കറുത്ത നഗരം: ഭാഗം 17 : അവസാന ഭാഗം

കറുത്ത നഗരം: ഭാഗം 17 : അവസാന ഭാഗം

നോവൽ
എഴുത്തുകാരി: അമൃത അജയൻ

” കൂട്ടത്തിലാരോ ചതിച്ചു മാഡം … അല്ലാതെ ” ഷാനവാസ് പറഞ്ഞു ..
“ഏയ് … ആ ഫയലുകളും പെൻഡ്രൈവും കിണറിൽ നിന്ന് നമുക്ക് ലഭിച്ചപ്പോൾ തന്നെ ഇവർക്ക് അപകടം മണത്തിട്ടുണ്ട് ….
ഇതു ഞാൻ പ്രതീക്ഷിച്ചതാ … ”

ഷാനവാസ് തല കുടഞ്ഞു ..

പെട്ടെന്ന് വയർലസിലൂടെ പുറത്തുണ്ടായിരുന്ന SI ശ്രീകുമാറിന്റെ മെസേജ് വന്നു …

” മാഡം .. അൽപം മുൻപ് ഒരു കണ്ടെയ്നർ ഇവിടെ നിന്നും പോയതായി വിവരം കിട്ടിയിട്ടുണ്ട് ….. ”

എന്റെ കണ്ണുകൾ കുറുകി …

ദ്രുതഗതിയിൽ വയർലസിലൂടെ അമരവിള ചെക് പോസ്റ്റിന് നിർദ്ദേശം നൽകി ..

“ഒരൊറ്റ വാഹനം പോലും ഇന്ന് ചെക്പോസ്റ്റ് കടന്നു പോകരുത്…”

ഒരു സംഘം പോലീസിനെ ജീവധാരയിൽ തന്നെ നിർത്തി … കസ്റ്റടിയിലുള്ള ആരും പുറത്തു പോകരുതെന്ന നിർദ്ദേശവും ….

പോലീസ് വാഹനങ്ങൾ ചീറി പാഞ്ഞത് അമരവിള ചെക് പോസ്റ്റിലേക്കാണ്‌ ….

ഞങ്ങളവിടെ എത്തുന്നതിനും ഏകദേശം 8 കി മി മുന്നേ തന്നേ വാഹനങ്ങൾ ബ്ലോക്കായി കിടപ്പുണ്ട് ….

പോലീസ് വാഹനങ്ങളിൽ നിന്നും ഫോർസ് റോഡിലേക്ക് ചാടിയിറങ്ങി …..

“ഒറ്റ വണ്ടി പോലും മിസ് ആകരുത് … എല്ലാം ചെക്കു ചെയ്യണം ….”

പിന്നീട് കണ്ടത് പോലീസിന്റെ ചടുലമായ കൃത്യനിർവഹണമായിരുന്നു ….

പെട്ടെന്നാണ് ഒരു കണ്ടെയ്നറിനു മുന്നിൽ സംഘർഷം രൂപം കൊണ്ടത് …

ഞാൻ ഓടി അങ്ങോട്ടു ചെന്നു …

” വണ്ടിക്കകത്ത് ഐസിട്ട മീനാണ് സാറേ .. നിങ്ങളീ കമ്പും കൊണാപ്പിയും വച്ച് കുത്തിയാ അതൊക്കെ കേടായിപ്പോകും …. ഞങ്ങട ചോറാണ് ……”

വണ്ടിയുടെ ഡ്രൈവർ എന്ന് തോന്നിക്കുന്നവൻ പറഞ്ഞു ..

“ചിലക്കാതെ മാറടാ …. വലിച്ചു തുറന്നു നോക്കടോ …. ” ഞാൻ ആക്രോശിച്ചു ….

അടുത്ത നിമിഷം കണ്ടെയ്നറിനുള്ളിൽ നിന്ന് അവൻ ഒരു വടിവാൾ വലിച്ചെടുത്തു …. കണ്ണടച്ചു തുറക്കുന്ന നിമിഷത്തിൽ എന്റെ പിന്നിലൊരു അലർച്ച …

റോഡിൽ തളം കെട്ടിയ ചോര , തൊട്ടടുത്ത് വീണു പിടയുന്ന സജീവ് ……

” സജീവ് …. ” ഞാൻ വിളിച്ചു പോയി …

കണ്ടെയ്നറിന്റെ ഡ്രൈവർ ഓടി രക്ഷപെടാൻ ഒരു ശ്രമം നടത്തിയെങ്കിലും …. പോലീസ് അവനെ പിടിച്ചു ..

സജീവിനെ ഹോസ്പിറ്റലലിൽ എത്തിക്കാനുള്ള വഴിയൊരുക്കി … നിമിഷങ്ങൾക്കുള്ളിൽ സജീവിനെയും കൊണ്ട് ഒരു പോലീസ് വാഹനം മെഡിക്കൽ കോളേജിലേക്ക് കുതിച്ചു ….

പോലീസ് കണ്ടെയ്നർ തുറന്നു ….

കുന്നോളം അടുക്കി കൂട്ടിയ മത്തി റോഡിലേക്കടർന്നു വീണു …..

പോലീസ് അതിന്റെ അരികത്ത് ചവിട്ടി നിന്ന് ബാക്കി കുടി വലിച്ച് റോഡിലേക്കിട്ടു …

കുറേ വലിച്ചിട്ടപ്പോൾ കണ്ടു .. അകത്ത് ഗ്രില്ല് വച്ച് വേർതിരിച്ചിരിക്കുന്നത് ….

അതിനപ്പുറം അടുക്കി കൂട്ടിയ നിലയിൽ പെൺകുട്ടികൾ ….

ആംബുലൻസുകൾ സ്പോട്ടിലേക്കെത്തിക്കാനുള്ള നിർദ്ദേശം ഞാൻ നൽകി ….

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിളിച്ച് അടിയന്തിര നിർദ്ദേശങ്ങൾ നൽകി ….

ആ സമയം കൊണ്ട് ഞങ്ങൾ ഗ്രില്ല് പൊളിച്ചു നീക്കി പെൺകുട്ടികളെ ഓരോടുത്തരെയായി പുറത്തേക്കെടുത്തു …..

എല്ലാവരും അബോധാവസ്ഥയിലായിരുന്നു ….

ആംബുലൻസുകൾ എത്തും മുൻപു തന്നെ പോലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും പെൺകുട്ടികളെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് കുതിച്ചു …

തൊട്ടുപിന്നാലെ ആംബുലൻസുകളും വന്നെത്തി …..

ചില സന്നദ്ധ പ്രവർത്തകരും ഞങ്ങൾക്കൊപ്പം കൂടി ….

വണ്ടികൾ തടഞ്ഞു വച്ചതിൽ അമർഷം പൂണ്ട ജനങ്ങൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഞങ്ങൾക്കൊപ്പം കൂടി ….

ആംബുലൻസുകൾ ചീറി പാഞ്ഞു …

പെൺകുട്ടികളെ എല്ലാവരെയും കൊണ്ടുപോയ ശേഷം ഞങ്ങൾ ഗതാഗതം പുന:സ്ഥാപിച്ചു ….

എല്ലാം പിടിച്ചെടുത്ത ശേഷം കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന് വിവരം കൈമാറി …

തുടർന്ന് കർണാടക പോലീസിലേക്കും ….

* * * * * * * * * * * * * * * * * * * * * * * * * *

തിരുവനന്തപുരം മെഡിക്കൽ കോളേജ്

” പേടിക്കണ്ട …. കൃത്യ സമയത്തു തന്നെ എല്ലാവരെയും എത്തിച്ചു …. പിന്നെ 3 കുട്ടികൾ അൽപം ക്രിട്ടിക്കൽ സ്‌റ്റേജിലാണ് …. ICU ലേക്ക് മാറ്റിയിട്ടുണ്ട് …

മയക്കു മരുന്നിൽ മറ്റെന്തോ കൂടി കലർത്തിയിട്ടുണ്ട് …. ഓവർഡോസേജ് ആണ് …. ബ്ലഡ് സാംപിൾ ലാബിലേക്ക് അയച്ചിട്ടുണ്ട് . ബോധം തെളിയാൻ സമയമെടുക്കും … ” ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ ജയേഷ് പറഞ്ഞു ….

ശൈവ ശൈലാർദ്രി ആശ്രമം കർണാടക പോലീസ് വളഞ്ഞു എന്ന വിവരം ലഭിച്ചു ….

ഫൈസലിന്റെ നമ്പറിലേക്ക് ഞാൻ കാൾ ചെയ്തു….

മൂന്നാമത്തെ റിംഗിന് മറുവശത്ത് കോൾ എടുത്തു …

“ചൈതന്യ …. ഇവിടെ എല്ലാം കൺട്രോളിലാണ് ….. ആശ്രമത്തിലും വിഷ്വൽ മാക്സിലുമൊക്കെ റെയ്ഡ് പുരോഗമിക്കുകയാണ് . ….. ഞാൻ എയർപോർട്ടിലേക്കുള്ള യാത്രയിലാണ് …..

ബാംഗ്ലൂരിലേക്കുള്ള ഫ്ലൈറ്റിൽ അന്ധര നാച്ചപ്പയുണ്ട് ….

അവളെ സ്വീകരിക്കാൻ എയർപോർട്ടിൽ കർണാടക പോലീസുണ്ടാകും … എനിവേ കൺഗ്രാറ്റ്സ് ഡിയർ …..”

“അഭിനന്തനത്തിന്റെ പകുതി നീയും അർഹിക്കുന്നു …. ”

“ok …..സജീവിന് എങ്ങനെയുണ്ട് … ”

“ഒരു സർജറി വേണം …. ഇന്റേണൽ ഓർഗൻസിന് ഡാമേജ് ഉണ്ട് ….”

ഫോൺ കട്ട് ചെയ്യുമ്പോഴേക്കും പരിഭ്രാന്തിയിൽ കിരൺ ഓടി വന്നു …..

” മാഡം ഒരു പ്രശ്നമുണ്ട് …..”

“എന്താണ് … ”

” മാഡം ഇക്കൂട്ടത്തിൽ ശ്രേയയില്ല …..”

ഞാൻ കിരണിന്റെ കണ്ണിലേക്ക് നോക്കി …

* * * * * * * * * * * * * * ** * * * * * * * *

പിറ്റേന്ന് വൈകുന്നേരം ശ്രേയയുടെ വീട്ടിൽ ..

” എന്റെ മോളെ മാത്രം … അവളെ മാത്രം നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല …. ”

നന്ദകുമാറിന്റെ ശബ്ദത്തിൽ ദേഷ്യവും നിരാശയും ദു:ഖവും നിഴലിച്ചു നിന്നു ….

“നിങ്ങൾക്കവൾ കുറേ പെൺകുട്ടികളിലൊരുവൾ മാത്രമായിരിക്കും …. ഞങ്ങൾക്കവൾ മാത്രമേയുള്ളു …. ” മനീഷ ചീറി …

” അവളും വിഷ്വൽ മാക്സിന്റെ കെണിയിൽ പെട്ടു എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു … പക്ഷെ അന്നിവിടെ ഞാൻ വന്ന ദിവസം തന്നെ ആ സംശയത്തിന്റെ ശക്തി എന്നിൽ കുറഞ്ഞു …. ”

നന്ദകുമാറിന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു …

” എന്താണെന്ന് തെളിച്ചു പറയൂ …” മനീഷ ആവശ്യപ്പെട്ടു …..

“പ്രതിയെ ഞങ്ങൾ പിടിച്ചിട്ടുണ്ട് …..”

” ആരാണ്….. അരാണ് എന്റെ മോളേ ……” മനീഷയുടെ ശബ്ദം ചിലമ്പിച്ചു …..

” ഷാനവാസ് …” ഞാൻ വിളിച്ചു …….

ഷാനവാസിനും കിരണിനുമൊപ്പം അകത്തേക്ക് വന്ന ആളെ കണ്ട് നന്ദകുമാർ ഞെട്ടി …… ഒപ്പം മനീഷയും ….

“ര … മേശ് ……” നന്ദകുമാറിന്റെ ശബ്ദം വിറച്ചു ……

“വിശ്വസ്ഥനായ മാനേജരെ കണ്ടപ്പോൾ വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ….. ” ഞാൻ ചോദിച്ചു …..

“ഡാ … നീയെന്റെ മോളേ എന്താ ചെയ്തെ …. പറയെടാ …..” മനീഷ ഓടി വന്നു രമേശിന്റെ കോളറിൽ പിടിച്ചുലച്ചു ….

“മാറി നിൽക്കണം നിങ്ങൾ ….. ” ഞാൻ മനീഷയെ തള്ളിമാറ്റി …..

”രമേശ് വിശ്വസ്ഥൻ തന്നെയാണ് … ഇന്നലെ മുതൽ രമേശ് ഞങ്ങളുടെ കസ്റ്റടിയിലായിരുന്നു …..എല്ലാ കുറ്റവും ഏറ്റെടുത്ത് ജയിലിൽ പോകാൻ തയ്യാറായവൻ തന്നെയാണ് രമേശ് … നിങ്ങൾക്കു വേണ്ടി …….” എന്റെ വിരലുകൾ മനീഷയുടെ നേർക്ക് ചൂണ്ടി ……..

“എന്തസംബന്ധമാണ് നിങ്ങൾ പറയുന്നത് ….. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കാമെന്ന പോലീസിന്റെ പൊതു സ്വഭാവം …. ആ പരിപ്പ് ഇവിടെ വേകത്തില്ല മാഡം ”

മനീഷ പ്രതിരോധിച്ചു …..

” ഛീ ….. നിർത്തടീ …….. ” എന്റെ ശബ്ദം ഉയർന്നു …

“എന്താ എന്തൊക്കെയാ നിങ്ങൾ പറയുന്നത് ….. എനിക്കൊന്നും മനസിലാകുന്നില്ല …….” നന്ദകുമാർ പറഞ്ഞു ……

”ഞാനീ സിറ്റിയിൽ ചാർജെടുത്ത ദിവസം രാവിലെ എനിക്കൊരു അനോണിമസ് കോൾ വന്നു …. ഒരു സ്ത്രീയുടെ കോൾ …… ശ്രേയ മിസിംഗ് കേസ് അന്വേഷിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് …. ഭീഷണിയായിരുന്നു ശബ്ദത്തിൽ.

ആ നമ്പറിനു പിന്നാലെ പോയെങ്കിലും പ്രയോജനമുണ്ടായില്ല … പക്ഷെ ഒരു കാര്യം മനസിലായി …. ആ നമ്പർ ആക്ടീവായതും സ്വിച്ച്ഡ് ഓഫ് ആയതും കാസർകോഡിലെ പെരിയയിലായിരുന്നു …

അതിനു ശേഷമാണ് അന്വേഷണത്തിന്റെ ഭാഗമായി ഞാനിവിടെ വരുന്നത് ……

സംസാരത്തിനിടയിൽ എനിക്ക് നിങ്ങളുടെ ശബ്ദവും എനിക്ക് വന്ന കോളറുടെ ശബ്ദവും ആ സംഭാഷണ രീതിയും തമ്മിൽ ചില സാദൃശ്യം തോന്നി ….

അതു കൊണ്ട് ആദ്യാവസാനം ഞാൻ നിങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചിരുന്നു …..

പക്ഷെ നിങ്ങൾ നന്നായി തന്നെ ഞങ്ങളുടെ മുന്നിൽ പെർഫോം ചെയ്തു ….

ഒരിടത്ത് അത് പാളി ….

ഞങ്ങളിവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ……. വണ്ടിയുടെ സൈഡ് മിററിലൂടെ ഞാൻ കണ്ടു ആരെയൊക്കെയോ തോൽപിച്ച നിന്റെ ചുണ്ടിലെ ചിരിയും കണ്ണുകളിലെ അഗ്നിയും ..

വിളിച്ചത് നീ തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു കഴിഞ്ഞൊരു ദിവസം ഞാനിവിടെ നിന്റെ ഫോണിലേക്ക് വിളിച്ചത് ….

പക്ഷെ നീ എങ്ങനെ കാസർകോഡ് എത്തി എന്നെനിക്കറിയില്ലായിരുന്നു ….

അതറിയാൻ വേണ്ടി ഞാനിട്ട ആ ചൂണ്ടയിൽ നീ കൊത്തി ….. നീ തന്നെ സമ്മതിച്ചു ….. നിങ്ങൾ മൂകാംബികയിൽ പോയിരുന്നു എന്ന് …. നിനക്ക് സംശയത്തിന് ഒരിടപോലും തരാതെ ഞാനാ കാൾ അവസാനിപ്പിച്ചു ….

രണ്ടു കോൾ റിക്കോർഡും ഞാൻ പലവുരു കേട്ടുറപ്പിച്ചു അത് നീ തന്നെയാണെന്ന്….

അപ്പോഴും എന്റെ സംശയം സ്വന്തം മകളെ നീ എന്തിന് ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കണം എന്നതായിരുന്നു …..

അതിനുള്ള ഉത്തരം ഇന്നലെ രമേശിൽ നിന്നും ഞങ്ങൾക്കു കിട്ടി …

ശ്രേയ , അവൾ നിന്റെ മകളല്ല …… നന്ദകുമാറിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് … പ്രസവത്തോടെ അവർ മരിച്ചു ….

അതിനു ശേഷമാണ് നീ നന്ദകുമാറിന്റെ ഭാര്യയായി ശ്രേയക്കൊരു അമ്മയായി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത് …..

ശ്രേയയെ സ്വന്തം മകളായി തന്നെ നീ സ്നേഹിച്ചു …… അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചു ….

പക്ഷെ അടുത്ത് നടന്ന ചില സംഭവങ്ങൾ , നിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ പിശാചിനെ പുറത്തു ചാടിച്ചു …

രണ്ട് മൂന്നു വർഷങ്ങൾക്കുള്ളിൽ ശ്രേയ ഒരു ഡോക്ടറായി തിരികെ വരും ….

വന്നാലുടൻ തന്നെ RM ഹോസ്പിറ്റലിന്റെ പൂർണ്ണ ഉത്തരവാദിത്വവും നന്ദകുമാർ ശ്രേയയെ ഏൽപ്പിക്കും …..

നന്ദകുമാറിന്റെ ബിസിനസ് സുഹൃത്തായ ബാലഗോപാൽ വർമയുടെ മകൻ ജീവൻ ബാലഗോപാലിന് ശ്രേയയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് പറഞ്ഞു ……

രണ്ട് വീട്ടുകാരും കൂടി അത് പറഞ്ഞുറപ്പിച്ചു വക്കുകയും ചെയ്തു …..

മിടുമിടുക്കനായ യുവ ബിസ്നസ് കാരൻ ജീവൻ കൂടി ഈ കുടുംബത്തിലേക്ക് വന്നാൽ എല്ലാം അവന്റെ കൂടി നിയന്ത്രണത്തിലാകുമെന്ന് നീ ഭയന്നു ….

വീൽചെയറിൽ കാലം കഴിക്കേണ്ടി വരുന്ന നിന്റെ മകൻ പടിക്കു പുറത്താകുമെന്നും നീ ഭയന്നു …..

രമേശിനെ കൂട്ടുപിടിച്ച് നീ ഒരു തിരകഥയെഴുതി …

ശ്രേയ നാട്ടിലേക്ക് വന്ന ആ ദിവസം , അവൾ തമ്പാനൂരിലെത്തി എന്ന് ഉറപ്പായ ശേഷമാണ് നീ ഇവിടെ നിന്നും വണ്ടി അയച്ചത് …..

പക്ഷെ ആ സമയത്ത് അവിടെ മറ്റൊരാൾ എത്തി …… രമേശ് …..

വണ്ടി വഴിയിൽ വച്ച് കേടായെന്നും മറ്റൊരു വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് , സെൻട്രലിൽ നിന്നും അരിസ്റ്റോ ജംഗ്ഷൻ വഴി , ക്യാമറയില്ലെന്ന് ഉറപ്പുള്ള , തമിഴർ തിങ്ങി പാർക്കുന്ന ആ റസിഡൻസിനുള്ളിലേക്ക് രമേശ് അവളെ കൂട്ടികൊണ്ടു പോയി ……

അവിടെ രമേശ്‌ കൊണ്ടുവന്ന വണ്ടിയിൽ അവളെ കയറ്റി ……….”

പിന്നിൽ ഒരു കരച്ചിൽ ഞാൻ കേട്ടു …. വാതിൽക്കൽ വീൽ ചെയറിലിരുന്ന് മുഖം പൊത്തിക്കരയുന്ന ശ്രീക്കുട്ടൻ ……..

മനീഷ മുഖം കുനിച്ച് സെറ്റിയിലേക്കിരുന്നു …….

“എന്റെ മോൾ …. എന്റെ മോളെവിടെ …..” നന്ദകുമാർ അലറി ….

അടുത്ത നിമിഷം അയാൾ സെറ്റിയിലിരുന്ന മനീഷയെ കാൽ കൊണ്ട് തൊഴിച്ചു …….. മനീഷ തറയിലേക്ക് തെറിച്ചു വീണു …

”ഏയ് ……… ” ഞാൻ തടഞ്ഞു ……

കിരൺ അയാളെ ബലമായി പിടിച്ചു നിർത്തി ….

” ബോണക്കാടുള്ള നിങ്ങളുടെ എസ്‌റ്റേറ്റ് ബംഗ്ലാവിൽ തടവിലായിരുന്നു ശ്രേയ ..

നിങ്ങളുടെ ഹോസ്പിറ്റലിലെ ഡോക്ടർ രാം മോഹന്റെ സഹായത്തോടെ , ഡെയ്ലി സ്ലോ പോയ്സൺ ഇൻജക്ട് ചെയ്യുകയായിരുന്നു ശ്രേയയുടെ ശരീരത്തിൽ ….

പൂർണ്ണമായും മരണം ഉറപ്പാക്കിയ ശേഷം ആ ശരീരം , മുംബയിലേക്ക് കടത്തി ,,, അവിടെ വൈദ്യുതി ശ്മശാനത്തിൽ വച്ച് നശിപ്പിച്ചു കളയാനായിരുന്നു പ്ലാൻ .

ശ്രേയയെ ഞങ്ങൾ രക്ഷപ്പെടുത്തിയിട്ടുണ്ട് ….. ഇപ്പോൾ മെഡിക്കൽ കോളേജിലെ ന്യൂറോളജിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അവൾ ……

സൗകര്യം പോലെ നിങ്ങളുടെ ഹോസ്‌പിറ്റലിലേക്ക് അവളെ മാറ്റാം ….”

“എടീ … ” നന്ദകുമാർ കിരണിന്റെ കയ്യിൽ നിന്നും കുതറാൻ ശ്രമിച്ചു …

” വേണ്ട ….. നിയമം കയ്യിലെടുക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല … നിങ്ങൾ മകനെയും കൂട്ടി ശ്രേയയുടെ അടുത്തേക്ക് ചെല്ലൂ …..” ഞാൻ പറഞ്ഞു …

” എഴുന്നേൽക്കടീ .. ” ഞാൻ മനീഷയെ തൂക്കിയെടുത്തു ……..

“എന്തൊരു ജന്മമാടി നിന്റെയൊക്കെ …… നിന്റെ മകന്റെ മനസ് കാണാൻ പോലും നിനക്ക് കഴിഞ്ഞില്ലല്ലോ …”

പുറത്തു നിന്ന വനിതാ പോലീസിന്റെ കൈകളിലേക്ക് ഞാനവളെ വിട്ടുകൊടുത്തു ……

ഔദ്യോഗിക വാഹനത്തിലേക്ക് കയറാൻ ഇറങ്ങുമ്പോൾ എന്റെ മുന്നിൽ ഓഫീസേർസ് സല്യൂട്ടടിച്ചു ……

അങ്ങ് ദൂരെ , നഗരത്തിന്റെ ഹൃദയത്തിൽ ശ്രീപദ്മനാഭന്റെ നടയിൽ ഒറ്റക്കൽ മണ്ഡപത്തിൽ മണിനാദമുയർന്നു സാളഗ്രാമങ്ങളെ പുൽകിയുണർത്തി , പദ്മതീർത്ഥത്തെ ഉൾപുളകമണിയിച്ച് … സത്യത്തിന്റെ ,സ്നേഹത്തിന്റെ നീതിയുടെ ജ്വലിക്കുന്ന നാദമായി ………

സത്യമേവ ജയതേ …!!!!

(അവസാനിച്ചു)

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

NB : ഏന്റെ ആദ്യ ശ്രമമായ ‘കറുത്ത നഗരം ‘ എന്ന ക്രൈം ത്രില്ലർ നോവലിന്റെ രചനക്ക് ആദ്യാവസാനം എന്റെ ഒപ്പം പൂർണ പിന്തുണയുമായി നിന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി ……… ഒപ്പം എനിക്ക് ഇങ്ങനെയൊരു വേദി തന്ന ” മെട്രോ ജേണൽ ഓൺലൈനിനും സനൂസ് നോവലിനും നന്ദി രേഖപ്പെടുത്തുന്നു ……  സ്നേഹപൂർവ്വം, അമ്മൂസ്

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 6

കറുത്ത നഗരം: ഭാഗം 7

കറുത്ത നഗരം: ഭാഗം 8

കറുത്ത നഗരം: ഭാഗം 9

കറുത്ത നഗരം: ഭാഗം 10

കറുത്ത നഗരം: ഭാഗം 11

കറുത്ത നഗരം: ഭാഗം 12

കറുത്ത നഗരം: ഭാഗം 13

കറുത്ത നഗരം: ഭാഗം 14

കറുത്ത നഗരം: ഭാഗം 15

കറുത്ത നഗരം: ഭാഗം 16

Share this story