പവിത്ര: PART 23

പവിത്ര: PART 23

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

” എന്തിനാ വിളിച്ചത് ”
പ്രശാന്ത് ആണ് സംസാരത്തിന് തുടക്കം കുറിച്ചത്.
പുണ്യയും കാര്യം എന്താന്ന് അറിയാനുള്ള തിടുക്കത്തിൽ പവിത്രയുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്.

പത്മത്തിനെ ഒന്ന് നോക്കിയിട്ട് പവിത്ര പറഞ്ഞു തുടങ്ങി.

” ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് വെച്ചാൽ എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് അത് നിങ്ങളോട് പറയാൻ വേണ്ടിയാണ്. ആദർശിന്റെ കല്യാണം.. !

” വല്ലവന്റെയും കല്യാണക്കാര്യം പറയാൻ ഞങ്ങളെ എന്തിനാ വിളിക്കുന്നത് ”
പ്രശാന്ത് ദേഷ്യത്തോടെ പവിത്രയോട് ചോദിച്ചു.

” അവൻ അങ്ങനെ വല്ലവനും അല്ല നിന്റെ അച്ഛന്റെ മകൻ തന്നെയാണ്…
അതായത് നിന്റെ സഹോദരൻ… ”

” അല്ല ഞാൻ അങ്ങനെ അവനെ കണ്ടിട്ടില്ല എനിക്ക് കാണാനും സാധിക്കില്ല ”

” പുണ്യ നിനക്കോ നീ ആദിയെ സഹോദരൻ ആയി അംഗീകരിക്കുന്നുണ്ടോ ”
പുണ്യ ആകാശിനെ ഒന്ന് നോക്കിയിട്ട് പവിത്രയുടെ അരികിലേക്ക് ചെന്നു.

” നമ്മുടെ അച്ഛന്റെ മകൻ തന്നെ അല്ലേ അവനും എനിക്ക് നിന്നെ പോലെ തന്നെ അവനും ആങ്ങള തന്നെയാ പ്രശാന്തേ ”

” എന്നാ നിങ്ങൾ എല്ലാം കൂടെ അങ്ങ് നടത്തി കൊടുക്ക് അവന്റെ കല്യാണോം അടിയന്തരവും ഒക്കെ എന്നോട് എന്തിനാ ഇതൊക്കെ പറയുന്നത്…
എന്നെ എന്റെ വഴിക്ക് വിട് ”
പ്രശാന്ത് ചാടി തുള്ളി പോകാനായി എണീറ്റു.

” ഇരിക്കെടാ അവിടെ എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് നീ പോയാൽ മതി ”
പവിത്രയും ദേഷ്യത്തിലായി.

” നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണം ഈ കല്യാണത്തിന്…മാത്രമല്ല ഈ വീട് ആദിയുടെ പേരിൽ ആക്കിയാൽ കൊള്ളാമെന്നുണ്ട് എനിക്ക്…അമ്മയ്ക്കും സമ്മതമാണ് ”
ആ പറഞ്ഞതിനോട് എല്ലാർക്കും വിയോജിപ്പ് ആയിരുന്നു.

” പവിത്രേച്ചി പറഞ്ഞത് പോലെ ആദിയുടെ കല്യാണത്തിന് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ ഞാനും പുണ്യയും കാണും… പക്ഷേ ഈ വീട് അവന്റെ പേരിൽ ആക്കുക എന്ന് വെച്ചാൽ… എന്തോ എനിക്ക് അതിനോട് അത്ര യോജിക്കാൻ ആകുന്നില്ല ”
ആകാശ് തന്റെ ഭാഗം വ്യക്തമാക്കി. പുണ്യയും അയാൾ പറഞ്ഞതിനെ ശരി വെച്ചു.

” അമ്മ ഇവരുടെ ഒപ്പം തുള്ളാൻ നിക്കുവാണോ ഇത് അമ്മയുടെ വീട് അല്ലേ…
അമ്മയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരുത്തന് ഈ വീട് കൊടുക്കണമെന്ന് ഈ സ്ത്രീ പറയുന്നത് കേട്ട് അമ്മയും സമ്മതിച്ചോ ”
പ്രശാന്തിന്‌ തന്റെ രോക്ഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ അമ്മയുടെ നേരെ തട്ടിക്കേറി കൊണ്ടിരുന്നു.

” പ്രശാന്തേ നീ ഇങ്ങനെ കിടന്നു ദേഷ്യപ്പെടണ്ട നിനക്ക് കിട്ടേണ്ട ഷെയർ തരിക തന്നെ ചെയ്യും ”

” എനിക്ക് നിങ്ങളുടെ ഒരു ഷെയറും വേണ്ടാ…
കോടിക്കണക്കിനു സ്വത്തിന് അവകാശിയാണ് എന്റെ ഭാര്യ അവൾക്ക് ഉള്ളതെല്ലാം എനിക്കും കൂടിയാ. അപ്പോഴാ നിങ്ങളുടെ ഈ നക്കാപ്പിച്ച…
വേണമെങ്കിൽ ഞാൻ ഇങ്ങോട്ട് വല്ലതും തരാം ”
അവൻ പുച്ഛത്തോടെ പവിത്രയെ നോക്കി.

” നിനക്ക് ഒന്നും വേണ്ടല്ലോ അപ്പൊ എന്റെ ഇഷ്ടം പോലെ ഞാൻ ചെയ്തോളാം ”

” ആഹ് എന്ത് കുന്തമാന്ന് വെച്ചാൽ ചെയ്തോ ഒരു കാര്യത്തിനും ഇടപെടാൻ ഞാൻ വരില്ല ”
ആരോടും യാത്ര പറയാൻ പോലും നിൽക്കാതെ അവൻ പോകാൻ ഇറങ്ങി. പവിത്രയും അവന് പുറകേ ചെന്നു.

” നീ കുടിച്ചിട്ടുണ്ടോ പ്രശാന്തേ ”
അതിന് ഉത്തരം പറയാതെ അവൻ കാറിലേക്ക് കയറാൻ പോയി.

” ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോടാ ”
പവിത്ര അവന്റെ കൈക്ക് പിടിച്ചു പുറകോട്ട് വലിച്ചു.

” ഞാൻ എന്റെ ഇഷ്ടം പോലെ കുടിക്കും വലിക്കും അതൊന്നും ചോദ്യം ചെയ്യാൻ നിങ്ങള് വരണ്ട ”
അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.

” ചേച്ചിയാണെന്ന് വെച്ച് എന്റെ തലയിൽ കയറി ഭരിക്കാൻ ഒന്നും വരണ്ട…
ഇവിടെ ചേച്ചി തോന്നിയത് പോലെ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്. ”

” നീ എന്ത് അറിഞ്ഞെന്നാ ”

” വാടകയ്ക്ക് താമസിക്കാൻ വന്ന വേറേ മതക്കാരനുമായിട്ട് നിങ്ങൾക്ക് എന്താ ബന്ധം… കല്യാണം വേണമായിരുന്നെങ്കിൽ അത് നല്ല പ്രായത്തിൽ അങ്ങ് കഴിക്കരുതാരുന്നോ… ഇതിപ്പോ ഈ പ്രായത്തിൽ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്…
മാധവേട്ടൻ ഇത് വിളിച്ചു പറയുമ്പോൾ ചിപ്പിയും മമ്മിയും ഒക്കെ ഉണ്ടായിരുന്നു.. ഞാൻ നാണംകെട്ടു ”

” നിർത്ത് പ്രശാന്തേ ആരെങ്കിലും വിളിച്ചു പറയുന്നത് കേട്ട് സ്വന്തം ചേച്ചിയെ കുറ്റപ്പെടുത്താനും മാത്രം നീ ആയെന്ന് ഞാൻ അറിഞ്ഞില്ല…
ഒന്ന് ഓർത്ത് എന്റെ അനിയൻ പേടിക്കണ്ട നിങ്ങൾക്ക് ആർക്കും നാണക്കേട് വരുത്തുന്ന ഒരു കാര്യവും ചേച്ചി ചെയ്യില്ല…
പിന്നെ ഇനി മുതൽ നിന്റെ കാര്യങ്ങളിൽ ഇടപെടാനും ഞാൻ വരില്ല ”

വീട്ടിലേക്ക് കയറി പോകുന്ന പവിത്രയെ ഒരു നിമിഷം നോക്കി നിന്നിട്ട് പ്രശാന്ത് വണ്ടിയെടുത്തു പോയി.

” ചേച്ചി ഒന്നൂടെ ആലോചിച്ചിട്ട് പോരെ ഈ വീട് കൈമാറ്റം ഒക്കെ ”
പുണ്യ പത്മത്തിനെ നോക്കി.

” ഞാനും ഇത് പറഞ്ഞതാ അവളോട്…
ആദിക്ക് കൊടുക്കുന്നതിൽ വിരോധം ഉണ്ടായിട്ടല്ല, ഈ വീട് പവിത്രക്ക് എന്നാണല്ലോ നമ്മൾ നേരത്തെ പറഞ്ഞു വെച്ചിരുന്നത്. ഇത് അവന് കൊടുത്താൽ പിന്നെ നിനക്ക് എന്തുണ്ട് മോളേ ”
പത്മം വീണ്ടും അവരുടെ മനസ്സിലെ സങ്കടം പറഞ്ഞു.

” അമ്മേ വീട് അവന് കൊടുത്തെന്നു കരുതി നമ്മളെ അവൻ ഇറക്കി വിടാനൊന്നും പോകുന്നില്ല… ”

” എന്നാലും വേണ്ടാ പവിത്രേച്ചി ഈ കാര്യം കുറച്ചു കഴിഞ്ഞിട്ട് നമ്മുക്ക് ആലോചിക്കാം… ഇപ്പോൾ ഒരു കാര്യം ചെയ്യാം നമ്മുക്ക് ആദിയേയും അമ്മയെയും ഇവിടെ താമസിപ്പിക്കാം അവർ ഇവിടെ നിൽക്കട്ടെന്നേ.. അവരെ ആരും ഇറക്കി വിടാനൊന്നും പോകുന്നില്ലല്ലോ ”
ആകാശ് ഒരു തീരുമാനം പോലെ പറഞ്ഞു.

” അതുമതി മോളേ അവരെ നമ്മുക്ക് ഇവിടെ താമസിപ്പിക്കാം… നമ്മുക്ക് ഒരുമിച്ച് സന്തോഷമായിട്ട് ജീവിക്കാം…
എന്തായാലും എന്റെ സ്വന്തം മോനും മരുമോളും വീട്ടിൽ വന്നു നിൽക്കുന്നില്ല, അപ്പൊ പിന്നെ അവർക്ക് പകരം ഇവരുണ്ടാകുമല്ലോ എനിക്ക് മോനായും വരുന്ന പെൺകുട്ടി മരുമോൾ ആയിട്ടും ”

എല്ലാവരും ഒരുപോലെ പറഞ്ഞപ്പോൾ അതായിരിക്കും നല്ലതെന്ന് പവിത്രക്കും തോന്നി.

” ശരി നിങ്ങളുടെ ഒക്കെ ഇഷ്ടം പോലെ ”
പവിത്ര മുറിയിലേക്ക് കയറിയെന്ന് കണ്ടപ്പോൾ പുണ്യ പതിയെ വീർത്ത വയർ കൈ കൊണ്ട് താങ്ങി പതിയെ കസേരയിലേക്ക് ഇരുന്നു.

” ചേച്ചിക്ക് നല്ല മാറ്റം ഉണ്ടല്ലോ അമ്മേ… ഇപ്പോൾ നമ്മളോട് ഒക്കെ നന്നായിട്ട് സംസാരിക്കുന്നുണ്ട്…
നമ്മൾ പറയുന്നതൊക്കെ കേൾക്കുന്നുണ്ട്…
എന്തുപറ്റി അമ്മേ ”
പുണ്യയുടെ ഇരിപ്പും ചോദ്യവും കണ്ടപ്പോൾ ആകാശിനും ചിരി വന്നു.

” എനിക്കും അറിയില്ലെടി അവൾക്ക് ഇപ്പോൾ പണ്ടത്തെ അത്ര ദേഷ്യമൊന്നും ഇല്ല…
എന്നാലും വലിയ മാറ്റം ഒന്നുമില്ല ഇടയ്ക്ക് ഇളകും ”
പത്മം ചിരിയോടെ പറഞ്ഞു.

പിന്നീട് പവിത്രയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ സൗമ്യയുടെ അമ്മയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുക എന്നതായിരുന്നു. അവിടെ അവൾ പത്മത്തിന്റെ സഹായവും സ്വീകരിച്ചിരുന്നു.

” എനിക്ക് സമ്മതക്കുറവ് ഒന്നുമില്ല പത്മേച്ചി..
പിന്നെ നിങ്ങൾക്ക് അറിയാല്ലോ അച്ഛനില്ലാത്ത കുട്ടിയാ എന്റെ കുഞ്ഞ്..
ഒരുപാട് ഒന്നും കൊടുക്കാനില്ലെങ്കിലും അവളെ നല്ലൊരു വീട്ടിലേക്ക് തന്നെ പറഞ്ഞു വിടണം എന്നാണെന്റെ ആഗ്രഹം. എന്റെ കുഞ്ഞ് സന്തോഷമായിട്ട് ഇരിക്കണം. നാളെ ഒരു പ്രശ്നം ഉണ്ടാകരുത് സ്വത്തിന്റെ കാര്യം പറഞ്ഞു സഹോദരങ്ങൾ തമ്മിൽ ”

” ജയാമ്മക്ക് ആ കാര്യത്തിൽ ഒരു പേടിയും വേണ്ടാ…
സൗമ്യക്കും ആദിക്കും ഒരു കുറവും ഞങ്ങളുടെ വീട്ടിൽ ഉണ്ടാകില്ല. നാളെ സ്വത്തിന്റെ പേരിൽ ഒരു തർക്കവും ആ വീട്ടിൽ ഉണ്ടാകാൻ ഞാൻ സമ്മതിക്കുകയുമില്ല ”
പവിത്ര അവരുടെ കൈകളിൽ പിടിച്ചു ഉറപ്പു കൊടുത്തു. പത്മവും ജയയ്ക്ക് ഉറപ്പ് നൽകി.

” പവിത്രയുടെ വീട്ടിലേക്ക് എനിക്ക് ധൈര്യമായിട്ട് അവളെ പറഞ്ഞയക്കാം. നീ അവൾക്ക് സ്വന്തം ചേച്ചിയേ പോലെ തന്നെയാണെന്ന് സൗമ്യ എപ്പോഴും പറയും. അവൾക്ക് നല്ലതല്ലാത്തൊരു കാര്യം നീ ചെയ്യില്ലെന്ന് എനിക്ക് വിശ്വാസം ഉണ്ട്… ഇനി അറിയേണ്ടത് സൗമ്യയുടെ സമ്മതം ആണ് ”
ജയ മകളെ നോക്കികൊണ്ട്‌ പറഞ്ഞു.

എല്ലാവരും പറയുന്നത് കേട്ട് നിൽപ്പുണ്ടെങ്കിലും
ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. അത് മനസ്സിലായത് കൊണ്ട് തന്നെ പവിത്ര അവളെയും കൂട്ടി തോട്ടിറമ്പിലേക്ക് നടന്നു.

” നിന്റെ വിവാഹക്കാര്യം ആണ് ഇപ്പോൾ പറഞ്ഞോണ്ട് ഇരുന്നത്… എന്താ നിന്റെ അഭിപ്രായം ”

” അത് പവിത്രേച്ചി ഞാൻ… ”
സൗമ്യ ഒന്നും പറയാൻ കഴിയാതെ അവളെ നോക്കി നിന്നു.

” നോക്ക് ആദിയോട് ഞാൻ നിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.
ഒരിക്കൽ നീ പ്രശാന്തിനെ ഇഷ്ടപ്പെട്ടിരുന്നതും എല്ലാം..
അവന് അതൊന്നും ഒരു പ്രശ്നം അല്ല… നിന്നെ ഇഷ്ടമാണ് ആദിക്ക്…
നിനക്ക് സമ്മതമാണോ ആദിയുമായുള്ള വിവാഹത്തിന്… ”

” പെട്ടെന്ന് ഇങ്ങനൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ ചേച്ചി…
എനിക്ക് പേടിയാ പവിത്രേച്ചി ഇഷ്ടപ്പെടാനും സ്നേഹിക്കാനും ”
ഇടറുന്ന സ്വരത്തിൽ അത് പറയുമ്പോൾ സൗമ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” സൗമ്യേ നിനക്ക് എന്നെ വിശ്വാസം അല്ലേ…. പ്രശാന്തിനെ പോലെയല്ല ആദി..
അവൻ ഒരിക്കലും നിന്നെ സങ്കടപ്പെടുത്തില്ല.. പിന്നെ നീ ഒറ്റയ്ക്ക് അല്ല നിനക്ക് എന്ത് ആവശ്യത്തിനും നിന്റെ ഒപ്പം പവിത്രേച്ചി ഉണ്ടായിരിക്കും ”
പവിത്ര അനുകമ്പയോടെ അവളുടെ തോളിൽ കൈ ചേർത്തു.

” നിങ്ങൾ ഒക്കെ ചേർന്ന് തീരുമാനം എടുത്തോളൂ എനിക്ക് സമ്മതമാ ”
സമ്മതം പറയുമ്പോഴും സൗമ്യയുടെ മുഖത്തെ തെളിച്ച കുറവ് പവിത്ര ശ്രദ്ധിച്ചിരുന്നു.

ആദിയുടെയും സൗമ്യയുടേയും വിവാഹക്കാര്യം അറിഞ്ഞപ്പോൾ ഡേവിച്ചനും ഒരുപാട് സന്തോഷമായി. ഇടയ്ക്ക് ഒന്ന് ഉടക്കിയെങ്കിലും പവിത്ര മെല്ലെ ഡേവിച്ചനുമായി ഇണക്കത്തിൽ ആയി.
ഡേവിച്ചനോട്‌ ഒപ്പം നിൽക്കുമ്പോൾ പവിത്ര ഒരുപാട് റിലാക്സ്ഡ് ആണെന്നും ചിലപ്പോഴൊക്കെ അവളുടെ ചുണ്ടിൽ ചിരി
വിരിയാറുണ്ടെന്നതും പത്മത്തിന്റെ മനസ്സിൽ ഒരു ആഗ്രഹത്തിന് തിരി കൊളുത്തി.

ഡേവിച്ചൻ പവിത്രക്ക് പറ്റിയ കൂട്ട് ആണെന്ന് അവർക്ക് തോന്നി തുടങ്ങി. എങ്കിലും അത് തുറന്നു പവിത്രയോട് പറയാൻ പത്മത്തിന് ചെറിയൊരു ഭയം ഉണ്ടായിരുന്നു. അവസരം വരുമ്പോൾ ഇത് സംസാരിക്കണമെന്ന് അവർ തീരുമാനിച്ചു.

പവിത്രയുടെ നിർബന്ധം മൂലം സാവിത്രിയും ആദർശും ശ്രീശൈലത്തിൽ താമസം തുടങ്ങി. നാട്ടുകാരൊക്കെ ഒളിഞ്ഞും പാത്തും അതിനെ കളിയാക്കുമെന്ന് അല്ലാതെ നേരിട്ട് കളിയാക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല.

പത്മവും സാവിത്രിയും നല്ല സന്തോഷത്തിൽ ആയിരുന്നു…
വീട്ടിൽ ഒരു കല്യാണമേളം തന്നെ തുടങ്ങി കഴിഞ്ഞിരുന്നു.
സൗമ്യക്കും അമ്മയ്ക്കും കാര്യമായി ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ലളിതമായി അമ്പലത്തിൽ വെച്ച് താലി കെട്ടു നടത്താൻ ആണ് തീരുമാനിച്ചത്.

കുട്ടിക്കാലം തൊട്ട് ഒറ്റപ്പെട്ടു ജീവിച്ചു ശീലിച്ച ആദിക്ക് ആയിരുന്നു ശ്രീശൈലത്തിൽ വന്നപ്പോൾ ഒരുപാട് സന്തോഷം. രണ്ടു അമ്മമാരുടെ സ്നേഹവും വാത്സല്യവും അവൻ ആവോളം ആസ്വദിക്കുക ആയിരുന്നു. പുറത്ത് കാണിക്കുന്നില്ലെങ്കിലും പവിത്രയുടെ ഉള്ളിലും തന്നോട് സ്നേഹം ഉണ്ടെന്ന് അവന് അറിയാമായിരുന്നു.

തന്റെ സഹോദരിയെ പ്രണയം നടിച്ചു വഞ്ചിച്ച മാധവിന് ഒരു പണി കൊടുക്കണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അത് ഡേവിച്ചനോട് പറയുകയും ചെയ്തിരുന്നു.
എടുത്തുചാടി ഒന്നും ചെയ്യണ്ടെന്ന് ഡേവിച്ചൻ അവനെ ഉപദേശിച്ചു.

മാധവിനെ ഒന്ന് കാണണം എന്ന് പറഞ്ഞത് ഡേവിച്ചൻ നടത്തി കൊടുത്തു. നേർക്ക് നേരെ ഒരു വട്ടം ആദിയും മാധവും കണ്ടെങ്കിലും കൂർത്ത ഒരു നോട്ടം കൈമാറി എന്നതല്ലാതെ കാര്യമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

ഡേവിച്ചന് ഒപ്പം ആദിയെ കണ്ടപ്പോൾ തന്നെ മാധവിന് മനസിലായി അതാണ് പവിത്രയുടെ സഹോദരൻ എന്ന്….
ആദിയുടെ കണ്ണുകളിലെ കനൽ മാധവിൽ ഭയം സൃഷ്ടിച്ചു. പവിത്രക്ക് കാവലായി രണ്ടു ശക്തികൾ എത്തി കഴിഞ്ഞു എന്ന് അവന് മനസ്സിലായി.
ഒത്ത ഒരു അവസരം കിട്ടുന്നത് വരെ ശാന്തമായി ഇരിക്കാൻ മാധവ് തീരുമാനിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

Share this story