മിഥുനം: PART 5

മിഥുനം: PART 5

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

“ദേവുചേച്ചീനെ എന്തേലും പറഞ്ഞാൽ ഏട്ടനെ അമ്മ ശെരിയാക്കും. അയ്യോ അതിനിടക്ക് ഞാൻ വന്ന കാര്യം മറന്നു ”

” എന്തുവാടീ? ”

” ഭക്ഷണം കഴിക്കണ്ടേ ഏട്ടാ? സമയം എത്രയായിന്നാ? ”

” മ്മ് എനിക്കും വിശക്കുന്നുണ്ട്.. നീ പോയി എടുത്തിട്ട് വാ ” കയ്യിലിരുന്ന റിമോട്ട് മാറ്റി വെച്ചുകൊണ്ടവൻ പറഞ്ഞു.

” എന്നും ഏട്ടൻ ഒറ്റക്കല്ലേ കഴിക്കുന്നേ? ഇന്ന് നമ്മൾ എല്ലാരും ഒന്നിച്ചു ഡൈനിങ്ങ് ഹാളിൽ ഇരുന്നു പണ്ടത്തെ പോലെ കഴിക്കണം. ”

അതുകേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ അത് സന്തോഷം കൊണ്ടായിരുന്നു.

” വേണ്ടാ മോളേ നീ ഇങ്ങോട്ട് എടുത്തോ ” ഉള്ളിലെ സന്തോഷം മറച്ചു വെച്ചുകൊണ്ടവൻ പറഞ്ഞു.

” അതൊന്നും പറഞ്ഞാൽ പറ്റില്ല. പ്ലീസ് ഏട്ടാ പ്ലീസ് പ്ലീസ് എന്റെ ഒരാഗ്രഹം അല്ലേ? എന്റെ പോന്നേട്ടൻ അല്ലേ? ”

” മ്മ് ശെരി ”

അത്ര താല്പര്യമില്ലാത്ത പോലെ പറഞ്ഞെങ്കിലും സത്യത്തിൽ മിഥുന്റെ മനസ് തുടികൊട്ടുകയായിരുന്നു. പണ്ടെല്ലാം ഞങ്ങൾ നാലുപേരും ഒന്നിച്ചായിരുന്നു രാത്രിയിലെ ഭക്ഷണം. അത് തന്റെ നിർബന്ധമായിരുന്നു. അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു, മാളുവുമായി വഴക്കിട്ടു, പാത്രത്തിലെ അവസാനത്തെ മീൻ വറുത്തതിന് വേണ്ടി തല്ലു പിടിച്ചു, പാത്രം കഴുകാൻ അമ്മയെ സഹായിച്ചു, ഊണിനു ശേഷം എല്ലാരും ഒന്നിച്ചിരുന്നു സംസാരിച്ചു….. അപ്പോഴും താനും മാളുവും വഴക്കായിരിക്കും അമ്മയുടെ മടിയിൽ കിടക്കാൻ. വഴക്കിന്റെ ഒടുവിൽ അവൾ കള്ളക്കരച്ചിൽ തുടങ്ങും . അപ്പൊ അമ്മ ഇടപെട്ട് രണ്ടാളെയും ഓരോ സൈഡിൽ ആയി മടിയിൽ കിടത്തും .

ആ ഓർമകളിൽ അവൻ ഒന്ന് പുഞ്ചിരിച്ചു.

” ഏട്ടൻ എന്താ സ്വപ്നം കാണുവാണോ? ”

മാളുവിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

അപ്പോഴേക്കും ദേവു അകത്തേക്ക് കടന്നു വന്നു. ദേവുവും മാളുവും കൂടി മിഥുനെ താങ്ങി വീൽച്ചെയറിൽ ഇരുത്തി. മാളുവിനൊപ്പം മിഥുൻ ഡൈനിങ്ങ് ഹാളിലേക് ചെന്ന്. റിമോട്ട് കണ്ട്രോൾ ഉള്ളതിനാൽ അവനു സ്വയം ചലിപ്പിക്കാവുന്ന വീൽചെയർ ആയിരുന്നു അത്. സന്തോഷത്തോടെ വരുന്ന മക്കളെ കണ്ടു രാധികയുടെ മനസ് നിറഞ്ഞു.

എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോഴേക്കും ദേവിക വന്നു ഭക്ഷണം വിളമ്പി. മാറി നിന്ന അവളെ രാധിക വിളിച്ചു ഒപ്പമിരുത്തി. തല്ലുപിടിച്ചും കളിച്ചു ചിരിച്ചും അവർ ഒന്നിച്ചുകൂടി. വളരെക്കാലത്തിനു ശേഷം ആ വീട്ടിൽ നിന്നും കളിചിരികൾ ഉയർന്നു.

” കറികൾ ഒക്കെ വളരെ നന്നായിട്ടുണ്ടല്ലോ ഭാര്യേ ” മാധവൻ രാധികയോടായി പറഞ്ഞു

” അതൊക്കെ ദേ ദേവിക ഉണ്ടാക്കിയതാ. അങ്ങോട്ട് പറഞ്ഞോ ” രാധിക പറഞ്ഞത് കേട്ട് ദേവിക പുഞ്ചിരിച്ചു.

” വളരെ നന്നായിട്ടുണ്ട് മോളേ ” മാധവൻ അവളെ അഭിനന്ദിച്ചു.

” മോളേ മാളൂ ദേ കണ്ടുപടിക്ക്. പെൺപിള്ളേരായാൽ ഇങ്ങനെ വേണം ”

ഹും എന്നും പറഞ്ഞു മാളു ചുണ്ട് കൂർപ്പിച്ചത് കണ്ടു എല്ലാർക്കും ചിരി വന്നു.

” ഞാനേ സാധാരണ പെൺപിള്ളേരെ പോലെയൊന്നും അല്ലാ.. ഞാനേ എന്റെ ഏട്ടന്റെ ആൺകുട്ടിയാ ” ഉടനെ വന്നു മറുപടി.

” അല്ലേ ഏട്ടാ? ” ഒരു സപ്പോർട്ടിനായി അവൾ മിഥുനെ നോക്കി.

” ഹാ നല്ല അടിപൊളി ചമ്മന്തി. എരിവൊക്കെ കൃത്യം. ” അവൻ മാളുവിനെ ശ്രെദ്ധിക്കാതെ പറഞ്ഞു.
അതുകേട്ടതും അവൾ അവനെ കലിപ്പിച്ചൊന്നു നോക്കി. എല്ലാവരും തന്നെ കളിയാക്കുന്നത് കണ്ടതും അവൾ മുഖം വീർപ്പിച്ചു കഴിക്കാൻ തുടങ്ങി.

ഹാളിൽ ഇരിക്കുമ്പോ മിഥുൻ കണ്ടു പാത്രം കഴുകാൻ അമ്മയുടെ ഇടത്തും വലത്തും നിക്കുന്ന മാളുവിനെയും ദേവുവിനെയും..

##############################

“മാളൂ ഒരു കവിത ചൊല്ല് മോളേ ” ഭക്ഷണ ശേഷം എല്ലാവരും ഉമ്മറത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാധവൻ പറഞ്ഞത്.
വീൽച്ചെയറിനു താഴെ ഉണ്ണിയുടെ മടിയിലേക്ക് ചാരി ഇരിക്കുകയായിരുന്നു മാളു. അവന്റെ കൈകൾ അവളുടെ മുടികളെ തലോടുന്നുമുണ്ട്.

നിലാവിന്റെ വെട്ടം ഇലകൾക്കിടയിലൂടെ മുറ്റത്തേക്ക് പതിക്കുന്നുണ്ടായിരുന്നു . ക്രിസ്മസ് കാലമായതിനാൽ അടുത്ത വീടുകളിലെല്ലാം എൽ ഇ ഡി ബൾബുകൾ കൊണ്ടും നക്ഷത്രങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. അവയെല്ലാം ആ രാവിന് ഒരു ഭംഗി സമ്മാനിച്ചു. ചെറിയ തണുത്ത കാറ്റ് അവരെ തലോടി കടന്നുപോയി..

മാളു പാടിത്തുടങ്ങി

” നാളെ ഈ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും..

കൊല്ലപ്പരീക്ഷ എത്താറായി സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ………

…….( സഖാവ് – സാം മാത്യു)

മാളു ആസ്വദിച്ചു പാടിക്കൊണ്ടേയിരുന്നു. വരികളിൽ മുഴുകി ദേവു കണ്ണടച്ചിരുന്നു .

” പ്രേമം ആയിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ….
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും……… ”

ഈ വരികൾ എത്തിയപ്പോഴേക്കും ദേവു കണ്ണുകൾ തുറന്ന് മിഥുനെ നോക്കി. ആ വരികൾ തന്റെ ഹൃദയം പാടുന്നതാണെന്നു അവൾക്ക് ഒരുമാത്ര തോന്നിപ്പോയി.
അപ്പോൾ ഏതോ ഓർമയിൽ മിഥുന്റെ കണ്ണുകളും നിറഞ്ഞു.. അവന്റെ മനസിലേക്കപ്പോൾ കടന്നുവന്നത് നുണക്കുഴി കാട്ടി ചിരിക്കുന്നൊരു പെൺകുട്ടിയുടെ മുഖമായിരുന്നു..

##############################

ഒരുപാട് നാൾ കൂടിയാണ് താനിങ്ങനെ സന്തോഷിക്കുന്നത് എന്ന് മിഥുനോർത്തു. ഏഴെട്ട് മാസങ്ങൾക്കു മുൻപ് തന്റെ സന്തോഷങ്ങളെല്ലാം അവസാനിച്ചെന്നാണ് കരുതിയിരുന്നത്. പിന്നീടങ്ങോട്ട് ഈ മുറിയായിരുന്നു തന്റെ ലോകം. വായനയിൽ മാത്രമാണ് ശ്രെദ്ധ പതിപ്പിച്ചത്. എല്ലാവരെയും തന്നിൽ നിന്നകറ്റുകയായിരുന്നു.

ദേഷ്യപ്പെട്ടും അകറ്റി നിർത്തിയും വെറുപ്പ് കാണിച്ചും താൻ തന്നെ സൃഷ്ടിച്ചൊരു ലോകത്തിൽ ആയിരുന്നു. എല്ലാവരോടും എല്ലാത്തിനോടും വെറുപ്പായിരുന്നു .. വായാടിയായ, തന്നെ ശല്യം ചെയ്തോണ്ടിരുന്ന മാളു പോലും തന്റെയീ അവസ്ഥക്ക് ശേഷം സൈലന്റ് ആയിരുന്നു. അമ്മയുടെ തോരാത്ത കണ്ണീരും അച്ഛന്റെ തകർന്ന അവസ്ഥയും എല്ലാംകൂടി തനിക് ഈ ലോകത്തോട് മുഴുവൻ വിദ്വെഷം തോന്നിയിരുന്നു. ..

വായനയിലൂടെ കഥകൾ സൃഷ്ടിച്ചൊരു ലോകത്ത് ആയിരുന്നു ഇതുവരെ. പക്ഷെ ഇന്ന് മനസിലാകുന്നു താൻ എല്ലാവരെയും അകറ്റി നിർത്താൻ പാടില്ലായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടെയും മാളുവിന്റെയും മുഖത്തു കണ്ട സന്തോഷം. തനിക്ക് ഉയിർത്തെഴുന്നേൽക്കാൻ ഉള്ള ഊർജം ആണത്. ഈ കിടപ്പിൽ നിന്നെഴുന്നേറ്റേ മതിയാവൂ.. കണക്കുകൾ തീർക്കാൻ ഒരുപാടുണ്ടല്ലോ. സമയം ആയി എല്ലാത്തിനും. അവന്റെ മനസ് മന്ത്രിച്ചു.

പെട്ടന്നൊരു പാദപതനം കേട്ടു. ഒരു ജഗ്ഗിൽ നിറയെ വെള്ളവുമായി ദേവിക ആണ്. ജഗ്ഗ് ടേബിളിൽ വെച്ചിട്ടു അവൾ പോയി കർട്ടൻ വലിച്ചിട്ടു. ശേഷം മിഥുനെ പുതപ്പിച്ചു. ആ സമയം അത്രയും അവൻ അവളെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു.

യാതൊരു ധിറുതിയും ഇല്ലാതെ സാവകാശം വൃത്തിയോടെ അവൾ എല്ലാം ചെയ്യുന്നത്.

” ഗുഡ് നൈറ്റ്‌ സാർ. എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി. അപ്പുറത്തെ റൂമിൽ ഞാൻ ഉണ്ട്. ” അവൾ തിരിഞ്ഞു നടന്നു.

” ദേവികാ താങ്ക്യൂ ” അവൾ ഒരു നിമിഷം നിന്നു. ഒന്ന് മന്ദഹസിച്ചതിനു ശേഷം നടന്നകന്നു.
##############################

Qപിന്നിൽ നിന്നാരോ തന്നെ വരിഞ്ഞു മുറുക്കിയതും ദേവുവിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചുപോയ്. നിലവിളിക്കാൻ ഒരുങ്ങിയതും മാളുവിന്റെ ശബ്ദം ചെവിയിൽ വീണു.

” താങ്ക്യൂ ദേവേച്ചീ ”

” ഹോ പേടിച്ചുപോയല്ലോ പെണ്ണെ. എനിക്കിപ്പോ അറ്റാക്ക് വന്നേനെ ” ദേവു നെഞ്ചിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

” ഓ പിന്നെ ” മാളു ചുണ്ട് കോട്ടി.

” എനിക്കിപ്പോ സന്തോഷം കൊണ്ട് എന്റെ ദേവുചേച്ചീനെ കടിച്ചു തിന്നാൻ തോന്നുവാ. ഇന്ന് ചേച്ചി കാരണമാ കൊറേ നാളുകൾക്കു ശേഷം എനിക്കെന്റെ ഏട്ടന്റെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ പറ്റിയത്. ചേച്ചിക്ക് ഞാൻ എന്താ ഇപ്പൊ തരേണ്ടത്? ” മാളു ദേവുവിനെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

” എനിക്കിപ്പോ ഒന്നും വേണ്ടാ നീയും നിന്റെ ഏട്ടൻ കടുവയും സന്തോഷത്തോടെ ഇരുന്നാൽ മതി. ”

” ആ ചേച്ചി ചേട്ടനെ കടുവാ ന്നു വിളിക്കണത് കൊണ്ട് ചേട്ടൻ ഒന്ന് കാണാൻ ഇരിക്കുവാണെന്നു. ”

” അപ്പോഴേക്കും നീ അത് അവിടെപ്പോയി വിളമ്പിയോ? “ദേവു തലയിൽ കൈ വെച്ചു.

” ഹിഹി ” മാളു ഒന്ന് ഇളിച്ചുകാണിച്ചു.

” ചെയ്ത് തന്നത് തന്നെ മതിയേ.. ഞാനിനി ഒന്നും താങ്ങൂല്ല മോളേ ” ദേവു പറഞ്ഞു.

” എന്നാ തല്ക്കാലം ഒരുമ്മ പിടിച്ചോ ഉമ്മാ ” ദേവൂന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് മാളു പറഞ്ഞു.

ദേവു തിരിച്ചും കൊടുത്തു.

” എന്നാ പിന്നെ എന്റെ ഉമ്മച്ചി പോയി ഉറങ്ങിയാട്ടെ. എനിക്കേ കുറച്ചു പഠിക്കാൻ ഉണ്ട്. ” ടേബിളിലെ ബുക്സ് കാണിച്ചു ദേവു പറഞ്ഞു.

പഠിത്തം എന്ന് കേട്ടതേ മാളു ഗുഡ് നൈറ്റ്‌ പറഞ്ഞു സ്കൂട്ടായി.

ദേവു ചെന്ന് ബുക്കെടുത്തു വായിക്കാൻ തുടങ്ങി..

##############################

” ഇന്ന് ഒരുപാട് സന്തോഷം തോന്നുന്നെടോ രാധൂ”

മടക്കിയ തുണികൾ അലമാരയിലേക്ക് വെച്ചുകൊണ്ടിരുന്ന രാധിക തിരിഞ്ഞ് നോക്കി.
” നമ്മുടെ മോന്റെ മുഖത്തു ഇന്ന് കണ്ട സന്തോഷം . അതിനെത്ര നാള് കാത്തിരുന്നു നമ്മൾ. ഇനിയവൻ പഴയപോലെയാവും. എനിക്കെന്തോ അങ്ങനെ തോന്നുന്നു ”

” നമ്മൾ ദേവൂനോടാ മാധവേട്ടാ നന്ദി പറയേണ്ടത്.. നമ്മൾ ശ്രെദ്ധിക്കാത്ത പല കാര്യങ്ങളും അവൾ ശ്രെദ്ധിക്കുന്നുണ്ട്. ” അവരുടെ ഓർമ്മകൾ കുറച്ചു നേരം മുന്നിലേക്ക് പോയി.

” ദേവൂ മാളൂ രണ്ടാളും കഴിക്കാൻ വാ ”

” അമ്മേ ഞാനൊരു കാര്യം പറഞ്ഞോട്ടെ? ” ദേവുവാണ്

” മിഥുൻ സാർ എന്നും റൂമിൽ നിന്ന് തന്നെയാ കഴിക്കുന്നതെന്നു മാളു പറഞ്ഞു. നമുക്ക് ഇന്ന് ഡൈനിങ്ങ് ഹാളിലേക് കൊണ്ടുവന്നാലോ? ”

“അവൻ ദേഷ്യപ്പെടും മോളേ. പതിയെ പതിയെ ഞങ്ങളാ ശീലം മറന്നതാ ”

” ആ ശീലം വീണ്ടും തുടങ്ങണം അമ്മേ. മുറിയിൽ അടച്ചിരുന്നാൽ ശെരിയാവില്ല. അത് നെഗറ്റീവ് ചിന്തകളിലേ അവസാനിക്കൂ. ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ ഒരു പരിധി വരെ സാറിനു സന്തോഷം കൊടുക്കും”

” ഉണ്ണി സമ്മതിക്കില്ല മോളേ.. ”

” അതൊക്കെ ഞങ്ങൾ ശെരിയാക്കാം ”

“അങ്ങനെ ദേവു മാളുവിനെ പറഞ്ഞു വിട്ട് വിളിച്ചതാ അവനെ. ദേവു ശെരിക്കും ഈ വീട്ടിലേക്കു വന്ന മഹാലക്ഷ്മിയാ മാധവേട്ടാ ”

” സത്യമാ. പക്ഷെ നീ ഇങ്ങനെയൊന്നും മാളുവിന്റെ മുന്നിൽ വെച്ച് അവളെ പുകഴ്ത്തരുത് രാധൂ. ആ കുശുമ്പി ദേവൂനെ വെച്ചേക്കില്ല.” മാധവൻ ചിരിച്ചു

” മാളൂന് ദേവുവിനെ ജീവനാ . അസുഖം വന്നു കിടന്ന മാളൂനെ നോക്കിയതെല്ലാം ദേവു അല്ലേ. ”

ഒരു ദീർഘനിശ്വാസമെടുത്തു മാധവൻ തിരിഞ്ഞു കിടന്നു . അരികിലായി രാധികയും. മനസ് നിറയെ പ്രതീക്ഷകളുമായി നാളത്തെ പുലരിയെ വരവേൽക്കാൻ ആ വീട്ടിൽ എല്ലാവരും തയ്യാറെടുത്തുകൊണ്ട് ഉറക്കത്തിലേക്ക് വീണു.

##############################

രാവിലെ രാധികയും മാധവനും കൂടി ഓഫീസിലെ ആരുടെയോ മകളുടെ കല്യാണത്തിന് പോയിരിക്കുകയായിരുന്നു. കുറച്ചു നേരം വായിച്ചതിനു ശേഷം ദേവു മാളുവിനെയും കൂട്ടി മിഥുന്റെ മുറിയിൽ എത്തി.

” എവിടെയായിരുന്നു കൊറേ നേരമായല്ലോ കണ്ടിട്ട്? ” മിഥുൻ ചോദിച്ചു

” പഠിക്കയായിരുന്നു ഏട്ടാ “മാളു ഗമയോടെ പറഞ്ഞു.

മിഥുന്റെ കണ്ണ് താഴെ വീഴാറായി അത്ഭുതം കൊണ്ട്. അത് കണ്ടു മാളു പറഞ്ഞു

” ഏട്ടൻ അഭുതപ്പെടുവൊന്നും വേണ്ടാ. ദേവു ചേച്ചിയുടെ അടുത്ത് അമ്മ എനിക്ക് ട്യൂഷൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഇത്രേം നേരം പഠിച്ചിട്ടാ ഏട്ടന് കമ്പനി തരാൻ വന്നത്. ”

” ഹാ മിടുക്കി. ഇനിയെങ്കിലും പഠിച്ചു രക്ഷപ്പെട്ടാൽ മതിയാരുന്നു ”

” ഹോ ഒരു പഠിപ്പി ”

രണ്ടാളുടേം സംസാരം കണ്ടു നിൽക്കേ ദേവു മിഥുനെ ശ്രെദ്ധിച്ചു. അന്ന് ആദ്യമായ് കണ്ട ആ മുഖം ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ട്. ആ കുറ്റിത്താടിയും മീശയും.. അവളറിയാതെ ചിരിച്ചുപോയി.

” ഇവളെന്താ തന്നെ നിന്ന് ചിരിക്കുന്നേ? ലേശം നൊസ്സ് ഉണ്ടല്ലേ? ” മിഥുൻ ആണ്.

ദേവിക ചമ്മിയ ചിരി ചിരിച്ചു.

പെട്ടന്നാണ് മാളു പറഞ്ഞത്
” ഏട്ടാ ഇപ്പൊ ഏട്ടനെ കണ്ടാൽ ഒരു പ്രാകൃത മനുഷ്യനെപോലെയുണ്ട്. എനിക്ക് ന്റെ പഴേ ഏട്ടനെയാ ഇഷ്ടം. ”

ദേവു ഞെട്ടി മാളുവിനെ നോക്കി.

അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.
” ഏട്ടാ എനിക്ക് എന്റെ പഴേ ഏട്ടനെ മതി. നമുക്ക് ഇതൊക്കെ ഒന്ന് ഒതുക്കാം? ”

നീയോ എന്ന ഭാവത്തിൽ മിഥുൻ മാളുവിനെ ചുഴിഞ്ഞുനോക്കി. അതിന്റെ അർത്ഥം മനസിലാക്കിയെന്നോണം മാളു പറഞ്ഞു
” നമുക്ക് ആ അപ്പുച്ചേട്ടനെ വിളിക്കാം. പുള്ളി വന്നു സെറ്റ് ആക്കി തരും. അവരുടെ മെൻസ് ബ്യൂട്ടി പാർലറിന്റെ നമ്പറിൽ വിളിച്ചാൽ മതിയല്ലോ . വിളിക്കട്ടെ ഏട്ടാ? ” മാളു പ്രതീക്ഷയോടെ അവനെ നോക്കി.

ഒന്ന് ചിന്തിച്ചതിനു ശേഷം അവൻ തലയാട്ടി.
“ന്റെ ചക്കര ഏട്ടൻ 😘” അവളോടി പുറത്തേക്ക് പോയി ..

അപ്പു വരാറായതും ദേവുവും മാളുവും മിഥുനെ പുറകിലെ വരാന്തയിൽ കൊണ്ടിരുത്തി. അല്പനേരത്തിനു ശേഷം അയാൾ വന്നു മുടിയെല്ലാം വെട്ടി ഒതുക്കി.

” ചേട്ടാ ആ താടിയും കൂടി ” ദേവു പറഞ്ഞത് കേട്ട് മിഥുൻ അവളെ രൂക്ഷമായി നോക്കിയതും അവൾ തല താഴ്ത്തി.

തെല്ലു നേരത്തിനു ശേഷം ദേവു തലയുയർത്തി നോക്കിയതും അന്നൊരു രാത്രി തന്റെ മുന്നിൽ വന്നു നിന്ന അതേ മുഖം കണ്ടു. കണ്ണുചിമ്മാൻ മറന്നു അവളാ മുഖത്തേക്ക് തന്നെ നോക്കിനിന്നുപോയി .

മാളു സൂപ്പർ എന്ന് കൈകൊണ്ട് ആഗ്യം കാണിക്കുന്നുണ്ട്.
#############################

ബാത്റൂമിലെ സ്റ്റൂളിൽ ദേവികയ്ക്ക് മുന്നിൽ ഇരുന്നപ്പോൾ മിഥുന് എന്തെന്നില്ലാത്ത ജാള്യത തോന്നി. അത് മനസിലാക്കി എന്നോണം സോപ്പും തോർത്തും വെള്ളവുമെല്ലാം കൈ എത്തുന്നിടത് വെച്ചു കൊടുത്തിട്ട് ദേവു കുളിമുറിക്ക് പുറത്തിറങ്ങി നിന്നു അവനു കുളിക്കാൻ വേണ്ടി.

കഴിഞ്ഞെന്നു അകത്തു നിന്നും പറഞ്ഞതും ദേവു ചെന്നു. തോർത്തു വാങ്ങി തലയും ദേഹവുമെല്ലാം നല്ലോണം തുവർത്തി കൊടുത്തു.. ശേഷം ഒരു ബനിയനും കാവി മുണ്ടും ഇട്ടുകൊടുത്തു അവൾ അവനെ ഡൈനിങ്ങ് ടേബിളിനരികിലിരുത്തി മാളുവിനും മിഥുനും ചോറ് വിളമ്പിയ ശേഷം ദേവുവും അവർക്കൊപ്പമിരുന്നു കഴിച്ചു.

ഊണിനു ശേഷം മാളു ഉച്ചയുറക്കത്തിന് പോയി. മിഥുൻ ഏതോ പുസ്തകത്തിലേക്ക് കണ്ണും നട്ടിരുന്നു. ദേവു അലക്കാനുള്ള തുണികളുമെടുത്തു പിന്നാമ്പുറത്തേക്ക് നടന്നു .. തുണികളെല്ലാം അയയിൽ വിരിച്ചതിനു ശേഷം അല്പസമയം ഗാർഡനിൽ ഇരിക്കാമെന്നോർത്താണ് ദേവു ചെന്നതും. അപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ അനിത ചേച്ചി അവളെക്കണ്ടു പരിചയപ്പെടാൻ വന്നു. മതിലിനടുത്തു നിന്നു വർത്തമാനം പറഞ്ഞു തിരിയുമ്പോഴാണ് ദേവു അത് കണ്ടത്

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

Share this story