നിലാവിനായ് : PART 2

നിലാവിനായ് : PART 2

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ദേവ്നി…. come to my office now…” ദേവ്നി തന്റെ കയ്യിലെ പ്രോജക്ട് മുറുകെ പിടിച്ചു.. പ്രിൻസിപ്പിൾ രവീന്ദ്രൻ സർ കാബിൻ തുറന്നു അകത്തേക്ക് കടന്നു ഒപ്പം മാധവ് മേനോനും പുറകെ ജീവനും. ജീവൻ ഡോറിൽ പിടിച്ചു ദേവ്നിയെ ഒന്നു തിരിഞ്ഞു നോക്കി… “ഇയാളിപ്പോ നോക്കി പേടിപ്പിച്ചിട്ടു ഒരു കാര്യവുമില്ല… ഈ ദേവ്നി ഇങ്ങനെ തന്നെയാ…” മനസിൽ പറഞ്ഞുകൊണ്ട് ജീവനുനേരെ ചുണ്ട് കോട്ടി… ദേവ്നിയും അകത്തേക്ക് കടന്നു. “ദേവ്നി… എന്തൊക്കെയാണ് താൻ ഇവിടെ കാണിച്ചത്. ഒരു യുവാവിനെ ഇത്രക്കും ക്രൂരമായി ക്ഷതമേൽപ്പിക്കാൻ എന്താ കാരണം. ഇതു അവസാന വർഷവും ഇനി എഴുതാൻ പോകുന്നത് അവസാന പരീക്ഷയും ആണെന്നുള്ള ബോധമുണ്ടോ കുട്ടിക്ക്… താൻ ഇപ്പൊ ചെയ്തതിൽ അവൻ തനിക്കെതിരെ കംപ്ലൈൻറ് തന്നാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല….” രവീന്ദ്രൻ സർ വളരെ ഗൗരവത്തിലാണ്… ദേവ്നി അപ്പോഴും തല നിവർത്തി പിടിച്ചു തന്നെ അവരെ അഭിമുഗീകരിച്ചു നിന്നു.

“തന്റെ നിൽപ്പിൽ പോലും അഹങ്കാരമാണല്ലോ കുട്ടി” അവളുടെ കൂസലില്ലായ്മ കണ്ടു രവീന്ദ്രൻ സാറിനു ദേഷ്യം തലക്ക് മുകളിൽ പുകയുന്നുണ്ടായിരുന്നു. “എന്റെ തല കുനിയാൻ മാത്രം തെറ്റു ഞാൻ ചെയ്തിട്ടില്ല. സത്യവും ശരിയും എന്റെ ഭാഗത്തു ഉള്ളിടത്തോളം ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല സർ. സാർ ഇപ്പൊ പറഞ്ഞ കംപ്ലൈൻറ് പോലും എനിക്ക് ഒരു പ്രശ്നമല്ല” അവളുടെ ശൗര്യമേറിയ വാക്കുകൾ കേട്ടു രവീന്ദ്രൻ സർ കസേരയിലേക്ക് ഒന്നുകൂടെ ചാരി ഇരുന്നു… അവളെ രൂക്ഷമായി നോക്കി… “ഇതിന്റെ പ്രഘ്യാതം തന്റെ പ്രോജക്ട് റീജക്ടു ചെയ്തു കൊണ്ടായാലോ” ഒരു വിജയീ ഭാവമായിരുന്നു ആ സമയം അയാൾക്ക്. “എന്റെ ഭാഗം കേൾക്കാതെ നിങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്താൽ എനിക്കൊന്നുമില്ല… റീജക്ടു ചെയ്‌തോളൂ…” അതും പറഞ്ഞു അവൾ മേലെ കറങ്ങുന്ന ഫാനിന്റെ സ്പീഡ് നോക്കി നിന്നു… മാധവ് മേനോൻ തല കുമ്പിട്ടിരുന്നു… തന്റെ ചുണ്ടിലൂറിയ ചിരി മറയ്ക്കാനായിരുന്നു അതു. “നീയെന്താ മെപ്പോട്ടു നോക്കി നിൽക്കുന്നെ”

പരമാവധി ദേഷ്യത്തിൽ തന്നെയായിരുന്നു രവീന്ദ്രൻ സർ. “അല്ല ഇത്ര സ്പീഡിൽ കറങ്ങിയിട്ടും വല്ലാത്ത ചൂട്… സഹിക്കുന്നില്ല” ദേവ്നി പറഞ്ഞു കൊണ്ടു തന്നെ തന്റെ കൈ പത്തി വിശറി ആക്കിയിരുന്നു. അവളുടെ കൂസലില്ലായ്മ കണ്ടു ജീവനും ചിരി കടിച്ചു പിടിച്ചു നിന്നു. മാധവ് മേനോൻ അവളെയൊന്നു നോക്കി. ആ നിമിഷം അവളുടെ കണ്ണുമയാളിൽ പതിഞ്ഞു… മാധവ് മേനോന്റെ കണ്ണുകളിൽ വാത്സല്യത്തിനു പകരം ഒരു കുറ്റബോധമോ മറ്റോ ആയിരുന്നെന്ന് അവൾക്കു തോന്നി… തോന്നൽ അല്ലലോ… ഒരുതരത്തിൽ അതൊരു സത്യമല്ലേ… കണ്ണുകൾ തുളുമ്പി നിൽക്കുമെന്ന് തോന്നിയ നിമിഷം അവൾ തല വെട്ടിച്ചു നോട്ടം രവീന്ദ്രൻ സാറിലേക്ക് തിരിച്ചു. ഒരിക്കലും കണ്ണുനീർ കാണിച്ചു പോലും ഞാൻ തോൽക്കില്ലെന്നൊരു വാശി അവളിലുണ്ടായിരുന്നു. “ഇന്നലെ ആയിരുന്നല്ലോ പ്രോജക്ട് സബ്മിഷൻ അവസാന ദിവസം… എന്തേ കണ്ടില്ല… ഈ ഒരൊറ്റ കാരണം മതി ഇതു റീജക്ടു ചെയ്യാൻ”

രവീന്ദ്രൻ സാറും കുഞ്ഞി കുട്ടികളെ പോലെ വാശിയോടെ പറഞ്ഞു… “അയ്യോ.. റീജ്ക്ഷൻ എന്നൊക്കെ പറഞ്ഞു അങ്ങു കൊതിപ്പിക്കല്ലേ സാറേ… ഞാൻ ഇന്ന് ഇവിടെ വന്നിട്ടുണ്ടെങ്കി പ്രോജക്ട് സബ്മിറ്റ് ചെയ്തിട്ടെ പോകൂ…. ഒരാളും അതു റീജക്ടു ചെയ്യാൻ പോകുന്നില്ല”… “എന്നെ വെല്ലുവിളിക്കുവാണോ… നിനക്ക് അറിയില്ലേ എന്റെ പൊസിഷൻ… ഞാൻ വിചാരിച്ചാൽ…” രവീന്ദ്രൻ സാറിനെ പറയാൻ സമ്മതിക്കാതെ ദേവ്നി ഇടയിൽ കയറി… “സാർ വിചാരിക്കില്ലലോ… അങ്ങനെ വിചാരിച്ചാൽ കോളേജിന് നഷ്ടമാകുന്നത് ആദ്യ ഫർസ്റ്റ് റാങ്ക് അല്ലെ… സാർ പ്രിൻസി ആയിരിക്കുന്ന കോളേജിൽ ഫർസ്റ്റ് റാങ്ക്… ടോപ്പ് സ്കോർ ഇതൊക്കെ ഒരു സ്വപ്നം അല്ലെ… സാർ ഇപ്പൊ ആ സ്വപ്നത്തിന്റെ പടി വാതിലിൽ നിൽക്കുവല്ലേ… അതു സാർ തന്നെ നശിപ്പിക്കുമെന്ന് തോന്നുന്നില്ല” ദേവ്നി പറഞ്ഞു കൊണ്ടു കണ്ണുകൾ കുരുക്കി രവീന്ദ്രൻസാറിനെ നോക്കി… “ഡി..ഡി കാന്താരി… മോളെ… അപ്പൊ ഞാൻ ഉറപ്പിക്കട്ടെ ഒരു റാങ്ക്” “ആഹാ… അപ്പൊ സാറിനു എന്റെ പ്രോജക്ട് റീജെക്ട ചെയ്യേണ്ടേ”

“ഞാൻ തലപ്പത്തു ഇരിക്കുമ്പോ ഒരു റാങ്ക് വെറുതെ കളയുന്നതെന്തിനാ… പിന്നെ ഇന്ന് അശ്വിനോട് ചെയ്തത്… നീ ചുമ്മാ അവനെ അങ്ങനെ ചെയ്യില്ലെന്ന് അറിയാം… എങ്കിലും അവരുടെ ഭാഗത്തു നിന്നു എന്തെങ്കിലും പരാതി കിട്ടും മുന്നേ നീ ഒരു പരാതി അവനെതിരെ എഴുതി തന്നെക്കു… ബാക്കി ഞാൻ നോക്കിക്കോളാം. അതു പറയാനാണ് ഇങ്ങോട്ട് വിളിപ്പിച്ചത്”. രവീന്ദ്രൻ സാറിന്റെ മറുപടിയിൽ പൂർണ്ണ തൃപ്തയായി ദേവ്നി. അയാൾക്കൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവിടെയിരുന്നു കൊണ്ടു തന്നെ അവൾ പരാതി എഴുതാൻ തുടങ്ങി. “എന്താ ദേവു പ്രോജക്ട് അത്ര ബുദ്ധിമുട്ടു ഉള്ളതായിരുന്നോ… ഇത്രയും ലേറ്റ് ആയി സബ്മിറ്റ് ചെയ്യാൻ… എല്ലാ കാര്യത്തിലും ഒരു വിധം കൃത്യ സമയം പാലിക്കുന്നതാണല്ലോ നീയ്” ദേവ്നി തലയുയർത്തി നോക്കാതെ പരാതി എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൾ മറുപടി പറഞ്ഞു തുടങ്ങി.

“എന്റെ ബാക് ഗ്രൗണ്ട് എന്താണെന്ന് സാറിനു നന്നായി അറിയാമല്ലോ. ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും മറ്റും… സ്വന്തമായി ഒരു ലാപ് ടോപ്പ് അല്ലെങ്കി ഒരു കമ്പ്യൂട്ടർ സിസ്റ്റം ഒന്നുമില്ല. കോളേജിലെ സിസ്റ്റം പിന്നെ കഫെ അങ്ങനെയൊക്കെ അഡ്ജസ്റ് ചെയ്ത ഞാൻ ഇതൊന്നു തീർത്തതു… അതുകൊണ്ടു പറഞ്ഞതിലും ഒരു 24 മണിക്കൂർ താമസിച്ചു പോയി. മനഃപൂർവ്വമല്ലലോ സാർ… ഒന്നു ക്ഷമിക്കൂ” അപ്പോഴേക്കും അവൾ പരാതി എഴുതി തീർത്തു ഒപ്പിട്ടു കൊടുത്തു കൊണ്ടു നിറഞ്ഞ ചിരിയോടെ അവൾ പുറത്തേക്കു ഇറങ്ങി. “തണൽ വീട്ടിൽ സിസ്റ്റം ഇല്ല അല്ലെ…” “ഞാൻ അതു വിട്ടുപോയി രവീന്ദ്ര… ഇന്ന് തന്നെ അതു സെറ്റ് ചെയ്യാം… ലാപ് ടോപ്പ് പുതിയത് ഇപ്പൊ തന്നെ സെറ്റ് ചെയ്യാം” മാധവ് മേനോൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി ജീവന് നേരെ നോക്കി.

ആ നോട്ടത്തിൽ ജീവനറിയാം തനിക്ക് നേരെ പറഞ്ഞ ആജ്ഞ. “അവിടെ… അവിടെ ഒരു ലാപ് ടോപ്പിനെക്കാളും ഒരു ഡെസ്ക്ടോപ്പ് സെറ്റ് ചെയ്യുന്നതല്ലേ നല്ലത്‌. മറ്റു കുട്ടികളും പഠിച്ചു വളരുന്നതല്ലേ… സ്കാനർ വിത് പ്രിന്റർ പിന്നെ ഒരു ഇന്റർനെറ്റ് കണക്ഷൻ കൂടി റേഡിയാക്കാം. ദേവു ഉള്ളതുകൊണ്ട് മിസ് യൂസ് ചെയ്യുമെന്ന പേടിയും വേണ്ടല്ലോ”. ജീവൻ തന്റെ അഭിപ്രായം കൂടി പറഞ്ഞു നോക്കി. “അതു ജീവൻ പറഞ്ഞതു നല്ലൊരു ഓപ്ഷൻ ആയിരിക്കും. അതാ നല്ലത്” രവീന്ദ്രൻ സാർ കൂടി ശരി വച്ചതോടെ ചിരിയോടെ തന്നെ മാധവ് മേനോൻ സമ്മതം അറിയിച്ചു കൊണ്ട് ജീവനെ നോക്കി. അവൻ അപ്പോഴേക്കും മൊബൈൽ എടുത്തു പുറത്തേക്കു നടന്നിരുന്നു… അവൻ അകന്നു പോകുന്നത് മാധവ് മേനോൻ നോക്കി കാണുകയായിരുന്നു… അവന്റെയുള്ളിൽ ഉള്ളത് ഒരു കച്ചവടക്കാരൻ ആണ്…

തനി ബിസിനസ്സ് മാൻ… ഇവനിൽ നിന്നും വേണം ഗൗതം പടിച്ചെടുക്കാൻ… എന്തുകൊണ്ടോ ജീവ എനിക്കറിയില്ല നീയെന്നിൽ മനസുകൊണ്ട് അടുത്താലും … മകനെ പോലെ നിന്നെയൊന്നു ചേർത്തു നിർത്താൻ എന്തുകൊണ്ടോ എനിക്ക് കഴിയുന്നില്ല… ജീവനിൽ പതിഞ്ഞ മാധവ് മേനോന്റെ നോട്ടത്തിൽ ഒരു ക്ഷമാപണം ആയിരുന്നു. മാധവിന്റെ ജീവനിലുള്ള നോട്ടം കണ്ടുകൊണ്ടു തന്നെ രവീന്ദ്രൻ സർ മാധവനോട് ചോദിച്ചു. “പാവമല്ലെടോ അവൻ…” “പാവം തന്നെയാണ്. എങ്കിലും സ്വന്തം മകന്റെ തട്ടു ഉയർന്നു തന്നെയിരിക്കും…” ആ ഒരു ഉത്തരത്തിലുണ്ടായിരുന്നു മാധവ് മേനോന്റെ മനസു. “ഇനി ദേവുട്ടിയുടെ കാര്യത്തിൽ എന്താ തീരുമാനം” “അവൾക്കിനിയും പടിക്കണമെങ്കിൽ പഠിക്കട്ടെ…

അല്ലെങ്കി ജോലി ആണെങ്കി അങ്ങനെ… കമ്പനിയിൽ ന്യൂ എംപ്ലോയ്‌ ഇന്റർവ്യൂ നടക്കുന്നുണ്ട്… അവൾക്ക് അതിൽ താത്പര്യമുണ്ടെങ്കി നമ്മുടെ കമ്പനിയിൽ ജോലി… എന്തായാലും ഗൗതം വരുമ്പോഴേക്കും എല്ലാം ശരിയാക്കണം” “ഞാനും കണ്ടിരുന്നു വാർത്ത. നല്ല തീരുമാനം. അവൻ വരട്ടെഡോ… ഇത്രയും പോപ്പുലർ ആയി നിൽക്കുമ്പോൾ തന്നെ ഇങ്ങനെയൊരു തീരുമാനം.. അവൻ തന്റെ മകൻ തന്നെയാണ്… താൻ ഭാഗ്യം ചെയ്തവനാണ്. തന്റെ മനസു അറിഞ്ഞ മകൻ… മകൻ അല്ല മക്കൾ എന്നു വേണം പറയാൻ. നീ മനസു കൊണ്ടു അംഗീകരിച്ചാലും ഇല്ലെങ്കിലും ഗൗതം നിന്റെ വലംകൈ ആണെങ്കി മറു കൈ പിടിക്കാൻ നീ അനുവധിച്ചാലും ഇല്ലെങ്കിലും ഒരു നിഴൽ പോലെ ജീവൻ കൂടെ തന്നെയുണ്ടാകും” മാധവ് മേനോൻ ഒന്നും മറുപടി പറഞ്ഞില്ല. മാധവിന്റെ അടുത്ത കൂട്ടുകാരനാണ് രവീന്ദ്രൻ.

ഒരു തരത്തിൽ തന്റെ മനസാക്ഷി എന്നു തന്നെ പറയാം. തമ്മിൽ അറിയാത്തതും പറയാത്തതുമായി ഒരു രഹസ്യങ്ങളുമില്ല… അങ്ങനെയൊരു രഹസ്യം കൂടിയാണ് ദേവു… അവരിൽ മാത്രം അറിയുന്ന രഹസ്യം. കോളേജിൽ നിന്നും വന്നതിനു ശേഷം രാത്രിക്കുള്ള എല്ലാവർക്കുമുള്ള ഭക്ഷണമൊക്കെ റെഡിയാക്കി വന്നപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. മെസ് ഹാളിലേക്ക് കടന്നു ഒരു ചായ കുടിക്കാമെന്നു കരുതി. ഉള്ളിലേക്ക് ചെന്നപ്പോൾ ജീവൻ ഒരു പാത്രത്തിൽ കുറച്ചു പലഹാരവും അടുത്തു അവിടെ തന്നെയുള്ള കുട്ടികളുമായി കളിച്ചു ചിരിച്ചു ചായ കുടിക്കുന്നതാണ് കാണുന്നത്. പലപ്പോഴായി കാണുന്നുണ്ട് ഇതുപോലൊരു കാഴ്ച… മാധവ് സർ ഇടക്കിടക്ക് വരാറുണ്ട്…. അതിലേറെ തവണ ജീവൻ സാറും. ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും തന്നിലേക്ക് നീളുന്ന ആ കണ്ണുകൾ മൗനമായി എന്തൊക്കെയോ എന്നോട് സംസാരിക്കാറുണ്ട്… ഒരു പ്രത്യേക വാത്സല്യം നിറഞ്ഞു നിൽക്കാറുണ്ട് ആ കണ്ണുകളിൽ തന്നെ കാണുമ്പോൾ… മാധവ് സാറിന്റെ മറ്റു മക്കളോ …

സൂപ്പർ സ്റ്റാറിന് അറിയുക പോലുമില്ല ഇങ്ങനെയൊരു സ്ഥാപനം അവരുടെ തന്നെ ബിസിനസ്സ് ഗ്രൂപ്പിന് കീഴിലുണ്ടെന്നു… പിന്നെ മകളോ ഭാര്യയോ… ആരും… ആരും തന്നെ ഇവിടേക്ക് ഇതുവരെ ഒന്നു എത്തി നോക്കിയിട്ട് പോലുമില്ല. പറയും പോലെ അതിന്റെയൊക്കെ ആവശ്യകത എന്താ… അവരുടെ നല്ല മനസുകൊണ്ട് കുറച്ചു അനാഥരും സനാഥരും ജീവൻ പൊലിയാതെ ജീവിച്ചു പോകുന്നു… അതു തന്നെ വലിയ കാരുണ്യം.. എങ്കിലും ഈ ജീവൻ സർ ശരിക്കും ഒരു അത്ഭുതമാണ്… മറ്റുള്ളവർക്ക് ഒരു അപവാദം എന്നു തന്നെ പറയാം പ്രത്യേകിച്ചു ആ സൂപ്പർ സ്റ്റാറിന്… ഇതിപ്പോ പലപ്പോഴായി ജീവൻ സർ ഇവിടെനിന്നും ഇവിടുത്തെ കുട്ടികളുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നു… ഈ ഞാൻ തന്നെ എത്രയോ തവണ വിളമ്പി കൊടുത്തിരിക്കുന്നു…

മനസിൽ ആലോചിച്ചു നടന്നു ജീവയുടെ മുൻപിൽ എത്തിയത് പോലും അവളറിഞ്ഞില്ല… തന്റെ മുഖത്തേക്ക് അവൻ വിരൽ ഞൊടിച്ചപ്പോഴാണ് താൻ ഇത്ര സമയം ആത്മഗതത്തിൽ ആയിരുന്നെന്ന് ബോധം വന്നത്. ജീവൻ പുരികമുയർത്തി എന്താ എന്നു ചോദിച്ചു… അവൾ അപ്പോൾ തന്നെ ചുമൽ കൂച്ചി ഇരു കണ്ണുകളും അടച്ചു ഒരു ‘മ്ച്ചു’ എന്നൊരു ശബ്ദമുണ്ടാക്കി… കൊച്ചു കുട്ടികളെ പോലെ. ഒരു ഗ്ലാസിൽ ചായയും എടുത്തു പ്ളേറ്റിൽ ഇരുന്ന പരിപ്പുവട ആ പ്ളേറ്റോടെ കയ്യിലെടുത്തു അവൾ തിരിഞ്ഞു നടന്നു… “എനിക്കൊരു പരിപ്പുവട തരുവോ” “അതെന്താ കൊച്ചു മുതലാളിയുടെ വീട്ടിൽ ഒന്നും കിട്ടില്ലേ… ഈ അനാഥ പിള്ളേരുടെ പാത്രത്തിൽ നിന്നും തന്നെ വേണോ” അവളുടെ ചോദ്യത്തിൽ ഒരു പുച്ഛഭാവം കലർന്നിരുന്നു. “മറ്റെവിടുത്തേക്കാളും രുചി ഈ ഭക്ഷണത്തിന് ഉണ്ട്…

ചിലപ്പോ ഞാനും ഒരു അനാഥൻ ആയതുകൊണ്ട് തോന്നുന്നതാകും” അവളുടെ കയ്യിലെ പാത്രം വാങ്ങി കൊണ്ടു അവൻ മുന്നോട്ട് നടന്നു. “സർ എന്താ പറയുന്നേ… ഞങ്ങളെ പോലുള്ളവരെ കളിയാക്കുകയാണോ” ദേവ്നി അവനരികിൽ വന്നിരുന്നു കൊണ്ടു ചോദിച്ചു. ഒരുനിമിഷം അവന്റെ കണ്ണുകൾ അവളിൽ ആഴ്ന്നിറങ്ങി… കണ്ണു നിറഞ്ഞു അവൻ പെട്ടന്ന് തല കുനിച്ചു പിടിച്ചു… വിരലുകൾ ചേർത്തു കണ്ണുനീരിനെ ഒപ്പിയെടുത്തു… “ഇപ്പൊ കുറെ ആയി… സങ്കടം വന്നാൽ കണ്ണു നിറയാറില്ല… പക്ഷെ ഇന്ന്…” “സാറിനു എന്നോട് സംസാരിക്കാനുണ്ടോ” “എന്നെ കേൾക്കുവോ നീ” അവന്റെ മറു ചോദ്യത്തിന് നോവിൽ കലർന്ന പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ദേവ്നി ഇരു കണ്ണുകളുമടച്ചു സമ്മതം നൽകി.

“ഞാൻ അമ്മയും കൂടെ പിറപ്പുകളും ബന്ധുക്കളും ഒക്കെയുള്ള… ഒരു അനാഥനാണ്” തെല്ലൊരു അതിശയതോടെയാണ് ദേവ്നി അവന്റെ വാക്കുകൾ കേട്ടത്. “എന്റെ അമ്മ സുഭദ്ര തന്നെയാണ്. പക്ഷെ അച്ഛൻ മാധവ് മേനോൻ അല്ല. അച്ഛൻ ആരാണെന്നു ഞാൻ ഇതുവരെ അമ്മയോട് ചോദിച്ചിട്ടില്ല. എന്നെ അമ്മയുടെ വയറ്റിൽ സമ്മാനിച്ചു അമ്മയെ പറ്റിച്ചു കളഞ്ഞ ഏതോ ഒരാളാണ് എന്റെ ജന്മത്തിന്റെ അവകാശിയെന്നു ഞാൻ കേട്ടറിഞ്ഞതാണ്. ഗൗതമിന്റെ അമ്മ മരിക്കുമ്പോൾ അവനു നാലു വയസോ മറ്റോ ആണ്. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് മാധവ് മേനോൻ ഒരു കല്യാണത്തെ കുറിച്ചു ചിന്തിക്കുന്നത്. അതും സ്വന്തം മകന് വേണ്ടി… ഭർത്താവ് മരിച്ചെന്ന് കള്ളംപറഞ്ഞാണ് അമ്മയുടെ വീട്ടുകാർ അദ്ദേഹത്തെ കൊണ്ടു കല്യാണം കഴിപ്പിച്ചത്…

പക്ഷെ ആദ്യ ദിവസം തന്നെ അമ്മ അദ്ദേഹത്തോട് സത്യം പറഞ്ഞു. അദ്ദേഹത്തിന് ആദ്യം ദേഷ്യം തോന്നി എങ്കിലും അമ്മക്ക് മുൻപിൽ ഒരു നിബന്ധന വച്ചു… അദ്ദേഹത്തിന്റെ മകനായിരിക്കണം പ്രാധാന്യം… അമ്മ അതു ഇന്നും അംഗീകരിച്ചു ജീവിക്കുന്നു. അന്ന് കൊടുത്ത വാക്ക് ഈ നിമിഷവും പാലിച്ചു പോരുന്നു… അദ്ദേഹം ഒരു പരിഗണന അമ്മക് കൊടുത്തു എന്നെയും ആ വീട്ടിൽ താമസിപ്പിക്കാനുള്ള സമ്മതം. എന്നെ ഒരു മനുഷ്യ ജീവിയായി അവിടെ ആരെങ്കിലും കാണുന്നുണ്ടോയെന്നു എനിക്ക് സംശയമാണ്… ചെറുപ്പത്തിൽ ഞാൻ ഗൗതത്തിനോട് സംസാരിക്കാനും കൂട്ടു കൂടാനും ശ്രമിച്ചിരുന്നു… പക്ഷെ അവൻ എന്നെ അവന്റെ അമ്മയുടെ സ്നേഹം പങ്കു വെച്ചെടുക്കുന്ന ശത്രു ആയാണ് കണ്ടത്…

അവന്റെ അമ്മയുടെ പെട്ടന്നുള്ള മരണം അവന്റെ കുഞ്ഞു മനസിനെ വല്ലാതെ തളർത്തിയിരുന്നു. അവനു സുഭദ്ര അമ്മ കൂടിയേ തീരൂ എന്നായി… അദ്ദേഹവും സ്വർത്തനായ ഒരച്ഛനായതിൽ എനിക്ക് തെറ്റു തോന്നിയില്ല… എങ്കിലും അവൻ എന്നെ കാണുമ്പോൾ എല്ലാം മുഖം തിരിച്ചു തന്നെ നടക്കുമായിരുന്നു… എന്റെ കൂട്ടു അവൻ ആഗ്രഹിച്ചിരുന്നില്ല എന്നു തോന്നി… പിന്നെ പിന്നെ ഞാൻ ഒറ്റക്ക് നടക്കാൻ പഠിച്ചു… വൈകാതെ ഗായത്രി ജനിച്ചു… ഗായു… ഒരമ്മയുടെ വയറ്റിൽ നിന്നും വന്നതല്ലേ ഞങ്ങൾ രണ്ടു പേരും… എന്നിട്ടും അവൾക്ക് ഏട്ടൻ എന്നു പറഞ്ഞാൽ ഗൗതം ആണ്… എന്നെ അങ്ങനെയൊന്ന് അവൾ വിളിച്ചതായി പോലും എന്റെ ഓർമയിൽ ഇല്ലെടോ… അവനെ സ്നേഹിക്കുന്നതിൽ എനിക്ക് ഒരു പരാതിയില്ല… ഒരു ഏട്ടനായി അല്ലെങ്കി ഒരു സുഹൃത്തായി… “

ദേവ്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ജീവന് പലപ്പോഴും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവന്റെ തൊണ്ടയിടറി ശബ്ദം വിലങ്ങി നിന്നു. “തനിക്ക് അറിയാമോ അനാഥൻ ആയി ജനിക്കുന്നതിലും ഏറ്റവും ദുഷ്കരം സ്നേഹിക്കാൻ ചുറ്റും എല്ലാവരും ഉണ്ടായിട്ടും അനാഥനായി ജീവിക്കേണ്ടി വരുന്നത്. എന്റെ മനസു ആ വീട്ടിൽ ആരും കണ്ടിട്ടില്ല. എന്നും രാത്രി അമ്മ എന്റെ മുറിയുടെ വാതിലിൽ വന്നു നിൽക്കും… കുറച്ചു നിമിഷങ്ങൾ… അടുത്തേക്ക് വരില്ല… എന്റെ തലയിൽ തലോടില്ല… എന്നോട് വന്നു ക്ഷമ യാചിക്കുന്ന പോലെയെ എനിക്ക് തോന്നിയിട്ടുള്ളൂ. ആ കരുതലും വാത്സല്യവുമൊക്കെ എനിക്ക് നിഷിദ്ധമാണ്… ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ഞാൻ അവിടെയിരിക്കുമ്പോൾ തമ്മിൽ ഒന്നും സംസാരിക്കില്ല ആരും… ഗായുവിന്റെ കളി ചിരികളൊക്കെ എന്തു രസമാണെന്നോ…

അവൾ ഗൗതമിനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഇടക്കൊക്കെ എനിക്ക് അസൂയ തോന്നിയിട്ടുണ്ടെടോ… പിന്നെ പിന്നെ ഞാൻ ആയി തന്നെ ഒഴിഞ്ഞു മാറും… ഇപ്പൊ അതൊക്കെ ഒരു ശീലമായി കേട്ടോ… ഇങ്ങനെയൊക്കെ അവർ ചെയ്യുന്നത് ഒരു പക്ഷെ എനിക്ക് ജന്മം തന്ന മനുഷ്യന്റെ സ്വഭാവം തന്നെ എനിക്കും ഉണ്ടാകുമെന്ന് കരുതിയാകും… ഞാൻ സമാധാനിക്കുന്നത് ഇത്തരത്തിലാണ്…. താൻ ചോദിച്ചില്ലേ അനാഥരുടെ പ്ളേറ്റിൽ നിന്നും തന്നെ വേണമോ എന്നു… ആ വലിയ വീട്ടിൽ നിന്നും ഒരു വറ്റു തൊണ്ടയിൽ നിന്നുമിറക്കാൻ എനിക്ക് വലിയ വേദനയാണ്…” ദേവ്നിയുടെ വലതു കൈ കയ്യിലെടുത്തു ജീവൻ ചുണ്ടുകൾ ചേർത്തു… ഈ കൈ കൊണ്ട് വിളമ്പിയ ഭക്ഷണം എനിക്ക് എന്തു പ്രിയമാണെന്നോ… എന്നോ ഞാൻ രുചിച്ചറിഞ്ഞ അമ്മയുടെ വാത്സല്യവും മണവുമൊക്കെ അതിലുണ്ട്…

അതു ആഗ്രഹിക്കുന്ന നിമിഷത്തിലാണ് ഞാൻ ഇവിടേക്ക് ഓടി വരുന്നേ… ഇനി നീ പറ ഞാനും ഒരനാഥൻ അല്ലെ… സത്യത്തിൽ നീ ഭാഗ്യവതിയാണ്… നീയെങ്ങനെ ഒരു അനാഥ ആകും… ചുറ്റിലും എത്ര പേരാണ് സ്നേഹിക്കാൻ…” ദേവ്നി വാക്കുകൾ കിട്ടാതെ അവനെ തന്നെ നോക്കി നിന്നു. കരയുകയായിരുന്നു അവൾ. എപ്പോഴും ഗൗരവത്തോടെ നടക്കുന്ന ഈ ജീവന്റെ ഉള്ളിൽ ഇത്രയൊക്കെ ഉണ്ടായിരുന്നോ… പ്രഷുബ്‌ദ്ധമായ ഒരുകടലാണ് അവന്റെയുള്ളം എന്നു തോന്നി… അവിടെ വേദനകൾ തിരമാലകൾ കണക്കെ ആഞ്ഞടിക്കും പോലെ… അതു താൻ എന്ന കരയിലേക്കാണെന്നു അവൾക്ക് മനസിലായി. ഇത്രയും നാളും ആ സങ്കട തിരകളെ അലയടിക്കാൻ ഒരു കരയെ തേടി നടക്കുകയായിരുനെന്നു തോന്നി…

കുറച്ചു സമയം മൗനമായിരുന്നു ഇരുവരും. തന്റെ ശരീരത്തിന്റെ തന്നെ ഭാരം കുറഞ്ഞ പോലെ തോന്നി ജീവന്… തന്റെ പേരിലുള്ള ജീവൻ ഇപ്പൊ തന്റെ ശരീരത്തിലേക്ക് തിരിച്ചു വന്ന പ്രതീതി… അവൻ പതുക്കെ പതുക്കെ വർത്തമാനത്തിലേക്കു കടന്നു. അവൾക്കു വേണ്ടി… അല്ല തണൽ വീട്ടിലെ എല്ലാ കുരുന്നുകൾക്ക് കൂടി വേണ്ടി വാങ്ങിയ സിസ്റ്റം സെറ്റ് ചെയ്തു കൊടുത്തു. തിരികെ പോകാൻ സമയം ദേവ്നി അവനരികിൽ വന്നു… “ഈ മാസത്തോടെ എല്ലാ പരീക്ഷകളും കഴിയുമല്ലോ. അടുത്ത മാസം കമ്പനിയിൽ പുതിയ എംപ്ലോയ്‌ റിക്രൂട്ട് ചെയ്യുന്നുണ്ട്. നീ എന്തായാലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. കമ്പനിയിൽ നീയ് വേണം” “ഓഹ്… അപ്പൊ സാർ യുദ്ധതിനുള്ള അംഗബലം കൂട്ടാനുള്ള തയ്യാറെടുപ്പ് ആണല്ലേ”

കണ്ണുകൾ ചുരുക്കി മുഖം ഗൗരത്തിലായുള്ള അവളുടെ ചോദ്യം അവനു മനസിലായില്ല. “എനിക്ക് മനസിലായില്ല… എന്തു യുദ്ധം” “ഇത്രയും നാളും അനാഥൻ ആക്കിയവരോട് ഉള്ള പക… അവർ നൽകിയ ഏകാന്തതക്കു ഉള്ള ഒരു പകരം വീട്ടൽ… അതിനു എന്നെ കൂടെ കൂട്ടു വിളിക്കാനുള്ള പുറപ്പാടാണോ ഈ കഥ പറച്ചിൽ” അവളുടെ ചോദ്യത്തിൽ അവന്റെ മുഖഭാവം പെട്ടന്ന് മാറി… കണ്ണുകൾ തീ ചുവക്കുന്നത് അവൾ കണ്ടു…തുടരും

Share this story