ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 2

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

PHC (Primary health Centre) യിൽ നിന്നു പുറത്തേക്കിറങ്ങി ശ്രീ അതിന്റെ മുന്നിലുള്ള കുഞ്ഞേട്ടന്റെ പീടികയുടെ അടുത്തു ബുള്ളെറ്റ് നിർത്തി..

ഒരു പുകയെടുത്തേക്കാം…പതിവുള്ളതല്ല..വല്ലകാലത്തും മാത്രം..അച്ഛനറിഞ്ഞാൽ പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കൂല്ല…ചൂരലെടുത്തു നല്ലത് തരും..

അതു പറഞ്ഞപ്പോഴാ ഓർത്തെ..സേതുമാഷിന്റെ മുറിയിലെ അലമാരയുടെ മുകളിൽ ഇപ്പോഴും മക്കളെ തല്ലാനായുള്ള ചൂരൽ റെഡിയാണ്..😊

ഇതിപ്പോ ഇന്ന് വലിക്കാനുള്ള പ്രധാനകാരണം യാത്രാതടസ്സം,ശാരീരിക അസ്വസ്ഥത,മാനസികപീഢനം,മാനഹാനി മുതലായവയാണ്‌..

യാത്രാതടസ്സം എന്നു പറയുമ്പോൾ ഇന്റർവ്യൂ സ്വാഹയായല്ലോ..അതിനിയിപ്പോ അച്ഛനറിഞ്ഞാലുള്ള പുകില് വേറെ..

ശാരീരിക അസ്വസ്ഥത..അത് പറഞ്ഞു വരുമ്പോൾ ..വീഴ്ച ഇത്തിരി കട്ടിയായിരുന്നു..പോരാത്തതിന് ആ പെണ്ണിന്റെ ഇരുന്നൂറ്റി ആറു എല്ലും ഈ പൂ പോലെയുള്ള ദേഹത്തു…ഹോ..അസഹനീയം..എന്നാലും ഇച്ചിരി സുഖമൊക്കെയുണ്ടായിരുന്നു..ശ്രീയുടെ ചുണ്ടിലൊരു ചിരി പടർന്നു..

പിന്നെ മാനസികപീഡയുടെ കാര്യമോർക്കുമ്പോൾ.. കുരുപ്പിനെ ഇനി കണ്ടാൽ നല്ലവീക്ക് വെച്ചു കൊടുക്കണം..അമ്മാതിരി വിളിയല്ലേ വിളിച്ചത്…പിത്തക്കാടി..മരംകൊത്തി മോറൻ…എന്തൊക്കെയായിരുന്നു..
ശവം!!..

മാനഹാനി ഉണ്ടായത് ഗീതേച്ചിടെ കയ്യിൽ നിന്നാ…മനസിൽ കണ്ടത് ഗീതേച്ചി മുഖത്തു നിന്നു വായിച്ചെടുത്തു…അതിത്തിരി ക്ഷീണമായി പോയി…ഹാവൂ..എന്തു ചെയ്യാൻ…

പറഞ്ഞുവരുമ്പോൾ മൊത്തത്തിൽ ക്ഷീണം….ഒക്കെയൊന്ന് മറക്കണം…

വലിക്കുമ്പോൾ എല്ലാം ഒന്നു മാറിക്കിട്ടും…

“കുഞ്ഞേട്ട..ഒരു സിഗരറ്റ്..”പറഞ്ഞിട്ട് തലചരിച്ചു നോക്കിയപ്പോഴുണ്ട് നമ്മുടെ കക്ഷി നിന്നു മഞ്ച് മേടിക്കുന്നു..കൂടെ ഒരു പീക്കിരി പയ്യനുമുണ്ടു..

“അയ്യടാ..ബെസ്റ്റ്..മഞ്ച് തിന്നാൻ പറ്റിയ പ്രായം..എന്നു വെച്ചാ ഇള്ള കുഞ്ഞല്ലേ..ഇങ്ങോട്ടു വാ.. രാരീരം പാടി ഉറക്കിത്തരാം…” കൊടുത്തു ഒരു ഡയലോഗ്…

“തന്റെ വായ കൊണ്ടല്ലല്ലോ ഞാൻ എന്റെ വായ് കൊണ്ടല്ലേ തിന്നുന്നെ..പോടാ കോന്താ..”ഉടനെ വന്നു ഉരുളക്ക് ഉപ്പേരി പോലെ മറുപടി..

“എന്തുതിന്നിട്ടെന്താ കാര്യം..ഈർക്കിൽ പോലെ അല്ലെ ഇരിക്കുന്നെ…എല്ലു കുറെയുണ്ട്…നാക്കിനാണെങ്കിലോ എല്ലുമില്ല…അവൻ കിറി കോട്ടി…

“പോടാ മത്തങ്ങാത്തലയാ…”അവൾ കോലം കാണിച്ചുകൊണ്ട് നടന്നു പോയി..

“നിന്നെ ഞാൻ എടുത്തോളാടി”..അവൻ വിളിച്ചു പറഞ്ഞു…

അപ്പോഴാണ് ഒരു ഓട്ടോ ലൈറ്റിട്ട് കൊണ്ടു അതിവേഗത്തിൽ പാഞ്ഞുപോയത്..

അതിൽ നിന്നു ഒരു സ്ത്രീ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു..

“ഏതോ ആക്സിഡന്റ് കേസ് ആണെന്നാണ് തോന്നുന്നെ..എന്താണാവോ ടൗണിലോട്ടു പോകാതെ ഇങ്ങോട്ട് കൊണ്ട് പൊന്നേ..?” കുഞ്ഞേട്ടൻ പറഞ്ഞു..

കടയിൽ നിന്ന മൂന്നാലു പേരും കുഞ്ഞേട്ടനും എന്താണെന്ന് നോക്കാൻ പുറത്തേക്കിറങ്ങി..

ശ്രീയും സിഗരറ്റ് വലിച്ചെറിഞ്ഞിട്ടു എന്താണെന്നറിയാൻ അങ്ങോട്ട് നീങ്ങി..

അപ്പോഴാണ് ഡേവിച്ചൻ സൈക്കിളിൽ എന്തിവലിഞ്ഞു ചവിട്ടി നൂറിൽ ഓട്ടോയുടെ പുറകെ വെച്ചടിക്കുന്നത് ശ്രീ കണ്ടത്…

“ഡാ..ഡാ..അവിടെ നിന്നെ…എങ്ങോട്ടാ..?”

“എടാ..ശ്രീ ..എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു..ബ്ലഡ് വല്ലതും വേണെങ്കിലോ..ഞാനൊന്ന് നോക്കട്ടെ…എന്നിട്ട് നമ്മുടെ പിള്ളേരെ സംഘടിപ്പിക്കണം..”

ശ്രീ അവന്റെ സൈക്കിളിന്റെ കാരിയറിലേക്കു ചാടിക്കയറി ഇരുന്നുകൊണ്ടു ചോദിച്ചു…

“എന്തിനു…?”

“ഡേ.. രക്തദാനത്തിനു..കേട്ടിട്ടില്ലേ..രക്തദാനം മഹാദാനം ന്ന് ”

“ഓ..”

അവർ PHC യുടെ ഗേറ്റ് കടന്നു..

“ഡാ.. ശ്രീ ചാടിക്കോ..ബ്രെക്കില്ല..”

ശ്രീ ചാടി..

ഡേവിച്ചൻ ഒരു അറ്റൻഡ്ർ ചേച്ചിയുടെ പിന്നിൽ കൊണ്ടു സൈക്കിളിടിച്ചു മറിച്ചു ചാടി ബാലൻസിൽ നിന്നു..

“തനിക്കു കണ്ണില്ലെടോ..”അവർ ഡേ വിച്ചനോട് ചൂടായി..

ഡേവിച്ചൻ വെളുക്കെ ചിരിച്ചു കാണിച്ചു…

സ്പീഡിൽ വന്ന ഓട്ടോ മുറ്റത്ത് കിടപ്പുണ്ട്…

അകത്ത് എന്തോക്കെയോ ബഹളം കേൾക്കാം…

ശ്രീ അകത്തെക്കു നോക്കി…

അവൻ ഞെട്ടിപ്പോയി…കരയുന്ന അമ്മയെ താങ്ങിപിടിച്ചു കൊണ്ട് വരുന്ന ഗീതേച്ചി..

പുറകെ ദേഷ്യം പൂണ്ടു ഗൗരവഭാവത്തിൽ അച്ഛൻ…

അവനോടി അമ്മയുടെ അടുത്തു ചെന്നു..

“അമ്മേ…”

“അയ്യോ ന്റെ മോനെ… നിനക്കു വല്ലതും പറ്റിയോ..”സുമംഗല കരഞ്ഞു കൊണ്ട് അവന്റെ ദേഹം മൊത്തം പരതി..

“എനിക്കൊന്നുമില്ലമ്മേ…അമ്മയിതെങ്ങനെ അറിഞ്ഞു..”

ഡേവിച്ചൻ വിളിച്ചു പറഞ്ഞു..അച്ഛൻ ഉസ്കൂളിലേക്കു പോയാരുന്നു..തെക്കേലെ രഘുവിനെ വിട്ട് അച്ഛനെ വിളിപ്പിച്ചു..അച്ഛൻ ഓട്ടോയുമായി വന്നയുടനെ ഇങ്ങോട്ട് പോരുവായിരുന്നു…”

ശ്രീ പല്ലിറുമ്മി…

“ചോര ഒരുപാട് പോയോ മോനെ..”?

അവൻ അതിനു മറുപടി പറയാനാഞ്ഞതും സേതുമാഷ് പറഞ്ഞു..

“ഞാൻ വന്ന ഓട്ടോയിൽ ഉസ്കൂളിലേക്കു പോകുവാ.. അമ്മയും മകനും കൂടി എങ്ങനാന്നു വെച്ചാൽ പൊക്കോ…ഒരു ആക്സിഡന്റ് കാര് നടക്കുന്നു…ബാക്കിയുള്ളവനെ മെനക്കെടുത്താൻ…”

പോകുന്ന പോക്കിൽ ശ്രീയെ അടിമുടി നോക്കി ഒന്നു ദഹിപ്പിക്ക കൂടിചെയ്തു സേതുമാഷ്..

“യ്യോ..അമ്മ അച്ഛന് മേടിച്ചു കൊടുത്ത കസവുമുണ്ട്..അച്ഛൻ കണ്ടോ എന്തോ..

ശ്രീ വേഗം അമ്മയുടെ പുറകിലോളിച്ചു..

അപ്പോഴാണ് ഡേവിച്ചന്റെ വരവ്…

“ഡാ.. ശ്രീ കണ്ടോടാ…രക്തം വേണ്ടിവരുവോ..ഞാൻ പെട്ടുപോയെടാ..ആ സെക്കളിടിച്ച അറ്റന്റർ പെണ്ണുംപിള്ള എന്നെ കണ്ണു കാണില്ല എന്നും പറഞ്ഞു ചീട്ടെടുപ്പിച്ചു കണ്ണു ഡോക്ടറെ കാണിച്ചു…അവിടാരുന്നു ഇത്രേം നേരം..അങ്ങേരു കണ്ണടക്ക് എഴുതി തന്നെടാ… അപ്പൊ എങ്ങനാ രക്തത്തിന്റെ കാര്യം..?”

“എന്റെ രക്തം ഊറ്റിക്കുടിച്ചു ദാഹം തീർക്കെടാ.. സാമദ്രോഹി…”

അവൻ ഡേവിച്ചന്റെ കഴുത്തിനു പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്തു നിർത്തി..

“അമ്മേ..കുഞ്ഞേട്ടന്റെ കടയുടെ മുന്നിൽ വണ്ടിയിരുപ്പുണ്ട് ..അങ്ങോട്ട് നടന്നോ… എനിക്കിവിടെ ലേശം പണിയുണ്ട്…” ശ്രീ പറഞ്ഞു…

സുമംഗലാമ്മ പുറത്തേക്കു നടന്നു…

“സത്യം പറയെടാ…നീ എന്തുവാ അമ്മയെ വിളിച്ചു പറഞ്ഞേ..”?

“എടാ…ഞാനിത്തിരി സാഹിത്യം കലർത്തിയെന്നെയുള്ളൂ…അല്ലാതെ വേറൊന്നും പറഞ്ഞില്ല..”

“എന്ത് സാഹിത്യം…?”

“കിഴക്ക് വെള്ളകീറിയ നേരം… തപ്പിത്തടഞ്ഞു എഴുന്നേറ്റു വന്നപ്പോൾ ചോരയിൽ കുളിച്ചു നിൽക്കുന്ന ശ്രീയെയാണ് ഞാനിന്ന് കണ്ടതെന്ന്…അത്രേ പറഞ്ഞുള്ളൂ..”

“പോടാ..കോന്തൻപല്ലാ..ഫൈസിയും കൂടെ വരട്ടെ…നിന്റെ മോന്തെടെ ഷേപ്പ് ഞാൻ മാറ്റിത്തരാം…ഇനിയിന്നു അച്ഛൻ മൂപ്പിലാൻ എന്തൊക്കെ പുകില് ഉണ്ടാക്കുവോ എന്തോ…”

ശ്രീ PHC യുടെ പുറത്തേക്കിറങ്ങി..അമ്മയെ ബുള്ളറ്റിൽ കയറ്റി വീട്ടിലേക്കു പോയി..

പോകും വഴി സുമംഗലാമ്മ പറഞ്ഞു..

“എന്നാലും ആ ജോലി പോയല്ലോ മോനെ…”

“സാരമില്ലമ്മേ..അടുത്തത് നോക്കാം..”

പാലം കയറി വേണം പടിഞ്ഞാറേക്കരക്ക് ഇറങ്ങാൻ..

പാലം കയറുന്നതിനു മുൻപുള്ള വലിയ കിളിച്ചുണ്ടൻ മാവിന്റെ വശത്തുള്ള ചെറിയ ഇടവഴിയിൽ പെട്ടെന്നൊരു മയിൽപ്പീലി പച്ച പട്ടുപാവാട ശ്രീ കണ്ടു..

അവൻ വണ്ടി നിർത്തി വണ്ടി ഓഫായി പോയെന്ന വ്യാജേന താക്കോലിൽ തിരിച്ചു പതുക്കെ തലചരിച്ചു ഇടവഴിയിലേക്കു നോക്കി..

കയ്യിൽ ഒരു കുടം വെള്ളവുമായി അല്പം മുടന്തി ഒതുക്കു കല്ലു കയറി പോകുന്ന പാവാടക്കാരി…

ഓ… അപ്പൊ ഇവിടെയാണ് വീട്…’കിട്ടും മോളെ നിന്നെ എന്റെ കയ്യിൽ…’

അവൻ വണ്ടി വീണ്ടും മുന്നോട്ടെടുത്തു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°രണ്ടു മൂന്നു ദിവസം കഴിഞ്ഞൊരു ഞായറാഴ്ച വൈകുന്നേരം…

ശ്രീയുടെയും ഫൈസിയുടെയും വീട് പടിഞ്ഞാറേക്കരയിലായത് കൊണ്ട് സാധാരണ ഡേവിച്ചനാണ് ഇങ്ങോട്ട് വരാറുള്ളത്…

ഇതിപ്പോ അപ്പവും ബീഫ്‌കറിയും ഉണ്ടാക്കി വെച്ചിരിക്കുന്നു രണ്ടു പേരും കൂടി അങ്ങോട്ട് ചെല്ലു എന്നും പറഞ്ഞു സലോമി ഡേവിച്ചനെ കൊണ്ടു വിളിപ്പിച്ചത് കൊണ്ടു ശ്രീയും ഫൈസിയും കൂടി അങ്ങോട്ട് വെച്ചുപിടിച്ചു…

അപ്പവും ബീഫും മൂക്ക് മുട്ടെ കയറ്റി അവന്മാരുമായി വെറുതെ റോഡിലൂടെ നടന്നു..

ഇടയ്ക്കിടെ പതിവുള്ളതാ അത്..ഇപ്പുറത്തെ കരയിലാവും മിക്കവാറും…

ഇന്നിപ്പോ കിഴക്കെ കരയിലാണെന്ന വ്യത്യാസം മാത്രം…

നടക്കുന്ന വഴി ഫൈസി ചോദിച്ചു..

“എടാ..നീയെതോ പെണ്ണിനെ കെട്ടിപ്പിടിച്ചു വീണെന്നോ അവളെ എല്ലാദിവസവും ഇവൻ സ്വപ്നത്തിൽ കാണുന്നെന്നോ ഒക്കെ ഇവൻ പറയുന്ന കേട്ടല്ലോ…എന്താടാ സംഭവം..”

“ഡേവിച്ചോ…”ശ്രീ അവനെ നീട്ടിയൊന്നു വിളിച്ചു…
“നീയെന്തിനാടാ മുത്തേ.. അവളെ സ്വപ്നം കാണുന്നെ…”??

“എടാ അതല്ല…നീ വീണ വീഴ്ചയില്ലേ..ആ കാല്പടവിൽ നിന്നു…ആ സ്വപ്നം…അതിൽ നിന്റെ സ്ഥാനത് എന്നെ കാണുവാ..എല്ലാ ദിവസവും…അതെന്താണെന്ന് കർത്താവാണെ എനിക്കറിയാൻ മേല…

ശ്രീ അവന്റെ കൈ പിടിച്ചു തിരിച്ചു പുറകിലേക്കാക്കി…

“”യ്യോ യ്യോ…വിടെടാ…ഇനി ഞാൻ അവളെയെന്നല്ല…ഈ കരെലെ ഒരു പെണ്ണിനേയും സ്വപ്നം കാണില്ല…സത്യം സത്യം..””

നടന്നു നടന്നു മൂവരും പാലത്തിന്റെ അടുത്തെത്താറായി…

“ഡാ…ദേ…ഈ ഇടവഴിയിലാ അവളുടെ വീട്…”ശ്രീ അങ്ങോട്ട് ചൂണ്ടിക്കൊണ്ടു അവന്മാരോട് പറഞ്ഞു…

ആ സമയം തന്നെ ഒതുക്കുകല്ലിറങ്ങി രണ്ടു കയ്യിലും രണ്ടു പ്ലാസ്റ്റിക് കൂടുമായി അവൾ വരുന്ന കണ്ടു..

ദേ വരുന്നുണ്ടെടാ..ശ്രീ വേഗത്തിൽ മുന്നേ നടന്നു…

ഡേവിച്ചനും ഫൈസിയും സാമട്ടിൽ നടന്നു..അവളെയൊന്നു കാണാനായി…

“ആഹ്…ഇതാര് ഫൈസിക്കയോ..എന്താ ഈവഴിയൊക്കെ…”

ആരോ തന്നെ പേര് ചൊല്ലി വിളിക്കുന്ന കേട്ട് ഫൈസി തിരിഞ്ഞു നോക്കി…

ആ ചോദ്യം ശ്രീയും കേട്ടത് കൊണ്ടു അവനും നടത്തം പതുക്കെയാക്കി തിരിഞ്ഞു നിന്നു…

തിരിഞ്ഞു നോക്കിയ ഫൈസി കണ്ടത് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന സേതുലക്ഷ്മിയെ ആണ്..

“ആഹ്…സേതു…കുറേനാളായല്ലോ അങ്ങോട്ടൊക്കെ കണ്ടിട്ട്..”

“ഞാൻ കഴിഞ്ഞാഴ്ച ഒന്നു വന്നിരുന്നു…ഇക്ക മില്ലിൽ പോയിരിക്കുവാരുന്നില്ലേ..ഉമ്മച്ചീടെ കയ്യിൽ നിന്ന് നല്ല അരിപ്പത്തിരിയും ഇറച്ചികറിയും കഴിച്ചിട്ടാ തിരികെ പൊന്നേ…”അവൾ ചിരിയോടെ പറഞ്ഞു…

അപ്പോഴാണ് അവൾ ശ്രീയെ കണ്ടത്…

അവനെ കണ്ടതും സ്വതേ മിഴിഞ്ഞ കണ്ണുകൾ അല്പം കൂടി മിഴിഞ്ഞു..

അവൾ അവനെ കൂർപ്പിച്ചൊന്നു നോക്കി..

“അല്ലാ.. ഇതേവിടേക്കാ..ഈ കൂടൊക്കെ തൂക്കി…”?ഫൈസിയുടെ ചോദ്യം കേട്ടാണ് അവൾ ശ്രീയുടെ മുഖത്തു നിന്നും കണ്ണെടുത്തത്…

“കടെലേക്കു..ഇന്ന് ഞായറാഴ്ചയല്ലേ…തിരക്കുണ്ടാവും…ഞാനും കൂടി ചെന്നാലെ ശരിയാവൂ..”

“ഡാ.. ഡാ.. ഞങ്ങളെക്കൂടി പരിചയപ്പെടുത്തടാ..”ഡേവിച്ചൻ ഫൈസിയെ തോണ്ടി..

“ആഹ്..സേതു…ഇത് ഡേവിച്ചൻ..
ഡേവിസ്…അത് ശ്രീ ..ശ്രീഹരി ..ബിടെക് ആണ്…എന്റെ കൂട്ടുകാരാ..”

“ഹോ…നശിപ്പിച്ച്….അവന്റെയൊരു മുടിഞ്ഞ ബി ടെക്… പ്രാന്തൻ..”ശ്രീ തലയിൽ കൈ വെച്ചു..

“ഓ.. ഇതാരുന്നോ ആ മുതല്.. ബി ടെക് കാരൻ..എന്താണെന്ന് പറഞ്ഞിട്ടെന്ത് കാര്യം..പെണ്ണുങ്ങളെ കേറി പിടിക്കുന്നവനല്ലേ..ഒരു ശ്രീയുമില്ലാത്തതിനൊക്കെ ‘ശ്രീ’ ന്നു പേരും..”

അവൾ കിറികോട്ടി കാണിച്ചിട്ട് നടന്നു നീങ്ങി..

“സേതുവേച്ചീ…നിക്ക്..നിക്ക്..ഹൂയി…”അന്ന് കുഞ്ഞേട്ടന്റെ കടയിൽ അവളുടെ കൂടെ കണ്ട പീക്കിരി ചെക്കൻ ഉണ്ടപക്രു അവളുടെ പുറകെ വെച്ചുപിടിക്കുന്നു..

ശ്രീയുടെ അടുത്തു വന്നതും അവൻ സഡൻ ബ്രെക്കിട്ട പോലെ നിന്നു..രൂക്ഷമായി അവനെയൊന്നു നോക്കിയിട്ടു വിളിച്ചുപറഞ്ഞു…

“സേതുവേച്ചീ…ദേ മറ്റവൻ…ചേച്ചിനെ കേറി പിടിച്ചവൻ..”ആ കുരുപ്പ് വിളിച്ചുപറഞ്ഞു…

“ആര് ആരെയാടാ കയറിപ്പിടിച്ചത്..കുരുത്തം കെട്ടവനെ..”ശ്രീ അവനെ പിടിക്കാനാഞ്ഞു…

അവൻ പിടി കൊടുക്കാതെയോടി…സേതുവിനെ ചെന്നു ചുറ്റിപ്പിടിച്ചു…

ശ്രീ പുറകെയോടി അവരുടെ അടുത്തെത്തി…

“ഡി..ആരാടി നിന്നെ കേറി പിടിച്ചത്..നീ നാട്ടുകാരോട് മുഴുവൻ ഞാൻ കേറി പിടിച്ചുന്നു പറഞ്ഞുനടക്കാൻ …ഉണ്ടക്കണ്ണി…”

“അയ്യടാ …ഒന്നുമറിയാൻ വയ്യാത്ത ഒരു പാവം…ശുദ്ധൻ..ബാക്കിയുള്ളവരുടെ കയ്യും കാലുമൊക്കെ പൊട്ടിച്ചിട്ടു..”

“നന്നായിപ്പോയെടി…ഇനിയും പൊട്ടിക്കും…നിന്നെക്കേറി പിടിച്ചെന്നല്ലേ നീ പറയുന്നേ…ഞാൻ കാണിച്ചുതരാടി ശെരിക്കുള്ള പിടുത്തം എങ്ങാനാണെന്നു…”ശ്രീ മീശ പിരിച്ചു കൊണ്ടു അവളെ അടിമുടിയൊന്നു നോക്കി….

“നീയെന്ത് ചെയ്യുവെന്നാടാ..പോയി വല്ല പീക്കിരിപ്പിള്ളാരെയും പേടിപ്പിക്കെടാ.. തണ്ണിമത്തങ്ങേ…”അവൾ കണ്ണുരുട്ടി..

“ഫൈസിക്കാടെ കൂട്ടുകാരനായത് കൊണ്ടു നിന്നെ വെറുതെ വിടുവാ കേട്ടോടാ…”അടുത്തു നിന്ന ഉണ്ടപക്രുവും പെർഫോം ചെയ്യാൻ മറന്നില്ല….

“നീ വാടാ അപ്പൂട്ടാ..നമുക്ക് പോകാം”അവൾ ആ കുരുപ്പിന്റെ കൈ പിടിച്ചു നടന്നു…

ശ്രീ അന്തംവിട്ടു നിന്നു…

നോക്കിയപ്പോൾ ഡേവിച്ചനും ഫൈസിയും കൂടി ചിരി അടക്കാൻ പാടു പെടുന്നു…

“വാടാ…ക്ഷീണം മാറ്റാൻ ഒരു ചായ കുടിക്കാം…”ഫൈസി ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു…

ശ്രീയുടെ മുഖം തെളിഞ്ഞില്ലെങ്കിലും അവന്റെ കൂടെ മുന്നോട്ട് നടന്നു…

“അല്ലെടാ..ഫൈസി ..നിനക്കെങ്ങനെ അവളെ അറിയാം..”?ഡേവിച്ചൻ ചോദിച്ചു…

ശ്രീയും അതിനുത്തരം കേൾക്കാൻ ചെവി കൂർപ്പിച്ചു…

“പാത്തൂന്റെ കൂടെ പടിച്ചതാടാ..പ്ലസ് ടു വരെ…വീട്ടിൽ വരാറുണ്ട് മിക്കപ്പോഴും..”

അവന്റെ അനിയത്തിയാണ് പാത്തു എന്ന ഫാത്തിമ…

“ഓഹോ…അപ്പൊ കാര്യങ്ങൾ എളുപ്പമായി..”ശ്രീ മനസിൽ ചിന്തിച്ചു..

വർത്തമാനം പറഞ്ഞു കൊണ്ട് അവർ പാലത്തിനടുത്തുള്ള ചായക്കടയിലേക്കു കയറി..

“ഡാ.. ഇതവളുടെ അച്ഛന്റെ കടയാണ്..”

ശ്രീ മൊത്തത്തിൽ ഒന്നു നോക്കി…പലചരക്കുകടയും അതിനോട് ചേർന്നു ഒറ്റചായ കൊടുക്കുന്ന ഒരു ചായ്പ്പും….

ചായ കുടിക്കാനിരിക്കുന്നവരുടെ ഇടയിലേക്ക് അവരും കയറി…ആ ചായ്പ്പിലേക്കു…

അവിടെ ചായ കൊടുക്കുന്ന ഒരു അൻപത് വയസ്സു തോന്നിക്കുന്ന ഒരാൾ..

പലചരക്കുകടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന സുമുഖനായ ഒരു മനുഷ്യനെ ചൂണ്ടി ഫൈസി പറഞ്ഞു…

“അതാണ് ശ്രീധരേട്ടൻ…സേതുവിന്റെ അച്ഛൻ..”

അപ്പോഴാണ് അകത്തെ മുറിയിൽ നിന്നു ഒരു സ്റ്റീൽജഗ്ഗിൽ ചായയും ഒരടുക്ക് ഗ്ളാസ്സുമായി അവൾ വാതിൽ വരെ എത്തിയത്…

“രാജൻ മാമാ …ഇതാ..”ഗ്ളാസ്സും ജഗ്ഗും അവൾ അവിടെ കണ്ട ആളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു…

ശ്രീയുടെയും സേതുവിന്റെയും മിഴികൾ ഉടക്കി…

അവൾ അവനെ വീണ്ടും കൂർപ്പിച്ചു നോക്കി…

ശ്രീ മെല്ലെ താടിയിൽ തടവിക്കൊണ്ടു അവളെ തന്നെ നോക്കിയിരുന്നു…

“എന്താടാ..ശ്രീ…”ഡേവിച്ചൻ ചോദിച്ചു…

“ഇച്ചിരി അനുസരണക്കുറവ് ഉണ്ടെടാ അവൾക്കു…അതൊന്നു മാറ്റിക്കൊടുക്കണം….ആണുങ്ങളെ ബഹുമാനിക്കാൻ പഠിപ്പിച്ചു കൊടുക്കണം…”

ശ്രീ വീണ്ടും താടി തടവി…

“അവസാനം നിനക്കു ബിടെക് നും അപ്പുറം പലതും പടിക്കേണ്ടി വരരുത്.. അവളുടെ അടുത്തു നിന്നു”

ഡേവിച്ചൻ ഡെസ്കിൽ കിടന്നു അലമുറയിട്ടു ചിരിച്ചു…

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരി…”ശ്രീ മനസ്സിൽ പറഞ്ഞു…💓

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

Share this story