പ്രണവപല്ലവി: PART 3

പ്രണവപല്ലവി: PART 3

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പ്രദീപും പ്രണവും രമ്യയും ഹോസ്പിറ്റലിൽ എത്തുമ്പോൾ കൃഷ്ണവാര്യരും പല്ലവിയുടെ അമ്മാവനും അമ്മയും ആണുണ്ടായിരുന്നത്.
കരഞ്ഞു തളർന്ന് പല്ലവിയുടെ അമ്മ ഐ സി യുവിന് മുൻപിൽ വാടിത്തളർന്ന് ഇരിപ്പുണ്ടായിരുന്നു.

തകർന്ന മനസ്സും ശരീരവുമായി ചുവരിൽ ചാരി നിൽക്കുന്ന കൃഷ്ണവാര്യരുടെ സമീപത്തായി അയാളെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മാവൻ നിന്നു.

രമ്യ പതിയെ പല്ലവിയുടെ അമ്മ പാർവതിയുടെ അടുത്തായി ഇരുന്നു.
ആശ്വസിപ്പിക്കാനെന്നോണം അവർ അവരെ ചേർത്തു പിടിച്ചു.

അത്രയും നേരം അടക്കി പിടിച്ച സങ്കടമെല്ലാം തോരാമഴ പോലെ രമ്യയുടെ ചുമലിൽ പെയ്തു തീർത്തു പാർവതി.

പ്രണവ് അവിടെ കണ്ട ചെയറിൽ ഇരുന്നു.
കൈയിലിരുന്ന ഫോണിൽനിന്നും നന്ദനയെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ മെസ്സേജ് അയക്കുകയായിരുന്നു അവൻ.

പ്രദീപ്‌ വാര്യരുടെ സമീപത്തായി നിന്നു.

കരച്ചിൽ തെല്ലടങ്ങിയ പാർവതിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയായിരുന്നു രമ്യ.

*******-*-

പ്രദീപ്‌ നിന്നപ്പോൾ തന്നെ മകൾ റൂമിലേക്ക് പോയിരുന്നു.
പിന്നാലെ പോയ പാർവതിയും അമ്മായി വൃന്ദയും അവളെ സമാധാനിപ്പിക്കാൻ നോക്കി.

അമ്മയുടെ മോൾ കരയേണ്ട. അമ്മയ്ക്കറിയാം ന്റെ കുട്ടി തെറ്റ് ചെയ്യില്ലാന്ന്. ഞങ്ങളുടെ പവിക്കുട്ടിയെ ഞങ്ങൾക്ക് വിശ്വാസമാണ്.

വിഷ്ണുവേട്ടന്റെ വീട്ടുകാർ എന്നെയൊരു ചീത്ത പെണ്ണായി ധരിച്ചല്ലേ അമ്മേ.. അവൾ ആശങ്കയോടെ ചോദിച്ചു.

എന്റെ കുട്ടി ഇപ്പോൾ വിവാഹo വേണ്ടെന്ന് പറഞ്ഞതല്ലേ. അച്ഛനല്ലേ മോളെ നിർബന്ധിച്ചത്. മോൾ അവനുമായി അടുത്തും ഇല്ലല്ലോ. പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമല്ലെന്ന് അവരും അറിയും ഒരിക്കൽ.
വൃന്ദ പറഞ്ഞു.

ഞാൻ കാരണം പൂജാമോൾക്കും ചീത്തപ്പേരായില്ലേ അമ്മേ.. വിതുമ്പിക്കൊണ്ട് പവി ചോദിച്ചു.

ഇല്ല മോളേ.. ന്റെ കുട്ടി അതൊന്നും ആലോചിക്കേണ്ട. ഇനി ആ ഓഫീസിൽ ന്റെ പവി പോകണ്ട.. മോളിപ്പോൾ പോയി കുളിച്ച് വേഷമൊക്കെ മാറി വാ. അമ്മയും അമ്മായിയും ചായ എടുക്കാo..
അവളെ കുളിക്കാൻ പറഞ്ഞയച്ചുകൊണ്ട് പാർവതിയും വൃന്ദയും അടുക്കളയിലേക്കിറങ്ങി.

പവിക്ക് ഇഷ്ടപ്പെട്ട ഏലയ്ക്ക ചേർത്ത ചായയും ഏത്തപ്പഴം വാട്ടിയതുമെടുത്ത് അവർ പവിയുടെ റൂമിലെത്തി.

പവീ.. കഴിഞ്ഞില്ലേ മോളേ കുളി.. വൃന്ദ വിളിച്ചു ചോദിച്ചു.

അകത്തുനിന്നും അനക്കമൊന്നും വരാതായപ്പോൾ അവർ ശരിക്കും ഭയന്നു.

ബാത്റൂമിലെ വാതിലിൽ ആഞ്ഞുള്ള തട്ടലും സ്ത്രീകളുടെ ഉറക്കെയുള്ള വിളിയും കേട്ടാണ് കൃഷ്ണവാര്യരും അമ്മാവൻ രാമനും ഓടിയെത്തിയത്.

വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കണ്ട കാഴ്ച.. നിറഞ്ഞൊഴുകുന്ന ബക്കറ്റിൽ ഇടതുകൈത്തണ്ട താഴ്ത്തി തറയിൽ ബോധമില്ലാതെ കിടക്കുന്ന പവിയേയും ബാത്രൂം നിറയെ ഒഴുകിപ്പരന്ന ചുവന്ന നിറവുമായിരുന്നു. അപ്പോഴും പൈപ്പിൽ നിന്നും വീഴുന്ന വെള്ളം അവളുടെ രക്തവുമായി കൂടിച്ചേരാനുള്ള വെമ്പലിലായിരുന്നു.

ചതിച്ചല്ലോ മോളേ.. എന്ന് പറഞ്ഞ് പവിയെ വാരിയെടുത്ത് ഓടുകയായിരുന്നു കൃഷ്‌ണവാര്യർ.

**********

കുട്ടിക്ക് ബോധം വീണിട്ടുണ്ട്. സൂയിസൈഡ് കേസ് ആയതിനാൽ പോലീസിൽ അറിയിക്കണം.. പുറത്തേക്ക് വന്ന ഡോക്ടർ പറഞ്ഞു. കൂടെ ഡോക്ടർ സുമേഷും ഉണ്ടായിരുന്നു.

വീണ്ടും എല്ലാവരുംകൂടി കൊല്ലാതെ കൊല്ലുകയാണല്ലോ ഈശ്വരാ എന്റെ കുഞ്ഞിനെ.. കൃഷ്ണവാര്യർ വിലപിച്ചു.

സാർ ഞാൻ പ്രദീപ്‌ വർമ്മ. പി ആർ ഗ്രൂപ്പിലെ ആണ്. പല്ലവിയെയും എന്റെ മകൻ പ്രണവിനെയുമാണ് ഇന്ന് ട്രാപ് ചെയ്ത് ഹോട്ടലിൽ നിന്നും പിടികൂടിയെന്ന ന്യൂസ്‌ വന്നത്. അതൊരു ചതിയായിരുന്നു. മീറ്റിങിനെത്തിയവരെ കുടുക്കിയതാണ്.
അതിന്റെ ഷോക്കിലാണ് കുട്ടി കടുംകൈ ചെയ്തത്. പ്ലീസ്‌ ഡോക്ടർ.. മറ്റു കുഴപ്പങ്ങൾ ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. പ്രദീപ് സംസാരിച്ചു.

ഏതായാലും ഞാൻ മാനേജ്മെന്റിനെ അറിയിക്കാം. ബാക്കിയെല്ലാം അവരാണ് തീരുമാനിക്കേണ്ടത്. അസ് എ ഡോക്ടർ എനിക്കതിൽ തീരുമാനം എടുക്കാനുള്ള റൈറ്റ്സ് ഇല്ല. സാർ അവരോട് സംസാരിക്കേണ്ടി വരും.
പറഞ്ഞശേഷം ഡോക്ടർ പോയി.

അങ്കിൾ.. ബ്ലേഡ് കൊണ്ടുള്ള മുറിവാണ്. വെയിൻ നന്നായി കട്ട്‌ ആയിരുന്നു.
ഒരൽപ്പം വൈകിയിരുന്നെങ്കിൽ ബ്ലഡ്‌ കൂടുതൽ നഷ്ടമാകുമായിരുന്നു.
നന്നായി ശ്രദ്ധിക്കണം. നാളെ മറ്റു കുഴപ്പമൊന്നുമില്ലെങ്കിൽ റൂമിലേക്ക് മാറ്റും.. ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞിട്ട് ഒരാൾക്ക് കയറി കാണാം. സുമേഷ് വിശദീകരിച്ചു.

താങ്ക്യൂ സുമേഷ്.. പ്രദീപ്‌ അവന്റെ കരം ഗ്രഹിച്ചു.

മൂന്ന് മണിക്കൂർ കഴിഞ്ഞ് പാർവതി പല്ലവിയെ കണ്ടു. കണ്ണ് തുറന്നെന്നും പെട്ടെന്ന് തന്നെ മയങ്ങിയെന്നും അവർ പറഞ്ഞു.

അത്രയും നേരമായിട്ടും പല്ലവിയെ പറ്റി ഒന്നും ചോദിക്കാതെ നന്ദന എന്ന നാമം മാത്രം ഉരുവിട്ട് ഇരിക്കുന്ന മകനെ കാണുന്തോറും പ്രദീപിന് വിറഞ്ഞു കയറുന്നുണ്ടായിരുന്നു.
മകന്റെ ആ പ്രവൃത്തി രമ്യയ്ക്കും ഇഷ്ടപ്പെട്ടില്ല.

താൻ ഇവിടെ നിൽക്കാമെന്ന് പറഞ്ഞ് രമ്യയെയും പ്രണവിനെയും പ്രദീപ്‌ വീട്ടിലേക്ക് അയക്കാൻ തയ്യാറായി.

പാർവ്വതിയോട് നാളെ എത്താമെന്ന് വാക്ക് നൽകി രമ്യ ഇറങ്ങി. ഹോസ്പിറ്റലിന് പുത്തേക്കിറങ്ങിയതും പ്രദീപ്‌ പ്രണവിന് നേരെ കയർത്തു.

ആറ് മണിക്കൂറിലേറെയായി ഈ ഹോസ്പിറ്റലിൽ വന്നിരിക്കുവാൻ തുടങ്ങിയിട്ട്. ഇതിനിടയിൽ ആ കുട്ടിയെക്കുറിച്ച് ഒരു വാക്കെങ്കിലും നീ ചോദിക്കുകയോ അവളുടെ അവസ്ഥയെപ്പറ്റി അന്വേഷിക്കുകയോ ചെയ്തോ പ്രണവ്.

അത്… അച്ഛനും അമ്മയും ഉണ്ടായിരുന്നല്ലോ. പിന്നെന്തിനാ ഞാൻ ചോദിക്കുന്നത്. അവളാരാ നമ്മുടെ. കേവലം നമ്മുടെ എംപ്ലോയിക്ക് എന്തിനാ ഇത്രയും കരുതൽ.. പ്രണവ് രോഷത്തോടെ ചോദിച്ചു.

കേവലo എംപ്ലോയി അല്ലേ.
പല്ലവിയുടെ സ്ഥാനത്ത് ഒരുനിമിഷം നീ പ്രകൃതിയെ ചിന്തിച്ചു നോക്ക്.
പ്രകൃതിയെ ഒരു പുരുഷനോടൊപ്പം ഹോട്ടലിൽ നിന്നും പിടിച്ചെന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും പ്രണവ്.. പ്രദീപ് ചോദ്യമുയർത്തി.

അച്ഛാ.. ദേഷ്യത്തോടെ പ്രണവ് വിളിച്ചു.

ദേഷ്യം വന്നല്ലേ നിനക്ക്. നിന്റെ സഹോദരിയെപ്പറ്റി ഒന്ന് പറഞ്ഞപ്പോൾ നിനക്കിത്ര വേദനിച്ചെങ്കിൽ അകത്ത് കിടക്കുന്ന പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും അവസ്ഥ ആലോചിച്ചു നോക്ക് നീ.. പ്രദീപ്‌ അവനോട് സൗമ്യമായി പറഞ്ഞു.

അവളൊരു പെൺകുട്ടിയാണ് മോനേ. നിന്റെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ സുരക്ഷിതത്വം പോലും ഉറപ്പു വരുത്താൻ നിനക്കായില്ല.
ദേഷ്യത്തോടെ അല്ലാതെ ഒരു വാക്ക് കൊണ്ടെങ്കിലും നീയവളെ ആശ്വസിപ്പിച്ചിരുന്നോ.. ഒന്നും മിണ്ടാതെ നിൽക്കുന്ന പ്രണവിനെ നോക്കി പ്രദീപ്‌ ചോദിച്ചു .

അത്.. അച്ഛാ.. നന്ദു.. അവളുടെ കാര്യം. അതാലോചിച്ച് ഞാൻ ആകെ ടെൻഷനിലാണ്.. അവൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

നന്ദു.. സന്തോഷത്തിൽ മാത്രം തോളോട് ചേർന്ന് നടക്കുന്നത് മാത്രമല്ല ദുഃഖത്തിൽ താങ്ങായി ചേർത്തു നിർത്തുന്നതും പ്രണയത്തിൽ അനിവാര്യമാണ്.
രണ്ട് വ്യക്തികൾ ആണെങ്കിലും ഇരു ഹൃദയമാണെങ്കിലും തുടിക്കേണ്ടത് ഒരുപോലെയാണ്. ഈയൊരു കാര്യത്തിൽ പോലും നിന്റെ ഭാഗം കേൾക്കാൻ അവൾക്ക് കഴിയില്ലെങ്കിൽ തുടർന്നുള്ള നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ അവൾ നല്ലൊരു ഭാര്യയാകും.. പ്രദീപ്‌ അവനോട് മെല്ലെ പറഞ്ഞു.

ഒന്നും മിണ്ടാതെ കൂടുതലായൊന്നും പറയാതെ പ്രണവ് രമ്യയെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു.

അന്നുമുഴുവൻ പ്രണവ് നന്ദനയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല. മെസ്സേജുകൾ റീഡ് ചെയ്‌തെങ്കിലും റിപ്ലൈ നൽകിയിരുന്നില്ല.
അച്ഛൻ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കൊണ്ടേയിരുന്നു.

ആദ്യം അവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാനാണ് നോക്കിയത്.
പിന്മാറാൻ അവൾ ഒരുക്കമായിരുന്നില്ല. ഒടുവിൽ എപ്പോഴോ അവളെ ഇഷ്ടപ്പെട്ടു പോയി.
വാശിക്കാരിയായ പെൺകുട്ടി.
എപ്പോഴും തന്നോട് ചേർന്ന് നടക്കാൻ ഇഷ്ടപ്പെടുന്നവൾ.
ഷോപ്പിങ്ങിന് പോയാൽ ഒരൽപ്പം വൈകിയാൽ അവൾ മുഖം വീർപ്പിച്ചു നടക്കും.
ആ അവളാണ് ഇന്ന് മിണ്ടാതെ നടക്കുന്നത്.
വീട്ടിൽ ആർക്കും തന്നെ നന്ദുവിനെ അക്‌സെപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ആരെയും കൂസാത്ത പ്രകൃതം.
അവളെ വീട്ടുകാരോട് അടുക്കാൻ പറയുമ്പോൾ തന്നെ അവൾ അതിനെ കാര്യമാക്കാറുമില്ല. ചിലപ്പോൾ അത് പിണക്കങ്ങളിൽ ചെന്ന് നിന്നിട്ടുമുണ്ട്.
പിന്നെപ്പിന്നെ താനതിനെപ്പറ്റി പറയാറുമില്ലായിരുന്നു.
ആലോചിച്ചാലോചിച്ച് പ്രണവ് നിദ്രയെ പുൽകി.

പിറ്റേന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലെന്ന് പറഞ്ഞിട്ടും പ്രണവിനെയും രമ്യ നിർബന്ധിച്ച് തന്നോടൊപ്പം കൂട്ടി.

അവരവിടെയെത്തി ഉച്ചയോടടുത്തപ്പോഴാണ് പവിയെ റൂമിലേക്ക് മാറ്റിയത്.

പനിനീർപ്പൂവ് പോലൊരു പെൺകുട്ടി. ഒറ്റനോട്ടത്തിൽ പവിയെ അങ്ങനെ വിലയിരുത്താനാണ് രമ്യയ്ക്ക് തോന്നിയത്.
വാടിത്തളർന്ന താമരവള്ളിപോലെ കിടക്കുന്ന പവിയെ കണ്ടപ്പോൾ രമ്യയ്ക്ക് അലിവ് തോന്നി.
തന്റെ മകളുടെ പ്രായം പോലും അവൾക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു.
തെറ്റ് ചെയ്യാഞ്ഞിട്ടും തെറ്റുകാരിയെന്ന മുദ്രയേറ്റ് വാങ്ങേണ്ടി വന്നതും തന്നെയൊരു മോശം പെണ്ണായി സമൂഹം ചിത്രീകരിച്ചതിലുള്ള തകർച്ചയും എല്ലാത്തിലുമുപരി ആത്മാഭിമാനം കൈമുതലായുള്ള പെണ്ണിനേറ്റ ശക്തമായ അപമാനം. അതിന്റെയൊക്കെ പരിണിതഫലമായി അപമാനത്തിൽ നിന്നും ഒളിച്ചോടാനുള്ള തീരുമാനമാണ് അവളെ
ഇന്നീ നിലയിലെത്തിച്ചതെന്ന് രമ്യയുടെ അമ്മ മനസ്സ് വിലയിരുത്തി.
അനുകമ്പയോടെ രമ്യ പവിയുടെ തലയിൽ തലോടി.

ഞാൻ പ്രണവിന്റെ അമ്മയാണ് മോളേ.. തന്നെ നോക്കുന്ന മിഴികളിലെ അജ്ഞാതഭാവം തിരിച്ചറിഞ്ഞെന്നപോലെ രമ്യ പറഞ്ഞു.

നിറഞ്ഞ മിഴികൾ ആരും അറിയാതിരിക്കാനായി അവൾ തല ചരിച്ചു പിടിച്ചു.

ആഹാ.. പവി മോൾക്കിപ്പോൾ എങ്ങനുണ്ട്. ഇന്ന് വാർഡിൽ ആക്കുമെന്ന് പൂജമോൾ പറഞ്ഞു. അങ്ങനെ ഓടിപ്പിടച്ച് വന്നതാ.. പെട്ടെന്ന് ഇത് പറഞ്ഞ് റൂമിലേക്ക് കയറി വന്നവരെ രമ്യയും പ്രദീപുമൊക്കെ അമ്പരന്ന് നോക്കുന്നത് വൃന്ദ കണ്ടു.

ഞങ്ങളുടെ അയൽവക്കത്തെയാ. ബിന്ദു ചേച്ചി.. വൃന്ദ പരിചയപ്പെടുത്തി.

ഓഹ്.. ഞാനിന്നലെ ഈ സാറിനെ കണ്ടായിരുന്നല്ലോ വീട്ടിൽ വച്ച്.. പ്രദീപിനെ നോക്കി ബിന്ദു പറഞ്ഞു.
ഈ കൊച്ചനെയും അറിയാം. ടിവിയിലൊക്കെ പടം വന്നല്ലോ.

പ്രണവിന്റെ മുഖം കടലാസ്സുപോലെ വിളറി വെളുത്തു.

അല്ലെങ്കിലും ആരെങ്കിലും വിചാരിച്ചോ പവിമോൾ ഇങ്ങനെ പോയി അബദ്ധത്തിൽ ചാടുമെന്ന്. എങ്ങനെ അടങ്ങി ഒതുങ്ങി നടന്ന കൊച്ചാ.
അതുപോട്ടെ ആ ഉറപ്പിച്ചു വച്ച കല്യാണം മുടങ്ങിപ്പോയല്ലേ.
അല്ല.. അവരെയും തെറ്റ് പറയാൻ പറ്റില്ല.
മറ്റൊരു ആണൊരുത്തന്റെ കൂടെ പോലീസ് പിടിച്ചതൊക്കെ ടിവിയിൽ വന്ന നാണക്കേട് ആരെങ്കിലും എടുത്ത് തലയിൽ വയ്ക്കുമോ..
ബിന്ദു നിർത്താൻ ഭാവമില്ലായിരുന്നു.

പവിയുടെ കരച്ചിലിന്റെ ചീളുകൾ കെട്ട് പൊട്ടിച്ച് പുറത്തുചാടി തുടങ്ങി.
പാർവതി കണ്ണ് തുടയ്ക്കുന്നുണ്ട്.
കൃഷ്ണവാര്യരുടെ കണ്ണ് നിറഞ്ഞു നിൽപ്പുണ്ട്. രാമൻ ദേഷ്യം കടിച്ചു പിടിച്ചു നിന്നു.
രമ്യയുടേയും പ്രദീപിന്റെയും മുഖത്ത് അതൃപ്തി തെളിഞ്ഞു കണ്ടു.

ഇതിപ്പോൾ കല്യാണം മുടങ്ങിയതിനാണോ എല്ലാവരും ടിവിയിൽ കണ്ടതിനാണോ മോളേ നീയിങ്ങനെ അറുത്തു മുറിച്ചത്..ഇനി ഏതെങ്കിലും ഒരു കൊള്ളാവുന്ന ബന്ധം കിട്ടുമോ കൊച്ചിന്.. പാവം.. ബിന്ദു ചേച്ചി അവസാനത്തെ ആണിയും അടിച്ചു.

പവിയുടെ നേർത്ത കരച്ചിൽ റൂമിൽ മുഴങ്ങി നിന്നു.

നിങ്ങളൊന്ന് നിർത്താമോ. കുറേ നേരമായല്ലോ തുടങ്ങിയിട്ട്. ഒരാൾക്ക് അപകടം പറ്റി കാണാൻ വരുമ്പോൾ ഇങ്ങനെയൊക്കെ ആണോ സംസാരിക്കുന്നത്.. പ്രദീപ് ശബ്ദമുയർത്തി.

അതിന് ഞാൻ സത്യമല്ലേ സാറേ പറഞ്ഞത്. കല്യാണപ്രായമായ പെങ്കൊച്ച് അല്ലയോ. ഇതിനിനി നല്ലൊരു ആലോചന വരുമോ. അന്തസ്സ് ആവോളമുണ്ടായിരുന്ന കുടുംബമാണെ.. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ കൊച്ചു കാരണമല്ലയോ തല്ലിക്കെടുത്തിയത്..
സാറിന്റെ മോനും ദാ നിൽക്കുന്നല്ലോ. ആ കൊച്ചന് എന്തെങ്കിലും കുലുക്കമുണ്ടോ.
ഇല്ല.. കാരണം അത് ഒരു ആണാ.
നഷ്ടം എന്നും പെണ്ണുങ്ങൾക്കാ സാറേ.
ബിന്ദു സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

ഒന്നും പറയാനില്ലാതെ സത്യം അറിയാമായിരുന്നിട്ടും മകളുടെ പതനത്തിൽ മനംനൊന്ത് തകർന്നിരിക്കുന്ന കൃഷ്ണവാര്യരിലും വൃന്ദയുടെ ചുമലിൽ ചാരി കരയുന്ന പാർവ്വതിയിലും എത്തിയ പ്രദീപിന്റെ നോട്ടം ഒടുവിൽ തെറ്റ് ചെയ്യാതെ അപമാനം സഹിച്ച് മരണത്തെ പുൽകാൻ ശ്രമിച്ച് അതിൽ പരാജയപ്പെട്ട് തകർന്നടിഞ്ഞ് കിടക്കുന്ന പല്ലവിയിലും എത്തി നിന്നു.

പല്ലവിമോൾ കാരണം ആർക്കും ഒരു നാണക്കേടും മാനഹാനിയും ഉണ്ടാകില്ല.
അവളുടെ ജീവിതം നശിച്ചു പോകുകയുമില്ല.
പല്ലവിയെ എന്റെ മകൻ പ്രണവ് വിവാഹം കഴിക്കും അടുത്ത മുഹൂർത്തത്തിൽ തന്നെ.
എന്റെ മകളായി തന്നെ പല്ലവി എന്റെ വീട്ടിൽ കയറുകയും ചെയ്യും.
ചെമ്പഴി ഇല്ലത്തെ കൃഷ്ണവാര്യർക്ക് സമ്മതമാണോ പല്ലവിയെ എന്റെ പ്രണവിന് നൽകാൻ… ഉറച്ച സ്വരത്തിൽ പ്രദീപ്‌ ചോദിച്ചു.

കേട്ടത് വിശ്വസിക്കാനാകാതെ പ്രണവ് ആടിയുലഞ്ഞു.
ഒരു നിമിഷംകൊണ്ട് അച്ഛൻ കൊടുത്ത വാക്കിൽ വിറകൊണ്ട് പ്രണവ് നിന്നു.
പ്രണവിന്റെ മിഴികളിൽ തെളിഞ്ഞ ഭാവം കണ്ട് രമ്യയുടെ ഉള്ള് കിടുങ്ങി.

പല്ലവിയുടെ മിഴികളും ആന്തലോടെ ചെന്നു നിന്നത് പ്രണവിന്റെ മുഖത്തേക്കായിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

Share this story