നയോമിക – PART 12

നയോമിക – PART 12

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

“എന്ത് പറ്റിചേച്ചീ ”
നയോമി സംശയത്തോടെ നിർമയിയെ നോക്കി.

ചോദ്യത്തിന് മറുപടിയായ് എന്ത് പറയണം എന്നറിയാതെ നിർമ്മയി നിന്നു.
പിന്നെ നയോമിയുടെ തോളിലേക്ക് തല ചായ്ച്ച് പൊട്ടിക്കരഞ്ഞു.

നയോമി ആകെ അന്ധാളിച്ചു പോയി.

പക്ഷേ നിർമ്മയിയുടെ കണ്ണീര് അവളുടെ സംശയം ശരി വെക്കുന്നതായിരുന്നു. പക്ഷേ എങ്ങനെ…. അലോചിച്ചപ്പോൾ നയോമിയുടെ നെഞ്ച് പുകഞ്ഞു.

” ചേച്ചീ ”
അവൾ പതിയെ വിളിച്ചു.
നിർമ്മയി പക്ഷേ അനങ്ങിയില്ല..

അവൾ നിർമ്മയിയെ തന്റെ തോളിൽ നിന്നും അടർത്തിമാറ്റി.
തല കുനിച്ച് നിക്കുകയായിരുന്ന അവളുടെ താടി പിടിച്ചുയർത്തി …

“എന്ത് പറ്റി മോളേ ”

ഒരമ്മയുടെ വാത്സല്യത്തോടെ നയോമി നിർമ്മയിയെ നോക്കി.

” ചേച്ചി വാ.. നമുക്ക് പറമ്പിലോട്ടൊന്നിറങ്ങാം…. അമ്മാ ഞങ്ങൾ പുറത്തുണ്ട് ട്ടോ…”

റൂമിൽ കിടക്കുകയായിരുന്ന നിർമ്മലയോട് അവൾ വിളിച്ചു പറഞ്ഞു.

പാടത്തേക്ക് നടക്കുന്നതിനിടയിൽ രണ്ട് പേരും ഒന്നും മിണ്ടിയില്ല.
രാഘവന്റെ മരണശേഷവും നയോമി ദിവസവും വന്ന് വെള്ളവും വളവും നൽകുന്നത് കൊണ്ട് വെണ്ടയും പടവലവും ചീരയും പയറുമൊക്കെ പാടത്ത് വിളഞ്ഞ് നിന്നിരുന്നു.

പാടത്തിന് അരികിലായി രാഘവന് വിശ്രമിക്കാൻ വേണ്ടി ഉണ്ടാക്കിയ താൽക്കാലിക ഷെഡിലേക്കാണ് നയോമി നിർമ്മയി കൊണ്ട് പോയത്.

” ഇവിടിരിക്ക് ചേച്ചീ ”

അവിടുണ്ടായിരുന്ന പൊടിയൊക്കെ ചൂലെടുത്ത് തട്ടിക്കളഞ്ഞു നയോമി ചേച്ചിക്ക് ഇരിപ്പിടം ഒരുക്കി.

” ഇനി പറ.. എന്താ ന്റെ കുട്ടിക്ക് പറ്റിയത് ”

നിർമ്മയി വീണ്ടും കരയാൻ തുടങ്ങി.
അവളുടെ മനസ്സിലെ വിഷമങ്ങൾ മുഴുവൻ കരഞ്ഞ് തീർക്കട്ടെ എന്നോർത്ത് നയോമി കാത്തിരുന്നു.

ഒടുവിൽ കരഞ്ഞ് കൊണ്ട് തന്നെ കഴിഞ്ഞതൊക്കെ നിർമ്മയി അവളോട് പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നയോമി ആകെ തകർന്ന് പോയി.

” എന്റീശ്വരാ എന്തിനാ ഞങ്ങളോടീ ക്രൂരത ”
അവൾ നെഞ്ചിൽ കൈവെച്ച് കരഞ്ഞു… എങ്കിലും പെട്ടെന്ന് തന്നെ അവൾ സമനില വീണ്ടെടുത്തു.

”ചേച്ചി ഇതാരോടും പറയണ്ട… അമ്മയോട് പ്രത്യേകിച്ചും…. ഈ അവസ്ഥയിൽ ഇതൊക്കെ അറിഞ്ഞാൽ നമുക്ക് അമ്മയെ കൂടി നഷ്ടപെടും”

“എങ്കിലും എത്രകാലം നമുക്കിത് മറച്ച് വെക്കാൻ പറ്റും മോളേ ”
എന്നായാലും എല്ലാവരും ഇതൊക്കെ അറിയില്ലേ….. എനിക്കിനി ജീവിക്കണ്ട മോളേ ”

അവൾ വീണ്ടും പൊട്ടിക്കരഞ്ഞു.

” ചേച്ചീ ഇവിടെ നോക്ക്…. ചേച്ചിക്കൊന്നും സംഭവിച്ചിട്ടില്ല…. ഞാനല്ലേ പറയുന്നത്.. ഞാനുണ്ട് കൂടെ.. എന്ത് വേണമെന്ന് നമുക്കാലോചിച്ച് തീരുമാനിക്കാം…. അതിനിടയിൽ എന്റെ മോള് അബദ്ധമൊന്നും കാണിക്കല്ലേ… പ്ലീസ്”…
നയോമി അവളുടെ കൈ രണ്ട് കൂട്ടി പിടിച്ചു.

” ഇത് അത് തന്നെയാണോന്ന് നമുക്കുറപ്പില്ലല്ലോമോളേ… എന്ത് വേണമെന്ന് എനിക്കറിയാം… നീ എനിക്ക് കുറച്ച് സമയം താ…. ”

നിർമ്മയി ഒന്നും മിണ്ടിയില്ല.

“അവിവേകം ഒന്നും കാണിക്കില്ലെന്ന് എനിക്ക് സത്യം ചെയ്യ് ”

ഒരു നിമിഷം ആലോചിച്ചതിന് ശേഷം നയോമിയുടെ കൈകളിൽ സ്വന്തം കൈപ്പത്തി വെച്ചു നിർമ്മയി.

” എണിക്ക് ചേച്ചീ…. നമുക്ക് പോകാം…. നമ്മളെ കാണാൻ വൈകിയാൽ അമ്മ പേടിക്കും”

വേവുന്ന മനസ്സുമായി ചേച്ചിയും അനിയത്തിയും തണുത്ത കാറ്റ് വീശുന്ന ആ പാടത്തൂടെ നടന്നു…. അവരുടെ മനസ്സിലെ തീ അണക്കാൻ ഒരു തണുപ്പിനും കഴിയുമായിരുന്നില്ല.

*************************************

നിർമ്മയിയുടെ അവസ്ഥ മനസ്സിലിട്ട് ചിന്തിച്ച് വക്കീൽ നോട്ടീസിന്റെ കാര്യം നയോമി മറന്ന് പോയിരുന്നു.

ടി വി ക്ക് സമീപമായി വെച്ചിരുന്ന വക്കീൽ നോട്ടീസ് സ്കൂൾ വിട്ട് വന്ന ഉണ്ണിയാണ് വീണ്ടും അവളുടെ കയ്യിൽ എടുത്ത് കൊടുത്തത്.

രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോഴാണ് നയോമിഅതേപ്പറ്റി നയോമി എല്ലാവരോടും സംസാരിക്കുന്നത്…. എന്താണെന്ന് വെച്ചാൽ നീ ആലോചിച്ച് ചെയ്എന്ന് പറഞ്ഞ് നിർമ്മല എണീറ്റ് പോയി.. പിന്നാലെ നിർമ്മയിയും….

പിറ്റേന്ന് അവൾ ടൗണിൽ പോയി ഒരു വക്കീലിനെ കണ്ടു.

നഷ്ടപരിഹാരം നൽകി കേസ് ഒത്ത് തീർപ്പാക്കുന്നതായിരിക്കും നല്ലതെന്ന് വക്കീലും അവളെ ഉപദേശിച്ചു.

വീടും സ്ഥലവും വിറ്റ് നഷ്ടപരിഹാരം നൽകാമെന്ന് അവൾ നിർമലയോട് പറഞ്ഞു. അവർക്കൊന്നിലും ഒരഭിപ്രായം ഉണ്ടായിരുന്നില്ല.

അവൾ തന്നെ ബ്രോക്കറെ ഏർപ്പെടുത്തി കച്ചവടത്തിനുള്ള ഏർപ്പാട് നടത്തി. വിൽപന വളരെ പെട്ടെന്ന് നടത്തി അത് കൊണ്ട്
തന്നെ അവരുദ്ദേശിച്ച വില വസ്തുവിന് കിട്ടിയില്ല.

വീട് വിൽപന നടത്തിയെങ്കിലും അവിടെ തന്നെ വാടകക്ക് താമസിക്കാനുള്ള അനുമതി നയോമി ആദ്യമേ വാങ്ങിച്ചിരുന്നു.

വിൽപന നടത്തിയതിന്റെ പിറ്റേന്നാൾ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് പോകാൻ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്ത് വരുമ്പോൾ നയോമി പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്ന ഒരു കിറ്റ് കൂടി വാങ്ങി… ആരും കാണാതെ അത് നിർമയിയെ ഏൽപിക്കുമ്പോൾ നയോമിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു.

‘”നോക്ക് ചേച്ചീ പോസിറ്റീവ് ആണെങ്കിൽ വേണ്ടത് ഞാൻ ചെയ്തോളാം…. ചേച്ചി ടെൻഷനാകരുത് ”

സമ്മതമെന്നർത്ഥത്തിൽ നിർമ്മയി തലയാട്ടി.
*******************************

പിറ്റേന്ന് വൈകുന്നേരം നയോമി തിരുവനന്തപുരത്തെത്തിയെങ്കിലും അന്ന് അവൾക്ക് പ്രോഗ്രാമിന്റെ സംഘാടകരെകാണാൻ കഴിഞ്ഞില്ല…

യാത്രി നിവാസിൽ അന്നവൾ റൂമെടുത്തു.

പിറ്റേന്ന് സംഘാടകരെ കണ്ട് , ബാധ്യതകളെല്ലാം തീർത്തെന്ന് എഴുതി വാങ്ങി അവൾ നാട്ടിലേക്ക് യാത്ര തിരിച്ചു.

വൈകുന്നേരത്തെ ട്രയിനിന് പുറപ്പെട്ടത് കൊണ്ട് പുലരുന്നേന് മുൻപേ അവൾ നാട്ടിലെത്തി.

പക്ഷേ നാട്ടിലെത്തിയ നയോമിയെ എതിരേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

നയോമിക – ഭാഗം 9

നയോമിക – ഭാഗം 10

നയോമിക – ഭാഗം 11

Share this story