നിനക്കായ്‌ : PART 10

നിനക്കായ്‌ : PART 10

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” അജിത്തേട്ടാ വേണ്ട ”
അവളുടെ വിറയാർന്ന അധരങ്ങൾ മന്ത്രിച്ചു. ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടുകളെ നിശബ്ദമാക്കി അവൻ വീണ്ടും അവളിലേക്കടുത്തു. അഭിരാമിക്ക് തൊണ്ട വരളുന്നത് പോലെ തോന്നി. അവളുടെ കഴുത്തിലൂടെ വിയർപ്പ് ചാലിട്ടൊഴുകി. അവന്റെ ചുണ്ടുകൾ അവളോടടുത്തതും അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു.

” അയ്യോ ദേ അമ്മ ”

പിന്നിൽ നിന്നുമൊരു നിലവിളി കേട്ട് ഞെട്ടിപ്പോയ അജിത്ത് പെട്ടന്ന് അവളിൽ നിന്നും അടർന്ന് മാറി. അടുക്കള വാതിലിൽ നിൽക്കുന്ന അനുവിനെ കണ്ട് അവരിരുവരും വിളറി വെളുത്തു. കൈമടക്കുകൊണ്ട് മുഖം തുടച്ച് പരിഭ്രമത്തോടെ അഭിരാമി നിന്നു.

” എന്തായിരുന്നു കാലത്തേയിവിടെയൊരു കലാപരിപാടി ? ”

അവരെ സൂക്ഷിച്ചു നോക്കി കുസൃതിച്ചിരിയോടെ അനു ചോദിച്ചു.

” അതുപിന്നെ… ഇതുവഴി ഒരെലി വന്നപ്പോൾ … കടിക്കാൻ പോയപ്പോ …. ”

വിക്കി വിക്കി അഭിരാമി പറഞ്ഞു.

” ഉവ്വുവ്വേ ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ ആ കുരുത്തം കെട്ട എലി അഭിചേച്ചിയെ കടിച്ചേനേ ”

അജിത്തിനെ നോക്കി കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് അനു പറഞ്ഞു. അജിത്ത് പെട്ടന്ന് അവളെ മറികടന്ന് പുറത്തേക്ക് നടന്നു.

” അല്ലേലും ഈ എലിയുടെ ശല്യം ഇപ്പൊ ഇത്തിരി കൂടുതലാ ”

അനു വീണ്ടും പറഞ്ഞു.

“. കുരിപ്പിന് വരാൻ കണ്ട സമയം. അല്ലെങ്കിൽ വെയിലുദിക്കാതെ എണീക്കാത്തവളാ ഇന്ന് വെളുപ്പാൻ കാലത്ത് എണീറ്റ് വന്നേക്കുന്നു . അല്ലേലും മറ്റുള്ളോരുടെ അത്താഴം മുടക്കാൻ ഈ തെണ്ടിയെ കഴിഞ്ഞേ ആളുള്ളു. ”

അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അജിത്ത് പിറുപിറുത്തു.

” ഈ കൊച്ചുവെളുപ്പാൻ കാലത്ത് എന്റെ പൊന്നാങ്ങള അടുക്കളയിലോട്ട് വച്ചുപിടിക്കുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി ഇവിടിന്നെന്തെങ്കിലും നടക്കുമെന്ന് ”

അഭിരാമിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കോണ്ട് അനു പറഞ്ഞു. ചമ്മല് മറയ്ക്കാൻ അവൾ മുഖം അമർത്തി തുടച്ചു.

” ഓഹോ അപ്പോ മനഃപൂർവം എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വേണ്ടി എണീറ്റ് വന്നതാണോ ഈ വവ്വാലുംകുഞ്ഞ്. ”

പുറത്ത് ഭിത്തിയിൽ ചാരി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് നിന്ന അജിത്ത് സ്വയം പറഞ്ഞു.

” ആഹാ എന്റെ ജേഷ്ഠനിവിടെ ഒളിച്ച് നിക്കുവാരുന്നോ ? ”

പുറത്തേക്കിറങ്ങി വന്ന അനു അജിത്തിനെ നോക്കി കളിയാക്കി ചോദിച്ചു. എന്ത്‌ ചെയ്യണമെന്നറിയാതെ അജിത്തൊന്ന് പരുങ്ങി.

” അതുപിന്നെ ഞാൻ ഒളിച്ചു നിന്നതൊന്നുമല്ല. എന്റെ ഫോൺ നോക്കി വന്നതാ ”

അവൻ പെട്ടന്ന് പറഞ്ഞു.

” പിന്നേ ഏട്ടന്റെ ഫോൺ അടുക്കളയിലല്ലേ ഇരിക്കുന്നത് . ഓഹ് ഞാൻ മറന്നു. ഏട്ടന്റെ സ്മാർട്ട്‌ ഫോണല്ലേ അകത്ത്‌ നിന്ന് ദോശയുണ്ടാക്കുന്നത്. ”

ചിരിയോടെയുള്ള അനുവിന്റെ സംസാരം കേട്ട് അകത്ത്‌ നിന്ന അഭിരാമി വായ പൊത്തിച്ചിരിച്ചു. അതുകൂടി കണ്ടതും അജിത്ത് മുഖം വീർപ്പിച്ചുകൊണ്ട് മുകളിലേക്ക് നടന്നു.

” ഇവിടെക്കിടന്നുള്ള നിന്റെ ഭരണം ഞാൻ നിർത്തിത്തരാമെടി ഉണ്ടത്തക്കിടീ . അച്ഛനൊന്ന് വന്നിട്ട് വേണം ഈ മാരണത്തെ ഏതേലും കോന്തന്റെ തലേൽ കെട്ടിവെക്കാൻ പറയാൻ ”

മുകളിലേക്ക് നടക്കുമ്പോൾ അനുവിനെ നോക്കിക്കോണ്ട് അജിത്ത് പറഞ്ഞു.

” ഓ ഓടിച്ചെന്ന് പറ. അപ്പോ ഞാനും പറഞ്ഞോളാം എന്നെ കെട്ടിക്കാൻ തിരക്ക് കൂട്ടുന്നതെന്തിനാണെന്നൊക്കെ ”

കയ്യിലിരുന്ന ചായ മൊത്തിക്കുടിച്ചുകൊണ്ട് അനു പറഞ്ഞു. അത് കേട്ട് അങ്ങോട്ട്‌ വന്ന അഭിരാമിയും ചിരിച്ചു.

“ചിരിക്കുവൊന്നും വേണ്ട , എന്തൊക്കെയാരുന്നു രണ്ടിന്റെയും ജാട. എന്നിട്ടിപ്പോ എന്തൊക്കെ കാണണം ”

” അതിനിപ്പോ ഞാനെന്ത്‌ ചെയ്തു ? നിന്റേട്ടൻ ശരിയല്ലാത്തേന് ഞാനെന്ത് പിഴച്ചു? ”

അനുവിന്റെ പറച്ചിൽ കേട്ട് നിഷ്കളങ്ക ഭാവത്തിൽ അഭിരാമി പറഞ്ഞു.

” ഉവ്വുവ്വേ … ഇപ്പൊ രണ്ടുപേരും നല്ല കുട്ടികൾ. ഞാൻ വന്നില്ലായിരുന്നെങ്കിലിപ്പോ ഇവിടെ രണ്ട് പാർട്ടികളും കൂടി ലയനം നടന്നേനെ. ”

പറഞ്ഞുകൊണ്ട് അനു പൊട്ടിച്ചിരിച്ചു.

” ഒന്ന് പോപെണ്ണേ ഏട്ടന്റെ പെങ്ങള് തന്നെ. രണ്ടിനും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ ” അഭിരാമി.

” അഭിയേട്ടത്തി….”

അവളുടെ അരികിൽ നിന്നുമെണീറ്റ് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയ അഭിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ വിളിച്ചു.

” എന്താ ഇപ്പൊ പുതിയൊരു വിളി ? ”

ചോദിച്ചുകൊണ്ട് അഭിരാമി തിരിഞ്ഞുനോക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

” ഞാനങ്ങനെയല്ലേ വിളിക്കേണ്ടത് ? ”

ചോദിച്ചുകൊണ്ട് അവൾ അഭിയെ ഇറുകെപ്പുണർന്നു. അമ്പരപ്പോടെ അഭിരാമിയവളെ ചേർത്ത് പിടിച്ചു.

” താങ്ക്സ് ഏട്ടത്തി…. ”

അവളുടെ നെഞ്ചിൽ മുഖമമർത്തിക്കൊണ്ട് അനു പറഞ്ഞു.

” എന്തിനാടീ ? ”

അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അഭിരാമി പതിയെ ചോദിച്ചു.

” എന്റേട്ടനിൽ ഇങ്ങനൊരു മാറ്റം ഞാനെന്നല്ല ഈ വീട്ടിലെ ഒരാള് പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അഭിചേച്ചിയുടെ വരവോടെ എല്ലാം മാറി മറിഞ്ഞു. ഏട്ടൻ പഴയ പോലെയായി. ഏട്ടത്തിയെങ്കിലും എന്റേട്ടനെ വിട്ട് ഒരിക്കലും പോകല്ലേ… ഇനിയൊരു തകർച്ച കൂടി പാവം എന്റേട്ടന് താങ്ങാൻ കഴിയില്ല ”

പൊട്ടിക്കരഞ്ഞുകൊണ്ട് അനുവത് പറയുമ്പോൾ അഭിരാമിയുടെ മിഴികളും നിറഞ്ഞിരുന്നു.

” ഇല്ല മോളേ.. അജിത്തേട്ടനെ വിട്ട് ഞാനെങ്ങും പോകില്ല . ഇനിയുള്ള കാലം മുഴുവൻ ആ നെഞ്ചോടുചേർന്ന് ജീവിക്കണമെനിക്ക്. ”

നിറമിഴികൾ തുടച്ച് അവളെ ചേർത്ത് പിടിച്ച് അഭിരാമിയത് പറയുമ്പോൾ കണ്ണീരിനിടയിലും അനുവിന്റെ ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിടർന്നു.

അജിത്തിനൊപ്പം അഭിരാമിയും അനുവും ഹോസ്പിറ്റലിലെത്തുമ്പോൾ രാവിലെ ഒൻപത് മണി കഴിഞ്ഞിരുന്നു. അനഘ മയക്കത്തിലായതുകൊണ്ട് ഗീതയും വിമലയും കൂടി കുഞ്ഞുമായി പുറത്തിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും അനു ഓടിച്ചെന്ന് കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ചുണ്ട് ചേർത്തു.

” എന്റനൂ നീ കുഞ്ഞിനേം കൊണ്ട് ഒരിടത്തിരിക്ക് ”

കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അനുവിനെ നോക്കി ഗീത പറഞ്ഞു.

” ഇവളിനിയാ കുഞ്ഞിനെക്കൂടി ഒരു വഴിയാക്കും ”

ചിരിയോടെ അജിത്തത് പറയുമ്പോൾ എല്ലാവരും ചിരിച്ചു. അത് കണ്ട് അനു എല്ലാവരെയും നോക്കി ചുണ്ട് കോട്ടിക്കാണിച്ചു.

” അതേ കൂടുതൽ ഡയലോഗടിക്കാൻ നിന്നാൽ ഞാൻ രാവിലത്തെ കലാപരിപാടികൾ ഇവിടെ കൊട്ടിഘോഷിക്കും. അത് വേണോ ? ”
കുഞ്ഞിനെ അഭിരാമിയുടെ കയ്യിലേക്ക് കൊടുത്തിട്ട് അജിത്തിനരികിലേക്ക് ചെന്ന് കണ്ണുരുട്ടി ശബ്ദം താഴ്ത്തി അനു ചോദിച്ചു.

” യ്യോ വേണ്ട നല്ല മോളല്ലേ. ഏട്ടനെന്ത്‌ വേണേലും വാങ്ങിത്തരാം. ”
അവളുടെ മുഖത്ത് നോക്കി കൈകൂപ്പി അവൻ പതിയെ പറഞ്ഞു.

” എന്നാലേ ഇപ്പൊ തല്ക്കാലം എന്നോട് മര്യാദക്ക് പെരുമാറി നല്ല കുട്ടിയായിട്ട് നിക്ക്. പിന്നെ തിരിച്ചുപോകുമ്പോൾ എനിക്ക് ചെറിയൊരു ഷോപ്പിങ്ങ് വേണ്ടിവരും. ”

അവനെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളത് പറയുമ്പോൾ അജിത്ത് തലക്ക് കൈകൊടുത്ത് കസേരയിലേക്കിരുന്നു.

” എന്തുപറ്റി ? ”

അജിത്തിനടുത്തുള്ള കസേരയിലേക്കിരുന്നുകൊണ്ട് അഭിരാമി പതിയെ ചോദിച്ചു.

” ആ കുട്ടിത്തേവാങ്ക് ഇന്നെന്റെ പോക്കറ്റ് കാലിയാക്കും ”

വിമലയുടെ അടുത്ത് നിന്ന് കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന അനുവിന് നേരെ നോക്കി അജിത്ത് പറഞ്ഞു.

” കണക്കായി പോയി കൊച്ചുവെളുപ്പാൻ കാലത്ത് വേണ്ടാത്ത പണിക്ക് പോകുമ്പോ ആലോചിക്കണമായിരുന്നു. ഞാനപ്പഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്. ”

അവൾ ചിരിയോടെ പറഞ്ഞു.

” നീ പോടീ ഉണക്കക്കൊള്ളീ…. ഇന്നവള് വന്നത് കൊണ്ട് നീ രക്ഷപെട്ടു. എന്നുകരുതി ഞാൻ തോറ്റെന്ന് പൊന്നുമോള് കരുതണ്ട. നിന്നെയെന്റെ കയ്യിൽ കിട്ടുമെടീ ഉണ്ടക്കണ്ണീ..”

അവളുടെ കണ്ണിലേക്ക് നോക്കി മീശ പിരിച്ച് ചുണ്ട് തടവിക്കോണ്ട് പതിയെ അവൻ പറഞ്ഞു.

” മതി സൊള്ളിയത് വാ പോകാം ”

പെട്ടന്ന് അങ്ങോട്ട്‌ വന്നുകൊണ്ട് അനു പറഞ്ഞു. അവളുടെ പിന്നാലെ പുറത്തേക്ക് നടക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ അഭിരാമിയിൽ തന്നെയായിരുന്നു.

” അപ്പോ ആദ്യം ഷോപ്പിങ്ങ് പിന്നെ ബീച്ച് ”

കാറിലേക്ക് കയറുമ്പോൾ അജിത്തിനെ നോക്കി ചിരിയോടെ അനു പറഞ്ഞു. വേറെ വഴിയില്ലാതെ അജിത്ത് കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

” രണ്ടും കൂടി പോണത് കൊള്ളാം ഈ കട മുഴുവനും കൂടി ഈ കാറിനകത്ത് കൊള്ളൂലെന്നോർമ വേണം. ”

ടെക്സ്റ്റയിൽ ഷോപ്പിന് മുന്നിൽ കാറ് നിർത്തുമ്പോൾ അജിത്ത് പറഞ്ഞു.

” ആലോചിക്കാം ട്ടാ ”

ആക്കിചിരിച്ച് പറഞ്ഞുകൊണ്ട് അഭിരാമിയുടെ കയ്യും പിടിച്ച് അനു അകത്തേക്ക് നടന്നു. കുറേ സമയം കഴിഞ്ഞും ആരെയും കാണാതെ വന്നപ്പോൾ അജിത്ത് പതിയെ കാറിൽ നിന്നുമിറങ്ങി അകത്തേക്ക് ചെന്നു. അവനകത്തേക്ക് ചെല്ലുമ്പോൾ സാരി സെക്ഷനിൽ നിന്ന് ഒരു സാരി മാറിൽ ചേർത്തുവച്ച് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അഭിരാമി. ചന്ദനക്കളറിലുള്ള ആ സാരി അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.

” അഭി ചേച്ചി നമുക്ക് സെയിം ഡിസൈൻ ചുരിദാറെടുക്കാം. പ്ലീസ് … ”

പെട്ടന്ന് അങ്ങോട്ട് വന്ന് അവളുടെ കയ്യിലെ സാരി വാങ്ങി മാറ്റി വച്ചുകൊണ്ട് അനു പറഞ്ഞു.
അനുവിന്റെ നിർബന്ധത്തിന് വഴങ്ങി മുന്നോട്ട് നടക്കുമ്പോഴും വീണ്ടുമാ സാരിയിലേക്ക് തിരിഞ്ഞു നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും വ്യക്തമായിരുന്നു അവൾക്കതത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന്. പെട്ടന്ന് തന്നെ അത് വാങ്ങി ബില്ലടച്ച് തിരിച്ച് കാറിൽ വന്നിരിക്കുമ്പോൾ പ്രതീക്ഷിക്കാതെ ആ സാരി അവളുടെ കയ്യിൽ വച്ചുകൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഭാവനയിൽ കാണുകയായിരുന്നു അജിത്ത്.

ഷോപ്പിങ്ങും അനുവിന്റെ നിർബന്ധം കൊണ്ട് ഒരു സിനിമയുമൊക്കെ കഴിഞ്ഞ് ബീച്ചിലെത്തുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. അപ്പോഴേക്കും ചുവന്ന് തുടുത്ത സൂര്യപ്രകാശം അവിടമാകെ പരന്നിരുന്നു. ആ മനോഹര കാഴ്ച നോക്കി നിൽക്കുമ്പോൾ കടൽ കാറ്റടിച്ച് അഭിരാമിയുടെ മുടിയിഴകൾ പാറിപ്പറന്നു. അപ്പോഴവളിൽ വല്ലാത്തൊരു ഭംഗിയുള്ളത് പോലെ അജിത്തിന് തോന്നി .

” അജീ … ”

പെട്ടന്ന് പിന്നിൽ നിന്നുമൊരു സ്ത്രീ ശബ്ദം കേട്ട് അവരിരുവരും ഒരുപോലെ തിരിഞ്ഞു നോക്കി. പിന്നിൽ മെലിഞ്ഞതെങ്കിലും സുന്ദരിയായ ഒരു യുവതി പുഞ്ചിരിയോടെ നിന്നിരുന്നു. അവളുടെ കുഴിഞ്ഞ കണ്ണുകളിൽ ദുഃഖം ഘനീഭവിച്ച് കിടന്നിരുന്നു. ചുണ്ടുകളിൽ വരണ്ട പുഞ്ചിരിയോടെ നിന്ന അവളെ കണ്ടതും അജിത്തിന്റെ മുഖം മങ്ങി.

” സുഖമാണോ അജീ ? ”

അവനെ നോക്കി പുഞ്ചിരിയോടെ വീണ്ടുമവൾ ചോദിച്ചു.

” മ്മ്മ് സുഖം. നീയെന്ന് നാട്ടിൽ വന്നു? ”
അജിത്ത് വെറുതെ ചോദിച്ചു.

” ഞാൻ നാട്ടിൽ വന്നിട്ട് മൂന്ന് മാസത്തോളമായി . ”

” മ്മ്മ് നിന്റെ ഹസ്ബൻഡും കുഞ്ഞുമൊക്കെ നാട്ടിലുണ്ടോ ? ”

” മോള് എന്റെ കൂടുണ്ട്. പിന്നെ ഹസ്ബൻഡ് , ഇപ്പൊ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു ബന്ധമില്ല. എല്ലാമവസാനിപ്പിച്ചിട്ടാ ഞാൻ പോന്നത്. ഒരുപാട് പെണ്ണുങ്ങൾക്കിടയിൽ ഞാനുമെന്റെ മോളും അയാൾക്കൊരു ഭാരമാകേണ്ടെന്ന് കരുതി. ഏറ്റവും മികച്ചതെന്ന് കരുതി ഞാൻ തിരഞ്ഞെടുത്തതെല്ലാം പരാജയമായിരുന്നു. അന്നത്തെ വിവരമില്ലായ്മയുടെ പുറത്തെടുത്ത തീരുമാനത്തിന് വലിയ വിലയാ ഞാൻ കൊടുക്കേണ്ടി വന്നത്. പലരെയും വേദനിപ്പിച്ചുകൊണ്ട് ഞാൻ നേടിയെടുത്തതൊന്നും ഇപ്പൊ എന്റെ കൂടില്ല. രണ്ട് വർഷത്തെ ദാമ്പത്യത്തിന്റെ ബാക്കിപത്രമായി എന്റെ മോള് മാത്രാണ് എനിക്കിപ്പോ ഉള്ളത് ”

ആത്മ നിന്ദയോടെ അവളത് പറയുമ്പോൾ അമ്പരപ്പോടെ എല്ലാം കേട്ട് നിൽക്കുകയായിരുന്നു അജിത്ത്.

” അല്ല ഇതാരാ ? ”

പെട്ടന്ന് അവൾ ചോദിച്ചു.

” ഏട്ടത്തി നമുക്ക് പോകണ്ടേ ? ”

അജിത്തെന്തെങ്കിലും പറയുന്നതിന് മുൻപ് അങ്ങോട്ട് വന്ന അനു അഭിരാമിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. പെട്ടന്ന് അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു. അതുകണ്ടതും അജിത്ത് അനുവിനെ നോക്കി ഒന്നൂറി ചിരിച്ചു.

” ഇത് അഭിരാമി എന്റെ പെണ്ണ് ”

അരികിൽ നിന്ന അഭിരാമിയെ ചേർത്തുപിടിച്ചുകൊണ്ട് തെളിഞ്ഞ ചിരിയോടെ അജിത്ത് പറഞ്ഞു.അഭിരാമിയിലും ഒരു പുഞ്ചിരി വിരിഞ്ഞു. പുഞ്ചിരിക്കാൻ വെറുതെ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുന്നിലൂടെ അഭിരാമിയെ ചേർത്തുപിടിച്ച് നടന്ന് നീങ്ങുമ്പോൾ അജിത്തിന്റെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിഞ്ഞിരുന്നു.

” അതാരാ അജിത്തേട്ടാ ? ”

അതുവരെ ഒന്നും മനസ്സിലാകാതെ അമ്പരന്ന് നിന്നിരുന്ന അഭിരാമി അജിത്തിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

” അതാണ് കീർത്തി ….. ഒരുകാലത്തെന്റെ എല്ലാമായിരുന്ന, പിന്നീടെപ്പോഴോ എവിടെയോ ഉപേക്ഷിച്ച് പോയവൾ. ”

അജിത്ത് പതിയെ പറഞ്ഞു. അതുകേട്ടതും പെട്ടന്ന് അഭിരാമി തിരിഞ്ഞു നോക്കി. അപ്പോൾ നടന്ന് നീങ്ങുന്ന അവരെ നോക്കി ഒരു തരം നഷ്ട ബോധത്തോടെ കവിളുകളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണീരിനെ തുടച്ചുനീക്കാൻ പോലും മറന്ന് അതേ സ്ഥലത്ത് ഒരു ശിലപോലെ നിൽക്കുകയായിരുന്നു കീർത്തി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

Share this story