ചൊവ്വാദോഷം : PART 6

ചൊവ്വാദോഷം : PART 6

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” നീയിതെന്താ ഊർമ്മിളെ ആലോചിച്ചിരിക്കുന്നത് ? നിന്റെ മോനെപ്പോലെ നിനക്കും എന്റെ വാക്കിന് പുല്ല് വിലയാണോ ? ”
സെറ്റിയിൽ തളർന്നിരുന്ന അവർക്ക് നേരെ നോക്കിയുള്ള ദേവന്റെ ചോദ്യം കേട്ട് അവർ പതിയെ തലയുയർത്തിനോക്കി. പിന്നിൽ കൈ കെട്ടി ഒരുതരം അസ്വസ്ഥതയോടെ അയാൾ ഹാളിലൂടെ നടക്കുകയായിരുന്നു.

” ഏട്ടാ ഞാൻ ഏട്ടന്റെ വാക്കുകളെ തള്ളിക്കളയുകയല്ല. എല്ലാത്തിനും അതിന്റെതായ ശരികളും തെറ്റുകളും ഉണ്ടാവാം. പക്ഷേ ഏട്ടനറിയാല്ലോ ഇവിടെ ഞങ്ങളാരും ഇത്തരം കാര്യങ്ങളിലൊന്നും വിശ്വസിക്കാറില്ലെന്ന്. വിവാഹം നടത്തിയപ്പോൾ നോക്കാത്ത ജാതകവും പൊരുത്തവും മഹിയുടെ കുഞ്ഞ് മാനസ മോളുടെ വയറ്റിൽ വളരുന്ന ഈ സമയത്ത് നോക്കിയിട്ടെന്ത്‌ കാര്യം . ഏട്ടന്റെ ജ്യോതിഷത്തിൽ ഒരുപക്ഷെ അവർ തമ്മിൽ പൊരുത്തം ഇല്ലായിരിക്കും . പക്ഷേ മനപ്പൊരുത്തം അവരിൽ ആവശ്യത്തിലധികം ഉണ്ട്. ഇനി ഏട്ടനായിട്ട് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ നിക്കണ്ട. ”

അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് മറുപടിക്ക് കാത്തുനിൽക്കാതെ ഊർമ്മിള അടുക്കളയിലേക്ക് നടന്നു.
ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

” അമ്മയും മകനും എന്റെ വാക്ക് ചെവിക്കൊള്ളണ്ട അനുഭവം വരുമ്പോൾ പഠിച്ചോളും. മരുമകൾ കാരണം തകർന്നടിയും ഈ പാലാഴി അതുവരെ ഇങ്ങനെ ആദർശം പറഞ്ഞു നടന്നോ “.

ആരോടെന്നില്ലാതെ ഉള്ള ദേവന്റെ വാക്കുകൾ കേട്ടുവെങ്കിലും അതിന് ചെവി കൊടുക്കാതെ ഊർമ്മിള ഓരോ ജോലികളിൽ മുഴുകി.

” അമ്മേ……. അമ്മയ്ക്കും എന്നോട് ദേഷ്യമുണ്ടോ ?? ”

പച്ചക്കറി നുറുക്കിക്കൊണ്ടിരുന്ന ഊർമ്മിളയുടെ അരികിൽ വന്നുനിന്നുകൊണ്ട് ഇടറിയ സ്വരത്തിൽ മാനസ ചോദിച്ചു. അവളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു.

” ഞാൻ എന്തിനാ മോളേ നിന്നോട് ദേഷ്യം കാട്ടുന്നേ . ഞാൻ പറഞ്ഞില്ലേ ഇതിലൊന്നും ഞാനോ മഹിയോ വിശ്വസിക്കുന്നില്ല എന്ന്. ഏട്ടനോട്‌ പറഞ്ഞതേ എനിക്ക് നിന്നോടും പറയാനുള്ളു . നിങ്ങളുടെ വിവാഹ സമയത്ത് നോക്കാത്ത ജാതകവും പൊരുത്തവും ഒന്നും ഇനി നോക്കേണ്ട കാര്യമില്ല. ഏട്ടൻ എന്തേലും പറഞ്ഞെന്ന് കരുതി മോളതൊന്നും ഓർത്ത് വിഷമിക്കണ്ട. അത് ഈ സമയത്ത് നല്ലതല്ല. മോളിപ്പോ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെപ്പറ്റി മാത്രം ചിന്തിച്ചാൽ മതി. ”

ചിരിയോടെ മാനസയുടെ കവിളിൽ തലോടിക്കൊണ്ട് ഊർമ്മിള പറഞ്ഞു. മനസ്സിലെ ആശങ്കകളൊക്കെ ഒരു നിമിഷം കൊണ്ട് ഉരുകിപ്പോയതുപോലെ തോന്നി മാനസക്ക്. വീട്ടിൽ എല്ലായിടത്തും അവൾ ഉണ്ടായിരുന്നുവെങ്കിലും ദേവന്റെ മുന്നിലേക്ക് അവൾ പോകാറേയില്ലായിരുന്നു . അയാളെ കാണേണ്ടിയും സംസാരിക്കേണ്ടിയും വരുന്ന സാഹചര്യങ്ങൾ അവൾ മനഃപൂർവം ഒഴിവാക്കിക്കൊണ്ടിരുന്നു.

” മഹിയേട്ടാ ഈ ദേവമ്മാമ എന്തേ ഇങ്ങനെ ഒറ്റത്തടിയായി കഴിയുന്നത് ? ”

അത്താഴം കഴിഞ്ഞ് പൂമുഖത്തിരുന്ന തന്റെ മടിയിൽ തലവച്ച് കിടന്ന മഹിയുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് മാനസ ചോദിച്ചു.

” അങ്ങേരെ കെട്ടിക്കാൻ പണ്ട് അച്ഛച്ഛനും അമ്മാവന്മാരുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയതാ. പറഞ്ഞിട്ടെന്താ ഇങ്ങേരുടെ സ്വഭാവം കൊണ്ട് ഒന്നും നടന്നില്ല. പത്തിൽ പത്ത് പൊരുത്തമില്ലാതെ അമ്മാമ കെട്ടൂല. പൊരുത്തമുള്ളവരാരും അമ്മാമ്മയുടെ സ്വഭാവഗുണം കൊണ്ട് അമ്മാമ്മയേയും കെട്ടൂല. അങ്ങനെ അമ്മാമ്മേടെ കല്യാണം ഗണപതിക്കല്യാണം ആയി. അതുകൊണ്ടെന്താ സ്വന്തം കുടുംബത്തിൽ നടത്താൻ പുള്ളി കണ്ടുവച്ചിരുന്ന ജ്യോതിഷപരമായ പരിഷ്കാരങ്ങളൊക്കെ മറ്റുള്ളോരുടെ ജീവിതത്തിൽ പരീക്ഷിച്ചു നടക്കുവാ ഇപ്പോ. ”

പൊട്ടിച്ചിരിച്ചുകൊണ്ട് മഹി പറഞ്ഞു.

” ഒന്ന് ചുമ്മാതിരിക്ക് മഹിയേട്ടാ മുതിർന്നവരെ കളിയാക്കാതെ. ”

അവന്റെ താടിയിൽ പിടിച്ചുവലിച്ചുകൊണ്ട് മാനസ പറഞ്ഞു.

” നിന്റമ്മ അച്ഛനെ വേദനിപ്പിക്കുന്നത് കണ്ടോ മോളെ ”

മാനസയുടെ അടിവയറിലേക്ക് മുഖമമർത്തിക്കൊണ്ട് മഹി പറഞ്ഞു. ഒരുതരം നിർവൃതിയോടെ മാനസ അവനെ നോക്കിയിരുന്നു.

****************************************


മോള് ചെന്ന് കിടക്കാൻ നോക്ക് പുറത്ത് നല്ല മഞ്ഞുണ്ട് വെറുതെ തണുപ്പടിക്കണ്ട അവൻ വന്നോളും ജോലിത്തിരക്കാവും അതാ താമസിക്കുന്നത്. ”

രാത്രി വൈകിയിട്ടും എത്താതിരുന്ന മഹിയെക്കാത്ത് പൂമുഖത്ത് ഇരുന്ന മാനസയോടായി ഊർമ്മിള പറഞ്ഞു.
സമയം പതിനൊന്നര കഴിഞ്ഞിരുന്നു. അവളുടെ ഉള്ളിലെവിടെയോ ഭയം മുളപൊട്ടിത്തുടങ്ങിയിരുന്നു. എന്തെന്നറിയാത്ത ഒരുതരം ആധി അവളെ കീഴടക്കിക്കൊണ്ടിരുന്നു. ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ മഹിയുടെ കാർ ഗേറ്റ് കടന്നുവന്നു.

” എന്താ മഹിയേട്ടാ ഇത്രയും വൈകിയേ ഇങ്ങനെ പതിവില്ലാത്തതാണല്ലോ.ഫോണും ഓഫായിരുന്നല്ലോ . ഞാനാകെ പേടിച്ചിരിക്കുവായിരുന്നു. ”

കാറിൽ നിന്നിറങ്ങിയ മഹിയുടെ അരികിലേക്ക് വന്നുകൊണ്ട് മാനസ ചോദിച്ചു.

” ചെറിയൊരു ആക്സിഡന്റ് ഉണ്ടായി . പിന്നെ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു അതാ ലേറ്റായത് ”

കാറിൽ നിന്നിറങ്ങിക്കൊണ്ട് മഹി പറഞ്ഞു.

” എന്താ പറ്റിയത് മഹിയേട്ടന് വല്ലതും പറ്റിയോ ? ” മാനസ.

” എനിക്കെന്ത് പറ്റാൻ ഞാൻ നിന്റെ മുന്നിൽ നിക്കുവല്ലേ “.

ചിരിയോടെ അവളെ തോളിൽ കയ്യിട്ട് തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.

” എന്താ മോനേ നിനക്കെന്തൊ ആക്സിഡന്റ് ഉണ്ടയെന്നൊക്കെ മാനസ പറഞ്ഞല്ലോ എന്താ ഉണ്ടായേ ? ”

കാലത്ത് ഓഫീസിലേക്ക് പോകാൻ തയാറായി വന്ന മഹിയുടെ മുന്നിലെ പ്ലേറ്റിലേക്ക് ചൂട് ദോശയും ചട്നിയും വിളമ്പിക്കൊണ്ടാണ് ഊർമ്മിള അത് ചോദിച്ചത്. അതുകേട്ടതും ആഹാരം കഴിച്ചുകൊണ്ടിരുന്ന ദേവന്റെ കണ്ണുകളും അവനിലായി.

” അതൊന്നുമില്ലമ്മേ കാർ ഒരു ബൈക്കിൽ ഒന്ന് തട്ടി.. അയാൾക്ക് ചെറിയ പരുക്ക് ഉണ്ടായിരുന്നു. പിന്നെ അയാളേം കൂട്ടി ഹോസ്പിറ്റലിൽ വരെ പോകേണ്ടി വന്നു അതാ ഇന്നലെ വൈകിയത്. ”

ചട്നിയിൽ മുക്കിയ ദോശ വായിലേക്ക് വച്ചുകൊണ്ട് മഹി പറഞ്ഞു.

” നിസ്സാരമാക്കി കളയേണ്ട അനർത്ഥങ്ങളുടെ തുടക്കമാണിതെല്ലാം. ഭാര്യയുടെ രൂപത്തിൽ കഷ്ടകാലം വീട്ടിലിരിക്കുമ്പോൾ ഇതല്ല ഇതിൽ വലുത് സംഭവിക്കും. ”

“ഓ തുടങ്ങി രാവിലെത്തന്നെ ”

പിറുപിറുത്തുകൊണ്ട് കഴിപ്പ് നിർത്തി മഹി എണീറ്റു. കൈ കഴുകാൻ തിരിയുമ്പോൾ കണ്ടു നിറഞ്ഞ മിഴികൾ തുടച്ച് ചായഗ്ലാസ്സുമായി മാനസ. അവളെല്ലാം കേട്ടുവെന്നതിന്റെ തെളിവായിരുന്നു ആ കലങ്ങിയ കണ്ണുകൾ. അവളെ സമാധാനിപ്പിക്കാൻ അവൻ വെറുതെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു. അവളിലും ഒരു വാടിയ പുഞ്ചിരി വിരിഞ്ഞു.

****************************************

” ഊർമ്മിളേ ഞാൻ ഇന്ന് മഹിയുടെ സമയം ഒന്ന് നോക്കി. കഷ്ടകാലം അവന്റെ കൂടെത്തന്നെയുണ്ട്. അവനിതൊക്കെ പുച്ഛമാണെങ്കിലും ഇതിലൊക്കെ ഒരു സത്യമുണ്ട്. ആ കുട്ടി കൂടെയുള്ള ഓരോ നിമിഷവും അവന്റെ ജീവനുപോലും ആപത്താണ്. ”

താഴേക്ക് വരികയായിരുന്ന മാനസ പെട്ടന്ന് നിശ്ചലയായി. അവളുടെ നെഞ്ചിടിപ്പുയർന്നു.

” ഞാനിപ്പോ എന്ത് വേണമെന്നാ ഏട്ടൻ പറയുന്നത് ?
എവിടുന്നോ വലിഞ്ഞുകേറി വന്നവളല്ല മാനസ. മഹി താലി കെട്ടി കൊണ്ടുവന്ന പെണ്ണാണ്. ഇന്ന് അവന്റെ കുഞ്ഞിന്റെ അമ്മയുമാണ്. ഏട്ടന്റെ ഓരോ ഭ്രാന്ത്‌ കേട്ട് ഞാനവളെയിവിടുന്ന് ഇറക്കി വിടണോ ? ”

ഊർമ്മിളയുടെ സ്വരത്തിൽ അനിഷ്ടം നുരഞ്ഞിരുന്നു.

“നീയും നിന്റെ മോനേപ്പോലെ എന്നെ പുച്ഛിച്ചോ ഊർമ്മിളേ ഓരോന്ന് അനുഭവത്തിൽ വന്നാലേ മനസ്സിലാകൂന്ന് വച്ചാൽ എന്താ ചെയ്യുക. നിനക്കറിയോ മാനസയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞും മഹിക്ക് ദോഷമായേ വരൂ. ”

മാനസയുടെ കൈ അറിയാതെ വയറിലമർന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ താഴേക്ക് നടന്നു. പെട്ടന്ന് താഴേക്ക് വന്ന മാനസയെ കണ്ട് ഊർമ്മിളയും ദേവനും വല്ലാതെയായി.

” നിങ്ങളെന്ത്‌ ഭ്രാന്താ ഈ പറയുന്നത് ? അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരാൻ ചൊവ്വാദോഷം വല്ല പകർച്ചവ്യാധിയുമാണോ ? ”

തരിച്ചു നിൽക്കുന്ന ദേവന്റെ നേരെ നോക്കി അവൾ ചോദിച്ചു. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഊർമ്മിളയ്ക്കും മറുപടി ഒന്നുമില്ലായിരുന്നു.

” അമ്മേ , ഞാൻ ഇതുവരെ അമ്മാമ്മയോട് ഒരു വാക്ക് പോലും പറയാഞ്ഞത് പ്രായത്തെ മാത്രം ബഹുമാനിച്ചാണ്. പക്ഷേ, ഇനി ഇങ്ങനെ സഹിക്കാൻ എനിക്ക് പറ്റില്ല. എന്നോടെങ്ങനെയാണോ അതുപോലെ തന്നെ തിരിച്ചും പ്രതീക്ഷിച്ചാൽ മതി.

പറഞ്ഞുകൊണ്ട് ആരുടേയും മറുപടിക്ക് കാക്കാതെ മാനസ മുകളിലേക്ക് നടന്നു.

ഓരോ ജോലികൾ ചെയ്യുമ്പോഴും ഊർമ്മിളയുടെ മനസ്സ് നിറയെ ദേവന്റെ വക്കുകളായിരുന്നു . അയാൾ പറഞ്ഞതും മാനസ വലതുകാൽ വച്ച് പാലാഴിയിലേക്ക് വന്ന ശേഷമുണ്ടായ കാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ നട്ടെല്ലിൽ കൂടി ഒരു പെരുപ്പ് കടന്നുപോയതുപോലെ തോന്നി അവർക്ക്. അപ്പോൾ മുതൽ മാനസയോടുള്ള അനിഷ്ടം വളരുകയായിരുന്നു ഊർമ്മിളയിൽ.

ഗ്യാസ്സിന്റെ അസ്സഹനീയമായ മണം മൂക്കിലേക്ക് അടിച്ചു കയറിയപ്പോഴാണ് ഊർമ്മിള സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. ധൃതിയിൽ ഓടി അടുക്കളയിലെത്തുമ്പോൾ മാനസയെ അവിടെയൊന്നും കണ്ടില്ല. പരിപ്പ് കറിയുണ്ടാക്കാൻ അവൾ ഗ്യാസ്സിൽ വച്ച ചെറുപയർ തിളച്ച് ഒഴുകിയ വെള്ളത്തിൽ തീ അണഞ്ഞിട്ട് ഗ്യാസ് പുറത്തേക്ക് പൊക്കോണ്ടിരുന്നിരുന്നു.

” മാനസെ…….. ”

ഗ്യാസ് ഓഫ്‌ ചെയ്ത് നുരഞ്ഞുപൊങ്ങിയ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഊർമ്മിള വിളിച്ചു.

” എന്താമ്മേ ? ”

മുകളിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് വന്നുകൊണ്ട് മാനസ ചോദിച്ചു.

” നീയീ വീട് കത്തിക്കുമോ ഗ്യാസ് കത്തിച്ചുവച്ചിട്ട് നീയിതെവിടെപ്പോയിരുന്നു ? ”

അവരുടെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ മാനസ പകച്ചുനോക്കിനിന്നു. ഊർമ്മിളയിൽ അങ്ങനൊരു ഭാവം അവൾ ആദ്യം കാണുകയായിരുന്നു.

” അമ്മേ ഞാൻ…. മതി നീയിനി ഒന്നും പറയണ്ട. ഇനി എന്തൊക്കെ കാണേണ്ടി വരും എന്റീശ്വരാ ഞാൻ. ചൊവ്വാദോഷം മറച്ചുവച്ച് എന്റെ മോന്റെ ജീവിതത്തിലേക്ക് വന്നത് ഞാൻ ക്ഷമിച്ചു. പക്ഷേ ഇപ്പൊ ഈ വീടിന് തന്നെ ഭീഷണിയായി മാറിയേക്കുവാ നീ. വലതുകാൽ വച്ചുകയറിയത് മുതൽ ദുർനിമിത്തങ്ങളാണ്. ഇനി വയറ്റിൽ കിടക്കുന്നത് എന്താകുമെന്ന് ആർക്കറിയാം. ”

” അമ്മേ……. ”

മാനസയിൽ നിന്നും ഒരു നിലവിളി ഉയർന്നു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ഉള്ളിലെ വേദന ഒരു മിന്നൽപിണർ പോലെ നെറുകയിലേക്ക് പാഞ്ഞുകയറി.

” അമ്മയുടെ ഉള്ളിൽ ഇത്രയും വെറുപ്പ് എന്നോടുണ്ടെന്ന് ഞാനറിഞ്ഞില്ലമ്മേ ഞാൻ ഒഴിഞ്ഞുപോയാൽ തീരാവുന്ന ദോഷങ്ങളേ മഹിയേട്ടനും ഈ കുടുംബത്തിനും ഉള്ളു. ഞാനെന്ന ദോഷം ഇപ്പോ ഈ നിമിഷം ഈ വീട് വിട്ടുപോയ്‌ക്കോളാം. ഞാനോ എന്റെ കുഞ്ഞോ ഈ കുടുംബത്തിന് ഒരു ദോഷമായി ഇനി വരില്ല. ”

പറഞ്ഞുകൊണ്ട് അവൾ ധൃതിയിൽ മുകളിലേക്ക് കയറിപ്പോയി. ഊർമ്മിള അപ്പോഴും ഒരുതരം മരവിച്ച അവസ്ഥയിൽത്തന്നെയായിരുന്നു.
അവർ ദയനീയമായി ദേവനെ നോക്കി. അയാളിൽ ഒരു മന്ദഹാസം വിരിഞ്ഞു നിന്നിരുന്നു അപ്പോൾ.
അൽപ്പസമയത്തിനുശേഷം മാനസ താഴേക്ക് വന്നു. കയ്യിൽ ഫോൺ മാത്രമേ ഉണ്ടായിരുനുള്ളു.

” വന്നപോലെ തന്നെ മാനസ തിരിച്ചും പോവാ അമ്മേ ”

ഊർമ്മിളയ്ക്ക് നേരെ നോക്കി നിറകണ്ണുകളോടെ അവൾ പറഞ്ഞു. അവരിൽ ഒരു ഞെട്ടൽ പ്രകടമായി. തന്റെ വാക്കുകൾ അവളിൽ എത്ര വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് അവർ മനസിലാക്കിയത് അപ്പോൾ മാത്രമായിരുന്നു. പറഞ്ഞെങ്കിലും അവൾ പോകുമെന്ന് അവരൊരിക്കലും ചിന്തിച്ചിരുന്നില്ല.
നിറഞ്ഞ മിഴികൾ അമർത്തിത്തുടച്ച് പുറത്തേക്ക് നടന്ന അവളെ കണ്ട് എന്തുചെയ്യണമെന്നറിയാതെ ഊർമ്മിള നിലത്തേക്കിരുന്നു.

ഓട്ടോറിക്ഷയിൽ ശ്രീശൈലത്തിനുമുന്നിൽ വന്നിറങ്ങിയ മാനസയുടെ കോലം കണ്ട് പൂമുഖത്തിരുന്ന രാജീവ്‌ ഒരുൾക്കിടിലത്തോടെ പിടഞ്ഞെണീറ്റു. അവളുടെ പാറിപറന്ന മുടിയും കണ്ണീരുണങ്ങിപ്പിടിച്ച കവിൾത്തടങ്ങളും അലക്ഷ്യമായി വാരിചുറ്റിയ സാരിയും അയാളിൽ ഒരപായസൂചന മുഴക്കി.

” എന്താ മോളേ എന്തുപറ്റി മഹിയെവിടെ ? ”

ഉമ്മറത്തേക്ക് വന്നുകയറിയ മാനസയോടായി അങ്കലാപ്പോടെ അയാൾ ചോദിച്ചു.

” ഇനിയെനിക്ക് പറ്റില്ലച്ഛാ എന്റെ കുഞ്ഞ് പോലും മഹിയേട്ടന് ആപത്താണെന്ന് പറയുമ്പോൾ ഞാൻ എന്താ വേണ്ടത് ? ”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

ചൊവ്വാദോഷം : ഭാഗം 3

ചൊവ്വാദോഷം : ഭാഗം 4

ചൊവ്വാദോഷം : ഭാഗം 5

Share this story