മിഥുനം: PART 9

Share with your friends

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

അടഞ്ഞു കിടന്ന ഗേറ്റ് തുറന്നു മാളു വീട്ടിലേക്ക് ചെന്നു. അടഞ്ഞു കിടന്ന മുൻവാതിലിനു മുന്നിൽ നിന്നു അവൾ കാളിങ് ബെല്ലിൽ വിരലമർത്തി. അല്പസമയം കാത്ത് നിന്നിട്ടും വാതിൽ തുറക്കപെടുന്നില്ല എന്ന് കണ്ടതും അവൾ ഡോർ ഹാൻഡിൽ തിരിച്ചു വാതിൽ തുറന്നു. അകത്തേക്ക് കടന്നതും വൈറ്റ് സ്‌ക്രീനിൽ തെളിഞ്ഞ ചിത്രങ്ങളാണ് അവളെ വരവേറ്റത് .

സ്‌ക്രീനിൽ മാളുവിന്റെ കുഞ്ഞിലേ മുതലുള്ള ഫോട്ടോകൾ ഓടുന്നു. ബാക്ക്ഗ്രൗണ്ടിൽ മനസിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ എന്ന ഗാനം.. ഏറ്റവും ഒടുവിൽ ഇന്നുവരെയുള്ള അവളുടെ ചിത്രങ്ങൾ തെളിഞ്ഞു.. അജുവിനും മിഥുനും ഒപ്പം നിൽക്കുന്ന മാളുവിന്റെ ഫോട്ടോ ആയിരുന്നു അവസാനം. അതിൽ ഹാപ്പി ബർത്ഡേയ് മാളു എന്ന് എഴുതിയിരുന്നു.

ആ നിമിഷം തന്നെ മുകളിൽ നിന്നും വർണക്കടലാസ്സുകൾ മാളുവിന്റെ ദേഹത്തേക്ക് വീണു. കണ്ണുനീർ തുടച്ചപ്പോഴേക്കും ലൈറ്റുകൾ തെളിഞ്ഞു. ഹാളിനു നടുക്കായി ഒരു ടേബിളിൽ ഓഷ്യാനിക് ബ്ലൂ കളറിലെ കേക്ക് കണ്ടു മാളു അതിനടുത്തേക്ക് വന്നു. അപ്പോഴേക്കും ബന്ധുക്കളെല്ലാം അവൾക്കടുത്തേക്ക് വന്നിരുന്നു.

എല്ലാവരും ചുറ്റും നിന്നു ആശംസകൾ അറിയിച്ചപ്പോൾ മാളു കേക്ക് മുറിച്ചു. ഏറ്റവും ആദ്യം മിഥുനും പിന്നീട് അജുവിനും അവൾ കേക്ക് വായിൽ വെച്ചു കൊടുത്തു. അവരുടെ സ്നേഹം കണ്ടു കൂടി നിന്നവരൊക്കെ പുഞ്ചിരിച്ചു. ആദ്യം അജുവാണ് കേക്ക് എടുത്തു മാളുവിന്റെ മുഖത്തു തേച്ചത്. അവളവനെ ഓടിച്ചിട്ട് അവന്റെ ദേഹത്തു മുഴുവൻ ക്രീം തേച്ചു. അങ്ങനെ ആഘോഷമായി ആ വൈകുന്നേരം കടന്നുപോയി.

💃💃💃💃💃💃💃💃💃💃💃💃💃💃💃

പാത്രം കഴുകാൻ ശാന്തചേച്ചിയെ സഹായിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ദേവുവിനെ മാളു പിടിച്ചുവലിച്ചു ഹാളിലേക്ക് കൊണ്ടുചെന്നു. അവിടെ ഇരുന്നിരുന്ന ദമ്പതികളെ കണ്ടു അവളൊന്നു പുഞ്ചിരിച്ചു.

“ചേച്ചീ ഇത് അമ്മാവനും അമ്മായിയും. അജുവിന്റെ അച്ഛനും അമ്മയും ആണ്. ”
ദേവു അവരെ നോക്കി കൈകൾ കൂപ്പി.

“അജു വിളിച്ചിരുന്നു.. മോളെപ്പറ്റി പറഞ്ഞിരുന്നു. കാണാൻ കൊതിയായത് കൊണ്ട് മാളുവിനെ വിട്ട് വിളിപ്പിച്ചതാ. “ആ സ്ത്രീ പറഞ്ഞു.

“എന്താ താമസിച്ചത് വരാൻ? “അവൾ കുശലം ചോദിച്ചു.

“എന്റെ മോളേ ഞാൻ എപ്പോൾ തൊട്ട് ഒരുങ്ങിയിരിക്കുന്നത് ആണെന്നോ. ഈ ചന്ദ്രേട്ടൻ ഓഫീസിൽ നിന്നു വരാൻ താമസിച്ചു. ” പ്രഭ അരികിലിരുന്ന ഭർത്താവിനെ ചൂണ്ടി പറഞ്ഞു.

അപ്പോഴേക്കും മാധവൻ അങ്ങോട്ടേക്ക് വന്നു . മുതിർന്നവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ
മാളു ദേവുവിനെയും കൊണ്ട് മുകളിലെ ബാല്കണിയിലെക്ക് ചെന്നു . അവിടെ അജുവും മിഥുനും വേറെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു .
ദേവുവിനെ എല്ലാവർക്കും മാളു പരിചയപ്പെടുത്തി.

“ഇത് അഭിജിത്.. ഞങ്ങളുടെ അഭിയേട്ടൻ. അജുവിന്റെ ചേട്ടൻ ആണ്. ഏട്ടൻ നമ്മുടെ ഓഫീസിൽ തന്നെ HR മാനേജർ ആണ്. “മാളു ഒരു ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു.

“ഇത് നിർമല അപ്പച്ചിയുടെ മകൾ ഋതു. ഇവളിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ. ”

ഋതു ദേവുവിനെ നോക്കി ചിരിച്ചു.. ദേവുവും അവരോടൊപ്പം കളിചിരിയിൽ കൂടി. ഇടക്കെപ്പോഴോ മിഥുനെ നോക്കിയിരുന്ന ദേവുവിന്റെ കാതിൽ മാളു പറഞ്ഞു

“പേടിക്കുവൊന്നും വേണ്ടാട്ടോ ഋതു വില്ലത്തി ഒന്നുമല്ല.. അവളുടെ നായകനെ അവള് വേറെ കണ്ടു വെച്ചിട്ടുണ്ട് ”

” ന്ത്‌? ” ദേവു മനസിലാകാതെ മാളുവിനെ നോക്കി.

“അല്ല സാധാരണ കഥയിലൊക്കെ ബന്ധത്തിൽ ഒരു കുട്ടി നായകനെ ഇഷ്ടമാണെന്നും പറഞ്ഞു ഇടക്ക് കേറി വരൂല്ലോ. ഇനി അതോർത്തു ദേവു ചേച്ചിക്ക് ടെൻഷൻ കേറണ്ട എന്നോർത്തു പറഞ്ഞതാ. ” മാളു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

“നീയെന്തൊക്കെയാ ന്റെ മാളു ഈ പറയണേ? ”

“അതേ കണ്ണടച്ച് പാൽ കുടിച്ചാൽ ആരും അറിയൂല്ലന്നു വിജാരിക്കല്ല്. എന്റെ ഏട്ടനെ കാണുമ്പോൾ മാത്രമുള്ള ഈ കണ്ണിലെ തിളക്കം എനിക്ക് മനസിലാകും കേട്ടോ കള്ള കാമുകി”

ദേവു ഒന്നും പറയാനാവാതെ കള്ളം കണ്ടുപിടിക്കപ്പെട്ട കുട്ടിയെപ്പോലെ പരുങ്ങി..

“ആഹ് പരുങ്ങുവൊന്നും വേണ്ടാ. എനിക്ക് ഇഷ്ടാ എന്റെ ദേവുചേച്ചീനെ. എനിക്ക് ഏട്ടത്തിയായിട്ട് ഈ മൂക്കുത്തിപ്പെണ്ണ് മതി. ”

“അതിനു എനിക്ക് മൂക്കുത്തി ഇല്ലല്ലോ. ”

“അതൊക്കെ നമുക്ക് ഇടാം. ചേച്ചിക്ക് മൂക്കുത്തി ഇട്ടാൽ അടിപൊളി ആയിരിക്കും. പിന്നെ ഈ ചെക്കന്മാർക്കൊക്കെ മൂക്കുത്തി ഇഷ്ടായിരിക്കും. ഒരു നീലക്കൽ മൂക്കുത്തി ഇട്ടു നമുക്ക് ഏട്ടനെ വീഴ്ത്താം “മാളു ചിരിച്ചു. ദേവുവും ആ ചിരിയിൽ പങ്കുചേർന്നു.

അഞ്ചുപേരും കൂടി പാട്ടുകൾ പാടി തമാശ ഒക്കെ പറഞ്ഞു അന്നത്തെ വൈകുന്നേരം മനോഹരമാക്കി.. ബാക്കി ബന്ധുക്കൾ ഒക്കെ പോയിക്കഴിഞ്ഞിട്ടും ഋതുവും അഭിയും പ്രഭയും ചന്ദ്രനും അന്നവിടെ തങ്ങി.. രാത്രി ഭക്ഷണം എല്ലാം കഴിച്ചതിനുശേഷം പിള്ളേർ സെറ്റ് എല്ലാവരും കൂടി ഹാളിൽ ടിവിയുടെ മുന്നിൽ ഇരുപ്പുറപ്പിച്ചു.

ടീവി വെച്ചതും കണ്ടത് ഞാൻ ഗന്ധർവ്വൻ . അത് കാണാമെന്നു പറഞ്ഞു അവരെല്ലാവരും കൂടി ഇരുന്നു. ദേവുവും മാളുവും കൂടി സോഫയുടെ അടുത്ത് ഇരുന്ന മിഥുന്റെ കാൽച്ചുവട്ടിൽ ആയിരിന്നു. മാളു മിഥുന്റെ മടിയിലേക്ക് തല വെച്ചിരുന്നു കണ്ടു.

“ഏഴ് പകലും ഏഴ് രാത്രിയും നീണ്ടുനിന്ന കൊടും പീഡനങ്ങൾക്ക് ശേഷം അവരെനിക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ….. എന്റെയീ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല .. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്കീ ശബ്ദം എന്തിന്? ”

(ഞാൻ ഗന്ധർവ്വൻ )

ഗന്ധർവന്റെ പ്രണയത്തിന്റെ ആഴത്തിൽ ദേവുവിന്റെ ഉള്ളിലും ഒരു നൊമ്പരം ഉണ്ടായി.. അവള് പതിയെ തലതിരിച്ചു മിഥുനെ നോക്കി. പക്ഷെ അവൻ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

പിറ്റേന്ന് രാവിലെ തന്നെ പ്രഭയും ചന്ദ്രനും അഭിയും തിരിച്ചുപോയി. ഋതുവിനെ അജുവും കൊണ്ടുപോയി വിട്ടു.

“മോനേ ഉണ്ണീ ”
അമ്മയുടെ വിളി കേട്ട് മിഥുൻ കണ്ണുതുറന്നു..

“എന്താമ്മേ? ”

” അമ്മാവനും അമ്മായിയും ഇന്നലെ ഒരു ആശ്രമത്തിന്റെ കാര്യം പറഞ്ഞു മോനേ. വയനാട് എവിടെയോ ആണ്. അവിടെ തളർന്നു കിടന്ന ഒരുപാട് പേരെ ചികിൽസിച്ചു ഭേദമാക്കുന്നുണ്ട്. നമുക്ക് ഒന്ന് പോയി നോക്കിക്കൂടെ? ”

“അത് വേണോ അമ്മേ? ഈ ആയുർവ്വേദം ഒക്കെ എളുപ്പത്തിൽ ഫലിക്കുമെന്നു അമ്മക്ക് തോന്നുന്നുണ്ടോ??? ”

“പ്രഭയുടെ വീടിന് അടുത്തുള്ള ഏതോ പയ്യൻ ബൈക്കിൽ നിന്നു വീണു നടക്കാനാകാതെ വന്നപ്പോൾ അവിടുന്നാണത്രെ ചികില്സിച്ചത്. ഇപ്പൊ ഒരു സഹായവും കൂടാതെ നടക്കുന്നുണ്ട്.. നമുക്ക് പോകാം മോനേ ”

ഒന്ന് ആലോചിച്ചതിനു ശേഷം മിഥുൻ സമ്മതിച്ചു.
“ശരി പോകാം പക്ഷേ എനിക്ക് അവിടെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ നിമിഷം തിരിച്ചുപോകണം. സമ്മതിച്ചോ?

” ശെരി സമ്മതിച്ചു. നമുക്ക് ഈ ശനിയാഴ്ച പോകാം. ”

രാധികയുടെ ഉത്സാഹം കണ്ടു മിഥുൻ ചിരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ രാധിക ഉത്സാഹത്തിൽ ആയിരുന്നു. മിഥുൻ എഴുന്നേറ്റ് നടക്കുമെന്ന ശുഭപ്രതീക്ഷയിൽ അവർ ശനിയാഴ്ച ആകുന്നത് നോക്കിയിരുന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച എത്തിച്ചേർന്നു. രാവിലെ തന്നെ മിഥുനെ തുടപ്പിച്ചു ഡ്രെസ്സും ചെയ്യിപ്പിച്ചു ദേവു അടുത്തുള്ള അമ്പലത്തിലേക്ക് പോയി. അവന്റെ പേരിൽ വഴിപാടുകളൊക്കെ കഴിപ്പിച്ചു എത്തിയപ്പോഴേക്കും അവർ പോകാൻ ഇറങ്ങിയിരുന്നു. ഇലച്ചീന്തിലെ പ്രസാദം അവള് മാധവനും രാധികക്കും നേരെ നീട്ടി. മാളുവിനും അജുവിനും ചന്ദനം തൊട്ടുകൊടുത്തിട്ടവൾ മിഥുന് അരികിലെത്തി. അവൻ തന്നെ ശ്രെദ്ധിക്കാതെ ഇരുന്നത് കൊണ്ട് അവൾ തിരിഞ്ഞു നടക്കാനൊരുങ്ങവേ മാളു അവളെ കൈപിടിച്ചു നിർത്തി.

“എന്റെ ഏട്ടനും തൊട്ടുകൊടുക്ക് ചേച്ചീ ”

ദേവു ഒരല്പം പേടിയോടെ തന്നെ മിഥുന്റെ നെറ്റിയിലേക്ക് തന്റെ വിറയ്ക്കുന്ന വിരലുകളാൽ ചന്ദനം തൊട്ടു. സുഖമുള്ളൊരു തണുപ്പ് തന്റെ ശിരസ്സിലാകെ വ്യാപിക്കുന്നത് മിഥുൻ അറിഞ്ഞു. അവർ പോകാനിറങ്ങിയപ്പോഴേക്കും ദേവുവിന്റെ മുഖം വാടി.
അതുകണ്ടതും മാളു മാധവനെ ചുറ്റിപിടിച്ചു.

“അച്ഛാ നമുക്ക് ദേവുചേച്ചീനെ കൂടെ കൊണ്ടുപോകാം?? അല്ലെങ്കിൽ നമ്മൾ വരുന്നതുവരെ ചേച്ചി ഇവിടെ തനിയെ നിൽക്കണ്ടേ? ”

“ശെരിയാ മാധവേട്ടാ. മോളെ ഒറ്റക്കിവിടെ നിർത്തണ്ട . “അങ്ങോട്ട് വന്ന രാധിക പറഞ്ഞു.

അതോടെ മാധവൻ സമ്മതിച്ചു. ഏറ്റവും പിന്നിലായി മാളുവും ദേവുവും ഇരുന്നു. മിഥുന്റെ പുറകിലായിരുന്നു ദേവു. കാറ്റിൽ പറക്കുന്ന അനുസരണയില്ലാത്ത അവന്റെ മുടിയിഴകളെ ദേവു കൗതുകത്തോടെ നോക്കിയിരുന്നു . മാളുവിനെ നോക്കിയപ്പോൾ അവൾ ആക്കിച്ചിരിക്കുന്നത് കണ്ടു ദേവുവിന്റെ കവിളുകൾ തുടുത്തു. അജു ആയിരുന്നു
ഡ്രൈവ് ചെയ്തിരുന്നത് . പതിഞ്ഞ സ്വരത്തിൽ അവൻ പാട്ട് വെച്ചു .

“പ്രണയസൗഗന്ധികങ്ങള് ഇതള്വിരിഞ്ഞ കാലം
ഹൃദയസങ്കീര്ത്തനങ്ങള് ശ്രുതിപകര്ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്
അനുരാഗമെന്നു മൊഴിയുമ്പോള്
അകലങ്ങള്പോലുമരികെ…….”

💃💃💃💃💃💃💃💃💃💃💃💃💃💃

വയനാട് എത്തുമ്പോഴേക്കും രാവിലെ ആയിരുന്നു. ഒരു ഹോട്ടലിൽ കയറി ഫ്രഷ് ആയി അവർ നേരെ ആശ്രമത്തിലേക്ക് ചെന്നു. വലിയ മതിൽക്കെട്ട് കടന്നു ഉള്ളിലേക്ക് ചെന്ന കാർ ഒരു ഓടിട്ട കെട്ടിടത്തിന്റെ മുന്നിൽ നിന്നു. ചുറ്റുമുള്ള അന്തരീക്ഷം വളരെ മനോഹരമായിരുന്നു. ചെറിയ തണുത്ത കാറ്റും നിറഞ്ഞു നിൽക്കുന്ന മരങ്ങളും വളരെ മനോഹരമായ പൂന്തോട്ടവും മനം കുളിർപ്പിക്കുന്നതായിരുന്നു.

പൂന്തോട്ടത്തിന്റെ നടുക്കായി ഒരുക്കിയ ചെറിയ കുളത്തിൽ നിറയെ വാടാമല്ലി കളറിലെ ആമ്പൽപ്പൂവുകൾ നിറഞ്ഞിരുന്നു. ചുറ്റുപാടുമുള്ള ഭംഗി ആസ്വദിച്ചു മിഥുനും ദേവുവും മാളുവും നിന്നപ്പോഴേക്കും ഓഫീസ് procedures എല്ലാം തീർത്തു അജുവും രാധികയും മാധവനും അവർക്കരികിലെത്തി.

അവർ അവിടുന്ന് നടന്നു ചെന്നത് മറ്റൊരു കെട്ടിടത്തിലേക്ക് ആയിരുന്നു. അവിടെയാകെ പച്ചമരുന്നുകളുടെ ഗന്ധം തങ്ങി നിന്നിരുന്നു . അവിടെയുള്ള ഒരു മുറിയിലെ മരപ്പലകയിൽ മിഥുനെ കിടത്താൻ അജുവും ദേവുവും ഒരുങ്ങവെ കൂടെ വന്ന സഹായിയും സഹായിച്ചു . അപ്പോഴേക്കും നരച്ച മുടിയും താടിയുമുള്ള കാവി ചുറ്റിയ ഒരാൾ അങ്ങോട്ട് വന്നു. അയാളുടെ നെറ്റിയിലായി ചന്ദനപ്പൊട്ടും കഴുത്തിൽ രുദ്രാക്ഷമാലയും ഉണ്ടായിരുന്നു. അയാളുടെ മുഖത്തെ നിറഞ്ഞ ചിരി അദ്ദേഹത്തിനൊരു തേജസ്‌ നൽകി. കൂടി നിന്നവരെയൊക്കെ പുറത്ത് നിർത്തി അദ്ദേഹം മിഥുനെ പരിശോധിക്കാൻ തുടങ്ങി .

പുറത്ത് എല്ലാവരും അക്ഷമരായി കാത്തുനിന്നു . ദേവു മനമുരുകി ഭഗവതിയെ പ്രാർത്ഥിച്ചു. അല്പസമയത്തിനകം അദ്ദേഹം പുറത്തുവന്നു. രാധികയെയും മാധവനെയും തന്റെ കൂടെ വരാൻ ക്ഷണിച്ചിട്ട് അദ്ദേഹം മുന്നോട്ട് നടന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

“അയാളെ അവിടെ നിന്നു മാറ്റിക്കോളൂ. പരിശോധന കഴിഞ്ഞു ” ഒരാൾ വന്നു അജുവിനോട് പറഞ്ഞു .
ദേവുവും അജുവും മിഥുനെ ഷർട്ട്‌ ഇടീപ്പിച്ചിട്ട് താങ്ങിയെടുത്തു വീൽച്ചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ടുപോയി. മാളു പൂന്തോട്ടത്തിൽ നിന്നു സെൽഫികൾ എടുക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അജുവിനെ ഫോട്ടോഗ്രാഫർ ആയി വിളിച്ചുകൊണ്ടു പോയി. അവനോട് അങ്ങനെ ഇങ്ങനെ എടുക്ക് എന്നെല്ലാം പറഞ്ഞു മാളു കളിപ്പിക്കുന്നത് ഒരു ചെറു ചിരിയോടെ ദേവുവും മിഥുനും കണ്ടു നിന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

“സ്വാമി ഒന്നും പറഞ്ഞില്ല. എന്റെ മകൻ അവനു സുഖമാവില്ലേ സ്വാമി? ”
മാധവൻ ഉത്കണ്ഠയോടെ ചോദിച്ചു.

സ്വാമി തന്റെ താടിയൊന്നു ഉഴിഞ്ഞു.

“അന്നത്തെ അപകടത്തിൽ ഉയരത്തിൽ നിന്നു നട്ടെല്ല് ഇടിച്ചാണ് മിഥുൻ വീണിരിക്കുന്നത്. അതുകൊണ്ട് തന്നെ സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. ഇവിടെ ചികിത്സ നടത്താം. പക്ഷെ നൂറ് ശതമാനം ഉറപ്പ് എനിക്ക് നൽകാനാവില്ല മാധവൻ. കാലുകൾ അനങ്ങിയത് നല്ല ലക്ഷണമാണ്. നമുക്ക് നോക്കാം ”

“എന്റെ മകൻ നടക്കും സ്വാമീ എനിക്കുറപ്പുണ്ട്. അവിടുത്തെ കഴിവിൽ ഞങ്ങൾക്ക് പരിപൂർണ വിശ്വാസമുണ്ട്. “മാധവൻ തൊഴുകൈയ്യോടെ പറഞ്ഞു.

സ്വാമി ഒന്ന് ചിരിച്ചു.
“തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ മാധവാ. ദൈവം ആരെയും എളുപ്പം കൈവിടില്ല. ”

” ചികിത്സയുടെ കാര്യങ്ങൾ ഒക്കെ? ”

“ചികിത്സ തുടങ്ങാൻ ഒരു 10 ദിവസം എടുക്കും. എനിക്ക് നാളെ ഒരു യാത്രയുണ്ട്. ഞാൻ പത്തുദിവസം കഴിഞ്ഞേ മടങ്ങൂ . നിങ്ങളും അപ്പോൾ വന്നാൽ മതിയാകും . അതുവരെ ഉള്ളിൽ കഴിക്കാൻ ഞാനൊരു മരുന്ന് തന്നുവിടാം. അത് കൃത്യമായി കഴിക്കുക. ”

“അത് ഞങ്ങൾ കൊടുത്തോളാം സ്വാമീ ”

“ഇവിടുത്തെ ചികിത്സക്ക് ചില പ്രേത്യേകതകൾ ഉണ്ട്. രോഗിയുടെ കൂടെ നിൽക്കാൻ ഒരാൾ വേണം. മരുന്നുകളൊക്കെ പാകം ചെയ്യാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും രോഗിക്ക് ആത്‌മവിശ്വാസം പകരാനും സാധിക്കുന്ന ഒരാൾ .

“ഞാനോ അജുവോ നിൽക്കാം സ്വാമീ. അജു രാധികയുടെ ഏട്ടന്റെ മകനാണ്. അവർ തമ്മിൽ നല്ല സ്നേഹവുമാണ്. ”

“പക്ഷെ അയാൾക്ക് പരിധികൾ ഉണ്ട് മാധവൻ. ”
സ്വാമി ഒരു നിമിഷം ആലോചിച്ചു. പെട്ടന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു.
സ്വാമിയുടെ കണ്ണുകളെ പിന്തുടർന്ന് രാധികയും മാധവനും നോക്കി…

വീൽച്ചെയറിൽ ഇരുന്ന് കുളത്തിലെ ആമ്പൽപ്പൂ പറിക്കാനായി ആയുകയാണ് മിഥുൻ. പെട്ടന്ന് അവൻ നിലതെറ്റി വീഴാനാഞ്ഞു . അതേ നിമിഷം തന്നെ ദേവു ഓടിയെത്തി വീഴാൻ തുടങ്ങിയ മിഥുനെ അവളുടെ നെഞ്ചോട് ചേർത്ത് നേരെയിരുത്തി. ശേഷം കുനിഞ്ഞിരുന്ന് ഏതാനും ആമ്പൽപ്പൂക്കൾ പറിച്ചു അവന്റെ കയ്യിൽ വെച്ചുകൊടുത്തു.

“ആ കുട്ടി അയാളുടെ ഭാര്യ ആണോ? ” സ്വാമി ചോദിച്ചു.

“അല്ല. മിഥുന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്ന കുട്ടിയാണ്. ”

“മ്മ് “അദ്ദേഹം ഒന്ന് മൂളി. “വെറും ജോലിക്കാരി ആയിരുന്നിട്ടും അവൾക്കവനോട് സ്നേഹവും കരുതലും എല്ലാമുണ്ട്. ഇതുപോലെ ഒരാളുടെ പരിചരണമാണ് മിഥുന് ഇവിടെ വേണ്ടത്. അവളുടെ സാന്നിധ്യം അയാളിൽ മാറ്റങ്ങൾ വരുത്തും… ”

“സ്വാമി പറഞ്ഞു വരുന്നത് “മാധവൻ അർധോക്തിയിൽ നിർത്തി.

“അവരുടെ വിവാഹം നടത്തണം. എത്രയും വേഗം തന്നെ. അയാളിവിടെ ചികിത്സക്ക് വരുമ്പോൾ ഭാര്യയായി ആ കുട്ടി കൂടെ വേണം. ഒരു ഭാര്യ തന്റെ ജീവന്റെ പാതിയായ ഭർത്താവിന് വേണ്ടി മനമുരുകി പ്രാർത്ഥിക്കുമ്പോൾ ഒരു ദൈവത്തിനും കണ്ടു നിൽക്കാൻ ആവില്ലടോ. ”

“എന്നാലും ആ കുട്ടി അവൾ സമ്മതിക്കുമോയെന്നു “മാധവൻ ചിന്താക്കുഴപ്പത്തിലായി.

സ്വാമി ഒരു പുഞ്ചിരിയോടെ മാധവന്റെ തോളിൽ തട്ടി ഇടനാഴിയിലൂടെ നടന്നകന്നു . ഇടക്കദ്ദേഹത്തിന്റെ നോട്ടം മിഥുനെ നോക്കിനിൽക്കുന്ന ദേവികയിൽ പതിഞ്ഞു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

തിരികെയുള്ള യാത്രയിൽ രാധികയും മാധവനും മൗനമായിരുന്നു. അവരുടെ മുഖങ്ങളിൽ തെളിഞ്ഞ ചിന്താക്കുഴപ്പം ദേവികയുടെ മനസ്സിൽ അകാരണമായ ഭയത്തെ വളർത്തി. മിഥുന് ഒരിക്കലും നടക്കാൻ ആവില്ലേ എന്നോർത്തു ദേവുവിന്റെ ഹൃദയം പിടഞ്ഞു. സീറ്റിലേക്ക് ചാഞ്ഞുറങ്ങുന്ന മിഥുന്റെ മുടിയിൽ അവൾ പതിയെ തലോടി. അത് കണ്ട മാളുവിന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു .

വീട്ടിൽ എത്തിയതും ഉറക്കം തൂങ്ങിയ മാളുവും അജുവും കൂടി അകത്തേക്ക് കയറിപ്പോയി. രാധികയും ചിന്താഭാരത്തോടെ ഉള്ളിലേക്ക് കയറി.

മാധവന്റെ സഹായത്തോടെ ദേവു മിഥുനെ കാറിൽ നിന്നിറക്കി മുറിയിലേക്ക് കൊണ്ടുപോയി. അവന്റെ മുഖം തുടപ്പിച്ചു ഡ്രസ്സ്‌ എല്ലാം മാറ്റിക്കൊടുത്തു ബെഡിൽ കിടത്തി പുതപ്പിച്ചിട്ട് അവൾ സ്വന്തം മുറിയിലേക്ക് ഫ്രഷ് ആകാൻ പോയി.

💃💃💃💃💃💃💃💃💃💃💃💃💃💃💃

“മാധവേട്ടാ നമ്മൾ എന്താ ചെയ്യുക? ”

“ദേവൂന്റെയും ഉണ്ണിയുടെയും വിവാഹം നടത്തണം ദേവു. അവൾക്ക് എതിർപ്പുണ്ടാവുമെന്ന് തോന്നുന്നില്ല. ദേവുവിന്റെ ചെറിയച്ചനോട് ഉടനെ സംസാരിക്കണം. ഇനി അധികം സമയമില്ല നമ്മുടെ മുന്നിൽ. ”

“ദേവുവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അവളെ ആദ്യം കണ്ടപ്പോഴേ എന്റെ മരുമകൾ ആയിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ”

“നിന്റെയാ ആഗ്രഹം ഇപ്പൊ ദൈവമായിട്ട് സാധിച്ചു തരുന്നതാ രാധൂ . ”

” മിഥുന് ഭേദമാവുമെങ്കിൽ അവളെ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചേനെ. പക്ഷെ എഴുന്നേറ്റ് നടക്കുമോ എന്നുറപ്പില്ലാത്ത നമ്മുടെ മകന് വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം നമ്മൾ കളയണോ? സ്വാമിക്ക് പോലും ഉണ്ണി ഈ അവസ്ഥയിൽ നിന്നു മാറുമെന്ന് ഉറപ്പില്ല. പിന്നെങ്ങനെയാ അവളോട് നമ്മൾ…. “രാധിക ഉള്ളിലെ ആശങ്ക മറച്ചുവെച്ചില്ല.

“ഇത്രയും നാൾ അവളെ സംരക്ഷിച്ചതിനുള്ള കൂലിയായി അവളുടെ ജീവിതം തന്നെ നമ്മുടെ മകന് വേണ്ടി ചോദിച്ചാൽ ദൈവം പോലും നമ്മളോട് ക്ഷമിക്കില്ല മാധവേട്ടാ.. ”

പിന്നിലൊരു ശബ്ദം കേട്ട് രാധിക തിരിഞ്ഞതും കണ്ടത് ചുവരിൽ ചാരി ഹൃദയവേദനയോടെ നിൽക്കുന്ന ദേവുവിനെ. അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ കണ്ടതും അവളെല്ലാം കേട്ടുവെന്ന് അവർക്ക് മനസിലായി……..

തുടരും………

ഇന്നലെ പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തതിന് സോറി..

എന്റെ വായനക്കാരോട് രണ്ട് വാക്ക്. കഴിഞ്ഞ ഭാഗം ഇഷ്ടമായില്ല, വായിക്കണ്ടായിരുന്നു എന്നുപോലും തോന്നിപ്പോയി എന്നൊരു സുഹൃത്ത് അഭിപ്രായം പറഞ്ഞു. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു ഉയരാൻ സാധിക്കാത്തത് എന്റെ പോരായ്മയാണ്. അത് ഞാൻ മനസിലാക്കുന്നു.

ഇവിടെയുള്ള എല്ലാ എഴുത്തുകാരും എന്റെ പ്രിയപ്പെട്ടവർ ആണ്. ഞാൻ മനഃപൂർവം ആരെയും ഹൈലൈറ്റ് ചെയ്യാനോ ഡീഗ്രേഡ് ചെയ്യാനോ ശ്രെമിച്ചിട്ടില്ല. എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!