മിഥുനം: PART 7

മിഥുനം: PART 7

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

ഭിത്തിയിൽ ചാരി നിന്ന്‌ കിതപ്പാറ്റി മുഖമുയർത്തിയതും ദേവു കണ്ടത് തന്നെ നോക്കിനിൽക്കുന്ന മാളുവിനെയാണ്. ഒരു പുരികം പൊക്കി സംശയത്തോടെ മാളു ദേവുവിനടുത്തേക്ക് വന്നു.

“എന്താ ഒളിംപിക്സിൽ പങ്കെടുക്കാനുള്ള പ്രാക്ടീസ് ആണോ? ”

ദേവു ഒരു വളിച്ച ചിരി ചിരിച്ചു .

“അല്ല എവിടുന്നാണ് എന്റെ ചേച്ചിപ്പെണ്ണ് ഓടിവന്നത്? എന്തെങ്കിലും കണ്ടു പേടിച്ചോ? ”

“ഓടിയില്ലാരുന്നെങ്കിൽ നിന്റെ ചേട്ടൻ കടുവാ പിടിച്ചെന്നെ തിന്നേനെ. ”

“എന്റെ ഏട്ടൻ പാവാ. വെറുതെ എന്റെ ഏട്ടനെ കുറ്റം പറയണ്ടാട്ടോ. ”

“ഓഹ് നമ്മളില്ലേ “ദേവു കൈകൂപ്പി.

“ദേവുചേച്ചീ എന്റെ പൊന്നല്ലേ? പിണങ്ങല്ലേ. ഇങ്ങു വാ ഞാനൊരു കൂട്ടം കാണിച്ചു തരാം ”
മാളു എടുത്തുകൊടുത്ത പേപ്പർ വായിച്ചു ദേവു അന്തംവിട്ടു.

“ആഹാ ഈ കാലത്ത് പ്രേമലേഖനമോ? ആരാ കക്ഷി? ”

“സീനിയറാ. ഡാൻസ് കണ്ടു ചെക്കൻ മൂക്കുംകുത്തി വീണത്രെ ”

രണ്ടാളും ചിരിച്ചു .
” ഒരുപാട് പേര് ചോദിച്ചു ആ ഡാൻസ് എവിടുന്നാ പഠിച്ചെന്നു. ഞാൻ പറഞ്ഞു എന്റെ ദേവുചേച്ചി പഠിപ്പിച്ചതാണ്ന്നു. ചേച്ചി രണ്ട് തവണ കലാതിലകം ആയിരുന്നൂന്നൊക്കെ ഞാൻ ഗമയിൽ പറഞ്ഞിട്ടുണ്ട്. ”

“ഒരു തവണ കിട്ടിയത് നിന്റെ ഏട്ടൻ കാരണമാ. ”

“ഏഹ്? ” മാളു ഞെട്ടി.

“എന്നിട്ട് ഏട്ടന് ചേച്ചീനെ പരിജയം ഉണ്ടെന്നു പറഞ്ഞില്ലല്ലോ. ”

” നിന്റെ ഏട്ടന് എന്നെ ഓർമ പോലുമില്ല. അതൊക്കെ വലിയ കഥയാ. പിന്നെ പറയാട്ടോ. ഇപ്പൊ എന്റെ മോള് പോയിരുന്നു പഠിക്കു. ” ദേവു ബുക്കെടുത്തു മാളുവിനെ പഠിപ്പിക്കാൻ തുടങ്ങി ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവസങ്ങൾ കടന്നു പോകെ പോകെ എഴുന്നേറ്റ് നടക്കണെമെന്നുള്ള ആഗ്രഹം?മിഥുന് കൂടി കൂടി വന്നു . ഇടക്കിടെയുള്ള ഹർഷന്റെ വരവും മുറിയടച്ചിരുന്നുള്ള അവരുടെ സംസാരവും ദേവുവിൽ എന്തൊക്കെയോ സംശയങ്ങൾ നിറച്ചെങ്കിലും അവളത് ശ്രെദ്ധിക്കാത്ത പോലെ തന്നെ നടന്നു.
മിക്ക ദിവസങ്ങളിലും ദേവുവും മാളുവും കൂടി അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ പോയി മിഥുന്റെ ആരോഗ്യത്തിനു വേണ്ടി പൂജകൾ നടത്തിപ്പോന്നു. ഇടക്ക് ഒന്ന് രണ്ട് വട്ടം ദേവുവിനെ കാണാൻ ചെറിയച്ഛൻ വരികയുണ്ടായി.

മാധവന്റെയും രാധികയുടെയും തുറന്ന പെരുമാറ്റം ഒരു പരിധി വരെ ചെറിയച്ഛന്റെ ആകുലതകളും മാറി. എന്നും വീഡിയോ കോളിലൂടെ അഞ്ജലിയോടും അരവിന്ദിനോടും മാളുവും കമ്പനിയായി.

ഉച്ചയൂണിനു ശേഷം മിഥുൻ മയങ്ങുന്ന സമയങ്ങളിൽ ഒക്കെയും ദേവു മിഥുന്റെ മുറിയിലെ സ്ഥിര സാന്നിധ്യമായി. ഉറങ്ങിക്കിടക്കുന്ന അവന്റെ മുഖത്തേക്ക് നിമിഷങ്ങളോളം നോക്കിയിരുന്നും ബുക്കുകൾ വായിച്ചും അവൾ ദിവസങ്ങൾ നീക്കി. മിഥുന്റെ എല്ലാ കാര്യങ്ങളും അവൻ പറയാതെ തന്നെ ദേവു കണ്ടറിഞ്ഞു ചെയ്യുമായിരുന്നു. എങ്കിലും അത്യാവശ്യമുള്ളതല്ലാതെ ഒന്നും തന്നെ അവൻ അവളോട് സംസാരിച്ചില്ല . എങ്കിലും ഓരോ നിമിഷവും ദേവുവിന്റെ ഉള്ളിൽ മിഥുനോടുള്ള പ്രണയം കൂടിക്കൂടിവന്നു . അവന്റെ കണ്ണുകളിൽ നോക്കിയാൽ സ്വയം നഷ്ടമാകുന്നത് അവൾ അറിഞ്ഞു .

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പതിവുപോലൊരു ദിവസം മിഥുൻ ഉച്ചമയക്കത്തിലാഴ്ന്നതും ദേവു അവന്റെ മുറിയിലേക്ക് കയറി. ബുക്‌ഷെൽഫിലൂടെ കണ്ണോടിച്ചതും” മഞ്ഞവെയിൽ മരണങ്ങൾ” (ബെന്യാമിൻ ) എന്ന ബുക്ക്‌ കണ്ടു ദേവു അതെടുത്തു വായന തുടങ്ങി.

ഓരോ വരികളും അത്യധികം ആകാംഷയിലൂടെയാണ് ദേവുവിനെ മുന്നോട്ട് കൊണ്ട്പോയത് . ക്രിസ്റ്റി അന്ത്രപ്പേർ എന്ന നായകനൊപ്പം ഡീഗോ ഗാർഷ്യയിലെ ഓരോ തെരുവിലൂടെയും ദേവുവിന്റെ മനസും സഞ്ചരിച്ചു . മെൽവിന്റെ മരണം ഒരേ സമയം ദേവുവിൽ ആശങ്കയും സങ്കടവും നിറച്ചു. പെട്ടന്നാണ് രസച്ചരട് മുറിച്ചുകൊണ്ട് പുറത്തുനിന്നു ശബ്ദമുയർന്നത് . ഒരു നിമിഷം ഞെട്ടി എഴുന്നേറ്റ ദേവു ജനലിലൂടെ പുറത്തേക്ക് നോക്കി . വയലിൽ നിന്നുയർന്ന ശബ്ദ കോലാഹലങ്ങളിലൂടെ എന്തോ ഗെയിം ഗ്രൗണ്ടിൽ നടക്കുകയാണെന്ന് ദേവുവിന് മനസിലായി.

ബുക്കെടുത്തു യഥാസ്ഥാനത്തു വെച്ചവൾ മയക്കം വിട്ടുണർന്ന മിഥുന് ചായയെടുക്കാൻ പോയി . ചായ കുടിക്കുമ്പോഴും മിഥുന്റെ കണ്ണുകൾ പല തവണ ജനലിലൂടെ പുറത്തേക്ക് പോകുന്നത് ദേവു ശ്രെദ്ധിച്ചു. അവനു അങ്ങോട്ടേക്ക് പോകാൻ അതിയായ ആഗ്രഹം ഉണ്ടെന്ന് മനസ്സിലായതും ദേവു മനസ്സിൽ ചിലത് കണക്കുകൂട്ടി.

മര്യാദക്ക് അങ്ങോട്ട് പോകാമെന്നു പറഞ്ഞാൽ മിഥുൻ സമ്മതിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു . അസ്സൽ കടുവ തന്നെ ദേവു മനസ്സിൽ പറഞ്ഞു .

“സാർ അതെന്താ ബഹളം കേൾക്കുന്നത്? ”

” വയലിനരുകിൽ ഒരു ഗ്രൗണ്ട് ഉണ്ട്. അവിടെ ചെക്കന്മാരൊക്കെ കളിക്കുന്നത്. ”

” സാർ എന്നെ ഒന്ന് കൊണ്ടുപോകാമോ? ”

” നിനക്കെന്താ തന്നെ പൊക്കൂടെ? ”

” എനിക്ക് അങ്ങോട്ട് പോകാൻ വഴി അറിഞ്ഞൂടാ. പ്ലീസ് സാർ നമുക്ക് പോകാം? ”

ഒരു നിമിഷം ചിന്തിച്ചതിനുശേഷം മിഥുൻ സമ്മതം മൂളി. ഹും കള്ള കടുവാ ഇങ്ങോട്ട് ഒന്നും ആവശ്യപ്പെടാൻ പറ്റില്ലല്ലേ. അവൾ പിറുപിറുത്തു. മിഥുന്റെ മുഖമെല്ലാം വൃത്തിയായി തുടച്ചു മുടിയും ചീകി ഒതുക്കി അവൾ അവനെയും കൊണ്ട് ഗ്രൗണ്ടിലേക്ക് നീങ്ങി.

എത്തുന്നതിനു മുൻപേ അവർ കണ്ടു ഫുട്ബോൾ കളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ. പല പ്രായത്തിലും ഉള്ളവർ. കുറേ ചെറിയ കുട്ടികൾ അതിലെയെല്ലാം ഓടി കളിക്കുന്നുണ്ട്. കളിക്കാതെ മാറി ഇരിക്കുന്നവരുടെ അരികിലെല്ലാം മൊബൈൽ ഫോണുകളും ചെരിപ്പുകളും കൂട്ടി ഇട്ടിരിക്കുന്നു .

മിഥുനെ കണ്ടതും അവരെല്ലാം അടുത്ത് കൂടി. ഏതാനും ചെറുക്കന്മാർ വന്നു മിഥുനെ കെട്ടിപിടിച്ചു സന്തോഷം അറിയിച്ചു. അവരോടെല്ലാം മിഥുൻ വളരെ സന്തോഷത്തോടെ പെരുമാറി. അവന്റെ വിടർന്ന ചിരി ദേവുവിന്റെ മനസ്സും നിറച്ചു . ആ മുഖത്തെ ചിരിക്ക് എന്ത് ഭംഗിയാണെന്നു ദേവു മനസ്സിലോർത്തു.

കുറച്ചു നേരത്തെ സന്തോഷപ്രകടങ്ങൾക്ക് ഒടുവിൽ അവർ കളിക്കാനിറങ്ങി.. കളി മുറുകുന്നതിനു അനുസരിച്ച് മിഥുൻ അവർക്ക് നിർദേശങ്ങൾ നൽകി അവരിലൊരാളായി തന്നെ കൂടി. മിഥുന്റെ മുഖത്തെ ഉത്സാഹം ആസ്വദിച്ചു ദേവുവും അവനിൽ നിന്നും കുറച്ചുമാറി ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു.

പെട്ടന്നാണ് ദൂരെ നിന്നും ഒരുത്തൻ അടിച്ച ബോൾ വന്നു മിഥുന്റെ കാൽക്കൽ വീഴുന്നത്.

“ഉണ്ണിയേട്ടാ ഇങ്ങോട്ട് അടിക്ക്” എന്നൊരുവൻ വിളിച്ചു കൂവിയതും മിഥുൻ ബോളടിക്കാൻ ആഞ്ഞു. മിഥുന്റെ കാൽ ഒന്ന് മുകളിലേക്കുയർന്നു പന്തിൽ തട്ടി നിശ്ചലമായി.

ആ കാഴ്ച കണ്ടതും ദേവു അത്ഭുതപ്പെട്ടു പോയി . ചലിക്കാനാവാതെ ഇരുന്ന മിഥുന്റെ കാൽ അനങ്ങിയിരിക്കുന്നു. മിഥുനും അതേ അവസ്ഥയിൽ ആയിരുന്നു. പക്ഷെ അവൻ വീണ്ടും കാലുകൾ ചലിപ്പിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വീണ്ടും വീണ്ടും മിഥുൻ ശ്രെമിച്ചുകൊണ്ടേയിരുന്നു. പക്ഷെ അപ്പോഴെല്ലാം ആ ശ്രെമങ്ങൾ തോൽവി ഏറ്റുവാങ്ങി.
ഒടുവിൽ തളർന്നിരുന്ന മിഥുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവന്റെ മുഖം കണ്ടതും ദേവുവിന്റെ കാലുകൾ സ്വയമറിയാതെ അവനരുകിലേക്ക് നീങ്ങി. അവന്റെ മുന്നിൽ പോയി മുട്ടുകുത്തിയിരുന്നവൾ മിഥുന്റെ മുഖം കൈകളിൽ കോരിയെടുത്തു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അവന്റെ കവിളുകളെ ചുംബിച്ചു താഴേക്ക് പതിക്കാൻ വെമ്പിനിന്നു.

ഒഴുകിയിറങ്ങിയ കണ്ണീർക്കണങ്ങളെ ദേവു തുടച്ചുമാറ്റി. അവളുടെ പ്രവർത്തിയിൽ തെല്ലും രോഷം കാണിക്കാതെ അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ദേവുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

സ്വയമറിയാതെ ദേവു മിഥുന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവന്റെ ഉള്ളിലെ സങ്കടങ്ങൾ ദേവുവിന്റേത് കൂടിയായി മാറുകയായിരുന്നു അപ്പോൾ. ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു ദേവു ആ കണ്ണുകളുടെ ആഴത്തിൽ ലയിച്ചുനിന്നു. മായാൻ നിൽക്കുന്ന സൂര്യനും ചെഞ്ചുവപ്പാർന്ന ആകാശവും വീശിയടിക്കുന്ന കാറ്റും ആ നിമിഷത്തിനു സാക്ഷ്യം വഹിച്ചു. ദേവു പതിയെ മിഥുന്റെ നെറ്റിയിൽ ചുംബിച്ചു.

പെട്ടന്ന് ഏതോ ഓർമയിൽ മിഥുൻ അവളെ തട്ടി മാറ്റി. അപ്പോഴാണ് താനെന്താണ് ചെയ്തതെന്ന് ദേവുവിന് ഓർമ വന്നത്. സോറി പറഞ്ഞവൾ പെട്ടന്ന് ചാടിപിടഞ്ഞു എണീറ്റു. രണ്ടാൾക്കും മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി.

രണ്ടാളും ഒന്നും മിണ്ടാതെ വീട്ടിലേയ്ക്ക് പോയി. വീട്ടിൽ ചെന്നയുടനെ മിഥുന്റെ കാൽ അനങ്ങിയ കാര്യം ദേവു രാധികയെ അറിയിച്ചു. ആ മാതൃഹൃദയം ഒരുപാട് സന്തോഷിച്ചു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പിറ്റേന്ന് രാവിലെ കേദാരം വീട്ടിൽ നിന്നുമിറങ്ങിയ ദേവു നേരെ പോയത് പൂട്ടിയിട്ടിരിക്കുന്ന തങ്ങളുടെ വീട്ടിലേക്കാണ്. മാളുവിനെയും അവൾ കൂടെ കൂട്ടിയിരുന്നു. അവിടെ അടച്ചിട്ടിരുന്ന മുത്തശ്ശിയുടെ മുറിയുടെ താക്കോൽ അമ്മയുടെ അലമാരയിൽ നിന്നും തപ്പിയെടുത്തവൾ ആ മുറി തുറന്നു. മുത്തശ്ശി മരിച്ചതിനു ശേഷം അമ്മ മാത്രമേ ഈ മുറിയിൽ കടന്നിട്ടുള്ളു എന്നവൾ ഓർത്തു. മുറിയുടെ ഒരു സൈഡിലായി വെച്ചിരുന്ന തകര പെട്ടിയിൽ തപ്പാൻ തുടങ്ങി ദേവു.

ഒടുവിൽ ചില പഴക്കം ചെന്ന പുസ്തകങ്ങൾ ദേവു തപ്പിയെടുക്കുന്നത് കണ്ടു മാളു ആശ്ചര്യപ്പെട്ടു. ശേഷം രണ്ടാളും ചേർന്ന് വീട് മുഴുവൻ വൃത്തിയാക്കി. തെക്കേ തൊടിയിൽ തന്റെ അച്ഛനെയും അമ്മയെയും അടക്കിയ സ്ഥലത്ത് ചെന്നു നിന്നു ഏങ്ങിയേങ്ങി കരഞ്ഞ ദേവുവിനെ സമാധാനിപ്പിക്കാൻ മാളു നന്നേ പാടുപെട്ടു. ഒടുവിൽ മാളുവും കരയുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ ദേവു സ്വന്തം മനസിനെ നിയന്ത്രിച്ചു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

തിരികെയുള്ള യാത്രയിൽ മാളു ചോദിച്ചു
“ഈ ബുക്സ് എടുക്കാൻ ആണോ ചേച്ചീ നമ്മളിങ്ങോട്ട് വന്നത്? ”

ദേവു അതെയെന്ന് തലയാട്ടി.

” അതിനും മാത്രം എന്താ ഈ പഴേ ബുക്സിൽ ഉള്ളത്? ”

“എന്റെ മുത്തശ്ശിയുടെ ഒക്കെ കുടുംബത്തിൽ എല്ലാവർക്കും വൈദ്യം ഒക്കെ അറിയാമായിരുന്നു. പാമ്പിന്റെ വിഷം വരെ ഇറക്കുന്നവർ ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുള്ളത്. ഈ പുസ്തകങ്ങൾ മുത്തശ്ശിക്ക് പകർന്നു കിട്ടിയിരുന്ന അറിവുകൾ എല്ലാം എഴുതി വെച്ചിരിക്കുന്നതാണ്. ”

” ഇത് നമ്മൾക്ക് എന്തിനാ? ”

“ഇന്നലെ മിഥുൻ സാറിന്റെ കാലുകൾ അനങ്ങിയില്ലേ? ഇതിൽ ആ കാലുകൾക്ക് സ്വാധീനം കിട്ടാനുള്ള എന്തെങ്കിലും മരുന്നുകൾ എഴുതിയിട്ടുണ്ടെങ്കിലോ? നമുക്ക് ഒന്ന് നോക്കിക്കൂടെ? ”

“അപ്പൊ കടുവയോട് സ്നേഹമുണ്ടല്ലേ?” മാളു ഒരു കള്ളച്ചിരിയോടെ ദേവുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു. അവളുടെ തലയിൽ ഒന്ന് തലോടിയിട്ട് മാളു പുറത്തേക്ക് കണ്ണയച്ചു.

വീട്ടിൽ എത്തുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. ഓട്ടോയിൽ വന്നിറങ്ങിയതേ കണ്ടു വാതിൽക്കൽ നോക്കി നിൽക്കുന്ന രാധികയെ. അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞതും അവർക്ക് സന്തോഷമായി.

അകത്തു ഹാളിൽ ടീവി കണ്ടിരുന്ന മിഥുൻ രണ്ടാളെയും രൂക്ഷമായി നോക്കി.

“എവിടെയായിരുന്നു ഈ നേരം വരെ രണ്ടാളും? ”

“ദേവുചേച്ചിയുടെ വീട്ടിൽ പോയതാ ഏട്ടാ. ബസ് കിട്ടാൻ താമസിച്ചു. “മിഥുൻ ദേഷ്യത്തോടെ ദേവുവിനെ നോക്കി. ദേവു തലതാഴ്ത്തി നിന്നു.

“സമയം എത്രയായെന്നു വല്ല ബോധവും ഉണ്ടോ? ഇന്നത്തെ കാലത്ത് പകലുപോലും പെൺകുട്ടികൾ സുരക്ഷിതരല്ല. അപ്പോഴാണ് ഈ നേരമത്രയും തനിച്ചു പുറത്ത്. ”

“തനിച്ചല്ലല്ലോ ഞങ്ങൾ രണ്ടാളില്ലേ? ” മാളു പറഞ്ഞു.

“നീ ന്യായം ഒന്നും പറയണ്ട. ഇത്രേംനാള് ഇല്ലാത്ത ശീലങ്ങൾ ഒക്കെ പഠിപ്പിക്കാൻ പുതിയ ആള് വന്നിട്ടുണ്ടല്ലോ “ദേവുവിനെ നോക്കികൊണ്ടാണവൻ പറഞ്ഞത്.

“ദേവികാ “അവന്റെ ശബ്ദമുയർന്നു. അവൾ തലയുയർത്തി നോക്കി

“നിനക്ക് ഇവിടുന്നു എങ്ങോട്ട് വേണമെങ്കിലും പോകാം എത്ര സമയം വേണമെങ്കിലും ആരുടെയൊപ്പവും ചിലവഴിക്കാം. പക്ഷെ ഒന്നിനും എന്റെ പെങ്ങളെ കൂട്ടാൻ നിക്കണ്ട. നിനക്ക് എങ്ങനെ വേണമെങ്കിലും നടക്കാം പക്ഷെ അവൾക്കത് പറ്റില്ല. കാരണം അവൾ നല്ലൊരു കുടുംബത്തിൽ ജനിച്ചതാണ്. ”

“ഉണ്ണീ ”

രാധിക ദേഷ്യത്തിൽ വിളിച്ചു. തല കുനിച്ചു നിന്നു കണ്ണീരൊഴുക്കുന്ന ദേവുവിനെ കണ്ടതും അവരുടെ ഉള്ളം പിടഞ്ഞു.

“ദേവു അകത്തേക്ക് പൊയ്ക്കോ. ” ആരെയും നോക്കാതെ അവൾ മുറിയിലേക്ക് പോയി.
മാളു ദേഷ്യത്തോടെ മിഥുനെ നോക്കിനിന്നു.
“എന്താടി നോക്കി പേടിപ്പിക്കുന്നോ? ”

“ഏട്ടന്റെ ഒരു നശിച്ച ദേഷ്യം. ഇങ്ങനെ പെരുമാറാൻ മാത്രം ചേച്ചി എന്ത് തെറ്റാ ഏട്ടനോട് ചെയ്തത്. ഇപ്പോൾ തന്നെ അത്രയും ദൂരം പോയത് ഏട്ടന് വേണ്ടിയാ. ഏട്ടന് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.” മാളു ദേഷ്യത്തിൽ അവളുടെ മുറിയിലേക്ക് പോയി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

.സങ്കടങ്ങൾ എല്ലാം ഉള്ളിൽ തന്നെ വെച്ച് ദേവു മാളുവിനോട് കളിയും ചിരിയുമായി തന്നെ പെരുമാറി. മിഥുനോടും അവൾ ദേഷ്യമോ സങ്കടമോ ഒന്നും കാണിച്ചില്ല എന്നുള്ളത് അവനും അത്ഭുതമായിരുന്നു.

മാധവൻ വന്നതിനു ശേഷം ദേവു പറഞ്ഞ കാര്യങ്ങളൊക്കെ അവർ അയാളെ അറിയിച്ചു. അയാളുടെ മുഖത്തും പ്രതീക്ഷ നിറഞ്ഞു.

“അവൾ മിടുക്കിയാടോ “അയാൾ ഉള്ളിലെ സന്തോഷം മറച്ചുവെച്ചില്ല.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രി ഒട്ടും സമയം കളയാതെ തന്നെ ദേവു ഇരുന്നു ആ പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രെമിച്ചു. പലയിടങ്ങളിലും പിഞ്ചി തുടങ്ങിയതിനാൽ തന്നെ വായിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഇടക്കെപ്പോഴോ ഉറക്കം ഞെട്ടിയെണീറ്റ മാളു വെള്ളം കുടിക്കാൻ താഴെ വന്നപ്പോൾ ദേവുവിന്റെ മുറിയിൽ വെട്ടം കണ്ടു അങ്ങോട്ടേക്ക് ചെന്നു. നിർബന്ധിച്ചു ദേവുവിനെ കിടത്തി മാളുവും ഒപ്പം കിടന്നു.

” എന്റെ ഏട്ടൻ കടുവ ഇതൊന്നും അറിയുന്നില്ലല്ലോ എന്റെ ദൈവമേ ” മാളു ആത്മഗതം പറഞ്ഞു ദേവുവിനെ കെട്ടിപിടിച്ചു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

തൊടിയിൽ നിന്നു ചില പച്ചിലകൾ ഒക്കെ പറിച്ചു, ഇടിച്ചു അതിന്റെ നീരെടുത്തു ദേവു ഒരു കുഴമ്പ് ഉണ്ടാക്കി. അതുമായി മിഥുന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ ടീവി കാണുകയായിരുന്നു. ഇതൊന്നും ഇഷ്ടാവില്ലായെന്നു മനസ്സിലോർത്തു ദേവു രാധികയെയും കൂടെ വിളിച്ചു. ആദ്യമൊക്കെ എതിർത്തെങ്കിലും രാധികയുടെ നിർബന്ധത്തിൽ അവൻ അത്ര താല്പര്യമില്ലാതെ സമ്മതം മൂളി.

ഒരു നിമിഷം പ്രാർത്ഥിച്ചതിനു ശേഷം ദേവു മിഥുന്റെ നടുവിൽ ഒന്ന് തൊട്ടു. പതിയെ അമർത്തി തിരുമ്മിയതിനു ശേഷം അവളാ മരുന്ന് നടുവിലും കാലിലും എല്ലാം നല്ലോണം തേച്ചുപിടിപ്പിച്ചു. ഒരു മണിക്കൂറോളം അവന്റെ കാലുകൾ തിരുമ്മിക്കൊടുത്ത് കഴിഞ്ഞ് ഏതൊക്കെയോ ഇലകൾ ഇട്ട ചെറു ചൂട് വെള്ളത്തിൽ ദേവു അവനെ കുളിപ്പിച്ചു. അമർഷത്തോടെ തുടക്കത്തിൽ ഇരുന്നുകൊടുത്തെങ്കിലും ചൂട് വെള്ളത്തിലുള്ള കുളി മിഥുന് ആശ്വാസമായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടർന്ന് പോന്നു. ദേവുവിന്റെ കൈകൾ മിഥുൻ തട്ടിമാറ്റുമെങ്കിലും അവൾ അതൊന്നും വക വെക്കാതെ മിഥുനെ പരിചരിച്ചുപോന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“എന്താ അമ്മേ മാളു അറിയാതെ വരണമെന്ന് പറഞ്ഞത്? ”

“അവൾക്കൊരു സർപ്രൈസ് കൊടുക്കാനാ മോളേ. വാ ഞാൻ പറയാം “. അവരവളെ കൈ പിടിച്ചു മാധവന്റെയും മിഥുന്റെയും അരികിലേക്ക് കൊണ്ടുപോയി.

നാളെകഴിഞ്ഞു മാളുവിന്റെ പിറന്നാൾ ആണ്. അതിനു വേണ്ട സർപ്രൈസിനുള്ള ഒരുക്കങ്ങൾക്കാണ് ഈ ഒത്തുകൂടൽ. എല്ലാം പ്ലാൻ ചെയ്ത് പിരിയാൻ നേരമാണ് മിഥുൻ ചോദിച്ചത് “കേക്ക്ന്റെ കാര്യം എങ്ങനെയാ അച്ഛാ? ”

“ടൗണിലെ ഏതെങ്കിലും നല്ല ബേക്കറിയിൽ പറയാം. ”

മിഥുൻ തലയാട്ടി.

“സാർ കേക്ക് ഞാനുണ്ടാക്കട്ടെ? ഏത് ഡിസൈനിലും ചെയ്യാം. ”

“മോള് ഉണ്ടാക്കുമെങ്കിൽ അതായിരിക്കും നല്ലത്. അവളുടെ ഇഷ്ടങ്ങളൊക്കെ ദേവുവിന് അറിയാമല്ലോ. ”

“ആൾക്കാരുടെയൊന്നും മുന്നിൽ ഞങ്ങളെ നാണം കെടുത്തരുത് “മിഥുൻ അവളെ പരിഹസിച്ചു.

ദേവു ഒന്നും മിണ്ടിയില്ല എങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ അവൾ തീരുമാനിച്ചു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പിറ്റേന്ന് മാളു കോളേജിലേക്ക് ഇറങ്ങിയ പുറകെ തന്നെ ദേവു മാധവന്റെ കൂടെ പോയി ബെർത്ഡേയ് പാർട്ടിയുടെ ഒരുക്കങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങി. സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് മാളുവിനുള്ള സർപ്രൈസ് ഗിഫ്റ്റ് അവളുടെ മുറിയിൽ വെയ്ക്കാൻ അവൾ മുകളിലേക്ക് ചെന്നു. അലമാരയിൽ ഏറ്റവും താഴെയുള്ള തട്ടിൽ ഒരു കോണിലായി ഗിഫ്റ്റ് വെച്ച് എഴുന്നേറ്റ് അലമാര അടച്ചതും പെട്ടന്നു രണ്ട് ബലിഷ്ഠമായ കൈകൾ ദേവുവിനെ ചുറ്റി വരിഞ്ഞു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

Share this story