നിനക്കായ്‌ : PART 7

നിനക്കായ്‌ : PART 7

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” എന്താ അഭിരാമി ഇന്ന് കൂട്ടിക്കൊണ്ട് പോകാൻ കസിൻ വന്നില്ലേ ? ”

ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ വീണയുമായി സംസാരിച്ചുകൊണ്ട് നിന്നിരുന്ന അഭിരാമിക്കരികിലായി കാർ നിർത്തി ഗോകുൽ ചോദിച്ചു.

” ഇല്ല സാർ ഇപ്പൊ വരും ”

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

” ഞാൻ ഡ്രോപ്പ് ചെയ്യണോ ? ”

അവൻ വീണ്ടും ചോദിച്ചു.

” വേണ്ട സാർ ദാ അജിത്തേട്ടനെത്തി ”
വിടർന്ന പുഞ്ചിരിയോടെ അവൾ പറഞ്ഞു. അപ്പോഴത്തെ അവളുടെ കണ്ണുകളിലെ തിളക്കം കണ്ട് ഗോകുലിന്റെ മുഖം വലിഞ്ഞു മുറുകി.

” ദെൻ ഓക്കേ അഭിരാമി ബൈ ”

പറഞ്ഞുകൊണ്ട് അവൻ വേഗം കാർ മുന്നോട്ടെടുത്തു.

” ഓക്കേ സാർ ബൈ ”

അജിത്ത് ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ പെട്ടന്ന് അഭിരാമി മുന്നോട്ട് പോയ ഗോകുലിന്റെ കാറിന്റെ നേരെ നോക്കി കൈ വീശിക്കോണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

” ഓ ഇയാള് അഭിരാമിയെ മാത്രേ കണ്ടുള്ളോ ? ഞാനിവിടെ വേരിറങ്ങി നിക്കുന്നത് ഇയാൾക്ക് കാണാൻ പാടില്ലേ എന്നിട്ട് അവളെ മാത്രം ഡ്രോപ്പ് ചെയ്യാമെന്ന് ”

അവന്റെ കാറിന് നേരെ നോക്കി മുഖം വീർപ്പിച്ചുകൊണ്ടാണ് വീണയത് പറഞ്ഞത്. അഭിരാമിയിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു.

” അല്ലെടി വവ്വാലും കുഞ്ഞേ നീയിപ്പോ എന്നാത്തിനാ ഈ കാട്ടുകോഴിയെ നോക്കി ഇങ്ങനെ ഒലിപ്പിക്കുന്നേ ? ഇത്രേം നേരം അങ്ങേരെ തെറി വിളിക്കുവല്ലായിരുന്നോ ? ”

എന്തോ ഓർത്തത് പോലെ പെട്ടന്ന് അഭിരാമിയെ തനിക്ക് നേരെ പിടിച്ചു തിരിച്ചുകൊണ്ട് വീണ ചോദിച്ചു.
അഭിരാമി അവളെ നോക്കി വെറുതേ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

” അല്ല അതാരാ കാറിൽ പോയത് ? ”

അവരുടെ അടുത്തേക്ക് ബൈക്ക് ഒതുക്കി നിർത്തി ഹെൽമെറ്റ്‌ അഴിച്ചുമാറ്റിക്കൊണ്ട് അജിത്ത് ചോദിച്ചു.

” അതോ അത് ഞങ്ങടെ CEO ആണ്. എന്താന്നറിയില്ല സാറിന് എന്റെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധയാ ”

അജിത്തിനെ നോക്കി നാണം കലർന്ന ഒരു പുഞ്ചിരിയോടെ അഭിരാമി പെട്ടന്ന് പറഞ്ഞു. പെട്ടന്ന് അജിത്തിന്റെ മുഖം ഇരുണ്ടു. അത് കണ്ട് മിഴിച്ചു നിൽക്കുന്ന വീണയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ പതിയെ ബൈക്കിലേക്ക് കയറി.

” സാർ ഇന്നെന്നോട് ഡ്രോപ്പ് ചെയ്യാമെന്നൊക്കെ പറഞ്ഞു . ”

മിററിലൂടെ അജിത്തിന്റെ വീർത്ത മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു.

” പിന്നെ പൊക്കൂടാരുന്നോ ? ”

താല്പര്യമില്ലാത്തത് പോലെ അവൻ പറഞ്ഞു.

” ഓ ഓഫീസിലുള്ള എല്ലാവരും അവിടെ നിന്നിരുന്നു. ഒന്നാമതെ സാറിന്റെ എന്നോടുള്ള പെരുമാറ്റം കണ്ട് ഇപ്പൊ തന്നെ എല്ലാവരും ഓരോന്നൊക്കെ പറയുന്നുണ്ട്. അതിന്റെ കൂടെ ഇനി ഇതും കൂടി ആയാൽ……. ”

” ഒന്ന് മിണ്ടാതിരിക്കാൻ പറ്റുമോ ഓഫീസിലെ നൂറുകൂട്ടം ടെൻഷനുണ്ട് തലേൽ. അതിന്റെ കൂടെ ഓരോ മാരണങ്ങളും കൂടെ ”

അവളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ദേഷ്യത്തിൽ അജിത്ത് പെട്ടന്ന് പറഞ്ഞു. അഭിരാമി പെട്ടന്ന് നിശബ്ദയായി. വീടെത്തും വരെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. വീടിന്റെ മുന്നിലെ പോർച്ചിൽ വണ്ടി നിർത്തിയതും അജിത്ത് വേഗം മുകളിലേക്ക് കയറിപ്പോയി. അഭിരാമിക്ക് എന്തോ ഒരു വല്ലായ്മ തോന്നി.

” മോളേ അനു ഈ ചായ ഏട്ടന് കൊണ്ട് കൊടുക്ക് ”

അജിത്തിനുള്ള ചായയുമായി അങ്ങോട്ട് വന്ന ഗീത അനുവിന്റെ നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് പറഞ്ഞു.

” നീയിരുന്ന് കുടിച്ചോ ഞാൻ കൊണ്ടുകൊടുക്കാം ”

ഹാളിലിരുന്ന് എല്ലാവർക്കുമൊപ്പം ചായ കുടിച്ചുകൊണ്ടിരുന്ന അനു എണീക്കും മുന്നേ അഭിരാമി പറഞ്ഞു. അവൾ വേഗം ഗീതയിൽ നിന്നും ഗ്ലാസ്‌ വാങ്ങി മുകളിലേക്ക് നടന്നു. മുകളിലെത്തുമ്പോൾ അജിത്തിന്റെ മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു. അവൾ പതിയെ ഡോർ തുറന്ന് അകത്തേക്ക് കടന്നു. അവൻ കണ്ണുകളടച്ച് ബെഡിൽ നിവർന്ന് കിടന്നിരുന്നു.

” അജിത്തേട്ടാ ചായ … ”

അവൾ പതിയെ പറഞ്ഞു.

” അനുവും അമ്മയുമൊന്നുമില്ലേ താഴെ ? ”

കണ്ണുതുറന്ന് അവളെ നോക്കിയ അജിത്ത് ചോദിച്ചു.

” എല്ലാരുമുണ്ട് ” അവൾ പറഞ്ഞു.

” പിന്നെ ഇതൊക്കെ അവരാരെങ്കിലും ചെയ്തോളും ”

അവളെ നോക്കാതെ തന്നെ അവൻ പറഞ്ഞു.

” അതെന്താ ഞാൻ ചായ കൊണ്ടുവന്നാൽ അജിത്തേട്ടൻ കുടിക്കില്ലേ ? ”

അവന്റെ കണ്ണിലേക്ക് നോക്കിയുള്ള അഭിരാമിയുടെ ചോദ്യത്തിന് അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

” വീട്ടിൽ വരുന്ന വെറുമൊരു ഗസ്റ്റിനെക്കൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കുന്നത് ശരിയല്ല. മാത്രമല്ല ഗോകുൽ മേനോൻ എന്ന വലിയ ബിസ്നസുകാരന്റെ ഭാവിവധുവിന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കാനുള്ള യോഗ്യതയൊന്നും ഈ പാവം എഞ്ചിനീയർക്ക് ഇല്ലെടോ ”

പറഞ്ഞുകൊണ്ട് അവളെക്കടന്ന് അവൻ പുറത്തേക്ക് നടന്നു. എന്തുപറയണം എന്നറിയാതെ അഭിരാമി നിശ്ചലയായി അവിടെത്തന്നെ നിന്നു. തന്റെ ഒരു കുട്ടിക്കളി അവനെ ഇത്രത്തോളം വേദനിപ്പിക്കുമെന്ന് അവൾ കരുതിയിരുന്നില്ല.

“എടാ ഞാൻ ഇത്രക്കൊന്നും കരുതിയില്ല . വെറുതെ അജിത്തേട്ടനെ ഒന്ന് വട്ടാക്കണമെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. ”

ഫോൺ ചെവിയിൽ ചേർത്തുവച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” ആഹ് ബെസ്റ്റ് ഇപ്പൊ നിനക്ക് സമാധാനമായല്ലോ . ഇന്ന് വൈകിട്ടത്തെ നിന്റെ ഒലിപ്പീര് കണ്ടപ്പോഴേ എനിക്ക് തോന്നി നീയിത് കുളമാക്കുമെന്ന് ”

മറുതലക്കൽ നിന്നും ചിരിയോടെ വീണ പറഞ്ഞു.

” ഇരുന്ന് കൊലച്ചിരി ചിരിക്കാതെ എന്തേലുമൊന്ന് പറയെടി മരയോന്തേ . ”

അഭിരാമിയുടെ പറച്ചിൽ കേട്ട് അവൾ വീണ്ടും ചിരിച്ചു.

” അതുകൊള്ളാം എല്ലാം ഉണ്ടാക്കി വച്ചിട്ട് ഇപ്പൊ ഞാനെന്തോ ചെയ്തപോലെയാണല്ലോ നിന്റെ സംസാരം. ” വീണ.

” എടി എനിക്കൊരബദ്ധം പറ്റിപ്പോയി. ഞാൻ വിചാരിച്ചോ ഇങ്ങേർക്കിത്ര ഇറിട്ടേറ്റാകുമെന്ന് നീ എങ്ങനേലും എന്നെയൊന്ന് രക്ഷിക്ക്. ” ക്ഷമ നശിച്ചവളെപ്പോലെ
അവൾ വീണ്ടും പറഞ്ഞു.

” എടി കുരിപ്പേ ഇതൊന്നുമറിയാതെയാണോ നീ പ്രേമിക്കാനിറങ്ങിയെ ? എടി മരമാക്രി… താൻ സ്നേഹിക്കുന്ന പെണ്ണ് വേറൊരുത്തനെ പൊക്കി പറഞ്ഞാൽ ഏതൊരാണിനാടീ ഇഷ്ടപ്പെടുക.? ”

വീണയുടെ ചോദ്യം കേട്ട് അഭിരാമി നിശബ്ദയായി നിന്നു.

” എന്തായാലും നിന്നെക്കൊണ്ട് ഇത്രേയൊക്കെ ഉണ്ടാക്കാൻ പറ്റി. ഇനി കുന്തം വിഴുങ്ങിയത് പോലെ നിക്കാതെ പോയി അങ്ങേരെ സമാധാനിപ്പിക്കാൻ നോക്കെടി ”

വീണ ചിരിയോടെ പറഞ്ഞു.

” പിന്നെ ഓക്കേ ഡാ ഞാനൊന്ന് നോക്കട്ടെ നീ വച്ചോ നാളെ കാണാം ”
പറഞ്ഞുകൊണ്ട് അഭിരാമി ഫോൺ വച്ചു. അപ്പോഴും എന്ത്ചെയ്യണമെന്നറിയാതെ അവളുടെ ഉള്ള് പുകഞ്ഞുകൊണ്ടേയിരുന്നു. രാത്രി അത്താഴം കഴിഞ്ഞ് അഭിരാമി മുകളിലേക്ക് വരുമ്പോൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ പതിയെ അങ്ങോട്ട് ചെന്നു. ഡോറിനടുത്തേക്ക് ചെന്നതും സിഗരറ്റിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി. അവിടെ കയ്യിൽ ഏരിയുന്ന സിഗരറ്റുമായി എന്തോ ആലോചിച്ചുകൊണ്ട് അജിത്ത് നിന്നിരുന്നു.

” ഇങ്ങേരീ പാതിരാത്രി ഇവിടെ വന്നുനിന്ന് പുകച്ച് തള്ളുവാണോ ? ”

കൈകൊണ്ട് പുക വീശി മാറ്റി ആത്മഗതം പറഞ്ഞുകൊണ്ട് അവൾ അങ്ങോട്ട്‌ ചെന്നു.

” അല്ല ഈ രാത്രി പന്തവും കത്തിച്ചുപിടിച്ച് ഇത്ര കാര്യമായി എന്തോന്നാ ഈ ആലോചിച്ചു കൂട്ടുന്നത് ? ”

അവന്റെ അരികിലേക്ക് ചെന്നുകൊണ്ട് അഭിരാമി ചോദിച്ചു.
അവനൊന്ന് തിരിഞ്ഞുനോക്കി വീണ്ടും അതേ നിൽപ്പ് തുടർന്നു.

” എല്ലാം നിർത്തിയെന്ന് പറഞ്ഞിട്ട് വീണ്ടും ഓരോന്ന് തുടങ്ങുവാണോ സൽഗുണ സമ്പന്നൻ ? ”

അവനിൽ നിന്നും പ്രതികരണമൊന്നുമില്ലാത്തത് കണ്ട് അവൾ വീണ്ടും ചോദിച്ചു.

” ഓ ഞാൻ അത്ര സൽഗുണ സമ്പന്നൻ ഒന്നുമല്ല. ഞാൻ കുടിക്കും വലിക്കും. ചിലപ്പോൾ പെണ്ണും… ”

” കൊല്ലും ഞാൻ ഇനി വേറെതെങ്കിലും പെണ്ണുങ്ങളുടെ പിന്നാലെ പോയാൽ ”

അവന്റെ വാക്കുകളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവനോട് ചേർന്ന് നിന്ന് ഒരു കൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മറുകൈകൊണ്ട് ആ വായ പൊത്തിക്കൊണ്ട് അവൾ പറഞ്ഞു. പെട്ടന്ന് അജിത്തിൽ ഒരു ഞെട്ടൽ പ്രകടമായി. വിശ്വാസം വരാതെ അവൻ കണ്ണുകൾ മിഴിച്ചു.

” എന്താ നീ പറഞ്ഞത് ? ”

അവൻ വീണ്ടും ചോദിച്ചു.

” ഇനിയിങ്ങനെ കള്ളും കുടിച്ച് സിഗരറ്റും വലിച്ച് ജീവിതം തുലക്കേണ്ട എനിക്ക് ബിസ്നസുകാരനെക്കാൾ ഇഷ്ടം എന്റെയീ തെമ്മാടിയെ ആണെന്ന് ”

അവന്റെ കണ്ണുകളിലേക്കുറ്റുനോക്കി അത് പറയുമ്പോൾ അഭിരാമിയുടെ മിഴികൾ നിറഞ്ഞിരുന്നു. അവളുടെ നനുത്ത അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.
അൽപ്പനേരം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്ന അജിത്തവളെ ചുറ്റിപ്പിടിച്ച്‌ തന്നോട് ചേർത്തു. നഷ്ടപ്പെട്ടു പോകാതിരിക്കാനെന്ന പോലെ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു.
അവന്റെ കൈക്കുള്ളിലൊതുങ്ങി ആ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ സന്തോഷം കൊണ്ട് അഭിരാമിയുടെ മിഴികൾ നിറഞ്ഞൊഴുകി.

” ഹലോ ഇതെന്താ മാഷേ ഒന്ന് വിട്ടേ ഒരു ബിസ്നസുകാരന്റെ ഭാവി വധുവിനെനേയാ ഈ കെട്ടിപിടിച്ചിരിക്കുന്നതെന്ന് മറന്നോ ? ”

ഒരു കള്ളച്ചിരിയോടെ അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” നിന്നെ ഞാനിപ്പോത്തന്നെ ആ പൂവൻകോഴിക്ക് കൊടുക്കാമെടീ കുരുട്ടടക്കേ ”

ചിരിയോടെ പറഞ്ഞുകൊണ്ട് അജിത്തവളെ ഒന്നുകൂടി തന്നോട് ചേർത്തുപിടിച്ചു. കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ ലോകം കീഴടക്കിയ ആനന്ദമായിരുന്നു അവളിലും.

മുറിയിൽ വന്ന് കിടക്കുമ്പോഴും അഭിരാമിയായിരുന്നു അവന്റെ മനസ്സിൽ മുഴുവൻ.
അവളെ ആദ്യം കണ്ടത് മുതലുള്ള സംഭവങ്ങൾ അവന്റെ ഉള്ളിലൂടെ കടന്നുപോയി.

” അജിത്തേട്ടാ ഒന്നെണീറ്റെ ”

അവൻ കണ്ണുതുറക്കുമ്പോൾ അഭിരാമി ബെഡിനരികിൽ നിന്നിരുന്നു. കുളി കഴിഞ്ഞ് വന്ന അവളുടെ ഈറൻ മുടിയിൽ നിന്നും ജലകണങ്ങളിറ്റ് വീണിരുന്നു. അവളെ ചുറ്റി നിന്നിരുന്ന കാച്ചെണ്ണയുടെയും ചന്ദനതൈലത്തിന്റെയും സുഗന്ധം അവന്റെ മൂക്കിലേക്കടിച്ചു കയറി.

” കാലത്തേ ഇവളെന്റെ കണ്ട്രോള് കളയുമല്ലോ ദൈവമേ… ”

” അജിത്തേട്ടാ ….. കിടന്ന് പിച്ചും പേയും പറയാതെ അങ്ങോട്ടെണീക്ക്. അമ്പലത്തിൽ പോകാനുള്ളതാ ”

അനുവിന്റെ ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു.

” അയ്യേ നീയായിരുന്നോ ? ”

മുന്നിൽ കലിതുള്ളി നിൽക്കുന്ന അവളെ നോക്കി ഒരു വളിച്ച ചിരിയോടെ അവൻ ചോദിച്ചു.

” പിന്നെ ആരാണെന്നാ പൊന്നുമോൻ വിചാരിച്ചത് ? ”

അവന്റെ താടി പിടിച്ചുയർത്തിക്കൊണ്ട് അനു ചോദിച്ചു.

” ഞാൻ വിചാരിച്ചു അഭി….. ”

പെട്ടന്ന് പറഞ്ഞുവന്നത് വിഴുങ്ങിക്കൊണ്ട് അവൻ ബെഡിൽ നിന്നെണീറ്റു.

” കൊച്ചുകള്ളാ അപ്പോ അഭിചേച്ചിയെ സ്വപ്നം കണ്ട് കിടക്കുവാരുന്നോ? ”

” ഓ പിന്നേ സ്വപ്നം കാണാൻ പറ്റിയൊരു മൊതല് ”

അവളെയൊന്ന് പാളി നോക്കി മുഖം ചുളിച്ച്‌ അവൻ മുറിക്ക് പുറത്തേക്ക് നടന്നു.

” പിന്നേ… അഭിചേച്ചി എന്റെ ഏട്ടത്തിയാവുന്നത് എനിക്കിഷ്ടാ ട്ടോ ”
പറഞ്ഞുകൊണ്ട് അനു താഴേക്കോടുമ്പോൾ അജിത്തിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു .

” ഡോ.. കുടിയാ എനിക്കെന്താ ഒരു കുഴപ്പം ? ”

ആലോചിച്ചു നിന്ന അവന്റെ മുന്നിൽ കയറി നിന്ന് കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് പെട്ടന്ന് അഭിരാമി ചോദിച്ചു.

” നിനക്കെന്ത് കുഴപ്പം നീ പൊളിയല്ലേ.
പക്ഷേ സ്വപ്നത്തിലാവണമെന്ന് മാത്രം. ”

പറഞ്ഞു കൊണ്ട് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ച അവന്റെ ചെവിയിൽ ചുണ്ട് ചേർത്ത് അവൾ വിളിച്ചു..

” നീ പോടാ തെമ്മാടി ”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

Share this story