ഇനിയൊരു ജന്മംകൂടി – PART 10

ഇനിയൊരു ജന്മംകൂടി – PART 10

നോവൽ

******

ഇനിയൊരു ജന്മംകൂടി – PART 10

എഴുത്തുകാരി: ശിവ എസ് നായർ

“ആവണി… ” അലർച്ചയോടെ സുധീഷ് വിളിച്ചു.

കപ്പിലേക്ക് ചായ പകരുകയായിരുന്നു ആവണി.

പിന്നിൽ അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടിതിരിഞ്ഞു.

“എന്താ സുധിയേട്ടാ… ” അമ്പരപ്പോടെ ആവണി ചോദിച്ചു.

“എന്താടി നിന്റെ ഉദ്ദേശം…?? ഇവിടെ കെട്ടിലമ്മയായി കഴിയാമെന്നാണോ നിന്റെ ഭാവം.”

പാഞ്ഞു വന്ന സുധീഷ് കൈവീശി അവളുടെ കരണത്തു ആഞ്ഞടിച്ചു.ചോദ്യവും അടിയും ഒരുമിച്ചു കഴിഞ്ഞു.

ഇടത് കവിളിൽ കൈപൊത്തി ആവണി കാര്യം മനസിലാകാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“എന്തിനാ എന്നെ തല്ലിയത്… ഞാൻ എന്താ ചെയ്തേ…?? എനിക്കൊന്നും മനസിലാകുന്നില്ല സുധിയേട്ടാ… ” അവളുടെ കണ്ണുകൾ നിറഞ്ഞു.

“മനസിലാക്കി തരാം നിനക്ക് ഞാൻ… ” ദേഷ്യത്തോടെ അവൻ പറഞ്ഞു.

“ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്…?? ”

“വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി നീ നിന്റെ പഴയ കാമുകനെ വിളിച്ചു വരുത്തിയതൊക്കെ ഞാൻ അറിഞ്ഞു.

എല്ലാ കാര്യവും അവനോടു നീ പറഞ്ഞു കൊടുത്തതും ഞാൻ അറിഞ്ഞു.എന്നിട്ട് ഒരു കണ്ണീർ നാടകം കൂടി നടത്തി എന്റെ അച്ഛനെയും നീ വശത്താക്കി. ആരോട് ചോദിച്ചിട്ടാടി നീ എന്റെയും ആര്യയുടെയും കാര്യം കൂടി അവനോടു മൊഴിഞ്ഞു കൊടുത്തത്…”

“എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത് സുധിയേട്ടാ…

അഖിലേഷേട്ടനു ഇന്ന് ജോലിയിൽ ജോയിൻ ചെയ്യേണ്ട ദിവസമായിരുന്നു. നമ്മളെ രണ്ടുപേരെയും കണ്ടിട്ട് പോകാൻ കൂടിയാ വന്നത്. അല്ലാതെ പഴയ ബന്ധം പുതുക്കാൻ അല്ല….
ഇവിടെ വരെ വന്നത് കൊണ്ട് നടന്ന കാര്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞുന്നെയുള്ളൂ.. ”

“ആണുങ്ങൾ ആരും വീട്ടിൽ ഇല്ലാത്തപ്പോഴാണോ കാണാൻ വരുന്നത്. അങ്ങനെ വന്നാൽ ആരുമില്ല എന്ന് കണ്ടാൽ തിരിച്ചു പോണം.

അല്ലാതെ അകത്തു കയറ്റി ഇരുത്തി വീട്ടിലെ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അറിയിക്കൽ അല്ല.

ഇനി ഇതൊരു പതിവാകില്ല എന്നാരു കണ്ടു.
നാളെ ഇനി അവനെ നീ ബെഡ്‌റൂമിൽ വിളിച്ചു കയറ്റില്ല എന്ന് എന്താ ഉറപ്പ്… ”

അതുകേട്ടു ആവണി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

“നിങ്ങളുടെ സംസ്കാരം അതായിരിക്കും. അതുകൊണ്ടാ മറ്റുള്ളവരും അങ്ങനെയാണെന്ന് നിങ്ങൾക്ക് തോന്നുന്നത്.

എല്ലാം അറിഞ്ഞു കൊണ്ട് അഖിലേഷേട്ടൻ എനിക്കൊരു ജീവിതം വച്ചു നീട്ടിയിട്ടും ഞാൻ അത് വേണ്ടെന്നു വച്ചത് നിങ്ങളുടെ കൂടെ സുഖിച്ചു ജീവിക്കാമെന്നുള്ള വ്യാമോഹം മനസ്സിൽ വച്ചിട്ടൊന്നുമല്ല.

ഒരു രണ്ടാംകെട്ടുക്കാരിയായി അഖിലേഷേട്ടന്റെ ജീവിതത്തിലേക്ക് കടന്നു പോകാൻ താല്പര്യമില്ലാഞ്ഞിട്ടാ. നിങ്ങളുടെ കൂടെ ഒരു ജീവിതം ഈ ജന്മം ഉണ്ടാവില്ല എന്നെനിക്ക് ഇപ്പൊ ബോധ്യമായി.

കഴിഞ്ഞതെല്ലാം മറന്നു നമുക്ക് ഒരുമിച്ചു ഒരു ജീവിതം തുടങ്ങാം ആവണി. ഞാൻ കാരണം നിനക്കുണ്ടായ നഷ്ടങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് നിങ്ങൾ പറയുമെന്ന് ഞാൻ കരുതി.

പക്ഷെ എനിക്ക് തെറ്റി. നിങ്ങൾ ഒരിക്കലും മാറില്ല.
പിന്നെ ഞാൻ അഖിലേഷേട്ടനോടൊപ്പം പോയാൽ സമൂഹം എന്നെ മോശമായി ചിത്രീകരിക്കും.

ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ പഴി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ഒരു കാര്യം കൂടി…

ഒരു പെണ്ണ് ആണിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശാരീരിക സുഖമല്ല.
മറിച്ചു തന്റെ ഇണയിൽ നിന്നും സ്നേഹത്തോടെയുള്ള തലോടലും…. പ്രശ്നങ്ങളിൽ കൂടെ നിൽക്കാനും… സങ്കടം വരുമ്പോൾ ചേർത്ത് പിടിച്ചു നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞു സമാധാനിപ്പിക്കാനും….എന്തിനും ഏതിനും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന നട്ടെല്ലുള്ള ആണിനെയാ.

ഈ കരുതലും സ്നേഹവും ഒന്നും നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല.അത് കിട്ടാൻ വേണ്ടി മറ്റുള്ളവരെ തേടി പോകുന്ന സ്വഭാവം എനിക്കില്ല. അഖിലേഷേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മരിക്കും വരെ എന്റെ നെഞ്ചിൽ അതൊരു നോവായി തുടരുക തന്നെ ചെയ്യും.

പക്ഷെ വീട്ടിൽ ആളില്ലാത്ത സമയം പഴയ കാമുകനെ വിളിച്ചു വരുത്തി കിടക്ക പങ്കിടുന്ന സ്വഭാവം എനിക്കില്ല….

നിങ്ങളോട് എനിക്കൊരു റെസ്‌പെക്ട് ഉണ്ടായിരുന്നു.ഇപ്പൊ അതുമില്ല. വെറുപ്പ് തോന്നുന്നു നിങ്ങളുടെ ഈ ചിന്താഗതിയോട്….”

“കൊള്ളാം നന്നായിട്ടുണ്ട്…. നന്നായി സംസാരിച്ചു നിൽക്കാനും നിനക്കറിയാം. ഇനി വല്ലവന്റെയും കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട ഗതികേട് വരുവോ എനിക്ക്… ” പുച്ഛത്തോടെ സുധീഷ് പറഞ്ഞു.

“സുധിയേട്ടാ പ്ലീസ്… ഇത്രയും ചീപ്പ് ആവരുത്….
ഇനിയും നിങ്ങളോടു സംസാരിച്ചാൽ ചിലപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞു പോവും….എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നത് കേട്ട് നിൽക്കാൻ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്നു വരില്ല…”

ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം ഉള്ളിലൊതുക്കി അവൾ അവനെ അവഗണിച്ചു കൊണ്ട് മുറിയിലേക്ക് പോയി.

ആ സംഭവം കൂടി ആയപ്പോൾ ആവണിക്ക് സുധീഷിനോട്‌ സംസാരിക്കാൻ തന്നെ തീരെ താല്പര്യമില്ലാതായി.

അവസരം കിട്ടുമ്പോഴൊക്കെ സുധീഷ് അഖിലേഷിന്റെ കാര്യം പറഞ്ഞു അവളെ കുത്തി നോവിക്കുന്നതും പതിവായി.

അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി.
****************************************
അന്നൊരു ഞായറാഴ്ച ആയിരുന്നു.

സുധീഷ് മുകളിലെ തന്റെ മുറിയിൽ ആയിരുന്നു.

രാവിലത്തെ ജോലികൾ എല്ലാം ഒതുക്കിയ ശേഷം അവൾ മുകളിലേക്ക് ചെന്നു.

ആവണി ചെല്ലുമ്പോൾ സുധീഷ് ലാപ്ടോപിൽ ആര്യയുമൊത്തുള്ള പഴയ കാല ഫോട്ടോസ് നോക്കിയിരിക്കുകയായിരുന്നു.

“സുധിയേട്ടാ… എനിക്ക് നിങ്ങളോടൽപ്പം സംസാരിക്കാനുണ്ട്…. ” അവൾ ബെഡിന്റെ അരികിൽ വന്നിരുന്നു.

“എന്താ കാര്യം…?? ” ലാപ്ടോപിൽ നിന്നും മുഖമുയർത്താതെ അവൻ ചോദിച്ചു.

“കാര്യം കുറച്ചു സീരിയസ് ആണ്… ആ ലാപ്ടോപ് കുറച്ചു നേരത്തേക്ക് മാറ്റി വയ്ക്ക്… ”

സുധീഷ് തലയുയർത്തി അവളെ നോക്കി ശേഷം ലാപ്ടോപ് മടക്കി ബെഡിലേക്ക് വച്ചു.

“എനിക്കും നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു… എന്തായാലും ആദ്യം നിനക്ക് പറയാനുള്ളത് കേട്ടിട്ടാവാം ബാക്കി… ”

“നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോ ആറു മാസം കഴിഞ്ഞു. എത്ര നാളെന്നു വച്ചാണ് നമ്മൾ ഇങ്ങനെ കഴിയുക.

ഞാൻ കാരണം അഖിലേഷേട്ടന്റെ ജീവിതം തകരുന്നത് കാണാൻ എനിക്ക് വയ്യ. ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മാത്രമേ അഖിലേഷേട്ടൻ മറ്റൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കുള്ളൂ.

ആര്യ ഇപ്പൊ ഒരു കുഞ്ഞിന് ജന്മം നൽകി അവളുടെ ഭർത്താവിനൊപ്പം സുഖമായി കഴിയുന്നു.

നമുക്കും ഒരു ജീവിതം വേണ്ടേ സുധിയേട്ടാ….
ഈ ജന്മം നിങ്ങൾക്ക് ആര്യയെയോ എനിക്ക് അഖിലേഷേട്ടനെയോ മറക്കാൻ കഴിയില്ല.

നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും എല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ്. ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായി കണ്ടു സമാധാനിക്കാൻ ആണ് എനിക്കിഷ്ടം.

ഒരു ഭർത്താവിൽ നിന്നും ഒരു ഭാര്യ ആഗ്രഹിക്കുന്നത് ഒന്നും നിങ്ങളിൽ നിന്നും വേണമെന്നല്ല ഞാൻ പറഞ്ഞു വരുന്നത്.

ഇനിയെങ്കിലും പരസ്പരം വഴക്കില്ലാതെ നല്ല സുഹൃത്തുക്കളെ പോലെയെങ്കിലും നമുക്ക് കഴിഞ്ഞൂടെ.
പരസ്പരം വിഷമങ്ങൾ പങ്കു വച്ചു അന്യോന്യം സമാധാനിപ്പിച്ചു കൊണ്ട് ഇനിയങ്ങോട്ട് കഴിഞ്ഞൂടെ.

ഇനിയും എന്തിനാ ഈ വാശിയും ദേഷ്യവും….
എല്ലാം മതിയാക്കിക്കൂടെ. ഒരു വിട്ടുവീഴ്ചയ്ക്ക് ഞാൻ ഒരുക്കമാണ് സുധിയേട്ടാ….എന്താ നിങ്ങളുടെ അഭിപ്രായം…. ”

“കഴിഞ്ഞോ നിനക്ക് പറയാനുള്ളത്…. എങ്കിൽ ഇനി എനിക്ക് പറയാനുള്ളത് പറയട്ടെ ഞാൻ… ”

“ഉം പറഞ്ഞോളൂ… ” പ്രതീക്ഷയോടെ അവൾ അവന്റെ മുഖത്തേക്കു നോക്കി.

“നമുക്ക് പിരിയാം ആവണി. നിന്റെ ജീവിതം ഞാൻ നശിപ്പിച്ചുവെന്ന് ഒരു നൂറാവർത്തി നീ എന്നോട് പറഞ്ഞു കഴിഞ്ഞു.

അപ്പോഴേ ഞാൻ മനസ്സിൽ വിചാരിച്ചു ഇനി ഈ ബന്ധം മുന്നോട്ടു കൊണ്ട് പോയിട്ട് കാര്യമില്ലെന്ന്…
നീ ഇപ്പോൾ പറഞ്ഞ കാര്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്ക് കഴിയില്ല.

ശരിക്കും മടുത്തു എനിക്ക്.ഏത് നേരത്താണോ എനിക്ക് നിന്നെ കെട്ടാൻ തോന്നിയത്. അതുകൊണ്ടല്ലേ ഇപ്പോ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്. ഉള്ള സമാധാനം ഞാൻ ആയിട്ട് കളഞ്ഞു.

എപ്പോഴും നീ പറയില്ലേ നിന്റെ ജീവിതം ഞാൻ നശിപ്പിച്ചുവെന്ന്. ഇനി ആ പരാതി വേണ്ട. അഖിലേഷ് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ലല്ലോ…
നിനക്കിനിയും അവസരമുണ്ട്…. ഞാൻ കാരണം നിനക്ക് നഷ്ടമായതൊക്കെ തിരിച്ചു പിടിക്കാൻ സാധിക്കും. ഇപ്പോഴും താമസിച്ചു പോയിട്ടില്ല… ”

“സുധിയേട്ടാ…. ” ഞെട്ടലോടെ ആവണി വിളിച്ചു.

“എനിക്ക് കുറച്ചു സമാധാനം വേണം. നീ എന്റെ ലൈഫിൽ വന്നതോടെ എല്ലാം പോയി.വഴക്ക് കൂടി എനിക്കും മതിയായി. എന്തുകൊണ്ടും നല്ലത് പിരിയുന്നത് തന്നെയാ.

ഇതുവരെ നിന്റെ നേർക്ക് തെറ്റായ ഒരു നോട്ടം പോലും എന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലല്ലോ. ഇങ്ങോട്ട് നീ എങ്ങനെയാണോ വന്നത് അതുപോലെ തന്നെയാ ഇപ്പോഴും…
ഡിവോഴ്സ് കിട്ടി കഴിഞ്ഞാൽ നിനക്ക് നിന്റെ കാമുകനൊപ്പം സുഖമായി ജീവിക്കാലോ …. ”

“നന്നായി ആലോചിച്ചിട്ട് തന്നെയാണോ ഈ തീരുമാനം എടുത്തത്… ” നടുക്കം വിട്ട് മാറാതെ ആവണി ചോദിച്ചു.

“അതെ… നന്നായി ആലോചിച്ചു തന്നെയാ. ഇനി നിന്റെ ഈ ഒടുക്കത്തെ പൂങ്കണ്ണീരും കുത്തുവാക്കും കേൾക്കണ്ടല്ലോ… ”

“ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളെന്നെ കൊണ്ട് പറയിച്ചതാണ്.
അഖിലേഷേട്ടനെയും എന്നെയും ചേർത്ത് നിങ്ങൾ എന്തൊക്കെ പറഞ്ഞു. അത് കേട്ടു ക്ഷമ നശിച്ചിട്ടാ ഞാൻ തിരിച്ചു പറഞ്ഞത്.

പിന്നെ നിങ്ങളിപ്പോ പറഞ്ഞല്ലോ പിരിയാം എന്ന്. എത്ര എളുപ്പം നിങ്ങളത് പറഞ്ഞു. നിങ്ങൾ തന്നെയാണ് എന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിട്ടത്. ഇപ്പോ ഡിവോഴ്സ് ചെയ്യാന്നും പറഞ്ഞു. എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

പക്ഷെ ആവണിക്കിനിയൊരു ജീവിതം ഉണ്ടാവില്ല.
ഒരു സമയം അഖിലേഷേട്ടനൊപ്പമൊരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു.അത് ഇല്ലാതാക്കിയത് നിങ്ങളാ. ഇനി എനിക്ക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഡിവോഴ്സ് ചെയ്യുന്നതെന്ന് പറഞ്ഞു ആ പഴി കൂടി എന്റെ മേൽ വയ്ക്കരുത്.

എല്ലാം നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് എനിക്കൊന്നും പറയാനില്ല. പിരിയാൻ എനിക്കും സമ്മതമാണ്… ”

“നാളെ രാവിലെ റെഡി ആയിക്കോ.നാളെ തന്നെ നമുക്കൊരു അഡ്വക്കേറ്റിനെ പോയി കാണാം…. ”

“അങ്ങനെ തന്നെ നടക്കട്ടെ കാര്യങ്ങൾ… ”

ആവണി എഴുന്നേറ്റു താഴേക്കു പോയി.
മുറിയിലെത്തിയതും ബെഡിൽ വീണവൾ പൊട്ടി കരഞ്ഞു.
****************************************
രാവിലെ തന്നെ ആവണിയും സുധീഷും അഡ്വക്കേറ്റ് ഹരിശങ്കറിനെ കാണാനായി പുറപ്പെട്ടു.

യാത്രയിലുട നീളം ഇരുവരും ഒന്നും മിണ്ടിയില്ല.

ഒടുവിൽ സുധീഷിന്റെ കാർ അഡ്വക്കേറ്റിന്റെ ഓഫീസ് കെട്ടിടത്തിനു മുന്നിൽ വന്നു നിന്നു.

ഡോർ തുറന്നു ആവണിയും സുധീഷും ഇറങ്ങി.
ശൂന്യമായ മനസോടെ അവൾ അവനു പിന്നാലെ ചുവടുകൾ വച്ചു.

അഡ്വക്കേറ്റ് ഹരിശങ്കറിനു മുന്നിൽ കുനിഞ്ഞ ശിരസ്സുമായി ആവണി നിശബ്ദം ഇരുന്നു.

സുധീഷ് അഡ്വക്കേറ്റിനോട്‌ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമല്ലേ ആയുള്ളൂ… ” അഡ്വക്കേറ്റ് ഹരിശങ്കർ ചോദിച്ചു.

“അതെ സർ… ” സുധീഷ് മറുപടി പറഞ്ഞു.

“ഒരു വർഷം കഴിഞ്ഞാൽ മാത്രമേ കുടുംബ കോടതിയിൽ ഡിവോഴ്സിനു അപേക്ഷിക്കാൻ കഴിയു. നിങ്ങൾ രണ്ടു പേരും പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് നമുക്ക് എന്തായാലും പെറ്റീഷൻ തയ്യാറാക്കി വയ്ക്കാം. ആറു മാസം കൂടി കഴിഞ്ഞാൽ കോടതിയിൽ സമർപ്പിക്കാം.

മൂന്നു കൗൺസിലിംഗ് ഒക്കെ ഉണ്ടാകും. നന്നായി ആലോചിച്ചു വേണം തീരുമാനം എടുക്കാൻ. എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്… ”

“നന്നായി ആലോചിച്ചു തന്നെയാണ് സാർ ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്….എത്രയും പെട്ടന്ന് തന്നെ എല്ലാം ശരിയാക്കി തരണം.
എത്ര ചിലവായാലും കുഴപ്പമില്ല…”

“താനെന്താ ഒന്നും മിണ്ടാത്തത്…. തനിക്കു ബന്ധം പിരിയുന്നതിനോട്‌ താല്പര്യകുറവുണ്ടോ…?? ” അഡ്വക്കേറ്റ് ആവണിയോട് ചോദിച്ചു.

ആവണി മുഖമുയർത്തി അയാളെ നോക്കി.

“എനിക്ക് സമ്മതമാണ് സർ. എല്ലാം നിങ്ങൾ തീരുമാനിച്ചുക്കൊള്ളൂ. എനിക്കിതിൽ അഭിപ്രായം പറയാൻ അറിയില്ല…. ഡിവോഴ്സ് ചെയ്യാൻ എനിക്കൊരു താല്പര്യക്കുറവുമില്ല….” ആവണി ഉറച്ച സ്വരത്തിൽ പറഞ്ഞു.

“രണ്ടു പേർക്കും എതിർപ്പൊന്നുമില്ലെങ്കിൽ ആറു മാസം കഴിഞ്ഞാൽ ഒരു മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നമുക്ക് കോടതിയിൽ സമർപ്പിക്കാം….

പെറ്റീഷൻ എഴുതി തയ്യാറാക്കിയ ശേഷം ഞാൻ നിങ്ങളെ അറിയിക്കാം. രണ്ടു പേരും വന്നു സൈൻ ചെയ്തോളു. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് സ്പീഡപ്പാക്കാം… ”

“ശരി സർ… ” സുധീഷ് പറഞ്ഞു.

അഡ്വക്കേറ്റിനോട്‌ സംസാരിച്ചു കഴിഞ്ഞ ശേഷം ഇരുവരും പുറത്തിറങ്ങി.

“എന്നെ കൊച്ചച്ചന്റെ വീട്ടിൽ ഇറക്കുമോ. അച്ഛമ്മ അവിടെയാ ഉള്ളത്. എന്റെ വീട്ടിൽ നിന്നും അച്ഛമ്മയെ എന്റെ വിവാഹം കഴിഞ്ഞപ്പോൾ കൊച്ചച്ചൻ തിരിച്ചു കൊച്ചച്ചന്റെ വീട്ടിലേക്ക് കൊണ്ട് പോയിരുന്നു.

എനിക്ക് അച്ഛമ്മയെ ഒന്ന് കാണണമായിരുന്നു. എന്നെ അവിടെ ഇറക്കിയാൽ മതി. തിരികെ ഞാൻ ഓട്ടോയിൽ വന്നോളാം… ”

മടക്ക യാത്രയിൽ ആവണി സുധീഷിനോട്‌ പറഞ്ഞു.

“ആ ശരി… ”

സുധീഷ് അവളെ ഗണേശൻ കൊച്ചച്ചന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിയ ശേഷം കമ്പനിയിലേക്ക് പോയി.

ശൂന്യമായ മനസോടെ ആവണി ഗണേശന്റെ വീട്ടിലേക്ക് നടന്നു.

അവിടെ അവളെ വരവേറ്റത് നടുക്കുന്ന സത്യങ്ങളായിരുന്നു.

തുടരും
ശിവ എസ് നായർ

(കഥ ക്ലൈമാക്സ്‌ അടുക്കുകയാണ്…..ഇന്നലെ കഥ പോസ്റ്റ്‌ ചെയ്യാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു. കണ്ണ് വേദന ആയത് കൊണ്ട് ഫോണിൽ നോക്കിയിരുന്നു ടൈപ്പ് ചെയ്യാൻ പ്രയാസമായിരുന്നു… )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

ഇനിയൊരു ജന്മംകൂടി – ഭാഗം 6

ഇനിയൊരു ജന്മംകൂടി – ഭാഗം 7

ഇനിയൊരു ജന്മംകൂടി – ഭാഗം 8

ഇനിയൊരു ജന്മംകൂടി – ഭാഗം 9

Share this story