അറിയാതെ ഒന്നും പറയാതെ – PART 8

അറിയാതെ ഒന്നും പറയാതെ – PART 8

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“ഡാ… മോനെ…ന്താ പറയെടാ…”

അരവിന്ദൻ മിഴികൾ തുടച്ചു.

“അവരുടെ മകൻ സിദ്ധാർഥിന്റെ വിവാഹം ഉറപ്പിച്ചത് ശ്രീയേട്ടന്റെ അനിയത്തി ഇന്ദുമിത്രയും ആയിട്ടായിരുന്നു.”

ഹരിശങ്കർ നടുങ്ങി കിടക്കയിൽ നിന്നും എഴുന്നേറ്റു. പകച്ചു അരവിന്ദന്റെ മുഖത്തേക്ക് നോക്കി.

അരവിന്ദന്റെ മിഴികൾ കടലായി മാറിയിരുന്നു.

“ഉണ്ണിലക്ഷ്മിയെ അവർ പറഞ്ഞു തെറ്റിധരിപ്പിച്ചിരുന്നു…സിദ്ധാർത്ഥ് വഞ്ചിച്ചു എന്ന്… അവൾ മറക്കും എന്നായിരുന്ന ഇളയമ്മയുടെ ധാരണ. പക്ഷെ…സംഭവിച്ചത് മറിച്ചാണ്…അവൾ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തർത്തു…. സ്നേഹം വിഷമമായി…വിഷമം വൈരാഗ്യമായി…..

…….ഞാനവളോട് പറഞ്ഞു നോക്കി ഏട്ടാ
… വിട്ടുകളഞ്ഞേക്കാൻ…പക്ഷേ അവൾക്കത് സമ്മതമായിരുന്നില്ല. ഞാൻ തിരികെ പോന്നു..

അരവിന്ദൻ പറഞ്ഞു് നിർത്തി.

ഹരി അവന്റെ അരികിലേക്ക് വന്നിരുന്നു. മിഴികളിലേക്ക് നോക്കി. അയാളുടെ നോട്ടം അവനെ പരിഭ്രമിപ്പിച്ചു. ‘ ന്റെ മഹാദേവ…ഏട്ടൻ ന്താണ് ചോദിക്കാൻ വരുന്നത്, നാവു പിഴക്കാതെ നോക്കിക്കോണേ..’അരവിന്ദൻ പിന്നെയും മഹാദേവനെ കൂട്ടുപിടിച്ചു.

“ന്നിട്ട് …തിരികെ വന്നതിനു ശേഷം നീയെന്താണ് ഈ കാര്യം എന്നെയറിയിക്കാഞ്ഞത്.”അയാൾ ശാന്തമായി അരവിന്ദനോട് ചോദിച്ചു.

അവൻ ഉത്തരം പറയാൻ സമയമെടുത്തു.

ഇതേ സമയം ശ്രീകാന്തും ചാരുലതയും അമൃതയെ ചോദ്യം ചെയ്യുകയായിരുന്നു.

ഇന്ദു പോയി കഴിഞ്ഞു ശ്രീയും ചാരുവും മെല്ലെ തിരിഞ്ഞു അമൃതയെ നോക്കി. അവൾ പേടിയോടെ മുഖംകുനിച്ചു. പിന്നെ പതിയെ അകത്തേക്ക് വലിയാൻ ശ്രമിച്ചു.

“അമൃതേ…നിക്കവിടെ.” ചാരുലത കടുപ്പിച്ച് പറഞ്ഞു. മുന്നോട്ട് പോകാനവാതെ അവൾ അവിടെ തറഞ്ഞു നിന്നു. ശ്രീകാന്ത് സംശയത്തോടെ ചാരുവിനെയും അമൃതയെം മാറിമാറി നോക്കി.

“ശ്രീയേട്ടൻ ഇങ്ങു വന്നേ”അയാളുടെ കയ്യിൽ പിടിച്ചു വലിച്ചു പടികളോടികയറി ചാരു അവളുടെ മുന്നിലേക്ക് ചെന്നു.

“ഇന്നലെ രാത്രി ഇവിടെ ന്തൊക്കെയാ നടന്നതെന്ന് ഏട്ടൻ ഇവളോട് ഒന്നു ചോദിച്ചേ… ഭ്രാന്തു പിടിച്ചത് പോലെ ഇന്ദു മുകളിലേക്കും താഴേക്കും ഒടുന്നു.. പിന്നാലെ ഇവളും… ഫോണ് വിളിക്കുന്നു, ആരോടൊക്കെയോ ന്തൊക്കയോ സംസാരിക്കുന്നു…പിന്നെ മുറിയിൽ കേറി വാതിലടച്ചു ശബ്ദം താഴ്ത്തി സംസാരിക്കുന്നു…അതും കഴിഞ്ഞു വല്ല്യ വായിലെ രണ്ടും കൂടി കിടന്നു നിലവിളിക്കുന്നു.. ചോദിച്ചാലോ..വാ തുറന്നു ഒരക്ഷരം മിണ്ടില്ല….”ഒറ്റശ്വാസത്തിൽ ചാരു പറഞ്ഞ് നിർത്തി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു.

“എന്താ…ശ്രീയേട്ടാ ഇതൊക്കെ..ചോദിച്ചേ ഇവളോട്…ഇന്നലെ രാവിലെ ഇവൾക്ക് ആയിരുന്നു ഭ്രാന്ത്‌, വൈകിട്ടായപ്പോഴേക്ക് അതവൾക്കായി… നേരം വെളുത്തപ്പോഴേക്ക് ദേ… പെട്ടീം കിടക്കേം എടുത്തവൾ പോയി…എവിടേക്കാന്നോ..എന്തിനാന്നോ.. ആർക്കും അറിയില്ല.” പറഞ്ഞു പറഞ്ഞു അവസാനമായപ്പോഴയ്ക്കും ചാരു കരയാൻ തുടങ്ങി.

ശ്രീ അമൃതയെ നോക്കി “ന്താ മോളെ ഇതൊക്കെ…ഏഹ്”

“എനിക്കറിയില്ല ഏട്ടാ…”

“ഇല്ല ശ്രീയേട്ടാ…ഇവൾക്കറിയാം ഇവളും അരവിന്ദനും തമ്മിൽ എന്തോ പ്രശ്നമുണ്ട്, അതു ഇന്ദുവിനും അറിയാം, ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഏട്ടൻ വന്നേ ഇന്നിതിന് ഒരു പരിഹാരം കാണണം ഇല്ല്യാച്ചാ ഇതൊക്കെ വല്ല്യ കുഴപ്പമാകും…” ചാരുലത അകത്തേക്ക് പാഞ്ഞ് ചെന്നു അമ്മുക്കുട്ടിയെ എടുത്ത ചുമലിൽ ഇട്ടുകൊണ്ട് പുറത്തേക്ക് വന്നു.

“ചാരു നീ ഒന്നു അടങ്ങു…നേരം വെളുത്തതല്ലേ ഉള്ളു…ഞാനിന്നലെ ഒരു പോള കണ്ണടച്ചില്ല…ഒക്കെ നമുക്ക് സാവകാശം ആകാം.” അയാളവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഇല്ല ശ്രീയേട്ടാ…കുറച്ചു ദിവസമായി ഇവിടാർക്കും സമാധാനമില്ല. ഒരു നൂറുകൂട്ടം പ്രശ്നങ്ങൾ ഉണ്ട് അതിനിടയിൽ ഇതുകൂടി…നിക്ക് വയ്യ…താങ്ങാൻ പറ്റുന്നതിനൊരതിരില്ലേ..? ..ഇന്ന് ഇവർക്കും അരവിന്ദനും ഇടയിൽ എന്താണെന്ന അറിഞ്ഞിട്ടെ മറ്റെന്തുമുള്ളു.” ചാരുലത പറഞ്ഞ് കൊണ്ട് അമൃതയെ നോക്കി.

“നടക്കെടി… എല്ലാം അറിഞ്ഞിട്ട് വേണം അമ്മാവനേം അമ്മായിയേം വിവരം അറിയിക്കാൻ”

അമൃതയെ പിടിച്ചു വലിച്ചു ചാരു മേലെവീട്ടിലേക്ക് പാഞ്ഞു.

ഇടക്കെപ്പോഴോ ശ്രീകാന്ത് ചാരുവിന്റെ ചുമലിൽ നിന്നും അമ്മുക്കുട്ടിയെ പിടിച്ചു വാങ്ങിയിരുന്നു. ഉറക്കം മുറിഞ്ഞു കുഞ്ഞു കരയാൻ തുടങ്ങിയിരുന്നു.

ഉമ്മറത്തു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഗോമതി അടുക്കളയിൽ നിന്നുമോടിയിറങ്ങി വന്നു. അവർ അന്ധാളിച്ചു പോയി.

അമൃതയെ പിടിച്ചു വലിച്ചുകൊണ്ട് ചാരു കോണികയറുന്നു പുറകെ കരയുന്ന കുഞ്ഞുമായി ശ്രീകാന്തും.

“ന്താ ശ്രീ..മോളേന്തിനാ കരയുന്നെ…ന്തായീ കാട്ടുന്നത്…”അവരോടി ശ്രീയുടെ അരികിലെത്തി.

“‘അമ്മ മോളെ ഒന്നു പിടിച്ചേ” അവരുടെ കയ്യിലേക്ക് കുഞ്ഞിനെ പിടിപ്പിച്ചുകൊടുത്തിട്ടു ശ്രീകാന്ത് ചാരുവിനു പിന്നാലെ ഓടി.

ചാരു അമൃതയെ മുറിക്കുള്ളിലേക്ക് വലിച്ചികയറ്റി. ശബ്ദം കേട്ട് ഹരിയും അരവിന്ദനും ഞെട്ടിത്തിരിഞ്ഞു.

അരവിന്ദനോട് ബാംഗ്ളൂരിൽ പോയിവന്നത് പറയാഞ്ഞതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ഹരിശങ്കർ.

പെട്ടന്ന് മുറിക്കുള്ളിൽ ചാരുവിനെയും അമൃതയെയും കണ്ട ഹരി പകച്ചുപോയി. അരവിന്ദന്റെ നെഞ്ചിലൂടെ ഒരിടിവാൾ പാഞ്ഞു. ശ്രീ ഓടി വന്നപ്പോഴേക്കും ചാരു അമൃതയുമായി അരവിന്ദൻറേം ഹരിയുടേം മുന്നിലെത്തികഴിഞ്ഞിരുന്നു.

“ന്താ ചാരു..ന്താഡാ ….” ഹരി മൂന്നുപേരെയും മാറിമാറി നോക്കി.

“ശ്രീ ന്തന്നാ ചോദിച്ചത്…”ഹരി ശ്രീയുടെ ചുമലിൽ പിടിച്ചുലച്ചു.

“എനിക്കറിയില്ല നീ ചാരുവിനോട് തന്നെ ചോദിച്ചോളൂ”

ഹരി ചോദ്യഭാവത്തിൽ ചാരുവിനെ നോക്കി ചാരു അമൃതയേയും. അവൾ മുഖം കുനിച്ചു.

“അമൃതേ…പറയ്യ്‌ …ന്താണെന്നു പറഞ്ഞോ…ഏട്ടന്മാരുടെ അടുത്ത്. “ചാരു സ്വരം കടുപ്പിച്ചു പറഞ്ഞു്.

അമൃത ചുണ്ട് കടിച്ചു കരച്ചിലടക്കി അരവിന്ദനെ നോക്കി. അവന്റെ മുഖം ദയനീയമായി. പറയരുതെ എന്ന ഭാവത്തിൽ അവൻ അമൃതയെ നോക്കി.

“പറയ്യ്‌ അരവിന്ദേട്ടാ….”അമൃതയുടെ ശബ്ദം ഇടിമുഴക്കം പോലെ തോന്നിയവന്.

“പറയ്യ്‌ അരവിന്ദേട്ടാ..ഇനിയെങ്കിലും…. ആർക്കുവേണ്ടിയാണ് നിങ്ങളിനി മിണ്ടാതിരിക്കണേ…അറിയട്ടെ എല്ലാരുറിയട്ടെ…” അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളുടെ നേരെ പാഞ്ഞ്‌ ചെന്നു കട്ടിലിനരുകിലേക്ക് മുട്ടുകുത്തി അയാളുടെ മേലേക്ക്മുഖമമർത്തി നിലവിളിച്ചു.

“എത്ര വർഷായി അരവിന്ദേട്ടാ…നിങ്ങളിങ്ങനെ… പറയായിരുന്നില്ല്യേ നിങ്ങൾക്ക് ഇവരോട്.. വെറുതെ….ന്തിനാ ഇനിയും മറച്ചു പിടിക്കുന്നെ..അറിയട്ടെ ….എല്ലാം…ല്ലാരുമറിയട്ടെ…”

ശ്രീകാന്ത് വേഗം ചെന്നു അവളെ പിടിച്ചെഴുന്നേല്പിച്ചു.

“മോളെ ..പോട്ടെ..സാരല്ല..നതയാലും ഏട്ടൻ പരിഹരമുണ്ടാക്കാം…നിങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാം..നീ ഇങ്ങനെ കരയാതെ.”

“ഏട്ടാ…. ഞങ്ങൾ തമ്മിൽ ഒന്നുംഇല്ല്യ ഏട്ടാ… അരവിന്ദേട്ടനും ഇന്ദു ചേച്ചിയും തമ്മിലാണ് ഏട്ടാ ഉള്ളത്…”അവൾ ശ്രീകാന്തിന്റെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു.

ഹരിയും ശ്രീയും ചാരുവും വിറച്ചു പോയി.
അവളെ മാറിൽ നിന്നുമടർത്തി മാറ്റി വിശ്വാസം വരാതെ ശ്രീകാന്ത് അരവിന്ദന്റെയും അമൃതയുടെയും മുഖത്തു മാറിമാറി നോക്കി.

അരവിന്ദൻ കണ്ണുകളിറുക്കിയടച്ചു. അവന്റെ ശരീരത്തിനകവും പുറവും ഒരുപോലെ വേദനിച്ചുകൊണ്ടിരുന്നു. സഹിക്കാനാവാതെ പല്ലുകൾകടിച്ചുപിടിച്ചു. ഞരമ്പുകൾ വലിഞ്ഞുമുറുകി നെറ്റിയിലെ മുറിവിൽ ചോരപൊടിച്ചു. അവന്റെ കവിളിലൂടെ ഇടമുറിയാതെ കണ്ണിനീരൊഴുകി.

“മോളെ..”

“അതേ ശ്രീയേട്ടാ…അരവിന്ദേട്ടന് ഇന്ദു ചേച്ചിയെ ഇഷ്ട്ടായിരുന്നു… ആറേഴു വർഷായിട്ട്…ആരോടും പറയാതെ…. സ്വയം വേദനിച്ചു… സ്വയം ശിക്ഷിച്ചു നടക്കുവായിരുന്നു…ഈ ജന്മം അരവിന്ദേട്ടന് മറ്റൊരാളെ സ്നേഹിക്കാനാവില്ല…” ശ്രീകാന്തിന്റെ നെഞ്ചിലൂടെ ഊർന്നു താഴേക്കിരുന്നവൾ പൊട്ടിക്കരഞ്ഞു.

ഹരിശങ്കറും ശ്രീകാന്തും ചാരുലതയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നിന്നു.

ശ്രീകാന്ത് സമചിത്തത കൈവരിച്ചു അരവിന്ദന്റെ അരികിലേക്കിരുന്ന് അവന്റെ കവിളിൽ കൈകൾ ചേർത്തുവച്ചു. അയാളുടെ കണ്ണുകളിൽ വേദനയും അവിശ്വാസവും കൂടിക്കലർന്നൊരു ഭാവമായിരുന്നു, അയാൾ എന്തൊക്കയോ പറയാൻ ശ്രമിച്ചു പരാജയപ്പെട്ട് അരവിന്ദന്റെമുഖത്തേക്ക് നോക്കിയിരുന്ന് കണ്ണീർവാർത്തു.

ശേഷം ഇടറിയിടറി എഴുന്നേറ്റു ഹരിയുടെ അരികിലേക്ക് ചെന്നു.

“ഹരീ… നീ കേട്ടോടാ…അവൻ പറഞ്ഞതു…”അരവിന്ദന്റെ നേരെ കൈചൂണ്ടി, പിന്നെ എല്ലാം പോയി ന്നര്ഥത്തിൽ കൈകൊണ്ട് ആംഗ്യം കാട്ടി ഹരിയുടെ ചുമലിലേക്ക് ചാഞ്ഞു അയാളെ കെട്ടിപ്പിടിച്ചു.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ… എന്നാൽ അതിലും വലുതകേട്ടതിന്റെ അമ്പരപ്പ് മാറാതെ ബുദ്ധിമരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു ഹരിയപ്പോൾ.

ശ്രീകാന്തിനെ പിടിച്ചു അടുത്തിരുന്ന കസേരയിലേക്കിരുത്തി അരവിന്ദന്റെ അടുത്തേക്ക് ചെന്നിരുന്നു അവന്റെ മുറിവിൽ തലോടി.

“മോനെ…ന്താടാ ഏട്ടനീ കേൾക്കുന്നത്… ഇന്ദു….ഇന്ദുവിനെ നിനക്ക്….പറയെടാ….ഇതെപ്പോ…ഇതെപ്പോ..സംഭവിച്ചു…ന്നിട്ട് നീയെന്താണ്…ഏട്ടനോട് പോലും….”നിസ്സഹായതയോടെ അയാൾ കൈമലർത്തി.

“ഏട്ടാ…സത്യാണ്… ഇന്ദുവിനെ എനിക്കിഷ്ട്ടയിരുന്നു…അല്ല.. ഇപ്പോഴും ഇഷ്ട്ടാണ്…എപ്പോഴും ഇഷ്ട്ടാണ്….” ഇടറിയിടറി അവൻ പറഞ്ഞു.

അരവിന്ദന്റെ വായിൽ നിന്നും വീണ വാക്കുകൾ വിശ്വസിക്കാനാവാതെ ചാരു അവന്റെ കാൽക്കലേക്കിരുന്നുപോയി.

“എടാ ..പറ ന്താണുണ്ടായതെന്നു ”

അരവിന്ദന് ഇനിയൊന്നും ഒളിക്കാനുണ്ടായിരുന്നില്ല. അവൻ മെല്ലെ പറഞ്ഞ് തുടങ്ങി.

വർഷങ്ങൾക്ക് മുൻപ് ഇന്ദുവിനെ അവിചാരിതമായി കണ്ടത്…..
ഹരിയേട്ടനും ശ്രീയേട്ടനും അവളോട് സംസാരിച്ചത്…..
അവളെ ആരുമറിയാതെ പ്രണയിച്ചത്…
ഹരിയേട്ടനോട് ഉറക്കത്തിൽ അവളെക്കുറിച്ചു ചോദിച്ചറിഞ്ഞത്….
അവൾ ചാരു ഏടത്തിയുടെ സഹോദരി ആണെന്നറിഞ്ഞത്…..
ആരുമറിയാതെ അവളെ കാണാൻ പോയിരുന്നത്….
അവളെ സ്വന്തമാക്കാൻ വേണ്ടി ഏട്ടന്മാരാറിയതെ ചാരുവിനേം സ്വപ്നയേം പരിചയപ്പെട്ടത്…..
സ്കൂളിലും പിന്നെ കോളേജിലും അവൾ പോലും അറിയാതെ അവളെ കാണാൻ പോയിരുന്നത്….
വീട്ടിലെ പ്രശ്നങ്ങളൊതുങ്ങിയിട്ട ഏട്ടന്മാരോട് അവളെക്കുറിച്ചു പറയാനിരുന്നത്….

അവസാനം…ഏട്ടനോട് പറയാൻ ചെന്നപ്പോൾ അവളുടെ വിവാഹം നിശ്ചയിച്ചു എന്ന് സന്തോഷത്തോടെ എല്ലാവരും പറയുന്നതുകേട്ട നിസ്സഹായതയോടെ എല്ലാം ഉള്ളിലൊതുക്കി നിന്നതു…

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അരവിന്ദൻ ഹരിയെ ഇറുക്കി കെട്ടിപ്പിടിച്ചു, അപ്പോഴവന്റെ കൈകളിലെ മുറിവിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു

ശ്രീകാന്ത് നിരാശയോടെ തലകുടഞ്ഞുകൊണ്ടേ ഇരുന്നു. ഹരിഎന്തു പറയണമെന്നറിയതെ ശൂന്യതയിലേക്ക് മിഴിനട്ടു. അമൃത ജനലഴികളിലേക്ക്
മുഖം ചേർത്ത് വിങ്ങലടക്കി.

ചാരുലതയുടെ മനസിൽ വിസ്ഫോടനങ്ങളുടെ പരമ്പരതന്നെ നടന്നു.
കേട്ടതോരോന്നും അവളുടെ മനസിലൂടെ പിന്നെയും പിന്നെയും കടന്നുപോയി.

അടക്കാനാവാത്ത സങ്കടത്തോടെ എഴുന്നേറ്റ് അരവിന്ദന് നേരെ ചെന്നു. അവളുടെ കാലുകൾ നിലത്തുറക്കുന്നില്ലന്നു ശ്രീകാന്തിന് തോന്നി.

അരവിന്ദന്റെ മുന്നിൽ ചെന്നു ദേഷ്യവും സങ്കടവും സഹിക്കാനാവാതെ അവൾ നിന്നു.
അരവിന്ദന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അവളുടെ നോട്ടത്തെ നേരിടനവാതെ അവൻ വിഷമിച്ചു.

“ഇന്ദുവിന് അറിയാമോ ഇതു…”അവൾ മെല്ലെ ചോദിച്ചു. അപ്പോഴാണ് ശ്രീകാന്തും ഹരിയും അതേപ്പറ്റി ഓർത്തത്‌. രണ്ടുപേരും അരവിന്ദന്റെ നേരെ തിരിഞ്ഞു.

“അരവിന്ദാ…ചോദിച്ചത് കേട്ടില്ലേ… ഇന്ദുവിന് ഇത് അറിയമൊന്നു…”ചാരുവിന്റെ ശബ്ദത്തിനു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു.

അരവിന്ദന് മൂവരെയും മാറിമാറി നോക്കി, പിന്നെ മുഖം കുനിച്ചു നിഷേധാർത്ഥത്തിൽ ഇരുവശത്തേക്കും തലചലിപ്പിച്ചു.

ചാരു കുനിഞ്ഞവന്റെ ഷർട്ടിൽ പിടിമുറുക്കി. ഒരുനിമിഷത്തേക്ക് അവന്റെ അവസ്ഥയോ ചുറ്റുപാടുകളോ അവൾ മറന്നുപോയിരുന്നു.

“എന്തിനാടാ… നീയങ്ങനെ ചെയ്തത്….പറയാമായിരുന്നില്ലേ നിനക്ക്… എന്നോടെങ്കിലും…അവളെ നിനക്ക് തരുന്നതിലും വല്ല്യ സന്തോഷം മറ്റെന്തുണ്ടായിരുന്നെടാ ഞങ്ങൾക്ക്….ഇതിപ്പോ ….ഇതിപ്പോ….എത്ര പേരുടെ ജീവിതമാ നീ..കാരണം… നീയൊരുത്തൻ കാരണം നശിച്ചുപോയത്…ന്റെ മഹാദേവാ….”ചാരു വല്യവയിലേ നിലവിളിച്ചുകൊണ്ട അരവിന്ദനെ ഇടംവലം ഉലച്ചു.

“ചാരു …നീയെന്തു ഭ്രാന്താണ് ഈ കാണിക്കുന്നത്…വിടെടി…”ചെടിയെഴുന്നേറ്റ ശ്രീകാന്തവളെ അരവിന്ദനിൽ നിന്നും വലിച്ചുമാറ്റി.

“ശ്രീയേട്ടാ…എനിക്ക് സഹിക്കണില്ലല്ലോ…”അവൾ അയാളെ കെട്ടിപ്പിടിച്ചു നിർത്താതെ കരഞ്ഞു.

ശ്രീകാന്ത് അവളെയും ചേർത്തുപിടിച്ചു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. പിന്നാലെ അമൃതയും.

എന്തുചെയ്യണമെന്നറിയാതെ ഹരി അരവിന്ദനരുകിലേക്ക് അതേയിരിപ്പിരുന്നു.

ഉണ്ണിലക്ഷമിയെക്കുറിച്ചും സിദ്ധുവിനെക്കുറിച്ചും ഇനിയും ഏട്ടന്മാരോട് എങ്ങനെ പറയുമെന്നറിയതെ അരവിന്ദനൻ കുഴങ്ങി.

ഇതെല്ലാം കേട്ട് കോണിപ്പടിക്ക് ചുവട്ടിൽ അമ്മുക്കുട്ടിയേം നെഞ്ചോട് ചേർത്തു ഗോമതി നിന്നു.

‘ന്റെ മഹാദേവാ…ന്റെ കുട്ടികൾക്ക് ഒന്നും വരുത്തരുതേ…’അവർ മനമുരുകി പ്രാർത്ഥിച്ചു.

പക്ഷെ….സംഭവിക്കേണ്ടത് സംഭവിച്ചല്ലേ മതിയാകുള്ളൂ.

ബാംഗ്ളൂർക്കുള്ള ബസിൽ കയറിയിരുന്ന് ഇന്ദു ഡ്രൈവർ ദിവകരന്റെ നേരെ കൈവീശി.

താൻ അറിയാതെ…….തന്റെ ജീവിതത്തിൽ സംഭവിച്ച ചതിയുടെ പൊരുൾ തേടി….
ആരോടും,ഒന്നും പറയാതെ….
അവൾ യാത്ര തിരിച്ചു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

Share this story