്ല ഒന്നാന്തരം കടിച്ചാൽ പൊട്ടാത്ത റീഡിങ് സാമ്പിളും, കുപ്പിച്ചില്ലു പോലെ കുത്തിക്കയറുന്ന തണുപ്പും , പുറമെ ചവച്ചാൽ അരയാത്ത റൊട്ടിയും തൊണ്ട തൊടാതെ വിഴുങ്ങിയ പരിപ്പ് കറിയും വയറ്റിൽ കിടന്നു കുതിർന്നപ്പോൾ, കൂടി കലർന്നുണ്ടായ ഒരു മയക്കം – അതാണ് അവളെ ചതിച്ചത്.

കയ്യിൽ കിട്ടിയൊരു ചുരിദാറും വലിച്ചു കേറ്റി അപാർട്മെന്റിന്റെ ഗേറ്റ് കടന്നപ്പോഴാണ് കാലിൽ ചുവടു പിഴയ്ക്കാത്ത ഹവായി ചെരുപ്പ് തന്നെയാണ് എന്ന് മനസിലാക്കുന്നത്. കുതിപ്പിനിടയിൽ ചെരുപ്പ് മാറാൻ മറന്നു പോയതാണ്. പക്ഷെ അതൊന്നും ഇപ്പോൾ പ്രസക്തമല്ലല്ലോ? നാക്ക് പിഴയ്ക്കാതിരിക്കുക എന്നത് മാത്രമാണ് പ്രസക്തം!

അപ്രസക്തമായവയിൽ നിന്നും പ്രസക്തമായവയിലേക്കുള്ള ഒരു കുതിപ്പാണല്ലോ ആധുനിക മനുഷ്യന്റെ വളർച്ച. ജിതയും വളരാൻ വേണ്ടി കുതിയ്ക്കുകയാണ്, കാക്കത്തൊള്ളായിരം സ്വപ്നങ്ങളും ചിറകിലേറ്റി!! ആ കുതിപ്പിന്റെ വളർച്ച രണ്ടു മണിക്കൂറിനുള്ളിൽ അറിയാം. കഴിഞ്ഞ രണ്ടു മാസങ്ങളിലും വളർച്ചയേക്കാൾ തളർച്ചയായിരുന്നുവെന്നാണ് IELTS കോച്ചിങ് സെന്ററിലെ സാറുമ്മാർ പറഞ്ഞത്.

ചെറുപ്പത്തിൽ ഹവായി ചെരുപ്പിൽ പാടത്തു കൂടി കുതിച്ചു നല്ല പരിചയമുള്ളതു പ്രയോജനപ്പെട്ടുവെന്നു തന്നെ വേണം പറയാൻ; എക്സാം തുടങ്ങുന്നതിനു അഞ്ചു മിനിട്ടു മുൻപേ സെന്ററിൽ ഓടിക്കിതച്ചെത്തി. ‘ദൈവാനുഗ്രഹം’.

ഈ തണുപ്പത്ത് ഒരു പ്രോത്സാഹനമാവട്ടെ എന്ന് കരുതിയാകും ഓഫീസിലെ ചേച്ചി ചൂട് പാറുന്ന ചായ ഗ്ലാസ്സുകൾ തിക്കി കൂട്ടി വച്ചിരിക്കുന്ന ഒരു ട്രേയുമായി കറങ്ങി നടക്കുന്നുണ്ട്. ‘ഏക് ഗ്ലാസ് ലേലോ ബേട്ടി’ ചേച്ചിയുടെ സ്നേഹം തള്ളി കളയാൻ തോന്നിയില്ല.

അതിലൊരെണ്ണം എടുത്തു കുടിച്ചപ്പോൾ നാക്ക് പൊള്ളിയെങ്കിലും ചെവികൾക്ക് രണ്ടിനും, പിന്നെ കൈവിരലുകൾക്കും പ്രവർത്തന ശേഷി തിരിച്ചു കിട്ടിയതായി തോന്നി.

ഈ പരീക്ഷ എങ്ങനെയെങ്കിലും പാസായിട്ടു വേണം ശരിക്കുമുള്ള പരീക്ഷയെ പറ്റി ചിന്തിക്കിക്കാൻ. സമയം കളയാതെ ഒഴിഞ്ഞു കിടന്ന സീറ്റു പിടിച്ചു. ലിസ്സണിങ് ആണ് ആദ്യ കടമ്പ. ചായ സഹായിച്ചു: ഹെഡ്‍ഫോണിൽ പറയുന്നതൊക്കെ വ്യകത്മായി കേൾക്കാം. ഉത്തരങ്ങളുടെ കാര്യത്തിലെ ഒരു അവ്യക്തതയുള്ളു!!

ചായച്ചേച്ചിയുടെ പ്രോത്സാഹനവും, ആധുനികതയിലേക്കുള്ള കുതിപ്പും, ചിറകിലേറ്റിയിരിക്കുന്ന സ്വപ്നങ്ങളും എല്ലാം കൂടി മോശമില്ലാത്തൊരു പെർഫോമൻസ് ആയിരുന്നുവെന്നു വേണം വിചാരിക്കാൻ. ”ഡേറ്റ് നോക്കിയാലോ?” എന്നുള്ള ചോദ്യം പോലുള്ള ഒരു പ്രഖ്യാപനം അത് തന്നെയാണ് പറയുന്നത്.

തത്കാലം അത് മാത്രം കേൾക്കാനുള്ള സാവകാശമേയുള്ളു! കാരണം വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചോടിയാലേ റെഡ്‌സോണിൽ പെടാതെ സ്വയ്പ്പ് ചെയ്യാൻ പറ്റുകയുള്ളു. നൈറ്റ് ഡ്യൂട്ടിയെന്നു പറയുന്നത് തന്നെ ഒരു ഡെയ്ഞ്ചർ സോണിലെ ഞാന്നൂമേൽ കളിയാണ്. അപ്പോൾ തുടക്കം തന്നെ ചുവടു പിഴയ്ക്കാതെ നോക്കണമല്ലോ! ആ ഓട്ടത്തിനിടയിലും ആ മണ്ടത്തി മാലാഖയുടെ മുഖം ജിതയുടെ മനസ്സിലേക്കു തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു..

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വിങ്ലെസ്സ് ഏഞ്ചത്സ് – ഒരു അണുവിന്റെ മൂടുപടം – ഭാഗം 1

Share this story