പവിത്ര: PART 21 NEW

പവിത്ര: PART 21 NEW

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

മറുവശത്ത് ഫോൺ കട്ട്‌ ആകുന്ന സൗണ്ട് കേട്ടപ്പോൾ ഡേവിഡിന്റെ ചുണ്ടിൽ അറിയാതൊരു ചിരി വിടർന്നു. കലിപ്പോടെയാണ് രാജേഷ് ഫോൺ വെച്ചതെന്ന് അവന് അറിയാം.
അവനെ കുറ്റം പറയാൻ സാധിക്കില്ല…. പവിത്രയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ആങ്ങളയുടെ രോക്ഷം ആണ് അവൻ കാണിച്ചത്.

പക്ഷേ എനിക്ക് പവിത്രയോട് പ്രണയം ഉണ്ടെങ്കിലും അത് തുറന്നു പറയാൻ കഴിയില്ല. കാരണം അവളുടെ ഉള്ളിൽ പ്രണയം എന്നൊരു വികാരം ഇപ്പോൾ ഒരു തരിമ്പും ഇല്ല….
ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്താൻ വേണ്ടി ജീവിതം മാറ്റി വെച്ചവൾ ആണ് പവിത്ര.ആ മനസ്സിൽ എനിക്കായി ഒരു സ്ഥാനം ഇതേ വരെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…
ഇപ്പോൾ ലഭിച്ച ഈ ചെറിയ സൗഹൃദം എങ്കിലും എനിക്ക് കാത്തുസൂക്ഷിച്ചേ പറ്റൂ…
പവിത്രയുടെ ഉള്ളിലും തനിക്കായി ഒരു ഇഷ്ടം തുടിക്കുന്നത് വരെ കാത്തിരിക്കണം…
കാത്തിരിക്കും… !

രാവിലെ തന്നെ പത്മം പശുക്കളെ അഴിച്ചു കെട്ടിയിട്ട് അടുക്കള വഴി അകത്തേക്ക് കേറാൻ തുനിയുമ്പോൾ ആണ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നത്.

” ആരിത് ആദിമോനോ… ”
അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആദർശിനെ സ്നേഹത്തോടെ പത്മം അകത്തേക്ക് ക്ഷണിച്ചു.

” അകത്തേക്ക് കേറുന്നില്ല അമ്മേ പവിത്രേച്ചി എവിടെ ”

” അവൾ അകത്തുണ്ട് വായനശാലയിലേക്ക് പോകാൻ ഒരുങ്ങുവാ ”
അവനോട് പറയുന്നതിനൊപ്പം അകത്തേക്ക് നോക്കി പവിത്രയെ വിളിക്കുകയും ചെയ്തു.

” മോൻ രാവിലെ കാപ്പി കുടിച്ചിട്ടാണോ ഇറങ്ങിയത്… അമ്മ ഇലയട കഴിക്കാൻ എടുക്കട്ടെ ”
പത്മത്തിന്റെ വാത്സല്യത്തോടുള്ള സംസാരം കേൾക്കുംതോറും രണ്ട് അമ്മമാരേ കിട്ടിയ സന്തോഷമായിരുന്നു ആദർശിന്റെ ഉള്ളിൽ.

” രാവിലത്തെ കഴിച്ചിട്ടാ അമ്മേ ഇറങ്ങിയത്… ഞാൻ ഇന്നുമുതൽ ജോലിക്ക് കേറി തുടങ്ങുവാ അമ്മയുടെ അനുഗ്രഹം മേടിക്കാൻ വന്നതാ ”
അവൻ പത്മത്തിന്റെ കാലിൽ തൊട്ട് തൊഴുതു.
അവരുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു.

” നന്നായി വരും എന്റെ മോൻ ”
ആദർശിന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു കൊണ്ടവർ പറഞ്ഞു. എണീറ്റു വന്ന ആദിയെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി. അതുകണ്ട് കൊണ്ടാണ് പവിത്ര അകത്തു നിന്ന് വന്നതും ഡേവിഡ് മുറ്റത്തേക്ക് വന്നതും.

സ്വന്തം മകൻ അല്ല.. ഭർത്താവിന്റെ മറ്റൊരു ബന്ധത്തിലെ മകൻ… എങ്ങനെ ഈ അമ്മയ്ക്കും മകൾക്കും സ്നേഹിക്കാൻ കഴിയുന്നു.. ഡേവിഡ് അത്ഭുതത്തോടെയാണ് അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് നിന്നത്. സ്വന്തം ചോരയോട് പോലും പടവെട്ടുന്ന മനുഷ്യരുടെ ലോകത്ത് ഇങ്ങനെയും ചിലർ… !
അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.

” പവിത്രേച്ചി ഞാൻ ഇന്നുമുതൽ ജോലിക് പോയി തുടങ്ങുവാ ”
പവിത്രയെ കണ്ടതും ആദി അവളുടെ അടുത്തേക്ക് തിരിഞ്ഞു.

” മ്മ് അറിഞ്ഞിരുന്നു കൈമൾ സാർ പറഞ്ഞിരുന്നു.. ”
അവൾ മുറ്റത്തേക്ക് ഇറങ്ങുന്ന സ്റ്റെപ്പിന്റെ അടുത്തേക്ക് പോയി നിന്നു. അവളുടെ മുഖത്തെ ഗൗരവം കണ്ട് ഡേവിഡിന് ചിരി വരുന്നുണ്ടായിരുന്നു.
പവിത്ര അവനെ നോക്കി കണ്ണുരുട്ടി.

പെട്ടെന്നായിരുന്നു ആദി വന്നു പവിത്രയുടെ കാലിൽ തൊട്ട് തൊഴുതത്.
ആ പ്രവർത്തിയിൽ അവൾ ഒന്ന് പതറി എന്ത് ചെയ്യണമെന്ന് അറിയാതെ പവിത്ര എല്ലാവരെയും മാറി മാറി നോക്കി.
പിന്നെ അവനെ പിടിച്ചു എണീപ്പിച്ചു. തോളിൽ തട്ടി മുറ്റത്തേക്ക് ഇറങ്ങി.

ഒന്നും പറഞ്ഞില്ലെങ്കിലും ആ തട്ടലിൽ തന്നെ തനിക്കുള്ള അനുഗ്രഹവും ആശീർവാദവും ഉണ്ടെന്ന് ആദർശിന് അറിയാമായിരുന്നു.
വെപ്രാളത്തോടെ മുറ്റത്തേക്ക് ഇറങ്ങിയ പവിത്രയുടെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു അവൾ അപ്പോൾ അനുഭവിച്ച സന്തോഷവും അഭിമാനവും.

” ഡാ നിനക്ക് എന്റെ അനുഗ്രഹം ഒന്നും വേണ്ടേ.. ഫ്രീ ആയിട്ട് രണ്ട് കാൽ ഇവിടുണ്ട് വേണേൽ വന്നു പിടിച്ചിട്ട് പൊക്കോ ”
സന്ദർഭത്തിന് ഇത്തിരി അയവ് വരുത്താൻ വേണ്ടി ഡേവിഡ് തന്നെ വേണം. എല്ലാവരും ചിരിയോടെ അവനെ നോക്കി.

അളിയാ എന്ന് വിളിച്ചു കൊണ്ട് ആദി അവനെ ചെന്നു പുണർന്നു. ഡേവിഡും സന്തോഷത്തോടെ അവനെ പുണർന്നു.

” സമയം കളയാതെ പോകാൻ നോക്ക് ഫസ്റ്റ് ഡേ അല്ലേ ”
പവിത്ര ഉള്ളിലെ സന്തോഷം മുഖത്ത് കാണിക്കാതെ അവനോട് പറഞ്ഞു. അപ്പോഴാണ് സൗമ്യ അതുവഴി വന്നത്. എല്ലാവരെയും നോക്കി കൈ കാണിച്ചിട്ട് നടക്കാൻ തുടങ്ങിയപ്പോൾ ആണ് ആദർശിനെ കണ്ടത്.

” അല്ല ആരാ ഇത്… എന്താ ഇവിടെ ”

” അമ്മേ ഞാൻ ഇറങ്ങുവാ ”
സൗമ്യയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ എല്ലാരോടും യാത്ര ചോദിച്ചു.

” ഡാ ആദി നീ സൗമ്യയെ കൂടി കൊണ്ടു പോ രണ്ടുപേരും എന്തായാലും ഒരു വഴിക്ക് അല്ലേ ”

” അതൊന്നും വേണ്ടാ അവൾ ബസിന് പൊക്കോളും ”
ആദർശ് ഡേവിഡിനെ നോക്കി പല്ലുകടിച്ചു.

” മോനെ നമ്മുടെ സൗമ്യ അല്ലേ കൊണ്ടുപോടാ ”
പത്മവും പറഞ്ഞപ്പോൾ അവൻ പവിത്രയുടെ മുഖത്തേക്ക് നോക്കി.

” ആഹ് അവളെ കൂടി കൊണ്ടു പോ ”
എല്ലാവരും ഒരേ അഭിപ്രായം പറഞ്ഞപ്പോൾ പിന്നെ എതിര് പറയാൻ അവന് ആയില്ല.
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് സൗമ്യയെ നോക്കി.

” വരുന്നെങ്കിൽ വാ ”
അവൾ ധൃതിയിൽ ചെന്നു അവന്റെ പുറകിൽ കയറി. കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ ഡേവിഡിനും പവിത്രയ്ക്കും റ്റാറ്റാ കൊടുത്തു കൊണ്ടിരുന്നു.

” വണ്ടിയിൽ ഇരുന്ന് കഥകളി കാണിച്ചാൽ ഉരുട്ടി താഴെ ഇടും ”
സഹികെട്ട് ആദി പറഞ്ഞു.

” ആഹാ അപ്പൊ മിണ്ടാൻ അറിയുമോ… ഞാൻ വിചാരിച്ചു മിണ്ടില്ലെന്ന് ”
അവിടുന്ന് അങ്ങോട്ട് ചങ്ങനാശ്ശേരി വരെ ആദിയുടെ ചെവിക്ക് സ്വൈര്യം കൊടുത്തിട്ടില്ല സൗമ്യ.

” ഇത്രയ്ക്കും ജാഡ ഒന്നും വേണ്ടാ കേട്ടോ ഇടയ്ക്ക് ഒക്കെ ഒന്ന് മിണ്ടാം ”

” നിനക്ക് എന്താ ഇപ്പൊ അറിയേണ്ടത് ”

” ഇയാൾ എവിടെ പോവാ ”

” nss കോളേജിൽ ” താല്പര്യമില്ലാത്ത രീതിയിൽ അവൻ മറുപടി നൽകി.

” അവിടെ എന്തിനാ വരുന്നത്… പഠിക്കാൻ ആണോ ”
ആദി പെട്ടെന്ന് ബൈക്ക് നിർത്തി.

” ഇവിടുന്ന് അങ്ങോട്ട് നീ നടന്നു പോയാൽ മതി ”
” ഓ ആയിക്കോട്ടെ ”
അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് സൗമ്യ മുന്നോട്ട് നടന്നു. ആദിയും വണ്ടി മുന്നോട്ട് എടുത്തു അവളുടെ അടുത്ത് വന്നപ്പോൾ സ്ലോ ചെയ്തു.

” പഠിക്കാൻ അല്ല നിന്നെ പഠിപ്പിക്കാനാ വന്നത്… ”
സൗമ്യ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

” നിങ്ങളുടെ കോളേജിലെ പുതിയ സാർ ആണ് കൊച്ചേ ഞാൻ ”
തലയിൽ നിന്നും കിളികൾ പറന്നു പോകുന്നത് സൗമ്യ അറിഞ്ഞു. ബോധം വന്നു നോക്കുമ്പോൾ ആദർശ് അവിടെ ഇല്ല.

**********************

ഉച്ചക്ക് ഊണും കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് കൈമൾ സാർ വായനശാലയിലേക്ക് വന്നത്. അദ്ദേഹത്തിനെ കണ്ടതും മനസ്സ് തുറന്നു പവിത്ര ചിരിച്ചു.

” ആഹാ ഇന്ന് എന്താണ് ഇത്ര സന്തോഷം ”

” സാറിന് അറിയില്ലേ കാരണം… ആദി രാവിലെ വന്നിരുന്നു ”

” മ്മ് എനിക്ക് തോന്നി അതാണ് നിന്റെ സന്തോഷത്തിന്റെ കാരണമെന്ന് ”

” സാറിന് അറിയോ ഇന്ന് അവൻ എന്റെ കാലിൽ തൊട്ട് തൊഴുതപ്പോൾ ഞാൻ അനുഭവിച്ച ആനന്ദം എത്രത്തോളം ആണെന്ന്…!!
എന്റെ പഠനം പോലും വേണ്ടെന്ന് വെച്ച് ഞാൻ പുണ്യയെയും പ്രശാന്തിനെയും പഠിപ്പിച്ചു. പുണ്യയെ ഇനിയും പഠിപ്പിച്ചു ഒരു ജോലി നേടി കൊടുക്കാമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.
പക്ഷേ കല്യാണം നടത്തണമെന്ന് അമ്മ പറഞ്ഞപ്പോൾ അത് നടത്തി കൊടുക്കാനെ എനിക്ക് കഴിഞ്ഞുള്ളു. പിന്നെ എന്റെ പ്രതീക്ഷ പ്രശാന്ത് ആയിരുന്നു.
അവൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു.
എന്നാൽ അവനെന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി.
ഇപ്പോൾ ആദി അവൻ…അവൻ എന്റെ അഭിമാനമാണ് ”
ആദ്യമായി ആണ് പവിത്രയെ അത്രയും ഇമോഷണൽ ആയി കൈമൾ കാണുന്നത്.

” നിനക്ക് വേണ്ടിയാണ് അവനും വാശിയോടെ പഠിച്ചു ഈ ജോലി വാങ്ങിയത്….
ഒരുപാട് ബുദ്ധിമുട്ടി അവൻ ഈ കോളേജിൽ കേറാൻ വേണ്ടി…
എന്റെ സഹായങ്ങൾ ഒന്നും അവൻ സ്വീകരിച്ചില്ല..
അതെങ്ങനാ നിന്റെ അനിയൻ അല്ലേ…
ചില സമയം ആദി തനി നിന്റെ പകർപ്പാ പവിത്രേ ”

അന്നത്തെ ദിവസം മുഴുവൻ പവിത്രയുടെ മുഖം പ്രസന്നമായിരുന്നു. കുറേ കാലങ്ങൾക്ക് ശേഷം അവളുടെ മുഖം തെളിഞ്ഞു കണ്ടതിൽ പത്മവും സന്തോഷിച്ചു.

പവിത്രയും ഡേവിഡും തമ്മിലുള്ള സൗഹൃദം മാധവിന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു. തനിക്ക് കിട്ടാതെ പോയ പവിത്രയെ ഡേവിഡിന് കിട്ടുമോ എന്ന ഭയം അവനെ വേട്ടയാടി.

പലപ്പോഴും പവിത്രയെ കാണുമ്പോൾ മാധവിന്റെ ഉള്ളിൽ നഷ്ടബോധം അനുഭവപ്പെടാൻ തുടങ്ങി. ഒരിക്കൽ വഴി തിരിച്ചു വിട്ട ഡേവിഡിന്റെ പ്രണയം ഇപ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ പവിത്രയിലേക്ക് ഒഴുകുമെന്ന പേടി അവനിൽ ജനിച്ചു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും ഒരിക്കൽ കയ്യെത്തും ദൂരെ വിട്ടു കളഞ്ഞ പവിത്ര എന്ന പെണ്ണ് മാധവിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. രമ്യയെ വിവാഹം ചെയ്യുമ്പോഴും പാപ ജാതകം കാരണം തന്റെ കൈകളിൽ തന്നെ അവളെ കിട്ടുമെന്ന വിശ്വാസം മാധവിന് ഉണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും പവിത്ര തെറ്റിച്ചു. അവളുടെ നിഴലിന്റെ അരികിൽ പോലും ചെല്ലാൻ പവിത്ര അവനെ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ പവിത്രയെന്ന മോഹം അവന്റെ മനസ്സിൽ ഇപ്പോഴും തുടിച്ചു കൊണ്ടേയിരിക്കുന്നു….!

ഡേവിഡ് അവനെ എങ്ങനെയും ഒഴിവാക്കിയേ പറ്റുകയുള്ളു. ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിട്ടും അതൊന്നും തന്നോട് ചോദിക്കാതെ ഒഴിഞ്ഞു മാറി അവൻ നടക്കുന്നതിൽ തന്നെ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്…
എന്തോ ലക്ഷ്യത്തോടെ തന്നെയാണ് അവൻ ഇവിടേക്ക് വന്നിരിക്കുന്നത്…
അത് എന്ത് തന്നെ ആണെങ്കിലും പവിത്രയും ഡേവിഡും അടുക്കരുത്… !!

പതിവില്ലാതെ തന്നെ കാണാൻ മാധവ് വന്നപ്പോൾ തന്നെ ഡേവിഡിന്റെ മനസ്സിൽ സംശയം തോന്നി തുടങ്ങി.
ജോലിയുടെ കാര്യവും നാട്ടു വിശേഷങ്ങളും പറഞ്ഞു അവസാനം അത് പവിത്രയിൽ തന്നെ വന്നു നിന്നപ്പോൾ ഡേവിഡിന് മനസ്സിലായി മാധവിന്റെ വരവിന്റെ പിന്നിലെ ലക്ഷ്യം.

” നീ എന്തിനാ ഡേവിച്ചാ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയത്…
വാടകയ്ക്ക് വേറേ എത്ര വീട് കിട്ടുമായിരുന്നു… ”

” അതെന്താടാ നമ്മുടെ രാജേഷിന്റെ അപ്പച്ചിയുടെ വീട് അല്ലേ…ഇപ്പോൾ നിന്റെ അപ്പച്ചിയും കൂടെ അല്ലേ.. ”
ഡേവിഡ് ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.

” കാര്യം ബന്ധുക്കാരൊക്കെ തന്നാ പക്ഷേ നാട്ടിൽ ഈ അമ്മയ്ക്കും മോൾക്കും അത്ര നല്ല പേരൊന്നുമല്ല ഉള്ളത്… ”
ഡേവിഡിന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ നോക്കി കൊണ്ട് മാധവ് ശബ്ദം താഴ്ത്തി പറഞ്ഞു.

” അങ്ങനുള്ള വീട്ടിൽ താമസിക്കുന്ന നിന്നെ കുറിച്ചും നല്ലതൊന്നും അല്ല നാട്ടുകാർ പറയുന്നത് ”
ഡേവിഡിന്റെ മുഖത്ത് ഇരച്ചു കയറുന്ന ദേഷ്യം അറിയാതെ അവൻ പറഞ്ഞു കൊണ്ടേയിരുന്നു.

” നിനക്ക് അറിയാവല്ലോ ഈ പവിത്രയും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്ന കാര്യം.. ”
അറിയാമെന്ന അർത്ഥത്തിൽ ഡേവിച്ചൻ തലയാട്ടി.

” ആഹ് ഞാൻ അവളെ കെട്ടാഞ്ഞത് എന്ന് നീ എന്താ ചോദിച്ചില്ലല്ലോ… സ്വഭാവം.. സ്വഭാവം ശരിയല്ലെടാ അവളുടെ…
ആദ്യം തന്തയെ ഇവളും അമ്മയും കൂടെ തല്ലിയിറക്കി…
പിന്നെ ഉണ്ടായിരുന്ന ആങ്ങള ചെറുക്കനെയും പുറത്താക്കി…
എന്തിനാ അഴിഞ്ഞാടി നടക്കാൻ വേണ്ടി…
അവള് കണ്ടോ ഇത്രയും പ്രായം ആയിട്ടും കെട്ടാതെ നിൽക്കുന്നത്…
ഇപ്പൊ വാടകയ്ക്ക് കൊടുക്കാൻ ആണേലും രണ്ടു പെണ്ണുങ്ങൾ ഉള്ള വീട്ടിൽ ഒരു ബാച്ചിലർക്ക് ആരേലും കൊടുക്കുമോ വീട്…
അമ്മയും മോളും പിഴ ആണെടാ.. ”

പറഞ്ഞു തീരുന്നതിനു മുൻപ് ഡേവിഡിന്റെ കൈ മാധവിന്റെ കവിളിൽ പതിഞ്ഞു. പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയത് കൊണ്ട് അവൻ പുറകിലേക്ക് മലർന്നു വീണു. അവിടുന്ന് പിടിച്ചു എണീൽപ്പിച്ചു ഒന്നുകൂടെ കൊടുത്തു ഡേവിഡ്.

” പണ്ട് നീ അവളെ ഇഷ്ടമാണെന്നും എല്ലാ അർത്ഥത്തിലും നിങ്ങൾ ഒന്നായെന്നും എന്നോട് പറഞ്ഞപ്പോൾ എന്റെ ഇഷ്ടം മനസ്സിൽ ഒതുക്കി ഞാൻ ഇവിടെ നിന്നും പോയി..
നിന്റെ കള്ളം വിശ്വസിച്ചു ഞാൻ അന്ന് പോയതാണ് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്…
ഇത്രയും ദ്രോഹം നീ അവളോട് ചെയ്തിട്ടും അവൾ നിനക്ക് നേരെ ഒന്നും പറയാതെ ഇരുന്നത് കുടുംബ ബന്ധങ്ങളുടെ വില അവൾക്ക് അറിയാവുന്നത് കൊണ്ടാണ്…
ഈ ഞാൻ പോലും ഒന്നും പറയാത്തത് രാജേഷിന്റെ പെങ്ങൾ രമ്യയെ സ്വന്തം പെങ്ങളായി കാണുന്നത് കൊണ്ടാ…
പക്ഷേ ഇനിയും ഇതുപോലെ തോന്നിവാസം എഴുന്നെള്ളിക്കാൻ വരികയോ പവിത്രയുടെ നിഴൽവട്ടത്ത് വരാൻ ശ്രമിക്കുകയോ ചെയ്താൽ…

താക്കീത് പോലെ ഡേവിഡ് മാധവിന്റെ നേരെ തന്റെ ചൂണ്ടുവിരൽ ചൂണ്ടി..

” ചെയ്താൽ പുന്നാര മോനെ രണ്ട് കാലിൽ നീ നിവർന്നു നിൽക്കില്ല ഇനി…
അതിന് ഈ ഡേവിച്ചന് പവിത്രയുടെ കെട്ടിയോൻ എന്ന ലേബൽ ഒന്നും വേണ്ടെടാ…
അവളുടെ സുഹൃത്ത് എന്ന ലേബൽ തന്നെ ധാരാളം.
പിന്നെ ഒന്നൂടെ കേട്ടോ പവിത്ര എന്ന പെണ്ണിന്റെ പേര് ഉച്ചരിക്കാൻ പോലും ആണുംപെണ്ണും കെട്ട നിനക്ക് യോഗ്യത ഇല്ലെടാ ”

അപമാനത്താലും നുരഞ്ഞു പൊന്തുന്ന പകയാലും മാധവിന്റെ മുഖം താഴ്ന്നു തന്നെ ഇരുന്നു.
ഡേവിഡ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

” ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന്… ഇനി കൂട്ടുകാരൻ ആണെന്ന ബന്ധം പറഞ്ഞു എന്റെ കണ്മുന്നിൽ വന്നേക്കരുത് ”
മാധവിന് പുറത്തേക്ക് തള്ളി കൊണ്ട് അവൻ പറഞ്ഞു.
തള്ളലിന്റെ ആയത്തിൽ മാധവ് മുഖമടിച്ചു മുറ്റത്ത് വീണു.
മുഖമുയർത്തി നോക്കിയ മാധവ് കണ്ടു താൻ വീണു കിടക്കുന്നത് പവിത്രയുടെ കാൽചുവട്ടിൽ ആണെന്ന്…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

Share this story