ചൊവ്വാദോഷം : PART 9 അവസാന ഭാഗം

ചൊവ്വാദോഷം : PART 9 അവസാന ഭാഗം

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

ശരീരവും ശിരസ്സും നുറുങ്ങുന്ന വേദനയോടെ അവൻ സീറ്റിലേക്ക് ചാരി. കണ്ണുകൾ അടയും മുന്നേ ശരീരമെങ്ങും ചോരയുടെ നനവ് പടരുന്നത് അവൻ അറിഞ്ഞു.

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് കാലത്ത് മാനസ ഉമ്മറത്തേക്ക് വന്നത്. അകത്തളത്തിലെ ടീപ്പോയിൽ കിടന്ന് അച്ഛന്റെ ഫോൺ റിങ് ചെയ്തുകൊണ്ടേയിരുന്നു. ഡിസ്പ്ലേയിൽ മനോജ്‌ എന്ന പേര് തെളിഞ്ഞുകണ്ടു.

“അച്ഛാ…… മനോജങ്കിളാ അങ്ങോട്ട് കൊണ്ട് വരണോ ? ”

തൊടിയിലെ പച്ചക്കറികൃഷിക്ക് ഇടയിലൂടെ നടന്നിരുന്ന രാജീവനോടായി മാനസ ചോദിച്ചു.

” വേണ്ട മോളേ എടുത്തിട്ട് എന്താണെന്ന് ചോദിക്ക് . ”

പുതുതായി നട്ട പാവലിന്റെ വള്ളി വലിച്ച് കെട്ടിയ കയറുകളിലേക്ക് പിടിച്ചു വിട്ടുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു. മാനസ പതിയെ ഫോൺ അറ്റന്റ് ചെയ്ത് കാതോട് ചേർത്തു.

” ഡോ രാജീവേ… താനിങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട. നമ്മുടെ മഹിക്ക് ഇന്നലെ രാത്രി ഒരു ആക്സിഡന്റ് ഉണ്ടായി. കാറിലേക്ക് വേറൊരു വാൻ വന്നിടിച്ചതാണെന്നാ അറിഞ്ഞത്. ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണുള്ളത്. താൻ വേഗം മാനസ മോളെയും കൂട്ടി അങ്ങോട്ട്‌ വാ. ഞാൻ അവിടെക്കാണും . കൊച്ചിനോട്‌ തല്ക്കാലം ഒന്നും പറയണ്ട. ”

മാനസ എന്തെങ്കിലും മിണ്ടും മുന്നേ രാജീവനാണെന്ന് കരുതി പറഞ്ഞിട്ട് മനോജ്‌ ഫോൺ വച്ചു. മാനസക്ക് ശരീരം തളരുന്നത് പോലെ തോന്നി. അവൾ ഉമ്മറത്തെ തൂണിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഊർന്ന് താഴേക്ക് വീണു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

” അയ്യോ മോളേ എന്ത് പറ്റി ? ”

രാജീവനുള്ള ചായയുമായി ഉമ്മറത്തേക്ക് വന്ന മായ നിറമിഴികളോടെ ചലനമില്ലാതെ നിലത്തിരിക്കുന്ന അവളെകണ്ട് ഓടി വന്ന് അവളെ കുലുക്കി വിളിച്ചുകൊണ്ട് ചോദിച്ചു.

” എന്റെ …. എന്റെ…. മഹിയേ…..ട്ടൻ ”

അവൾ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോണിന് നേരെ വിരൽ ചൂണ്ടി.

” രാജീവേട്ടാ ഒന്നോടി വാ ”

തൊടിയിലേക്ക് നോക്കി വെപ്രാളത്തോടെ മായ വിളിച്ചു. അതുകേട്ട് അകത്തേക്ക് വന്ന രാജീവനും മാനസയുടെ അവസ്ഥ കണ്ട് അമ്പരന്നു.

” എന്താ മോളേ എന്തുപറ്റി ? ”

അവളുടെ താടി പിടിച്ചുയർത്തി അയാൾ ചോദിക്കുമ്പോൾ എല്ലാം തകർന്നവളെപ്പോലെ അവൾ പൊട്ടിക്കരഞ്ഞു. അവളെ ചേർത്തു പിടിച്ച അയാളുടെ നെഞ്ചിൽ അവളുടെ വിരലുകളിലെ നീണ്ട നഖങ്ങൾ ആഴ്ന്നിറങ്ങി. ഹൃദയം പൊട്ടുന്ന വേദനയിൽ അയാളുടെ നെഞ്ചിൽ തലയിട്ടുരുട്ടി അവൾ അലറിക്കരഞ്ഞു.

” പോയച്ഛാ… എന്റെ മഹിയേട്ടൻ…. ”

അവളുടെ അരികിലായി തറയിൽ കിടന്നിരുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു. ഒന്നും മനസ്സിലാവാതെ രാജീവൻ ധൃതിയിൽ ഫോൺ എടുത്ത് മനോജിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയിൽ ചേർത്തു.

അൽപസമയം സംസാരിച്ച് ഫോൺ വയ്ക്കുമ്പോൾ രാജീവന്റെ മുഖത്തും പരിഭ്രമം നിഴലിച്ചിരുന്നു. ഒരുതരത്തിൽ മാനസയുമായി ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ മായയുടെയും രാജീവിന്റെയും ഹൃദയമിടിപ്പ് ഉയർന്നുകൊണ്ടേയിരുന്നു. കരഞ്ഞ് തളർന്ന മാനസ മായയുടെ മടിയിൽ കിടന്നിരുന്നു.

——————————————————-

ICU വിന് മുന്നിലേക്ക് ചെല്ലുമ്പോഴേ കണ്ടു കരഞ്ഞ് തളർന്ന് തലക്ക് കൈ കൊടുത്ത് കസേരയിൽ ഇരിക്കുന്ന ഊർമ്മിളയെ. ഇടയ്ക്കിടക്ക് അവർ സെറ്റ് മുണ്ടിന്റെ തുമ്പുയർത്തി കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു.

” മോളേ….. ”

മാനസയെ കണ്ടതും ഒരേങ്ങലോടെ അവർ അവളിലേക്ക് ചേർന്ന് പൊട്ടിക്കരഞ്ഞു. സ്വന്തം തളർച്ച പോലും മറന്ന് അവരെ ആശ്വസിപ്പിക്കുന്ന അവളെ അത്ഭുതത്തോടെയാണ് മായയും രാജീവനും നോക്കിനിന്നത്.

” മോളെ നിന്റെ കണ്ണീരിന്റെ ഫലമാണ് എന്നെ ഇപ്പൊ ഈ അവസ്ഥയിലെത്തിച്ചത്. സ്വന്തം മകന്റെ കുഞ്ഞാണെന്ന് പോലും മറന്ന് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെവരെ ഞാൻ പഴിച്ചു. എന്റെ മോളീ അമ്മയോട് പൊറുക്കണം . ”

അവളുടെ നെഞ്ചിൽ കിടന്ന് പദംപറഞ്ഞ് അവർ വിങ്ങി വിങ്ങി കരഞ്ഞു. പെട്ടന്ന് ഗ്ലാസ്‌ ഡോർ തുറക്കപ്പെട്ടു.

” മഹിക്ക് ഇപ്പൊ എങ്ങനുണ്ട് ഡോക്ടർ ?? ”

പുറത്തേക്ക് വന്ന ഡോ. കൈലാസിന്റെ മുഖത്തേക്ക് ഉറ്റു നോക്കി രാജീവൻ ചോദിച്ചു. എല്ലാവരിലും ആകാംഷ നിറഞ്ഞു നിന്നിരുന്നു.

” നിങ്ങളോട് മറച്ചു വയ്ക്കുന്നില്ല. അയാളുടെ ജീവന് ആപത്തൊന്നുമില്ല. പക്ഷേ , ഇതുവരെ ബോധം വന്നിട്ടില്ല. തലക്ക് സാരമായ പരിക്കുണ്ട്. ഒരുപക്ഷെ ഈ കിടപ്പ് ഒരു കോമസ്റ്റേജിലേക്ക് പോകാം. തൊണ്ണൂറുശതമാനവും അതിന് തന്നെയാണ് സാധ്യത. പിന്നെ അയാൾ പഴയത് പോലെയാവാൻ പത്തുശതമാനം മാത്രമാണ് സാധ്യത. ഞങ്ങൾക്ക് ചെയ്യാവുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലല്ലേ ”

പറഞ്ഞിട്ട് ഡോക്ടർ നടന്നുനീങ്ങുമ്പോൾ ഊർമ്മിളയിൽ നിന്നും ഒരു നിലവിളി ഉയർന്നു. അവരെ ആശ്വസിപ്പിക്കാൻ മായ പാട് പെടുമ്പോൾ ഒരു താങ്ങിനായി മാനസ കോറിഡോറിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ അമർത്തിപ്പിടിച്ചു. ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്. തല ചുറ്റുന്നു. ഉള്ളിലെ വേദന ഒരു മിന്നൽപ്പിണർ പോലെ നെറുകയിലേക്ക് ഇരച്ചുകയറി. പെട്ടന്നവൾ കാഴ്ച മങ്ങി നിലത്തേക്ക് വീണു. ബോധം പൂർണമായും മറയും മുന്നേ ആരൊക്കെയോ ഓടിയടുക്കുന്നതും തന്റെ ശരീരം കൈകളിൽ കോരിയെടുക്കുന്നതും അവളറിഞ്ഞു.

———————————————————

മാനസയ്ക്ക് ബോധം വരുമ്പോൾ വലതുകയ്യിലൂടെ ഡ്രിപ് അകത്തേക്ക് കയറുന്നുണ്ടായിരുന്നു. കരയുന്ന ഊർമ്മിളയെ ആശ്വസിപ്പിച്ചുകൊണ്ട് മായയും ബെഡിനരികിൽ ഇരുന്നിരുന്നു. ഒരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ എന്താണ് നടന്നതെന്ന് ഓർമിച്ചെടുത്ത അവൾ പിടഞ്ഞെണീറ്റു.

” മോളേ എവിടെ പോകുവാ ? ”

ബെഡിൽ നിന്നുമിറങ്ങി പുറത്തേക്ക് ഓടാൻ തുനിഞ്ഞ അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് മായ ചോദിച്ചു.

” എനിക്കെന്റെ മഹിയേട്ടനെ കാണണം. എന്നെ വിട്……. ”

അവരുടെ കയ്യിൽ കിടന്ന് കുതറി നിലവിളിച്ചുകൊണ്ട് അവൾ പറഞ്ഞു. അവരുടെ സമാധാനവാക്കുകളൊന്നും അവളെ ശാന്തമാക്കാൻ പോന്നതായിരുന്നില്ല. കയ്യിലെ ഡ്രിപ് വലിച്ച് ഊരി പുറത്തേക്ക് ഓടുമ്പോൾ അവളുടെ കയ്യിൽ നിന്നും രക്തം ചീറ്റിയൊഴുകിക്കോണ്ടിരുന്നു.

” അച്ഛാ എനിക്കെന്റെ മഹിയേട്ടനെ ഒന്ന് കാണണം. എന്നെയൊന്ന് കാണിക്കാൻ പറയച്ഛാ…… ”

ICU വിന് മുന്നിൽ നിന്ന രാജീവനെ പിടിച്ചുലച്ചുകൊണ്ട് മാനസ പൊട്ടിക്കരഞ്ഞു. സമനില തെറ്റിയവളെപ്പോലെ അലറിക്കരയുന്ന അവളെ ചേർത്തുപിടിച്ച അയാളുടെ കണ്ണുകളിലും നീർപൊടിഞ്ഞു.

ഉള്ളിലേക്ക് കയറുമ്പോൾ ബെഡിൽ കിടന്നിരുന്ന മഹിയെക്കണ്ട് അവളുടെ തേങ്ങലിന്റെ ശബ്ദം കൂടി. മുറിവുകൾ പൊതിഞ്ഞിരുന്ന വെളുത്ത കെട്ടുകളിലെല്ലാം രക്തം കിനിഞ്ഞിരുന്നു. എപ്പോഴും കുസൃതിച്ചിരി വിരിഞ്ഞിരുന്ന അവന്റെ മുഖം നിറയെ മുറിവുകളും ചതവുകളുമായിരുന്നു.

” മഹിയേട്ടാ…… ”

അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് ചിലമ്പിച്ച സ്വരത്തിൽ മാനസ വിളിച്ചു.

” അച്ഛാ എന്റെ മഹിയേട്ടൻ കണ്ണ് തുറക്കുന്നില്ല എന്നെ ഒറ്റക്കാക്കി പോയി . ഇങ്ങനെയൊന്നും ആകാതിരിക്കാനല്ലേ എല്ലാം ഉപേക്ഷിക്കാൻ ഞാൻ തയാറായത് ?? ”
രാജീവനെ നോക്കി പദംപറഞ്ഞ് കരയുന്ന അവളോട് എന്തുപറയണം എന്നറിയാതെ നിന്നുരുകുകയായിരുന്നു അയാൾ. മഹിക്കരികിൽ നിന്നും അവളെ പുറത്തേക്ക് കൊണ്ടുവരാൻ അയാൾ നന്നേ ബുദ്ധിമുട്ടി.

കോറിഡോറിലെ കസേരയിൽ രാജീവന്റെ തോളിൽ ചാരിയിരിക്കുന്ന് മയങ്ങുകയായിരുന്ന മാനസ ആരോ ധൃതിയിൽ ഓടുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഡോ. കൈലാസ് ഗ്ലാസ് ഡോർ തള്ളിത്തുറന്ന് അകത്തേക്ക് പോയി. മാനസയുടെ ഉള്ളിൽ ഭയം ഫണം വിടർത്തിയാടി. രാജീവിന്റെ കൈത്തണ്ടയിൽ അവളുടെ നഖങ്ങളമർന്നു. ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ച് അവളെ നെഞ്ചോടമർത്തിപ്പിടിക്കുമ്പോഴും അയാളുടെ നെഞ്ചിടിപ്പ് അവൾ കേൾക്കുമോ എന്ന ഭയം ആ മുഖത്ത് നിഴലിച്ചിരുന്നു.

സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങിക്കോണ്ടിരുന്നു. ഒടുവിൽ ICU വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡോക്ടറുടെ മുഖം പ്രസന്നമായിരുന്നു. പ്രതീക്ഷയോടെ നോക്കുന്ന രാജീവിന്റെ കണ്ണുകളിലെ ഭയവും ആകാംഷയും തിരിച്ചറിഞ്ഞത് പോലെ അദ്ദേഹം പറഞ്ഞു.

” ഇനി പേടിക്കാനൊന്നുമില്ല. മഹേഷിന്റെ നില തൃപ്തികരമാണ്. അയാൾ മരുന്നിനോട്‌ പ്രതികരിച്ചു തുടങ്ങി. ഇനി രണ്ട് മൂന്ന് മാസങ്ങൾക്കൊണ്ട് മഹേഷ്‌ പൂർണമായും റിക്കവറാകും ”

രാജീവിന്റെ തോളിൽ തട്ടി അദ്ദേഹമത് പറയുമ്പോൾ എല്ലാവരിലും ആശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞു. നിറകണ്ണുകളോടെ പുഞ്ചിരിക്കുമ്പോഴും മാനസയുടെ ഉള്ളം കയ്യിൽ താലിമാല അമർത്തിപ്പിടിച്ചിരുന്നു.

———————————————————

” നീയൊന്നിവിടെ വന്നിരിക്ക് മഹീ … ”

ലേബർ റൂമിന് മുന്നിലൂടെ വെപ്രാളത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മഹിയോടായി ഊർമ്മിള പറഞ്ഞു.

” ഇതിപ്പോ പ്രസവിക്കുന്നത് മാനസചേച്ചിയാണെങ്കിലും പ്രസവവേദന മഹിയേട്ടനാണല്ലോ ആന്റി ”

ഊർമ്മിളയോടായുള്ള മനീഷയുടെ സംസാരം കേട്ട് മായ മകളെ നോക്കി കണ്ണുരുട്ടി ചിരിച്ചു. ഒരു ചമ്മലോടെ മഹി വേഗം രാജീവിനടുത്തായി കസേരയിൽ വന്നിരുന്നു.

” മാനസയുടെ ആരുണ്ട് ? ”

പുറത്തേക്ക് വന്ന നേഴ്സിനടുത്തേക്ക് മഹി ധൃതിയിൽ ചെന്നു.

” മാനസ പ്രസവിച്ചു പെൺകുഞ്ഞാണ് ”

വെള്ളത്തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ അവന്റെ കയ്യിലേക്ക് വച്ചുകൊടുക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു. കൈ നീട്ടി ആ കുഞ്ഞുശരീരം വാങ്ങി നെഞ്ചോടു ചേർക്കുമ്പോൾ മഹിയുടെ കണ്ണിലും വാത്സല്യം നിറഞ്ഞിരുന്നു.

” മഹിയേട്ടാ ആരാ വരുന്നേന്ന് നോക്കിയേ ”

മിന്നുമോളേ മടിയിൽ വച്ച് കളിപ്പിച്ചു കൊണ്ടിരുന്ന മഹിയെ തട്ടിവിളിച്ച് ഗേറ്റിലേക്ക് നോക്കി മാനസ പറഞ്ഞു. ഗേറ്റ് കടന്ന് വരുന്ന ആളെകണ്ട് അവന്റെ മുഖം ചുവന്നു.

” ഏട്ടൻ ”

ഊർമ്മിളയുടെ അധരങ്ങൾ മൊഴിഞ്ഞു. അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ കുഴിഞ്ഞ് താടിയും മുടിയുമെല്ലാം നരച്ച് പ്രാകൃതമായിരുന്നു.

” ഒന്നും പറയണ്ട മഹിയേട്ടാ പ്രായമായ ആളല്ലേ ”

കുഞ്ഞിനെയും എടുത്ത് എണീറ്റ മഹിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവന്റെ പിന്നിൽ നിന്ന് പതിയെ മാനസ പറഞ്ഞു.

” എന്താ ഇങ്ങോട്ട് പോരാൻ ? ” മഹി.

” നിന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വച്ച് വന്നതാ മോനേ ”

ദയനീയമായി അവനെ നോക്കി അയാൾ പറഞ്ഞു. മാനസയിലും ഊർമ്മിളയിലും സഹതാപം നിറഞ്ഞു. അവരുടെ മനസ്സറിഞ്ഞത് പോലെ മഹി പറഞ്ഞു.

” അമ്മാമേടെ കൊനഷ്ട്ട് ഒക്കെ പുറത്ത് വച്ചിട്ട് കേറിവാ ”

പറഞ്ഞിട്ട് മിന്നുമോളെ മാനസയുടെ കയ്യിലേക്ക് കൊടുത്തിട്ട് അവൻ അകത്തേക്ക് നടന്നു. ദേവന്റെ മുഖം തെളിഞ്ഞു.

” അമ്മയെപ്പോലെ മിടുക്കിയാവണം ”

കുഞ്ഞിന്റെ കവിളിൽ ചുണ്ട് ചേർത്ത് ഒരു ക്ഷമാപണം പോലെ മാനസയെ നോക്കി അയാൾ പറഞ്ഞു. അവളിലും ഒരു ചിരി വിടർന്നു.

” അപ്പോ ചൊവ്വാദോഷക്കാരി ജന്മം കൊടുത്ത എന്റെ മോൾക്ക്‌ ദോഷമൊന്നുമില്ലേ അമ്മാമേ ? ”

അത് കേട്ടുകൊണ്ട് പുറത്തേക്ക് വന്ന മഹി ചോദിച്ചു.

” ഇല്ല മോനേ ജാതകവും ദോഷങ്ങളും പോലെയുള്ള അന്ധവിശ്വാസങ്ങളൊന്നും ഇപ്പൊ എന്റെ മനസ്സിലില്ല. അന്ധവിശ്വാസങ്ങളുടെ പേരും പറഞ്ഞ് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിച്ചവനാ ഞാൻ ഇനിയെങ്കിലും എനിക്ക് ശാന്തമായി , ഒരു മനുഷ്യനായി ജീവിക്കണം. ”

പറഞ്ഞുകൊണ്ട് കൊച്ചരിപ്പല്ല് കാട്ടി ചിരിക്കുന്ന മിന്നു മോളെയും കൊണ്ട് അയാൾ അകത്തേക്ക് നടക്കുമ്പോൾ അന്ധവിശ്വാസങ്ങൾക്കുമപ്പുറമുള്ള സ്നേഹവും വിശ്വാസവും മാത്രമുള്ള പുതിയൊരു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു പാലാഴിവീടും.

( അവസാനിച്ചു )

( മഹിയേയും മാനസയേയും ഹൃദയത്തിലേക്ക് സ്വീകരിച്ച് പ്രതീക്ഷിച്ചത്തിലുമധികം സപ്പോർട്ട് തന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി 💕💕💕💕💕സ്നേഹപൂർവ്വം 💕💕💕

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

ചൊവ്വാദോഷം : ഭാഗം 3

ചൊവ്വാദോഷം : ഭാഗം 4

ചൊവ്വാദോഷം : ഭാഗം 5

ചൊവ്വാദോഷം : ഭാഗം 6

ചൊവ്വാദോഷം : ഭാഗം 7

ചൊവ്വാദോഷം : ഭാഗം 8

Share this story