നയോമിക – PART 9

നയോമിക – PART 9

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

നിർമ്മല അകത്തേക്ക് പോയി കഴിഞ്ഞിട്ടും അവരുടെ വാക്കുകൾ രാഘവന്റെ മനസ്സ് പൊള്ളിച്ചു.
കഴിഞ്ഞകാലത്തിലെ തന്റെ കുത്തഴിഞ്ഞ ജീവിതം അയാളുടെ ഓർമ്മയിലേക്ക് വന്നു.

പണത്തിന് വേണ്ടിയും മറ്റു പലർക്കും വേണ്ടിയും തല്ലിയവരുടേയും വെട്ടിയും കുത്തിയും വേദനിപ്പിച്ചവരുടെയും കണക്കെടുക്കാൻ അയാൾക്ക് തന്നെ കഴിഞ്ഞിരുന്നില്ല.

ഒരു പെണ്ണിന്റെ കൂടെ ജീവിക്കണം എന്ന് ആദ്യമായി മോഹം തോന്നിയത് നിർമ്മലയെ കണ്ടപ്പോഴാണ്….

ഗുണ്ടാപ്പണിയുമായി നടക്കുന്നവന് കുടുംബം എന്നുമൊരുബാധ്യത ആയിരിക്കുമെന്ന് സംഘത്തിലെ കൂട്ടാളിയായ രമേശൻ എപ്പോഴും പറയുമായിരുന്നു.
അത് ശരിയാണെന്ന് അയാൾക്കും തോന്നിയിരുന്നു അതിനാൽ തന്നെയാണ് അങ്ങനൊരാഗ്രഹം ഒരിക്കൽ പോലും രാഘവന് തോന്നാതിരുന്നതും….

പക്ഷേ നിർമ്മലയെ കണ്ടത് മുതൽ രാഘവന്റെ ചിന്തകളും പ്രവൃത്തികളും മാറി മറഞ്ഞു.
പ്രായമായ മുത്തശ്ശി മാത്രം ആശ്രയത്തിനുണ്ടായിരുന്ന നിർമ്മലയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു അയാൾ…

അവൾക്ക് വേണ്ടി തന്റെ കൂട്ടാളികളേയും സകലകൊള്ളരുതായ്മകളേയും അയാൾ ഒഴിവാക്കി…

നിർമ്മലയെ വിവാഹം ചെയ്ത് പുതിയൊരു മനുഷ്യനായി ജീവിതം തുടങ്ങിയെങ്കിലും അത്ര പെട്ടെന്ന്അയാൾക്കതിന് കഴിയുമായിരുന്നില്ല… മാന്യമായ ഒരു തൊഴിലും അയാൾക്ക് ആ നാട്ടിൽ ലഭിച്ചില്ല….

എങ്കിലും മോഷണവും പിടിച്ചുപറിയും ഒഴികെ കിട്ടിയ പണികളൊക്കെയും ചെയ്തു… സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ വരെ അയാൾ പോയി….

അതിലൊന്നും അയാൾക്കൊരു വിഷമവും തോന്നിയില്ല… ആരേയും വേദനിപ്പിക്കാതെ അദ്വാനിച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചുറങ്ങുന്നതിന്റേയും സ്നേഹിക്കാനും കാത്തിരിക്കാനും ആളുകളുണ്ടാകുന്നതിന്റെയും സുഖവും സമാധാനവും തിരിച്ചറിയുകയായിരുന്നു അയാൾ…..

പക്ഷേ സംഘത്തിൽ നിന്നും പിൻമാറിയപ്പോൾ കൂട്ടാളികൾ തന്നെ ശത്രുക്കളായി… കൂടെ മുൻപേയുള്ള ശത്രുക്കളും…

തെളിഞ്ഞും മറഞ്ഞും അവർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും കൂടുതൽ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു ……

എന്നാൽ ഒരു ദിവസം രാത്രി , മുൻപെന്നോ അയാൾ വെട്ടിക്കൂട്ടിയ തമ്പാനും അവന്റെ കൂട്ടാളികളും രാഘവന്റെ വാടക വീടിന് തീയിട്ടു… നിറഗർഭിണിയായ നിർമ്മലയെ പീഠിപ്പിക്കാനുള്ള തമ്പാന്റെ ശ്രമത്തിനിടെ രാഘവൻ വീണ്ടും ആയുധമെടുത്തു….

നിർമ്മലയെ തൊട്ട തമ്പാന്റെ രണ്ട് കൈകളും രാഘവൻ വെട്ടി…

അന്ന് …ആ രാത്രി ഇട്ടതുണിയാലേ നിർമ്മയുടേയും അവളുടെ മുത്തശ്ശിയുടേയും കൈപിടിച്ച് ആ നാട്ടിൽ നിന്നും പാലായനം ചെയ്തെത്തിയത് ഇവിടായിരുന്നു… തന്നെയും തന്റെ കഴിഞ്ഞകാലവും അറിയാത്ത നാട്ടിൽ അയാൾക്ക് അത്യാവശ്യം ജോലികളൊക്കെ കിട്ടി തുടങ്ങി….

നിർമ്മല പ്രസവിച്ചു നല്ലതങ്കക്കുടം പോലൊരു പെൺകുഞ്ഞ്…..
അതിനിടയിൽ നിർമ്മല യുടെ മുത്തശ്ശി അവരെ വിട്ട് പോയി.
പക്ഷേ നല്ല വ രായ ആ നാട്ടുകാർ എല്ലാ സഹായങ്ങളും ചെയ്ത് കൂടെ നിന്നു….

നിർമ്മല യുടെ കയ്യിലും കഴുത്തിലും ആകെ ഉണ്ടായിരുന്ന പൊന്നിന്റെ തരിവരെ വിറ്റും കടം വാങ്ങിയതുമൊക്കെയായി കുറച്ച് പണം സ്വരൂപിച്ച് അയാൾ ആ നാട്ടിൽ കുറച്ച് കൃഷിഭൂമി വാങ്ങി… ആദ്യത്തെ വിളവിടുപ്പിനോടൊപ്പം നിർമ്മല രണ്ടാമതൊരു പെൺകുഞ്ഞിന് കൂടി ജന്മം കൊടുത്തു.

പാടത്തും പറമ്പത്തും രണ്ട് പേരും എല്ല് മുറിയെ പണിയെടുത്തു… കൂടെ കുഞ്ഞി മക്കളും……

ഉണ്ണി ജനിക്കുമ്പോഴേക്കും അവരുടെ അധ്വാനത്തിൽ സ്വന്തമായൊരു വീടുണ്ടാക്കിയിരുന്നു…

അന്ന് രാത്രി ആ നാട് വിട്ടത് മുതൽ ഇന്ന് വരെ രാഘവന്റെ പഴയ വൃത്തികെട്ട ജീവിതത്തെക്കുറിച്ച് സ്വന്തം മക്കളോ ആനാട്ട്കാരോ അറിഞ്ഞിരുന്നില്ല… കഴിഞ്ഞു പോയതൊക്കെ അയാൾകൂടിയും മറന്ന മട്ടായിരുന്നു…..
പക്ഷേ ഇപ്പോ…

” അച്ചാ… അച്ചനെന്താ കസേരയിൽ ഇരുന്ന് ഉറങ്ങുവാണോ…. ഇന്നെന്താ പാടത്തേക്കിറങ്ങുന്നില്ലേ ”

രാഘവൻ കണ്ണ് തുറന്ന് നോക്കുമ്പോൾ മുൻപിൽ ചിരിച്ച് കൊണ്ട് നിൽക്കുന്നു നയോമി.

“മോളെന്താ ഇന്ന് നേരത്തെ… ക്ലാസ്സിൽ പോയില്ലേ…”

“ഇല്ലച്ചാ… ഇന്നെന്തോ സുഖം തോന്നിയില്ല.. ഞാനിങ്ങോട്ട് പോന്നു….
അച്ചനെണീക്ക് നമുക്ക് പാടത്തൊക്കെ ഒന്ന് പോയ് വരാം…”

അത് കേട്ടുകൊണ്ടാണ് നിർമ്മല അങ്ങോട്ടേക്ക് വന്നത്.

” ആഹ് എന്നാലിനി പഠിത്തം നിർത്തി അച്ചന്റെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങിക്കോ”

“ഞാനതും ആലോചിക്കാതില്ലെന്റ് നിമ്മി കുട്ടീ… ”
അവൾ നിർമ്മലയുടെ താടിയിൽ പിടിച്ചു കിണുങ്ങി.

“ഈ ബാഗൊന്ന് അകത്ത് വെച്ചേക്കമ്മാ ”

പിന്നെ തിരിഞ്ഞ് രാഘവനോടായ് പറഞ്ഞു

” നമുക്ക് പോകാം ”

അച്ചനും മകളും നടന്നകലുന്നതും നോക്കി നിർമ്മല നിന്നു.

**************************

” മോൾക്ക് അച്ചനോടെന്താ പറയാനുള്ളത്?.”

ഷാൾ അഴിച്ച് തലയിൽ കെട്ടി കുനുകുനാന്ന് മുളച്ച് വന്ന ചീരക്ക് വെള്ളം നനക്കുകയായിരുന്ന നയോമി അയാളുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ടപ്പോൾ ഒന്നമ്പരന്നു പോയി.

” അച്ചനെന്താ ചോദിച്ചെ”

“നിനക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് എനിക്ക് മനസ്സിലായി നയോമി…. എന്താണെന്ന് വെച്ചാ മോള് പറ”

“അത്.. അച്ചാ… അവൾ കയ്യിലുണ്ടായിരുന്ന ഹോസിന്റെ ടാപ്പടച്ച് പാടത്തേക്കിട്ടു.

” ചേച്ചീടെ ആഗ്രഹത്തിനെന്തിനാച്ച അമ്മ എതിര് നിൽക്കുന്നെ.. ഇന്നേവരെ അവൾക്കിഷ്ടമുള്ളത് പോലെ തന്നെയാണ് ഓരോ കാര്യങ്ങളും നിങ്ങൾ നടത്തി കൊടുത്തത് പിന്നെ ഇതിന് മാത്രം എന്താ അച്ച ഒരു തടസ്സം ”

നയോമിയുടെ ചോദ്യത്തിന് അയാൾക്ക് ഉത്തത്മില്ലായിരുന്നു…

” ആ നാടുമായി ബന്ധപ്പെട്ട് അച്ചനും അമ്മക്കും ഇഷ്ടമില്ലാത്ത എന്താക്കെയോ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്…
പറ അച്ചാ എന്താ നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നം”?

രാഘവന്റെ കണ്ണിലെ പിടച്ചിൽ നയോമിക്ക് മനസ്സിലായി

” അച്ചാ.. അച്ചനും അമ്മയും എന്തിനെയാ ഭയപ്പെടുന്നത്?”

അവളുടെ മുൻപിൽ നിന്നാൽ സത്യം മുഴുവൻ അവൾ മനസ്സിലാക്കുമെന്ന് അയാൾ പേടിച്ചു.

“ഭയപ്പെടാനോ…. എന്ത് ഭയക്കാൻ…. അമ്മക്ക് നിച്ചൂനെ ഇത്രയും ദൂരെ അയക്കുന്നതിനോട് താൽപര്യമില്ല… അത്രയേ ഉള്ളൂ”

അയാൾ മുഖം പ്രസന്നമാക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ മുഖത്തെ പതർച്ച നയോമിക്ക് വായിച്ചെടുക്കാമായിരുന്നു.

” ആണോ…. അത്രയേ ഉള്ളുവോ ”

നയോമി അയാളുടെ തൊട്ട് മുൻപിൽ വന്നു നിന്നു.

“എങ്കിൽ അച്ചനെന്റെ തലയിൽ തൊട്ട് സത്യം ചെയ്യ് ഇതിൽ വേറൊന്നുമില്ല എന്ന് ”

“നിനക്കിപ്പോ എന്താ നയോമി വേണ്ടത് …. നിർമ്മയിയെ ആ പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിക്കണം…. അത്രയല്ലേ വേണ്ടൂ… അമ്മയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം പോരേ… ”

അയാൾ അങ്ങനെ പറഞ്ഞിട്ടും നയോമിയുടെ മുഖം തെളിഞ്ഞില്ല.

” ഇപ്പോ അത് മതി… പക്ഷേ ഇതിന്റെ ഉളള്കളികൾ എന്നെങ്കിലും ഞാൻ പൊളിക്കും”
അവൾ മനസ്സിൽ പറഞ്ഞു.

” മോള് ചെന്ന് ആ പടവലത്തിനും വെണ്ടയുമൊക്കെ ഒന്ന് നനക്ക് ”

അയാൾ അവളുടെ തോളിൽ തട്ടി.

***************************

രാഘവനുമായി ഒരുപാട് നേരത്തെ വാദപ്രതിവാദത്തിനൊടുവിൽ നിർമ്മല വെള്ളക്കൊടി കാണിച്ചു.
വിവരം അറിഞ്ഞപ്പോൾ നിർമ്മയി തുള്ളിച്ചാടി.

പക്ഷേ ഒരു നിബന്ധന നിർമ്മല മുന്നോട്ട് വെച്ചു.

പ്രോഗ്രാം റിഹേഴ്സൽ തുടങ്ങുന്നത് മുതൽ പ്രോഗ്രാം കഴിയുന്നത് വരെ അച്ചനും നിർമ്മയിക്കൊപ്പം ഉണ്ടാകണമെന്ന്… അവൾക്കതിനൊക്കെ നൂറ് വട്ടം സമ്മതമായിരുന്നു.

അങ്ങനെ പരിപാടിക്ക് ഒരുമാസം മുൻപേ അച്ചനും മകളും തിരുവനന്തപുരത്തെത്തി… റിഹേഴ്സലൊക്കെ ഭംഗിയായി അവസാനിച്ചു.

” നിർമ്മയി വീട്ടിലേക്ക് പോകുകയാണോ ഇന്ന് ”
പ്രിയയായിരുന്നു ചോദിച്ചത്.

” അതേടാ… ഇനി ഒരാഴ്ച്ചയില്ലേ പ്രോഗ്രാമിന്.. രണ്ട് ദിവസം മുൻപേ ഞാനിങ്ങെത്താം… താൻ പോകുന്നില്ലേ “?

” അച്ചനും അമ്മയും ഇവിടെ ട്രിവാൻട്രത്തുണ്ടല്ലോ…. അതോണ്ട് ഞാൻ പോകുന്നില്ല”

‘” ഒകെ ഡാ.. എങ്കിൽ തേസ്ഡെ കാണാം ”

പ്രിയയോട് യാത്ര പറഞ്ഞ് രാഘവന്റെ കയ്യും പിടിച്ച് നിർമ്മയി ഇറങ്ങി.

രാഘവാ ”

റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോ കാത്ത് നിൽക്കുമ്പോഴായിരുന്നു രാഘവാ എന്നൊരു പിൻവിളി അവർ കേട്ടത്. ഒരു ഞെട്ടലോടെ രാഘവൻ തിരിഞ്ഞ് നോക്കി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

Share this story