മിഥുനം: PART 4

മിഥുനം: PART 4

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

“സാറിനു എന്റെ സഹായം ആവശ്യമില്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്ക് സാറിന്റെ സഹായം ആവശ്യമാണ്. ഇവിടുന്നു പറഞ്ഞു വിട്ടാൽ എന്റെ പഠനം തന്നെ മുടങ്ങും സർ. പ്ലീസ് ഞാനിവിടെ നിന്നോട്ടെ? ”

അവൾ പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. മിഥുനും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

നീണ്ടുകിടക്കുന്ന മുടി… ചെറിയ നെറ്റിത്തടം…. ഇടതൂർന്ന കറുത്ത പുരികങ്ങൾ… ഒരു കുഞ്ഞു കറുത്ത പൊട്ടും ഭസ്മക്കുറിയും…. വിടർന്ന കണ്ണുകളും….

ആ കണ്ണുകളിൽ നിറയെ പ്രതീക്ഷയാണ്. അവനു കൗതുകം തോന്നി. ഏഴെട്ട് മാസങ്ങളായി ഈ മുറി കടന്ന് തനിക്ക് അരികിലേക്ക് വന്നവരുടെ കണ്ണുകളിൽ എല്ലാം സഹതാപം ആയിരുന്നു. പക്ഷേ ഇവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. താൻ ഇവളെ ഇവിടെ നിന്നിറക്കി വിട്ടാൽ തീരുന്നത് ഇവളുടെ ഭാവിയാണ്.. തന്റെ ദേഷ്യവും പിടിവാശിയും കൊണ്ട് ഒരു പെൺകുട്ടിയുടെ പഠനം നിൽക്കാൻ പാടില്ല. അവൻ മനസ്സിലോർത്തു.

മിഥുൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും അവളുടെ മുഖത്തു നിരാശ പടർന്നു. പതിയെ എഴുന്നേറ്റ് അവൾ വാതിലിനു നേരെ നടന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവന്റെ ശബ്ദം അവളുടെ കാതിൽ പതിച്ചു.

” ഡോ ”

അവൾ തിരിഞ്ഞു നോക്കി.

” മര്യാദക്ക് അടങ്ങിയൊതുങ്ങി നിൽക്കാമെങ്കിൽ ഇവിടെ നിന്നോ. ഇവിടെയുള്ള ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പ്രേത്യേകിച്ചു എനിക്ക്. എന്നെ വെറുതെ ഇറിറ്റേറ്റ് ചെയ്യാൻ വന്നാൽ ആ നിമിഷം നീ പുറത്താകും കേട്ടല്ലോ. ”

ദേവു തലയാട്ടി.

” എന്താ വായിൽ നാക്കില്ലേ? ഞാൻ പറഞ്ഞത് കേട്ടോന്നു? “മിഥുൻ ഗൗരവം ഒട്ടും കുറച്ചില്ല.

” കേട്ടു സാർ. ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ല. ”
പോകാൻ ഒരുങ്ങിയതും പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അവൾ അവന്റെ അടുത്തേക്ക് ഓടിവന്നു ആ കൈപിടിച്ചു.
” നന്ദിയുണ്ട് സാർ ”

കണ്ണുകൾ തമ്മിൽ ഒരു നിമിഷം കൊരുത്തപ്പോഴേക്കും അവൻ നോട്ടം മാറ്റി തന്റെ കയ്യിലേക്ക് നോക്കി.. അവൻ നോക്കിയതും അവൾ ആ കൈവിട്ടു.

” സോറി….. ഞാൻ … പെട്ടന്ന് ” അവൾ നിന്ന് വിക്കി. ദേവൂന്റെ പരിഭ്രമം കണ്ടതും മിഥുന് ചിരി വന്നു. എങ്കിലും അത് പുറത്ത് കാട്ടാതെ അവൻ അവളെ രൂക്ഷമായി നോക്കി.

” സാർ കഞ്ഞി എടുത്ത് തരട്ടെ? ” അവൾ ചോദിച്ചു.

” എനിക്ക് വേണ്ടാ. നീ പൊയ്ക്കോ. പോകുമ്പോ ഈ പ്ലേറ്റ് കൂടി കൊണ്ടുപോയ്‌ക്കോ. ”

” സാർ ഫുഡ് കഴിച്ചിട്ടേ മരുന്ന് കഴിക്കാൻ പറ്റൂ”

” എനിക്ക് മടുത്തു എന്നും ഒരു കഞ്ഞി. ഡിസ്ഗസ്റ്റിംഗ് ” മിഥുൻ പിറുപിറുത്തു.

അവൾ ഒന്ന് ചിന്തിച്ചു നിന്നതിനു ശേഷം കഞ്ഞിയുമായി പുറത്തേക്ക് പോയി. അതോടെ അവൻ കയ്യിലിരുന്ന ബുക്കിലേക്ക് ശ്രെദ്ധ പതിപ്പിച്ചു.

##############################

അൽപനേരം കഴിഞ്ഞതും കയ്യിലൊരു പ്ലേറ്റുമായി ദേവിക അകത്തേക്ക് വന്നു. പാത്രം സൈഡിൽ ഇരുന്ന ടേബിളിലേക്ക് വെച്ചിട്ട് അവൾ മിഥുനെ താങ്ങി കട്ടിലിൽ ചാരി ഇരുത്തി. വിശന്നു തുടങ്ങിയതിനാൽ തന്നെ അവനു എതിർക്കാനും തോന്നിയില്ല.

ടേബിളിൽ ഇരുന്ന പാത്രമെടുത്തു ദേവു അവന്റെ അരികിൽ വന്നിരുന്നു. ആ പ്ലേറ്റിലേക്ക് നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. പാത്രത്തിൽ വാട്ടിയ വാഴയില. അതിൽ ആവി പറക്കുന്ന കുത്തരിച്ചോറ്. മോരും പപ്പടവും പാവയ്ക്കാ തോരനും. അവന്റെ കണ്ണിലെ സന്തോഷം കണ്ടു ദേവുവിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

ചോറ് ഓരോ ഉരുളയാക്കി അവൾ അവന്റെ വായിൽ വെച്ചുകൊടുത്തു. എതിർപ്പൊന്നും കൂടാതെ അവൻ അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്നത് കണ്ടാണ് രാധികയും മാധവനും കയറി വന്നത്. അവരെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു. അതോടെ രാധികക്ക് സന്തോഷമായി. കണ്ണുകൾ നിറഞ്ഞു വന്നതും അവർ അതടക്കി പിടിച്ചു. ദേവു പറഞ്ഞതുപോലെ ഞങ്ങൾ തളർന്നുപോയാലോ സങ്കടപ്പെട്ട് ഇരുന്നാലോ അത് ഉണ്ണിയേയും തകർക്കും. അതുകൊണ്ട് അവനു മുന്നിൽ ആത്‌മവിശ്വാസത്തോടെ നിൽക്കണം . രാധിക മനസ്സിലോർത്തു.

മിഥുനും അമ്മയുടെ പുഞ്ചിരി ആശ്വാസമായിരുന്നു. തന്നെ കാണുമ്പോ ഇടമുറിയാതെ ഒഴുകുന്ന ആ കണ്ണീർ കാണുമ്പോൾ തന്നെ മനസ് മടുക്കുമായിരുന്നു. അപ്പോഴാണ് തന്റെ ജീവിതം തന്നെ പരാജയമായത് പോലെ തോന്നുക . അതാണ്‌ അടക്കാനാവാത്ത ദേഷ്യത്തിലേക്ക് നയിച്ചിരുന്നത്.

മുഴുവൻ ഭക്ഷണവും കഴിപ്പിച്ച ശേഷം അവന്റെ വായും മുഖവും വൃത്തിയാക്കി മരുന്നും കഴിപ്പിച്ചു ദേവു പാത്രവുമെടുത്തു പുറത്തേക്ക് പോയി.

” വയറു നിറഞ്ഞോ മോനേ? ” രാധിക അടുത്തിരുന്നു അവന്റെ നെറുകിൽ തലോടി.

” നല്ല രുചി ഉണ്ടായിരുന്നു അമ്മേ. എന്നും കഞ്ഞി കുടിച്ചു മടുത്തിരിക്കയായിരുന്നു. ” അവൻ ചിരിയോടെ പറഞ്ഞു.

” ദേവു എന്നോട് വന്നു ചോദിച്ചറിഞ്ഞു നിനക്ക് ഇഷ്ടമുള്ള കറികൾ ഒക്കെ. എന്നിട്ട് അടുക്കളയിലേക്ക് ഓടുവായിരുന്നു നിനക്ക് വിശക്കുന്നേനു മുൻപേ ഉണ്ടാക്കി തരാൻ. ” രാധിക സന്തോഷത്തോടെ പറഞ്ഞു. ” ഇതുവരെ അവളൊന്നും കഴിച്ചില്ല. നിനക്ക് തന്നിട്ടേ കഴിക്കത്തൊള്ളൂ എന്ന് വാശിയായിരുന്നു. ”

” കേട്ടോടാ മോനേ നിന്റെ അമ്മയ്ക്കു ദേവുവിനെ വല്ലാണ്ടങ് പിടിച്ചുപോയി. അവളോട് അമ്മേ ന്നു വിളിച്ചോളാൻ പെർമിഷൻ ഒക്കെ കൊടുത്തു. ഇനി നമ്മളൊക്കെ ഔട്ട്‌ ആകുവോ എന്തോ ”

മാധവന്റെ സംസാരം കേട്ടു രാധിക അയാളെ കൂർപ്പിച്ചു നോക്കുന്നത് കണ്ടു മിഥുൻ പൊട്ടിച്ചിരിച്ചു. അവർ രണ്ടാളും ആ ചിരിയിൽ പങ്കു ചേർന്നു.
” ആഹ് അതേ എനിക്ക് ദേവുമോളെ ഒരുപാട് ഇഷ്ടായി. നല്ല ഐശ്വര്യം ഉള്ള കുട്ടിയാ അവള് ”

” ഹാ മാളു കേൾക്കണ്ടാ. അമ്മേടെ ദേവൂനെ എടുത്ത് ആ കുശുമ്പി പഞ്ഞിക്കിടും” മിഥുൻ പറഞ്ഞു.

വാതിൽ തുറന്നു അകത്തേക്ക് കയറാൻ വന്ന ദേവു കണ്ടത് സന്തോഷത്തോടെ ഓരോന്ന് പറഞ്ഞു ചിരിക്കുന്ന മൂവരെയുമാണ്. മിഥുന്റെ ചിരി കണ്ടു അവൾ അവനെത്തന്നെ ഒരു നിമിഷം നോക്കി നിന്നുപോയി. ഈ കടുവയ്ക്ക് ചിരിക്കാൻ ഒക്കെ അറിയാമോ. മനസ്സിൽ ഒരു വല്ലാത്ത ആശ്വാസം വന്നു നിറയുന്നതവൾ അറിഞ്ഞു. പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് അവൾ പിന്തിരിഞ്ഞു. അവരുടെ ഇടയിലേക്ക് താൻ കയറി ചെല്ലുന്നത് മോശമാണെന്നു അവൾക് തോന്നി.
അച്ഛനോടും അമ്മയോടും സംസാരിക്കുന്നതിനിടക്ക് മിഥുൻ കണ്ടിരുന്നു വാതിൽക്കൽ വരെ വന്നു തങ്ങളുടെ സംസാരം കണ്ടു നിന്നുപോയ ദേവികയെ. തന്റെ ചിരി കണ്ടവൾ എന്തോ പിറുപിറുക്കുന്നത് കണ്ടു. പിന്നീട് തങ്ങൾക്ക് ശല്യം ആവണ്ടയെന്നോർത് തിരിച്ചുപോയതും ശ്രെദ്ധിച്ചിരുന്നു.

പിന്നെയും കുറേ നേരം കൂടി സംസാരിച്ചു ഇരുന്നതിനുശേഷം അവർ പോയി. കയ്യിലെ ബുക്കിലേക്ക് മിഴി നട്ട് മിഥുനും.

” ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന് ചോര-
ചാറിചുവപ്പിച്ചൊരെന് പനീര്പ്പൂവുകള്
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്ക്കുറിച്ചിട്ട വാക്കുകള്
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന് തന്ത്രികള് ”

( ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട് )

ആ വരികളിലേക്ക് മിഴികൾ എത്തിയതും മിഥുന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഏതൊക്കെയോ ഓർമകളിൽ അവന്റെ ഹൃദയം വിങ്ങി.

%%%%%%%%%%%%%%%%%%%%%%

ഇടക്ക് എപ്പോഴോ മയങ്ങിയ മിഥുൻ കണ്ണുതുറന്നപ്പോൾ കാണുന്നത് തന്റെ ബുക്ക്‌ ഷെൽഫിനരുകിൽ ഒരു കസേരയിൽ ചാരിയിരുന്നു ഒരു ബുക്ക്‌ ആസ്വദിച്ചു വായിക്കുന്ന ദേവികയെ ആണ്.
അവന്റെ അനക്കം അറിഞ്ഞതും അവൾ ചാടിയെഴുന്നേറ്റു.

” അമ്മ പറഞ്ഞിരുന്നു ഉച്ചമയക്കം കഴിഞ്ഞ് എണീക്കുമ്പോഴേ ചായ വേണമെന്ന്. ഞാൻ ഇപ്പൊ തന്നെ കൊണ്ടുവരാം. ” അവൾ അടുക്കളയിലേക്ക് ഓടി.

തിരികെ വന്നു ചായ കുടിപ്പിച്ചതിനു ശേഷം അവൾ ചോദിച്ചു
” സാർ ചായ എങ്ങനെ ഉണ്ട്? ”

” ആ കുഴപ്പമില്ല. കുടിക്കാതെ വേറെ നിവർത്തിയില്ലല്ലോ. “അവൻ പറഞ്ഞു.

അത് കേട്ടതും ദേവുവിന്റെ മുഖം കാറ്റുപോയ ബലൂൺ പോലെയായി.

” ഹും കടുവ.. ബാക്കി എല്ലാരും പറഞ്ഞല്ലോ നല്ലതാണെന്നു. തനി മുരടൻ ” കപ്പെടുത്തു പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ പതിയെ പറഞ്ഞു.

” എന്തേലും പറഞ്ഞാരുന്നോ ? ”

” ഒന്നൂല്ല സാർ ” അവൾ ചുമൽ കൂച്ചി.

അവൾ പോയതും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ പുറത്തേക്ക് നോക്കി. ജനലിനപ്പുറം വയലാണ്. നല്ല പച്ചപ്പും വീശിയടിക്കുന്ന കാറ്റും. പണ്ടൊക്കെ സ്ഥിരം വയലിനടുത്ത ഗ്രൗണ്ടിൽ തങ്ങൾ കളിക്കാൻ പോകുമായിരുന്നു. രാത്രി ആയാലും എന്നെ കാണാതെ അച്ഛൻ അന്വേഷിച്ചുവരുമ്പോഴും ഗ്രൗണ്ടിൽ കളി തന്നെയായിരുന്നു. ഫുട്ബോളും ക്രിക്കറ്റും എല്ലാം വാശിയോടെ കളിച്ചു ജയിക്കുമായിരുന്നു. അവൻ ഓർത്തു. വയൽ വരമ്പിലൂടെ പോകുന്നവരെ നോക്കിക്കൊണ്ട്‌ അവൻ അങ്ങോട്ട് കണ്ണുകളയച്ചു കിടന്നു.

###########################

വൈകുന്നേരം ഒന്ന് മേല്കഴുകി തിരിച്ചു ഇറങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് അറിഞ്ഞത്. എടുത്ത് നോക്കിയതും ചെറിയച്ഛനാണ്‌ വിളിക്കുന്നത്. ദേവു ഫോണുമെടുത്തു ഗാർഡനിലെ ഊഞ്ഞാലിൽ പോയിരുന്നു.

” മോളേ അവിടെ കുഴപ്പമൊന്നുമില്ലല്ലോ? ” ചെറിയച്ഛന്റെ സ്വരത്തിൽ ആശങ്ക.

” ഇല്ല ചെറിയച്ചാ ഇവിടെയെല്ലാം നല്ല ആൾക്കാരാ. എനിക്കിവിടെ ഒരു ബുദ്ധിമുട്ടും ഇല്ല. ”

” നിന്റെ ചെറിയമ്മക്ക് ആകെ ടെൻഷനാണ് മോളേ ”

” ചെറിയമ്മക്ക് ഫോൺ കൊടുക്കാമോ? ഞാൻ സംസാരിക്കാം. ”

” ദേവൂട്ടീ….. ”

” ചെറിയമ്മേ എന്തിനാ വിഷമിക്കുന്നത്? എനിക്കിവിടെ ഒരു കുഴപ്പവുമില്ല. ”

” എന്നാലും ഒരു സമാധാനമില്ല മോളേ. ഇത്രയും ദൂരം എന്റെ കുഞ്ഞ് ”

” എന്റെ ചെറിയമ്മേ ദേ വെറുതെ കരഞ്ഞു ചെറിയച്ചനെ ടെൻഷൻ ആക്കല്ലേ. എനിക്കിവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ അപ്പൊ തന്നെ അങ്ങോട്ട് വരില്ലേ? ആ അതൊക്കെ പോട്ടെ അഞ്ജലിയും അരവിന്ദും വന്നോ? ”

” വന്നിട്ടില്ല മോളേ. ഇത്തിരികൂടി കഴിയും. ”

” എന്നാൽ വെക്കട്ടെ ചെറിയമ്മേ? രാത്രി വിളിക്കാം ”

#######################

എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. തിരിഞ്ഞ് നോക്കിയതും ഒരു പെൺകുട്ടി അകത്തേക്ക് പോകുന്നത് കണ്ടു. മുഖം വ്യക്തമാകാത്തത് കൊണ്ട് ദേവു അത് ആരെന്നു ആലോചിച്ചു.

അകത്തേക്ക് ചെന്നതും ദേവു കണ്ടു ആ പെൺകുട്ടി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നത്. തോളൊപ്പം മുടി..ജീൻസും ടോപ്പും ആണ് വേഷം. ദേവുവിനെ കണ്ടതും രാധിക പറഞ്ഞു
“ദേവൂ ഇതാ എന്റെ മോള് മൈഥിലി. ഞങ്ങളുടെ മാളു ”

ആ പെൺകുട്ടി തിരിഞ്ഞുനോക്കി. പരസ്പരം കണ്ടതും രണ്ടാളും അത്ഭുതത്തോടെ നോക്കി.
” ദേവുചേച്ചീ ഇതെന്താ ഇവിടെ? ”
എന്നും ചോദിച്ചു മാളു ഓടിവന്നു ദേവൂനെ കെട്ടിപിടിച്ചു.

” നിനക്ക് ദേവുവിനെ നേരത്തെ അറിയോ മാളൂ? ” രാധിക മൈഥിലിയോട് ചോദിച്ചു.

” ഞങ്ങൾ ഒരു കോളേജിലാ അമ്മേ. ചേച്ചി പിജിയിൽ ആണ്. കഴിഞ്ഞ വർഷത്തെ ആർട്സ് ഡേയുടെ അന്ന് തലകറങ്ങി വീണ എന്നെ താങ്ങിയെടുത്തു ഹോസ്പിറ്റലിൽ ആക്കിയതും അന്ന് മുഴുവൻ കൂട്ടിരുന്നതും ഒക്കെ ചേച്ചിയാ… അല്ല ചേച്ചി എന്താ ഇവിടെ? ”
പെട്ടന്ന് ഓർത്തത് പോലെ മാളു ചോദിച്ചു.

“ദേവുമോളാ മാളൂ ഉണ്ണിയെ നോക്കാൻ വന്നത്. ”
മാളു പകപ്പോടെ ദേവുവിനെ നോക്കി. അവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.

” കുറേ ദിവസം കോളേജിൽ കാണാഞ്ഞിട്ട് ഞാൻ ചേച്ചിയെ അന്വേഷിച്ചിരുന്നു. എക്സാം എഴുതാൻ ഇനി വരുവൊള്ളൂ എന്നാണ് അറിഞ്ഞത്. എന്താ ചേച്ചീ പറ്റിയെ?”

മാളു സങ്കടത്തോടെ ചോദിച്ചു. ദേവു നിരാശകലർന്ന പുഞ്ചിരി അവൾക്ക് നൽകി. എന്നിട്ടവളുടെ കവിളിൽ പിടിച്ചു വലിച്ചു.

” ഒന്നൂല്ല ന്റെ മാളൂട്ടീ. എന്റെ ആവശ്യം ഇവിടെ ആണെന്ന് തോന്നി ഞാനിങ്ങു പോന്നു. അത്രേയുള്ളൂ അല്ലേ അമ്മേ? ” ദേവു കണ്ണിറുക്കിക്കൊണ്ട് രാധികയെ നോക്കി.

” അമ്മയോ? അതൊക്കെ എപ്പോ? ”

” ഇവളും എന്റെ മോള് തന്നെയാ. അതോണ്ട് കുശുമ്പ് എടുക്കാതെ പോയി കുളിച്ചിട്ട് വാ. ”

രാധിക നോക്കി കണ്ണുരുട്ടിയതും മാളു മുകളിലേക്ക് ഓടി. രാധികയും ദേവുവും അവൾ പോയ വഴിയേ നോക്കി ചിരിച്ചു.

##############################

“മ്മ്. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ. എന്റെ ചേച്ചി വിഷമിക്കണ്ട. ഇവിടെ ഞങ്ങൾ എല്ലാരുമില്ലേ.? ഞാൻ പിന്നെ പണ്ടേ ദേവുചേച്ചീടെ സ്വന്തം അല്ലേ? ” ദേവൂനെ പറ്റി അറിഞ്ഞതിനു ശേഷം മാളു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

ഈ കാഴ്ച കണ്ടുകൊണ്ടാണ് മാധവൻ കയറിവന്നത്.

” ആഹാ നിങ്ങൾ പരിചയപ്പെട്ടോ? ” അയാൾ ചോദിച്ചു.

” ഞങ്ങൾ പണ്ടേ പരിചയക്കാരാ മിസ്റ്റർ മാധവൻ തമ്പി. നിങ്ങളാ ചേച്ചിയെ പരിചയപ്പെടാൻ ലേറ്റ് ആയത് “.മാളു കുസൃതിയോടെ പറഞ്ഞു.

“മ്മ് നടക്കട്ടെ എന്നും പറഞ്ഞു അയാൾ അകത്തേക്ക് കയറി.

മാളുവും ദേവുവും പിന്നെയും കുറച്ചു സമയം കത്തി വെച്ചിരുന്നു.
ഭക്ഷണം കഴിക്കാൻ രണ്ടാളെയും വിളിക്കാൻ മുകളിലേക്ക് വന്ന രാധിക കാണുന്നത് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന മാളുവിനെയും അടുത്ത് ബുക്കും തുറന്ന് വെച്ച് ഇരിക്കുന്ന ദേവുവിനെയും ആണ്.

” ആഹ് രണ്ടാളും പഠിക്കുവാണോ? ”

” എന്റെ പൊന്നമ്മേ ഒരു ഡൌട്ട് ചോദിച്ചതേ എനിക്ക് ഓർമയുള്ളൂ ഈ ദേവുചേച്ചി ദേ ഈ ബുക്ക്‌ മുഴുവൻ എനിക്ക് പറഞ്ഞു തരുന്നു. ” തലയിൽ കൈ വെച്ചുകൊണ്ട് മാളു പറഞ്ഞു.

” ആ അതേതായാലും നന്നായി. നീ അങ്ങനെയെങ്കിലും ബുക്ക്‌ ഒന്ന് തുറക്കുമല്ലോ. ദേവൂ, മോളെന്നും ഒരു മണിക്കൂർ ഇവളെ പഠിപ്പിക്കണം കേട്ടോ. മോൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ? ”

” എനിക്കെന്ത് ബുദ്ധിമുട്ട്? സന്തോഷമേ ഉള്ളു അമ്മേ ” ദേവു പറഞ്ഞു.

” ഐ ആം ട്രാപ്പ്ഡ് ” മാളു പറഞ്ഞത് കേട്ട് രണ്ടാൾക്കും ചിരി വന്നു.

” രണ്ടാളും ഭക്ഷണം കഴിക്കാൻ വാ. സമയം കുറെയായി. എഴുന്നേറ്റ് വാ “.

” അമ്മേ എനിക്കൊരു കാര്യം പറയാൻ ഉണ്ട് ”
ദേവുവിന്റെ ശബ്ദം കേട്ട് രാധിക തിരിഞ്ഞു നോക്കി.

###########################

മുറിയിലെ ടീവിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടിരിക്കുമ്പോഴാണ് മാളു ഏട്ടാ എന്നും വിളിച്ചു കയറി വന്നത്..

” വൈകുന്നേരം വന്നിട്ട് നിന്നെ കണ്ടേയില്ലല്ലോ? ”

” അത് ഞാൻ ദേവുചേച്ചിയെ കണ്ടു ഞെട്ടി നിന്നുപോയതാ. പിന്നെ കുറേ സംസാരിക്കാൻ ഉണ്ടായിരുന്നു. സോറി ഏട്ടാ”.

” ഹോ എല്ലാർക്കും ഇപ്പൊ അവളെപ്പറ്റി പറയാനേ നേരമുള്ളൂ “.

” ദേവുചേച്ചി പാവമാ ഏട്ടാ. നന്നായിട്ട് പഠിക്കും ചേച്ചി. പിന്നെ അടിപൊളി ഡാൻസർ ആണ്. എന്ത് നല്ല സ്വഭാവം ആണെന്നോ. ”

” ഹോ എനിക്ക് കേൾക്കണ്ട നിന്റെ ദേവുപുരാണം ”

” അല്ലേലും ഈ ഏട്ടനൊരു മുരടനാ. ചേച്ചി പറഞ്ഞതുപോലെ ഒരു കടുവ. ”

“അതിന്റിടക്ക് അവൾ എനിക്ക് പേരുമിട്ടോ? അവളിങ്ങോട്ട് വരട്ടെ ”

” ദേവുചേച്ചീനെ എന്തേലും പറഞ്ഞാൽ ഏട്ടനെ അമ്മ ശെരിയാക്കും. അയ്യോ അതിനിടക്ക് ഞാൻ വന്ന കാര്യം മറന്നു ”

പിന്നീടവൾ പറഞ്ഞ കാര്യം കേട്ട് മിഥുന്റെ കണ്ണുകൾ നിറഞ്ഞു.

.തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

Share this story